ഉപ്പ് സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
ടിഐയുപി സ്കൂളിലെവിവാദവും 1930ലെ ഉപ്പുസത്യാഗ്രഹത്തിന്‍റെയും 31ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെയും സംഘാടന മികവും നിലപാടുകളും മുദ്രാവാക്യങ്ങളും കൗമാരപ്രായത്തില്‍ തന്നെ ഇമ്പിച്ചിബാവയുടെ രാഷ്ട്രീയ ഭാവി ഊര്‍ജ്ജം പകരാന്‍ ഹേതുവായ സംഭവങ്ങളാണ്.
അബ്ദുല്ല സ്രാങ്ക് ഇടക്കിടെ കോഴിക്കോട് നിന്ന് എത്തിച്ചു കൊടുത്തിരുന്ന അല്‍അമീനിലൂടെ ബ്രിട്ടീഷ് പോലീസ് അധികാരികളുടെ നിരന്തരമായ ക്രൂരമര്‍ദ്ദന രംഗങ്ങളും വര്‍ഷങ്ങളോളം രാഷ്ട്രീയരംഗത്ത് തനിക്ക് താങ്ങും തണലുമായിത്തീര്‍ന്ന എകെ ഗോപാലനുമായുള്ള ആത്മബന്ധത്തിന് ആരംഭം കുറിക്കാന്‍ അവസരം ലഭിച്ചതും ഇമ്പിച്ചിബാവയുടെ ജീവിതത്തിലേത് പോലെ തന്നെ അവിഭക്ത പൊന്നാനി താലൂക്കില്‍ സ്വാതന്ത്ര്യസമര രംഗത്ത് ക്രിയാത്മക ചലനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ദേശീയപ്രസ്ഥാനത്തിലേക്കുള്ള ഉപനയം
അവിഭക്ത പൊന്നാനി താലൂക്ക് ഉപ്പുസത്യാഗ്രഹത്തിന് വേദിയായിട്ടില്ലെങ്കിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ മുഖ്യ കേന്ദ്രം ഈ താലൂക്കിലെ വന്നേരിനാടായിരുന്നു. ഈ രണ്ട് സമരങ്ങളിലും പങ്കെടുത്ത സമരഭടډാരില്‍ വലിയൊരു വിഭാഗം യുവാക്കള്‍ പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരായിത്തീര്‍ന്നു.
ത്യാഗം ചെയ്യുന്നവരോടൊക്കെ ബഹുമാനമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. അവര്‍ക്കൊക്കെ അദ്ദേഹത്തെ ഇഷ്ടവുമായിരുന്നു. ശനിയന്‍ സഭയില്‍ നിന്ന് കേട്ടും അല്‍അമീന്‍ പത്രം വായിച്ചും കിട്ടിയ വിവരങ്ങളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ ആമുസൂപ്രണ്ട് മര്‍ദ്ദിച്ചത് ഇതെല്ലാം ചേര്‍ന്നാണ് കോണ്‍ഗ്രസ്സ് ആശയം ഇമ്പിച്ചിബാവയില്‍ കരുപ്പിടിപ്പിച്ചത്.(1)
രണ്ട് സമരങ്ങളുടെയും ചരിത്ര പശ്ചാത്തലം 1930 മാര്‍ച്ച് 12ന് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തില്‍ എണ്‍പതോളം സ്വാതന്ത്ര്യ സമര സേനാനികള്‍ ദണ്ഡിവരെ നികുതി നല്‍കാതെ ഉപ്പ് ഉല്‍പാദിപ്പിക്കാന്‍ യാത്ര നടത്തിയതോടെയാണ് ഉപ്പുസത്യാഗ്രഹത്തിന്‍റെ തുടക്കം. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയില്‍ ഉപ്പിന് നികുതി ചുമത്തിയതിനെ തുടര്‍ന്നായിരുന്നു സമരം. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ആദ്യത്തെ അക്രമരാഹിത്യ സമരമായിരുന്നു ഇത്.
സ്വാതന്ത്ര്യസമരത്തിന് ജനകീയ പിന്തുണ നേടിയ ഈ സമരം ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. ദണ്ഡിയാത്രയില്‍ ഗാന്ധിജിയെ അനുഗമിച്ച അനുയായികളില്‍ സി. കൃഷ്ണന്‍ നായര്‍, ചാപ്പന്‍ നായര്‍, രാഘവപൊതുവാള്‍, ക്ലീറ്റസ്, ശങ്കരന്‍ എഴുത്തച്ഛന്‍ എന്നീ അഞ്ച് മലയാളി ഭടډാരും ഉള്‍പ്പെടും. സ്വാതന്ത്ര്യ സമരരംഗത്ത് ബ്രിട്ടീഷ് കടുംപിടിത്തം ഒരു പരിധിവരെ അയവു വരുത്താന്‍ ഈ സമരം വഴിയൊരുക്കി.
സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഏപ്രില്‍ 27ന് കോഴിക്കോട് അബ്ദുറഹിമാന്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ ഗംഭീര പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ അബ്ദുറഹിമാന്‍സിംഹഗര്‍ജനത്തോടെ പ്രഖ്യാപിച്ചു.
ڇഞാനും എന്‍റെ ചില സ്നേഹിതډാരും സത്യാഗ്രഹത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മുടെ പൂര്‍വ്വികډാര്‍ രക്തസാക്ഷികളായിട്ടുള്ള വേദിയാണ് കോഴിക്കോട് കടപ്പുറം. ഇവിടെ ഞങ്ങളെയും ബലിയര്‍പ്പിക്കുമെങ്കില്‍ കൃതജ്ഞതയേയുള്ളു.ڈ
ഇ. മൊയ്തുമൗലവി, ടി. ഹസ്സന്‍കോയ മുല്ല, പൊډാടത്ത് മൊയ്തീന്‍കോയ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ അടങ്ങിയ ഒരു സംഘം മുഹമ്മദ് അബ്ദുറഹിമാന്‍റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ സത്യാഗ്രഹ ക്യാമ്പിലേക്ക് മാര്‍ച്ച് ചെയ്തു.
