രാത്രികല്യാണങ്ങള്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
അഞ്ച് പതിറ്റാണ്ട് മുമ്പ് വരെ അഴീക്കല്‍ പ്രദേശത്തെ കല്ല്യാണങ്ങള്‍ പത്തേമാരിയുടെ സീസണ്‍മുട്ടിയ ജൂണ്‍ ജൂലായ് മാസങ്ങളിലെ രാത്രികളിലായിരുന്നു നടന്നിരുന്നത്. കല്യാണ സ്ഥലത്ത് പന്തല്‍ അലങ്കരിക്കല്‍ ബന്ധുമിത്രാദികളുടെ കടമയാണ്. കുരുത്തോല, ഈന്തുമ്പട്ട, വിവിധ ഇനം വര്‍ണ്ണക്കടലാസുകള്‍ തുടങ്ങിയവകൊണ്ട് പന്തല്‍ മോടിപിടിപ്പിക്കല്‍തൊട്ട് മംഗല്യത്തിന് കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്ന സര്‍വ്വവിധ സന്നാഹങ്ങള്‍ ഉള്‍പ്പെടെ ക്ഷണിതാക്കള്‍ക്ക് ഭക്ഷണം വിളമ്പി ക്ലീന്‍ ചെയ്യല്‍വരെ ഈ കൂട്ടായ്മയുടെ ദൗത്യമായിരുന്നു. കല്ല്യാണങ്ങള്‍ അധികവും രാത്രികളില്‍ വീടുകളില്‍ വെച്ചാണ് നടക്കാറ്. കല്യാണത്തിനോടനുബന്ധിച്ച് കുറികല്യാണങ്ങള്‍ നടന്നിരുന്നു.
ഭക്ഷണം പാകം ചെയ്യാനുള്ള വെപ്പു പന്തല്‍, സ്വീകരണ പന്തല്‍, സ്ത്രീകള്‍ക്കായുള്ള പ്രത്യേക പന്തല്‍ തുടങ്ങി വിവിധ പന്തലുകള്‍ സജ്ജീകരിച്ചിരുന്നു. ഈ പന്തലുകള്‍ സീസണ്‍ മുട്ടിയ സമയമായതിനാല്‍ നിര്‍മ്മാണത്തിനായി കരക്ക് കയറ്റിയിരുന്ന പത്തേമാരികളുടെ പാമരം ഉല്‍പ്പെടെയുള്ള ഭാഗങ്ങള്‍ കൊണ്ടുവന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്. പാത്രങ്ങള്‍, കസേരകള്‍, വിളക്കുകള്‍, ഇതരസാധനസാമഗ്രികള്‍ തുടങ്ങിയവ കരാറുകാരെ ഏല്‍പ്പിക്കും. അവര്‍ യഥാസമയം കാര്യങ്ങള്‍ നിര്‍വ്വഹിക്കും. കല്ല്യാണങ്ങള്‍ അധികവും രണ്ടുദിവസമായാണ് നടത്താറ്. കല്ല്യാണ ദിവസം അടുത്തുകഴിഞ്ഞാല്‍ ബന്ധുമിത്രാദികളുടെ സന്ദര്‍ശനം ആരംഭിക്കും.
പത്ത് വയസ്സു കഴിഞ്ഞ് മുസ്ലിം പെണ്‍കുട്ടികളെ അഹം അടക്കിക്കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് പുറത്തേക്കയക്കാറില്ല. തുടര്‍ന്ന് വിവാഹാനന്തരം ദിവസങ്ങള്‍ കഴിയുന്നതുവരെ പിതാവിന്‍റെ വീട്ടി ലേ (ഇല്ലത്ത്)ക്ക് അല്ലാതെ മറ്റൊരിടത്തേക്കും അയക്കാറില്ല. മതപഠനംപോലും മൊല്ലാമാരെയോ മൊല്ലാത്തികളോ വീട്ടില്‍ വന്നായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. തډൂലം വീട്ടിനടുത്ത് സ്ക്കൂള്‍ ഉണ്ടായിരുന്നിട്ടുപോലും പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ധാരാളം പെണ്‍കുട്ടികള്‍ അക്കാലത്തുണ്ടായിരുന്നു.
