87. ടി. ഐ. യു. പി. സ്ക്കൂള്‍ പൊന്നാനി



87. ടി. ഐ. യു. പി. സ്ക്കൂള്‍

 പൊന്നാനി 




ടിവി അബ്ദുറഹിമാന്‍കുട്ടി

alfaponnani@gmail.com

9495095336



1910 ഫെബ്രുവരി 28ന് തിങ്കളാഴ്ച പൊന്നാനി വലിയ ജാറം അങ്കണത്തില്ർവെച്ച് ചേര്ർന്ന 
വിദ്യാഭ്യാസ സമ്മേളനത്തെ തുടര്‍ന്ന് നിലവില്‍ വന്ന പൊന്നാനി നഗരത്തിലെ ആദ്യത്തെ വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂള്‍. വിദ്യാതല്‍പ്പരനായ കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റ (1884-1964)റുടെ യുവത്വത്തിന്‍റെ ഊര്‍ജ്ജസ്വലതയോടെ വിദ്യാഭ്യാസ രംഗത്തുള്ള സജീവ ഇടപെടലുകള്‍ ഹേതുവായാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. ഇതേ കാലത്ത് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മദ്രസ്സാ സിലബസ് പരിഷ്കരിച്ച് ഏതാനും മദ്രസ്സാ-സ്ക്കൂളുകള്‍ മലബാറിലും കൊച്ചി രാജ്യത്തും ആരംഭം കുറിച്ചത് മാസ്റ്ററുടെ സദുദ്ദ്യമത്തിന് കരുത്തേകി.

    ഭൗതീക വിഷയങ്ങളോടൊപ്പം മതപഠനവും അറബി ഭാഷയും ഉള്‍പ്പെടുത്തി. വലിയപള്ളിക്ക് സമീപം തരകന്‍ കോജിനിയകത്ത് തറവാട് അങ്കണത്തിലെ കെട്ടിടത്തില്‍ തഅ്ലീമുല്‍ ഇഖ്വാന്‍ മദ്രസ്സ സ്ഥാപിച്ച് ഉസ്മാന്‍ മാസ്റ്റര്‍ മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് ഈ സ്ഥാപനം ടൗണിലെ രായിച്ചിനകം വീടിനടുത്ത മാളിക മുകളിലേക്ക് മാറ്റി. സ്കൂളിന്‍റെ ആരംഭം മുതല്‍ പ്രധാന അദ്ധ്യാപകനായിരുന്ന ഉസ്മാന്‍ മാസ്റ്റര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ട്രൈനിങ് യോഗ്യത  ഇല്ലാത്തതിനാല്‍ പ്രസ്തുത പദവി ഒഴിയേണ്ടി വന്നു എന്നിട്ടും  സ്ഥാപനത്തിന്‍റെ സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തിയായും ജീവനക്കാരനായും തുടര്‍ന്നു. 

    1914 ആകുമ്പോഴക്കും തഅ്ലീമുല്‍ ഇഖ്വാന്‍ നാലാം ക്ലാസ്സ് വരെയുള്ള എല്‍.പി. സ്ക്കൂളായി രൂപാന്തരപ്പെട്ടു. അധികം താമസിയാതെ മദ്രാസ്സ് സര്‍ക്കാറില്‍ നിന്ന് താല്‍ക്കാലിക അംഗീകാരവും ലഭിച്ചു. മാസ്റ്ററുടെ ഓരോ ചലനങ്ങള്‍ക്കും ആറ്റക്കോയ തങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. മാസ്റ്റര്‍ നഗരത്തിലെ മുസ്ലിം വീടുകളില്‍ ദൈനംദിനം കയറിയിറങ്ങി രക്ഷിതാക്കളെ നിരന്തരം പ്രോല്‍സാഹിപ്പിച്ചാണ് പല കുട്ടികളും സ്ക്കൂളില്‍ ചേര്‍ന്നത്.

    പ്രഥമ വിദ്യാര്‍ത്ഥി വെട്ടംകുഞ്ഞിമാക്കാനകത്ത് മുഹമ്മദാണ്. തുടര്ർന്ന് ആദ്യത്തെ നാല്വര്‍ഷങ്ങള്‍ക്കിടയില്‍ 209 ആണ്‍കുട്ടികള്‍ മാത്രമേ ചേര്‍ന്നുള്ളൂ.1918 ല്‍ അഡ്മിഷന്‍ നമ്പര്‍ 210 ആയി പ്രവേശിച്ച അബ്ദുല്ലകുട്ടി മകള്‍ കൊങ്ങണം വീട്ടില്‍ പാത്തുമാമ്മകുട്ടിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇവരാണ് പൊന്നാനി നഗരത്തിലെ മുസ്ലിം വനിതകളില്‍ പ്രഥമ സ്ക്കൂള്‍ പഠിതാവ്. ഈ അവസരത്തില്‍ മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ കാജാ ഹുസൈന്‍ സാഹിബിന്‍റെ സ്ക്കൂള്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് 1919ല്‍ സ്ഥാപനത്തിന് സ്ഥിരമായ അംഗീകാരം ലഭിച്ചു.

