ബീഡിത്തൊഴിലാളി സമരവും പ്രസ്ഥാന വളര്‍ച്ചയും
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
ബീഡിയുണ്ടോ സഖാവെ
തീപ്പെട്ടിയെടുക്കാന്‍
കഴിഞ്ഞ നൂറ്റാണ്ടില്‍ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും രാഷ്ട്രീയ ഉദ്ബുദ്ധത നേടിയ വിഭാഗങ്ങള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ കോഡ് ഭാഷ ഉപയോഗിക്കുന്ന പലരുമുണ്ടായിരുന്നു. ജനകീയ ജീവിതത്തെ അത്രത്തോളം ബീഡി സ്വാധീനിച്ചിരുന്നു. ജാതിമതഭേതമന്യെ കേരളത്തിനകത്തും പുറത്തും അസംഖ്യം തൊഴിലാളികള്‍ ഉപജീവനം നടത്തിയിരുന്ന ഗ്രാമീണ ജീവിതത്തെ രൂപപ്പെടുത്തിയ വരുമാന സ്രോതസ്സായിരുന്നു ബീഡിതെറുപ്പ്. പുരുഷډാരെപ്പോലെ തന്നെ വലിയൊരു വിഭാഗം സ്ത്രീകളും ബീഡി ഉപയോഗിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നത്തെപോലെ സജീവമല്ലാതിരുന്ന 1920കളില്‍ പൊന്നാനിയില്‍ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചിരുന്ന വി ആറ്റക്കോയ തങ്ങളുടെ പാര്‍ട്ടിയായ വെള്ളപ്പെട്ടിയും ദേശീയവാദിയായ കെവി നൂറുദ്ദീന്‍ സാഹിബിന്‍റെ പാര്‍ട്ടിയായ ചുകപ്പ് പെട്ടിയും തമ്മിലുള്ള വിഭാഗീയത അതി രൂക്ഷമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ 1907ല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട യൂണിയന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആറ്റക്കോയ തങ്ങള്‍ 1935 വരെ പ്രസ്തുത സ്ഥാനം വഹിച്ചു.
ഇക്കാലത്ത് ബ്രിട്ടീഷ് അനുകൂലിയായ പൊന്നാനിയിലെ ഒരു പൗരപ്രമുഖന്‍ ഖിലാഫത്ത് അനുകൂലികളാല്‍ ടിഐയുപി സ്കൂളിന് സമീപം ഖാസി മൈതാനത്തിന്‍റെ ഇടവഴിയില്‍വെച്ച് കൊല്ലപ്പെട്ടു. കൊലപാതകം തെളിയിക്കപ്പെടാന്‍ സാധിക്കാത്തതിനാല്‍ മീകായില്‍ കുത്തിക്കൊന്നുവെന്നാണ് നാട്ടില്‍ പ്രചരിച്ച ചൊല്ല്. ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ക്കൊടുവിലും തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഈ കേസിന്‍റെ ഗതിയെ ലാ തുംബ വലാ വാലാ എന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ചത്.
1935ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെവി നൂറുദ്ദീന്‍ സാഹിബ് വിജയിച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടി മാത്രമാണ് പ്രവര്‍ത്തനരംഗത്ത് നിലവിലുണ്‍ണ്ടായിരുന്നത്. ചുകപ്പ്പ്പെട്ടിക്കാര്‍ അധികവും കോണ്‍ഗ്രസ്സ് അനുകൂലികളും വെള്ളപ്പെട്ടിക്കാര്‍ ബ്രിട്ടീഷ് അനുകൂലികളുമായിരുന്നു. (1) ക്രമാനുഗതമായി പൊന്നാനിയില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് ബീഡിതൊഴിലാളി വിഭാഗത്തിനുണ്ട്.
ബീഡി ഉല്പാദനം
കേരളത്തിലെ പല പ്രദേശങ്ങളിലും സാധാരണക്കാരില്‍ വലിയൊരു വിഭാഗം അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലുമായിരുന്ന കാലത്ത് ഒരുനേരത്തെ അന്നത്തിനായി ഈ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഒരു പ്രമുഖ പ്രദേശമായിരുന്നു പൊന്നാനി. വീടുകളിലെ അകംമറക്കുള്ളിലിരുന്ന് ഇവിടത്തെ മുസ്ലിം സ്ത്രീകളില്‍ വലിയൊരു വിഭാഗം കുടില്‍വ്യവസായമായി ഈ തൊഴില്‍ വ്യാപകമായി ചെയ്തിരുന്നു.
പത്ത് വയസ്സു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ അഹം അടങ്ങാറാണ് (അകംമറക്കുള്ളില്‍ താമസിക്കാറാണ്) അക്കാലത്തെ പതിവ്. തുടര്‍ന്ന് വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള ആദ്യ വിരുന്നിന് (ഇല്ലത്തിരുത്തല്‍) മുമ്പ് പിതാവിന്‍റെ വീട്ടിലേക്ക് അല്ലാതെ മറ്റൊവിടേക്കും അയക്കാറ് പതിവില്ല. മതപഠനംപോലും മൊല്ലാമാരെയോ മൊല്ലാത്തികളെയോ വീട്ടില്‍ വരുത്തിയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. വീട്ടിനടുത്ത് സ്ക്കൂള്‍ ഉണ്ടായിരുന്നിട്ടുപോലും പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ധാരാളം മുസ്ലിം പെണ്‍കുട്ടികള്‍ അക്കാലത്ത് പൊന്നാനിയിലുണ്ടായിരുന്നു.
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഉള്‍പ്രദേശങ്ങളില്‍ നടന്നിരുന്നതുപോലെ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് മുസ്ലിം പെണ്‍കുട്ടികളെ പൊന്നാനിയില്‍ വിവാഹം നടത്തുന്ന പതിവില്ല. തډൂലം യുവതികളും മദ്ധ്യവയസ്കരും വിവിധതരം കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഉപജീവനത്തിന് വകകണ്ടെത്തിയ വീടുകളുമുണ്ടായിരുന്നു.
ഈര്‍ക്കിലി ബീഡി, പീരങ്കിബീഡി, ആനബീഡി, മലബാര്‍ ബീഡി, ഇഎസ്കെ ബീഡി, യോഗി ബീഡി, പിപിഎസ് ബീഡി, കാദര്‍ബീഡി, ഇസ്മായില്‍ ബീഡി, മയില്‍മാര്‍ക്ക് ബീഡി, ചാന്ദിലാല്‍ ബീഡി, ബാബു ബീഡി, ജാഫര്‍ ബീഡി, മൗലാനാ ബീഡി, ശാന്തി ബീഡി, ദാദാ ബീഡി, ഹനുമാന്‍ ബീഡി, 10 ാംനമ്പര്‍ ബീഡി,മായിന്‍ബീഡി, അശോകബീഡി, കേരള ബീഡി, എംഎം റോസ് ബീഡി, 8 ാംനമ്പര്‍ കുട്ടിബീഡി, തൊഴിലാളി ബീഡി, അഞ്ചാംനമ്പര്‍ ബീഡിതുടങ്ങി ചെറുതും വലുതുമായ നിരവധി ബീഡി കമ്പനികള്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
ഈ തൊഴില്‍ എങ്ങനെയായിരുന്നു ചെയ്തിരുന്നു എന്ന് അറിയാത്തവരാണ് ഇന്നത്തെ തലമുറയില്‍ അധികവും. പുകയില ചെറുതാക്കി നുറുക്കിയത് ഞണ്ട് മരത്തിന്‍റെ ഉണങ്ങിയ ഇലയില്‍ കൈവിരുതോടെ ചുരുട്ടിയ ശേഷം വണ്ണം കുറഞ്ഞ ഭാഗം കെട്ടി രൂപപ്പെടുത്തലായിരുന്നു ബീഡിതെറുപ്പ്.
ബീഡിവ്യവസായത്തിന്‍റെ വ്യാപനം
ദേശീയ പ്രസ്ഥാനത്തിന്‍റെ ആഹ്വാന പ്രകാരം വിദേശ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്ക്കരണം കാരണം 1930 കളില്‍ ബീഡിക്ക് ഇന്ത്യക്കകത്തും പുറത്തും പൂര്‍വ്വോപരി വന്‍തോതിലുള്ള വിപണനമുണ്ടായി. ആദ്യകാല ബീഡിതൊഴിലാളികളുടെ പ്രധാനകേന്ദ്രം മംഗലാപുരമായിരുന്നു. ഇവിടത്തെ ബീഡി കമ്പനികളില്‍ തൊഴിലാളികളില്‍ അധികവും കണ്ണൂര്‍ڊ തലശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളായിരുന്നു. യാത്രാസൗകര്യമായിരുന്നു ഇതിന് പ്രധാന കാരണം.
ڇകമലാദേവി ചതോപാദ്ധ്യായയുടെ നേതൃത്വത്തില്‍ ആണ് മംഗലാപുരത്ത് ആദ്യമായി ബീഡിതൊഴിലാളികളെ സംഘടിപ്പിക്കുന്നതും യൂണിയന്‍ ഉണ്ടാക്കുന്നതും. മലയാളികളായ ബീഡി തൊഴിലാളികളാണ് കൂലി വര്‍ദ്ധനവിന് വേണ്ടിയുള്ള ആവശ്യം ആദ്യമായി ഉന്നയിച്ചത്.
ഈ അനുഭവപാഠം ഉള്‍ക്കൊണ്ട് ചില തൊഴിലാളികള്‍ കണ്ണൂരിലെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ചട്ട ബീഡി, മദന്‍ ബീഡി, ലക്ഷ്മി ബീഡി, വൈറ്റ് ഹാള്‍ ബീഡി, കൃഷ്ണ ബീഡി, സാധു ബീഡി എന്നിവയായിരുന്നു കണ്ണൂരിലെ പ്രധാന ബീഡിക്കമ്പനികള്‍. ലക്ഷ്മി ബീഡി കമ്പനിയിലാണ് ആദ്യം തൊഴിലാളികളെ സംഘടിപ്പിച്ചത്. സി കണ്ണന്‍, ചട്ടക്കുഞ്ഞിരാമന്‍, ചേനോളി ദാമോദരന്‍, കോട്ടായി കൃഷ്ണന്‍ തുടങ്ങിയവര്‍ ലക്ഷ്മി ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലും തലശ്ശേരിയിലും വടകരയിലും ബീഡിത്തൊഴിലാളികളുടെ ഇടയിലാണ് പ്രധാനമായി സമരങ്ങള്‍ അരങ്ങേറിയത്.
പോതേരി മാധവന്‍ വക്കീല്‍ പ്രസിഡന്‍റും ചട്ടക്കുഞ്ഞിരാമന്‍ വൈസ്പ്രസിഡന്‍റും കോട്ടായി കൃഷ്ണന്‍ സെക്രട്ടറിയുമായി 1934ല്‍ ചന്ത്രോത്ത് കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ബീഡിത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. തൊഴിലാളികളുടെ ഇടയില്‍ തുടക്കത്തില്‍ ശ്രീനാരായണ ഗുരുവചനങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തി. തലശ്ശേരിയില്‍ 1934ല്‍ രൂപപ്പെട്ട ശ്രീനാരായണ ബീഡിത്തൊഴിലാളി സംഘം തുടങ്ങിയവ ഉദാഹരണമാണ്. പിന്നീട് ഈ സംഘത്തില്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് വ്യാപിച്ചു.
ഇരുപതിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നതും വൈദ്യുതി ഉപയോഗിക്കാത്തതുമായ എല്ലാ ഫാക്ടറികളെയും 1936ലെ മദ്രാസ് ഗവണ്‍മെന്‍റ് ഫാക്ടറീസ് ആക്ടിന് വിധേയമായി പ്രവര്‍ത്തിക്കണമെന്ന നിയമം പ്രാബല്യത്തില്‍വന്നു. ഇതിലെ വ്യവസ്ഥകള്‍ മുതലാളിമാര്‍ അനുസരിക്കാന്‍ തയ്യാറാകാത്തത് തൊഴിലാളി മുതലാളി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു.
ഇതിനിടയില്‍ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട ബീഡിത്തൊഴിലാളി യൂണിയനുകള്‍ അതത് പ്രദേശത്തെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചു. കൂലിവര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 1937 ഡിസംബര്‍ 6ന് കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ പണിമുടക്കി. എകെ ഗോപാലന്‍ ആയിരുന്നു സമരസമിതി പ്രസിഡന്‍റ്. കെ പി ആര്‍ ഗോപാലന്‍, കെ പി ഗോപാലന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍ തുടങ്ങിയവരും സജീവമായി പങ്കെടുത്തു. അരിയും ഭക്ഷ്യവസ്തുക്കളും ശേഖരിച്ച് തൊഴിലാളികളും കൃഷിക്കാരും സമരത്തെ സഹായിച്ചു. 38 ദിവസത്തിനുശേഷം കൂലിവര്‍ദ്ധന ഉറപ്പു വരുത്തിക്കൊണ്ട് സമരം അവസാനിച്ചു. പണിമുടക്കിനുശേഷം ജോലിക്കു കയറാതിരുന്ന തൊഴിലാളികള്‍ മംഗലാപുരത്തു മറ്റു ബീഡിക്കമ്പനികളില്‍ ജോലി ചെയ്തു.
ഇതിനിടെ കണ്ണൂരും പരിസര പ്രദേശത്തുമുള്ള ചുരുട്ടുതൊഴിലാളികളും സംഘടിക്കാന്‍ തുടങ്ങി. ചുരുട്ടുല്‍പ്പാദനം ബീഡിക്കമ്പനികള്‍ തന്നെ നടത്തിയതിനാല്‍ അവരെയും ബീഡിത്തൊഴിലാളികളെയും ഒന്നിച്ചു സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. 1938ല്‍ മലബാര്‍ ബീഡി ആന്‍റ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നിലവില്‍വന്നു.
തലശ്ശേരിയിലെ ബീഡിത്തൊഴിലാളികള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് സ്വാധീനത്തില്‍ വന്നതിനെ തുടര്‍ന്ന് തലശ്ശേരി ബീഡിത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. തലശ്ശേരി ചര്‍ക്കാ ബീഡിത്തൊഴിലാളികള്‍ കൂലി വര്‍ദ്ധനവിനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കി. ബീഡിമുതലാളിമാര്‍ പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നു പണിയെടുപ്പിച്ചു. തൊഴിലാളികള്‍ ഈ തന്ത്രത്തോട് പ്രതികരിച്ചത് തൊഴിലാളി ബീഡി വര്‍ക്സ് എന്ന മറ്റൊരു ബീഡിക്കമ്പനി ആരംഭിച്ചാണ്. തൊഴിലാളി ബീഡി ഏറെക്കാലം നിലനിന്നില്ല.
ന്യൂദര്‍ബാര്‍ ബീഡിക്കമ്പനി മുതലാളി മുന്നറിയിപ്പില്ലാതെ കൂലിയില്‍ കുറവ് വരുത്തുകയും രണ്ട് തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിനെ തുടര്‍ന്ന് തൊഴിലാളികള്‍ 1937 നവംബര്‍ 20 മുതല്‍ പണി മുടക്കി. പി കൃഷ്ണപിള്ള, എ കെ ജി, മൊയാരത്ത് ശങ്കരന്‍ തുടങ്ങിയവര്‍ സമരത്തെ സഹായിക്കാന്‍ രംഗത്തിറങ്ങി. തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ പിക്കറ്റിംഗ് ആരംഭിച്ചതിനുശേഷം തലശ്ശേരി സബ്കലക്ടര്‍ ഇടപെട്ട് എല്ലാവര്‍ക്കും തുല്ല്യജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി. വ്യവസ്ഥകള്‍ മാനേജ്മെന്‍റ് ലംഘിച്ചതിനാല്‍ തൊഴിലാളികള്‍ 1939 നവംബര്‍ 9ന് വീണ്ടും പണിമുടക്കി. പിവി കുട്ടിയാണ് പണിമുടക്കുകമ്മിറ്റിയുടെ സെക്രട്ടറി. പിക്കറ്റിംഗ് ആരംഭിച്ചപ്പോള്‍ കമ്പനി പൂട്ടി സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. തൊഴിലാളികള്‍ അത് തടഞ്ഞപ്പോള്‍ സിഎച്ച് കണാരന്‍, നന്ദഷേണായ് എന്നീ നേതാക്കള്‍ അറസ്റ്റിലായി. കോണ്‍ഗ്രസ് നേതാവായ എല്‍എസ് പ്രഭു മുതലാളിക്കുവേണ്ടി മധ്യസ്ഥനായി രംഗത്തെത്തി. തൊഴിലാളികളുടെ സമ്മര്‍ദ്ദത്തിനുമുമ്പില്‍ അദ്ദേഹവും കീഴടങ്ങുകയും ഡിസംബര്‍ 20ന് സമരം അവസാനിക്കുകയും ചെയ്തു.
വടകരയിലെ വിവിധ ചുരുട്ടുകമ്പനികളിലുമായി ഏതാണ്ട് രണ്ടായിരത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്നു. പീടികക്കോലായയില്‍ ജോലി ചെയ്തിരുന്ന കെകെ മാര്‍ട്ട് ചുരുട്ടുകമ്പനി തൊഴിലാളികള്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിന്‍റെ ഫലമായി കമ്പനി മാറ്റി സ്ഥാപിച്ചു.ڈ(2)
ബീഡിതെറുപ്പും പത്രം വായനയും
മാറി മാറി പത്രം വായിക്കുകയും ഇടക്കിടെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിക്കുകയും ബീഡിതെറുപ്പ് കേന്ദ്രങ്ങളില്‍ പതിവായിരുന്നു. ദൈനംദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്ന കൂലി നല്‍കി ചിലയിടങ്ങളില്‍ അനുയോജ്യനായ ഒരു വ്യക്തിയെഇതിനായി നിയോഗിച്ചു.
തൊഴില്‍ മേഖലയിലെ സാഹചര്യങ്ങളനുസരിച്ച് നാല്‍പ്പതും അമ്പതും തൊഴിലാളികള്‍ ജോലിചെയ്തിരുന്ന കമ്പനികളില്‍ നാട്ടുവര്‍ത്തമാനങ്ങളും ലോകവര്‍ത്തമാനങ്ങളും ചര്‍ച്ചചെയ്ത് മുറതെറ്റാതെ ചെയ്തിരുന്ന ഈ തൊഴിലിനിടയില്‍ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകളും സജീവമായിരുന്നു. ഓരോരുത്തരുടെ ഊഴമനുസരിച്ച് പത്രം വായിച്ച് ദേശീയ അന്തര്‍ദേശീയ വാര്‍ത്തകളും രാഷ്ട്രീയ നിരീക്ഷണങ്ങളും നടന്നിരുന്നു. തുടര്‍ന്ന് വാദങ്ങളും പ്രതിവാദങ്ങളും അതിലൂടെ അവരെത്തിച്ചേരുന്ന ആശയബോധവും വേറിട്ടൊരു വ്യക്തിത്വത്തെയും ഉന്നത ബോധത്തെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. നിരപ്പലകകളുള്ള പീടികമുറികളില്‍ തനിച്ചും പലരും ഈ തൊഴില്‍ ചെയ്തു. നാട്ടുകാരില്‍ പലരും പലപ്പോഴും ഇവിടെയെത്തി ചര്‍ച്ചകളിലും നാട്ടുവര്‍ത്തമാനങ്ങളിലും പങ്കെടുത്തു. തډൂലം മികച്ച വായനക്കാരും പാട്ടുകാരും രാഷ്ട്രീയക്കാരും സമൂഹത്തില്‍ ഉയര്‍ന്നുവന്നു.
സംഗീതവും കലയും
പൊന്നാനിയില്‍ മാത്രം അറുന്നൂറോളം തൊഴിലാളികള്‍ ഈ മേഖലയില്‍ തൊഴിലിലേര്‍പ്പെട്ടിരുന്നു. വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ് തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ തൊഴില്‍ മുറക്ക് നടന്നു. മുഹമ്മദ് യൂസഫ്, പൊന്‍കുന്നം ദാമോദരന്‍ തുടങ്ങിയ കവികളുടെ രചനകള്‍ക്ക് ഹരം പകരുന്ന സംഗീതം ചാലിച്ച് വിപ്ലവഗീതങ്ങളെ പൊന്നാനിക്കാര്‍ ആദ്യമായി അറിഞ്ഞത് ഇവരിലൂടെയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് മുമ്പ് ഗാനാലാപനം മുഖ്യ ഇനമായിരുന്ന കാലത്ത് മലബാറിന്‍റെ വിവിധ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് സ്റ്റേജുകളില്‍ പ്രമുഖ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് മുമ്പ് വിപ്ലവഗീതങ്ങള്‍ പാടാന്‍ നിയോഗിക്കപ്പെട്ട പൊന്നാനി അസീസ് (ഔച്ചിക്ക) ഈ മേഖലയില്‍നിന്നാണ് ഉയര്‍ന്ന് വന്നത്. 1923ല്‍ പൊന്നാനി അങ്ങാടിയില്‍ ജനിച്ച അസീസ് പതിനാറാം വയസ്സിലാണ് ബീഡിതെറുപ്പ് കേന്ദ്രങ്ങളില്‍ ചേര്‍ന്നതോടെയാണ് ഉപജീവനത്തിന് വഴി കണ്ടെത്തിയത്. നന്നായി പാടുമായിരുന്ന അദ്ദേഹം ചെറുപ്പം മുതല്‍ തന്നെ ഇമ്പിച്ചിബാവയുമായി അടുത്തബന്ധം പുലര്‍ത്തി. അസീസിനെ ഒരാളുടെ കൂലിക്ക് തെറുപ്പുകേന്ദ്രങ്ങളില്‍ പാട്ടുപാടാന്‍ നിയോഗിച്ചു.
ആകാശത്തിലുള്ളവരെ
ആലങ്ങളിലുള്ളവരെ
അവിടത്തെ കല്പടവുകളില്‍
പതിഞ്ഞു ഞങ്ങളുടെ കാലടികള്‍
തുടങ്ങി നിരവധി ഈരടികള്‍ തൊഴിലാളികള്‍ക്ക് വിപ്ലവാവേശം പകര്‍ന്നു.
ഐതിഹാസിക സമരം
ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്താലും വീടുകളില്‍ പട്ടിണിയും പരിവട്ടവുമായിരുന്നു. മിതമായ കൂലി ലഭിക്കാത്തതുകാരണം തൊഴിലാളികള്‍ കഷ്ടപ്പാടിലും ദുരിതത്തിലുമാണ് ഉപജീവനം നടത്തിയത്. ജീവന്‍ നിലനിര്‍ത്താനുതകുന്ന കൂലി ആവശ്യപ്പെട്ട് ബീഡിത്തൊഴിലാളികള്‍ നടത്തിയ സമരം ഇന്നും ജനഹൃദയങ്ങളില്‍ മായാമുദ്രയാണ്. 1937ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യമായി രൂപീകരിച്ച അവസരത്തില്‍തന്നെ അവകാശ സമരങ്ങളെ കുറിച്ച് തൊഴിലാളികള്‍ ബോധവാډാരാകുന്ന സാഹചര്യമുണ്ടായി. ആയിരം ബീഡിക്ക് അഞ്ചര അണ (അഞ്ച് രൂപ മൂന്ന് പൈസ)ആയിരുന്നു നിലവിലുള്ള കൂലി. മൂന്ന് പൈസ കൂട്ടി ആറണ ആക്കണമെന്നായിരുന്നു ഡിമാന്‍ഡ്. (ആറ് പൈസയാണ് ഒരു അണ).
(അക്കാലത്ത് വടക്കേ മലബാറില്‍ ആയിരം ബീഡിക്ക് ആറണ നല്‍കിയിരുന്നു. കൃഷ്ണപിള്ള, എകെജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ചെയ്തതിന്‍റെ ഫലമായി ഏഴണ നല്‍കിയെങ്കിലും നേതാക്കളും ഒരുപറ്റം തൊഴിലാളികളും തൃപ്തരായില്ല.)
അതോടൊപ്പം നിലവിലുള്ള കൂലി വീണ്ടും കുറക്കുമെന്ന് അണിയറയില്‍ ഗൂഢാലോചന നടന്നപ്പോള്‍ ചൂഷണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന് തൊഴിലാളികള്‍ സജ്ജരായി. വിവരം അറിഞ്ഞ് കൃത്യസമയത്ത് തന്നെ തൊഴിലാളികളുടെ ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുവജന നേതാവ് തിരൂര്‍ റെയില്‍വെ സ്റ്റേഷന് വടക്കേക്കര പരൂര്‍ സ്വദേശിയായ കെ. ദാമോദരന്‍ പൊന്നാനിയിലെത്തി.തിരൂര്‍ പുഴയും പൊന്നാനിപ്പുഴയും കടന്നായിരുന്നു ആദ്യ ദിനങ്ങളില്‍ അദ്ദേഹം ഇവിടെയെത്തി സമരത്തിന് നേതൃത്വം നല്‍കിയത്.
മലബാര്‍ ബീഡി ആന്‍റ് സിഗാര്‍ ഫെഡറേഷന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായായിരുന്നു തൊഴിലാളികള്‍ സംഘടിച്ചത്. സമരം ശക്തമായപ്പോള്‍ ഇവിടെ താമസിച്ച് അവകാശ പോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ ഒരുക്കങ്ങള്‍കൂട്ടി. കച്ചത്തെരുവ് റോഡില്‍ പികെ അബ്ദുല്ലയുടെ അബ്ദുല്ലബീഡിക്കമ്പനിയിലാണ് സമരത്തിന്‍റെ തുടക്കം.കമ്പിനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ്ങുള്‍പ്പെടെ വിവിധ രീതിയിലുള്ള സമരമുറകള്‍ ആസൂത്രണം ചെയ്തിരുന്നു. മഴയും വെയിലും തളര്‍ത്താതെ റോഡില്‍ കിടന്ന് പിക്കറ്റിംഗ് നടത്തിയ സമരസഖാക്കളെ മറികടന്ന് വേണമായിരുന്നു കമ്പിനികള്‍ക്കുള്ളില്‍ മുതലാളിമാര്‍ക്ക് കയറാന്‍. ബ്രിട്ടീഷ് അനുകൂലികളായ മുതലാളിമാര്‍ സമരം പരാജയപ്പെടുത്താന്‍ പോലീസിനെ ഉപയോഗിച്ച് ലാത്തിച്ചാര്‍ജുള്‍പ്പെടെ സകല അടവുകളും പയറ്റിയിരുന്നു. കച്ചത്തെരുവ് റോട്ടിലെ പോലീസിന്‍റെ ലാത്തിമര്‍ദ്ദനത്തിന് ദൃക്സാക്ഷിയായ വാച്ച്മേക്കര്‍ ഹസ്സന്‍ ഇന്നും പൊന്നാനിയില്‍ ജീവിച്ചിരിപ്പുണ്ട്.
അബ്ദുല്ലയുടെ കമ്പിനിയില്‍ പിന്നീട് സഹോദരന്‍ പികെ അബ്ദുല്‍ കാദര്‍ പങ്കാളിയായിവിപുലീകരിച്ചു. ശേഷം പീരങ്കി ബീഡി ട്രേഡ്മാര്‍ക്ക് അറിയപ്പെട്ടിരുന്ന ബീഡി സിലോണിലേക്കടക്കം കയറ്റുമതി ചെയ്തിരുന്നു. ഇവിടെയും സമരം തുടര്‍ന്നു. കെഎം കുഞ്ഞിമുഹമ്മദ് ഹാജി ഏറ്റെടുത്തശേഷം ആനബീഡി ട്രേഡ് മാര്‍ക്കിലാണ് പീരങ്കിബീഡി അറിയപ്പെട്ടത്. പീരങ്കിബീഡിക്ക് പുറമെ പി അഹ്മദ് കുട്ടിയുടെ ഇ.എസ്.കെ., എം. കുഞ്ഞിമുഹമ്മദിന്‍റെ മലബാര്‍ സപ്ലൈകൊ തുടങ്ങി പല ബീഡിക്കമ്പനികളിലേക്കും സമരം വ്യാപിച്ചു.കെ ദാമോദരനും സെക്രട്ടറി കെ രാഘവനുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കെ ദാമോദരന്‍റെ രക്തപാനം എന്ന നാടകം പലയിടങ്ങളിലും അവതരിപ്പിച്ച് സമരഫണ്ട് ശേഖരിച്ചു.
1939 ഒക്ടോബറിലായിരുന്നു സമരത്തിന്‍റെ ആരംഭം. സമരം തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് തുലാവര്‍ഷവും റംസാന്‍ മാസവുമാരംഭിച്ചു. കോരിച്ചൊരിയുന്ന മഴയത്ത് പൊന്നാനിയിലെ ജുമാ മസ്ജിദ് റോഡിലെ ബീഡിക്കമ്പനിക്കു മുമ്പില്‍ മലര്‍ന്ന് കിടന്നായിരുന്നു സമരങ്ങള്‍ നടത്തിയത്. പണിമുടക്ക് ഊര്‍ജിതമായതോടെ തൊഴിലാളികളെ പട്ടിണിയിലാക്കുംവിധം കമ്പനികള്‍ ഓരോന്നായി ലോക്കൗട്ട് പ്രഖ്യാപിച്ചു.
യുവ നേതാവ് ഇ.കെ. ഇമ്പിച്ചിബാവ കോഴിക്കോടും പൊന്നാനിയും പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന കാലമായിരുന്നു അത്. അദ്ദേഹം സമരസമിതിയുടെ യുവജന ഗ്രൂപ്പിന്‍റെ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്സമര രംഗത്ത്ദാമോദരന് ആവോളം ഊര്‍ജം പകര്‍ന്നത് ഇമ്പിച്ചിബാവയായിരുന്നു.
സമരം ആരംഭിച്ചതിന് ശേഷമാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും ക്രമാനുസൃത കമ്മിറ്റിയും നിലവില്‍വന്നത്. ദാമോദരന്‍റെ നിറസാന്നിധ്യവും അവസരോചിതമായ സ്റ്റഡി ക്ലാസ്സുകളും പ്രേംജിയുടെ ഗാനങ്ങളും നാടാകാവതരണവും മുദ്രാവാക്യങ്ങളും സി കണ്ണന്‍, എപിഎം കുഞ്ഞിബാവ തുടങ്ങിയ നേതാക്കളുടെ കര്‍മ്മശേഷിയും സമരത്തിന് ആവേശം പകര്‍ന്നു.
കെ സൈതാലികുട്ടി പറയുന്നു.
കൊണ്ടോട്ടിയില്‍ ഞാന്‍ ബീഡിത്തൊഴിലാളി യൂണിയന്‍റെ സെക്രട്ടറിയായിരുന്ന കാലത്താണ് പൊന്നാനിയില്‍ ഐതിഹാസികമായ ബീഡിതൊഴിലാളി പണിമുടക്ക് നടക്കുന്നത്. പണിമുടക്കിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇമ്പിച്ചിബാവ ആ സമരത്തിന്‍റെ അനുഭവ പാഠങ്ങള്‍ അക്കാലത്ത് എനിക്ക് വിവരിച്ച് തന്നിരുന്നു. (3)
ഇന്‍ക്വുലാബ് സിന്ദാബാദ് അല്ലാഹു അക്ബര്‍
തൊഴിലാളികളും മുതലാളിമാരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു. ദാമോദരനാണെങ്കില്‍ ഹിന്ദുവും അന്യനാട്ടുകാരനും. തډൂലമുണ്ടായ കുതുകുലം പറയണൊ? സവര്‍ണ്ണ വിഭാഗത്തില്‍ പിറന്ന ദാമോദരന് പൊന്നാനിയിലും പരിസരത്തും സമ്പന്നരായ ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നിട്ടുപോലും അദ്ദേഹം പകല്‍ സമയത്ത് അരഗ്ലാസ് (ആപ്പ്) ചായ കുടിച്ചും ബീഡിവലിച്ചും കഴിച്ചുകൂട്ടി. രാത്രികളില്‍ ബീഡിത്തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന അത്താഴം കഴിച്ച് അന്തിയുറങ്ങി. തډൂലം ദാമോദരനെ അദ്ദേഹത്തിന്‍റെ തറവാട്ടിലെ കാരണവര്‍ ഭ്രഷ്ട് കല്‍പ്പിച്ച് വീട്ടില്‍നിന്ന് പടിയിറക്കി. പിണറായി സര്‍ക്കാര്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി ഫണ്ടനുവദിച്ച മിസ്രിപ്പള്ളിക്ക് സമീപത്തെ കമ്മാലിക്കാനകം തറവാട് സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു.
ബീഡിമുതലാളിമാരുടെ ശക്തമായ ഇടപെടല്‍ കാരണം യൂണിയന്‍ ഓഫീസിന് വേണ്ടി വാടകക്ക് ഒരു മുറിപോലും നല്‍കാന്‍ ആരും തയ്യാറായില്ല. മുഹമ്മദ് അബ്ദുറഹിമാന്‍റെ സന്തതസഹചാരിയായ കെപിസിസി മെമ്പര്‍ കെവി നൂറുദ്ദീന്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് എതിര്‍പ്പിന്‍റെ കാഠിന്യം കുറഞ്ഞു. തډൂലം പൊന്നാനി അങ്ങാടിയില്‍ ഓഫീസ് അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചു.
ڇഈ സമരം പൊന്നാനിയില്‍ ആദ്യമായി തൊഴിലാളി വര്‍ഗ്ഗബോധവും ആവേശവും പകര്‍ന്ന ഒരു സംഭവമായിരുന്നു. ആ സമരത്തിന് നേതൃത്വം നല്‍കിയതും സ.കെ ദാമോദരനായിരുന്നു. രാത്രിയിലല്ലാതെ പുറത്തിറങ്ങുകപോലും ചെയ്യാത്ത,വീടിന്‍റെ അകംമറക്കുള്ളില്‍ പാര്‍ത്തിരുന്ന മുസ്ലിം സ്ത്രീകള്‍പോലും അന്ന് തെരുവിലിറങ്ങി. അറസ്റ്റ് വരിച്ചു.
ദാമോദരനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വാഹനം ഞങ്ങളുടെ നെഞ്ഞത്തുകൂടി ഓടിക്കേണ്ടിവരും എന്ന് പറഞ്ഞ് സ്ത്രീ തൊഴിലാളികള്‍ റോട്ടില്‍ കിടന്നു. അത്ര ധീരോദാത്തമായ തൊഴിലാളി സമരമായിരുന്നു അരിവാളും ചുറ്റികയും അടയാളമുള്ള ചുവപ്പുകൊടിയുമുയര്‍ത്തിക്കൊണ്ട് അന്ന് ആദ്യമായി പൊന്നാനിയില്‍ നടത്തിയ ബീഡിസമരം.ڈ(4)
കേരളത്തില്‍ ആദ്യമായി മുസ്ലിം സ്ത്രീകള്‍ പരസ്യമായി തെരുവിലിറങ്ങി ജാഥ നയിച്ചതും ഇന്‍ക്വുലാബ് സിന്ദാബാദ് അല്ലാഹു അക്ബര്‍ ഒറ്റശ്വാസത്തില്‍ ഒന്നിച്ച് മുദ്രാവാക്യം മുഴങ്ങികേട്ടതും ഈ സമരത്തിലാണ്. മുസ്ലിം സ്ത്രീകളടക്കം സമരഭടډാര്‍ മലര്‍ന്നുകിടന്ന് റോഡ് ഉപരോധിച്ച, അന്ന് വരെ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത സമരമായിരുന്നു ഇത്.
വേലവിയര്‍പ്പുകള്‍ വറ്റും മുമ്പെ
സമരത്തിന് ആവേശം പകരാന്‍ പ്രേംജിയും ദാമോദരനും സംയുക്തമായി ചിട്ടപ്പെടുത്തിയ സമര ഗാനത്തിലെ
കമ്പനിപൂട്ടി, കമ്പനിയുടമ
കുമ്പ, നിറച്ചു സുഖിച്ചീടുമ്പോള്‍
ബീഡി തിരച്ചുതിരച്ചഹനിത്യം
വീടുപുലര്‍ത്തും തൊഴിലാളികളെയും
പട്ടണനടുവില്‍പ്പണിയില്ലാതെ
പട്ടികളെപ്പോലുഴലുകയായീ
നിറുത്തീടട്ടേ ലോക്കൗട്ടുടനെ
തുറന്നീടട്ടേ കമ്പനി വേഗം
പണികിട്ടട്ടെ തൊഴിലാളികള്‍ക്ക്
പശിതീര്‍ക്കട്ടെ പണിചെയ്യുന്നോര്‍
എങ്ങനെപോറ്റും വീടുകള്‍ ഞങ്ങള്‍
എങ്ങനെപോക്കും റംസാന്‍ കാലം
വരികളുംഈ ഗാനത്തിലെ തന്നെ
ڇവേലവിയര്‍പ്പുകള്‍ വറ്റും മുമ്പെ,
കൂലികൊടുക്കണമെന്നരുള്‍ ചെയ്ത,
കൊല്ലാക്കൊലയെ എതിര്‍ത്ത മുഹമ്മദ്,
സല്ലല്ലാഹു അലൈഹിവസല്ലംڈ(5)
എന്നീ വരികളും മുസ്ലിം തൊഴിലാളികളുടെ സിരകളില്‍ സമരാവേശം പൂര്‍വ്വോപരി വര്‍ദ്ധിപ്പിച്ചു. അരിവാളും ചുറ്റികയും അടയാളപ്പെടുത്തിയ ചെങ്കൊടി പൊന്നാനി നഗരം ആദ്യമായി കണ്ടത് ഈ പണിമുടക്കിലാണ്.
ഗാനങ്ങളോടൊപ്പം അല്ലാഹുഅക്ബറും ഇന്‍ക്വുലാബ് സിന്ദാബാദും സമന്വയിച്ച് മുഴക്കിക്കൊണ്ടുള്ള പ്രകടനങ്ങളും പിക്കറ്റിംഗുകളും നടന്നു. ഈ രീതിയിലുള്ള ഒരു മുദ്രാവാക്യംമലബാര്‍ സമരരംഗത്ത് കേള്‍ക്കുന്നത് ആദ്യവും അവസാനവുമായിരുന്നു. ദിവസവും ഒന്നിടവിട്ട ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ നഗരത്തിലെ പുത്തംകുളം മുഹമ്മദലി മൈതാനത്ത് പൊതുയോഗങ്ങള്‍ മുറതെറ്റാതെ നടന്നു.
പൊന്നാനിയും പരിസരപ്രദേശങ്ങളും സമരാവേശത്താല്‍ ഇളകിമറിഞ്ഞു. തൊഴിലാളികളടക്കമുള്ള സാധാരണക്കാര്‍ സമരസഖാക്കള്‍ക്ക് മാലകള്‍ ചാര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മാലകള്‍ അധികവും ഓട്ടമുക്കാല്‍ കോര്‍ത്തവയായിരുന്നു. പൊന്നാനി നഗരം ആദ്യമായി ചെങ്കൊടി കണ്ടത് ഈ പണിമുടക്കത്തിലാണ്.
ബീഡിക്കെട്ടുകള്‍ വലിയ ചാക്കുക(മലകുകള്‍)ളില്‍ ആക്കി കനോലി കനാലിലൂടെ കെട്ടുവള്ളങ്ങളില്‍ ചാവക്കാടിനടുത്ത ചേറ്റുവക്ക് കൊണ്ടുപോയി അവിടെ നിന്നാണ് ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നത്. കൂടാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ പ്രദേശങ്ങളിലേക്ക് പാര്‍സലുകളായും അയച്ചു. അവിടങ്ങളില്‍ ബീഡിക്ക് നല്ല മാര്‍ക്കറ്റായിരുന്നു.
സമരം ശക്തമായതോടെ ബീഡിനിറച്ച വലിയ ചാക്കുകള്‍ തൊഴിലാളികള്‍ കയറ്റുമതി വഞ്ചിയില്‍ നിന്നെടുത്ത് അഴിമുഖത്ത് കടലില്‍ കെട്ടിത്താഴ്ത്തി. പോലീസ് അന്വേഷണം ശക്തമായപ്പോള്‍ ഓരോ തൊഴിലാളിയും ഞാനാണത് ചെയ്തതെന്ന് ആവര്‍ത്തിച്ചു. തډൂലം പരാതികള്‍ക്ക് തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
മുതലാളിമാരുടെ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വഴങ്ങാതെ സമരം ദിവസങ്ങള്‍ നീണ്ടുനിന്നെങ്കിലും പോലീസിന്‍റെ ക്രൂരമര്‍ദ്ദനങ്ങള്‍ കാരണം സമരഭടډാരുടെ സഹനശക്തിയും ആവേശവും ക്രമാനുഗതമായി കുറഞ്ഞുവന്നു.
ഒരു ദിവസം രാവിലെ യൂണിയന്‍ ആപ്പീസില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ തൊഴിലാളികള്‍ക്കുവേണ്ടി ജീവന്‍കൊടുക്കാന്‍ തയ്യാറുള്ളവരെ ആവശ്യമുണ്ട്. ഒരുക്കമുള്ളവര്‍ ഈ ഓഫീസില്‍ വന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സമനില തെറ്റിയ ഒരു നേതാവിന്‍റെ ജല്‍പ്പനമാണിതെന്ന് മുതലാളിമാര്‍ തെറ്റിദ്ധരിച്ചെങ്കിലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓഫീസിലേക്ക് സമരഭടډാര്‍ വന്നുതുടങ്ങി.
ഒടുവില്‍ ദാമോദരന്‍ കുറ്റിക്കാട്ടിലെ സി. കുഞ്ഞിമോന്‍, ഗോപാലന്‍, പൊന്നാനി നഗരത്തിലെ കമ്മാലിക്കാനകത്ത് സഹോദരന്‍ കുഞ്ഞിബാവ, സഹോദരന്‍ കുഞ്ഞിമുഹമ്മദ്, കുഞ്ഞുണ്ണി, അബ്ദുറഹിമാന്‍, ഇമ്പിച്ചി തുടങ്ങി ഏതാനും സംരഭടډാരെ അറസ്റ്റു ചെയ്തു.
ദാമോദരനെയും സമര ഭടډാരെയും അതി ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു എന്നൊരു വാര്‍ത്ത നാടാകെ വ്യാപിച്ചതോടെ സമരാനുകൂലികള്‍ കൂട്ടമായി പൊന്നാനി കോടതി വളപ്പിലെ പോലീസ്റ്റേഷനിലേക്ക് സഖാവ് ദാമോദരനെ വിട്ടയക്കുക എന്ന മുദ്രാവാക്യവുമായി ഇരമ്പിക്കേറാന്‍ ശ്രമങ്ങള്‍ നടത്തി. കോടതിപ്പരിസരത്ത് ജനങ്ങള്‍ തിങ്ങിനിറഞ്ഞു.
അന്തരീക്ഷം കൂടുതല്‍ കലുഷിതമായതോടെ പോലീസ് ഓഫീസര്‍ റിമാന്‍റിലുള്ള ദാമോദരനുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ദാമോദരന്‍ കോടതി വളപ്പിലെ കിഴക്കേ മൂലയിലെ ആല്‍ത്തറയില്‍ കയറിനിന്ന് കൂടിനിന്ന ജനക്കൂട്ടത്തോടായി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ല. പോലീസുദ്യോഗസ്ഥډാര്‍ മാന്യമായാണ് പെരുമാറിയത്. അതുകൊണ്ട് സര്‍വ്വരും തിരിച്ചുപോകണം. അതിനുശേഷമാണ് രംഗം ശാന്തമായത്.
തډൂലം രാത്രിയിലാണ് ദാമോദരനെയും സംഘത്തെയും പാലക്കാട്ടേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. അറസ്റ്റിന്‍റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്ന സമയത്ത് സമരഭടډാര്‍ പാടിയ വരികള്‍
നിഷ്ഠുരനിയമക്കോടതിമുമ്പില്‍
നിഷ്ഫലം ഞങ്ങടെ നിലവിളിയെല്ലാം
കണ്ണുള്ളവരേ, കാതുള്ളവരേ,
കാരിയമറിവാന്‍ കരളുള്ളവരേ,
പ്രതിഷേധിപ്പിന്‍ ഞങ്ങളോടൊപ്പം.
പ്രതിഷേധിപ്പിന്‍ ഞങ്ങളോടൊപ്പം.
സെക്രട്ടറിയും പ്രസിഡന്‍റുമടക്കം 110 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് സി കണ്ണന്‍ സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു. ജയിലിലടക്കപ്പെട്ടവരില്‍ കെ ദാമോദരന്‍, കെ രാഘവന്‍, സി കണ്ണന്‍ എന്നവരെ ഓരോ കൊല്ലത്തേക്ക് ശിക്ഷിച്ചു. രാജ്യരക്ഷാ നിയമമനുസരിച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
സി കുഞ്ഞിമോന്‍, സഹോദരന്‍ കുഞ്ഞിമുഹമ്മദ്, ഗോപാലന്‍ എന്നിവര്‍ക്ക് പ്രായപൂര്‍ത്തി തികയാത്തതിനാല്‍ ചന്തിക്ക് മുമ്മൂന്നടിവീതം നല്‍കി പൊന്നാനിയില്‍ തിരിച്ചെത്തിച്ചു. തൊഴില്‍ നിലച്ചതുമൂലം പല വീടുകളും മുഴുപട്ടിണിയിലായി.
അഡ്വ.കെ.വി. രാമമേനോന്‍, കെ.വി. നൂറുദ്ദീന്‍ സാഹിബ് തുടങ്ങിയ നേതാക്കډാരുടെയും പാലക്കാട് സബ് ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (തുക്ടി സായിപ്) ന്‍റെയും ഇടപെടലിനെ തുടര്‍ന്ന് മുതലാളിമാരും ഭരണാധികാരികളും സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. തൊഴിലുടമ കരാര്‍ നിരസിച്ചത് കാരണം സമരത്തിന് ഉദ്ദേശിച്ച ഗുണഫലങ്ങള്‍ ലഭിച്ചില്ലെങ്കിലും പുന്നപ്ര വലയാര്‍ പോരാട്ടത്തിന് ഏഴ് വര്‍ഷം മുമ്പ് നടന്ന ഈ സമരം തെക്കേ മലബാറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ലഭിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു.
രാഷ്ട്രീയത്തിന്‍റെ അനിവാര്യത അവിഭക്ത പൊന്നാനി താലൂക്ക് വ്യക്തമായി ഗ്രഹിക്കുന്നത് ഈ സമരത്തിലൂടെയായിരുന്നു. പലരും മൈസൂരിലേക്ക് തൊഴില്‍തേടി നാടുവിട്ടു. സമരഭടډാരില്‍ ചിലര്‍ക്ക് ക്രൂരമായ പോലീസ് മര്‍ദ്ദനം കാരണം രോഗം ബാധിച്ച് നിത്യരോഗികളായിമാറി. തډൂലം ചിലര്‍ അവിവാഹിതരായി ജീവിതാന്ത്യംവരെ കഴിച്ചുകൂട്ടി.
പൊന്നാനിയുടെ ജില്ല ആസ്ഥാനമായ പാലക്കാട്, ആലത്തൂര്തുടങ്ങിയ ബീഡിതെറുപ്പു കേന്ദ്രങ്ങളിലുംപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ യൂണിയനുകള്‍ രൂപീകരിച്ചു. പൈനാപ്പിള്‍, പുന എലി, ടര്‍ക്കിക്കൊടി എന്ന ബീഡിക്കമ്പനികളിലാണ് ആലത്തൂരില്‍ ബീഡിത്തൊഴിലാളി യൂണിയന്‍ രൂപീകൃതമായത്. പൈനാപ്പിള്‍ ബീഡിക്കമ്പനിയില്‍ പൊന്നാനിയിലേതുപോലെ അരയണകൂലി അധികം ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്. 14 ദിവസംനീണ്ടുനിന്ന സമരത്തില്‍ തൊഴിലാളികള്‍ പിക്കറ്റിംഗ് ആരംഭിക്കുകയും സ്ത്രീ തൊഴിലാളികള്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. സബ്കലക്ടര്‍ ഇടപെട്ടെങ്കിലും കമ്പനി ഉടമ ഒത്തുതീര്‍പ്പിനു തയ്യാറായില്ല. പത്ത് രൂപാവീതം ഷെയര്‍ പിരിച്ചെടുത്ത് ഒരു ബീഡിക്കമ്പനി തുടങ്ങാന്‍ തൊഴിലാളികളോട് സബ് കലക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് തൊഴിലാളി ബീഡിക്കമ്പനി സ്ഥാപിക്കപ്പെട്ടു.
തുടര്‍ന്ന് മറ്റു ബീഡിക്കമ്പനികളിലേക്കും പ്രതിഷേധം വ്യാപിച്ചു. ചെട്ടിമാര്‍ക്ക് ബീഡിയുടെ പുതുനഗരം ബ്രാഞ്ചില്‍ തൊഴിലാളികള്‍ പണിമുടക്കി പോലീസും എം എസ് പിയും മുതലാളിയെ പിന്തുണച്ചു. അതിശക്തമായ പോലീസ് മര്‍ദ്ദനത്തിലൂടെയും അറസ്റ്റുകളിലൂടെയും സമരം തകര്‍ക്കപ്പെട്ടു.
ഇതേ വര്‍ഷം കൊടുവായൂര്‍ ബീഡിത്തൊഴിലാളി സമരം. ഒരു കെട്ട് ഇല വേണം. ബ്രിട്ടീഷുകാര്‍ പോകണം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം ബാലചന്ദ്രമേനോന്‍, ആര്‍ കൃഷ്ണന്‍, എ കെ രാമന്‍കുട്ടി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി എം നൂറുത്ത, എന്‍ സുലൈമാന്‍ എന്നിവര്‍ സമരത്തിന്‍റെ ഭാഗമായി.
1939ലെ ഈ സമരത്തിന് ശേഷം 1950 വരെ പൊന്നാനിയില്‍ ഇമ്പിച്ചിബാവയുടെ നിര്‍ദ്ദേശാനുസരണം എപിഎം കുഞ്ഞിബാവ, എംഎ ഹംസ തുടങ്ങിയ സഖാക്കളുടെ നേതൃത്വത്തില്‍ പല സമരങ്ങളും നടന്നു. അസീസിന് പുറമെ ഇ കെ അബൂബക്കര്‍, എംഎആര്‍ ബാവ (മുനമ്പത്തകത്ത് അബ്ദുറഹിമാന്‍ ബാവ), പികെ പോക്കര്‍, വികെ മായിന്‍, പിവികെ ബാവ തുടങ്ങിയവര്‍ ഈ സമരങ്ങളിലൂടെ വളര്‍ന്നുവന്ന പാട്ടുകാരില്‍ ചിലരാണ്. സമരജാഥകളില്‍ ആളെകൂട്ടാന്‍ അസീസിന്‍റെയും ഗായകരുടെയും പാട്ടുകള്‍ ഒരു ആവശ്യഘടകമായി തീര്‍ന്നു.
പൊന്നാനി അങ്ങാടിയില്‍ ജനിച്ച എംഎആര്‍ ബാവ ചെറുപ്പം മുതല്‍ തന്നെ അങ്ങാടിയിലെ ഇടവഴികളിലൂടെ വിപ്ലവഗാനങ്ങള്‍ ഇമ്പമാര്‍ന്ന ശൈലിയില്‍ മൂളിനടന്നു. ഇഎംഎസ്, എകെജി തുടങ്ങിയ പ്രമുഖ നേതാക്കളോടൊപ്പം നിരവധി സ്റ്റേജുകളില്‍ പാട്ടുപാടാന്‍ തന്‍റെ ഹാര്‍മോണിയവുമായി പല പ്രദേശങ്ങളിലും സഞ്ചരിച്ചു. മുഹമ്മദ് യൂസഫിന്‍റെയും പൊന്‍കുന്നം ദാമോദരന്‍റെയും വരികളാണ് അധികവും ബാവ പാടിയിരുന്നത്. സമരങ്ങളുടെ പശ്ചാത്തലത്തില്‍ പല തവണ ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍വാസമനുഭവിക്കേണ്ടിവരുകയും ചെയ്തു. (6)
എല്ലാ തൊഴിലാളികളും
ചെങ്കൊടിയിലണിനിരപ്പിന്‍
ഒരേ അണിയായി മര്‍ദ്ദിതരാം
പോകുന്നു പോകുന്നു ഞങ്ങള്‍
ഈ കൊടി താഴത്ത് ഇറക്കില്ല ഒരുനാളും ഞങ്ങള്‍
വിപ്ലവ മണ്ണിലെ ചോരയില്‍ തൊട്ട്
വാനില്‍ മോചന കൊടികള്‍ ഉയര്‍ത്തും ഞങ്ങള്‍
എന്നീ ഈരടികള്‍ സമരത്തില്‍ വിവിധ വേദികളില്‍ അസീസ് തുടങ്ങിയവരുടെ സ്വരമാധുര്യത്തില്‍ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. ഇമ്പിച്ചിബാവയും നല്ലൊരു ഗായകനായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലെ ഇടവേളകളില്‍ അദ്ദേഹം പാട്ടുപാടുമായിരുന്നു.
അവലംബങ്ങള്‍
1. ഇകെ ഇമ്പിച്ചിബാവ ജീവചരിത്രം, ടിവി അബ്ദുറഹിമാന്‍കുട്ടി, മുഖ്യധാര, 2017
2. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം, ചിന്ത പബ്ലിക്കേഷന്‍സ്, 2018, പേജ്. 250,51,52 സംഗ്രഹം.
3. എന്‍റെ രാഷ്ട്രീയ ഗുരു, കെ സൈതാലിക്കുട്ടി, പരിവേഷങ്ങളില്ലാത്ത ജനനായകന്‍, പേജ്. 28
4. ശോഭനമായിരുന്ന കാലം, ഇകെ ഇമ്പിച്ചിബാവ, വന്നേരിനാട്, പേജ്. 355.
5. വിദ്യാര്‍ത്ഥി നേതാവിന്‍റെ സമരകഥ, എന്‍എന്‍ തലാപ്പില്‍, പരിവേഷങ്ങളില്ലാത്ത ജനനായകന്‍, പേജ്.59
6. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഭാഗം ഒന്ന്, പേജ് 124