പ്രായപൂര്‍ത്തി വിവാഹപ്രായമെത്തിയാല്‍ മാത്രമെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നടത്താറുള്ളു. വൈവാഹികബന്ധമോ കുടുംബബന്ധമോ സ്നേഹബന്ധമോ ഉള്ള കുടുംബങ്ങള്‍ തമ്മിലായിരിക്കും അധികവും വിവാഹ ആലോചന നടത്താറ്. തډൂലം അധികവും തുടരന്വേഷണം വേണ്ടിവരില്ല. സ്ത്രീകള്‍ പരസ്പരമുള്ള അന്വേഷണങ്ങള്‍ തൃപ്തമായാല്‍ കുടുംബ കാരണവډാര്‍ തമ്മിലാണ് അടുത്ത അന്വേഷണം. ഇന്നത്തെ പോലെ കല്ല്യാണത്തിന് മുമ്പ് ചെക്കനും പെണ്ണും പരസ്പരം കണ്ട് തൃപ്തിപ്പെടുന്ന പതിവ് അന്നില്ല.
സാധാരണ രീതിയില്‍ അഞ്ചുകൂട്ടം പണ്ടമാണ് നല്‍കാറ്. ആദ്യകാലത്ത് സ്വര്‍ണ്ണം പറയുമ്പോള്‍ പവന് പകരം അച്ചാണ് നിര്‍ണ്ണയിച്ചിരുന്നത്. സാമ്പത്തികശേഷി അനുസരിച്ച് അപൂര്‍വം ചില തറവാട്ടുകാര്‍ മുല്ലപ്പൂമാല, ചക്കരമാല, ഇളക്കത്താലി, അടക്ക്മണി, കീരിക്കാമണി, കാമല, പാദസരം, ഒറ്റമുറുക്ക്, കുമ്മത്ത്, ഏലസ്സ്, മണിയംമാട, പൂത്താലി, അരയില്‍ ഏലസ്സ്, ചക്കരപ്പവന്‍, ചിറ്റുംപെറയും, കാളക്കണ്ണന്‍ചിറ്റ്, അലിക്കത്ത്, മുരൂത, ഒറ്റ, അടക്കികെട്ടി, അരഞ്ഞാണം, ഇളക്കമിന്നി, കടകവള, പിരിവള, മുടിവള, മുടിചക്രം, കാശിമാല തുടങ്ങി വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ പറയും.
കല്ല്യാണ നിശ്ചയ ചടങ്ങില്‍ പടാപ്പുറത്തോ കൊട്ടിലിലോ സംഗമിച്ച് അറബി പഞ്ചാഗം മുമ്പില്‍വെച്ച് കല്ല്യാണദിവസത്തിന്‍റെ ഗുണദോഷത്തെയും സൗകര്യത്തെയും കുറിച്ച് ചര്‍ച്ചചെയ്യും. നഹസ്സ് (ദുശ്ശകുനം) ഇല്ലാത്ത ഒരു ദിവസം കണ്ടെത്തി എല്ലാവരുടെയും സമ്മതപ്രകാരം കല്ല്യാണം നിശ്ചയിക്കും.
പുരുഷډാരില്‍ അടുത്ത ബന്ധുക്കളേയും അയല്‍വാസികളേയും മാത്രമേ നേരില്‍ കണ്ട് ക്ഷണിക്കാറുള്ളൂ. ബാക്കിയുള്ളവരെ കത്ത് നല്‍കിയാണ് ക്ഷണിക്കുക. ക്ഷണക്കത്തില്‍ വധുവിന്‍റെ പേര് ചേര്‍ക്കുന്ന പതിവില്ല. വ്യാഴാഴ്ച അസ്തമിച്ച രാത്രി ഞായറാഴ്ച അസ്തമിച്ച രാത്രി തുടങ്ങിയ പ്രത്യേക വാചകങ്ങള്‍ പ്രയോഗിച്ചാണ് ക്ഷണക്കത്ത് അടിക്കാറ്.
കല്ല്യാണത്തിന് വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുവാനും കത്ത് കൊടുക്കുവാനും പ്രത്യേകമായി ചിലരുണ്ടായിരുന്നു. ഇവര്‍ കല്ല്യാണ വീട്ടില്‍ മുന്‍കൂട്ടി വന്ന് പ്രദേശത്തെ പേരുകള്‍ ഓര്‍മ്മിപ്പിച്ച് ഇതില്‍ നിന്ന് ഗൃഹനാഥന്‍ ആവശ്യപ്പെടുന്നവരുടെ ലിസ്റ്റ് (ഓല) തയ്യാറാക്കിക്കൊടുക്കും. ക്ഷണിതാക്കളുടെ ലിസ്റ്റ് ഇവരെതന്നെ ഏല്‍പ്പിക്കും. അതനുസരിച്ച് കത്തുനല്‍കി ക്ഷണം ആരംഭിക്കും.
