പള്ളിക്കടവും തോട്ടുങ്ങല്‍പള്ളിയും




പള്ളിക്കടവും തോട്ടുങ്ങല്‍പള്ളിയും




Snhn A_vZpdlnam³Ip«n

9495095336

 


  വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രതോഷവും കവിതകള്‍ എഴുതിയ ഭാരതപ്പുഴയുടെ ഓരത്ത് ഇന്നും പൈതൃകം തുളുമ്പിനില്‍ക്കുന്ന പൊന്നാനി തെരുവത്ത്പള്ളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന പരിസരത്തെ പുരാതന തറവാടായ തെരുവത്ത് വീട്ടിലാണ് ഞാന്‍ പിറന്ന് വളര്‍ന്ന് വലുതായത്.

    വീടിന്‍റെ അരികെ പുഴയും നോക്കെത്തും ദൂരത്ത് കടലുമായതിനാല്‍ ദിവസേന പുഴയുടെയും ഇടക്കിടെ കടലിന്‍റെയും കരലാളനകളേറ്റാണ് ബാല്യകൗമാരയവ്വന ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയത്. 

    വീടിന് ഏതാനും മീറ്റര്‍ അകലെയാണ് പള്ളിക്കടവ്. കടവിന്നരികെ തെക്ക് പുഴയില്‍ വലിയൊരു ഭാഗം നൂറ്റാണ്ടണ്‍ുകള്‍ക്ക് മുമ്പ് ജനവാസയോഗ്യമായിരുന്നു. നഗരത്തിലെ  പല പ്രധാന കുടുംബങ്ങളുടേയും തറവാടുകള്‍ ഇവിടെയായിരുന്നു. ഇന്നിവിടം ഫിഷിങ് ഹാര്‍ബറും ഫിഷര്‍മെന്‍ ഹൗസിംങ് ഫ്ളാറ്റുകളുമാണ്. 

    പുഴയും കടലും സംഗമിക്കുന്ന അഴിമുഖവും കനാലും പുഴയും സംഗമിക്കുന്ന തോട്ടുമുഖവും ഇടക്കിടെ പാറിപ്പറക്കുന്ന ദേശാടന പക്ഷികളും തെളിഞ്ഞ പ്രഭാതത്തില്‍ മാമലകളും മരതകകുന്നുകളും ഉദയസൂര്യന്‍റെ തിളങ്ങി ചിതറുന്ന രശ്മികളുടെ കാഴ്ച അത്യാകര്‍ഷകമായിരുന്നു. ഇവിടത്തെ മനോഹര ദൃശ്യങ്ങള്‍ ഓരോന്നായി പോയ് മറയുന്നു.

    അഴിക്കടവ്, അക്കരെ പുറത്തൂര്‍ കടവ്, പടിഞ്ഞാറെക്കര ജങ്കാര്‍ കടവ്, കുറ്റിക്കാട് കടവ്, ചമ്രവട്ടം കടവ്, അങ്ങനെ പുഴയില്‍ കടവുകള്‍ പലതുണ്ടണ്‍ായിരുന്നുവെങ്കിലും വീതി കൂടിയ പള്ളിക്കടവാണ് കേമന്‍. തിരൂര്‍-പൊന്നാനി താലൂക്കുകളുടെ ജലപാതകളില്‍ ഒന്നാണ് ഈ കടവ്. 

    വേനലില്‍ പുഴ പലയിടത്തും വറ്റുമെങ്കിലും നീര്‍ച്ചാലുകളിലും കടവുകളിലും ആവശ്യാനുസരണം നീരൊഴുക്ക് ഉണ്‍ണ്ടായിരുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തെ  അനശ്വര ഗാനങ്ങളില്‍ ഒന്നായ 

"മഞ്ഞണിപ്പൂനിലാവില്‍ പേരാറ്റിന്‍ കടവിങ്കല്‍ 

മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍"

    എന്നാരംഭിക്കുന്ന ഗാനം, നഗരമേ നന്ദിക്ക് വേണ്ടണ്‍ി നാല് പതിറ്റാണ്ടണ്‍ുകള്‍ക്ക് മുമ്പ് എഴുതിയത്, ഈ കടവുകളില്‍ ഒന്നിനെ ഭാവനയില്‍ ദര്‍ശിച്ചാവാം.

