കുഞ്ഞിമരക്കാര്‍ ശഹീദ്
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
ഭാരതത്തിലെ അധിനിവേശവിരുദ്ധ പോരാട്ടരംഗത്ത നിത്യസ്മരണീയനായ ആദ്യത്തെ രക്തസാക്ഷികളില്‍ പ്രമുഖനാണ് വെളിയംകോട്ടെ കുഞ്ഞിമരക്കാര്‍. അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ ചാലിയത്തുകാരാണ്. തമിഴ്നാട്ടില്‍ നിന്നുള്ള മരയ്ക്കാര്‍ കുടുംബത്തില്‍പ്പെട്ട ഒരു വ്യക്തി നമ്പൂതിരി പുതുമുസ്ലിം സ്ത്രീയെ വിവാഹം ചെയ്തതില്‍ പിറന്ന സന്താന പരമ്പരയിലൂടെയാണ് ഈ കുടുംബത്തിന്‍റെ ഉത്ഭവം. മമ്മസ്രാലിയത്ത് എന്നാണ് തറവാട്ടിന്‍റെ പേര്. ഈ കുടുംബത്തിലെ അബ്ദുല്ലയാണ് പിതാവ്. അബ്ദുല്ല കുടുംബ സമേതം വെളിയംകോട് മാനാത്ത് പറമ്പില്‍ താമസമാക്കി. ആദ്യം സാമ്പത്തികമായി കുറച്ചൊക്കെ മെച്ചമായിരുന്നെങ്കിലും കുഞ്ഞിമരയ്ക്കാരുടെ പത്താമത്തെ വയസ്സില്‍ പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായി.
പരമ്പരാഗതമായ രീതിയില്‍ മതപഠനവും ആയോധനകലകളും ചെറുപ്പത്തിലെ പഠിച്ചു. അതൊന്നും പട്ടിണിമൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കുടുംബം പോറ്റുന്നതിനായി കുഞ്ഞിമരയ്ക്കാര്‍ അയല്‍ പട്ടണമായ പൊന്നാനിയില്‍ മീന്‍ കച്ചവടം തുടങ്ങി. കച്ചവടം കഴിഞ്ഞാല്‍ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പ്രാര്‍ത്ഥനാസദസ്സുകളില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. ഒരിക്കല്‍ മഖ്ദൂമും സുഹൃത്തായ പുറത്തിയില്‍ അബ്ദുല്‍ ഖാദിര്‍ ശൈഖും പള്ളിയിലിരിക്കുമ്പോള്‍ കുഞ്ഞിമരയ്ക്കാര്‍ മഖ്ദൂമിന്‍റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹത്തെ ആത്മീയ ശിഷ്യനായി അംഗീകരിക്കുകയും ചെയ്തു.
തന്‍റെ വിവാഹനാളിലാണ് കുഞ്ഞിമരയ്ക്കാര്‍ രക്തസാക്ഷിയാകുന്നത്. വിവാഹ വസ്ത്രങ്ങളുമണിഞ്ഞ് നിക്കാഹിന് തയ്യാറെടുക്കുന്ന അവസരത്തില്‍ കല്യാണപ്പന്തലില്‍ എത്തിയ ദുഃഖവാര്‍ത്ത സര്‍വ്വരെയും ഞെട്ടിച്ചു. പൊന്നാനി കടലോരത്ത് പറങ്കിക്കപ്പല്‍ അടുത്തിരിക്കുന്നുവെന്നും, അവര്‍ കിരാത താണ്ഡവമാടുകയാണെന്നും, ഒരു പെണ്‍കുട്ടിയെ പിടിച്ച് കപ്പലില്‍കയറ്റി കൊണ്ടുപോയിട്ടുണ്ട് എന്നുമായിരുന്നു വാര്‍ത്ത. കേള്‍ക്കേണ്ട താമസം കുഞ്ഞിമരയ്ക്കാര്‍ തന്‍റെ വിവാഹ വസ്ത്രങ്ങള്‍ മാറ്റി ഉമ്മയോട് ഉടനെ വരാം എന്ന് പറഞ്ഞ് വാളുമെടുത്ത് കടപ്പുറത്തേക്ക് കുതിച്ചു.
കടലില്‍ നങ്കൂരമിട്ട പറങ്കി കപ്പല്‍ ലക്ഷ്യമാക്കി അദ്ദേഹം തോണി തുഴഞ്ഞു കപ്പലില്‍ കയറി. കപ്പലിലുള്ളവര്‍ മദോന്‍മത്തരായി വിജയം ആഘോഷിക്കുകയായിരുന്നു. എല്ലാവരേയും മരയ്ക്കാര്‍ അടിച്ചുവീഴ്ത്തി. കപ്പലില്‍ പേടിച്ചുവിറച്ചു കിടക്കുകയായിരുന്ന പാവം പെണ്‍കൊടിയെ എടുത്ത് മരയ്ക്കാര്‍ തോണിയില്‍ കരയിലെത്തി. കുട്ടിയെ വേണ്ടപ്പെട്ടവരെ ഏല്‍പ്പിച്ചശേഷം അദ്ദേഹം കപ്പലിലേക്ക് തന്നെ മടങ്ങി. കപ്പലിലുള്ളവരെ വെട്ടിവീഴ്ത്തി. ഏതാണ്ടെല്ലാവരും വീണുകഴിഞ്ഞു. ആയിടയ്ക്ക് കപ്പലില്‍ ഒളിഞ്ഞിരുന്ന ഒരു പറങ്കി മരയ്ക്കാരെ പിന്നില്‍ നിന്ന് ആഞ്ഞുവെട്ടി. മരയ്ക്കാര്‍ നിലത്തുവീണ് തല്‍ക്ഷണം മരിച്ചു. മൃതശരീരത്തെ ഏഴ് കഷ്ണങ്ങളാക്കി കടലിലെറിഞ്ഞു. കഷ്ണങ്ങള്‍ പിന്നീട് പല ഭാഗങ്ങളിലായി കരക്കണഞ്ഞുവത്രെ. അങ്ങനെയാണ് വെളിയങ്കോട്, താനൂര്, കോഴിക്കോട്, ബേപ്പൂര്, വടകര, വൈപ്പിന്‍, കോട്ട എന്നിവിടങ്ങളില്‍ കുഞ്ഞിമരയ്ക്കാരുടെ ഖബറിടങ്ങളുണ്ടായത്.
കുഞ്ഞിമരയ്ക്കാരുടെ ജീവിത കാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ (1467-1522) നാല്‍പ്പതാം വയസ്സിലാണ് അദ്ദേഹം കുഞ്ഞിമരയ്ക്കാരെ കണ്ടുമുട്ടിയതെന്നും അന്ന് മരയ്ക്കാര്‍ക്ക് ഏകദേശം പന്ത്രണ്ടു വയസ്സായിക്കാണുമെന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് മരയ്ക്കാര്‍ ജനിച്ചത് ഏതാണ്ട് 1495ലാവണം. 1524ല്‍ പറങ്കി നേതാവ് ഡി. മെനസസ്സ് പൊന്നാനി ആക്രമിച്ച കാലയളവിലാവാം മരയ്ക്കാര്‍ രക്തസാക്ഷിത്വം വരിക്കുന്നത്.
റഫറന്‍സ്
1. കുഞ്ഞിമരയ്ക്കാര്‍ ശഹീദ് - കെ.പി. അബു വെളിയംകോട്
2. മഖ്ദൂമും പൊന്നാനിയും - ഡോ. ഹുസൈന്‍ രണ്ടത്താണി