മൈലാഞ്ചിക്കല്ല്യാണവും പൊന്നാപ്പിക്കലും
പെണ്‍കല്ല്യാണം അധികവും രണ്ടുദിവസമായാണ് നടത്താറ്. ആദ്യ ദിവസം രാത്രിയിലാണ് മൈലാഞ്ചിക്കല്ല്യാണം. അന്നാണ് സ്ത്രീകള്‍ കൂടുതല്‍ പങ്കെടുക്കുക. അന്നേ ദിവസം പകലാണ് വരന്‍റെ വീട്ടില്‍നിന്ന് വധുവിന് അണിഞ്ഞൊരുങ്ങുന്നതിനായുള്ള വസ്ത്രങ്ങളടക്കം വിവിധതരം സാധനങ്ങള്‍ കൊണ്ടുവരുന്നത്. വരന്‍റെ സാധനങ്ങള്‍ പെട്ടിയിലോ സൂട്ട്കെയ്സിലോ ബന്ധുമിത്രാദികളുടേത് പേക്കറ്റുകളിലോ അടക്കം ചെയ്താണ് കൊണ്ടുവരാറ്.
ആദ്യകാലത്ത് പട്ടും തുകിലുമാണ് വധുവിന് ധരിക്കാനുള്ള മുഖ്യ വസ്ത്രം. പെണ്‍കുപ്പായം, തട്ടം, നമസ്കാര കുപ്പായം, കുട, റിബ്ബണ്‍, സോപ്പ്, ചീപ്പ്, കണ്ണാടി, സുഗന്ധ ദ്രവ്യങ്ങള്‍, അടിപ്പാവാട, ചെരിപ്പ് തുടങ്ങിയ വിവിധയിനം സാധനങ്ങള്‍ ഇതോടൊപ്പം ഉണ്ടാകും. പട്ടും തുകിലിനു പകരം പിന്നീട് സാരിയായി പതിവ്. സാധനങ്ങളോടൊപ്പം സാമ്പത്തിക കഴിവനുസരിച്ച് മൈലാഞ്ചിചെയ്ന്‍ (നെക്ലെസ്) അടക്കം ചെയ്തിട്ടുണ്ടാകും. കൊണ്ടുവരുന്ന സ്ത്രീകള്‍ക്ക് പ്രത്യേക കൈമടക്ക് നല്‍കും.
ഭക്ഷണങ്ങള്‍ എഹരം വെച്ചാണ് വിളമ്പാറ്. ഒരു സുപ്രവട്ടം പത്തുപേര്‍ക്കുള്ള ചോറാണ് നിര്‍ണ്ണയിക്കാറ്. നിലത്ത് വിരിച്ച പായയിലാണ് ചോറ് വിളമ്പുക. ഇന്നത്തെ പോലെ കസേര, മേശ സമ്പ്രദായം അന്നില്ല. ഭക്ഷണം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വെറ്റില, അടക്ക, പുകയില എന്നിവ ഒരു ഈര്‍ക്കിളില്‍ കുത്തിക്കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.
ചില വീട്ടുകാര്‍ മൈലാഞ്ചികല്ല്യാണം ഗംഭീരമായിതന്നെ നടത്താറുണ്ട്. കൃത്രിമ സൗന്ദര്യവസ്തുക്കള്‍ വ്യാപകമല്ലാത്ത അക്കാലത്ത് മൈലാഞ്ചിട്യൂബുകള്‍ ഉപയോഗിക്കാറില്ല. വധുവിന്‍റെ ഇല്ലത്തെ അമ്മിയില്‍നിന്ന് തന്നെ അരച്ച മൈലാഞ്ചിയാണ് കൊണ്ടുവരാറ്. കൂടെ ബന്ധുമിത്രാദികള്‍ അനുഗമിക്കും. മൈലാഞ്ചിസംഘം കല്ല്യാണ വീട്ടില്‍ എത്താറായാല്‍ സ്ത്രീ ഗായകസംഘവും വീട്ടുകാരും അവരെ എതിരേറ്റ് ആനയിക്കും. ക്ഷണിക്കപ്പെട്ടവരുടെ ഭക്ഷണത്തിനു ശേഷമാണ് മൈലാഞ്ചി ഇടല്‍ ചടങ്ങ്. കൂട്ടുകാരികളാണ് ചടങ്ങിന് ആരംഭം കുറിക്കുക. തുടര്‍ന്ന് കുടുംബക്കാരും പങ്കുചേരും.
