ഗാന്ധിജിയുടെ ഗുരുവായൂര്‍ പ്രസംഗം
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
1934 ജനുവരി 13 ശനിയാഴ്ച മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത ഗാന്ധിജിയുടെ ഗുരുവായൂര്‍ പ്രസംഗത്തിന്‍റെ സംഗ്രഹം.
ഇവിടെ സന്നിഹിതരായ ഞാനടക്കമുള്ള മുഴുവന്‍ ജനങ്ങളോടും പരമ പ്രധാനമായ ചില കാര്യങ്ങളെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ആശിച്ചിരുന്നു. എന്നാല്‍ അതിന് പകരം ഇന്ന് രാവിലെ ഞാന്‍ കണ്ട ചില കാഴ്ചകള്‍ ഹേതുവായി വിലയേറിയ നാല്‍പത് മിനിറ്റ് അതിനുവേണ്ടി ചിലവഴിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. എന്നെപ്പോലെതന്നെ നാം പിറന്ന മാതൃഭൂമിയുടെ രണ്ട് മക്കള്‍ ഇവിടെ ഈ പ്ലാറ്റ്ഫോറത്തില്‍ കിടക്കുന്നു. ഒരാളുടെ വായില്‍കൂടി രക്തം കിനിയുന്നു. രണ്ടുപേരും ബോധരഹിതരായിരിക്കുന്നു.
ഈ രണ്ടുപേരെയും പരിചരിക്കുവാനാണ് ആ കാഴച എന്നെ ഒന്നാമതായി നിര്‍ബന്ധിക്കുന്നത്. വിരോധാഭാസമായ ഇങ്ങനെയുള്ള ഒരു പ്രകടനം സനാതന ധര്‍മ്മത്തിന്‍റെ നാമത്തില്‍ ചെയ്യുന്നുവെന്നത് എനിക്കിപ്പോള്‍ അരോചകമായി തോന്നിയെങ്കിലും ഈ പ്രകടനങ്ങള്‍ നടത്തുന്നതിന് അവര്‍ക്കുള്ള അധികാരം ഞാന്‍ പാലക്കാട്ട് വെച്ചു സമ്പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു. പാലക്കാട്ടെ പൊതുയോഗത്തില്‍വെച്ച് ഇക്കാര്യം പരസ്യമായി പറയുന്നതിന് എനിക്കപ്പോള്‍ തെല്ലുപോലും സങ്കോചമുണ്ടായില്ല.
അയിത്തമെന്ന മഹാ വിപത്തിന്‍റെ തീക്ഷ്ണമായ വേദന ഹൃദയത്തിന്‍റെ അന്തരാളങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തില്‍ നിന്ന് അയിത്തത്തെ വേരോടെ പറിച്ചു കളഞ്ഞില്ലെങ്കില്‍ ഹിന്ദുമതം കേവലം പരാജയപ്പെട്ടു പോകുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ബലം പ്രയോഗിച്ചോ പ്രകടിപ്പിച്ചോ അയിത്തത്തെ നീക്കം ചെയ്യുവാന്‍ എത്ര പ്രയാസപ്പെട്ടാലും ഞാന്‍ ആഗ്രഹിക്കുന്നില്ല. നിയമം കൊണ്ട് പെട്ടെന്നത് സാധിച്ചെന്നുവരില്ല. അയിത്തോച്ചാടനത്തിനുള്ള പോംവഴി അനേകം ശതലക്ഷം ഹിന്ദുക്കളുടെ ഹൃദയപരിവര്‍ത്തനം മൂലം മാത്രമേ പരിപൂര്‍ണ്ണമായി ശുദ്ധീകരിക്കാന്‍ സാധ്യമാകു. അനേകായിരം പ്രവര്‍ത്തകډാരുടെ ത്യാഗങ്ങള്‍ മൂലമാണ് അത് നേടിയെടുക്കേണ്ടത് അല്ലാതെ മറ്റുള്ളവരെ ഉപദ്രവിച്ചിട്ടല്ല.
