അന്യംനിന്ന ആചാരങ്ങളും വിശേഷങ്ങളും
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
പ്രാചീനകാലം മുതല്‍ മലബാറില്‍ കച്ചവടത്തിന് എത്തിയ അറബികളില്‍തന്നെ ജൂതരും ക്രിസ്ത്യാനികളും മുസ്ലിംകളും ഉണ്ടായിരുന്നു. വ്യത്യസ്ത വിശ്വാസക്കാരാണെങ്കിലും ഇവിടെ ജീവിച്ചുവന്ന സാഹചര്യവും അന്തരീക്ഷവും ഒന്നായിരുന്നതിനാല്‍ സംസ്കാരങ്ങള്‍ പരസ്പരം പകരാന്‍ ഹേതുവായി. തദ്ദേശീയരുമായി വൈവാഹിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക് പിറന്ന സന്താനങ്ങള്‍ മാപ്പിളമാര്‍ എന്നറിയപ്പെടുകയും ചെയ്തു. തډൂലം ജൂതമാപ്പിള, നസ്രാണി മാപ്പിള, ജോനക മാപ്പിള എന്നീ സമൂഹങ്ങള്‍ രൂപപ്പെട്ടു. ക്രമാനുഗതമായി കേരളത്തില്‍ ജൂതډാരും ക്രിസ്ത്യാനികളും മുസ്ലിംകളും വ്യാപിച്ചു.
നാല് പതിറ്റാണ്ട് മുമ്പുവരെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന ആചാരങ്ങളും ആഘോഷങ്ങളും മാമൂലുകളും കീഴ്വഴക്കങ്ങളും ചടങ്ങുകളും നിലനിന്നിരുന്ന പ്രദേശമായിരുന്നു പൊന്നാനി നഗരവും പരിസരവും. ഇതര നാടുകളുമായി തുലനം ചെയ്യുമ്പോള്‍ ഇവിടത്തെ ഭാഷ വേഷങ്ങള്‍ നാട്ടാചാരങ്ങള്‍ വീട്ടാചാരങ്ങള്‍ ദാനധര്‍മ്മങ്ങള്‍ തുടങ്ങിയവയില്‍ മുസ്ലിം മാപ്പിള സംസ്കാരം പ്രതിഫലിച്ചിരുന്നു. തുടര്‍ന്ന് ഈ ആചാരങ്ങളില്‍ പലതും വലിയപള്ളിയില്‍ പഠനത്തിനു എത്തിയ പഠിതാക്കള്‍ മുഖേന വിവിധ നാടുകളില്‍ വ്യാപിച്ചു. തുടര്‍ന്ന് വിവിധ ദേശക്കാരുടെ ദൈനംദിന ജീവിതത്തിലും വീടുകളിലും ആരാധനാലയങ്ങളിലും ചിട്ടയോടെ ഇവ ആചരിച്ചുപോരുകയും ചെയ്തു.
പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിനും ക്രമീകരിക്കുന്നതിനും വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ രൂപപ്പെടുത്തിയെടുത്തതാണ്. ചിലത് കാലത്തിനൊത്ത് പരിഷ്ക്കരിക്കപ്പെടുകയും മറ്റു ചിലത് അനാചാരങ്ങളായി മാറുകയും പലതും അപ്രത്യക്ഷമാകുകയും ചെയ്തു. ഓരോ ജാതിക്കാരുടെ ഇടയിലുള്ള അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വ്യത്യാസങ്ങള്‍ കാണുമെങ്കിലും. ഇതുമൂലം പൊതുവായി നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സംസ്കാരത്തെ വ്യക്തമായി മനസ്സിലാക്കാന്‍ നമുക്ക് അവസരം ലഭിച്ചു. അനിയന്ത്രിതമായി ഈ ആചാരാനുഷ്ഠാനങ്ങള്‍ ഹേതുവായി പല തറവാടുകളും തകര്‍ച്ചയുടെ വക്കിലെത്തുകയും ആണ്‍സന്തതികള്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടുമുതല്‍ മഖ്ദൂമീങ്ങളെ ലക്ഷ്യമാക്കി അന്യ മതസ്ഥര്‍ ഇസ്ലാംമതം സ്വീകരിക്കാന്‍ പൊന്നാനിയില്‍ എത്തിയിരുന്നു. നവമുസ്ലിംകളില്‍ പലരും ഇവിടെ വിവാഹം ചെയ്തു കുടുംബമായി ജീവിച്ചിരുന്നതിനാല്‍ അവരുടെ പൂര്‍വ്വികാചാരങ്ങളും മാമൂലുകളും പലതും തദ്ദേശീയരില്‍ വ്യാപിക്കാന്‍ ഹേതുവായി. ഇതായിരിക്കാം പിന്നീട് ഇവിടെ തുടര്‍ന്നു വന്ന പല മാമൂലുകളുടെയും സമ്പ്രദായങ്ങളുടെയും തുടക്കം.
പൊന്നാനി നഗരത്തിലും പരിസരത്തും ആദ്യമായി ഒരു മുസ്ലിം യുവതി ഗര്‍ഭം ധരിക്കുന്നതോടെ മാമൂലുകളുടെയും ആചാരങ്ങളുടെയും ആരംഭം കുറിക്കും. പ്രസവം എന്നത് ഇവിടത്തുകാര്‍ക്ക് അനിവാര്യമായ പല ആചാരങ്ങളുടെ സംഗമ വേദിയാണ്. ഗര്‍ഭം ധരിച്ച് ഏഴാം മാസമായാല്‍ ഗര്‍ഭിണിയെ പ്രത്യേക മാമൂലുകളുമായി വരന്‍റെ ബന്ധുമിത്രാദികള്‍ സന്ദര്‍ശിക്കുകയാണ് ആദ്യ ചടങ്ങ്. പള്ളകാണാന്‍ പോകല്‍ എന്നാണ് ഇതിനെ പറയാറ്. അഞ്ചു തുലാം (ഏതാണ്ട് 250 കിലോ) ഹലുവ അഞ്ച് ഉരുളികളിലാക്കി അഞ്ച് വേലക്കാരികള്‍ ചുമന്നാണ് ഈ സന്ദര്‍ശനം.
പ്രസവവേദന തുടങ്ങിക്കഴിഞ്ഞാല്‍ വരന്‍റെ വീട്ടിലെ സ്ത്രീകള്‍ വധുവിന്‍റെ വീട്ടിലെത്തും. അക്കാലത്ത് പ്രസവം അധികവും വീട്ടില്‍വെച്ച് തന്നെയാണ് നടക്കാറ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന പതിവ് അപൂര്‍വ്വം. പ്രയാസങ്ങള്‍ നേരിടുന്ന സമയങ്ങളില്‍ ഡോക്ടര്‍മാരെ വിളിച്ചാല്‍ അവര്‍ വീട്ടില്‍ വന്ന് പരിശോധിച്ച് മരുന്നുകള്‍ കുറിച്ചുകൊടുക്കും. അന്യസ്ത്രീകള്‍ വീട്ടിനകത്തേക്ക് പ്രവേശിച്ചാല്‍ പുരുഷډാര്‍ മുഴുവനും പുറത്തേക്ക് മാറിക്കൊടുക്കുക പതിവായിരുന്നു. തډൂലം അര്‍ദ്ധരാത്രി പോലും ലേഡി ഡോക്ടര്‍മാര്‍ കാറുമായിവന്ന് പരിശോധിച്ച അനുഭവങ്ങള്‍ ഉണ്ട്. ഒസാത്തിയുടെയൊ മിഡ്വൈഫിന്‍റെയൊ സേവനം അത്യാവശ്യമായിരുന്ന ഘട്ടങ്ങളിലെല്ലാം അവരും യഥാസമയം വീട്ടില്‍ എത്തി കൃത്യം നിര്‍വ്വഹിക്കും. ഇതില്‍ പരിചയസമ്പന്നരായ പലരും അക്കാലത്ത് ജീവിച്ചിരുന്നു.
പ്രസവം കഴിഞ്ഞാല്‍ സാമ്പത്തികശേഷിയനുസരിച്ച് ഏഴാം ദിവസമോ പതിനഞ്ചാം ദിവസമോ ഒരു വലിയ കന്നിനെ അകീക്കയായി അറുത്ത് വിതരണം ചെയ്യും. ആ ദിവസം തന്നെ കുട്ടിയുടെ മുടികളച്ചിലും ഉപ്പയും ഉമ്മയും ബന്ധുമിത്രാദികളും സംഗമിച്ച് കുട്ടിയുടെ പേരിടല്‍ കര്‍മ്മവും നിര്‍വ്വഹിക്കും. പ്രവാചകന്‍ മുഹമ്മദ്നബിയുടെയും നബിയുടെ ബന്ധുമിത്രാദികളുടെയും മറ്റു പ്രധാന പ്രവാചകരുടെയും നബി അനുചരډാരുടെയും പേര് വിളിക്കും. ഇതിനെ നേര്‍ച്ചപ്പേര് വിളിക്കുക എന്നാണ് പറയാറ്.
കൂട്ടത്തില്‍ കോയ, തറി, ഇമ്പിച്ചി, കുഞ്ഞുണ്ണി, മമ്മി, കമ്മു, പരി തുടങ്ങിയ കാക്കകാരണവډാരുടെ ചില നാടന്‍ പേരുകളും വിളിക്കാറുണ്ട്. മാല, വള, അരഞ്ഞാണ്‍, മുട്ടമണി തുടങ്ങിയ ആഭരണങ്ങള്‍ കുട്ടിയെ അണിയിക്കും. കൂടെയുള്ള ബന്ധുക്കള്‍ മോതിരവും വളയും നല്‍കും. അനുബന്ധമായി വരുന്ന നാല്‍പ്പത്കുളി (നാപ്പുളി)യും പെണ്ണിനെയും കുഞ്ഞിനെയും പുതുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചും വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയും വലിയ ആഘോഷമായി തന്നെ നടത്തിയിരുന്നു.
പരിപാടികള്‍ക്കെല്ലാം പ്രത്യേകം രീതിയിലുള്ള മര്യാദകള്‍ ഇരുവീട്ടുകാരും നടത്തേണ്ടതുണ്ട്. ആറ് മാസമോ ഒരു കൊല്ലമോ കഴിഞ്ഞാലാണ് കുട്ടിയെ ഇല്ലത്തേക്ക് കൊണ്ടുപോവുകയുള്ളു. പ്രസവിച്ച ഇരുപത്തിയാറാം ദിവസം ആചരിക്കുന്ന മറ്റൊരു ചടങ്ങാണ് തൊട്ടില്‍ കെട്ടല്‍. മാതൃത്വത്തിന്‍റെ അനുപമമായ ചൂടേറ്റു കിടന്നിരുന്ന പൈതലിനെ അന്നാണ് ആദ്യമായി തൊട്ടിലില്‍ കിടത്തി ഇമ്പമാര്‍ന്ന രീതികളോടെ ദിക്റുകളും സ്വലാത്തുകളും ചേര്‍ത്ത് താരാട്ടുപാട്ടുകള്‍ പാടി ആട്ടിയുറക്കല്‍ ആരംഭിക്കുക. ഈ ചടങ്ങ് പൊന്നാനിയില്‍ പതിവില്ലായിരുന്നു.
വിവാഹങ്ങള്‍ വൈവിധ്യങ്ങളായ സമ്പ്രദായങ്ങളാലും ആചാരങ്ങളാലും സമ്പന്നമായിരുന്നു. ഇന്നത്തെപോലെ ഒരു നിശ്ചിത സമയത്ത് അവസാനിക്കുന്ന കല്ല്യാണമണ്ഡപ സംസ്കാരം അന്നില്ല. സാമ്പത്തിക ശേഷിയും തറവാട് മഹിമയും പ്രകടിപ്പിക്കുന്നതോടൊപ്പം ദിവസങ്ങള്‍ സംഗമിച്ച് ബന്ധങ്ങള്‍ സുദൃഢമാക്കാനും സന്തോഷം പകര്‍ന്നു നല്‍കുവാനുമുള്ള പ്രധാന കൂട്ടായ്മയായിരുന്നു കല്ല്യാണങ്ങളും മറ്റു അടിയന്തിരങ്ങളും.
വിവാഹധൂര്‍ത്തിനെതിരെ കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഒന്നിച്ച് എതിര്‍ക്കുന്ന ഈ അവസരത്തില്‍ കല്ല്യാണങ്ങളിലും അനുബന്ധമേഖലകളിലും അക്കാലത്ത്.ഇവിടെ ആചരിച്ചുപോന്നിരുന്ന രീതികളുടെ നാള്‍വഴിയിലൂടെ സഞ്ചരിക്കുന്നത് കൗതുകകരമായിരിക്കും. വിവാഹങ്ങള്‍ക്ക് പുറമെ കാതുകുത്ത് കല്ല്യാണം, സുന്നത്ത് കല്ല്യാണം, വയസ്സറിയിക്കല്‍ ചടങ്ങ്, വാവോച്ചി കല്ല്യാണം, കൂടല്‍ ചുടല്‍ തുടങ്ങി പല ചടങ്ങുകളും ആര്‍ഭാടപൂര്‍വ്വംതന്നെ ഇവിടെ ആചരിച്ചുവന്നു.