ആദിപെരിയോന്‍ അമൈത്ത മൈലാഞ്ചി
അദന്‍ എന്ന സുബര്‍ക്കത്തിലുള്ള മൈലാഞ്ചി
ആദം ഹവ്വാബിക്കിറക്കിയ മൈലാഞ്ചി
അതുമുതല്‍ എല്ലാരും ഇട്ടുള്ള മൈലാഞ്ചി
തുടങ്ങിയ മദഹ് ഗാനങ്ങളും
കന്നികതിര്‍മുറ്റത്ത്
കല്‍പതിച്ച പൊന്‍മുറ്റത്ത്
കാണ്‍മാനായ് ദാസിയൊത്ത്
കന്യകള്‍ പൊന്നിട്ടണഞ്ഞ്
ഏറ്റവും ചരക്കുകപ്പല്‍
വെള്ളരിയും വെള്ളിമുള്ളും
ആതുറായില്‍ ആവട്ടത്ത്
അഹ്മദ്കുട്ടിക്കൊത്തവനില്ല
ഈ തുറായില്‍ ഈ വട്ടത്ത്
ആമിനകുട്ടിക്കൊത്തവളില്ല
തുടങ്ങിയ പാട്ടുകളും ഇമ്പമാര്‍ന്ന ശൈലികളില്‍ പാടും. പാട്ടിന്‍റെ താളത്തിനൊത്ത് നൃത്തം ചവിട്ടുന്ന പതിവും ഉണ്ട്.
കാച്ചള്ളത്തിന്‍റെ ദൈനവ, അഴീക്കല്‍ കദീസ, വെളിയംകോട്ടുകാരി പാത്തിമ്മി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്ഥിരം ഗായക ഗ്രൂപ്പുകള്‍തന്നെ ഇതിനായി ഉണ്ടായിരുന്നു. കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും പാട്ടുസംഘത്തെ ക്ഷണിച്ചുകൊണ്ടുവരാറുണ്ട്.
രണ്ടാം ദിവസമാണ് പൊന്നൊപ്പിക്കല്‍ കല്ല്യാണം. വധുവിന് നല്‍കുന്ന സ്വര്‍ണ്ണത്തിനുപുറമെ കൂടുതല്‍ സ്വര്‍ണ്ണങ്ങള്‍ അണിയിക്കും. പ്രത്യേക ഇരിപ്പിടത്തില്‍ വധുവിനെ ഇരുത്തിയശേഷമാണ് ചടങ്ങ് ആരംഭിക്കുന്നത്. ബന്ധുമിത്രാദികള്‍ തന്നെയാണ് ഈ ചടങ്ങിനും നേതൃത്വം നല്‍കുന്നത്. ഗായകസംഘം പാട്ടുകള്‍ പാടി മതിമറക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ദിവസമാണ് വരന്‍റെ വീട്ടിലെ പ്രധാന കല്ല്യാണം.
വരന്‍റെ കൂടെ വധുവിന്‍റെ വീട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റ് മുന്‍ കൂട്ടി പെണ്‍വീട്ടുകാര്‍ക്ക് നല്‍കണം. ഇവരെ പ്രത്യേകമായി പെണ്‍വീട്ടുകാര്‍തന്നെ ക്ഷണിക്കണം. ക്ഷണിക്കപ്പെട്ടവര്‍ മാത്രമേ വരന്‍റെ കൂടെ അനുഗമിക്കുകയുള്ളൂ. ക്ഷണിക്കാത്ത ആരും തന്നെ പോകാറില്ല. പോയാല്‍തന്നെ ഭക്ഷണം കഴിക്കാതെ തിരിച്ചുവരും. നല്‍കിയ ലിസ്റ്റില്‍ ആരെങ്കിലും ക്ഷണിക്കാന്‍ വിട്ടുപോയാല്‍ അത് പിന്നീട് പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിടും.
സാധുക്കളുടെ കല്ല്യാണങ്ങള്‍ക്ക് പോലും പെട്ടിപ്പാട്ട് (ഗ്രാമഫോണ്‍) മുഖ്യ ഘടകമാണ്. കല്ല്യാണം നാടാകെ അറിയിക്കാനുള്ള ഒരു സംവിധാനം കൂടിയാണിത്. പകല്‍ പതിനൊന്ന് മണിമുതല്‍ ആരംഭിക്കുന്ന പെട്ടിപ്പാട്ട് അര്‍ദ്ധരാത്രിവരെ നീണ്ടുനില്‍ക്കും. അതത്കാലത്തെ ഹിറ്റായ പാട്ടുകളായിരിക്കും അധികവും. സൗണ്ട് കൂട്ടിയാണ് ഗ്രാമഫോണ്‍ പ്രവര്‍ത്തിക്കുക. തډൂലം കല്ല്യാണങ്ങള്‍ ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും അറിയും.
