ദര്‍സ്സിന്‍റെ ആദ്യഘട്ടം



76. ദര്‍സ്സിന്‍റെ ആദ്യഘട്ടം



Snhn A_vZpdlnam³Ip«n

9495095336

    ആദ്യകാലത്ത് ഓരോരോ വിഷയങ്ങളില്‍ അവഗാഹം നേടിയ വ്യത്യസ്ത പണ്ഡിതډാരുടെ അടുക്കലേക്ക് പോയി വിജ്ഞാനം നേടുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. ഈ രീതി പരിഷ്ക്കരിച്ച് പൊന്നാനി വലിയ പള്ളിയില്‍ അസ്ഹരി പഠന രീതിയും തദ്ദേശീയ ഗുരുകുല സമ്പ്രദായവും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയെടുത്ത നവീന പാഠ്യ പദ്ധതിയായ മഖ്ദൂമിയന്‍ സിലബസ്സനുസരിച്ചുള്ള ഏകീകൃത ദര്‍സ്സസ് സമ്പ്രദായം ആദ്യമായി ആരംഭിച്ചത് ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമാണ്.

    ആധുനിക സ്പെയിന്‍, പോര്‍ച്ചുഗീസ് എന്നിവ ഉള്‍പ്പെടുന്ന ഐബീരിയന്‍ ഉപഭൂഖണ്ഡത്തിലെ  അല്‍അന്തലൂസും' ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവയുടെ വടക്കന്‍ ഭാഗങ്ങളും സൈപ്രസ്, സിസിലി, മല്യോര്‍ക്ക, മെന്യോര്‍ക്ക, കാനറീ ദ്വീപുകള്‍ എന്നിവയടങ്ങുന്ന വിശാല പ്രദേശങ്ങളായിരുന്നു യൂറോപ്പിലെ അറബ് മേഖല. ഇവിടെ ഏതാണ്ട് എട്ട് നൂറ്റാണ്ടോളം അറബി ഭാഷയായിരുന്നു ഔദ്യോഗിക സ്ഥാനത്ത്. ഈ കാലഘട്ടം നിഷ്പ്രഭമാകുന്നതോടെ തെക്കേ ഇന്ത്യയില്‍ വിജ്ഞാനത്തിന്‍റെ ദീപശിഖയായി പ്രശോഭിച്ചത് പൊന്നാനി വലിയ പള്ളിയായിരുന്നു ഇവിടെ പഠന-മാധ്യമ-സാംസ്കാരിക രംഗങ്ങളില്‍ യൂറോപ്യന്‍ കലാശാലകള്‍ക്കൊപ്പമൊ മികച്ചൊ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.

    ഖുര്‍ആന്‍, ഹദീസ്, തഫ്സീര്‍, തസവ്വുഫ്, ഫിഖ്ഹ് (കര്‍മ്മശാസ്ത്രം), ദൈവശാസ്ത്രം (കലാം), ഹൈഅത്ത് (ഗോളശാസ്ത്രം), മന്തിഖ് (തര്‍ക്കശാസ്ത്രം), ഫല്‍സഫ (തത്വ ശാസ്ത്രം), ഹന്തസ (ജോമട്ടറി), അറബിവ്യാകരണ വിഭാഗമായ നഹവ് സ്വറഫ് തുടങ്ങിയവയെല്ലാം ഇവിടത്തെ  ദര്‍സ്സില്‍ പഠിപ്പിച്ചു.


മഖ്ദൂമിയന്‍ സിലബസും വിളക്കത്തിരിക്കലും


    ആത്മസംസ്കരണവും നിര്‍മ്മലമായ സ്നേഹവും മത സഹിഷ്ണതയും ആഴത്തിലുള്ള മത സാമുദായിക ഉത്ബോധനവും സാമൂഹിക സാംസ്കാരിക നവോത്ഥാനവും കൂടി ലക്ഷ്യമാക്കിയായിരുന്നു മഖ്ദൂം  ദര്‍സ്സിന് തുടക്കമിട്ടത്.  ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗ്രന്ഥങ്ങളും മഖ്ദൂമുകള്‍ രചിച്ചു. പഠനപൂര്‍ത്തീകരണത്തിന് നിശ്ചിത കാലയളവ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. മരണം വരെ പഠിക്കാന്‍ ആഗ്രഹിച്ച് എത്തിയവരും വിരളമല്ല.    

