89. എം. ഇ. എസ്. കോളേജ് പൊന്നാനി


89. എം. ഇ. എസ്. കോളേജ്

 പൊന്നാനി




ടിവി അബ്ദുറഹിമാന്‍കുട്ടി 

alfaponnani@gmail.com

9495095336





   

സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോഴും ദേശീയ ശരാശരിയുടെ താഴെയാണ്. 1960കളില്‍ ഇന്നത്തേക്കാള്‍ വളരെ ദയനീയമായിരുന്നു സ്ഥിതി. മുസ്ലിംകളുടേതായി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഫറോക്ക് കോളേജും, കൊല്ലത്തെ തങ്ങള്‍ കുഞ്ഞി മുസ്ലിയാര്‍ എഞ്ചിനീയറിങ്ങ് കോളേജും മാത്രമാണുണ്ടായിരുന്നത്. ഈ പോരായ്മ പരിഹരിക്കുന്നതിനും മുസ്ലിം സമുദായത്തെ വിദ്യാഭ്യാസ മേഖലയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനും നിര്‍ണ്ണായക പങ്ക് വഹിച്ച പ്രസ്ഥാനമാണ് മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്.). 
    1964 സെപ്റ്റംബര്‍ 10ന് ഡോ. എം. എ. അബ്ദുല്ലയുടെ കോഴിക്കോട് പുതിയറയിലുള്ള വീട്ടില്‍ ഡോ. പി. കെ. അബ്ദുല്‍ ഗഫൂര്‍, പ്രൊഫ. ബഹാവുദ്ദീന്‍, ഡോ. കെ. മുഹമ്മദ്കുട്ടി, സി. പി, കുഞ്ഞിമുഹമ്മദ്, പ്രൊഫ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. ഏ. വി. മുഹമ്മദ് തുടങ്ങി കോഴിക്കോട്ടെ മുസ്ലിം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും വിദ്യാതല്‍പ്പരരും സാംസ്കാരിക നായകരും സംഗമിച്ചാണ് സംഘടനക്ക് രൂപം നല്‍കിയത്.
    1964 ഒക്ടോബര്‍ 11ന് സി. പി. കുഞ്ഞിമുഹമ്മദ് സാഹിബിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന നിലവില്‍ വന്നു. പ്രഥമ പ്രസിഡന്‍റ് ഡോ. പി. കെ. അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി ഡോ. കെ. മുഹമ്മദ്കുട്ടിയുമാണ്. ഡോ.  ഗഫൂറിന്‍റെ (1929-84) മരണംവരെ അദ്ദേഹം തന്നെയായിരുന്നു സംഘടനയുടെ സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തി. ഡോക്ടറുടെ സാഹസിക ബുദ്ധിയും ആത്മവിശ്വാസവും  അര്‍പ്പണ മനോഭാവവും 1964 മുതല്‍ 84 വരെ രണ്ട് പതിറ്റാണ്ട് കാലത്തെ വിശ്രമമില്ലാത്ത അദ്ധ്വാനവും സംഘടനയുടെ ശ്ലാഘനീയമായ വളര്‍ച്ചക്ക് കരുത്തേകി. 
    ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ കൊടുങ്ങല്ലൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളെപ്പോലെ പൊന്നാനിയിലും ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിംകളുണ്ടായിരുന്നു. പിന്നീടതിന് പൊന്നാനിയില്‍ ആശാവഹമായ തുടര്‍ച്ചയുണ്ടായില്ല. തډൂലം പൊന്നാനിയുടെ വിദ്യാഭ്യാസം പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാനുന്നതിന് രൂപീകരിച്ച പൊന്നാനി മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ശാഖയുടെ ഉദ്ഘാടനം 1966 നവംബര്‍ 9ന് ഡോക്ടര്‍ പി.കെ.അബ്ദുല്‍ഗഫൂര്‍ സാഹിബ് നിര്‍വ്വഹിച്ചു. അന്ന് എം.ഇ.എസ്. നേതാക്കള്‍ക്കു നല്‍കിയ സ്വീകരണത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് ആവശ്യമായ സ്ഥലവും ഒരു ലക്ഷം രൂപയും നല്‍കുകയാണെങ്കില്‍ അടുത്തകൊല്ലം പൊന്നാനിയില്‍ എം.ഇ.എസിന്‍റെ നേതൃത്വത്തില്‍ കോളേജ് ആരംഭിക്കുമെന്ന് ഡോക്ടര്‍ ഗഫൂര്‍ സാഹിബ് പ്രഖ്യാപിച്ചു.  പൊന്നാനിയിലെ വിദ്യാ തല്‍പ്പരര്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു. മൂന്നുമാസത്തിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം രൂപ സ്വരൂപിച്ച് എം.ഇ.എസ്സിനെ ഏല്‍പ്പിച്ചു.
    ഇതിനിടയില്‍ 1967ല്‍ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി അധികാരത്തില്‍ വന്നു. ഇ.കെ. ഇമ്പിച്ചിബാവ ട്രാന്‍സ്പോര്‍ട് മന്ത്രിയും സിഎച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായി ചുമതലയേറ്റു. വിപിസി തങ്ങളായിരുന്നു അന്നത്തെ പൊന്നാനി എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്‍റും. കോളേജുകള്‍ ഇല്ലാത്ത മുസ്ലിം പിന്നോക്ക പ്രദേശങ്ങളില്‍ കോളേജുകള്‍ സ്ഥാപിക്കുക എന്നത് അന്നത്തെ സര്‍ക്കാരിന്‍റെ നയമായിരുന്നു. ആരംഭത്തില്‍ ഏതാണ്ടു 35 ഏക്കറുണ്ടായിരുന്ന കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം ഇമ്പിച്ചിബാവയുടെ പരിശ്രമത്താല്‍പാട്ടത്തിനു ഗവണ്‍മെന്‍റില്‍ നിന്നും സമ്പാദിച്ചു.
    1967  സെപ്തംബറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ കോളേജിന്‍റെ ഫണ്ടുപിരിവും 1968 മാര്‍ച്ച് 3ന് മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ കോളേജിന്‍റെ തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വഹിച്ചു. വര്‍ണ്ണശബളമായിരുന്നു ചടങ്ങ്.
    കോളേജിന്‍റെ വരുമാന മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുരോഗതിക്കും വേണ്ടി കെ. ഇബ്രാഹിംകുട്ടിഹാജി (പ്രസിഡന്‍റ്), ആനബീഡി കെ.എം. കുഞ്ഞിമുഹമ്മദ് ഹാജി, എ. അബ്ദുറഹിമാന്‍  ചാവക്കാട് (വൈസ് പ്രസിഡന്‍റ്), സി. ഹംസാസാഹിബ് (സെക്രട്ടറി), ബിസ്മി അബ്ദുല്ല (ജോയിന്‍റ് സെക്രട്ടറി), കെ.സി. ഹസ്സന്‍ കുട്ടി  ഫറൂക് (ഖജാന്‍ജി) അഡ്വ: പിഎം മുഹമ്മദലി (ലീഗല്‍ അഡ്വൈസര്‍), ഡോ: പികെ അബ്ദുല്‍ ഗഫൂര്‍, ഡോ. കെ മുഹമ്മദ്കുട്ടി, പ്രൊഫ: കെഎം ബഹാവുദ്ദീന്‍, കെ മമ്മി ഹാജി തിരൂര്‍, കെകെ അസൈനാര്‍, വിഎം അബ്ദുറഹിമാന്‍ കുട്ടി, ടികെ മുഹമ്മദ്, പി മുഹമ്മദ് സാലിഹ്, ഡോ: കെഎം മൊയ്തീന്‍കുട്ടി, കെ അബൂബക്കര്‍, സിഎ അബ്ദുസലാം(പ്രിന്‍സിപ്പല്‍) മങ്കട ടി അബ്ദുല്‍ അസീസ് (സ്റ്റാഫ് പ്രതിനിധി) കൂടാതെ സര്‍വ്വകലാശാലയുടെ പ്രതിനിധിയും കൂടി ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ കോളേജു കമ്മിറ്റി പ്രഥമ നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍ വി. പി. സി. തങ്ങള്‍ ചെയര്‍മാനും കെഎം കുഞ്ഞിമുഹമ്മദ് ഹാജി കണ്‍വീനറുമായി പ്രഥമ നിര്‍മ്മാണ കമ്മിറ്റിയും നിലവില്‍ വന്നു. പ്രഥമ ക്ലാസ്സ് 1968 ജൂലൈ 22നു കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെയും, അടുത്ത വര്‍ഷത്തെ ക്ലാസ്സ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുടേയും പ്രാര്‍ത്ഥനകളോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്.