    അറക്കല്‍ രാജകുടുംബത്തിന്‍റെ സഹായത്താല്‍ കണ്ണൂരിലെ   എ.എന്‍. കോയകുഞ്ഞി സാഹിബിന്‍റെ നേതൃത്വത്തില്‍ 1911ല്‍ സ്ഥാപിതമായ മഅദനുല്‍ ഉലും മദ്രസ്സാ സ്ക്കൂള്‍  മാസ്റ്റര്‍ സന്ദര്‍ശിച്ച് അവിടത്തെ പാഠ്യപരിഷ്ക്കരണം തന്‍റെ വിദ്യാലയത്തിലും നടപ്പില്‍ വരുത്തി. ഈ അവസരത്തിലാണ് ഇ.കെ ഇമ്പിച്ചിബാവയും, വി.പി.സി തങ്ങളും പഠിതാക്കളായി ചേര്‍ന്നത്. ചീഫ് എഞ്ചിനീയര്‍ എ. എം. ഉസ്മാന്‍ സാഹിബ്, എന്‍ജിനിയര്‍ കെ. വി. അബ്ദുല്‍ അസീസ് സാഹിബ്, അഡ്വക്കറ്റ് എം. അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ പല പ്രഗല്‍ഭരും ഏതാണ്ട് ഇതേ കാലത്ത് ഇവിടെ പഠിതാക്കളായി ചേര്‍ന്ന് ഉന്നത സ്ഥാനീയരായി തീര്‍ന്നവരാണ്. 

    വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്ഥാപനം മുന്നോട്ട് പോകുന്നതിന്  സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിച്ചപ്പോള്‍ അമ്പലത്ത് വീട്ടില്‍ മുഹമ്മദ് പ്രസിഡണ്ടും, പിന്നീട് മഊനത്തുല്‍ ഇസ്ലാം സഭ സെക്രട്ടറി പദം അലങ്കരിച്ച പി.കെ.അബ്ദുറഹിമാന്‍ കുട്ടി എന്ന ഇമ്പിച്ചി സെക്രട്ടറിയുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് സ്ക്കൂള്‍ ഭരണം ഏല്‍പ്പിച്ചു. 

    കേരളത്തിലെ പല പ്രധാന മുസ്ലിം കേന്ദ്രങ്ങളിലേത് പോലെ തഅ്ലീമുല്‍ ഇഖ്വാന്‍ സ്ക്കൂളിലും മാസ്റ്ററുടെ നേതൃത്വത്തില്‍ കയ്യെഴുത്ത് എല്ലാ വര്‍ഷവും സാഘോഷം കൊണ്ടാടിയിരുന്നു. ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് സ്ഥാപനം പൂര്‍വ്വോപരി പുരോഗതി പ്രാപിക്കുന്ന അവസരത്തിലാണ് ഈ ആഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ക്കൂള്‍ കമ്മിറ്റിയുമായി ഉണ്ടായ അസ്വാരസ്യം കാരണം 1927 ല്‍ തഅലീമുല്‍ ഇഖ്വാനോട് വിട പറയേണ്ടി വന്ന മാസ്റ്റര്‍ തിരൂരിന്നടുത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന തീരപ്രദേശമായ കൂട്ടായിയില്‍ സ്ക്കൂള്‍ സ്ഥാപിച്ചത്. മദ്രസ്സത്തുല്‍ ഇഖ്വാന്‍ സ്ക്കൂള്‍ എന്ന പേരിലുള്ള  ഈ സ്ക്കൂളാണ് അടുത്ത കാലത്ത് സുലൈമാന്‍ ഹാജി മെമ്മോറിയല്‍ സ്ക്കൂള്‍ എന്നാക്കി പൂനര്‍ നാമകരണം ചെയ്തത്.  തുടര്‍ന്ന് മാസ്റ്റര്‍ പറവണ്ണയിലും വെളിയംകോടും സ്ക്കൂളുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