സുന്നത്തുകല്ല്യാണവും കാതുകുത്തും
ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം (ചേലാക്രമം) ചില തറവാടുകള്‍ ബഹു കേമമായാണ് നടത്തിയിരുന്നത്. ചേലാക്രമത്തിനുള്ള കുട്ടിയെ ചടങ്ങ് ദിവസം രാവിലെ മുതല്‍ പുതുവസ്ത്രങ്ങളും സ്വര്‍ണ്ണ ഏലസ്സുകളും വളകളും അണിയിച്ച് കൈത്തണ്ടയില്‍ നേര്‍ച്ച പൈസയും കെട്ടി ഒരു പ്രത്യേക ഇരിപ്പിടത്തില്‍ ഉപവിഷ്ടനാക്കും. ബന്ധുമിത്രാദികള്‍ വന്ന് കുട്ടിക്ക് സംഖ്യയും പാരിതോഷികങ്ങളും നല്‍കും. ആണ്‍കുട്ടികളുടെ മാര്‍ക്കക്കല്ല്യാണം (സുന്നത്ത് കല്ല്യാണം) ആറ് ഏഴ് വയസ്സായാലാണ് നടത്താറ്.
തറവാട് മഹിമ നിലനിര്‍ത്തുവാന്‍വേണ്ടി ചില വീട്ടുകാര്‍ സാധാരണ കല്ല്യാണംപോലെ തന്നെ ഈ ചടങ്ങും ആര്‍ഭാടമായി നടത്തിയിരുന്നു. ധാരാളം ആളുകളെ കത്ത് മുഖേനയും അല്ലാതെയും ക്ഷണിച്ച് ഗാനമേള തുടങ്ങിയ വിവിധ പരിപാടികളും ഭക്ഷണവും സംഘടിപ്പിക്കും. അപൂര്‍വ്വം ഇടങ്ങളില്‍ ആനയും ആലവട്ടവും വെഞ്ചാമരവും ബാന്‍റ് സെറ്റും പാട്ടു കച്ചേരിയുമായുള്ള കല്ല്യാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടുന്നതിന് പറമ്പുവിറ്റു ചിലവാക്കി മുടിഞ്ഞ തറവാടുകള്‍വരെ പൊന്നാനി അങ്ങാടിയിലുണ്ടായിരുന്നു.
സാധാരണയായി ചടങ്ങ് നടക്കുന്നത് രാത്രിയിലാണ്. വേലിയേറ്റവും ഇറക്കവും നിര്‍ണ്ണയിച്ചാണ് ഒസാന്‍ (ബാര്‍ബര്‍) ചടങ്ങ് നിര്‍വ്വഹിക്കുക. ചടങ്ങ് നടക്കുന്ന സമയത്തെ കുട്ടിയുടെ രക്തപ്രവാഹം ക്രമീകരിക്കാനാണ് ഇത്. സ്റ്റൂളില്‍ ഒരാള്‍ ഇരുന്ന ശേഷം അയാളുടെ മടിയില്‍ കുട്ടിയെ ഇരുത്തി രണ്ട് കൈകൊണ്ട് കുട്ടിയുടെ കണ്ണുകള്‍ മൂടി പിടിച്ച് നിമിഷങ്ങള്‍ക്കകം ചടങ്ങ് നിര്‍വ്വഹിക്കും.
ഇശാ നമസ്ക്കാരത്തിന്ശേഷം പള്ളിയില്‍ നിന്ന് മുസ്ലിയാരും മുക്രിയും ബന്ധപ്പെട്ടവരും എത്തിയാല്‍ പടാപ്പുറത്ത് 'റാക വകതി ഫീ റുതുബത്തില്‍' എന്ന ബൈത്ത് ഉച്ചത്തില്‍ കൂട്ടമായ് ചൊല്ലുന്ന സമയത്താണ് ഒസാന്‍ തന്‍റെ കൃത്യം നിര്‍വ്വഹിക്കാറ്. ബൈത്ത് മുറുകുന്ന സമയത്തായതിനാല്‍ മിക്കവാറും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാറില്ല.
മുറിവില്‍ നാടന്‍ ഔഷധങ്ങള്‍വെച്ച് ഒരു ശീലകൊണ്ട് കെട്ടി കുട്ടിയെ പ്രത്യേകം സജ്ജമാക്കിയ കട്ടിലില്‍ കൊണ്ടുപോയി കിടത്തും. ഒസാന് സമ്മാനമായി അരിയും വെറ്റിലയും പണവും നല്‍കും. ചടങ്ങ് കഴിഞ്ഞാല്‍ കുട്ടി ചുരുങ്ങിയത് ഏഴ് ദിവസത്തോളം വിശ്രമത്തിലാവും. ഈ ദിവസങ്ങളില്‍ ഒസാന്‍ വന്ന് څചിരട്ടയുടെ പൊടിچ മുറിവില്‍ ഇട്ട് വെച്ചുകെട്ടും. ബന്ധുമിത്രാദികള്‍ അപ്പങ്ങള്‍ എത്തിച്ചുകൊടുക്കും. മുറിവ് ഉണങ്ങി എന്ന് ബോധ്യപ്പെട്ടാലാണ് കുളി. അന്നേ ദിവസം ബന്ധുമിത്രാദികള്‍ക്ക് സുഭിക്ഷമായ ഭക്ഷണവും ചില വീടുകളില്‍ ഗാനമേളയുമുണ്ടാകും.
പെണ്‍കുട്ടികളുടെ കാത്കുത്തുകല്ല്യാണവും കേമമായിതന്നെ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ പെണ്‍കുട്ടിക്ക് പൈസകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോഴുള്ള പൂപൊത കുത്തലാണ് ആദ്യ ചടങ്ങ്. സദ്യയും ചിലയിടങ്ങളില്‍ റംലാബീഗം പോലുള്ള പ്രശസ്ത ഗായികമാരുടെ നേതൃത്വത്തിലുള്ള പാട്ട് കച്ചേരിയുമുണ്ടായിരുന്നു. പിന്നീട് എട്ട്, പത്ത് വയസ്സായാല്‍ ഓരോ കാതിലും ഏഴ്, ഒമ്പത്, പതിനൊന്ന് തുളകള്‍ കുത്തി ചെറിയ ചിറ്റ് അണിയിക്കും. വലുതായാല്‍ څപെറചിറ്റ്چ മാറ്റിക്കൊടുക്കും. ക്രമേണ കുമ്മത്ത്, കാതില, തോട, കാളക്കണ്ണന്‍ ചിറ്റ് തുടങ്ങിയ ആഭരണങ്ങളും അണിയും. കാത്കുത്തും ചിറ്റണിയിക്കുന്ന ചടങ്ങും സ്വര്‍ണ്ണ പണിക്കാ (തട്ടാന്‍)രാണ് നിര്‍വഹിക്കുക.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥനം നോക്കു:
സുഹ്റയുടെ കാത്കുത്തു കല്ല്യാണത്തിന് മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.
മജീദ് മാര്‍ക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ് മജീദിന്‍റെ സുന്നത്തു കല്ല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സംഭവമായിരുന്നു. വെടിക്കെട്ടും വലിയ സദ്യയുമുണ്ടായിരുന്നു. ബാന്‍റ് മേളങ്ങളോടും ഗ്യാസ് ലൈറ്റുകളോടും കൂടി ആനപ്പുറത്താണ് മജീദിനെ ഊരുലാത്തിച്ചത്! അതിനു ശേഷമായിരുന്നു ബിരിയാണി സദ്യ. ആയിരത്തിലധികം ആളുകള്‍ പങ്കുകൊണ്ടിരുന്നു. സദ്യയ്ക്ക് മുമ്പാണ് മാര്‍ക്കം നടന്നത്. ആ ദിവസം മുഴുവനും മജീദിന് ഭയമായിരുന്നു. എന്തോ മുറിച്ചുകളയും! എന്താണത്? മരിച്ചു പോകുമോ? അവന്‍ ആകെ ഭയന്നു തളര്‍ന്നു. അന്നു സന്ധ്യവരെ ജീവിക്കില്ലെന്നു തന്നെ അവനു തോന്നി. എന്താണ് ഉണ്ടാകുവാന്‍ പോകുന്നതെന്ന് അവന് ഒരു ലക്കുമില്ല. ലോകത്തിലുള്ള എല്ലാ മുസ്ലിം പുരുഷډാരെയും മാര്‍ക്കം ചെയ്തിട്ടുള്ളതാണ്. അല്ലാത്തവര്‍ ഇല്ല. എങ്കിലുംٹ.. څഈ മാര്‍ക്കം ചെയ്യണതെങ്ങനെ?چ മജീദ് സുഹറയോട് ചോദിച്ചു.
അവള്‍ക്ക് യാതൊരു അറിവുമില്ല!
څഎന്തായാലും മരിക്കുകേലچ
(ബാല്യകാല സഖി - അദ്ധ്യായം നാല്)
സാധാരണഗതിയില്‍ പന്ത്രണ്ട്, പതിമൂന്ന് വയസ്സാകുമ്പോള്‍ പെണ്‍കുട്ടികള്‍ ഋതുമതിയാവും. പ്രാദേശികഭാഷയില്‍ ഇതിനെ തിരളുകയെന്നും വയസ്സറീക്കുകയെന്നും പറയും. വിവിധ ജാതിക്കാര്‍ വ്യത്യസ്ത രീതിയില്‍ നാടു മുഴുവന്‍ അറിയിച്ച് ആര്‍ഭാടപൂര്‍വ്വം ആചരിച്ചിരുന്ന ഈ ചടങ്ങ് ഇന്ന് പുറത്തുള്ളവര്‍തന്നെ അറിയുന്നത് നാണക്കേടായി കരുതുന്നു. പിതാവും അടുത്ത ബന്ധുക്കള്‍പ്പോലും പിന്നീടെ അറിയാറുള്ളു. ഈ ആചാരം ഇന്ന് പൂര്‍ണ്ണമായും അനാചാരമായി മാറിക്കഴിഞ്ഞു.
ലക്ഷണം കണ്ടാല്‍ മുസ്ലിം വീടുകളില്‍ കുട്ടിയുടെ വായയില്‍ കോഴിമുട്ടയുടച്ച് പകര്‍ന്ന് കൊടുക്കും. അടുത്ത ദിവസം മുതല്‍ എണ്ണ തേച്ച് കുളിപ്പിക്കാന്‍ ഭൃത്യയെ നിയോഗിക്കും. ആദ്യ ദിവസത്തെ കുളി പിതൃസഹോദരി (അമ്മായി)യുടെയും അടുത്ത ബന്ധുക്കളുടെയും നേതൃത്വത്തിലാണ് നടക്കാറ്. തലയില്‍ സ്വര്‍ണ്ണം വെച്ച് വെള്ളം ഒഴിക്കുന്ന പതിവും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയല്‍വാസികളും ബന്ധുക്കളും പലഹാരങ്ങളും ഉപഹാരങ്ങളുമായി കുട്ടിയെ സന്ദര്‍ശിക്കും.
മുറതെറ്റാതെ നടക്കുന്ന ഈ ചടങ്ങിന്‍റെ പതിനാലാം ദിവസം അമ്മായിയുടെ നേതൃത്വത്തില്‍ ആഭരണങ്ങള്‍ ചാര്‍ത്തി കുളിപ്പിക്കുകയും, ക്ഷണിതാക്കള്‍ക്ക് തേങ്ങാപ്പാലില്‍ പാകംചെയ്ത ചോറും ഇറച്ചി വരട്ടിയതും പപ്പടവും പരിപ്പുമായി വിഭവസമൃദ്ധമായ വിരുന്നു നല്‍കുകയും ചെയ്യും. കുളി കഴിഞ്ഞ ഉടനെ തവിടില്‍ പഞ്ചസാര ചേര്‍ത്തതും പൂരം വറുത്തതും തേങ്ങാപ്പൂളും ശര്‍ക്കരയും നല്‍കുന്ന പതിവുണ്ടായിരുന്നു.
ആണ്‍കല്ല്യാണവും പെണ്‍കല്ല്യാണവും
മലബാര്‍ കലാപത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ വെട്ടംപോക്കിരിയകത്ത് കുഞ്ഞാറ്റ ബീവിയെ മാസങ്ങള്‍ക്ക്ശേഷം ഇമ്പിച്ചികോയ തങ്ങള്‍ വിവാഹം ചെയ്തത് മുമ്പ് വായിച്ചുവല്ലോ. നിക്കാഹ് കഴിഞ്ഞ് മൂന്നരവര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. നിക്കാഹ് കഴിഞ്ഞാല്‍ മുസ്ലിയാډാരെ വിളിച്ച് മതപരമായ ഉപരിപഠനം നടത്താന്‍പോലും ഭര്‍ത്താവിന്‍റെ അനുവാദം അനിവാര്യമായിരുന്നു. ഈ കാലയളവില്‍ വധുവിന് ചിലവിന് കൊടുക്കുന്ന പതിവ് അന്നില്ല. വര്‍ഷംതോറും ഫിത്ര്‍ സക്കാത്തിന്‍റെ അരി നിര്‍ബന്ധമായും വരന്‍ കൊടുത്തയക്കും.