    മുന്‍ വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടര്‍ പി ചിത്രന്‍ നമ്പൂതിരിപ്പാട്, കണ്ടമ്പുള്ള ബാലന്‍, മുന്‍ എംഎല്‍എ പിടി മോഹനകൃഷ്ണന്‍, വ്യാപാര പ്രമുഖരായിരുന്ന കൃഷ്ണദാസ് സേട്ടു, കണ്ണന്‍ദേവന്‍ കൃഷ്ണയ്യര്‍, ആര്‍വിസി ബാവക്കുട്ടി, കെപി ഓയല്‍ മില്‍ ഉടമ രാമന്‍മേനോന്‍ തുടങ്ങി വിദ്യാഭ്യാസ രംഗത്ത് താല്‍പര്യമുള്ള      പല പ്രമുഖരും സഹായഹസ്തങ്ങള്‍ നീട്ടി.
ആദ്യകാലത്ത് എയ്ഡഡ് കോളേജിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്‍റില്‍ നിന്നും മാനേജ്മെന്‍റിനു സ്വരൂപിച്ച ഫണ്ടില്‍നിന്നുമാണ് ജീവനക്കാരുടെ ശമ്പളവും വികസന പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിച്ചിരുന്നത്. 
    കോളേജു കമ്മിറ്റി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങി. കെട്ടിടങ്ങള്‍ കോഴ്സുകള്‍ തുടങ്ങി പലതും നേടിയെടുക്കുന്നതിനും ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായി അപ്പ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനുമുള്ള ശ്രമമായിരുന്നു പിന്നീട്. നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് സംഘടനകള്‍ പ്രമേയങ്ങള്‍ അംഗീകരിച്ചു. പക്ഷേ തുടര്‍ന്ന് അധികാരത്തില്‍ വന്ന അച്ചുതമേനോന്‍ മന്ത്രിസഭ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി എല്ലാം തിരസ്കരിക്കുകയാണുണ്ടായത്. കോളേജ് അധ്യാപകര്‍ക്കു സര്‍ക്കാര്‍ അന്ന് ശമ്പളം നേരിട്ട് നല്‍കാത്തതിനാല്‍ മാനേജുകമ്മിറ്റി പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു. ഒരവസരത്തില്‍ സ്റ്റാഫിന് ശമ്പളം കൊടുക്കേണ്ട ഘട്ടം വന്നപ്പോള്‍ പൊന്നാനിയിലെ പ്രബുദ്ധരായ യുവാക്കള്‍ ചേര്‍ന്നു ഫ്രന്‍റ്സ് മീറ്റ് കൂട്ടായ്മ രൂപവല്‍ക്കരിച്ചു. ഒരു പ്രൊഫഷണല്‍ ട്രൂപ്പിന്‍റെ നാടകം അവതരിപ്പിച്ചു ശമ്പളത്തിന്‍റെ സംഖ്യ സ്വരൂപിക്കാനായിരുന്നു പദ്ധതി. അഡ്വ. കൊളാടി ഗോവിന്‍കുട്ടി, അഡ്വ.സി അച്ചുതവാര്യര്‍, ഡോ. കരുണാകരന്‍കുട്ടി, അഡ്വ. എസ്എം ഹരിദാസ് പിഷാരടി, എസി. അഞ്ചിനായര്‍ റഷീദ്, ടികെ മുഹമ്മദ്, അഡ്വ പിസി അഹമ്മദുണ്ണി, തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. അന്ന് നാടകത്തില്‍ നിന്നും ലഭിച്ച ആദായം കൊണ്ടാണ് രണ്ടു മാസം ശമ്പളം നല്‍കിയത്.
