കൊച്ചങ്ങാടിയും ഖാസി മൈതാനവും



കൊച്ചങ്ങാടിയും ഖാസി മൈതാനവും



Snhn A_vZpdlnam³Ip«n

9495095336

    അവിഭക്ത ഇന്ത്യയിലെ കച്ച് ദേശക്കാരായ കച്ച് ഹാലായീസ്മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിം വ്യാപാരികളുടെ (കച്ചീക്കാര്‍) ആദ്യകാലത്തെ പ്രധാന വ്യവസായ കേന്ദ്രമായിരുന്ന കച്ചതെരുവും കൊച്ചങ്ങാടിയും ഖാസി മൈതാനവും നഗരത്തിലെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയായ ആദ്യ ഹയര്‍ വിദ്യാലയമായ ടി.ഐ.യു.പി. സ്ക്കൂളൂം പൊന്നാനിയിലെ പ്രഥമ മുജാഹിദ് പള്ളിയായ മസ്ജിദുല്‍ മുജാഹിദീനും ഈ റോഡിലാണ്. കച്ചീക്കാര്‍ വ്യവസായം പിന്നീട് കോടതിപ്പടിയിലേക്ക് മാറ്റി.


വെള്ളപ്പെട്ടിയും ചുവപ്പ്പ്പെട്ടിയും


    വെള്ളപ്പെട്ടി ചുവപ്പ്പ്പെട്ടി എന്നീ രണ്ട് ചേരിയായി പ്രവര്‍ത്തിച്ചിരുന്ന നഗരത്തിലെ മുസ്ലിംകള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നത 1935ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പൂര്‍വ്വോപരി മൂര്‍ച്ഛിച്ചു. മത ധര്‍മ്മ സ്ഥാപനങ്ങളില്‍ പോലും ചേരി തിരിവ് രൂക്ഷമായി അനുഭവപ്പെട്ടു. ഇതിനിടയില്‍ വെള്ളപ്പെട്ടി വിഭാഗക്കാരനായ എം.ഐ. സഭ മെമ്പര്‍ എന്‍. മുഹമ്മദാജിയുടെ  മകന്‍ ആര്‍വി അബ്ദുറഹിമാന്‍ വളപ്പിലെ തറവാട്ടിലെ പെണ്‍ക്കുട്ടിയെ വിവാഹം ചെയ്തിരുന്നു. ഇത് അക്കാലത്ത് നിലവിലുണ്ടായിരുന്ന ശാരദ വിവാഹ ആക്ടിന് വിരുദ്ധമായാണ് നടന്നതെന്നാരോപിച്ച് ചുകപ്പ്പ്പെട്ടിക്കാര്‍ ഇതിനെതിരില്‍ കേസ് കൊടുക്കുകയും കേസ് കോടതിയിലെത്തിയപ്പോള്‍ ഖാസി പദവി വഹിച്ചിരുന്ന ബാവ മുസ്ലിയാര്‍ വെള്ളപ്പെട്ടിക്കാര്‍ക്ക്  അനുകൂലമായി സാക്ഷി മൊഴി നല്‍കുകയും ചെയ്തു. 

    അക്കാലത്ത് മഖ്ദൂം തറവാട്ടിലെ പലരും പൊന്നാനിക്ക് പരിസരത്തും  പുറം നാടുകളിലും ഖാസി പദവി വഹിച്ചിരുന്നു. ഖാസിയുടെ സാക്ഷി മൊഴി വിവാദം രൂക്ഷമായപ്പോള്‍ ബാവ മുസ്ലിയാര്‍ക്കെതിരെ ചുകപ്പുപ്പെട്ടി വിഭാഗക്കാര്‍ സമാന്തര ഖാസിയെ വാഴിക്കാന്‍ പൊതുയോഗം ചേര്‍ന്ന മൈതാനമാണ് ഇപ്പോള്‍ ഖാസി മൈതാനം എന്ന പേരില്‍ അറിയപ്പെടുന്നത്. 

    ഈ ചേരിതിരിവ് കാരണം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍  പൊന്നാനി നഗരത്തിലെ മുസ്ലിംകള്‍ രണ്ട് ചേരിയായി തിരിഞ്ഞ് പൊതുരംഗത്ത് ശക്തമായ മത്സരം പ്രകടിപ്പിച്ചിരുന്നു. 1920 കളില്‍ ബ്രിട്ടീഷ് അനുകൂലിയായ പൊന്നാനിയിലെ ഒരു പൗര പ്രമുഖന്‍ ഖിലാഫത്തുകാരാല്‍ ഈ മൈതാനത്തിന്‍റെ ഇടവഴിയില്‍ വെച്ച് കൊല്ലപ്പെട്ടു. കൊലപാതകി അജ്ഞാതനായതിനാല്‍ അസ്രാഈല്‍ മിക്കാഈല്‍ കുത്തി കൊന്നുവെന്നാണത്രെ നാട്ടില്‍ പ്രചരിച്ച ചൊല്ല്. ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ക്കൊടുവിലും തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഈ കേസിന്‍റെ ഗതിയെ  ലാതുമ്പ വലാവാല  എന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ചത്.