1930 മെയ് 12ന് പുലര്‍ച്ചെ സത്യഗ്രഹവളണ്ടിയര്‍മാരടക്കമുള്ള ഒരു ജാഥ കോഴിക്കോട്ടെ അബ്ദുറഹിമാന്‍ സാഹിബിന്‍റെ അല്‍ അമീന്‍ ലോഡ്ജില്‍ നിന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ ഖിലാഫത്ത് കടപ്പുറത്തേക്ക് മാര്‍ച്ച് ചെയ്തു. ഈ സമരത്തില്‍ അബ്ദുറഹിമാന്‍ സാഹിബിന് ഏല്‍ക്കേണ്ടി വന്ന കൊടിയ മര്‍ദ്ദനത്തെ കുറിച്ച് ജ്ഞാനപീഠ ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എസ്കെ പൊറ്റക്കാടിന്‍റെ ദൃക്സാക്ഷി വിവരണം ഇങ്ങനെ.
മുഹമ്മദ് അബ്ദുറഹിമാന്‍, കൃഷ്ണസ്വാമി അയ്യര്‍, മാധവന്‍നായര്‍, പി. കൃഷ്ണപിള്ള, ആര്‍വി ശര്‍മ്മ മുതലായവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യഭടډാര്‍ ഉപ്പ് കുറുക്കാന്‍ ചട്ടിയും വിറകുമായാണ് എത്തിയിരുന്നത്. നിയമലംഘകരെ നേരിടാന്‍ വെള്ളക്കാരനായ പോലീസ് സൂപ്രണ്ടും നാട്ടുകാരായ ഡെപ്യൂട്ടിസൂപ്രണ്ട് ആമുവും വലിയൊരുസംഘം പോലീസും സ്ഥലത്ത് നില്‍പ്പുണ്ടായിരുന്നു.
പൊലീസിന്‍റെ കിരാത മര്‍ദ്ദനം
സത്യഗ്രഹികള്‍ ഇഷ്ടികകൊണ്ട് അടുപ്പുകള്‍ കൂട്ടി. വളണ്ടിയര്‍മാര്‍ കടലില്‍ നിന്ന് ഉപ്പുവെള്ളം ചട്ടിയില്‍ കൊണ്ടുവന്നു. അടുപ്പില്‍വെച്ച് തീകത്തിച്ചുതുടങ്ങി.
ഇതൊരുനിയമ വിരുദ്ധ സംഘമാണ്. ഉടന്‍ പിരിഞ്ഞു പോകണം. പൊലീസ് കല്‍പ്പന മുഴങ്ങി. തങ്ങള്‍ നിയമം ലംഘിക്കാന്‍ ഒരുങ്ങി വന്നവരാണ്. പിരിഞ്ഞുപോവുകയില്ല. നേതാവ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ ഗംഭീര സ്വരം.
തുടര്‍ന്ന് ഉച്ചത്തില്‍ കേട്ടത് ചാര്‍ജ്ജ് എന്ന പൊലീസ് ആജ്ഞയാണ്. ഓര്‍ഡര്‍ മുഴങ്ങിയ മാത്രയില്‍ ഒരുകൂട്ടം പോലിസുകാര്‍ ലാത്തിവടികളുമായി സത്യാഗ്രഹികളുടെ നേര്‍ക്ക് കുതിച്ചു. പിന്നെ അവിടെ നടന്ന മര്‍ദ്ദനങ്ങളും ഭേദ്യങ്ങളും കണ്ടുനില്‍ക്കാന്‍ എങ്ങനെ മനക്കരുത്ത് ഉണ്ടായി എന്ന് പലപ്പോഴും ഇമ്പിച്ചിബാവ അത്ഭുതപ്പെടാറുണ്ടായിട്ടുണ്ട്. ഉപ്പ് കുറുക്കാനുപയോഗിച്ച അടുപ്പും തീയും ബൂട്ട്സ് കൊണ്ട് തട്ടിത്തകര്‍ക്കപ്പെട്ടു. പിന്നെ മനുഷ്യാസ്ഥികളും തലമണ്ടകളും ലാത്തി ദണ്ഡുകളും കൂട്ടിമുട്ടുന്ന ശബ്ദം.
മഹാത്മാഗാന്ധീകീജെയ്, ഭാരതമാതാകീജെയ് എന്നീ വിളികളില്‍ ലയിക്കുന്നു. നേതാക്കډാരെ തിരഞ്ഞുപിടിച്ചും തല്ലിച്ചതച്ചും ചവിട്ടിതള്ളിയിട്ട് ബൂട്ട്സ്കൊണ്ട് മെതിച്ചും പിടിക്കുന്നു. മനുഷ്യരക്തം പൂഴിമണ്ണില്‍ ഒലിച്ചുചേരുന്നു. ഉപ്പുവെള്ളം നിറച്ച ചട്ടി രക്ഷപ്പെടുത്താന്‍ തലക്കുമീതെ പൊക്കിപ്പിടിച്ച് ഭീമാകാരനായ അബ്ദുറഹിമാന്‍സാബിഹ് നില്‍ക്കുമ്പോള്‍ രണ്ട് പോലീസുകാര്‍ ഇരുവശത്തുനിന്നും അബ്ദുറഹിമാന്‍ സാഹിബിന്‍റെ തടിച്ച കഴുത്ത് ലാത്തികള്‍കൊണ്ട് മുറുക്കുന്ന കാഴ്ച, ആ പൊലീസുകാരിലൊരാള്‍ ആമു സൂപ്രണ്ടായിരുന്നു. അബ്ദുറഹിമാന്‍ സാഹിബടക്കം എല്ലാ സത്യഗ്രഹികളേയും അവിടെവെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തെ സംബന്ധിച്ച് കവിയും നടനുമായ പ്രേംജി എഴുതി.