പി ഭാസ്കരന്‍ എഴുതിയ 1960 കളിലെ ഹിറ്റു പാട്ടുകളില്‍ ഒന്നായ
നാഴി ഉരി പാലുകൊണ്ട് നാടാകെ കല്യാണം. നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം എന്ന ഈരടികളോടെ ആരംഭിക്കുന്ന പാട്ട് ഏതാണ്ട് ആറ് പതിറ്റാണ്ട് മുമ്പ് അഴീക്കല്‍ പ്രദേശത്തെ ഒരു കല്യാണത്തില്‍ കേട്ടത് ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
ചില വലിയ കല്ല്യാണങ്ങള്‍ക്ക് ബാന്‍റുസെറ്റുകള്‍, കോല്‍ക്കളി, പരിസക്കളി, ഗാനമേള മുതലായവയും ഉണ്ടായിരിക്കും. ബാന്‍റ്സെറ്റ് കല്ല്യാണവീട്ടില്‍ രാവിലെ എത്തിയാല്‍ ബന്ധുമിത്രാദികളുടെ വീടുകളിലേക്ക് പറഞ്ഞയച്ച് അവിടങ്ങളില്‍ മുട്ടിക്കും. ആ വീടുകളില്‍ നിന്ന് മോശമല്ലാത്ത കൈമടക്കും കിട്ടും. പല വീടുകളിലും സാമ്പത്തിക കഴിവനുസരിച്ച് ഗാനമേളകളും ഖവാലി-മെഹ്ഫില്‍ സദസ്സുകളും സംഘടിപ്പിക്കാറുണ്ട്. മികച്ച ഗായകട്രൂപ്പുകളുടെ ഗാനമേളകള്‍ ഉണ്ടായിരുന്നു.
അവറാന്‍ കുരിക്കള്‍, ഔക്കരാക്ക, ബീരാന്‍കുട്ടി കുരിക്കള്‍, ഇക്കാസ് കുരിക്കള്‍, ആശാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും ചെമ്പ് താമി നിയന്ത്രിക്കുന്ന പരിസമുട്ടും പലവീടുകളിലും അരങ്ങേറിയിട്ടുണ്ട്.
കല്ല്യാണ ദിവസം രാത്രിയില്‍ വീട്ടിന്‍റെ അകത്ത് അറ പ്രത്യേകം സജ്ജമാക്കി വരന്‍ അവിടെ ഇരിക്കാറാണ് പതിവ്. ആത്മമിത്രങ്ങളും കൂട്ടിന് ഉണ്ടാകും. ക്ഷണിക്കപ്പെട്ടവരില്‍ അധികംപേരും പ്രസന്‍റേഷനോ ക്യാഷ് കവറുകളോ കൊണ്ടുവന്ന് വരന് നല്‍കും. ഇവ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. മിക്കവാറും രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാണ് വധുവിന്‍റെ വീട്ടിലേക്ക് വരന്‍റെ യാത്ര. ഈ യാത്രയില്‍ പോകുവാന്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രം വരന്‍റെ വീട്ടില്‍ ഇരിക്കും. നേരംപോക്കിനായി വിനോദങ്ങളില്‍ ഏര്‍പ്പെടുകയും സൊറ പറഞ്ഞും കഴിച്ചുകൂട്ടും. അല്ലാത്തവര്‍ ലഘുഭക്ഷണം കഴിച്ച് വരന്‍റെ വീട്ടില്‍നിന്നുതന്നെ മടങ്ങും.
വരനെ ക്ഷണിച്ചുകൊണ്ടുപോകുന്നതിനായി വധുവിന്‍റെ വീട്ടില്‍ നിന്ന് ഏതാനും പേര്‍ തേടിവരണം. ഇവര്‍ എത്തിയ ശേഷമേ വരന്‍ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയുള്ളൂ. തേട്ടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഘുഭക്ഷണം കൊടുക്കുകയും ബാന്‍റ് വാദ്യമേളങ്ങള്‍ അവസാനമായി കൊട്ടിതകര്‍ത്തതിന് ശേഷം വരന്‍റെ കൂടെ പോകാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കും.
