കച്ചതെരുവും തെരുവത്ത് പള്ളിയും



80. കച്ചതെരുവും തെരുവത്ത് പള്ളിയും



Snhn A_vZpdlnam³Ip«n

9495095336

    പള്ളിക്കടവില്‍നിന്ന് ഫിഷിംങ്ങ് ഹാര്‍ബറിന്‍റെ ചുമരിനരികിലൂടെ അമ്പത് മീറ്റര്‍ പടിഞ്ഞാറോട്ടേക്ക് നടക്കാം. അഞ്ച് വര്‍ഷം മുമ്പ് ഇതിലൂടെ നടക്കുമ്പോള്‍ ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന അഴിമുഖവും പരിസര കാഴ്ചകളും ഫിഷിംങ് ബോട്ടുകളുടെ പോക്കുവരവും ആരവവും മനംകുളിര്‍ക്കെ കണ്ട് ആസ്വദിക്കാമായിരുന്നു. പുഴ നിറഞ്ഞൊഴുകുന്ന വേനലില്‍ ഉച്ച സമയത്ത് അതൊരു വ്യത്യസ്ത കാഴ്ച തന്നെയായിരുന്നു. ഫിഷിംങ്ങ് ഹാര്‍ബറിന്‍റെ മതില്‍ കെട്ടുകള്‍ ഉയര്‍ന്നതോടെ വര്‍ണ്ണാഭമായ ആ ദൃശ്യങ്ങളെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി.

പുഴയുടെ ഓരത്ത്നിന്ന് അങ്ങാടിയിലെ കിണര്‍സ്റ്റോപ്പുമായി ബന്ധിക്കുന്ന ഇടറോഡിലാണ് ഈ വഴിചെന്ന് ചേരുന്നത്. അഴിമുഖത്തിന് വിളിപ്പാടകലെയുള്ള ഈ റോഡും പരിസരവും ഒരു കാലത്ത് സമ്പന്നമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ തേങ്ങകള്‍ സൂക്ഷിക്കുന്നതിനുള്ള പൂട്ടാലകളും, ബസാറുകളും ഉണ്ടായിരുന്നു. പിന്നീട് അറവുശാലയും പൊതുകക്കൂസും വന്നെങ്കിലും അത് നിലനിന്നില്ല. പൊതു കക്കൂസ് നശിച്ചുപോവുകയും അസഹനീയമായ ദുര്‍ഗന്ധം വമിച്ചിരുന്ന അറവുശാല ഒരു ദിവസം രാത്രി അജ്ഞാതര്‍ തകര്‍ത്തുതരിപ്പണമാക്കുകയും ചെയ്തു.

    അരനൂറ്റാണ്ട് മുമ്പ് വരെ റോഡിന്‍റെ വടക്കെ അറ്റത്ത് പുഴയിലേക്ക് ചെങ്കല്‍ പതിച്ച ചെരിഞ്ഞ പടവുകള്‍ ഇക്കരെയും നേരെ ചൊവ്വെ അക്കരെയും വ്യക്തമായി കണ്ടിരുന്നു. കോടതിപ്പടിയില്‍ നിന്ന് തെക്കോട്ടേക്കുള്ള ഇന്നത്തെ ടിപ്പു സുല്‍ത്താന്‍ റോഡ് ഗതാഗത യോഗ്യമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്  ജലഗതാഗതത്തിന് പ്രസക്തിയുണ്ടായിരുന്ന കാലത്ത് പുറത്തൂരില്‍ നിന്ന് ഇതിലൂടെ ജെ. എം. റോഡ്, സിയാറത്ത് പള്ളി റോഡ്, പുതുപൊന്നാനി എന്നീ ഇടങ്ങളിലൂടെ ആയിരുന്നു വെളിയംകോട്ടേക്കുള്ള പ്രധാന സഞ്ചാര മാര്‍ഗ്ഗം. അതിനാല്‍ കയറ്റിറക്ക് നടത്തിയിരുന്ന ആദ്യ കാലത്തെ കടവുകളില്‍ ഒന്ന് ഇവിടെയായിരിക്കാമെന്നും 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഇവിടെ നിന്ന് പുറത്തൂരിലേക്ക് പാലം നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. സമീപത്തെ ഓലഷെഡ്ഡുകള്‍ ഒരു കാലത്ത് നീര്‍നായകളുടെ താവളമായിയിരുന്നു. 