കേരള സിംഹമാം അബ്ദുറഹ്മാന്‍റെ
വീരകണ്ഠത്തിലും ലാത്തിയമര്‍ത്തിയ
ആ മുഴുമുഠാളനാമു സൂപ്രണ്ടിനെ പെറ്റ നാടാണു കേരളം.
ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സമയത്ത് അബ്ദുറഹിമാന്‍ സാഹിബ് സ്വീകരിച്ച ധീരമായ നിലപാടുകളും ധൈര്യവും കരളുറപ്പും നേരില്‍ ദര്‍ശിക്കാന്‍ സാധ്യമായതാണ് ഇമ്പിച്ചിബാവ അദ്ദേഹത്തെ ആദരണീയ നേതാവായും രാഷ്ട്രീയ വഴികാട്ടിയായും അംഗീകരിക്കാന്‍ കാരണം.
ڇകോഴിക്കോട് കടപ്പുറത്ത് പത്തേമാരി അണയുമ്പോള്‍ ഉപ്പുസത്യാഗ്രഹം ഒരു പതിവുകാഴ്ചയായിരുന്നു. ഒരുനാള്‍ കടപ്പുറത്ത് ബ്രിട്ടീഷ് പൊലീസിനാല്‍ ചുറ്റപ്പെട്ട്, ഒരു ദീര്‍ഘകായന്‍ തല നിവര്‍ത്തിപ്പിടിച്ചിങ്ങനെ നില്‍ക്കുന്നു. അയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും അവര്‍ ആ വാക്ശരങ്ങളേറ്റ് പുളയുന്നതും സ്രാങ്ക് ഒട്ടൊരത്ഭുതത്തോടെ നോക്കിനില്‍ക്കുന്നു. ആരാണയാള്‍? അബ്ദുള്ള സ്വയം മന്ത്രിക്കുംപോലെ ചോദിച്ചു. അതാണ് മുഹമ്മദ് അബ്ദുറഹിമാന്‍ ആരോ പറയുന്നതുകേട്ടു.അന്നുമുതല്‍ അബ്ദുള്ള, അബ്ദുറഹിമാന്‍ സാഹിബിന്‍റെ ആരാധകനായി.(2)
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത പറയരിക്കല്‍ കൃഷ്ണപ്പണിക്കര്‍ യാത്രയാകുമ്പോള്‍ വെളിയംകോട്ടെ ഇളയതുമാസ്റ്റര്‍, സിപി രാമുട്ടി പണിക്കര്‍, ഗോപപണിക്കര്‍, ശാന്തിപ്പുറത്ത് മൊയ്തുണ്ണി തുടങ്ങിയവരും ഒന്നിച്ചുണ്ടായിരുന്നു. ഇളയതു മാസ്റ്റര്‍ക്കും നമ്പ്യാര്‍ മാസ്റ്റര്‍ക്കും മറ്റും അതികഠിനമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. അതിനു ശേഷമുണ്ടായ വിദേശ വസ്ത്ര ഷാപ്പുകളും കള്ളുഷാപ്പുകളും പിക്കറ്റിംഗ് നടത്തിയിരുന്ന കാലത്തും പലര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ആറ്റുപുറത്തെ സിടി രാഘവന്‍ നായരും മറ്റും അന്ന് പൊന്നാനിയില്‍ വന്നാണ് വിദേശവസ്ത്രഷാപ്പ് പിക്കറ്റിംഗ് നടത്തിയത്. അവര്‍ക്കൊക്കെ കലശലായ മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
പിന്നീട് ഇമ്പിച്ചിബാവയുടെ സഹപ്രവര്‍ത്തകരായി ഇടതുപക്ഷ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയ വന്നേരിനാട്ടിലെ കൊടമന നാരായണന്‍ നായര്‍, വി. മാധവന്‍ നായര്‍, മഹാകവി വള്ളത്തോളിന്‍റെ മക്കളായ കൃഷ്ണക്കുറുപ്പ്, അച്യുത കുറുപ്പ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്ത് നിയമം ലംഘിച്ച് അറസ്റ്റ് വരിച്ചവരില്‍പെടും. സമരഭടډാരും അനുഭാവികളുമായി ഇന്ത്യയില്‍ മൊത്തം എണ്‍പതിനായിരത്തോളം അറസ്റ്റ് ചെയ്യപ്പെടുകയോ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകുകയോ ചെയ്തിട്ടുണ്ട്.