മൗത്തളയും ഒപ്പനയും
പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നീ തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും നടന്നിരുന്ന ഒരു ആചാരമായിരുന്നു മൗത്തളപാട്ട്. പൊന്നാനിയില്‍ മിക്ക ആണ്‍ കല്ല്യാണങ്ങള്‍ക്കും മൗത്തളയും ഒപ്പനയും സംയുക്തമായി സംഘടിപ്പിച്ചിരുന്നു. വധുവിന്‍റെ വീട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്ന സമയത്ത് വീടിന്‍റെ അകത്തളത്തില്‍ (കൊട്ടിലില്‍) വിരിച്ച പടത്തില്‍ മൗത്തളക്കാര്‍ ഇരിപ്പുറപ്പിക്കും. ഉസ്മാന്‍ മാസ്റ്റര്‍, ബാപ്പുക്കാന്‍റെ മുഹമ്മദ്, മസ്താന്‍ ഇമ്പിച്ചി, ഉമ്മര്‍ മുസ്ലിയാര്‍, പെയിന്‍റര്‍ മാമുട്ടി, എ.പി.ബാവു, ഹുസ്സന്‍ തുടങ്ങിയ പലരും മൗത്തള ഗ്രൂപ്പിലെ തലയണപ്പുറത്തെ ലീഡര്‍മാരായിരുന്നു.
ഒരു സംഘത്തില്‍ ചുരുങ്ങിയത് എട്ടില്‍ കുറയാത്ത അംഗങ്ങള്‍ ഉണ്ടാകും. മദ്ധ്യത്തില്‍ തലയണയില്‍ വെള്ളവിരിച്ച് വരന് ഇരിക്കാനുള്ള സ്ഥാനവും മുമ്പില്‍ ഓലകൊണ്ട് മുടഞ്ഞ പേളയില്‍ രണ്ട് നാഴി അരി, ഒരു കെട്ട് വെറ്റില, അടക്ക, വെള്ളത്തുണി അടങ്ങിയവ ഒസ്സാന് (ബാര്‍ബര്‍ക്ക്) കാണിക്കയായി നല്‍കാനും വെക്കും. സ്വാഗതഗാനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. വരന്‍റെ മാതാപിതാബന്ധുമിത്രാദികളെ പേരെടുത്ത് പറഞ്ഞാണ് സ്വാഗതഗാനം. തുടര്‍ന്ന് മൗത്തളപ്പാട്ടുകള്‍ ആലപിക്കും. ഗ്രൂപ്പ് ലീഡര്‍ ഗാനങ്ങള്‍ പാടുകയും അംഗങ്ങള്‍ പല്ലവി ആലപിക്കുകയും ചെയ്യും. ഇതിനിടയില്‍ മൂന്ന് വട്ടം കൈനീട്ടി കൊട്ടി പാട്ടുകള്‍ പാടുകയും വരന്‍റെയും വധുവിന്‍റെയും വീട്ടുമഹിമ വര്‍ണ്ണിക്കുകയും തുടര്‍ന്ന്
'അശ്റഫുല്‍ ഹലക്കായ നബിക്കട-
യാളം പതിനഞ്ചുണ്ടറിവില്‍'
സല്ലല്ലാഹു സയ്യിദന്നബി
ആലിലും സഹാബോരത്തൈ
തുടങ്ങിയ വരികളടങ്ങുന്ന നബിയുടെ മദഹ്കള്‍ പാടിതുടങ്ങും. മൂന്ന് തവണ വരന്‍റെ പേര് പാട്ടിലൂടെ പരാമര്‍ശിക്കുമ്പോള്‍ വരന്‍ അറയില്‍നിന്ന് വന്ന് തലയണയില്‍ ഉപവിഷ്ടനാകും. ഈ സമയത്ത് ഒസ്സാന്‍ വരന്‍റെ നെറ്റി കത്തികൊണ്ട് മാമൂലായി സ്പര്‍ശിച്ച ശേഷം വരന്‍ വീണ്ടും അറയിലേക്ക് തന്നെ തിരിച്ചുപോകും. തുടര്‍ന്ന് മൗത്തളയുടെ രീതി ഒപ്പനയിലേക്ക് ഗതിമാറും. ഒസ്സാന്‍ പേളയിലെ കാണിക്കയുമായി സ്ഥലംവിടും. കല്ലീയാണമേ കൗതുക കല്ലീയാണമേ എന്ന ഈരടികളോടുകൂടി ഒപ്പന അവസാനിപ്പിക്കും. ഇത്തരത്തിലുള്ള ചടങ്ങുകള്‍ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും പകലുകളില്‍ ഇമ്പമാര്‍ന്ന മൗത്തള ശീലുകള്‍ കേള്‍ക്കാറുണ്ട്.