    ഈ റോഡ് പ്രമുഖ  കച്ചവട തെരുവായതിനാലായിരുന്നു ഇതിന്‍റെ  ഓരത്ത് സ്ഥിതിചെയ്യുന്ന പുരാതന പള്ളിയെ തെരുവത്ത് പള്ളിയെന്ന് വിളിക്കാന്‍ ഹേതുവായത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രശസ്തരായ പണ്ഡിതര്‍ ഇവിടെ ദര്‍സ്സിനു നേതൃത്വം നല്‍കി. പ്രഗത്ഭ മഖ്ദൂമായ ചെറിയ ബാവ മുസ്ലിയാര്‍ മഖ്ദൂം,  ചെര്‍പ്പുളശ്ശേരി മപ്പാട്ടുക്കര ചക്കിങ്ങതൊടി മുഹമ്മദ് മുസ്ലിയാര്‍, പ്രസിദ്ധ മതപ്രാസംഗികനും, ബീവി ആശൂറ തുടങ്ങിയ കൃതികളുടെ രചയിതാവ് മക്കിപ്പളളി അബ്ദുല്ല മുസ്ലിയാര്‍, അരനൂറ്റാണ്ടിലധികം ഇവിടെ ഇമാമായിരുന്ന മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍(മ.1976), അറക്കല്‍ പഴയകത്ത് മാഹിന്‍ മുസ്ലിയാര്‍, സൂഫിവര്യന്‍ അല്‍ ഹാജ് ബി.കെ. സൈനുദ്ധീന്‍ മുസ്ലിയാര്‍, കൈത്തക്കര കോയക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയ പ്രാമാണികരായ പണ്ഡിതര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടെ ദര്‍സ്സിന് നേതൃത്വം നല്‍കിയിരുന്നു. പൊന്നാനി നഗരസഭയിലെ നിലവിലുള്ള 87 പള്ളികളില്‍ ഈ പള്ളി ഉള്‍പ്പെടെ പല പള്ളികളും കേരള വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. 


അലിയ്യുല്‍ മിസ്രി

    പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തില്‍ അടരാടി വീരമൃത്യൂവരിച്ച സയ്യിദ് അലിയ്യുല്‍ മിസ്രിയുടെ ഖബറിടം പള്ളി അങ്കണത്തില്‍ കാണാം. ഖബറിന് അസാധാരണ നീളമുണ്ട്. മിസ്രി ജീവിച്ച കാലഘട്ടം ഗണിച്ചാണ് പള്ളിക്ക് നാനൂറു വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ഇവിടം പൊന്നാനിയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ്. പ്രമുഖ വ്യവസായിയും അക്ബര്‍ ട്രാവല്‍സ് മാനേജിംങ് ഡയറക്ടറുമായ കെ.വി. അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ മഖ്ബറ ശില്‍പഭംഗിയോടെ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൂര്‍ണമായും പഴമനിര്‍ത്തികൊണ്ട് തന്നെ പള്ളിയുടെ പുനഃര്‍നിര്‍മ്മാണവും ഉടനെ നടക്കുമെന്ന് പ്രതീക്ഷിക്കാം.