അല്‍അമീന്‍ പത്രം
1924ല്‍ ആരംഭിച്ച അല്‍അമീന്‍ പത്രം നടത്തിക്കൊണ്ടുപോകാന്‍ അബ്ദുറഹിമാന്‍ സാഹിബ്സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു.1931 വരെ ത്രൈദിന പത്രവും 1936 വരെ ദിനം പത്രവുമായി പ്രസിദ്ധീകരിച്ചിരുന്നത്.നടത്തിപ്പിന് പണത്തിനു മുട്ടുവരുമ്പോള്‍ സ്രാങ്കേ, പണം വേണമല്ലോ എന്ന് അബ്ദുറഹിമാന്‍ പറയും. ആവുന്നത്ര പണം അബ്ദുള്ള ഒപ്പിച്ചു കൊടുക്കുകയും ചെയ്യും. അബ്ദുറഹിമാന്‍ സാഹിബിനെതിരായ ഗുണ്ടാ ആക്രമണങ്ങള്‍ അതേ നാണയത്തില്‍ നേരിട്ട്തോല്‍പ്പിക്കാനും അബ്ദുള്ള സ്രാങ്ക് മുന്നിലുണ്ടാവും. അബ്ദുറഹിമാന്‍ സാഹിബുമായി മാത്രമല്ല, കൃഷ്ണപിള്ള, മഞ്ചുനാഥറാവു തുടങ്ങിയവരോടും അബ്ദുള്ള സ്രാങ്കിന് അടുത്ത ബന്ധമുണ്ടായിരുന്നു. തന്‍റെ ബാപ്പയുടെ കോഴിക്കോടുമായുള്ള അടുത്ത ബന്ധവും കോണ്‍ഗ്രസ്സിലെ ഇടതുപക്ഷനേതൃത്വവുമായുള്ള ഉറ്റ സൗഹൃദവുമാണ് ഇളം പ്രായത്തില്‍ തന്നെ ഇമ്പിച്ചിബാവയെയും ദേശീയ പ്രസ്ഥാനത്തിലേക്ക് ഉപനയിച്ചത്.ڈ(3)പൊന്നാനി സ്വദേശി കെവി നൂറുദ്ദീന്‍ സഹപത്രാധിപരായിരുന്നു.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ ശക്തമായ നേതൃത്വവും അല്‍അമീന്‍ പത്രവും മലബാറില്‍ ഇമ്പിച്ചിബാവയെപ്പോലെ ധാരാളം മുസ്ലിം യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചു. ഇവരില്‍ അധികവും ഇടത്തരക്കാരും പാവപ്പെട്ടവരുമായിരുന്നു. സനാഉല്ല മക്തി തങ്ങളുടെയും തുടര്‍ന്ന് സൈതാലിക്കുട്ടി മാസ്റ്ററുടെയും പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന അറബിമലയാള പത്രങ്ങള്‍ക്ക് ശേഷം ഒന്നര പതിറ്റാണ്ട് കഴിഞ്ഞാണ് അല്‍ അമീന്‍ പ്രസിദ്ധീകരിക്കുന്നത്. തډൂലം മുസ്ലിംകളെ അറബി മലയാളത്തില്‍ നിന്ന് മലയാള ഭാഷയിലേക്കും മലയാള പത്ര വായനയിലേക്കും പ്രചോദിപ്പിക്കുന്നതില്‍ അല്‍അമീന്‍ മുഖ്യ പങ്ക് വഹിച്ചു.
കൃഷ്ണപിള്ളക്കെതിരെയുള്ള മര്‍ദ്ദനം
കൃഷ്ണപിള്ളക്കും പൊലീസുകാരില്‍നിന്ന് മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ശക്തമായ പ്രകോപനങ്ങളും പ്രലോഭനങ്ങളും ഉണ്ടായിട്ടുകൂടി അദ്ദേഹവും സഹപ്രവര്‍ത്തകരും ദേശീയ പതാക കൈവിടാതെ നെഞ്ചോടുചേര്‍ത്തുപിടിച്ച് ദേശസ്നേഹത്തിന് ഊര്‍ജ്ജം പകര്‍ന്നു. ഈ രംഗം വിവരിക്കുന്നത് ഇങ്ങനെ.
ڇകോഴിക്കോട് കടപ്പുറം ഒരു യുദ്ധക്കളമായി അതാ മാറുന്നു. സ്വാതന്ത്ര്യദാഹത്തില്‍ ആവേശഭരിതരായ വമ്പിച്ച ജനക്കൂട്ടം ഒരു ഭാഗത്ത്, ജനാബ് ആമു സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ വമ്പിച്ച സായുധപൊലീസ് സന്നാഹം മറുഭാഗത്ത്. ഉപ്പുനിയമലംഘനം ആരംഭിക്കുകയായി. അന്നത്തെ കലക്ടറുടെ പഴ്സണല്‍ അസിസ്റ്റന്‍റായിരുന്ന സെല്‍ഡാന നിയമലംഘന സ്ഥലത്തുവന്ന് കേളപ്പനെ കണ്ടു. തന്‍റെ കയ്യിലുള്ള വാക്കിംഗ് സ്റ്റിക്കുകൊണ്ട് ഉപ്പു കുറുക്കുന്ന ചില ചട്ടികള്‍ തകര്‍ത്തു. ഇതോടെ ജനങ്ങള്‍ക്കിടയിലും അമര്‍ഷം ആളിക്കത്താന്‍ തുടങ്ങി. ജനങ്ങള്‍ രോഷാകുലരായി. പൊലീസും സ്വാതന്ത്ര്യസമര സേനാനികളും ഉപ്പുനിയമലംഘനസ്ഥലത്ത് പ്രവേശിക്കുന്ന കാര്യത്തില്‍ ഏറ്റുമുട്ടി. കോഴിക്കോട് കടപ്പുറത്ത് കിങ്കരരായപൊലീസ്ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ജനങ്ങള്‍ സെല്‍ഡാനയുടെ തൊപ്പി തട്ടിത്തെറിപ്പിച്ചു. സ്വാതന്ത്ര്യസമരത്തില്‍ മരിക്കാന്‍ തയ്യാറായി ആയിരക്കണക്കിന് ആളുകള്‍ ഇരച്ചുകയറി. ലാത്തിച്ചാര്‍ജിന്‍റെ ഠേ ഠേ എന്ന ഒച്ച തന്നെ എവിടേയും. കേളപ്പന്‍, ആര്‍.