ശ്രീ ഭദ്രാംകുളങ്ങര ദേവി

 


ശ്രീ ഭദ്രാംകുളങ്ങര ദേവി


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

പൊന്നാനി തിരൂര്‍ റൂട്ടില്‍ ചമ്രവട്ടം ജംഗ്ഷനില്‍ രണ്ടുകിലോമീറ്റര്‍ അകലെ കരിമ്പന സ്റ്റോപ്പിന് സമീപം സ്ഥിതിചെയ്യുന്നു ഭദ്രാംകുളങ്ങര ക്ഷേത്രം. കണ്ടുകുറുമ്പക്കാവ് ക്ഷേത്രത്തില്‍ കൊല്ലത്തിലെ ആദ്യത്തെ ആഘോഷം പറവയ്പാണ്. തുലാമാസത്തിലെ സംക്രമസന്ധ്യ ദീപാരാധനയ്ക്ക് നടയടക്കും മുമ്പേ ഈ കാവിലമ്മ ഈശ്വരമംഗലത്തുള്ള ഭദ്രാംകുളങ്ങര ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കുനിന്ന് നടന്നുവന്ന ദേവിമാരില്‍ മൂത്തയാള്‍ ദാഹവിവശയായപ്പോള്‍ ഈശ്വരമംഗലം ദേശത്ത്  ഭാരതപ്പുഴയോട് ചേര്‍ന്നുനില്‍ക്കുന്ന മണല്‍ത്തിട്ടയില്‍ ഇരുന്നുവത്രെ. ഭാരതപ്പുഴയില്‍നിന്ന് ഒരു കൈക്കുമ്പിള്‍ ജലം കോരിയെടുത്ത് കുടിച്ചതിനുശേഷം ഭഗവതി അവിടെ കുടിയിരിപ്പായി. ഇപ്രകാരം വന്നിരുന്ന് ഇരുപ്പ് ഭദ്രമാക്കിയ ഭഗവതിയാണ് ഭദ്രാംകുളങ്ങര ദേവി. അനുജത്തി വീണ്ടും വടക്കോട്ട് നടന്നുതുടങ്ങിയപ്പോള്‍ കണ്ട് ഇഷ്ടപ്പെട്ട് ഇരുന്നതാണ് കണ്ടകുറുമ്പക്കാവിലമ്മയെന്നും ഐതീഹ്യം പറയുന്നു.


അനുജത്തി വര്‍ഷത്തിലൊരിക്കല്‍ ജേഷ്ഠത്തിയെ കാണാന്‍ എഴുന്നെള്ളുന്നതിനെ ആഘോഷമായി കൊണ്ടാടുന്നു. പറവയ്പ്പിന് വൈകിട്ട് കണ്ടുകുറുമ്പ കാവില്‍ ഭഗവതിയുടെ തിടമ്പുവെച്ച കോലം ഗജരാജന്‍റെ പുറത്തേറ്റി ദേവനാദത്തോടെ ഭദ്രാംകുളങ്ങരയ്ക്ക് എഴുന്നെള്ളിക്കുന്നു. തുടര്‍ന്ന് ദേവിയെ ജേഷ്ഠത്തിയുടെ ശ്രീകോവിലില്‍ ഇരുത്തി നൈവേദ്യം നല്‍കി ഭഗവതിമാര്‍ക്ക് വിശേഷപൂജ നടത്തുന്നു.


അതിനിടയില്‍ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ ഭഗവതിമാര്‍ തമ്മില്‍ പരസ്പരം പങ്കിടുകയും ചെയ്യുന്നു. ഇപ്രകാരം പ്രസന്നവതികളാകുന്ന ദേവിമാരുടെ സന്തോഷാശ്രുക്കള്‍ കോമരത്തിന്‍റെ കണ്ണുകളിലൂടെ ഒഴുകുന്നതോടെ കാവിലമ്മ കണ്ടകുറുമ്പ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളുകയായി. ഈ എഴുന്നെള്ളിപ്പിനെ വരവേല്‍ക്കാനായി കാവിലെ കളപ്പന്തലില്‍ ഭക്തരുടെ വക നിറപറയും നിറദീപവും നിരത്തിവയ്ക്കുന്നു. ഊരാളന്‍റെ വക പറയും വിളക്കും മുഖമണ്ഡപത്തിലും കാഴ്ചയായി വയ്ക്കും.