ആത്മശുദ്ധീകരണവും ആത്മവിശ്വാസവും സാധിക്കുവാനുള്ള ഒരു പ്രസ്ഥാനമാണ് ഇത്. ഞാന്‍ പറഞ്ഞതുപോലെയുള്ള ഒരു വീക്ഷണത്തോടെ കാര്യത്തെ ഗൗരവപൂര്‍വ്വം നിങ്ങള്‍ക്ക് സമീപിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ നിങ്ങള്‍ എന്നെ ഏകനായി വിട്ടേച്ചു പോകുന്നതായിരിക്കും എനിക്കധികവും ഇഷ്ടം.
മലബാറില്‍ ഞാന്‍ വന്നതുമുതല്‍ ഇവിടെ നേരില്‍കണ്ട രീതിയിലുള്ള ചില ദുഷ്പ്രകടനങ്ങള്‍ കാണാനിടയായതില്‍ ഞാന്‍ വ്യസനിക്കുന്നു. ഞാനെത്ര ഉത്തമ വിശ്വാസത്തോടെയാണോ ഈ കാര്യങ്ങള്‍ ചെയ്യുന്നത് അത്രതന്നെ ഉത്തമ വിശ്വാസം സനാതനികള്‍ക്കുമുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. അതോടൊപ്പം അവരെപ്പോലെ അഭിപ്രായങ്ങള്‍ പറയുവാനും പൊതുജനാഭിപ്രായം രൂപീകരിക്കുവാനും എനിക്കും അവകാശമുണ്ടായിരിക്കും.
സനാതനധര്‍മ്മം ഒരു വിഭാഗക്കാരുടെ മാത്രം കുത്തകയല്ല. ആ വാക്കിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു പ്രതിനിധിയാണ് ഞാനും. മറ്റുള്ളവര്‍ ആധാരമാക്കുന്ന അതേ ശാസ്ത്രങ്ങളിേډല്‍ തന്നെയാണ് അയിത്തത്തോടുള്ള എന്‍റെ കഠിനമായ വിപരീതഭാവവും ദൃഢീകരിച്ചിട്ടുള്ളത്. ശാസ്ത്രങ്ങളെ ആ രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഞാനൊരാള്‍ തയ്യാറായെങ്കില്‍ ആ വ്യാഖ്യാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു ആത്മശാസനത്തെ; ഉള്ളില്‍ നിന്നുള്ള വിളിയെ ധിക്കരിക്കരുതെന്നും അതേ ശാസ്ത്രങ്ങള്‍ എന്നോടാജ്ഞാപിക്കുന്നു.
ഭാഗ്യവശാല്‍ ശാസ്ത്രങ്ങള്‍ കാണുന്ന അര്‍ത്ഥത്തില്‍ തന്നെ വ്യഖ്യാനിക്കുന്നതില്‍ ഞാന്‍ ഏകനല്ല. സനാതന ധര്‍മ്മത്തിന്‍റെ വ്യാഖ്യാതാക്കളെന്ന് സ്വയം അഭിമാനിക്കുന്ന ശാസ്ത്രിമാരെപ്പോലെ അവകാശവും അധികാരവുമുള്ള പല ശാസ്ത്രിമാരും എന്നോട് ഈ വിഷയത്തില്‍ യോജിക്കുന്നു.
ഇന്നാചരിക്കപ്പെടുന്ന അയിത്തത്തിന് ശാസ്ത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് അഞ്ച് പതിറ്റാണ്ടായി നിരന്തരമായ അനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എന്‍റെ ഉറച്ച വിശ്വാസം. റോഡുകളില്‍ നടക്കുക, സ്കൂളില്‍ ചേരുക, പൊതുആരാധനാ സ്വാതന്ത്ര്യം. തുടങ്ങിയവ ഇതര ഹിന്ദുക്കള്‍ക്കും മറ്റുള്ള ജനതക്കും ഉള്ളതുപോലെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ ഹരിജനങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ണ്ണര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ പുണ്യ പുരാതന ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുന്നതുവരെ ഹിന്ദുക്കള്‍ അവരുടെ ധര്‍മ്മം നിറവേറ്റിയവരായിരിക്കയില്ല.
എന്നാല്‍ പൊതുജനാഭിപ്രായം അനുകൂലമായിരിക്കുന്നേടത്തു മാത്രമേ ക്ഷേത്രം തുറന്നുകിട്ടണമെന്നു ഞാന്‍ ആവശ്യപ്പെടുന്നുള്ളു. എവിടെയെങ്കിലും ഏതെങ്കിലും രീതിയിലുള്ള പ്രതിബന്ധങ്ങളുണ്ടെങ്കില്‍ ആ പ്രതിബന്ധം ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. അതുതന്നെയാണ് ക്ഷേത്രപ്രവേശന ബില്ലിന്‍റെ ഉദ്ദേശവും.