കോളേജ് ഫസ്റ്റ് ഗ്രേഡ് ആക്കുന്നതിന് പോരാട്ടങ്ങള്‍ തന്നെ വേണ്ടിവന്നു. താലൂക്ക് തലത്തില്‍ ഒരു ഹര്‍ത്താല്‍ സംഘടിപ്പിച്ചു. ഹര്‍ത്താലിനും സമരങ്ങള്‍ക്കും ജാതിമതഭേദമന്യെ സാംസ്കാരിക രാഷ്ട്രീയ നായകډാര്‍ നേതൃത്വം നല്‍കി. രാഷ്ട്രീയ നേതാക്കളായ ഇ മൊയ്തുമൗലവി, ഇകെ ഇമ്പിച്ചിബാവ എന്നിവരും സാംസ്കാരിക രംഗത്തെ പ്രമുഖരായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്ണന്‍ തുടങ്ങിയവരും മറ്റും ഒപ്പുവെച്ച അഭ്യര്‍ത്ഥന സര്‍ക്കാറിനയച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.
    ജനകീയാവശ്യം ബോധ്യപ്പെട്ട സര്‍ക്കാര്‍ ഒടുക്കം കോളേജില്‍ ഡിഗ്രി കോഴ്സ് തുടങ്ങാനുള്ള അനുവാദം നല്‍കി. ഇതോടെ പൊന്നാനിയിലെ വിദ്യാഭ്യാസ മണ്ഡലത്തില്‍ പുതിയൊരു കൈത്തരിയുടെ ജ്വാല പൂര്‍വ്വോപരി വ്യാപിച്ചു. 1975ല്‍ കോളേജ് അപ്ഗ്രേഡ് ചെയ്തു. എക്കണോമിക്സ്, കോമേഴ്സ്, സുവോളജി, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം നടക്കുന്നു. 1979ല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സ് ആരംഭിച്ചു.
    കോളേജിലെ പ്രഥമ ബാച്ചില്‍ 215 വിദ്യാര്‍ത്ഥികള്‍  ഉണ്ടായിരുന്നതില്‍ 70 മുസ്ലിം വിദ്യാര്‍ത്ഥികളില്‍ പെണ്‍കുട്ടികളുടെ എണ്ണം കേവലം പത്ത് മാത്രമായിരുന്നു. ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് കരുതിയിരുന്ന മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്‍റെ മനോഭാവം മാറ്റി മുഴുവന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ ഇപ്പോള്‍ സാദ്ധ്യമാവാത്ത രീതിയില്‍ ആശയപരമായ പരിവര്‍ത്തനം വരുത്താന്‍ എംഇഎസിന് സാധിച്ചു.  
    2008 ആഗസ്റ്റ് അവസാന വാരത്തില്‍ കോളേജും കേരളാ ഹിസ്റ്ററി റിസര്‍ച്ച് സെന്‍ററും സംയുക്തമായി കോളേജ് ഫണ്ട് ഉപയോഗിച്ച് നടത്തിയ മൂന്നുദിവസം നീണ്ടുനിന്ന പൊന്നാനിയുടെ ചരിത്രം വിശദമായി വിശകലനം ചെയ്ത ചരിത്രത്തിലെ പൊന്നാനി എന്ന ദേശീയ സെമിനാറും, 2011 ഡിസംബര്‍ അവസാനത്തില്‍ നടന്ന ദൃശ്യ മെഗാ എക്സിബിഷനും കോളേജിന്‍റെ മികച്ച പരിപാടികളില്‍ ഉള്‍പ്പെടും. 