ആദ്യ ദിവസം പള്ളികളിലെ മുസ്ലിയാര്‍, മുല്ല, പഠിതാക്കള്‍ക്കും രണ്ടാം ദിവസം മറുനാട്ടുകാര്‍ക്കും, മൂന്നാം ദിവസം സ്ത്രീകള്‍ക്കും, നാലാം ദിവസം പൊതുജനങ്ങള്‍ക്കും, അഞ്ചാം ദിവസം ഔദ്യോഗിക അനൗദ്യോഗിക പ്രമുഖര്‍ക്കും ആയി അഞ്ചുദിവസമായിരുന്നു കുഞ്ഞാറ്റയുടെ കല്ല്യാണം നടന്നത്. ഈ ദിവസങ്ങളിലെല്ലാം തന്നെ മികച്ച ഭക്ഷണവും അതിനൊത്ത പരിചരണവും ആസൂത്രണം ചെയ്തിരുന്നു. പ്രധാന ദിവസങ്ങളില്‍ വാദ്യമേളങ്ങള്‍ സഹിതം ആന, കോല്‍ക്കളി, ഒപ്പന, പരിചമുട്ട്, പാട്ടുകച്ചേരി തുടങ്ങിയവ അടിയന്തിരത്തിന്‍റെ മോടി വര്‍ദ്ധിപ്പിച്ചു.
ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ കല്ല്യാണ സ്ഥലത്ത് പന്തല്‍ അലങ്കരിക്കല്‍ ബന്ധുമിത്രാദികളുടെ കടമയാണ്. കുരുത്തോല, ഈന്തുമ്പട്ട, വിവിധ ഇനം വര്‍ണ്ണക്കടലാസുകള്‍ തുടങ്ങിയവകൊണ്ട് പന്തല്‍ മോടിപിടിപ്പിക്കല്‍തൊട്ട് മംഗല്യത്തിന് കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്ന സര്‍വ്വവിധ സന്നാഹങ്ങള്‍ ഉള്‍പ്പെടെ ക്ഷണിതാക്കള്‍ക്ക് ഭക്ഷണം വിളമ്പി ക്ലീന്‍ ചെയ്യല്‍വരെ ഈ കൂട്ടായ്മയുടെ ദൗത്യമായിരുന്നു. കല്ല്യാണങ്ങള്‍ മുസ്ലിംകളുടേത് വീടുകളില്‍ വെച്ച് രാത്രികളിലും ഹൈന്ദവരുടേത് ക്ഷേത്രങ്ങളിലും വീടുകളിലുമാണ് നടക്കാറ്. കല്യാണത്തിനോടനുബന്ധിച്ച് നടത്തപ്പെട്ടിരുന്ന തേയിലസല്‍ക്കാരത്തിന് മാത്രമെ ആദ്യകാലത്ത് ഇരുവിഭാഗവും ക്ഷണിച്ചിരുന്നുള്ളു. ക്രമേണ പരിചാരകരായി ഹിന്ദുവീടുകളില്‍ മുസ്ലിംകളും മുസ്ലിം വീടുകളില്‍ ഹിന്ദുക്കളും സംഗമിക്കുന്ന മതമൈത്രി സങ്കേതമായിമാറി പല കല്ല്യാണങ്ങളും.
ഭക്ഷണം പാകം ചെയ്യാനുള്ള വെപ്പു പന്തല്‍, സ്വീകരണ പന്തല്‍, സ്ത്രീകള്‍ക്കായുള്ള പ്രത്യേക പന്തല്‍ തുടങ്ങി വിവിധ പന്തലുകള്‍ സജ്ജീകരിച്ചിരുന്നു. പന്തലുകള്‍, പാത്രങ്ങള്‍, കസേരകള്‍, വിളക്കുകള്‍, ഇതരസാധനസാമഗ്രികള്‍ തുടങ്ങിയവ കരാറുകാരെ ഏല്‍പ്പിക്കും. അവര്‍ യഥാസമയം കാര്യങ്ങള്‍ നിര്‍വ്വഹിക്കും. കല്ല്യാണങ്ങള്‍ അധികവും രണ്ടുദിവസമായാണ് നടത്താറ്. കല്ല്യാണ ദിവസം അടുത്തുകഴിഞ്ഞാല്‍ ഒരാഴ്ച മുമ്പുതന്നെ ബന്ധുമിത്രാദികളുടെ സന്ദര്‍ശനം ആരംഭിക്കും. അവരുടെ വീടുകളില്‍നിന്നും വിവിധയിനം പലഹാരങ്ങള്‍ കല്ല്യാണവീട്ടിലേക്ക് എത്തിക്കുക പതിവായിരുന്നു. ഈ സമ്പ്രദായം അങ്ങാടി പ്രദേശത്ത് ഇപ്പോഴും ഭാഗികമായി നിലനില്‍ക്കുന്നു. ഈ ദിവസങ്ങളിലെല്ലാം കല്ല്യാണവീട്ടില്‍ എത്തുന്ന മുഴുവന്‍ ആഗതര്‍ക്കും ചായയും ഈ പലഹാരങ്ങളും നല്‍കും.
പത്ത് വയസ്സു കഴിഞ്ഞ് മുസ്ലിം പെണ്‍കുട്ടികളെ അഹം അടക്കിക്കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് പുറത്തേക്കയക്കാറില്ല. തുടര്‍ന്ന് വിവാഹാനന്തരം ദിവസങ്ങള്‍ കഴിയുന്നതുവരെ പിതാവിന്‍റെ വീട്ടി ലേ (ഇല്ലത്ത്)ക്ക് അല്ലാതെ മറ്റൊരിടത്തേക്കും അയക്കാറില്ല. മതപഠനംപോലും മൊല്ലാമാരെയോ മൊല്ലാത്തികളോ വീട്ടില്‍ വരുത്തിയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. തډൂലം വീട്ടിനടുത്ത് സ്ക്കൂള്‍ ഉണ്ടായിരുന്നിട്ടുപോലും പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ധാരാളം പെണ്‍കുട്ടികള്‍ അക്കാലത്തുണ്ടായിരുന്നു.
പ്രായപൂര്‍ത്തി വിവാഹപ്രായമെത്തിയാല്‍ മാത്രമെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നടത്താറുള്ളു. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഉള്‍പ്രദേശങ്ങളില്‍ നടന്നിരുന്നതുപോലെ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് ഇവിടെ വിവാഹം നടത്താറില്ല. പെണ്‍വീട്ടുകാരാണ് അധികവും ആദ്യം വിവാഹാലോചന നടത്താറ്. ഇതിന് പ്രാപ്തരായ ചില സ്ത്രീ ദല്ലാള (മൂന്നാത്തി)കള്‍ തന്നെ ഉണ്ടായിരുന്നു.
വൈവാഹികബന്ധമോ കുടുംബബന്ധമോ സ്നേഹബന്ധമോ ഉള്ള കുടുംബങ്ങള്‍ തമ്മിലായിരിക്കും അധികവും വിവാഹ ആലോചന നടത്താറ്. തډൂലം അധികവും തുടരന്വേഷണം വേണ്ടിവരില്ല. സ്ത്രീകള്‍ പരസ്പരമുള്ള അന്വേഷണങ്ങള്‍ തൃപ്തമായാല്‍ കുടുംബ കാരണവډാര്‍ തമ്മിലാണ് അടുത്ത അന്വേഷണം. ഇന്നത്തെ പോലെ കല്ല്യാണത്തിന് മുമ്പ് ചെക്കനും പെണ്ണും പരസ്പരം കണ്ട് തൃപ്തിപ്പെടുന്ന പതിവ് അന്നില്ല.
തറവാട്ടുകാരണവډാര്‍ തമ്മില്‍ സ്ത്രീധനം, സ്വര്‍ണ്ണം, മാമൂലുകള്‍ തുടങ്ങിയവ ധാരണയായാല്‍ തുടര്‍ന്ന് വാക്ക് കൊടുക്കല്‍ ചടങ്ങ് നടക്കും. കല്ല്യാണത്തിന്‍റെ ആദ്യചുവടാണ് ഇത്. ഭൂസ്വത്തിന്‍റെ ഉടമകളായിരുന്നവര്‍ തെങ്ങിന്‍തോപ്പും പറകളുടെ എണ്ണം നിജപ്പെടുത്തിയുള്ള പാട്ട നെല്‍വയലുകളുമാണ് സ്ത്രീധനമായി നിര്‍ണ്ണയിച്ചിരുന്നത്. വാക്കുറപ്പിക്കാന്‍ പെണ്ണിന്‍റെ വീട്ടില്‍ നിന്ന് പത്ത് പതിനഞ്ച് പേര്‍ ചെക്കന്‍റെ വീട്ടിലേക്ക് വരും. മുമ്പ് സംസാരിച്ച് ധാരണയായതനുസരിച്ച് സ്ത്രീധനം, സ്വര്‍ണ്ണം തുടങ്ങിയവ കാരണവډാര്‍ പരസ്പരം പറഞ്ഞുറപ്പിച്ചത് സദസ്സില്‍ പറഞ്ഞ് അംഗീകരിക്കും. സാധാരണ രീതിയില്‍ അഞ്ചുകൂട്ടം പണ്ടമാണ് നല്‍കാറ്. ആദ്യകാലത്ത് സ്വര്‍ണ്ണം പറയുമ്പോള്‍ പവന് പകരം അച്ചാണ് നിര്‍ണ്ണയിച്ചിരുന്നത്.
സാമ്പത്തികശേഷി അനുസരിച്ച് ചില തറവാട്ടുകാര്‍ മുല്ലപ്പൂമാല, ചക്കരമാല, ഇളക്കത്താലി, അടക്ക്മണി, കീരിക്കാമണി, കാമല, പാദസരം, ഒറ്റമുറുക്ക്, കുമ്മത്ത്, ഏലസ്സ്, മണിയംമാട, പൂത്താലി, അരയില്‍ ഏലസ്സ്, ചക്കരപ്പവന്‍, ചിറ്റുംപെറയും, കാളക്കണ്ണന്‍ചിറ്റ്, അലിക്കത്ത്, മുരൂത, ഒറ്റ, അടക്കികെട്ടി, അരഞ്ഞാണം, ഇളക്കമിന്നി, കടകവള, പിരിവള, മുടിവള, മുടിചക്രം, കാശിമാല തുടങ്ങി വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ പറയും. തുടര്‍ന്ന് പ്രാര്‍ത്ഥനക്ക് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ പിരിയും.
വാക്കുറപ്പിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ രണ്ട്മൂന്ന് കൊല്ലങ്ങള്‍ കഴിഞ്ഞശേഷമേ വിവാഹം നടക്കാറുള്ളു. തുടര്‍ന്ന് മാമൂലുകളുടെ തുടക്കം കുറിക്കും. വധുഗൃഹത്തില്‍നിന്ന് വിവിധതരം നാടന്‍പലഹാരങ്ങളും ചില ഇടങ്ങളില്‍ ഉരുളികളില്‍ ജിലേബി, മൈസൂര്‍പാക്ക്, ഹലുവ, ലഡു തുടങ്ങിയ മധുര പലഹാരങ്ങളും വരന്‍റെ വീട്ടിലേക്ക് കൊടുത്തയക്കും. ചമഞ്ഞൊരുങ്ങിയ യുവതികളാണ് ഉരുളികള്‍ ചുമക്കുക. പകരം ഈത്തപ്പഴം വധുവിന്‍റെ വീട്ടിലേക്ക് എത്തിക്കും. ഇതില്‍ ഒരു ഭാഗം അരിമാവില്‍ മുക്കിപ്പൊരിച്ച് വരന്‍റെ വസതിയിലേക്കുതന്നെ വീണ്ടും കൊടുത്തയക്കണം. തുടര്‍ന്ന് നോമ്പ്, പെരുന്നാള്‍ തുടങ്ങിയ വിശേഷാല്‍ ദിവസങ്ങളില്‍ മാമൂലുകളും മര്യാദകളും പരസ്പരം കൈമാറും.
അടുത്ത ചടങ്ങ് കല്ല്യാണ നിശ്ചയമാണ്. ഈ ചടങ്ങും വരന്‍റെ വീട്ടില്‍ വെച്ചുതന്നെയാണ് നടക്കാറ്. നിശ്ചയത്തിന് പെണ്ണിന്‍റെ വീട്ടില്‍ നിന്ന് തറവാട് മഹിമയനുസരിച്ച് ആഗതരുടെ എണ്ണത്തില്‍ വ്യത്യാസം വരാറുണ്ട്. പടാപ്പുറത്തോ കൊട്ടിലിലോ സംഗമിച്ച് അറബി പഞ്ചാഗം മുമ്പില്‍വെച്ച് കല്ല്യാണദിവസത്തിന്‍റെ ഗുണദോഷത്തെയും സൗകര്യത്തെയും കുറിച്ച് ചര്‍ച്ചചെയ്യും. നഹസ്സ് (ദുശ്ശകുനം) ഇല്ലാത്ത ഒരു ദിവസം കണ്ടെത്തി എല്ലാവരുടെയും സമ്മതപ്രകാരം കല്ല്യാണം നിശ്ചയിക്കും.
