92. എംഐ ദഅവ കോളേജ്
പുതപപൊന്നാനി
alfaponnani@gmail.com
പ്രഗത്ഭ മഖ്ദൂമായിരുന്ന ചെറിയബാവ മുസ്ലിയാര്‍ മഖ്ദൂം 1908ല്‍ ഇഹലോകവാസം വെടിഞ്ഞതോടെ പൊന്നാനി ജുമുഅത്ത് പള്ളിയിലെ ദര്‍സിന്‍റെ പ്രഭ ക്രമാനുഗതമായി കുറഞ്ഞുവന്നു. തുടര്‍ന്ന് കാലാനുസൃതമായ മത വിജ്ഞാനമില്ലാതെ അന്ധകാരത്തില്‍ അകപ്പെട്ട് ജീവിക്കുന്ന മുസ്ലിം സമുഹത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി യുവ പണ്ഡിതډാരെ വാര്‍ത്തെടുക്കുന്നതിന് ദര്‍സ്സ് സിലബസ്സ് പരിഷ്ക്കരിച്ച് ഒരു ഉന്നത കലാലയം സ്ഥാപിക്കണമെന്ന ചിന്താഗതി അക്കാലത്ത് സജീവമായി. 1958ല്‍ ചേര്‍ന്ന മഊനത്തുല്‍ ഇസ്ലാം സഭ മാനേജിംഗ് കമ്മിറ്റി അറബികോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. 1959 ജനുവരി 18ന് കോളേജിന്‍റെ ഉദ്ഘാടനം വെല്ലൂര്‍ ബാക്കിയാത്തു സാലിഹാത്ത് പ്രിന്‍സിപ്പാള്‍ ശൈഖ് ആദം ഹസറത്ത് ഇന്നാഅര്‍ള്നല്‍ അമാനത്ത എന്നാരംഭിക്കുന്ന സൂറത്തുല്‍ അഹ്സാബിലെ 72-ാമത്തെ സൂക്തം ഓതി വിവരിച്ച് കൊടുത്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പുതുപൊന്നാനി ഖാസി മൊയ്തുമുസ്ലിയാരും അദ്ദേഹത്തിന്‍റെ മകനും സഭാ മെമ്പറുമായ മുഹമ്മദ് കുട്ടി മുസ്ലിയാരും പ്രഥമ ശിഷ്യ സ്ഥാനീയരായി.
ഖുര്‍ആന്‍, തഫ്സീര്‍, ഹദീസ്, ഹിഖ്ഹ്, വ്യാകരണം, ശബ്ദോല്‍പ്പത്തി ശാസ്ത്രം, പ്രഭാഷണ ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഗോള ശാസ്ത്രം, ചരിത്രം തുടങ്ങിയവ പാഠ്യവിഷയങ്ങളായിരുന്നു. കൂടാതെ മജ്ലിസുല്‍ ഇര്‍ഫാന്‍ തസ്വവ്വുഫ് ക്ലാസ്സും ആദ്യകാലത്ത് നടന്നിരുന്നു. ഒരു പ്രത്യേക സിലബസ്സനുസരിച്ച് മത പണ്ഡിതډാരെ വാര്‍ത്തെടുക്കുന്നതിന് കേരളത്തില്‍ ആദ്യമായി നിലവില്‍ വന്ന മുഖ്തസിര്‍ കലാലയം ഒരു പക്ഷേ ഈ കോളേജായിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റും പണ്ഡിത ശ്രേഷ്ഠനുമായ കെ കെ അബ്ദുല്ല മുസ്ലിയാര്‍ (കരുവാരകുണ്ട്) ആണ് പ്രഥമ പ്രിന്‍സിപ്പാള്‍. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, നാട്ടിക വി മൂസ മുസ്ലിയാര്‍, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, കെ. വി. എം. പന്താവൂര്‍, ചരിത്രകാരന്‍ ടിവി അബ്ദുറഹിമാന്‍കുട്ടി, സമസ്ത മുശാവറ മെമ്പര്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ആദ്യകാലത്തെ പ്രമുഖ പഠിതാക്കളില്‍പ്പെടും.
സ്വന്തമായ കെട്ടിടം ഇല്ലാത്തതിനാല്‍ സഭയുടെ മിറ്റിംങ്ങ് ഹാളില്‍ വെച്ചാണ് ആരംഭത്തില്‍ ക്ലാസ്സുകള്‍ നടന്നിരുന്നത്. തുടര്‍ന്ന് നാല് ലക്ഷം രൂപ മതിപ്പ് ബജറ്റോടെ 1966ല്‍ നിര്‍മ്മിച്ച ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിന്‍റെ മുകളിലേക്ക് കോളേജ് മാറ്റി. പുതുവിശ്വാസികളുടെ താമസ സൗകര്യം പരിഗണിച്ചും കോളേജിന്‍റെ പൂരോഗതി ലക്ഷ്യമാക്കിയും 1989ന്‍റെ രണ്ടാം പകുതിയില്‍ വിവിധ സൗകര്യങ്ങളോട് കൂടിയ പുതുപൊന്നാനി അനാഥശാല അങ്കണത്തിലെ പുതിയ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി. പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബി കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന മര്‍ഹൂം ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്ലിയാരുടെ സേവനം ഈ രംഗത്ത് ശ്ലാഘനീയമാണ്.
നിലവിലുള്ള സിലബസ്സ് പരിഷ്ക്കരിച്ച് 1999 ല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് ദഅ്വാ കോളേജായി പരിവര്‍ത്തനം ചെയ്തു. ടി. ചെറുകോയ തങ്ങള്‍, കൂറ്റനാട് കെ. വി. മുഹമ്മദ് മുസ്ലിയാര്‍, കെ. ആലിക്കുട്ടി മുസ്ലിയാര്‍, കെ. വി. സി. മുഹമ്മദ് സാഹിബ് തുടങ്ങിയ പല പ്രഗത്ഭരും സ്ഥാപനത്തിന്‍റെ സാരഥ്യം വഹിച്ചിട്ടുണ്ട്. അണ്ടത്തോട് കെ. കെ. മുഹമ്മദ് മുസ്ലിയാര്‍, അലനെല്ലൂര്‍ എം. എം. അബ്ദുല്ല മുസ്ലിയാര്‍, വെള്ളില ഏ. പി. മൊയ്തീന്‍ കുട്ടി മൂസ്ലിയാര്‍, അന്‍വര്‍ അബ്ദുല്ല ഫസ്ഫരി, ടി. കെ. എം. റാഫി ഉദവി, ഇസഹാഖ് ഉദവി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പാള്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അറബിക് കോളേജിന് പ്രത്യേകമായി വഖഫ് ചെയ്ത സ്വത്തുക്കളുണ്ട്. കോളേജ് കമ്മിറ്റിയുടെ കണ്‍വീനര്‍ ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്ററും പ്രിന്‍സിപ്പാള്‍ ടി.കെ. മുഹമ്മദ് ശമീര്‍ ഉദവിയുമാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഖാദിമിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.