മൗത്തള പാട്ടിനിടയില്‍ പേര്‍ വിളിക്കുമ്പോള്‍ വരന്‍ തലയണയില്‍ വന്ന് ഇരിക്കും. ഈ സമയത്താണ് സ്നേഹിതډാര്‍ മാലകള്‍ ചാര്‍ത്താറ്. രണ്ട്, മൂന്ന് മാലകള്‍ കഴുത്തില്‍ ഇട്ടശേഷം ബാക്കിയുള്ളവ ആത്മമിത്രങ്ങളെ ഏല്‍പ്പിക്കും.
മൗത്തള കഴിഞ്ഞാല്‍ വരന്‍ എഴുന്നേറ്റ് വീട്ടിനകത്തുള്ള സ്ത്രീകളായ ബന്ധുമിത്രാദികളോട് യാത്ര പറഞ്ഞു പുറത്ത് പന്തലില്‍ ഒരുക്കിയ കസേരയില്‍ വന്നിരിക്കും. പ്രാര്‍ത്ഥനയ്ക്ക് ശേഷം വരന്‍ വധുവിന്‍റെ വീട്ടിലേക്ക് പുറപ്പെടും. ആവശ്യമനുസരിച്ച് സ്റ്റാന്‍റില്‍ ഘടിപ്പിച്ച പെട്രോമാക്സ് വിളക്കുകള്‍ വിവിധ ഭാഗങ്ങളില്‍ തലയില്‍ ചുമന്ന് യാത്രയ്ക്ക് അകമ്പടി സേവിക്കുന്നവരും അനുഗമിക്കും.
വധുഗൃഹത്തില്‍ എത്തിയ വരന് വലിയ സ്വീകരണമാണ് ലഭിക്കാറ്. മാലയും ബൊക്കയും തൊട്ടടുത്ത് ഒരു കിണ്ടിയില്‍ കുറച്ച് വെള്ളവുമായി വധുവിന്‍റെ ചെറിയ സഹോദരന്‍ സ്വീകരിക്കാന്‍ കാത്തുനില്‍ക്കും. കാലുകഴുകി അകത്ത് കയറണം എന്നതിനുവേണ്ടി പ്രതീകാത്മകമായാണ് കിണ്ടി വെക്കാറ്. പഴയകാല കേരളീയ സമ്പ്രദായത്തില്‍നിന്ന് പകര്‍ന്നതാവാം ഇത്. പക്ഷെ കാലുകഴുകാറില്ല. മാല ചാര്‍ത്തി കഴിഞ്ഞാല്‍ വരന്‍ കിണ്ടിയില്‍ പവനോ സാധാരണക്കാര്‍ സ്വര്‍ണ്ണ നാണയമോ മോതിരമോ ഇടാറാണ് പതിവ്. കാല്‍ പവനോ അരപ്പവനോ തൂക്കം വരുന്ന ഒരു സ്വര്‍ണ്ണ മോതിരമാണ് അധികവും മാമൂല്. ഒരു പവന്‍വരെ ഇടാറുണ്ട്.
തുടര്‍ന്ന് വരനെയും കൂടെ സ്നേഹിതډാരെയും വീടിന്‍റെ പടാപ്പുറത്തേക്ക് ആനയിക്കും. ബാക്കിയുള്ളവരെ ഭക്ഷണ പന്തലിലേക്ക് കൊണ്ടുപോകും. ഈ അവസരത്തില്‍ തന്നെയാണ് അധികവും നിക്കാഹ് (കാന്യേത്ത്) നടക്കുക. തേട്ടക്കാരോടൊപ്പം വധുവിന്‍റെ കൈക്കാരനും ഏതാനും കാരണവډാരും കാന്യേത്തിനായി എത്തിയിരിക്കും. ഒമ്പത് മിസ്കാല്‍ ആണ് മഹറായി (പെണ്‍പണമായി) നല്‍കേണ്ടത്. ഇത് നാല്‍പ്പത്തിയഞ്ച് രൂപയായാണ് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പും തലേ ദിവസവും (നിക്കാഹ്) നടക്കുന്ന രീതിയുമുണ്ട്.
വരന്‍ എത്തുന്നതിന് മുമ്പ് തന്നെ പത്ത് അംഗങ്ങള്‍ക്ക് വീതം ഭക്ഷണത്തിന് ഇരിക്കാവുന്ന എഹരങ്ങള്‍ ഒരുക്കും. അതിഥികള്‍ ഇരുന്നതിനുശേഷം ചോറ് ഒഴികെ മറ്റുകറികള്‍ വിളമ്പുകയും ചെയ്യും. അധികവും നെയ്ച്ചോറും പോത്തിറച്ചിക്കറിയും പരിപ്പ് കറിയും കടുമാങ്ങയും പപ്പടവും ആയിരിക്കും വിഭവം. ചില വീടുകളില്‍ ചോറിനുമുകളില്‍ വലിയ കഷ്ണം ഇറച്ചി പൊരിച്ച തുണ്ടനും വെക്കാറുണ്ട്. വെജിറ്റേറിയന്‍ സമ്പ്രദായം അന്നില്ല.