    കനോലി കനാലിന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ തേക്കുമരങ്ങള്‍ ഉള്ളത് ഈ പള്ളിപ്പറമ്പിലാണ്. മര്‍ഹൂം ടി.വി. ബാവക്കുട്ടി പ്രസിഡന്‍റും ഈ പുസ്തകത്തിന്‍റെ രചയിതാവ് സെക്രട്ടറിയുമായ (1995-2010) കാലത്താണ് തേക്കിന്‍ തൈകള്‍ നട്ടത്. ഇപ്പോള്‍ ഇവ വലിയ തടിമരങ്ങളായി വളര്‍ന്നിരിക്കുന്നു.

    പ്രമുഖ സമന്വയ ദീനീവിദ്യാഭ്യാസ സേവകന്‍ ടിവി മുഹമ്മദ് ഹാജി, പഞ്ചായത്ത് ഇന്‍സ്പെക്ടര്‍ എം.കെ. മുഹമ്മദ് സാഹിബ്, എ.വി. അബ്ദുള്ള കുട്ടി സാഹിബ്, 2003ലെ ഹജ്ജ് യാത്രക്കിടയില്‍ മദീനയില്‍വെച്ച് ഇഹലവോകവാസം വെടിഞ്ഞ പി.പി. മൊയ്തീന്‍ കുട്ടിഹാജി, കെ കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയ പല പ്രമുഖരും പ്രസിഡന്‍റ് പദം അലങ്കരിച്ചിട്ടുണ്ട്. പൊന്നാനി മഖ്ദൂം സയ്യിദ് എംപി മുത്തുക്കോയ തങ്ങള്‍ ഐദ്രോസിയാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്.

  

സുനാമിയും മഹാപ്രളയവും കോവിഡും

    2006 ഡിസംബര്‍ 26ന് ഏഷ്യന്‍ രാജ്യങ്ങളില്‍ കിരാത താണ്ഡവമാടിയ സുനാമി ദുരന്തത്തില്‍ കേരളത്തില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും പൊന്നാനിക്ക് അപായങ്ങള്‍ ഒന്നും സംഭവിച്ചില്ല. എന്നിട്ടും തീരദേശ നിവാസികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭയവിഹ്വലരായിരുന്നു. സുനാമി സംഭവിക്കുന്നതിന് മുമ്പ് അന്ന് വൈകുന്നേരം തെരുവത്ത് പള്ളിക്ക് സമീപം സാധാരണ രീതിയില്‍നിന്നും വ്യത്യസ്തമായി പുഴക്കരയില്‍ വെള്ളം വറ്റി ഉള്‍വലിഞ്ഞ് അപകട സൂചന നല്‍കിയതിന് ഈ ഗ്രന്ഥകാരന്‍ ദൃക്സാക്ഷിയായിരുന്നു.

    2018 ആഗസ്റ്റ് 8ന് ആരംഭിച്ച പെരും മഴയെ തുടര്‍ന്ന് ആഗസ്റ്റ് 15 മുതല്‍ തുടക്കം കുറിച്ച ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ തുടര്‍ന്ന് അടുത്ത ദിവസം ഈ ഭാഗത്ത് പുഴയില്‍ വെള്ളം നിറഞ്ഞെങ്കിലും കരകവിഞ്ഞൊഴുകിയില്ല. പരിസരപ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടപ്പോള്‍ പൊന്നാനി നഗരം പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമായിരുന്നു. അന്ന് രാത്രി വൈദ്യുതി നിലച്ചതിനാലും മണ്ണെണ്ണ, മെഴുകുതിരി ലഭ്യമാകാത്തതിനാലും പൊന്നാനി നഗരത്തിലെ പല പ്രദേശങ്ങളും പൂര്‍ണ്ണമായും കൂരിരുട്ടിലായിരുന്നു. കോവിഡ് 19ന്‍റെ വ്യാപ്തിമൂലം 2020 മാര്‍ച്ച് 24 ചൊവ്വാഴ്ച മുതല്‍ രാജ്യത്താകമാനം ലോക്ഡൗണ്‍ ആരംഭിച്ചതിനെ തുടര്‍ന്ന് പൊന്നാനി അധികവും വിജനമായിരുന്നു.