പ്രധാന കുടുംബങ്ങളിലെ കല്ല്യാണം നിശ്ചയിച്ചാല്‍ ആ തിയ്യതിക്ക് മിക്കവാറും അങ്ങാടി പ്രദേശത്ത് മറ്റ് കല്ല്യാണങ്ങള്‍ വെക്കാറില്ല. കല്ല്യാണങ്ങള്‍ വ്യാഴാഴ്ച അസ്തമിച്ച രാത്രിയോ (വെള്ളിയാഴ്ച രാവ്), ഞായറാഴ്ച അസ്തമിച്ച രാത്രിയോ (തിങ്കളാഴ്ച്ച രാവ്) ആയിരിക്കും നിശ്ചയിക്കുക. വെള്ളിയാഴ്ച കടകള്‍ക്ക് അവധിയായതിനാല്‍ അങ്ങാടിയിലെ കല്ല്യാണങ്ങള്‍ അധികവും വ്യാഴാഴ്ച രാത്രിയായിരിക്കും. മൂന്ന് നാല് മാസം ഇടവിട്ടായിരിക്കും കല്ല്യാണം അധികവും നിശ്ചയിക്കുന്നത്. തുടര്‍ന്ന് ഇരുവീട്ടുകാരും കല്ല്യാണത്തിന്‍റെ ഒരുക്കങ്ങള്‍ തകൃതിയായി ആരംഭിക്കും.
മണിയറയെ മണ്ടോകം-ഭവനം എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരുക്കല്‍ പെണ്‍വീട്ടുകാരുടെ പ്രധാന ബാദ്ധ്യതയാണ്. അറയുടെ പ്രൗഢി അനുസരിച്ചാണ് വധുവിന്‍റെ വീട്ടുകാരുടെ മഹിമ നിര്‍ണ്ണയിക്കുക. പഴയ അറയാണെങ്കില്‍ പൊളിച്ച്മാറ്റി കാലാനുസൃതമായ പരിഷ്ക്കാരങ്ങളോടെ പുനര്‍നിര്‍മ്മാണം നടത്തും.
അകമണ്ടോകം, പുറം മണ്ടോകം, കയ്യാല, ഇരിക്കാനുള്ള സീറ്റുകള്‍, നടുമുറ്റം, കുളിമുറി, ഹൗള്, കിണര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. വരനും കുടുംബവും ആജീവനാന്തമോ മറ്റു വീടുകളിലേക്ക് താമസം മാറ്റുന്നതുവരെയോ വധുഗൃഹത്തില്‍ പാര്‍ക്കുന്നതിനാല്‍ ചില വീടുകളിലെ ഇത്തരം അറകളില്‍ ഒരു ചെറിയ വീടിന് സമാനമായ എല്ലാ സൗകര്യങ്ങളും ഉണ്ടാകും.
കോച്ചി കട്ടില്‍, പല്ലങ്കി കട്ടില്‍, ബൂലുത കട്ടില്‍ എന്നിങ്ങനെ പല കട്ടിലുകളും, കട്ടിലുകളില്‍ പലതിലും ഒന്നില്‍ കൂടുതല്‍ കിടക്കകള്‍, വട്ടതലയണ, നീളതലയണ, കില്ല, മേലാപ്പ്, കട്ടിത്തിര മുതലായവയും ഉണ്ടാകും. വിലപിടിപ്പുള്ള വെല്‍വെറ്റ് തുണികൊണ്ട് അടിച്ച് ശീലകള്‍കൊണ്ട് പൂക്കള്‍ തുന്നിപിടിപ്പിച്ച കിടക്കകള്‍ ഉപയോഗിക്കുന്ന കട്ടിലുകളാണ് ബൂലുത കട്ടില്‍. കൂടാതെ സോഫാസെറ്റുകള്‍, കസേരകള്‍, മേശ, മതിലില്‍ ഘടിപ്പിച്ച അലമാറകളില്‍ നിറയെ കൗതുകവസ്തുക്കള്‍ തുടങ്ങിയവ അറയില്‍ സജ്ജീകരിക്കും. കല്ല്യാണ നിശ്ചയത്തിനുശേഷം പെണ്‍വീടുകളില്‍ ആശാരിമാരും പെയിന്‍റര്‍മാരും കല്‍പ്പണിക്കാരും തട്ടാډാരും സജീവമായി പണികള്‍ ആരംഭിക്കും. ഈ ജോലികള്‍ കല്ല്യാണത്തിന്‍റെ തലേ ദിവസം വരെ തുടരും.
മറ്റൊരു മുഖ്യ ഘടകമാണ് സ്ത്രീകളുടെ കല്ല്യാണംവിളി. കല്ല്യാണത്തിന്‍റെ രണ്ടുമാസം മുമ്പ് തന്നെ ഈ ചടങ്ങ് ആരംഭിക്കും. ആദ്യം വിളി ആരംഭിക്കുന്നത് ഇല്ലത്ത് (പിതാവിന്‍റെ വീട്) നിന്നാണ്. ഇവിടെ നിന്ന് ഭക്ഷണവും മറ്റു ബന്ധുവീടുകളില്‍ നിന്ന് അഞ്ചില്‍ കുറയാത്ത പലഹാരങ്ങളും ഒരുക്കി അതിഥികളെ സല്‍ക്കരിക്കും. ഈ സംഘത്തില്‍ മിക്കപ്പോഴും ഇരുപതിലധികം സ്ത്രീകളുണ്ടാകും. രാത്രിയിലാണ് ക്ഷണിക്കാന്‍ പോകാറ്. ക്ഷണിക്കപ്പെട്ട പല വീടുകളില്‍നിന്നും കല്ല്യാണ വീട്ടിലേക്ക് തുരുതുരാ പലഹാരങ്ങള്‍ കൊണ്ടുവരും.
കല്ല്യാണത്തിന്‍റെ മൂന്ന് ദിവസം മുമ്പ് ഈ വീടുകളിലേക്ക് ഒരു സ്ത്രീയെ ദിവസം ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി പ്രത്യേകം പറഞ്ഞുവിടും. വിവിധ തരത്തിലുള്ള ആടയാഭരണങ്ങള്‍ അണിയിച്ചാണ് പറഞ്ഞയക്കുക. ഇതിനെ പൊന്നിട്ട് വിളിക്കലെന്നാണ് പറയാറ്. പോകുന്ന വീടുകളില്‍ നിന്നെല്ലാം ഒരു രൂപ മൂതല്‍ പത്ത് രൂപ വരെ കൈമടക്ക് ലഭിക്കാറുണ്ട്.
പുരുഷډാരില്‍ അടുത്ത ബന്ധുക്കളേയും അയല്‍വാസികളേയും മാത്രമേ നേരില്‍ കണ്ട് ക്ഷണിക്കാറുള്ളൂ. ബാക്കിയുള്ളവരെ കത്ത് നല്‍കിയാണ് ക്ഷണിക്കുക. ക്ഷണക്കത്തില്‍ വധുവിന്‍റെ പേര് ചേര്‍ക്കുന്ന പതിവില്ല. വ്യാഴാഴ്ച അസ്തമിച്ച രാത്രി ഞായറാഴ്ച അസ്തമിച്ച രാത്രി തുടങ്ങിയ പ്രത്യേക വാചകങ്ങള്‍ പ്രയോഗിച്ചാണ് ക്ഷണക്കത്ത് അടിക്കാറ്.
കല്ല്യാണത്തിന് വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുവാനും കത്ത് കൊടുക്കുവാനും പ്രത്യേകമായി ചിലരുണ്ടായിരുന്നു. ഇവര്‍ കല്ല്യാണ വീട്ടില്‍ മുന്‍കൂട്ടി വന്ന് നാട്ടിലുള്ളവരുടെ പേരുകള്‍ ഓര്‍മ്മിപ്പിച്ച് ഇതില്‍ നിന്ന് ഗൃഹനാഥന്‍ ആവശ്യപ്പെടുന്നവരുടെ ലിസ്റ്റ് (ഓല) തയ്യാറാക്കിക്കൊടുക്കും. ക്ഷണിതാക്കളുടെ ലിസ്റ്റ് ഇവരെതന്നെ ഏല്‍പ്പിക്കും. അതനുസരിച്ച് കത്തുനല്‍കി ക്ഷണം ആരംഭിക്കും. പേരെഴുതി കത്ത് നല്‍കിയാല്‍ മാത്രമെ കല്ല്യാണത്തിന് പങ്കെടുക്കുകയുള്ളൂ. കല്ല്യാണത്തിന്‍റെ രണ്ട് ദിവസം മുമ്പ് ഒരിക്കല്‍ കൂടി ദിവസം ഓര്‍മ്മിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു.
കല്ല്യാണത്തിന് ഒരു മാസം മുമ്പെങ്കിലും ചെക്കന്‍റെ വീട്ടില്‍ നിന്ന് പെണ്ണിന്‍റെ വീട്ടിലേക്ക് വധുവിനുള്ള കുപ്പായത്തിന്‍റെയും, ചെരുപ്പിന്‍റെയും, വളയുടെയും അളവിന് വേണ്ടി പ്രത്യേക സ്ത്രീയെ പറഞ്ഞയക്കും. തുടര്‍ന്നാണ് വധുവിന് ആവശ്യമായ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ചില വീടുകളില്‍ കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ പുകയിലച്ചിപ്പ് ഓലപ്പായയില്‍ പൊതിഞ്ഞ ഒരു ചാക്ക് (മംഗലാപുരം മൂട) നെയ്ച്ചോര്‍അരി വീട്ടിന്‍റെ പൂമുഖത്ത് കാണാം. ചുരുങ്ങിയത് നാല്‍പ്പത് റാത്തലാണ് സാധാരണ മൂടയുടെ അളവ്. കല്യാണത്തിന്‍റെ തുടക്കം കുറിച്ചതിന്‍റെ അടയാളം കൂടിയാണിത്.
മൈലാഞ്ചിക്കല്ല്യാണവും പൊന്നാപ്പിക്കലും
പെണ്‍കല്ല്യാണം അധികവും രണ്ടുദിവസമായാണ് നടത്താറ്. ആദ്യ ദിവസം രാത്രിയിലാണ് മൈലാഞ്ചിക്കല്ല്യാണം. അന്നാണ് സ്ത്രീകള്‍ കൂടുതല്‍ പങ്കെടുക്കുക. അന്നേ ദിവസം പകലാണ് വരന്‍റെ വീട്ടില്‍നിന്ന് വധുവിന് അണിഞ്ഞൊരുങ്ങുന്നതിനായുള്ള വസ്ത്രങ്ങളടക്കം വിവിധതരം സാധനങ്ങള്‍ കൊണ്ടുവരുന്നത്. വരന്‍റെ സാധനങ്ങള്‍ പെട്ടിയിലോ സൂട്ട്കെയ്സിലോ ബന്ധുമിത്രാദികളുടേത് പേക്കറ്റുകളിലോ അടക്കം ചെയ്താണ് കൊണ്ടുവരാറ്.
ആദ്യകാലത്ത് പട്ടും തുകിലുമാണ് വധുവിന് ധരിക്കാനുള്ള മുഖ്യ വസ്ത്രം. പെണ്‍കുപ്പായം, തട്ടം, നമസ്കാര കുപ്പായം, കുട, റിബ്ബണ്‍, സോപ്പ്, ചീപ്പ്, കണ്ണാടി, സുഗന്ധ ദ്രവ്യങ്ങള്‍, അടിപ്പാവാട, ചെരിപ്പ് തുടങ്ങിയ വിവിധയിനം സാധനങ്ങള്‍ ഇതോടൊപ്പം ഉണ്ടാകും. പിന്നീട് പട്ടും തുകിലിനു പകരം പിന്നീട് സാരിയായി പതിവ്. സാധനങ്ങളോടൊപ്പം മൈലാഞ്ചിചെയ്ന്‍ (നെക്ലെസ്) അടക്കം ചെയ്തിട്ടുണ്ടാകും. കൊണ്ടുവരുന്ന സ്ത്രീകള്‍ക്ക് പ്രത്യേക കൈമടക്ക് നല്‍കും. സാധനങ്ങള്‍ വധുവിന്‍റെ വീട്ടിലെത്തിയാല്‍ വധുവിന്‍റെ ബന്ധുമിത്രാദികളുടെ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്ന സാധനങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരിക്കാന്‍ പരസ്പരം മത്സരിക്കും.