തങ്ങളുടെ ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനേകം ഊരാളډാര്‍ ഇന്നനുഭവിക്കുന്ന ബലഹീനതയെ മാറ്റുവാന്‍ മാത്രമാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ക്ഷേത്രപ്രവേശന ബില്ലിലാകട്ടെ, അയിത്തോച്ചാടന ബില്ലിലാകട്ടെ നിര്‍ബന്ധത്തിന്‍റെ ഒരു നിഴല്‍പോലുമില്ല.
ഈ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്‍റെ പിന്നില്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുത്തു സ്വന്തമാക്കണമെന്ന ഒരു ദുരുദ്ദേശവും എനിക്കില്ലെങ്കിലും പ്രവര്‍ത്തകډാര്‍ക്കുണ്ടെന്നൊരു അസ്പഷ്ട ശബ്ദവും ഞാനിന്ന് രാവിലെ കേള്‍ക്കുവാന്‍ ഇടയായി. ഈ കിംവദന്തിയെ കേവലം പാടെ നിഷേധിക്കുന്നതിന് എനിക്ക് യാതൊരു സങ്കോചവുമില്ല. എനിക്കങ്ങനെയൊരു നീചാഭിലാഷവുമില്ല. അങ്ങനെയുള്ള ദുരാഭിലാഷം വെച്ചുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകډാരും എന്‍റെ അറിവിലില്ല. അഥവാ അങ്ങനെ വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഈ പ്രസ്ഥാനത്തില്‍ സ്ഥാനമില്ല. ക്ഷേത്രങ്ങളുടെ ഉടമാവകാശം നിയമപ്രകാരം നിലവില്‍ ആരുടെ കയ്യിലാണോ അവരായിരിക്കും അതിന്‍റെ ഉമസ്ഥര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ബ്രാഹ്മണ്യം നശിപ്പിക്കലാണ് ഈ പ്രസ്ഥാനത്തിന്‍റെ ഉദ്ദേശമെന്ന ഒരാക്ഷേപവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണ്യത്തിന്‍റെ അടിപണിയുക എന്നതിന് ഹിന്ദുമതത്തിന് അടിപണിയുക എന്നതാണ് അര്‍ത്ഥം.
നഖശിഖാന്തം ഭസ്മം പൂശുകയും, ശാസ്ത്രങ്ങള്‍ തെറ്റു കൂടാതെ ഉദ്ധരിക്കുകയും ചെയ്തതുകൊണ്ടു മാത്രം ഒരാള്‍ ബ്രാഹ്മണനാവുകയില്ല. ഭസ്മം പൂശേണ്ടതും വേദങ്ങള്‍ അറിയേണ്ടതും ആവശ്യമാകുന്നു. എന്നാല്‍ വേദത്തെ തങ്ങളുടെ ജീവിതചര്യയില്‍ പ്രാവര്‍ത്തികമാക്കലാണ് ഏറ്റവും അധികം ആവശ്യം. ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും ബ്രാഹ്മണ്യത്തെ പ്രത്യക്ഷമാക്കേണ്ടതുണ്ട്. സ്വകൃത്യങ്ങളില്‍ പരിശുദ്ധമായിരിക്കുകയും, ചരിത്രസ്ഥലങ്ങളെയും സ്ഥിതികളെയും പരിശുദ്ധമാക്കുകയും ചെയ്യുക എന്നത് ഓരോ ബ്രാഹ്മണനും ആവശ്യമാണ്. മറ്റുള്ളവര്‍ക്ക് ജീവിക്കുന്നതിന്ന് വേണ്ടി മരിക്കാന്‍ അദ്ദേഹം സര്‍വ്വദാസന്നദ്ധനായിരിക്കണം. എനിക്കു ബ്രാഹ്മണ്യത്തോടു എത്രമാത്രം ബഹുമാനം ഉണ്ടെന്നു നിങ്ങള്‍ക്ക് ഈ പറഞ്ഞതില്‍ നിന്നു മനസ്സിലായിരിക്കണം. അല്ലാതെ സ്വാര്‍ത്ഥത്തെപറ്റി മാത്രം ചിന്തിക്കുന്ന ബ്രാഹ്മണരെയല്ല ഞാന്‍ നമസ്കരിക്കുന്നത്.
