വൈരനല്ലൂര്‍ ശ്രീ ഭഗവതി ക്ഷേത്രം
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
സാമൂതിരി ഭരണത്തിന്‍റെ പ്രതാപകാലത്ത് പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളില്‍ പൊന്നാനിയിലും പരിസരത്തെ പലയിടങ്ങളിലും സാമൂതിരി കോവിലകങ്ങള്‍ ഉണ്ടായിരുന്നു. ചമ്രവട്ടം ജംഗ്ഷന്‍ പുതുപൊന്നാനി ഹൈവേ റോഡിന് സമീപം ബാര്‍ളിക്കൂളത്തിനടുത്ത് സ്ഥിതിചെയ്തിരുന്ന വൈരനല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രവും കോവിലകവും അക്കാലത്ത് പ്രശസ്തമായിരുന്നു. പ്രസിദ്ധമായ തൃക്കാവ് കോവിലകം പോലെതന്നെ വൈരനെല്ലൂര്‍ കോവിലകവും സാമൂതിരി രേഖകളില്‍ പ്രത്യേകം പരാമര്‍ശിതമാണ്.
തൃക്കാവ് ക്ഷേത്രത്തില്‍നിന്ന് അരക്കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജകീയ യാത്രകള്‍ക്കും മാമാങ്കത്തിനും സാമൂതിരി ഇവിടെവെച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സാമൂതിരി തൃക്കാവിലും സാമൂതിരി എറാള്‍പാട് (യുവരാജാവ്) ഇവിടെയുമാണ് പാര്‍ത്തിരുന്നത്. വലിയ ഭൂ സ്വത്തുണ്ടായിരുന്ന ഈ ക്ഷേത്രത്തില്‍നിന്ന് കൊയ്ത്ത് കഴിഞ്ഞാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നെല്ല് പതിവായി നല്‍കിയിരുന്നു. പിന്നീട് ഈ ക്ഷേത്രവും കോവിലകവും അഗ്നിക്കിരയാകുകയും സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും ചെയ്തു.
ഭാഷയും കലകളും ധാര്‍മ്മിക മൂല്യവും സമുന്വയിച്ച ചൈതന്യം പൗരാണികകാലം മുതല്‍തന്നെ ഈ ക്ഷേത്രത്തിനുണ്ടായിരുന്നുവെന്ന് ഇവിടെ നിന്നും ഉദ്ഖനനം ചെയ്ത് കിട്ടിയ കരിങ്കല്‍ സ്തൂപങ്ങളും നിര്‍മ്മിതികളും പ്രഭാപൂരിതമായ പൂര്‍വ്വകാലത്തിന്‍റെ സാംസ്കാരിക പൈതൃകത്തിലേക്ക് നമുക്ക് ദിശാബോധം നല്‍കുന്നു.
വിശ്വാസവിചിന്തനങ്ങളുടെ വെളിച്ചം പകര്‍ന്നു തരുന്നതു പ്രകാരം മൂവ്വായിരം വര്‍ഷങ്ങളുടെ പഴക്കം ഈ ശിലാരൂപങ്ങള്‍ക്കുണ്ട്. കൊത്തുപണികളുടെ പൂര്‍ണ്ണതയും മിനുസവും കാലാതിശായിയാണ്. ക്ഷേത്രനിര്‍മ്മിതിയുടെ ഉദാത്ത അവശിഷ്ടങ്ങളാണ് ഇവ. തേജ്ജോമയമായ ഒരു ഭൂതകാലത്തിന്‍റെ ദിവ്യപ്രകാശത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ക്ഷേത്രവും ശ്രീകോവിലെ മുദ്രകളും ആരാധനാ മൂര്‍ത്തികളായ ദുര്‍ഗ്ഗയും വേട്ടക്കാരനും ഇന്നും പ്രാചീനമായ ഭക്തിചിന്തയിലേക്ക് വെളിച്ചം പകരുന്നുണ്ട്.
ചമ്രവട്ടം ജംങ്ഷനില്‍നിന്ന് ഹൈവെയിലൂടെ ഒരു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് സഞ്ചരിച്ചാല്‍ ബാര്‍ളിക്കുളത്തെത്താം. ലക്ഷണമൊത്ത ജലസ്രോതസ്സായ ഈ കുളത്തില്‍നിന്നും ക്ഷേത്രം വരെ പടികളുണ്ട്. ആദ്യകാലത്ത് വിശാലമായ ഒരു കുളമായിരുന്ന ഇതിന്‍റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ കുളത്തില്‍നിന്നു കിട്ടിയ ശിവലിംഗപീഠ സമാനമായ ചില ക്ഷേത്രാവശിഷ്ടങ്ങള്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ഹേതുവായി കുളത്തിന്‍റെ പടിഞ്ഞാറെ കരയിലെ പറമ്പില്‍ തകര്‍ന്ന് തരിപ്പണമായ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇടയാക്കി. ബാര്‍ളിക്കുളം വൈരനല്ലൂര്‍ കോവിലകം വക കുളമാണെന്ന് ഈ കണ്ടെത്തലുകള്‍ സാധൂകരിച്ചു. കുളത്തിന്‍റെ ഒരു മൂലയിലായി സ്ഥിതിചെയ്തിരുന്ന കിണര്‍ ഇപ്പോള്‍ കുളത്തിനടിയില്‍ അകപ്പെട്ടുപോയിട്ടുണ്ട്.
ക്ഷേത്രത്തിന് ചുറ്റും വൃക്ഷലതാദികളാല്‍ നിബിഡമാണ്. പച്ചപ്പും ഇരുളിമയും ഗ്രാമീണതയും ശാലീനതയും സമുന്വയിച്ച അവാച്യമായ ഒരു പ്രശാന്തത ഈ പ്രദേശത്തിന്‍റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിന്‍റെ പുരാവശിഷ്ടങ്ങളില്‍നിന്ന് ദര്‍ശിച്ച മനുഷ്യകാലവും ദേവകാലവും തമ്മിലുള്ള അഭേദ്യമായ പൂര്‍വ്വബന്ധത്തെ അനുസ്മരിക്കുമ്പോള്‍ നമ്മെ ഹര്‍ഷപുളകിതരാക്കും. നവരാത്രിയാണ് ഇവിടത്തെ പ്രധാന ഉത്സവം.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് സാമൂതിരിയുടെ ഭരണത്തിന്‍റെ പ്രതാപകാലത്ത് വൈരനല്ലൂര്‍ കോവിലകത്തിന്‍റെ പരദേവത ക്ഷേത്രമായിരുന്നുവെന്ന് സാമൂതിരി രേഖകളില്‍ വ്യക്തമാണ്.