വി. ശര്‍മ്മ, കൃഷ്ണസ്വാമിഅയ്യര്‍, മാധവന്‍നായര്‍ എന്നിവര്‍ ഈ പ്രക്ഷുബ്ധാന്തരീക്ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ കഴുത്തില്‍ ലാത്തികളിട്ട് ഞെരുക്കിയാണ് ആമു സൂപ്രണ്ട് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ലോറിയിലിട്ടത്. ഇതുകണ്ട ജനക്കൂട്ടം മതിമറന്ന് മുന്നോട്ടു തള്ളിക്കയറി. സ്വാതന്ത്ര്യപതാകക്കായി അന്ന് ആ മുറ്റത്ത് ഞാന്‍ കണ്ട യുവാവും പൊലീസും തമ്മില്‍ ഉഗ്രമായ പോരാട്ടം തന്നെ നടന്നു. ഈ യുവാവിനെ പൊലീസുകാര്‍ വലിച്ചിഴച്ച് പൊലീസ് വണ്ടിയിലിട്ടുകൊണ്ടുപോയി. ഈ യുവാവ് മറ്റാരുമല്ല കേരളത്തിന്‍റെ കണ്ണിലുണ്ണിയും സേനാനിയും വീരവിപ്ലവനേതാവുമായ കൃഷ്ണപിള്ളയായിരുന്നു.ڈ(4)
തടവറയിലെ ക്രൂരത
രണ്ടുകാലിലും ഒരിഞ്ചുവീതിയുള്ള ഇരുമ്പുവളകളിട്ട് അവയില്‍ ഇരുപത് പൗണ്ട് വീതം ഭാരമുള്ള രണ്ട് ഇരുമ്പ് ദണ്ഡുകള്‍ കെട്ടിയിരുന്നു. അവ മറ്റൊരു വളകൊണ്ട് ബന്ധിച്ചിരിക്കും. ഉറങ്ങുമ്പോഴും ഇത് ശരീരത്തില്‍ ഉണ്ടായിരിക്കും. ഈ തരത്തിലുള്ള കോള്‍ ചങ്ങലയാണ് പ്രശ്നക്കാരായ തടവുപുള്ളികളെ അണിയിച്ചിരുന്നത്. ഈ രീതിയിലുള്ള ക്രൂരമര്‍ദ്ദനമുറകളായിരുന്നു അക്കാലത്ത് ജയിലുകളില്‍. ഉപ്പ് സത്യാഗ്രഹത്തെക്കുറിച്ച് വി.ടി. ഭട്ടതിരിപ്പാട് അനുസ്മരിക്കുന്നത് ഇങ്ങനെ.
ڇ1931 ഫെബ്രുവരിയില്‍ ചില യുവജനസംഘപ്രവര്‍ത്തകരുംകൂടി കേരളത്തിന്‍റെ വടക്കന്‍ ഭാഗത്തേക്ക് ഒരു പര്യടനം നടത്തുകയുണ്ടായി. പയ്യന്നൂരിലെത്തിയ വി.ടി.യും സംഘവും കേളപ്പന്‍റെ നേതൃത്വത്തില്‍ ഉപ്പുസത്യഗ്രഹം നടന്ന സ്ഥലത്തുകൂടെ കടന്നുപോയി. ആ സ്ഥലത്തുകൂടെ കടന്നുപോയ അനുഭവത്തെക്കുറിച്ച് വി.ടി. ഉണ്ണിനമ്പൂതിരിയിലെഴുതിയ വിവരണം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ദേശീയ സമരത്തോടും ഗാന്ധിജിയോടും എത്രത്തോളം ആഭിമുഖ്യം വി.ടി.യിലുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ്.
സുപ്രസിദ്ധമായ പയ്യന്നൂരിലെ ഉപ്പുപടന്നയിലൂടെയാണ്കടന്നുപോയത്. അന്നത്തെ ഉപ്പുണ്ടാക്കുന്ന ബഹളവും പോലീസുകാരുടെ പൊത്തിപ്പിടിയും അക്കാലത്തെ പത്രങ്ങളില്‍നിന്ന് സാമാന്യമായി അറിഞ്ഞിട്ടുണ്ടെങ്കിലുംസ്നേഹിതډാരില്‍നിന്നാണ്വിശദമായി മനസ്സിലാക്കാന്‍ സാധിച്ചത്. ആദ്യമായി ഉപ്പെടുത്ത് കാച്ചിയ സ്ഥലത്ത് ചെന്നപ്പോള്‍ പരമാര്‍ത്ഥം പറയുകയാണെങ്കില്‍ സ്വരാജ്യാഭിമാനത്താല്‍ ഞാന്‍ പുളകിതഗാത്രനായി. വിശാലമായി കിടക്കുന്ന ആ ഭൂഭാഗമെല്ലാം അന്ന് തൃശ്ശൂര്‍ പൂരംപോലെ ജനനിബിഢമായിരുന്നുവത്രേകോണ്‍ഗ്രസ്സ് ധര്‍മ്മഭടډാര്‍ ഗാന്ധിത്തൊപ്പിയും ഖദര്‍യൂനിഫോറവുമായി.