അരി പലവ്യഞ്ജനസാധനങ്ങളില്‍ മിക്കതും ബന്ധുമിത്രാദികളില്‍നിന്ന് ലഭിക്കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് രാത്രി ഭക്ഷണം വിളമ്പുന്നതിനുമുമ്പായി വൈകുന്നേരം തന്നെ വരന്‍റെ വീട്ടിലേക്ക് മൈലാഞ്ചിച്ചോറ് കൊടുത്തയക്കണം. 8, 16, 24, 32 എന്നീ ഗണിതക്രമത്തില്‍ വലിയ തളികകളിലാണ് ഭക്ഷണം കൊണ്ട് പോവുക. ഓരോ തളിക ചോറിന്‍റെ മുകളില്‍ കോഴി മുഴുവനായി പൊരിച്ചതോ വലിയ കഷ്ണം ഇറച്ചിയോ (തുണ്ടനോ) വെക്കാറുണ്ട്. കല്ല്യാണ ദിവസവും വധുവിന്‍റെ വീട്ടില്‍നിന്ന് വരന്‍റെ വീട്ടിലേക്ക് പുതിയാപ്പിളച്ചോറ് കൊടുത്തയക്കണം. വരന്‍റെ വീട്ടില്‍ ക്ഷണിതാക്കള്‍ക്കായി ഈ ദിവസങ്ങളില്‍ ഭക്ഷണം പാകംചെയ്യാറില്ല. മുന്‍കൂട്ടി നിര്‍ണ്ണയിച്ചതനുസരിച്ചുള്ള ഈ ചോറാണ് ഉപയോഗിക്കുക. ഈ ഭക്ഷണം പ്രതീക്ഷിച്ച് ബന്ധുമിത്രാദികള്‍ വരന്‍റെ വീട്ടില്‍ എത്താറുണ്ട്. ആത്മമിത്രങ്ങള്‍ ക്ഷണിക്കപ്പെടാതെയും ഇത്തരം കൂട്ടായ്മകളില്‍ പങ്കെടുക്കാറുണ്ട്.
ക്ഷണിച്ച പല തറവാടുകളില്‍ നിന്നും കാരണവത്തി (താത്ത) മാത്രമാണ് കല്ല്യാണത്തിന് വരാറുള്ളൂ. കൂടെ ചുരുങ്ങിയത് രണ്ട്-മൂന്ന് വേലക്കാരികളും ആശ്രിതരും അയല്‍വാസികളും അനുഗമിക്കും. തറവാട് മഹിമയനുസരിച്ച് വേലക്കാരികളുടെ എണ്ണം വര്‍ദ്ധിക്കും. സാധാരണ ഒരു വീട്ടുകാര്‍ക്ക് ഒരു സുപ്രവട്ടം പത്തുപേര്‍ക്കുള്ള ചോറാണ് നിര്‍ണ്ണയിക്കാറ്. നിലത്ത് വിരിച്ച പായയിലാണ് ചോറ് വിളമ്പുക. വസ്ത്രങ്ങള്‍ അഴുക്കാവാതിരിക്കാന്‍ പ്രത്യേകം നല്‍കുന്ന തലയണയിലാണ് താത്ത ഇരിക്കാറ്. ഇതിനുവേണ്ടി ബന്ധുമിത്രാദികളുടെ വീടുകളില്‍ നിന്നെല്ലാം തലയണകള്‍ മുന്‍കൂട്ടി ശേഖരിക്കും. അകമ്പടി സേവകര്‍ പായയിലുമിരിക്കും. ഇന്നത്തെ പോലെ കസേര, മേശ സമ്പ്രദായം അന്നില്ല. ഭക്ഷണം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വെറ്റില, അടക്ക, പുകയില എന്നിവ ഒരു ഈര്‍ക്കിളില്‍ കുത്തിക്കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.
ചില വീട്ടുകാര്‍ മൈലാഞ്ചികല്ല്യാണം ഗംഭീരമായിതന്നെ നടത്താറുണ്ട്. കൃത്രിമ സൗന്ദര്യവസ്തുക്കള്‍ വ്യാപകമല്ലാത്ത അക്കാലത്ത് മൈലാഞ്ചിട്യൂബുകള്‍ ഉപയോഗിക്കാറില്ല. വധുവിന്‍റെ ഇല്ലത്തെ അമ്മിയില്‍നിന്ന് തന്നെ അരച്ച മൈലാഞ്ചിയാണ് കൊണ്ടുവരാറ്. കൂടെ ബന്ധുമിത്രാദികള്‍ അനുഗമിക്കും. മൈലാഞ്ചിസംഘം കല്ല്യാണ വീട്ടില്‍ എത്താറായാല്‍ സ്ത്രീ ഗായകസംഘവും വീട്ടുകാരും അവരെ എതിരേറ്റ് ആനയിക്കും. ക്ഷണിക്കപ്പെട്ടവരുടെ ഭക്ഷണത്തിനു ശേഷമാണ് മൈലാഞ്ചി ഇടല്‍ ചടങ്ങ്. കൂട്ടുകാരികളാണ് ചടങ്ങിന് ആരംഭം കുറിക്കുക. തുടര്‍ന്ന് കുടുംബക്കാരും പങ്കുചേരും.
ആദിപെരിയോന്‍ അമൈത്ത മൈലാഞ്ചി
അദന്‍ എന്ന സുബര്‍ക്കത്തിലുള്ള മൈലാഞ്ചി
ആദം ഹവ്വാബിക്കിറക്കിയ മൈലാഞ്ചി
അതുമുതല്‍ എല്ലാരും ഇട്ടുള്ള മൈലാഞ്ചി
തുടങ്ങിയ മദഹ് ഗാനങ്ങളും
കന്നികതിര്‍മുറ്റത്ത്
കല്‍പതിച്ച പൊന്‍മുറ്റത്ത്
കാണ്‍മാനായ് ദാസിയൊത്ത്
കന്യകള്‍ പൊന്നിട്ടണഞ്ഞ്
ഏറ്റവും ചരക്കുകപ്പല്‍
വെള്ളരിയും വെള്ളിമുള്ളും
ആതുറായില്‍ ആവട്ടത്ത്
അഹ്മദ്കുട്ടിക്കൊത്തവനില്ല
ഈ തുറായില്‍ ഈ വട്ടത്ത്
ആമിനകുട്ടിക്കൊത്തവളില്ല
തുടങ്ങിയ പാട്ടുകളും ഇമ്പമാര്‍ന്ന ശൈലികളില്‍ പാടും. പാട്ടിന്‍റെ താളത്തിനൊത്ത് നൃത്തം ചവിട്ടുന്ന പതിവും ഉണ്ട്.
കാച്ചള്ളത്തിന്‍റെ ദൈനവ, അഴീക്കല്‍ കദീസ, വെളിയംകോട്ടുകാരി പാത്തിമ്മി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്ഥിരം ഗായക ഗ്രൂപ്പുകള്‍തന്നെ ഇതിനായി ഉണ്ടായിരുന്നു. കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും പാട്ടുസംഘത്തെ ക്ഷണിച്ചുകൊണ്ടുവരാറുണ്ട്.
രണ്ടാം ദിവസമാണ് പൊന്നൊപ്പിക്കല്‍ കല്ല്യാണം. വധുവിന് നല്‍കുന്ന സ്വര്‍ണ്ണത്തിനുപുറമെ കൂടുതല്‍ സ്വര്‍ണ്ണങ്ങള്‍ അണിയിക്കും. പ്രത്യേക ഇരിപ്പിടത്തില്‍ വധുവിനെ ഇരുത്തിയശേഷമാണ് ചടങ്ങ് ആരംഭിക്കുന്നത്. ബന്ധുമിത്രാദികള്‍ തന്നെയാണ് ഈ ചടങ്ങിനും നേതൃത്വം നല്‍കുന്നത്. ഗായകസംഘം പാട്ടുകള്‍ പാടി മതിമറക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ദിവസമാണ് വരന്‍റെ വീട്ടിലെ പ്രധാന കല്ല്യാണം.
വരന്‍റെ കൂടെ വധുവിന്‍റെ വീട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റ് മുന്‍ കൂട്ടി പെണ്‍വീട്ടുകാര്‍ക്ക് നല്‍കണം. ഇവരെ പ്രത്യേകമായി പെണ്‍വീട്ടുകാര്‍തന്നെ ക്ഷണിക്കണം. ക്ഷണിക്കപ്പെട്ടവര്‍ മാത്രമേ വരന്‍റെ കൂടെ അനുഗമിക്കുകയുള്ളൂ. ക്ഷണിക്കാത്ത ആരും തന്നെ പോകാറില്ല. പോയാല്‍തന്നെ ഭക്ഷണം കഴിക്കാതെ തിരിച്ചുവരും. നല്‍കിയ ലിസ്റ്റില്‍ ആരെങ്കിലും ക്ഷണിക്കാന്‍ വിട്ടുപോയാല്‍ അത് പിന്നീട് പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിടും.
സാധുക്കളുടെ കല്ല്യാണങ്ങള്‍ക്ക് പോലും പെട്ടിപ്പാട്ട് (ഗ്രാമഫോണ്‍) മുഖ്യ ഘടകമാണ്. കല്ല്യാണം നാടാകെ അറിയിക്കാനുള്ള ഒരു സംവിധാനം കൂടിയാണിത്. പകല്‍ പതിനൊന്ന് മണിമുതല്‍ ആരംഭിക്കുന്ന പെട്ടിപ്പാട്ട് അര്‍ദ്ധരാത്രിവരെ നീണ്ടുനില്‍ക്കും. അതത്കാലത്തെ ഹിറ്റായ പാട്ടുകളായിരിക്കും അധികവും. സൗണ്ട് കൂട്ടിയാണ് ഗ്രാമഫോണ്‍ പ്രവര്‍ത്തിക്കുക. തډൂലം കല്ല്യാണങ്ങള്‍ ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും അറിയും. പലപ്പോഴും കാറ്റിന്‍റെ ഗതി അനുസരിച്ച് അക്കരെ പുറത്തൂരില്‍ നിന്നുള്ള പാട്ടുകള്‍ വരെ കേള്‍ക്കുമായിരുന്നു. വാലുപിടിച്ചൊരു പുലിയച്ചന്‍ പുലിവാലുപിടിച്ചൊരു നായരച്ചന്‍, നാവൂരി പാലുകൊണ്ട് നാടാകെ കല്ല്യാണം തുടങ്ങിയ പഴയ പാട്ടുകള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു.
ചില വലിയ കല്ല്യാണങ്ങള്‍ക്ക് ബാന്‍റുസെറ്റുകള്‍, കോല്‍ക്കളി, പരിസക്കളി, ഗാനമേള മുതലായവയും ഉണ്ടായിരിക്കും. ബാന്‍റ്സെറ്റ് കല്ല്യാണവീട്ടില്‍ രാവിലെ എത്തിയാല്‍ ബന്ധുമിത്രാദികളുടെ വീടുകളിലേക്ക് പറഞ്ഞയച്ച് അവിടങ്ങളില്‍ മുട്ടിക്കും. ആ വീടുകളില്‍ നിന്ന് മോശമല്ലാത്ത കൈമടക്കും കിട്ടും. പല വീടുകളിലും സാമ്പത്തിക കഴിവനുസരിച്ച് ഗാനമേളകളും ഖവാലി-മെഹ്ഫില്‍ സദസ്സുകളും സംഘടിപ്പിക്കാറുണ്ട്. മികച്ച ഗായകട്രൂപ്പുകളുടെ ഗാനമേളകള്‍ ഉണ്ടായിരുന്നു.
അവറാന്‍ കുരിക്കള്‍, ഔക്കരാക്ക, ബീരാന്‍കുട്ടി കുരിക്കള്‍, ഇക്കാസ് കുരിക്കള്‍, ആശാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും ചെമ്പ് താമി നിയന്ത്രിക്കുന്ന പരിസമുട്ടും പലവീടുകളിലും അരങ്ങേറിയിട്ടുണ്ട്.
വലിയ കല്ല്യാണങ്ങള്‍ക്ക് പകല്‍തേട്ടം എന്നൊരാചാരം നിലനിന്നിരുന്നു. വരന്‍റെ വീട്ടില്‍നിന്ന് വധുവിന്‍റെ വീട്ടിലേക്ക് വരനെ കൂടാതെ വിവിധ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം സന്ദര്‍ശിക്കുന്നതാണ് ഈ ചടങ്ങ്. ചായസല്‍ക്കാരത്തോടെ ചടങ്ങ് അവസാനിക്കും.
കല്ല്യാണ ദിവസം രാത്രിയില്‍ വീട്ടിന്‍റെ അകത്ത് അറ പ്രത്യേകം സജ്ജമാക്കി വരന്‍ അവിടെ ഇരിക്കാറാണ് പതിവ്. ആത്മമിത്രങ്ങളും കൂട്ടിന് ഉണ്ടാകും. ക്ഷണിക്കപ്പെട്ടവരില്‍ അധികംപേരും പ്രസന്‍റേഷനോ ക്യാഷ് കവറുകളോ കൊണ്ടുവന്ന് വരന് നല്‍കും. ഇവ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. അങ്ങാടിയിലെ കടകള്‍ അടച്ചതിനുശേഷം ക്ഷണിക്കപ്പെട്ടവര്‍ ഏകദേശം എത്തിയതിന് ശേഷമാണ് വധുവിന്‍റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കം ആരംഭിക്കുക. മിക്കവാറും രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാണ് ഈ യാത്ര. വരന്‍റെ കൂടെ വധുവിന്‍റെ വീട്ടിലേക്ക് പോകുവാന്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രം വരന്‍റെ വീട്ടില്‍ ഇരിക്കും. നേരംപോക്കിനായി ചീട്ട് കളിച്ചും സൊറ പറഞ്ഞും കഴിച്ചുകൂട്ടും. അല്ലാത്തവര്‍ ലഘുഭക്ഷണം കഴിച്ച് വരന്‍റെ വീട്ടില്‍നിന്നുതന്നെ മടങ്ങും.