അദ്ദേഹം തുടര്‍ന്നു. എന്‍റെ കയ്യില്‍ ഇന്നു രാവിലെ അച്ചടിച്ച കത്തു തന്ന ആള്‍ക്ക് മറുപടി നല്‍ക്കേണ്ടത് ആവശ്യമാണെന്നു അദ്ദേഹം വിചാരിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ഞാന്‍ ഇത്രമാത്രം പറയാം. അദ്ദേഹത്തിന്‍റെ ഓരോ ചോദ്യത്തിന്നുമുള്ള ഉത്തരം, "ഹരിജന്‍" പത്രത്തിന്‍റെ പേജുകളില്‍ കാണാവുന്നതാണ്. 'വര്‍ണ്ണധര്‍മ്മം' എന്നത് ഞാന്‍ എത് അര്‍ത്ഥത്തിലാണ് വിവക്ഷിച്ചിട്ടുള്ളതെന്നു അദ്ദേഹത്തിന്നു അത് വായിച്ചാല്‍ കാണാം. കത്തില്‍ മൂന്നും നാലും ഖണ്ഡികകളില്‍ അദ്ദേഹം ഗീതയെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് അദ്ദേത്തിന്നു മനസ്സിലാവുകയും ചെയ്യും.
ഒരു അഭിമുഖസംഭാഷണത്തിന് എന്നോടദ്ദേഹം സമയം ചോദിച്ചിരുന്നു. ഗൂരുവായൂരില്‍ അതിന്നു അവസരം ലഭിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഒരു വാദപ്രതിവാദം നടത്തുന്നതിനു പാലക്കാടുവെച്ചു ചില പണ്ഡിതډാര്‍ എന്നെ ക്ഷണിക്കുകയുണ്ടായി. ആ സുഹൃത്തുകളെ അപ്പോള്‍ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ഞാന്‍ വ്യസനിക്കുന്നു. ഞാന്‍ പാലക്കാടുവിടാന്‍ ഒരുങ്ങുമ്പോഴാണ് എനിക്കു ആ വിവരം ലഭിച്ചത്. കോഴിക്കോട് വെച്ച് 16നു രാവിലെ 10 മണിക്ക് വാദപ്രതിവാദം നടത്താമെന്നു ഞാന്‍ അവരോടു പറഞ്ഞു. അതിനാല്‍ കത്തുതന്ന സുഹൃത്തിനേയും മറ്റും അന്നു അവിടെവെച്ച് എന്‍റെ പ്രസംഗത്തെക്കുറിച്ചോ, വാദപ്രതിവാദമദ്ധ്യെ ഉളവാകുന്ന വിഷയങ്ങളെക്കുറിച്ചോ സംവാദം നടത്തുന്നതിന് കോഴിക്കോട്ടേക്ക് ഞാന്‍ ക്ഷണിക്കുന്നു.
തന്നിമിത്തം, പാലക്കാട്ടെ പണ്ഡിതډാര്‍ക്ക് ഞാന്‍ നല്‍കിയ എഴുത്തില്‍ 16ാമത്തെ അഭിമുഖസംഭാഷണത്തില്‍ അരമണിക്കൂര്‍ എന്നൊരു പരിമിതി നിര്‍ണ്ണയിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അതു ഒരു മണിക്കൂറായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അങ്ങിനെയായാല്‍ പണ്ഡിതډാര്‍ക്ക് പറയാനുള്ളതു മുഴുവന്‍ പറയുവാന്‍ അവര്‍ക്കു അരമണിക്കൂര്‍ മുഴുവനും കിട്ടുമല്ലൊ.