    ഇന്നത്തേക്കാള്‍ വിശാലമായിരുന്ന ഈ മൈതാനത്തായിരുന്നു പൊന്നാനിയിലെ പല പ്രധാന പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരന്‍ 1939 ലെ ഐതിഹാസിക ബീഡി തൊഴിലാളി സമരവും മദ്രാസ് സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്‍ കുറ്റിപ്പുറം പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതിയും കമ്മ്യൂണിസ്റ്റ് ദേശീയ നേതാവ് ഇസെഡ് എ. അഹമ്മദും  മികച്ച പാര്‍ലമെന്‍റേറിയന്‍ എച്ച്.സി. കമ്മത്തും ഇവിടെവെച്ച് നാട്ടുകാര്‍ക്ക് നയപരിപാടികള്‍ വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. 2021ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ടി. ഐ. യു. പി. സ്ക്കൂളിന്‍റെ കളിസ്ഥലം കൂടിയാണ് ഈ മൈതാനം. സ്കൂളിന്‍റെ വടക്കെ അറ്റത്തും തെക്കേ അറ്റത്തും പഞ്ചായത്ത് വക രണ്ടു കിണറുകളുണ്ടായിരുന്നു. 

    പൊന്നാനിയിലെ പ്രഥമ മുജാഹിദ് പള്ളിയായ മസ്ജിദുല്‍ മുജാഹിദീനും പ്രമുഖ മുസ്ലിയാര്‍ തറവാടുകളായ മുസ്ലിയാരകം, പാലത്തുംവീട്, കൊങ്ങണംവീട്, മായന്ത്രിയകം, ചോത്താംവീട്, തെരുവത്ത് വീട് തുടങ്ങിയ തറവാടുകളും ഇതിന്‍റെ പരിസരത്താണ്.


പ്രതിഭാ സംഗമം

      ചരിത്രപരമായ കാരണങ്ങളാല്‍ ആധുനിക വിദ്യാഭ്യാസത്തോട് മുസ്ലിംകളില്‍ വലിയൊരു ഭാഗം പുറം തിരിഞ്ഞു നിന്നിരുന്ന കാലത്ത് മലബാര്‍ മുസ്ലിംകള്‍ക്ക് മാതൃകയാകും വിധം ഉന്നത വിദ്യാഭ്യാസം നേടിയ ഏതാനും മുസ്ലിം വിദ്യാസമ്പന്നര്‍ക്ക് ഈ പ്രദേശം ജډം നല്‍കി. തെക്കെ മലബാറിലെ പ്രഥമ മുസ്ലിം ന്യായാധിപന്‍ അബ്ദുല്ലക്കുട്ടി മുന്‍സിഫ്, മദ്രാസ് ഹൈക്കോടതിയിലെ മലബാറിന്‍റെ പ്രഥമ മുസ്ലിം ജഡ്ജി ജസ്റ്റീസ് പി. കുഞ്ഞിഅഹമ്മദ്കുട്ടി ഹാജി, വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍, ദേശത്തിന്‍റെ ചരിത്ര ഗുരു പ്രൊഫ. കെ.വി. അബ്ദുറഹിമാന്‍, ആദ്യകാല മുസ്ലിം എഞ്ചിനീയര്‍മാരിലും ഡോക്ടര്‍മാരിലുംപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി. കുഞ്ഞിമൂസ, കോഴിക്കോട് ഡി.എം.ഒ. ഡോ. കെ.സി. മുഹമ്മദ്, മദ്രാസ് ചീഫ് എഞ്ചിനീയറും പ്രഭാഷകനും എഴുത്തുകാരനുമായ എ.എം. ഉസ്മാന്‍ സാഹിബ്, മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡന്‍റ് കെ.വി. നുറുദ്ധീന്‍ സാഹിബ്, മുന്‍ മന്ത്രി ഇ.കെ ഇമ്പിച്ചിബാവ, മുന്‍ എം.എല്‍.എ. വി.പി.സി. തങ്ങള്‍, സീനിയര്‍ അഡ്വക്കറ്റ് എം. അബ്ദുറഹിമാന്‍, സുപ്രണ്ടിങ് എഞ്ചിനീയര്‍ കെ.വി. അബ്ദുല്‍ അസീസ് തുടങ്ങിയ പല പ്രമുഖ വ്യക്തിത്വങ്ങളും ജډം കൊണ്ടും കര്‍മ്മം കൊണ്ടും പഠനം കൊണ്ടും ഈ പ്രദേശവും ഇവിടുത്തെ വിദ്യാലയവും ധന്യമാക്കിയവരാണ്. നിയമബിരുദത്തില്‍ മദ്രാസ് സര്‍വ്വകലാശാലയില്‍നിന്നും അഡ്വ: എം. അബ്ദുറഹിമാന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.

    നൂറ് ശതമാനം മുസ്ലിം ജനസാന്ദ്രതയുള്ള ചെറിയൊരു പ്രദേശത്ത് ഒരു കാലഘട്ടത്തില്‍ ഔദ്യോഗിക അനൗദ്യോഗിക രംഗത്ത് പാദമുദ്ര ചാര്‍ത്തിയ ഇത്രയും മുസ്ലിം പ്രതിഭകളെ സംഭാവന നല്‍കിയ മറ്റൊരിടം മലബാറില്‍ അപൂര്‍വ്വം. അബ്ദുല്ലകുട്ടി മുന്‍സീഫിനും കുഞ്ഞിഅഹമ്മദ് കുട്ടി ഹാജിക്കും ശേഷം നീതിന്യായ രംഗത്ത് പൊന്നാനിയില്‍ ആര്‍ക്കും തന്നെ മുന്‍സീഫ് മജിസ്ട്രേറ്റ് പദവികള്‍പോലും അലങ്കരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

ഒരു താമരപ്പൊയ്ക തന്നെയാണീപ്പൊന്നാനി

വിരിവൂ വീണ്ടും വീണ്ടും കാഞ്ചന തണ്ടാരിതില്‍

പേരു കേട്ടോരാമെഞ്ചിനിയര്‍മാരുടെ, ഡോക്ടര്‍-

മാരുടെ യൊരു മന്ത്രി തന്‍റെയും കസേരകള്‍ (ഇടശ്ശേരി)