    സ്കൂള്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും കളിച്ചുവളര്‍ന്നതും ഓര്‍മ്മവെച്ചനാള്‍ മുതല്‍ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളച്ചതും കുട്ടിക്കാലത്തെ കുസൃതിക്കൂട്ടങ്ങളുടെ ഒത്തുചേരലും കളിയരങ്ങുകളും സംഗമിക്കുന്ന ഇടം ഇവിടെയായതിനാല്‍ എഴുപത് കഴിഞ്ഞിട്ടും ഈ പുഴയോരത്തെ മധുരിക്കുന്ന ബാല്യകാല സ്മരണകള്‍ അയവിറക്കാന്‍ മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഈ കടവത്ത് ഞാന്‍ എത്തിച്ചേരാറുണ്‍ണ്ട്. 


വെട്ടത്തുനാട്

    പുഴക്ക് അക്കരെ പഴയ വെട്ടത്തുനാട് പടിഞ്ഞാറ് അറബിക്കടലും തെക്ക് ഭാരതപ്പുഴയും വടക്ക് കടലുണ്ടണ്‍ിപ്പുഴയും അതിരിട്ട 32 നാഴിക (55കി.മി) വിസ്തീര്‍ണ്ണമുണ്‍ണ്ടായിരുന്ന ഒരു കൊച്ചുരാജ്യമായിരുന്നു ഈ നാട്. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള കഥകളി കലാരൂപത്തിന് പ്രത്യേക രൂപവും ഭാവവും നല്‍കിയ ഈ നാടിന്‍റെ ഭരണാധികാരി വെട്ടം ഉടയ മൂത്തകോവിലെന്നും താനൂര്‍ രാജാവെന്നും വെട്ടം രാജാവെന്നും അറിയപ്പെട്ടു. ആസ്ഥാനം ആദ്യം തൃപ്രങ്ങോടും പിന്നീട് താനൂരുമായിരുന്നു. ജലാശയങ്ങളാല്‍ സമ്പന്നമായ ഈ ദേശത്തിന്‍റെ പരദേവത തണ്ണീര്‍ദേവതയെന്നാണ് ഐതീഹ്യം.

    ഒരുകാലത്ത് ഭാരതപ്പുഴ അറിയപ്പെട്ടിരുന്നത് പൊന്നാനിയുടെ പേരിലും പ്രശസ്തിയിലുമായിരുന്നു. മലബാര്‍ മാനുവല്‍ ഉള്‍പ്പെടെയുള്ള കൃതികളില്‍ പലയിടത്തും ഈ പുഴയെ പൊന്നാനിപ്പുഴ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചരിത്രവും ഐതീഹ്യവും വിശ്വാസവും അലിഞ്ഞുചേര്‍ന്നൊഴുകുന്ന ഈ പുഴക്ക് പേരാര്‍, നിള, ദക്ഷിണ ഗംഗ, കൗണാര്‍ എന്നീ അപരനാമങ്ങളുമുണ്ടണ്‍്. ഈ പുഴയ്ക്ക് മാത്രമല്ലാതെ ഇന്ത്യയില്‍ ഒരു നദിക്കും څഭാരതംچ എന്നു ചേര്‍ത്ത പേരില്ല.

    ഈ സംസ്കൃതിയുടെ ജീവധാരയില്‍ കിഴക്കന്‍മലകളുടേയും ഓരങ്ങളുടേയും സൗന്ദര്യവും ജലനിരപ്പിന്‍റെ വശ്യതയും ഒരുക്കാലത്ത് നിറഞ്ഞൊഴുകി. ജലനിരപ്പ് ഉയരുമ്പോഴും വേലിയേറ്റത്തിലും നിലാവുള്ള രാത്രികളിലും പുഴയുടെ സൗന്ദര്യവും ചന്തവും അത്യാകര്‍ഷകമായിരുന്നു. വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിതകളായും പാട്ടുകളുടെ പാലാഴിയായും ഒഴുകി.

'കന്നിനിലാവിന്‍ കളഭക്കിണ്ണം

പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍ 

പൊന്നാനിപ്പുഴ'

    എന്ന് തുടങ്ങുന്ന വരികളിലൂടെ പ്രശസ്ത ഗാനരചയിതാവ് പി. ഭാസ്കരനും മലയാളത്തിലെ മിക്ക കവികളും ഒരു കാലത്ത് ഈ പുഴയെ വര്‍ണ്ണിച്ചപ്പോള്‍ ഇപ്പോള്‍ ഇതിന്‍റെ ദുരവസ്ഥയില്‍ സാഹിത്യനായകര്‍ ദുഃഖിക്കുന്നു.