    2021 നവംബര്‍ 15,16 തിയതികളില്‍ നാക്ക് ടീം വിസിറ്റ് ചെയ്തു. മികച്ച ഗ്രേഡായ എ+ (സിജിപിഎ 3.46) ലഭിക്കുകയും എംഇഎസ് കോളേജുകളില്‍ ഏറ്റവും മികച്ച ഗ്രേഡ് കരസ്ഥമാക്കിയ കോളേജായി മാറുകയും ചെയ്തു. കെ. മമ്മിഹാജി,  കെ. അബൂബക്കര്‍, പി.എം. മുഹമ്മദ്. കെ.കെ. അസൈനാര്‍, എം.ടി. മൊയ്തുട്ടി ഹാജി, കെ.വി. അമീറുദ്ദീന്‍, ഷാലിമാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ വിവിധ കാലഘട്ടങ്ങളില്‍ ഭാരവാഹിത്വം വഹിച്ചു. 
    എം.ഇ.എസ്. സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഈ കോളേജിലെ മുന്‍ ചരിത്ര അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായ പ്രൊഫ. കടവനാട് മുഹമ്മദാണ് പൊന്നാനി എം.ഇ.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍വ്വതല സ്പര്‍ശിയായ ചാലക ശക്തി. ഇദ്ദേഹം നേതൃത്വം നല്‍കിവരുന്ന കമ്മിറ്റി കോളേജിന്‍റേയും സ്ക്കൂളിന്‍റേയും പാഠ്യ പാഠ്യേതര രംഗം മികവുറ്റതാക്കുന്നതിനു  മുഖഛായ മാറ്റുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ശ്ലാഘനീയമായി നേതൃത്വം നല്‍കിവരുന്നു. തടാകം കുഞ്ഞിമുഹമ്മദ് ഹാജി പ്രസിഡന്‍റും പ്രൊഫ സഹീറുല്‍ ഖാദിരി സെക്രട്ടറിയും കെ. സുലൈമാന്‍ ഐശ്വര്യ ഖജാഞ്ചിയുമായ കോളേജ് കമ്മിറ്റിയും പി.എന്‍. മുഹമ്മദ് കുഞ്ഞിമോന്‍ പ്രസിഡന്‍റും ടിവി അബ്ദുറഹിമാന്‍കുട്ടി സെക്രട്ടറിയും കെവി റഫീഖ് ഖജാഞ്ചിയുമായ സ്ക്കൂള്‍ കമ്മിറ്റിയും പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമാണ്.
    കെ.വി. ഹബീബുല്ല, പ്രൊഫ. മുഹമ്മദുണ്ണി അലിയാസ് ബേബി, എംകെ മുഹമ്മദ് റഷീദ്, സി.എം. കോയ, ടി.ടി. ഇസ്മാഈല്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എംഇഎസിന്‍റെ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഒ.സി. സലാഹുദ്ദീനും സെക്രട്ടറി കെ ഷാഫി ഹാജിയും ഖജാഞ്ചി മുഹമ്മദ് കുട്ടിയും താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ് കെകെ മുഹമ്മദ് ഇക്ബാലും സെക്രട്ടറി കെ ജാബിറും ഖജാഞ്ചി കെവി റഫീഖും പൊന്നാനി യൂനിറ്റ് പ്രസിഡന്‍റ് ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്ററും സെക്രട്ടറി ഒ സലാമും കജാഞ്ചി ജസീറുറഹ്മാനുമാണ്. 
    സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എം.ഇ.എസ്സി.ന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സെമിനാറുകള്‍ നടത്തിയത് ഈ കോളേജിലാണ്. സെമിനാറുകളെല്ലാം മികവുറ്റതായിരുന്നു.