പോരാ പോരാ നാളില്‍ നാളില്‍
ദൂര ദൂര മുയരട്ടെ
ഭാരതക്ഷമാദേവിയുടെ
തൃപ്പതാകകള്‍
എന്നിങ്ങനെ ഉശിരോടും ഉത്സാഹത്തോടുംകൂടി സഞ്ജീവിനീചോദകമായ സ്വാതന്ത്ര്യഗാനം പാടിക്കൊണ്ട് സ്വരാജ്യക്കൊടി നാട്ടിയതും ഗാന്ധിജീകീ ജയ് വിളിയോടും വന്ദേമാതരഗാനത്തോടും നടന്ന് വിശ്രുതമായിത്തീര്‍ന്നിട്ടുള്ള ലവണാപഹരണനാടകത്തിലെ ഏഴങ്കങ്ങളും എന്‍റെ മനസ്സില്‍ ക്ഷണനേരംകൊണ്ട് ചിത്രീകരിച്ച് കഴിഞ്ഞു. ഞാന്‍ ആ സ്ഥലം ഒന്ന് തൊട്ടു തലയില്‍വെച്ചു. ദാരിദ്ര്യപീഢിതയായഭാരതാംബയുടെ തൃക്കാല്‍ക്കല്‍ ഭക്ത്യാദരപുരസ്സരം സാഷ്ടാംഗംതലകുനിച്ചു. മഹാത്മജിക്കു, സബര്‍മതിയിലെ ആ സന്ന്യാസിവര്യന്നډനേര്‍ന്നു.ڈ(5)
ഗുരുവായൂര്‍ സത്യാഗ്രഹം
ഉപ്പ് സത്യാഗ്രഹത്തിന്‍റെ തിരയടികള്‍ ഏതാണ്ട് അവസാനിക്കുന്നതിന് മുമ്പാണ് അവര്‍ണര്‍ക്ക് ആരാധനകള്‍ക്കായി ക്ഷേത്രം തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട്ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച കെ കേളപ്പന്‍റെ നേതൃത്വത്തിലുള്ള ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ആരംഭം. കാല്‍നട ജാഥ അടക്കമുള്ള വിവിധ സമരമുറകള്‍ക്ക് ശേഷമാണ് പത്തുമാസത്തോളം നീണ്ടുനിന്ന സത്യാഗ്രഹവും സമരങ്ങളും പന്ത്രണ്ട് ദിവസത്തെ നിരാഹാര സമരവും നടന്നത്. കേളപ്പന് പുറമെ സമരത്തിന്‍റെ ആദ്യം മുതല്‍ അവസാനം വരെ നിറസാന്നിധ്യമറിയിച്ച രണ്ട് യുവ സമരനായകരാണ് എകെ ഗോപാലനും പി കൃഷ്ണപിള്ളയും.
ഏകെജിക്കെതിരെ ക്രൂര മര്‍ദ്ദനം
സമരത്തിന്‍റെ മുന്നോടിയായി എ.കെ. ഗോപാലന്‍ ക്യാപ്റ്റനായി നമ്പൂതിരി യുവാവായ സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ നേതൃത്വത്തില്‍ 1931 ഒക്ടോബര്‍ 21ന് കണ്ണൂരില്‍ നിന്നാരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തത്കേളപ്പനായിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് ദളിതര്‍ ഉള്‍പ്പെടെ എത്തിച്ചേര്‍ന്നജാഥയെ അവിടത്തെ ഒരു ഈഴവ ക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ് ക്ഷേത്രത്തിനടുത്തുള്ള തെരുവില്‍ക്കൂടി സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നില്ല. തല്‍സമയം ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം ജാഥയില്‍ പങ്കെടുത്തവരെ കഠിനമായി മര്‍ദ്ദിച്ചു. എകെജിക്കും കേരളീയനും കൊടിയ മര്‍ദ്ദനങ്ങളേറ്റു. കേരളീയന്‍റെ മരണമൊഴിപോലും രേഖപ്പെടുത്തി. ഈ പോലീസ് തേര്‍വാഴ്ച കണ്ടോത്തെ കുറുവടി എന്ന പേരില്‍ അറിയപ്പെട്ടു.
രംഗം ശാന്തമായതിനെ തുടര്‍ന്ന് എ.കെ.ജി. അടക്കം ശാരീരികാവശത കൂസാതെ പ്രയാണം ആരംഭിച്ച ജാഥക്ക് വഴി നീളെ പണക്കിഴികളും ആവേശകരമായ സ്വീകരണങ്ങളും ലഭിച്ചു. സുബ്രഹ്മണ്യന്‍ തിരുമുമ്പ് മനോഹരമായ കവിതകള്‍ ചൊല്ലിക്കൊണ്ടാണ് ജാഥ നയിച്ചിരുന്നത്. ധാരാളം ഹരിജനങ്ങള്‍ക്ക് പുറമെ വി ഗോപാലന്‍, വിഷ്ണു ഭാരതീയന്‍, എം കൃഷ്ണന്‍, കെ. കണ്ണന്‍, പിവി കരുണാകരന്‍, കെ മാധവന്‍, എന്‍പി അബു, എ കുമാരന്‍, ഇആര്‍ പരമേശ്വരന്‍, കെ നാരായണന്‍, എം ഗോപാലന്‍, എന്‍കെ അപ്പുകുഞ്ഞന്‍, എന്‍ മാധവന്‍ അടങ്ങിയ ഒരുപറ്റം യുവാക്കളായിരുന്നു ജാഥാംഗങ്ങള്‍. കോഴിക്കോട് ടൗണില്‍ കുഞ്ഞിശങ്കരമേനോന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സത്യാഗ്രഹജാഥയിലെ ബാലതാരം
പൊന്നാനിയിലെ സ്വീകരണംകുറ്റിക്കാട് പരിസരത്ത് വച്ചായിരുന്നു. ജാഥക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി. പൊന്നാനി താലൂക്കിന്‍റെ ചുമതല പറയരിക്കല്‍ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ കെവി രാമമേനോന്‍, കെവി ബാലകൃഷ്ണമേനോന്‍ ഉള്‍പ്പെട്ട ശക്തമായ ഒരു യുവ നിരതന്നെ സഹകാരികളായി ഉണ്ടായിരുന്നു. എകെജിയുടെ പൊന്നാനിയിലെ പ്രഥമ സന്ദര്‍ശനമാണിത്.