    1931 ല്‍ ഇന്നത്തെ മെയിന്‍ കെട്ടിടത്തിലേക്ക് മാറ്റിയ തഅലീമുല്‍ ഇഖ്വാന്‍ വിദ്യാലയം തഅലീമുല്‍ ഇഖ്വാന്‍ മദ്രസ്സ 1935ല്‍ യു.പി. സ്ക്കൂളായി അംഗീകാരം ലഭിച്ചു. ഹയര്‍ എലിമെന്‍റററി സ്ക്കൂള്‍ (ടി.ഐ. മദ്രസ്സ എച്ച്.ഇ. സ്ക്കൂള്‍) എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഈ അവസരത്തിലാണ് കെ.വി ഇബ്രാഹിംകുട്ടി മാസ്റ്റര്‍ പ്രധാന അദ്ധ്യാപകനായി തിളങ്ങി പാഠ്യ- പാഠ്യേതര രംഗത്ത് സ്ഥാപന വളര്‍ച്ചയ്ക്ക് അശ്രാന്ത പരിശ്രമം നടത്തിയത്. ആദ്യകാലത്ത് മുസ്ലിം സ്കൂളുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയായിരുന്നു. വെള്ളിയും ശനിയും അവധിയും. അവിഭക്ത പൊന്നാനി പഞ്ചായത്തില്‍ ഇഎസ്എസ്എല്‍സി പൊതുപരീക്ഷ ഐക്യകേരളം നിലവില്‍ വരുന്നതുവരെ നടന്നിരുന്ന ഒരേയൊരു സ്കൂളാണ് 

    ഇബ്രാഹിംകുട്ടി മാസ്റ്റര്‍ക്കുശേഷം സ്ഥാപനത്തിന്‍റെ സര്‍വ്വതലസ്പര്‍ശിയായ ചാലക ശക്തിയായി തിളങ്ങിയത് എ. അബൂബക്കര്‍ മാസ്റ്ററായിരുന്നു.  കെ.കെ. അബ്ദുറു, കെ.കെ. അസൈനാര്‍, ടി.കെ. അബ്ദുല്ലക്കുട്ടി, വലിയ മൊയ്തുണ്ണി, ശങ്കരന്‍ നായര്‍, ചെറിയ മൊയ്തുണ്ണി, ആര്‍.ഒ. മൊയ്തുണ്ണ, കൃഷ്ണന്‍നായര്‍, കുഞ്ഞുട്ടി മൗലവി, ഗോപാലന്‍, കൃഷ്ണന്‍കുട്ടിമാസ്റ്റര്‍ സീനിയര്‍, എം.വി. സഫിയ്യ, ടി. സുഭദ്ര, കെ. ഇബ്രാഹിംകുട്ടി,  സി.സി. കുഞ്ഞിബാവ, സി.സി. കുഞ്ഞിമുഹമ്മദ്,  പി. അബ്ദുറഹിമാന്‍, യു.കെ. ബാവ, വി. ബാവക്കുട്ടി, ടി.ടി. മുഹമ്മദുണ്ണി, എം. ഗോപാലന്‍, കെ.വി. സുലൈഖ, കെ. രാധ,  കെ. പത്മിനി, പി.എം. മുഹമ്മദ്കുട്ടി, പി.എം. കുട്ടിഹസ്സന്‍, പി.വി. അബ്ദുള്‍കാദര്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചരിത്രകാരനുമായ ടിവി അബ്ദുറഹിമാന്‍കുട്ടിയടക്കം പ്രമുഖരായ ഒരു പറ്റം അദ്ധ്യാപിക-അദ്ധ്യാപകരുടെ നിരതന്നെ പാഠ്യ- പാഠ്യേതര രംഗത്ത് സ്തുത്യര്‍ഹമായ പാദമുദ്ര ചാര്‍ത്തിയവരാണ്.

    മാറഞ്ചേരി, കാഞ്ഞിരമുക്ക്, പുറങ്ങ്, കറുകത്തിരുത്തി, വെളിയംങ്കോട്, ഈഴുവത്തിരുത്തി, പുറത്തൂര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. വിശിഷ്യ പൊന്നാനി നഗരത്തിലെയും തീരപ്രദേശത്തെയും വിദ്യാഭ്യാസ ഉന്നതിക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു.

    പ്രമുഖ വിദ്യാഭ്യാസ വിവിക്ഷണനായ പ്രിന്‍സിപ്പാള്‍ ഏ. വി. മൊയ്തീന്‍കുട്ടി സാഹിബ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ഏ. വി. ഹംസ സാഹിബ്, മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ. മുഹമ്മദ് മാസ്റ്റര്‍, റെയില്‍വെ മജിസ്ട്രേറ്റ് എവി കുഞ്ഞിബാവ ഹാജി  തുടങ്ങിയ പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. പൊന്നാനിയിലും പരിസരത്തും ഇപ്പോഴും സൂറത്തുല്‍ ഫത്തഹ് ഓതി പഠനം ആരംഭിക്കുന്ന ഏക എയ്ഡഡ് സ്ക്കൂള്‍ ആണ് ഇത്. റിട്ട. സെയില്‍സ്ടാക്സ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. മുഹമ്മദ് സാഹിബ് മാനേജറും, കെ. എസ് മുഹമ്മദ് സലീം, ഹെഡ്മാസ്റ്ററുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തില്‍ 2020ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു.