എ. എം. ഉസ്മാന്‍ സാഹിബ്
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
ഇസ്ലാമിക ചിന്തകന്‍, സാങ്കേതിക വിദഗ്ദന്‍, മത പണ്ഡിതന്‍, നിസ്വാര്‍ത്ഥ സമുദായ സേവകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, സര്‍വ്വോപരി ഇസ്ലാമിക ചര്യകളില്‍ കൃത്യനിഷ്ഠ പാലിച്ച മഹത് വ്യക്തിത്വം തുടങ്ങി തിളക്കമാര്‍ന്ന പല വിശേഷണങ്ങളാല്‍ പുകള്‍പെറ്റ എ. എം. ഉസ്മാന്‍ സാഹിബ് പൊന്നാനി നഗരത്തിലെ അവറാന്‍കുട്ടി മുസ്ലിയാരകത്ത് 1923 ല്‍ ജനിച്ചു. കച്ച് മേമന്‍ ഹാലായീസ് വ്യാപാരി ഹാജി ദാവൂദ് സേട്ട് പിതാവും സാറാവുമ്മ മാതാവുമാണ്. തറവാടിനടുത്ത വലിയ പള്ളിയുമായും ഇസ്ലാമിക പണ്ഡിതډാരുമായുള്ള സുദൃഢ ബന്ധമാവാം ജീവതാന്ത്യംവരെ മതപ്രഭാഷണ പ്രബോധന രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടാന്‍ ഹേതുവായത്.
ബാല്യത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി ടി. ഐ. യു. പി. സ്ക്കൂള്‍, ഏ. വി. ഹൈസ്ക്കൂള്‍, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ചെന്നൈ ഗിണ്ടി എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടി.
1943 ല്‍ കോയമ്പത്തൂര്‍ ഗോപിചെട്ടി പാളയം പി. ഡബ്ല്യൂ. ഡി. ഇറിഗേഷന്‍ ഓഫീസറായാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇലക്ട്രിസിറ്റി അസിസ്റ്റന്‍റ് എഞ്ചിനിയര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പദവികള്‍ വഹിച്ചു. കാക്കിനട്ട് എഞ്ചിനിയിറിംഗ് കോളേജില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. 1954 ദക്ഷിണേന്ത്യയിലെ മികവുറ്റ ട്യൂട്ടികോറിന്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍റെ ചീഫ് എഞ്ചിനിയറായി നിയമിതനായി. തുടര്‍ന്ന് പല പ്രശസ്ത ജലസേചന പദ്ധതികളുടെയും പവര്‍ സ്റ്റേഷനുകളുടെയും പ്രൊജക്ടുകളുടെയും നിയന്ത്രണത്തിലും നിര്‍മ്മാണത്തിലും മേല്‍നോട്ടം വഹിച്ചു. പറമ്പിക്കുളം-ആളിയാര്‍ ഹൈഡ്രൊ ഇലക്ട്രിക്കല്‍ പ്രൊജക്ട് തുടങ്ങിയവയുടെയെല്ലാം ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു.
പ്രശസ്ത സേവനത്തിന് ശേഷം മദ്രാസ്സ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ചീഫ് എഞ്ചിനിയറായിരിക്കുമ്പോഴാണ് 1977 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ഔദ്യോഗിക ജീവിതം സംശുദ്ധവും കിടയറ്റതുമായിരുന്നു.
ഇസ്ലാമിക വിഷയങ്ങളും ശാസ്ത്രവും സമുന്നയിപ്പിച്ചും അല്ലാതെയും മികച്ച നിരവധി ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും രചിച്ചിട്ടുണ്ട്. ഖുര്‍ആനും പ്രപഞ്ച ശാസ്ത്രവും, വികസിക്കുന്ന പ്രപഞ്ചം, വര്‍ണ്ണം എന്ന പ്രതിഭാസം, സമയത്തിന്‍റെ ആപേക്ഷികത, ഖുര്‍ആന്‍ ചിന്തകള്‍, പ്രകാശത്തിന് മേല്‍ പ്രകാശം, തൗഹീദും തക്ദീറും, ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത കൃതികളില്‍ പെടും. സമയത്തിന്‍റെ ആപേക്ഷികത എന്ന കൃതിക്ക് തിരുവനന്തപുരം മുസ്ലിം അസോസിയേഷന്‍റെയും, വികസിക്കുന്ന പ്രപഞ്ചം എന്ന പുസ്തകത്തിന് 1990 ലെ അബുദാബി മുസ്ലിം റൈറ്റേഴ്സ് ഫോറത്തിന്‍റെയും പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുട്ടാണിശ്ശേരിയില്‍ കോയക്കുട്ടി സാഹിബിന്‍റെ ഖുര്‍ആന്‍ പരിഭാഷക്ക് വേണ്ടി എഴുതിയ 120 പുറങ്ങളുള്ള അദ്ദേഹത്തിന്‍റെ അവതാരിക മൗലാനാ അബുല്‍ കലാം ആസാദിന്‍റെ തര്‍ജുമാനുല്‍ ഖുര്‍ആനെക്കാള്‍ മികച്ച രചനയാണെന്നാണ് സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ വീക്ഷണം.
ചെന്നൈ മൗണ്ട് റോഡ് ജുമാമസ്ജിദില്‍ ഇംഗ്ലീഷിലും പൊന്നാനി നഗരത്തിലെ മസ്ജിദുല്‍ മുജാഹിദീനിലും മുഹിയദ്ദീന്‍ മസ്ജിദിലും മലയാളത്തിലും ഒട്ടേറെ തവണ ജുമുഅ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇടകലര്‍ന്ന പ്രഭാഷണങ്ങള്‍ സാരഗര്‍ഭവും ഭക്തി സാന്ദ്രവുമായിരുന്നു.
മദ്രാസ് എഗ്മൂര്‍ മാര്‍ക്കറ്റില്‍ പര്‍ചേഴ്സിങ്ങിന് പോകുമ്പോഴെല്ലാം ഓര്‍ഡലറി (ഔദ്യോഗിക സഹായി) കൂടെ ഉണ്ടാകുമെങ്കിലും പച്ചക്കറിയും പലവ്യഞ്ജനങ്ങളും മത്സ്യങ്ങളും അദ്ദേഹം തന്നെ തൂക്കി പിടിച്ചാണ് മടക്കം. ശിപായി സഹായിക്കാമെന്ന് പലവട്ടം പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം അതിനനുവദിച്ചിരുന്നില്ല. വിരമിച്ചതിന് ശേഷം പൊന്നാനിയില്‍ സ്ഥിരതാമസമാക്കിയ അവസരത്തിലും ഈ സമ്പ്രദായം തുടര്‍ന്നു. ദീര്‍ഘകാലം ചെന്നൈ മുസ്ലിം അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് തുടങ്ങി പല സംഘടനകളുടെയും ഭാരവാഹിത്വം വഹിച്ചു. ആ ധന്യ ജീവിതം 2007 ല്‍ ഈ ലോകത്തോട് വിടപറഞ്ഞു.