വരനെ ക്ഷണിച്ചുകൊണ്ടുപോകുന്നതിനായി വധുവിന്‍റെ വീട്ടില്‍ നിന്ന് ഏതാനും പേര്‍ തേടിവരണം. ഇവര്‍ എത്തിയ ശേഷമേ വരന്‍ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയുള്ളൂ. തേട്ടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഘുഭക്ഷണം കൊടുക്കുകയും ബാന്‍റ് വാദ്യമേളങ്ങള്‍ അവസാനമായി കൊട്ടിതകര്‍ത്തതിന് ശേഷം വരന്‍റെ കൂടെ പോകാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കും.
മൗത്തളയും ഒപ്പനയും
പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നീ തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും നടന്നിരുന്ന ഒരു ആചാരമായിരുന്നു മൗത്തളപാട്ട്. പൊന്നാനിയില്‍ മിക്ക ആണ്‍ കല്ല്യാണങ്ങള്‍ക്കും മൗത്തളയും ഒപ്പനയും സംയുക്തമായി സംഘടിപ്പിച്ചിരുന്നു. വധുവിന്‍റെ വീട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്ന സമയത്ത് വീടിന്‍റെ അകത്തളത്തില്‍ (കൊട്ടിലില്‍) വിരിച്ച പടത്തില്‍ മൗത്തളക്കാര്‍ ഇരിപ്പുറപ്പിക്കും. ഉസ്മാന്‍ മാസ്റ്റര്‍, ബാപ്പുക്കാന്‍റെ മുഹമ്മദ്, മസ്താന്‍ ഇമ്പിച്ചി, ഉമ്മര്‍ മുസ്ലിയാര്‍, പെയിന്‍റര്‍ മാമുട്ടി, എ.പി.ബാവു, ഹുസ്സന്‍ തുടങ്ങിയ പലരും മൗത്തള ഗ്രൂപ്പിലെ തലയണപ്പുറത്തെ ലീഡര്‍മാരായിരുന്നു.
ഒരു സംഘത്തില്‍ ചുരുങ്ങിയത് എട്ടില്‍ കുറയാത്ത അംഗങ്ങള്‍ ഉണ്ടാകും. മദ്ധ്യത്തില്‍ തലയണയില്‍ വെള്ളവിരിച്ച് വരന് ഇരിക്കാനുള്ള സ്ഥാനവും മുമ്പില്‍ ഓലകൊണ്ട് മുടഞ്ഞ പേളയില്‍ രണ്ട് നാഴി അരി, ഒരു കെട്ട് വെറ്റില, അടക്ക, വെള്ളത്തുണി അടങ്ങിയവ ഒസ്സാന് (ബാര്‍ബര്‍ക്ക്) കാണിക്കയായി നല്‍കാനും വെക്കും. സ്വാഗതഗാനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. വരന്‍റെ മാതാപിതാബന്ധുമിത്രാദികളെ പേരെടുത്ത് പറഞ്ഞാണ് സ്വാഗതഗാനം. തുടര്‍ന്ന് മൗത്തളപ്പാട്ടുകള്‍ ആലപിക്കും. ഗ്രൂപ്പ് ലീഡര്‍ ഗാനങ്ങള്‍ പാടുകയും അംഗങ്ങള്‍ പല്ലവി ആലപിക്കുകയും ചെയ്യും. ഇതിനിടയില്‍ മൂന്ന് വട്ടം കൈനീട്ടി കൊട്ടി പാട്ടുകള്‍ പാടുകയും വരന്‍റെയും വധുവിന്‍റെയും വീട്ടുമഹിമ വര്‍ണ്ണിക്കുകയും തുടര്‍ന്ന്
'അശ്റഫുല്‍ ഹലക്കായ നബിക്കട-
യാളം പതിനഞ്ചുണ്ടറിവില്‍'
സല്ലല്ലാഹു സയ്യിദന്നബി
ആലിലും സഹാബോരത്തൈ
തുടങ്ങിയ വരികളടങ്ങുന്ന നബിയുടെ മദഹ്കള്‍ പാടിതുടങ്ങും. മൂന്ന് തവണ വരന്‍റെ പേര് പാട്ടിലൂടെ പരാമര്‍ശിക്കുമ്പോള്‍ വരന്‍ അറയില്‍നിന്ന് വന്ന് തലയണയില്‍ ഉപവിഷ്ടനാകും. ഈ സമയത്ത് ഒസ്സാന്‍ വരന്‍റെ നെറ്റി കത്തികൊണ്ട് മാമൂലായി സ്പര്‍ശിച്ച ശേഷം വരന്‍ വീണ്ടും അറയിലേക്ക് തന്നെ തിരിച്ചുപോകും. തുടര്‍ന്ന് മൗത്തളയുടെ രീതി ഒപ്പനയിലേക്ക് ഗതിമാറും. ഒസ്സാന്‍ പേളയിലെ കാണിക്കയുമായി സ്ഥലംവിടും. കല്ലീയാണമേ കൗതുക കല്ലീയാണമേ എന്ന ഈരടികളോടുകൂടി ഒപ്പന അവസാനിപ്പിക്കും. ഇത്തരത്തിലുള്ള ചടങ്ങുകള്‍ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും പകലുകളില്‍ ഇമ്പമാര്‍ന്ന മൗത്തള ശീലുകള്‍ കേള്‍ക്കാറുണ്ട്.
ചില കല്യാണങ്ങള്‍ക്ക് ഒപ്പനയുടെയും മൗത്തളയുടെയും ഇടയിലുള്ള ഒരു ചടങ്ങാണ് കാശ് കൈമാറല്‍. വധുവിന്‍റെ വീട്ടുകാര്‍ മുന്നൂറ് പണം (എണ്‍പത്തിയഞ്ചേകാല്‍ രൂപ) ഒറ്റ നാണയമാക്കി കുറച്ച് ഉമിയും ചേര്‍ത്ത് ശീലക്കിഴിയിലാക്കി കൊണ്ടുവരും. തുടര്‍ന്ന് ഇരുവീട്ടിലെയും കാരണവډാര്‍ ഒത്തുകൂടി പണക്കിഴി അഴിച്ച് എണ്ണിതിട്ടപ്പെടുത്തും. അകത്തുള്ള വരനെ വിളിച്ച് ഇത്ര പറ നെല്ലിന്‍റ നിര്‍ണ്ണയിക്കപ്പെട്ട ഭൂമിയും പറമ്പും സ്ത്രീധനമായി നല്‍കുന്നു എന്ന് പറഞ്ഞ് ഈ കിഴിയും കൂടെ ചെറിയ കത്തിയും തൗക്കില്‍ (ചെറിയ വെറ്റില തളിക)വെച്ച് വരന്‍റെ കൈവശം കൊടുക്കും. വരന്‍ കിഴി തന്‍റെ തറവാട്ട് കാരണവډാരെ ഏല്‍പ്പിച്ചശേഷം വീണ്ടും അകത്തേക്ക് പോകും.
വരന്‍ അകത്തേക്ക്പോയി കഴിഞ്ഞാല്‍ ചുറ്റുമിരിക്കുന്ന മൗത്തളക്കാര്‍ ഒപ്പനരീതി മാറ്റി വീണ്ടും മൗത്തളരീതി തന്നെ പാടിത്തുടങ്ങും. പാട്ടിനിടയില്‍ പേര്‍ വിളിക്കുമ്പോള്‍ വരന്‍ തലയണയില്‍ വന്ന് ഇരിക്കും. ഈ സമയത്താണ് സ്നേഹിതډാര്‍ മാലകള്‍ ചാര്‍ത്താറ്. രണ്ട്, മൂന്ന് മാലകള്‍ കഴുത്തില്‍ ഇട്ടശേഷം ബാക്കിയുള്ളവ ആത്മമിത്രങ്ങളെ ഏല്‍പ്പിക്കും.
മൗത്തള കഴിഞ്ഞാല്‍ വരന്‍ എഴുന്നേറ്റ് വീട്ടിനകത്തുള്ള സ്ത്രീകളായ ബന്ധുമിത്രാദികളോട് യാത്ര പറഞ്ഞു പുറത്ത് പന്തലില്‍ ഒരുക്കിയ കസേരയില്‍ വന്നിരിക്കും. പ്രാര്‍ത്ഥനയ്ക്ക് ശേഷം സ്നേഹിതډാര്‍ മംഗളപത്രങ്ങള്‍ വായിക്കും. കോപ്പികള്‍ സദസ്സില്‍ വിതരണം ചെയ്യുകയും ഒരു കോപ്പി ഫ്രെയിം ചെയ്ത് വരന് നല്‍കുകയും ചെയ്യും. കല്ല്യാണത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വരന്‍ നന്ദിപറഞ്ഞു വധുവിന്‍റെ വീട്ടിലേക്ക്പുറപ്പെടും.
നടബൈത്തുകള്‍ പാടി ആദ്യം മൗത്തളക്കാരും. തുടര്‍ന്ന് ബാന്‍റ്, കോല്‍ക്കളി തുടങ്ങിയവയുടെ പിറകിലായി വരനും സംഘവും അനുഗമിക്കും. രാത്രിയാണെങ്കിലും വരന് കുടചൂടിക്കൊടുക്കും. ആവശ്യമനുസരിച്ച് സ്റ്റാന്‍റില്‍ ഘടിപ്പിച്ച പെട്രോമാക്സ് വിളക്കുകള്‍ വിവിധ ഭാഗങ്ങളില്‍ തലയില്‍ ചുമന്ന് യാത്രയ്ക്ക് അകമ്പടി സേവിക്കുന്നവരും അനുഗമിക്കും.
മഖ്ദൂം തറവാട്ടിലെ പുതിയാപ്പിളയാണെങ്കില്‍ ആനക്കുട അനിവാര്യം. പൊന്നാനി അങ്ങാടിയിലെ മിക്ക കല്ല്യാണങ്ങളിലും വരനും സംഘവും വലിയ ജുമാഅത്ത് പള്ളിയിലെ മഖ്ദൂം മഖാമില്‍ സിയാറത്ത് ചെയ്യല്‍ പതിവായിരുന്നു. പലപ്പോഴും വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടാകും. ചില സമ്പന്നരുടെ കല്ല്യാണത്തിന് കരിമരുന്ന് പ്രയോഗിക്കാന്‍ വേണ്ടി കടപ്പുറം വരെ പോയി വധുഗൃഹത്തില്‍ എത്തുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അന്ന് കടപ്പുറം ഇന്നത്തെക്കാള്‍ വിജനവും വിശാലവുമായിരുന്നു.
ചില പുതിയാപ്പിളമാര്‍ക്ക് സ്നേഹിതډാരില്‍ നിന്ന് യാത്രയ്ക്കിടയില്‍ തീക്ഷണമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നീളകുപ്പായം ഓവര്‍ക്കോട്ട് തലപ്പാവ് തുടങ്ങിയ സമ്പൂര്‍ണ വേഷങ്ങള്‍ ധരിച്ച് ആനക്കുട സഹിതം പുറപ്പെട്ട ഒരു പുതിയാപ്പിള വധുഗൃഹത്തില്‍ എത്തുമ്പോള്‍ ഷര്‍ട്ടും തുണിയും മാത്രം അവശേഷിച്ച് എത്തിച്ചേര്‍ന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. മുമ്പ് താന്‍ കാണിച്ച വിക്രിയകളുടെ പകരം വീട്ടലുകള്‍ കൂടിയാണിത്.
വധുഗൃഹത്തില്‍ എത്തിയ വരന് വലിയ സ്വീകരണമാണ് ലഭിക്കാറ്. മാലയും ബൊക്കയും തൊട്ടടുത്ത് ഒരു കിണ്ടിയില്‍ കുറച്ച് വെള്ളവുമായി വധുവിന്‍റെ ചെറിയ സഹോദരന്‍ സ്വീകരിക്കാന്‍ കാത്തുനില്‍ക്കും. കാലുകഴുകി അകത്ത് കയറണം എന്നതിനുവേണ്ടി പ്രതീകാത്മകമായാണ് കിണ്ടി വെക്കാറ്. പഴയകാല കേരളീയ സമ്പ്രദായത്തില്‍നിന്ന് പകര്‍ന്നതാവാം ഇത്. പക്ഷെ കാലുകഴുകാറില്ല. മാല ചാര്‍ത്തി കഴിഞ്ഞാല്‍ വരന്‍ കിണ്ടിയില്‍ പവനോ സാധാരണക്കാര്‍ സ്വര്‍ണ്ണ നാണയമോ മോതിരമോ ഇടാറാണ് പതിവ്. കാല്‍ പവനോ അരപ്പവനോ തൂക്കം വരുന്ന ഒരു സ്വര്‍ണ്ണ മോതിരമാണ് അധികവും മാമൂല്. ഒരു പവന്‍വരെ ഇടാറുണ്ട്.
