അബദുല്ലകുട്ടി മുന്‍സിഫ്

അബദുല്ലകുട്ടി മുന്‍സിഫ്


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

പൊന്നാനിയിലെ വര്‍ത്തക പ്രമുഖനായിരുന്ന ചോഴിമാടത്തിങ്ങല്‍ തറീക്കുട്ടി ഹാജിയുടെ മകനായി കണ്ടത്ത്വീട്ടില്‍ പുതിയനാലകത്ത് തറവാട്ടില്‍ 1896 ജൂലായ് അഞ്ചിന് ജനിച്ചു. അക്കാലത്ത് മുസ്ലീംകള്‍ നാമമാത്രമേ ആധുനിക വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. വ്യവസായ പ്രമുഖനായ തറീക്കുട്ടി ഹാജി നാട്ടുസമ്പ്രദായത്തിന് വിപരീതമായി തന്‍റെ മകന് മത വിദ്യാഭ്യാസത്തോടൊപ്പം സ്ക്കൂള്‍ വിദ്യാഭ്യാസവും നല്‍കി. പൊന്നാനി ടൗണിലെ ബോര്‍ഡ് മാപ്പിള സ്ക്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് ഒറ്റപ്പാലത്തുനിന്ന് ഹയര്‍ സ്ക്കൂള്‍ വിദ്യാഭ്യാസവും നേടി. പൊന്നാനിയിലെ മുസ്ലീംകളില്‍ മെട്രിക്കുലേഷന്‍ പാസ്സായ ആദ്യത്തെ വ്യക്തിയെന്ന അപൂര്‍വ്വ ബഹുമതിക്ക് അബ്ദുല്ലക്കുട്ടി സാഹിബിന് സ്വന്തം.  തുടര്‍പഠനത്തിന് ഇത് വലിയ പ്രോത്സാഹനമായി തീര്‍ന്നു. മദ്രാസ്സ് പ്രസിഡന്‍സി കോളേജില്‍നിന്ന് ബി. എ. ബിരുദവും 1920ല്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം തെക്കേ മലബാറിലെ മുസ്ലീംകളില്‍ നിയമ ബിരുദം നേടിയ ആദ്യത്തെ വ്യക്തിത്വമെന്ന ഖ്യാതിനേടി.


കോഴിക്കോട് കോടതികളിലാണദ്ദേഹം അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ അവസരത്തില്‍ പൊന്നാനി മഊനത്തുല്‍ ഉലൂം ഇസ്ലാം സഭക്ക് പരിഷ്ക്കരിച്ച നിയമാവലി, 1921-ലെ മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട കേസ്സുകള്‍ തുടങ്ങിയ പ്രമാദമായ പല നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. കുറച്ചുകാലത്തെ വിജയകരമായ പ്രാക്ടീസിനുശേഷം 1927-ല്‍ മദ്രാസ്സ് നീതിന്യായ വകുപ്പില്‍ ഡിസ്ട്രിക്ട് മുന്‍സിഫായി നിയമിതനായി. തമിഴ്നാട്ടിലും, മലബാറിലും വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്തു. നീതിന്യായപീഠത്തില്‍ ഉന്നത പദവിയിലേക്കുയരുവാന്‍ സാധിക്കുമായിരുന്ന സത്യസന്ധനായ അബ്ദുല്ലകുട്ടി സാഹിബ് 1934-ല്‍ 38-ാം വയസ്സില്‍ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. അവിടെതന്നെ അന്ത്യവിശ്രമവും.