    1972ലെ കൂട്ടായി നേര്‍ച്ചാ ദിവസത്തെ അഴിമുഖം തോണി അപകടവും 1981 ഒക്ടോബര്‍ 28 ബുധനാഴ്ചയിലെ പള്ളിക്കടവ് തോണി അപകടവും നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തങ്ങളാണ്.  


കര്‍മ്മാപാലം

    പുഴയില്‍ അണക്കെട്ടുകള്‍ വരുന്നതിന് മുമ്പ് പുഴയും സമീപ പ്രദേശങ്ങളും ജല സമൃദ്ധമായിരുന്നു. തൃത്താലയിലെ വെള്ളിയാംകല്ല് പദ്ധതി നിലവില്‍ വന്നതോടെ ഈ പുഴയുടെ പോഷക നദിയായ തൂതപ്പുഴയാണ് ഇപ്പോഴത്തെ മുഖ്യ ജലസ്രോതസ്സ്. ചാണ ആവേന്‍കോട്ട അമ്പലത്തിന് സമീപം കര്‍മ്മാറോഡില്‍ നിന്നാരംഭിച്ച് ഫിഷിംഗ് ഹാര്‍ബറില്‍ അവസാനിക്കുന്ന ധൃതഗതിയില്‍ നടക്കുന്ന കര്‍മ്മാപാലം നിര്‍മ്മാണത്തോടനുബന്ധിച്ച് കടവിന്‍റെ മുന്‍ഭാഗം മണല്‍ ട്രഞ്ച് ചെയ്ത് നികത്തിയിരിക്കുന്നു. പൊന്നാനിയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്നതാണ് 2020ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ പാലം.

    കടവത്ത് നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ടേക്ക് നടന്നാല്‍ ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന അഴിമുഖത്തെത്താം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലൂടെ നടക്കുമ്പോള്‍ അഴിമുഖവും പരിസര കാഴ്ചയും ഫിഷിംങ് ബോട്ടുകളുടെ സഞ്ചാരവും ആരവവും പായകള്‍ കെട്ടി നിരനിരയായി സഞ്ചരിച്ചിരുന്ന മണല്‍ വഞ്ചികളുടെ സഞ്ചാരവും മനംകുളിര്‍ക്കെ കണ്ടണ്‍് ആസ്വദിക്കാമായിരുന്നു. പുഴ നിറഞ്ഞൊഴുകുന്ന വേനലില്‍ ഉച്ച സമയത്ത് അതൊരു വ്യത്യസ്ത കാഴ്ച തന്നെയായിരുന്നു. ഫിഷിംങ്ങ് ഹാര്‍ബറിന്‍റെ മതില്‍ കെട്ടുകളും കര്‍മ്മാ പാലത്തിന്‍റെ നിര്‍മ്മാണവും ആരംഭിച്ചതോടെ വര്‍ണ്ണാഭമായ ആ ദൃശ്യങ്ങളെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി.

    ഈ രീതിയിലുള്ള വികസനം അനിവാര്യമാണ്. പക്ഷേ പരിസ്ഥിതിക്കിണങ്ങുന്ന സുസ്ഥിരമായ കാഴ്ചപ്പാടുകളോടെ ആയാല്‍ മാത്രമെ ഭാവിയില്‍ ആശാവഹമായ പ്രതീക്ഷകള്‍ക്ക് രൂപം നല്‍കാന്‍ പറ്റുകയുള്ളുവെന്ന വസ്തുത ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഭാവി തലമുറകള്‍ക്ക് കൂടി ഭദ്രമായ ഒരു ജീവിത സാഹചര്യം ഉണ്ടാവണമെങ്കില്‍ പ്രകൃതിയോടിണങ്ങുന്ന സമീപനംസ്വീകരിക്കല്‍ അനിവാര്യമാണ്.