എനിക്കു യാതൊരാളില്‍ നിന്നും യാതൊന്നും ഒളിച്ചുവെക്കാനും എന്‍റെ അജ്ഞതയെ ഒളിച്ചുവെക്കുവാനും മോഹമില്ല. ഞാന്‍ എന്‍റെ പരിമിതികളെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പഠിച്ചറിവുള്ള ഒരാളാണു ഞാനെന്ന് അഭിമാനിക്കാറില്ല. ഹിന്ദുമതത്തിലെ സകല തത്വങ്ങളും അനുസരിക്കുവാന്‍ സര്‍വ്വദാസന്നദ്ധനും ഉല്‍ക്കണ്ഠാഭരിതനുമായ ഒരു വിനീതാന്വേഷകന്‍ മാത്രമാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ ഒരു കാര്യം പരസ്യമായി സമ്മതിക്കുന്നു. പണ്ഡിതډാര്‍ വേദങ്ങള്‍ ചൊല്ലുവാനാണ് എന്നെ ക്ഷണിക്കുന്നതെങ്കില്‍, നിഷ്പ്രയാസം അവരെന്നെ പരാജയപ്പെടുത്തും. എങ്കിലും എന്‍റെ അടിയുറച്ച സ്ഥാനത്തില്‍നിന്ന് എന്നെ വ്യതിചലിപ്പിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. പുസ്തകകൂമ്പാരങ്ങളിലൂടെയുള്ള സഞ്ചാരംകൊണ്ടോ, വേദാവര്‍ത്തനംകൊണ്ടൊ മാത്രമാണ് ഈശ്വരനെ അറിയാന്‍ സാധിക്കുന്നതെങ്കില്‍, ആര്‍ക്കും ഹിന്ദുവാകുവാന്‍തക്ക പാണ്ഡിത്യമുണ്ടാവുകയില്ല. ഹൃദയശുദ്ധിയുള്ളവര്‍ക്കാണ് ഈശ്വരനെ കാണുവാന്‍ കഴിയുക.
നിങ്ങള്‍ ഇതെവരെ അനുഷ്ഠിച്ച നിശബ്ദതയ്ക്കു ഞാന്‍ നിങ്ങളോടു ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞു കൊള്ളുന്നു. ഇനി ദൈവം നമ്മെ സډാര്‍ഗത്തിലൂടെ നയിക്കട്ടെ, ഈ അയിത്തമഹാപിശാചിനെ ഈ നാട്ടില്‍നിന്നും ഉച്ചാടനം ചെയ്യുന്നതിന്ന് വേണ്ട ശക്തി ദൈവം നമ്മള്‍ക്ക് പ്രദാനംചെയ്യട്ടെ എന്നുള്ള എന്‍റെ പ്രാര്‍ത്ഥനയില്‍ നിങ്ങളും പങ്കുകൊള്ളണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.
അവസാനമായി നിങ്ങള്‍ ഒന്നു ഓര്‍ക്കണമെന്നു ഞാനപേക്ഷിക്കുന്നു. അയിത്തം പാപമാണെന്നു വിശ്വസിക്കുന്നവര്‍, ആത്മശുദ്ധീകരണംകൊണ്ട് അത് ഉച്ചാടനം ചെയ്യാമെന്നു വിശ്വസിക്കുന്നവര്‍, തങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരുടെ ഒരു രോമം പോലും തൊട്ടുപോകരുത്. അവരെ നമ്മുടെ ധര്‍മ്മനിഷ്ഠയാലും, സദ്വാദങ്ങളാലും, വിനീതമായ ഉപദേശങ്ങളാലും, നമ്മുടെ വശത്താക്കുവാനാണ് ഞാനും നിങ്ങളും ശ്രമിക്കേണ്ടത്.
അല്‍പം മുമ്പ് ഇവിടെ നടന്ന മല്‍പ്പിടുത്തം ഹേതുവായി ആസ്പത്രിയിലുള്ള രണ്ടു സഹോദരډാരേയും വര്‍ണ്ണാശ്രമ സ്വരാജ്യസംഘത്തിലെ മറ്റുള്ളവരേയും അവരവിടേയുള്ളേടത്തോളം കാലം അവരെ നിങ്ങളുടെ അതിഥികളായി വിചാരിക്കുവീന്‍. നിങ്ങളുടെ ഔദാര്യത്തിന്‍റെ മന്ദവും സുഖദായകവുമായ ഊഷ്മാവ് അവരനുഭവിക്കട്ടെ. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ, ഈശ്വരന്‍ ഹിന്ദുമതത്തെ രക്ഷിക്കട്ടെ.(മാതൃഭൂമി ദിനപത്രം 1934 ജനുവരി 13)