പ്രാചീന കാലത്ത് തുലാം മാസത്തിലെ അമാവാസിക്ക് തിരുന്നാവായയില്‍ കര്‍മ്മത്തിനെത്തുന്ന പരശ്ശതംഭക്തര്‍ പുഴ കടന്ന് കാല്‍നടയായി പൊന്നാനിയിലെത്തി രാപ്പാര്‍ത്ത് രാവിലെ സംഗമിച്ച് പഴയ രീതിയില്‍ പരസ്പര കൈമാറ്റ സമ്പ്രദായമനുസരിച്ച് കൊടുക്കല്‍ വാങ്ങല്‍ നടത്തിയിരുന്ന ഒരു പ്രദേശമായിരുന്നു കുറ്റിക്കാട്. ഇതിന്‍റെ സ്മരണയത്രെ കൊല്ലം തോറുംനടക്കാറുള്ള വാവ് വാണിഭം. തډൂലം പഴയ കാലം മുതല്‍ തന്നെ ഈ പ്രദേശംപൊന്നാനിയിലെ ഒരു പ്രമുഖ കേന്ദ്രമായിരുന്നു.ചുറ്റും വിജനവും വിശാലവുമായുള്ള നെല്‍വയലുകളായിരുന്നു. സ്വാതന്ത്ര്യസമര അനുഭാവികളും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ വമ്പിച്ചൊരു ജനസമൂഹം സംഗമിച്ചസ്വീകരണത്തില്‍കേവലം പതിനാല് വയസ്സായ ഇമ്പിച്ചിബാവയും പങ്കെടുത്തിരുന്നു.
എകെജിയുടെ ആവേശകരമായ പ്രസംഗം ഇമ്പിച്ചിബാവയില്‍ നവചൈതന്യവും ഊര്‍ജ്ജവും പകര്‍ന്നു. തുടര്‍ന്ന് അദ്ദേഹം എകെജിയുടെ ജാഥയെ അനുഗമിച്ചു. ഇമ്പിച്ചിബാവയുടെ സമര പോരാട്ടത്തിന്‍റെ ആരംഭം കുറിക്കലായിരുന്നു ഇത്.
മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, പുന്നയൂര്‍, കോട്ടപ്പടി തുടങ്ങിയ ഇടങ്ങളില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. മഹാകവി വള്ളത്തോളിന്‍റെ ഭാര്യാഗൃഹമായ വടക്കേക്കാട്ടെ ചിറ്റഴി വീട്ടിലും സ്വീകരണം നല്‍കി. വിവിധജാതി മതസ്ഥര്‍ ജാഥയില്‍ പങ്കെടുത്തതിനാല്‍ പല സവര്‍ണരും അനിഷ്ടം പ്രകടിപ്പിച്ചു.
ആലുക്കല്‍ ക്ഷേത്രത്തിന്‍റെ മുന്‍വശത്തെ മൈതാനത്തായിരുന്നു കോട്ടപ്പടിയിലെ സ്വീകരണം ഒരുക്കിയിരുന്നത്. പുന്നത്തൂര്‍ വലിയരാജയുടെ അധീനത്തിലുള്ള സ്ഥലമായതിനാല്‍ സ്വീകരണം അവിടെ അനുവദിച്ചില്ല. പകരം സ്വാതന്ത്ര്യസമര അനുഭാവിയായ കണ്ണത്ത് കൃഷ്ണന്‍നായരുടെ സ്ഥലത്തായിരുന്നു സംഘടിപ്പിച്ചത്. ഒക്ടോബര്‍ 31ന് വൈകുന്നേരം ഗുരുവായൂരിലെത്തിയ ജാഥക്ക് ആയിരങ്ങളുടെ വരവേല്‍പ്പാണ് ലഭിച്ചത്. ജാഥയില്‍ ആദ്യാവസാനം എകെജിയുടെ ഹൃദ്യമായ പെരുമാറ്റവും ആകര്‍ഷകമായ സ്വഭാവവൈശിഷ്ട്യവും വിഷ്ണു ഭാരതീയന്‍ പ്രത്യേകം അനുസ്മരിക്കുന്നു. സവര്‍ണ വിഭാഗത്തെ സമരാനുകൂലികളാക്കാന്‍ വിടി ഭട്ടതിരിപ്പാടിന്‍റെ തൂലിക വാക്ചാതുരി ആക്കംകൂട്ടി.
ഉശിരുള്ള നായര്‍ മണിയടിക്കട്ടെ
ജയില്‍മോചിതനായ കൃഷ്ണപിള്ള കോണ്‍ഗ്രസ്സ് ആശയങ്ങളോടുള്ള ഭിന്നിപ്പ് മനസ്സില്‍ അടക്കിപ്പിടിച്ച് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. ഡിസംബര്‍ 21ന് അദ്ദേഹം ക്ഷേത്രസോപാനത്തില്‍ കയറി മണിയടിച്ച് തൊഴുതു. ബ്രാഹ്മണര്‍ക്ക് മാത്രം അനുവദനീയമായ ആചാരമായതിനാല്‍ അദ്ദേഹത്തെ ക്ഷേത്ര ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കി. പിറ്റേ ദിവസവും അദ്ദേഹം ഇതാവര്‍ത്തിച്ചു. തډൂലം കൃഷ്ണപിള്ളക്ക് വീണ്ടും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ശക്തമായ രീതിയില്‍ തലക്കടിയേറ്റു പുറത്തേക്ക് തള്ളി. ഈ സന്ദര്‍ഭത്തിലാണ്
ഉശിരുള്ള നായര്‍ മണിയടിക്കും
എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കും (6)എന്ന വിഖ്യാത വചനങ്ങള്‍ കാവല്‍ക്കാരനെ നോക്കി പരിഹസിച്ചുകൊണ്ട് കൃഷ്ണപിള്ള പറഞ്ഞത്. തുടര്‍ന്ന് ഡിസംബര്‍ 28ന് എകെജിയും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് ബോധരഹിതനായി.