ശൈഖ് ഫരീദുദ്ദീനും വാവരും

    പഴമക്കാരുടെ സ്മരണയില്‍ തെളിഞ്ഞ് വരുന്ന സമ്പന്നവും വര്‍ണ്ണാഭവുമായ ഒരു ഗതകാല ചരിത്രമുള്ള ഇടമാണ് പള്ളിക്കടവും തോട്ടുങ്ങല്‍ പള്ളിയും. പുഴയുടെയും കടലിന്‍റെയും കരലാളനകളേറ്റ് നൂറ്റാണ്ടുകളുടെ സ്മരണകളുമായി ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന പഴമയും പുതുമയും സംഗമിക്കുന്ന തോട്ടുങ്ങല്‍ പളളിയാണ് ഇപ്പോള്‍ പൊന്നാനിയില്‍ നിലവിലുളളതില്‍ വെച്ച് ഏറ്റവുമാദ്യം നിര്‍മ്മിക്കപ്പെട്ട പളളി.

    ശൈഖ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാനിയുടെ ആദ്യകാല ശിഷ്യډാരില്‍ പ്രമുഖനായ കാഞ്ഞിരമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദുദ്ദീനുബ്നു അബ്ദുല്‍ ഖാദിര്‍ ഖുറാസാനിയും അദ്ദേഹത്തിന്‍റെ പ്രധാന ശിഷ്യന്‍ ശൈഖ് ഹുസൈന്‍ മുഹിയദ്ദീന്‍ (ഉത്താന്‍) മുസ്ലിയാരുമാണ് തൊള്ളായിരത്തിലധികം വര്‍ഷം പഴക്കമുള്ള തോട്ടുങ്ങല്‍ പള്ളിയുടെ സ്ഥാപകര്‍. മഖ്ദൂമീങ്ങളുടെ ആഗമനത്തിന് മുമ്പ് തദ്ദേശീയ മുസ്ലിംകളുടെ ആത്മീയ നേതൃത്വം ശൈഖ് ഫരീദുദ്ദീനിലും ഉത്താന്‍ മുസ്ലിയാരിലും അര്‍പ്പിതമായിരുന്നു.  വടക്കെ ഇന്ത്യയിലും യൂറോപ്പിലും ശൈഖ് ഫരീദുദ്ദീന്‍ ഹിന്ദ് എന്നാണ് ശൈഖ് ഫരീദുദ്ദീന്‍ അറിയപ്പെട്ടിരുന്നത്. 

    ആര്യ ദ്രാവിഡ-ശൈവ-വൈഷ്ണവ സിദ്ധാന്തങ്ങളുടെ മത്സരമില്ലാതാക്കാന്‍ വിഷ്ണു മോഹിനി വേഷം പൂണ്ടു ശിവനെ പ്രാപിച്ചു നേടിയ മകനാണ് ശബരിമലയിലെ അയ്യപ്പനായ മണികണ്ഠനെന്നാണ് ബ്രാഹ്മണ ഐതീഹ്യം. ഇതിനോട് അനുബന്ധമായ കഥയില്‍ കേരളീയ ഹിന്ദു-മുസ്ലിം മൈത്രിയുടെ മകുടോദാഹരണമാണ് അയ്യപ്പനും വാവരും തമ്മിലുള്ള സുദൃഢബന്ധം. ശൈഖ് ഫരീദുദ്ദീനാണ് വാവരെ മനുഷ്യസ്നേഹിയും ദൈവഭക്തനുമായി മാനസാന്തരപ്പെടുത്തിയത്. മകരവിളക്കു ദിവസം തന്നെ കാഞ്ഞിരമുറ്റത്തെ ചന്ദനകുടം കൊടികുത്ത് നേര്‍ച്ച നടത്തുന്നത് എരുമേലിയിലെ വാവരുസ്വാമിയുടെ മാനസാന്തരത്തേയും അയ്യപ്പനുമായുണ്ടായ രഞ്ജിപ്പിനേയും ബന്ധപ്പെടുത്തിയാണെന്നത് അനുമാനം.