    ചൊല്ലി കൊടുക്കുക, ഉരുവിടുക, ആവര്‍ത്തിക്കുക എന്ന ഗുരുകുല രീതിയിലായിരുന്നു പഠനം. കിത്താബുകളുടെ പാര്‍ശ്വ ഭാഗങ്ങളില്‍ ഉസ്താദډാരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണങ്ങള്‍ തല്‍സമയം എഴുതി പഠനത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഗുരുകുല ശാലകളിലേത് പോലെ സാമ്പത്തികാസമത്വവും ജാതിവിവേചനവും വിഭാഗീയതയും ഇല്ലായിരുന്നു. 

    മഖ്ദൂം ഒന്നാമന്‍ ആരംഭിച്ച ദര്‍സ്സില്‍ കേരളത്തിന്‍റെ പല പ്രദേശങ്ങളില്‍ നിന്നും ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യോനേഷ്യ, ജാവ, സുമാത്ര തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും വിദ്യാതല്‍പ്പരര്‍ പഠനത്തിന് എത്തി. പഠനം പൂര്‍ത്തിയാക്കിയ പണ്ഡിത ശ്രേഷ്ഠര്‍ സ്വദേശത്തും മറു നാട്ടിലും പള്ളികളില്‍ മഖ്ദൂമിയന്‍ രീതിയനുസരിച്ചുള്ള മതപഠന ക്ലാസ്സുകള്‍ ആരംഭിച്ചു. ക്രമേണ നാട്ടിലും മറുനാട്ടിലുമുള്ള പള്ളികളിലും വിദ്യാശാലകളിലും ഈ പാഠ്യ പദ്ധതിയും തതനുസൃതമായ രചനകളും പ്രചരിച്ചു. ഇസ്ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന് നാന്ദി കുറിക്കുകയും അന്താരാഷ്ട്ര രംഗത്ത് അംഗീകാരം നേടുകയും ചെയ്തു. തുടര്‍ന്ന് വിവിധ നാടുകളിലെ ദര്‍സ്സുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും പഠനം നടത്തിയ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പൊന്നാനിയിലെത്തി.

പ്രഥമ മുസ്ലിയാര്‍ പദവി


    മഖ്ദൂമിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ 'വിളക്കിത്തിരിക്കല്‍' മുസ്ലിയാര്‍ ഡിഗ്രിയും പ്രതീകാത്മക ബിരുദാനന്തരബിരുദവും സനദും തലപ്പാവും സമ്പാദിച്ച് സമൂഹത്തിലെ സമുന്നത പണ്ഡിതډാരായി വാഴ്ത്തപ്പെട്ടവരാണ് കേരളത്തിന് അകത്തും പുറത്തും ഇസ്ലാമിക വ്യാപനത്തിന് നേതൃത്വം നല്‍കിയത്. മഖ്ദൂം ഒന്നാമന്‍റെ കാലംമുതല്‍ തന്നെ മുസ്ലിയാര്‍ എന്ന പദവി നല്‍കിയിരുന്നു. ഒന്നാം മഖ്ദൂമിന്‍റെ പുത്രനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ ചില രചനകളില്‍ അദ്ദേഹത്തിന്‍റെ പിതാതാവായ അല്ലാമാ ഗസാലിയെ ചേര്‍ക്കുന്ന ഭാഗങ്ങളില്‍ ശൈഖ്സൈനുദ്ദൂനിബ്നു ഗസാലി മുസ്ലിയാര്‍ എന്ന് ചേര്‍ത്തത് കാണാം. അകത്തെ പള്ളിയിലെ തൂക്കുവിളക്കും പുറത്തെ പള്ളിയിലെ നിലവിളക്കും മഗ്രിബ് നമസ്കാരത്തിന് മുമ്പ് കത്തിക്കുകയും സുബഹി നമസ്കാരത്തിന് ശേഷം പൊലിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു.  

    പള്ളികളിലെ മുകള്‍തട്ട് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും, താഴെ പഠനത്തിനും ക്രമീകരണം ഒരുക്കിയത് ദര്‍സ്സ് പരിഷ്കരണമാണ്. മത പഠനം ആധുനിക രീതികളിലേക്ക് വ്യാപിക്കുന്നതുവരെ  കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും മുസ്ലിം മഹല്ലുകളില്‍ പള്ളി ദര്‍സ്സുകളായിരുന്നു ഉന്നത മതപഠനത്തിന്‍റെ ആശ്രയം. കാലാന്തരത്തില്‍ പലയിടത്തും അറബി കോളേജുകള്‍ ഉയര്‍ന്ന് വന്നെങ്കിലും പല പ്രമുഖ പള്ളികളിലും ദര്‍സ്സുകള്‍ പൈതൃക തനിമയോടെയും പ്രൗഢിയോടെയും ഇന്നും നിലനില്‍ക്കുന്നു.