സത്യാഗ്രഹം പ്രത്യക്ഷത്തില്‍ പതിനൊന്ന് മാസത്തിലധികം നീണ്ടുനിന്ന സമരമായിരുന്നുവെങ്കിലും അതിന്‍റെ അലയടികള്‍ 1933 ഫെബ്രുവരി 4 വരെ നീണ്ടുനിന്നു. ക്ലേശകരമായ ഈ പോരാട്ടം ക്ഷേത്രപ്രവേശന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു. അവിഭക്ത പൊന്നാനി താലൂക്കിലെ വന്നേരി നാടിന്‍റെ ചരിത്രത്തില്‍ മറ്റു പോരാട്ടങ്ങളെ അപേക്ഷിച്ച് സുവര്‍ണ്ണ അധ്യായം തുന്നിച്ചേര്‍ത്തതായിരുന്നു ഈ സമരം.
സത്യാഗ്രഹത്തില്‍ കൃഷ്ണപിള്ളയെയും എകെജിയെയും ക്രൂരമായി മര്‍ദ്ദിച്ചതും അവരുടെ ശക്തമായ നിലപാടുകളും ഇമ്പിച്ചിബാവയുടെ സമരാവേശത്തിന് ആക്കംകൂട്ടി.
ഇമ്പിച്ചിബാവക്ക് എ.കെ.ജി.യോടുള്ള ആകര്‍ഷണീയത ക്രമേണ ആത്മബന്ധമായി മാറുകയും എകെജിയുടെ അന്ത്യംവരെ വലംകൈ പോലെ തുടരുകയും ചെയ്തു. എ.കെ.ജിക്ക് ഒരു കുഞ്ഞ് പിറന്നാല്‍ ആണായാലും പെണ്ണായാലും പേര് നിര്‍ദ്ദേശിക്കുക താനായിരിക്കുമെന്ന് അദ്ദേഹത്തോട് ഇമ്പിച്ചിബാവ നേരത്തെ പറഞ്ഞിരുന്നു. അതനുസരിച്ച് എകെജിയുടെ മകള്‍ക്ക് ലൈല എന്ന പേര് നിര്‍ദ്ദേശിച്ചത് ഇമ്പിച്ചിബാവയായിരുന്നു. അവസാന നാളുകളില്‍ ചണ്ഡീഗഡ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ ഇമ്പിച്ചിബാവ ലൈലയെ പുത്രിവാത്സല്യത്തോടെ തന്‍റെമുറിയിലേക്ക് വിളിപ്പിച്ച് പലഹാരപ്പൊതികള്‍ നല്‍കി. പൂര്‍വ്വകാല ബന്ധത്തിന് ഊഷ്മളത പകര്‍ന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവായ എകെജിയുമായിഇമ്പിച്ചിബാവക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. എകെജിയുടെ ലെഫ്റ്റനന്‍റാണ് ഇദ്ദേഹമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളില്‍ ചൂടുപിടിച്ച വാഗ്വാദങ്ങള്‍ ഇരുവരും നടത്തുമായിരുന്നെങ്കിലും ഒരിക്കലും ഒരു ശണ്ഠയുടെ മാനത്തിലേക്ക് അത് വളരാതിരിക്കാന്‍ രണ്ട്പേരും ശ്രദ്ധിക്കുമായിരുന്നു. കുടുംബസദസ്സുകളില്‍ ഇരുവരും ചേര്‍ന്നാല്‍ പിന്നെ എനിക്കും ഫാത്തിമ്മ ടീച്ചര്‍ക്കും ചിരിക്കാനേ നേരമുണ്ടായിരുന്നുള്ളു. ഇമ്പിച്ചിബാവയും എകെജിയും തമാശയുടെ അമിട്ടുകള്‍ മത്സരിച്ച് പൊട്ടിച്ചുകൊണ്ടിരിക്കും.ڈഎപ്പോഴും ജനങ്ങള്‍ക്കിടയില്‍ നിന്ന നേതാവായിരുന്നു ഇമ്പിച്ചിബാവ. ഒരിക്കലും അദ്ദേഹം ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ല. (7)എകെജിക്ക് ശേഷം കേരളം കണ്ട മഹാനായ കമ്യൂണിസ്റ്റ് പ്രചാരകനും പ്രക്ഷോഭകാരിയുമായിരുന്നു ഇമ്പിച്ചിബാവ.
സഹായക രചനകള്‍
1. ശോഭനമായിരുന്ന കാലം, ഇ.കെ. ഇമ്പിച്ചിബാവ, വന്നേരിനാട്, പേജ്. 352
2. മുഖവുരക്ക് പ്രസക്തിയില്ലാത്ത ഒരു മുഖം, എം.എം. നാരായണന്‍, പരിവേഷങ്ങളില്ലാത്ത ജനനായകന്‍, പേജ്.38
3. മുഖവുരക്ക് പ്രസക്തിയില്ലാത്ത ഒരു മുഖം, എം.എം. നാരായണന്‍, പരിവേഷങ്ങളില്ലാത്ത ജനനായകന്‍ പേ. 38, എഡി. ഐ.വി. ദാസന്‍
4. സഖാവിന്‍റെ ജീവിതം വിപ്ലവകാരികള്‍ക്ക് മാതൃക, കെ.പി. ഗോപാലന്‍
5. വിടി ഒരു യുഗപുരുഷന്‍, പ്രൊഫ.എ.പി.പി നമ്പൂതിരി, പേജ്.125
6. ഒരു രാഷ്ട്രീയ സുഹൃത്തിന്‍റെ പൂര്‍വ്വകാല സ്മരണകള്‍, വിഷ്ണു ഭാരതീയന്‍ (സഖാവ് പി. കൃഷ്ണപിള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ്, പേജ്.89)
7. എന്നും ജനങ്ങള്‍ക്കിടയില്‍ നിന്ന നേതാവ്, സുശീല ഗോപാലന്‍ (പരിവേഷങ്ങളില്ലാത്ത ജനനായകന്‍, എഡി. ഐ.വി. ദാസ്, പേജ് 21)