തുടര്‍ന്ന് വരനെയും കൂടെ സ്നേഹിതډാരെയും വീടിന്‍റെ പടാപ്പുറത്തേക്ക് ആനയിക്കും. ബാക്കിയുള്ളവരെ ഭക്ഷണ പന്തലിലേക്ക് കൊണ്ടുപോകും. ഈ അവസരത്തില്‍ തന്നെയാണ് അധികവും നിക്കാഹ് (കാന്യേത്ത്) നടക്കുക. തേട്ടക്കാരോടൊപ്പം വധുവിന്‍റെ കൈക്കാരനും ഏതാനും കാരണവډാരും കാന്യേത്തിനായി എത്തിയിരിക്കും. ഒമ്പത് മിസ്കാല്‍ ആണ് മഹറായി (പെണ്‍പണമായി) നല്‍കേണ്ടത്. ഇത് നാല്‍പ്പത്തിയഞ്ച് രൂപയായാണ് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പും തലേ ദിവസവും (നിക്കാഹ്) നടക്കുന്ന രീതിയുമുണ്ട്.
വരന്‍ എത്തുന്നതിന് മുമ്പ് തന്നെ പത്ത് അംഗങ്ങള്‍ക്ക് വീതം ഭക്ഷണത്തിന് ഇരിക്കാവുന്ന എഹരങ്ങള്‍ ഒരുക്കും. അതിഥികള്‍ ഇരുന്നതിനുശേഷം ചോറ് ഒഴികെ മറ്റുകറികള്‍ വിളമ്പുകയും ചെയ്യും. അധികവും നെയ്ച്ചോറും പോത്തിറച്ചിക്കറിയും പരിപ്പ് കറിയും കടുമാങ്ങയും പപ്പടവും ആയിരിക്കും വിഭവം. ചില വീടുകളില്‍ ചോറിനുമുകളില്‍ വലിയ കഷ്ണം ഇറച്ചി പൊരിച്ച തുണ്ടനും വെക്കാറുണ്ട്. വെജിറ്റേറിയന്‍ സമ്പ്രദായം അന്നില്ല.
ചില പ്രദേശങ്ങളില്‍ വധുഗൃഹത്തില്‍ നിന്ന് ക്ഷണിതാക്കള്‍ എത്തിയ ശേഷം എണ്ണി തിട്ടപ്പെടുത്തി നേരത്തേ തിളപ്പിച്ച്വെച്ച വെള്ളത്തില്‍ അരിയിട്ട് ചോറ് പാകം ചെയ്യുന്ന പതിവും അപൂര്‍വ്വം ഉണ്ടായിരുന്നു. വരന് ഭക്ഷണം വിളമ്പിയശേഷം മാത്രമേ ആഗതര്‍ക്ക് സുപ്രയില്‍ ഭക്ഷണം വിളമ്പുകയുള്ളു. വലിയ തളികയിലാണ് ചോറ് വിളമ്പാറ്. ചോറിന്‍റെ മുകളില്‍ ഒരു പേള പപ്പടം ചൊരിയുന്നത് എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ സമയമായി എന്നതിന്‍റെ അടയാളമാണ്. കറിപാത്രത്തില്‍നിന്ന് തളികയിലെ തന്‍റെ ഭാഗത്തെ ചോറിലേക്ക് കറി ഒഴിച്ച് ഒരേ തളികയില്‍ നിന്ന് തന്നെ എല്ലാവരും ഒന്നിച്ച് ഭക്ഷിച്ച് തുടങ്ങും. ഓരോരുത്തര്‍ക്കും പ്രത്യേക പ്ലെയ്റ്റ് സമ്പ്രദായം അന്നില്ലായിരുന്നു.
څ
ആദ്യകാലത്ത് പുതിയാപ്പിള എത്തിയശേഷം മാത്രമെ ഭക്ഷണം വിളമ്പിയിരുന്നുള്ളു. ക്ഷണിച്ച് ആദ്യം എത്തിയവരെ ഭക്ഷണം നല്‍കി പിരിച്ചുവിട്ടിരുന്ന പതിവ് 1960കളില്‍ അത്തമാനകത്ത് അബ്ദുല്ലഹാജിയുടെ മൂത്ത മകളുടെ വിവാഹത്തോടെയാണത്രെ ആരംഭിച്ചത്.
ചോറും ഇറച്ചിക്കറിയും തീരുന്നതനുസരിച്ച് ആവശ്യാനുസരണം സഹായികള്‍ കൂടുതല്‍ വിളമ്പിക്കൊടുക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അടക്ക, പുകയില, വെറ്റിലയില്‍ ഈര്‍ക്കിലി കുത്തിയ പേക്കറ്റും ബീഡിയും ചുരുട്ടും സിഗരറ്റും നല്‍കും. ക്ഷണിക്കാത്തവര്‍ നുഴഞ്ഞുകയറാതിരിക്കാന്‍ പ്രവേശന കവാടത്തില്‍ പ്രത്യേക നിരീക്ഷകരെ നിയോഗിക്കുമെങ്കിലും അവശേഷിക്കുന്ന ഭക്ഷണം പിന്നീട് അവര്‍ക്ക് തന്നെ നല്‍കും. മോയിന്‍, ഓട്ടമുക്കാല്‍, ചോര ഹംസ, ബീഡികണ്ടംബാവ, ഉസന്‍കുട്ടി, ഹാജ്യാരെതെങ്ങ്, ആലിക്കാക്കാന്‍റെ ആലി, അമ്മാമൂപ്പന്‍ തുടങ്ങി സാധാരണക്കാരില്‍നിന്നും വ്യത്യസ്തരായ വിവിധ തുറകളില്‍ പ്രത്യേകത പുലര്‍ത്തിയിരുന്ന ചില കഥാപാത്രങ്ങള്‍ അക്കാലത്ത് ജീവിച്ചിരുന്നു.
ആഗതരെല്ലാം ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പുതുമണവാളനെ അറയിലേക്ക് കയറ്റുവാനുള്ള ഒരുക്കമാരംഭിക്കും. വീട്ടിലെ കാരണവര്‍ കൈപിടിച്ച് വരനെ അറയിലേക്ക് ആനയിക്കുകയാണ് പതിവ്. ഈ സമയത്ത് വീടിന്‍റെ അകത്ത് കേന്ദ്രീകരിച്ച് ബന്ധുമിത്രാദികളായ സ്ത്രീകള്‍ അരിയും പൂവും വരന്‍റെ നേര്‍ക്ക് എറിയാന്‍ മത്സരിക്കും. വരനെ മുമ്പ് കാണാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വരന്‍ ആരാണെന്ന് അധികം സ്ത്രീകള്‍ക്കും അറിയാന്‍ പ്രയാസമാണ്. അതിനാല്‍ ചിലയിടങ്ങളില്‍ അപരനെ വരനാണെന്ന രീതിയില്‍ മാല കഴുത്തില്‍ അണിയിച്ച് അകത്തേക്ക് പ്രവേശിപ്പിക്കുകയും സംഘംചേര്‍ന്നു നില്‍ക്കുന്ന സ്ത്രീകള്‍ വരനാണെന്ന് തെറ്റിദ്ധരിച്ച് അരിയും പൂവും അപരനെ എറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വരന്‍ എറിയല്‍چകൊള്ളാതെ അറയിലേക്ക് കടക്കുകയും ചെയ്യും. ആ സമയത്താണ് തങ്ങള്‍ക്ക് പിണഞ്ഞ അമളി ഗ്രഹിക്കുന്നത്. അകത്ത് കയറ്റി വരനെ അലങ്കരിച്ച പല്ലങ്കി കട്ടിലില്‍ ഇരുത്തി ചായ കൊടുക്കും. വരന്‍റെ കൂടെ വന്നവരില്‍ താല്‍പ്പര്യമുള്ളവര്‍ അകത്ത് കയറി അറ കണ്ടശേഷം വരനും സംഘവും തിരിച്ചുപോകും.
അടുത്ത ദിവസം രാവിലെ പത്ത്മണിയോടെ വധുവിന്‍റെ വീട്ടില്‍ നിന്ന് ചെറിയ കുട്ടികള്‍ ഒരു സില്‍ബന്തിയുമൊന്നിച്ച് പുതുമണവാളനെ വിളിക്കാന്‍ വരും. കുട്ടികളെ സല്‍ക്കരിച്ച് പട്ടുറുമാലും ബിസ്ക്കറ്റ് പേക്കറ്റും പൈസയും കൊടുത്ത് മടക്കി അയക്കും. ശേഷം പുതുമണവാളന്‍ സാമ്പത്തിക കഴിവിനനുസരിച്ച് റിക്ഷാവണ്ടിയിലോ കുതിരവണ്ടിയിലോ കാറിലോ വധുവിന്‍റെ വീട്ടിലേക്ക് ഉച്ചയൂണിനായി പോകും. വാഹനമില്ലാത്തവര്‍ വാടകക്കെടുത്തായിരുന്നു സഞ്ചാരം. വരന്‍റെ കൂടെ പോകുന്ന കുട്ടികള്‍ക്കും മേപ്പടി മാമൂലുകള്‍ വധുഗൃഹത്തില്‍ നിന്ന് ലഭിക്കും.
പുതുമണവാളന്‍ പുതുമണവാട്ടിയെ ആദ്യമായി കാണുക അന്നത്തെ ഉച്ചഭക്ഷണത്തിന് ശേഷമാണ്. വൈകുന്നേരത്തോടെ വരന്‍ തിരിച്ചുപോകും. തുടര്‍ന്നാണ് കല്ല്യാണത്തിന് ലഭിച്ച പ്രസന്‍റേഷനുകളും കവറുകളും പൊളിക്കുക. അതില്‍ കൗതുക വസ്തുക്കള്‍ ഭാര്യവീട്ടിലേക്ക് കൊണ്ടുപോകും. വരന്‍റെ വക അന്ന് തേയില സല്‍ക്കാരം നടത്തുന്ന ചില വീടുകളുമുണ്ടായിരുന്നു.
രാത്രിയിലും കുട്ടികള്‍ പെട്രോമാക്സ് വിളക്കുമായി വരനെ വിളിക്കാന്‍ വരും. കുട്ടികള്‍ക്ക് പാരിതോഷികം കൊടുത്ത് തിരിച്ചയക്കും. ഈ രീതിയിലുള്ള വിളി ഏഴു ദിവസംവരെ തുടര്‍ന്നിരുന്നു. ഏഴാം ദിവസം കുട്ടികളുടെ കൂടെ വരുന്ന സില്‍ബന്തിക്ക് പ്രത്യേകം പ്രതിഫലം നല്‍കി പിരിച്ചുവിടും. ആദ്യരാത്രിയില്‍ എത്തുന്ന വരന്‍ തലയണചുവട്ടില്‍ പൈസ നിക്ഷേപിക്കുകയും ആ പൈസകൊണ്ട് വധുവിന്‍റെ സ്നേഹിതകള്‍ മധുര പലഹാരങ്ങള്‍ തുടങ്ങിയവ വാങ്ങിക്കഴിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
കുടുംബത്തിന്‍റെ സാമ്പത്തിക കഴിവനുസരിച്ച് ഓരോ നേരവും വരന്‍റെ കൂടെ ഭക്ഷണം കഴിക്കാനായി അഞ്ചും പത്തും ചിലയിടങ്ങളില്‍ മുപ്പതുംവരെ അതിഥികള്‍ വധുഗൃഹത്തില്‍ എത്താറുണ്ട്. ഓരോ നേരവും ക്ഷണിക്കേണ്ടുന്ന അതിഥികളുടെ ലിസ്റ്റ് അതാത് ദിവസം വധുഗൃഹത്തില്‍ നല്‍കണം. ഏഴാം ദിവസം ബന്ധുമിത്രാദികളെ ഒന്നിച്ച് വിളിച്ച് കലാശകൊട്ടായി സല്‍ക്കാരം നടത്തി പരിപാടി അവസാനിപ്പിക്കും. അന്നേദിവസം വൈകുന്നേരം വധുഗൃഹത്തില്‍ സ്നേഹിതډാരുമായി ഒന്നിച്ച് ഒരു ഗ്രൂപ്പ് ഫോട്ടോയും ചായസല്‍ക്കാരവും സംഘടിപ്പിക്കും. ആദ്യദിനങ്ങളിലെ സല്‍ക്കാരങ്ങളിലൊന്നും തന്നെ ബാപ്പയും ഉമ്മയും പങ്കെടുക്കുന്ന പതിവില്ല. ഏഴാം ദിവസം ഉച്ചക്കോ രാത്രിയോ ആണ് അവര്‍ വധുവിനെ കാണുവാന്‍ ആദ്യമായി വരിക. വന്നാല്‍ കഴിവിന്നനുസരിച്ച് സ്വര്‍ണ്ണങ്ങള്‍ ചാര്‍ത്തുകയും. മരുമകളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും.