    പ്രഥമ പ്രന്‍സിപ്പാള്‍ പ്രൊഫ. സി.എ.അബ്ദുസ്സലാം തുടര്‍ന്ന് പ്രൊഫ. കെ.ഐ.മുഹമ്മദ് കുട്ടി, പ്രൊഫ. അബ്ദുറസാക്ക്, പ്രൊഫ. എ.വി. മൊയ്തീന്‍കുട്ടി, പ്രൊഫ. പി. മായു, ഡോ. ജമാലുദ്ദീന്‍കുഞ്ഞ്, പ്രൊഫ. കെ.എ. അബ്ദുറഹിമാന്‍, പ്രൊഫ. മുഹമ്മദ് സഗീര്‍ ഖാദിരി, പ്രൊഫ. മുഹമ്മദുണ്ണി അലിയാസ് ബേബി, ഡോ. പ്രൊഫ. എ. എം. റഷീദ് (ഈരാറ്റുപ്പേട്ട), അജിംസ് പി. മുഹമ്മദ്, ഡോ. ഫാത്തിമ, ഡോ. എം.എന്‍. മുഹമ്മദ് കോയ, പ്രൊഫ. സുബൈര്‍ തുടങ്ങിയവര്‍ പ്രിന്‍സിപ്പാള്‍മാരായി സേവനമനുഷ്ഠിച്ചു. എം. ഇ. എസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന പ്രൊഫ. ഏ. വി. മൊയ്തീന്‍കുട്ടിയാണ് 1975 മുതല്‍ 1993 വരെ കൂടുതല്‍ കാലം പ്രിന്‍സിപ്പാള്‍ പദവി വഹിച്ചത്. ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ ചാര്‍ജ് വഹിക്കുന്നത് പ്രൊഫ. അമീറയാണ്.
    കോളേജും അനുബന്ധസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പാട്ടത്തിനു ലഭിച്ച ഭൂമി 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭീമമായ കുടിശ്ശിക ഒഴിവാക്കി പരമാവധി ഇളവ് ചെയ്ത് സെന്‍റിന് നൂറ് രൂപ പ്രതിഫലം നിശ്ചയിച്ച് എം.ഇ.എസ്സിന് നല്‍കാന്‍ തീരുമാനിച്ചു. 2006ല്‍ അധികാരത്തില്‍വന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഈ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യു മന്തിയായിരുന്ന കെ.പി. രാജേന്ദ്രന്‍ 2-8-2009ല്‍ 25.93 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം എം.ഇ.എസ്സിനു പതിച്ചുനല്‍കി. പള്ളിയും എം.ഇ.എസ്സ്. ഹയര്‍ സെക്കണ്ടറി സ്ക്കൂളും ഹോസ്റ്റലുകളും വിശാലമായ ഗ്രൗണ്ടും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
    ആലങ്കോട് ലീലാ കൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി ഡോ. അന്‍വര്‍, സിനിമാ സംവിധായകന്‍ സലാംബാപ്പു, പാസ്പോര്‍ട്ട് ഓഫീസര്‍മാരായിരുന്ന മുരളി, റഷീദ്, ഡോ.അബ്ദുല്ലാബാവ, കെ.വി. അമീറുദ്ദീന്‍, ജിയോളജിസ്റ്റ് ഡോ. വി.വി. അബ്ദുറഹിമാന്‍കുട്ടി, ഡോ.സി.വി. ജമാലുദ്ദീന്‍, ഡോ.ടി.കെ. സലാഹുദ്ദീന്‍, സി.എം. യൂസഫ്, ജയരാജ്(മാതൃഭൂമി), ഡോ.മനോജ് തേറയില്‍, പ്രൊഫ.കെ.എം. ഇമ്പിച്ചികോയ, ആര്‍ട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാര്‍, അജിത് കൊളാടി, സുരേഷ് വാര്യര്‍ തുടങ്ങി പ്രഗത്ഭരും പ്രശസ്തരുമായ പലരും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.