ഉത്താന്‍ മുസ്ലിയാരും ഒടിയډാരും

    ഉത്താന്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട് പല ചരിത്ര കഥകളും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്‍റെ കാലത്ത് പൊന്നാനി അങ്ങാടിയിലും പരിസരത്തും ഒടിയډാരുടെ ശല്യം രാത്രി കാലങ്ങളില്‍ അതിരൂക്ഷമായിരുന്നു. അന്നൊരുന്നാള്‍ രാത്രി മുസ്ലിയാര്‍ വീട്ടിന് മുന്‍വശത്തെ കോലായയിലെ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നിരുന്ന സമയത്ത് സുഖനിദ്രയില്‍ ലയിക്കും മുമ്പ് കട്ടിലിന് പതിവില്ലാത്തൊരു അനക്കവും ഞെരുക്കവും. കണ്ണുകള്‍ തുറന്നുനോക്കിയപ്പോള്‍ കട്ടിലില്‍ ഒടിയډാര്‍ തന്നെയും ചുമന്ന് കൊണ്ട് പോകുന്ന കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. അനന്തര സംഭവഗതികള്‍ വീക്ഷിച്ച് അദ്ദേഹം നിശബ്ദനായി കട്ടിലില്‍ തന്നെ കിടന്നു. കുറച്ച് ദൂരം ചെന്നപ്പോള്‍ ഒടിയډാര്‍ക്ക് എന്തെന്നില്ലാത്ത അസ്വസ്ഥത. കട്ടില്‍ പെട്ടെന്ന് ഇറക്കി വെച്ചു. അപ്പോഴേക്കും അവരുടെ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞിരുന്നു. ഗതികേടിലായ അവര്‍ തങ്ങളുടെ കാഴ്ച തിരിച്ച് കിട്ടാന്‍ മുസ്ലിയാരോട് വളരെ താഴ്മയോടെ അപേക്ഷിച്ചു.

    ഭാവിയില്‍ ഒരിക്കലും അപ്പിതോടിന് പടിഞ്ഞാറ് പൊന്നാനി അങ്ങാടിയില്‍ പ്രവേശിച്ച് യാതൊരു കാരണവശാലും ആരെയും ശല്യം ചെയ്യില്ല എന്ന് അവരെകൊണ്ട് മുസ്ലിയാര്‍ സത്യം ചെയ്യിപ്പിച്ചു. കാഴ്ച തിരിച്ച് കിട്ടാന്‍ മുസ്ലിയാര്‍ പടച്ചവനോട് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കാഴ്ച തിരിച്ചുകിട്ടിയ ഒടിയډാര്‍ പൂര്‍വ്വ രൂപം പ്രാപിക്കുകയും മുസ്ലിയാരെ വീട്ടിലെത്തിക്കുകയും ചെയ്തു.  പിന്നീടൊരിക്കലും  അങ്ങാടിയിലും പരിസരത്തും ഒടിയډാരുടെ ശല്യം ഉണ്ടായിട്ടില്ലത്രെ.

    അപ്പിത്തോടിന്‍റെ അരികെയുള്ള പള്ളിയായതിനാലാണ് തോട്ടുങ്ങല്‍ പളളിയെന്ന് അറിയപ്പെട്ടത്. ദേശത്തിന്‍റെ ഗുരുസ്ഥാനി ഹാജി കെ.എം. സൈതുട്ടി മുസ്ലിയാര്‍ ദീര്‍ഘകാലം ഇവിടെ ഇമാമായിരുന്നു. പള്ളി സ്ഥാപിച്ചതു മുതല്‍ ഇവിടെ ജുമുഅ ഉണ്ടായിരുന്നു. വലിയജുമാഅത്ത് പളളി നിലവില്‍ വന്നതോടെ ഇവിടെ ജുമുഅ നിര്‍ത്തിവെച്ചു. 2009 ഫെബ്രുവരി 13നാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ വീണ്ടും ജുമുഅ ആരംഭിച്ചത്.

    പള്ളിക്ക് വടക്ക് ഭാഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസ യോഗ്യമായിരുന്നെന്നും ഇവിടത്തെ പല പ്രധാന കുടുംബങ്ങളുടേയും തറവാടുകള്‍ ഇവിടെയായിരുന്നുവെന്നും പറയപ്പെടുന്നു. ഇന്നിവിടം ഫിഷിംങ്ങ് ഹാര്‍ബറാണ്. ഇതിന് വടക്ക് അക്കരെ തിരൂര്‍-പൊന്നാനിപ്പുഴയുടെ വായ്മുഖത്ത് പുഴയില്‍ ചെറിയ തെങ്ങിന്‍ തോപ്പും നെല്‍ വയലുമുണ്ടായിരുന്നു. അഞ്ചുതെങ്ങെന്ന് വിളിച്ചിരുന്ന ഈ സ്ഥലം മലവെള്ള പ്രവാഹത്താല്‍ കഥാവശേഷമായി.