സി. സെയ്താലിക്കുട്ടി മാസ്റ്റര്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
പഴയ പൊന്നാനി താലൂക്കില്‍ തിരൂരില്‍ 1856-ല്‍ ജനനം. സമുദായ പരിഷ്കര്‍ത്താവും കവിയും ഗ്രന്ഥകാരനുമായിരുന്നു. അറബി, മലയാളം എന്നീ ഭാഷകള്‍ക്കുപുറമെ, ഇംഗ്ലീഷ് ഭാഷയും അദ്ദേഹത്തിന് അറിയാമായിരുന്നു. എടവണ്ണ, തിരൂര്‍, വെളിയങ്കോട് എന്നീ പ്രദേശങ്ങളില്‍ അദ്ദേഹം അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു. വര്‍ഷങ്ങളോളം പ്രവര്‍ത്തന മേഖല പൊന്നാനിയായിരുന്നു. തുടര്‍ന്ന് സ്ക്കൂള്‍ ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ മലബാറില്‍ എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിക്കുകയും മുസ്ലിംകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. അഗാധമായ സമുദായ സ്നേഹം അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പായിരുന്നു.
സമുദായത്തിലെ വിദ്യാഭ്യാസ-സാമുദായിക പ്രശ്നങ്ങള്‍ ജന മദ്ധ്യത്തില്‍ സജീവമാക്കുന്നതിനും സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുംവേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമായിരുന്നു. പൊന്നാനിയില്‍നിന്ന് സ്വലാഹുല്‍ ഇഖ്വാനും തിരൂരില്‍നിന്ന് റഫീഖുല്‍ ഇഖ്വാനും മാസികകള്‍ അറബിമലയാളത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഭാഷ അറബി മലയാളമായിരുന്നുവെങ്കിലും അക്കാലത്ത് മികവുറ്റ ലേഖനങ്ങളും സാഹിത്യ സംവാദങ്ങള്‍ ഭംഗിയായ ശൈലിയില്‍ അവതരിപ്പിച്ചു. ആദ്യകാലത്തെ പ്രസിദ്ധീകരണങ്ങള്‍ സമുദായ മദ്ധ്യത്തില്‍ വരുത്തിയിട്ടുള്ള പരിഷ്കരണങ്ങള്‍ നിസ്തുല്ല്യമാണ്.
മുസ്ലിംകളും പുതിയ വിദ്യാഭ്യാസവും, മുസ്ലിം ശാസ്ത്രം, മതവിജ്ഞാനം, രശ്മി എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. കല്യാണ സദസ്സുകള്‍ക്ക് വേണ്ടി അദ്ദേഹം രചിച്ച മാപ്പിളപ്പാട്ടുകള്‍ മുസ്ലിം വീടുകളില്‍ സ്ത്രീകള്‍ ഈണത്തോടുകൂടി ആലപിച്ചിരുന്ന പ്രചാരം സിദ്ധിച്ച ഗാനങ്ങളാണ്, വിനയാന്വിതനും, മതഭക്തനുമായ സൈതാലിക്കുട്ടി മാസ്റ്റര്‍ 1919 നവംബര്‍ പതിനേഴിന് വെളിയംകോടുള്ള ഭാര്യാഗൃഹത്തില്‍വെച്ച് അന്തരിച്ചു.