ചോറും ഇറച്ചിക്കറിയും തീരുന്നതനുസരിച്ച് ആവശ്യാനുസരണം സഹായികള്‍ കൂടുതല്‍ വിളമ്പിക്കൊടുക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അടക്ക, പുകയില, വെറ്റിലയില്‍ ഈര്‍ക്കിലി കുത്തിയ പേക്കറ്റും ബീഡിയും ചുരുട്ടും സിഗരറ്റും നല്‍കും.
ആഗതരെല്ലാം ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പുതുമണവാളനെ അറയിലേക്ക് കയറ്റുവാനുള്ള ഒരുക്കമാരംഭിക്കും. വീട്ടിലെ കാരണവര്‍ കൈപിടിച്ച് വരനെ അറയിലേക്ക് ആനയിക്കുകയാണ് പതിവ്. ഈ സമയത്ത് വീടിന്‍റെ അകത്ത് കേന്ദ്രീകരിച്ച് ബന്ധുമിത്രാദികളായ സ്ത്രീകള്‍ അരിയും പൂവും വരന്‍റെ നേര്‍ക്ക് എറിയാന്‍ മത്സരിക്കും. വരനെ മുമ്പ് കാണാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വരന്‍ ആരാണെന്ന് അധികം സ്ത്രീകള്‍ക്കും അറിയാന്‍ പ്രയാസമാണ്. അതിനാല്‍ ചിലയിടങ്ങളില്‍ അപരനെ വരനാണെന്ന രീതിയില്‍ മാല കഴുത്തില്‍ അണിയിച്ച് അകത്തേക്ക് പ്രവേശിപ്പിക്കുകയും സംഘംചേര്‍ന്നു നില്‍ക്കുന്ന സ്ത്രീകള്‍ വരനാണെന്ന് തെറ്റിദ്ധരിച്ച് അരിയും പൂവും അപരനെ എറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വരന്‍ എറിയല്‍چകൊള്ളാതെ അറയിലേക്ക് കടക്കുകയും ചെയ്യും. ആ സമയത്താണ് തങ്ങള്‍ക്ക് പിണഞ്ഞ അമളി ഗ്രഹിക്കുന്നത്. അകത്ത് കയറ്റി വരനെ അലങ്കരിച്ച പല്ലങ്കി കട്ടിലില്‍ ഇരുത്തി ചായ കൊടുക്കും. വരന്‍റെ കൂടെ വന്നവരില്‍ താല്‍പ്പര്യമുള്ളവര്‍ അകത്ത് കയറി അറ കണ്ടശേഷം വരനും സംഘവും തിരിച്ചുപോകും.
രാവിലെ പത്ത്മണിയോടെ വധുവിന്‍റെ വീട്ടില്‍ നിന്ന് ചെറിയ കുട്ടികള്‍ ഒരു സില്‍ബന്തിയുമൊന്നിച്ച് പുതുമണവാളനെ വിളിക്കാന്‍ വരും. കുട്ടികളെ സല്‍ക്കരിച്ച് പട്ടുറുമാലും ബിസ്ക്കറ്റ് പേക്കറ്റും പൈസയും കൊടുത്ത് മടക്കി അയക്കും. ശേഷം പുതുമണവാളന്‍ വധുവിന്‍റെ വീട്ടിലേക്ക് ഉച്ചയൂണിനായി പോകും. വരന്‍റെ കൂടെ പോകുന്ന കുട്ടികള്‍ക്കും മേപ്പടി മാമൂലുകള്‍ വധുഗൃഹത്തില്‍ നിന്ന് ലഭിക്കും.
പുതുമണവാളന്‍ പുതുമണവാട്ടിയെ ആദ്യമായി കാണുക അന്നത്തെ ഉച്ചഭക്ഷണത്തിന് ശേഷമാണ്. വൈകുന്നേരത്തോടെ വരന്‍ തിരിച്ചുപോകും. തുടര്‍ന്നാണ് കല്ല്യാണത്തിന് ലഭിച്ച പ്രസന്‍റേഷനുകളും കവറുകളും പൊളിക്കുക. അതില്‍ കൗതുക വസ്തുക്കള്‍ ഭാര്യവീട്ടിലേക്ക് കൊണ്ടുപോകും.