കല്ല്യാണപിറ്റേന്നുള്ള ഏഴ് ദിവസം വധുവിന്‍റെ വീട്ടില്‍ രാത്രി പെണ്‍സംഘങ്ങളുടെ കൈകൊട്ടിപാട്ട് സംഘടിപ്പിക്കാറുണ്ട്. ഈ ദിവസങ്ങളിലാണ് കല്ല്യാണത്തിന് ക്ഷണിക്കപ്പെട്ടിരുന്ന ബന്ധുമിത്രാദികളില്‍ പലരും മണവാട്ടിയെ സന്ദര്‍ശിക്കുവാന്‍ വരുന്നത്. പാട്ട്സംഘത്തിന്‍റെ നടുവില്‍ അലങ്കരിച്ച് കസേരയില്‍ മണവാട്ടിയെ ഇരുത്തി ചുറ്റുമിരുന്ന് പാടിക്കൊണ്ടിരിക്കും. വരന്‍ രാത്രി മണിയറ പുല്‍കാന്‍ വരുന്നതുവരെ പാട്ട് തുടരും. ബന്ധുമിത്രാദികള്‍ ചിലര്‍ വിവിധതരം പുഷ്പങ്ങള്‍ വൈകുന്നേരം വധുവിന് എത്തിച്ചുകൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.
കല്ല്യാണം കഴിഞ്ഞ ഏഴാം ദിവസം രാത്രിയിലാണ് അധികവും څപുതുക്കം. ഈ ചടങ്ങിന് വരന്‍റെ വീട്ടുകാരോടൊപ്പം ബന്ധുമിത്രാദികളടക്കം ഒരുസംഘം സ്ത്രീകള്‍ വധുവിനെ കാണാന്‍ വരും. അവര്‍ സ്വര്‍ണ്ണമോ കവറില്‍ഇട്ട് പൈസയോ നല്‍കും. ഇതെല്ലാം മറ്റൊരവസരത്തില്‍ തിരിച്ചുനല്‍കേണ്ടതാണ്. ഇതിന് ശേഷം ചിലപ്പോള്‍ മാസങ്ങള്‍തന്നെ കഴിഞ്ഞായിരിക്കും ബന്ധുമിത്രാദികളോടൊന്നിച്ച് വധു വരന്‍റെ വീട്ടിലേക്ക് ആദ്യമായി വരുന്നത്. ഇതിനെ څഇല്ലത്ത് ഇരുത്തുകچ എന്നാണ് പറയാറ്. പനിനീര്‍ തെളിച്ചും കുങ്കുമം പുകച്ചും വധുവിനെ സകലവിധ സ്നേഹാദരങ്ങളോടെ സ്വീകരിക്കും. ആദ്യമായി ഇല്ലം ചവിട്ടുന്ന വധുവിന് വരന്‍റെ വീട്ടില്‍ ഉള്ളവരെല്ലാം പാരിതോഷികം നല്‍കും. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം ആഗതരെല്ലാം തിരിച്ച് പോകും. തുടര്‍ന്ന് വധു വരന്‍റെ വീട്ടില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കും.
ആദ്യരാത്രി കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ചെതന്നെ വരന്‍ വധുവിന്‍റെ വീട്ടില്‍നിന്ന് മടങ്ങിപ്പോവും. തുടര്‍ന്ന് വലിയൊരു പാത്രത്തില്‍ കോഴിയും പത്തിരിയും വധുവിന്‍റെ വീട്ടുകാര്‍ കൊടുത്തയക്കണം. څപുതിയാപ്പള അപ്പമെന്നാണ്چ ഇതിനെ പറയാറ്. തുടര്‍ന്നുള്ള ഏഴ് ദിവസത്തിനുള്ളിലായി സാമ്പത്തിക കഴിവനുസരിച്ച് പത്ത് വലിയപാത്രത്തില്‍ ചുരുങ്ങിയത് പത്ത് തരം പലഹാരമെങ്കിലും കൊടുത്തയക്കാറുണ്ട്. മുട്ടമാല, മുട്ടസുര്‍ക്ക, അല്ലാഹുഅഹ്ലം, കാരക്കപ്പം, കോഴിയട, കിടുത, ചിരട്ടിമാല, കേക്ക്, പഴം നിറച്ചത്, ബിസ്ക്കറ്റപ്പം, പൂഗ്ഗപ്പം തുടങ്ങിയവയാണ് പ്രധാനം. ഇത് പത്ത് പേര്‍ ചുമന്ന് കൊണ്ടുപോകുകയാണ് ആദ്യക്കാലത്തെ പതിവ്.
പലഹാരം വരന്‍റെ വീട്ടില്‍ എത്തിയാല്‍ ഉടനെ ബന്ധുമിത്രാദികള്‍ക്ക് ഭാഗിച്ച് വിതരണം ചെയ്യും. കൂടാതെ ഏഴാം ദിവസം ചുരുങ്ങിയത് ആയിരം കഷ്ണം പഴം പൊരിയും നല്‍കേണ്ടതുണ്ട്. കല്ല്യാണം കഴിഞ്ഞ നാല്‍പ്പത് തുടങ്ങിയ പല വിശേഷദിവസങ്ങളിലും ഇതുപോലെ പലഹാരങ്ങള്‍ കൊണ്ടുപോകണം. ഈ ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍റെ വീട്ടില്‍ നിന്ന് വധുവിന്‍റെ വീട്ടിലേക്ക് ഒരു സംഖ്യയും വലിയ കെട്ട് പുകയിലയും എണ്ണയും സോപ്പും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും പത്ത്, പതിനഞ്ച് മീറ്റര്‍ വെള്ള ശീലയും, ഒരുകെട്ട് ഹലുവയും കൊടുത്തയക്കാറുണ്ട്. ഇതിനെ മാറ്റാനിടല്‍ എന്നാണ് പറയാറ്. പുതിയാപ്പളയുടെ അറയിലെ തലയണകള്‍ക്ക് പുതിയ ഉറ (കവര്‍) അടിക്കാന്‍ വേണ്ടിയാണ് ഈ ശീല ഉപയോഗിക്കാറ്. ഹലുവയുടെ കാല്‍ഭാഗം വരന്‍റെ വീട്ടിലേക്ക്തന്നെ തിരിച്ച്കൊടുത്തയക്കും. ഇത് അവിടത്തെ ബന്ധുമിത്രാദികള്‍ക്ക് വീതിച്ച് കൊടുക്കും.
1963 ഏപ്രിലില്‍ 12ന് നടന്ന കല്ല്യാണം അലങ്കാരങ്ങള്‍കൊണ്ടും വിഭവങ്ങള്‍കൊണ്ടും സമൃദ്ധമായിരുന്നു. മൂന്നുദിവസങ്ങളിലായിരുന്നു പരിപാടി. ആദ്യ ദിവസം മൈലാഞ്ചിയും രണ്ടാംദിവസം പൊന്നൊപ്പിക്കലും മൂന്നാം ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുള്ള ടീ പാര്‍ട്ടിയും. ഇന്നത്തേക്കാള്‍ ആനുപാതികമായി ജനസംഖ്യ കുറവായിരുന്ന അക്കാലത്ത് ആദ്യതവണ എഴുനൂറ്റിയമ്പതുപേര്‍ക്കുള്ള എഴുപത്തിയഞ്ച് എഹരം അടക്കം മൊത്തം മുന്നൂറ് എഹരം ഭക്ഷണമാണ് വിളമ്പിയത്. തുടക്കത്തില്‍ സ്ത്രീകളുടെ കൈക്കൊട്ടി പാട്ടും രണ്ടാംദിവസം ബേന്‍റ്റുസെറ്റും കോല്‍ക്കളിയും മൂന്നാംദിവസം പ്രസിദ്ധ ഗവ്വാലി-ഗസല്‍ ഗായകനായ നാഗൂര്‍ ഫനീഫയുടെ ഗാനമേളയുമുണ്ടായിരുന്നു. പുതിയാപ്പിളയെ തേടിക്കൊണ്ടുവരുന്നതിന് ഷവര്‍ലെറ്റ് ഇംപാല കാറും മറ്റ് ആവശ്യങ്ങള്‍ക്ക് കുതിര വണ്ടിയും ഒറ്റക്കാളവണ്ടിയുമായിരുന്നു ഉപയോഗിച്ചിരുന്നത്.
പൊന്നാനി അങ്ങാടിയില്‍ അക്കാലത്ത് ഭാഗിക മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതിനാല്‍ കല്ല്യാണം കഴിഞ്ഞതിന് ശേഷവും പെണ്ണ് ഉമ്മ തറവാട്ടില്‍തന്നെ പാര്‍ക്കുകയാണ് പതിവ്. വരന്‍ ദിവസവും സ്വന്തം വീട്ടില്‍നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന്ശേഷം ഭാര്യാവീട്ടിലേക്ക് അന്തിയുറങ്ങാന്‍ എത്തിച്ചേരും. രാവിലെ ഒമ്പത് മണിക്ക് പ്രാതലിനുശേഷം തിരിച്ചുപോകും. ദിവസത്തിലോ അല്ലെങ്കില്‍ മാസത്തില്‍ ഒന്നിച്ചോ വധുവിന് ചിലവിനായുള്ള സംഖ്യ ഭാര്യവീട്ടില്‍ നല്‍കും. ഈ സംഖ്യ വരന്‍റെ ഭാര്യവീട്ടിലെ ചിലവിന് പോലും തികയാറില്ല. ഇപ്പോള്‍ പൊന്നാനി നഗരസഭയില്‍പ്പെട്ട പുതുപൊന്നാനി, കടവനാട്, ഈഴുവത്തിരുത്തി തുടങ്ങിയ അയല്‍ പ്രദേശങ്ങളില്‍ ആദ്യകാലം മുതല്‍ തന്നെ കല്ല്യാണം കഴിഞ്ഞാല്‍ പെണ്ണ് വരന്‍റെ വീട്ടില്‍തന്നെ പാര്‍ക്കലാണ് പതിവ്.
നെയ്യണിയും തിരണ്ടുകല്ല്യാണവും
പ്രാചീനകാലത്ത് ഹിന്ദു സമുദായത്തില്‍ ജനിച്ച കുഞ്ഞിനെ അച്ഛന്‍ ആദ്യമായി എണ്ണതേച്ചുകുളിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഈ ആചാരത്തെ നെയ്യണി എന്നാണ് പറയാറ്. ആദ്യത്തെ കുഞ്ഞ് ആണായാല്‍ മുത്തച്ഛന്‍റെ പേരുവിളിക്കും.
വിവിധ ജാതിക്കാര്‍ കാതുകുത്ത് സമ്പ്രദായം വ്യത്യസ്ത രീതിയിലായിരുന്നു ആചരിച്ച് പോന്നിരുന്നത്. ചിലവിഭാഗക്കാരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ കാതുകുത്ത് നടത്തിയിരുന്നു. അടുത്തകാലത്ത് ഈ ആചാരം പെണ്‍കുട്ടികളില്‍പോലും ക്രമാനുഗതമായി കുറഞ്ഞിരിക്കുന്നു.
ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ നടക്കുന്ന ആദ്യ ചടങ്ങായ ഗര്‍ഭദാനത്തെ സേകമെന്നും മൂന്നാം മാസത്തെ പുളികുടിയെ സേവതമെന്നും വിളിച്ചുവരുന്ന ആചാരങ്ങള്‍ നമ്പൂതിരി സ്ത്രീകളില്‍ പതിവായിരുന്നു. ഭാര്യാഭര്‍ത്താക്കډാരായി തീര്‍ന്നാല്‍ ആ സമയംമുതല്‍ ഉപ്പുചേര്‍ത്ത ഭക്ഷണം കഴിക്കുകയോ ആഭരണങ്ങള്‍ അണിയുകയോ ചെയ്യുന്ന പതിവില്ലായിരുന്നു. രാത്രികളില്‍ വിരിപ്പുകള്‍ വിരിക്കാത്ത ശുദ്ധമായ തിണ്ണകളില്‍ ഒന്നിച്ച് കഴിഞ്ഞുകൂടണം. ഇതര വസ്തുക്കളില്‍നിന്ന് ചീത്ത അണുക്കള്‍ പകരാതിരിക്കാനാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. തډൂലം കാലദൈര്‍ഘ്യമനുസരിച്ച് പിറക്കുന്ന കുഞ്ഞിന്‍റെ സ്വഭാവ മഹിമ വര്‍ദ്ധിക്കുമന്നാണ് കരുതപ്പെടുന്നത്. സന്താനം പിറന്ന ഉടനെ അച്ഛന്‍ നമ്പൂതിരി മുപ്പത്തിയാറ് മണിക്കൂറിനകം കുഞ്ഞിനെ ഒരുനോക്കു കണ്ടതിനുശേഷം കുളി കഴിഞ്ഞ് കുഞ്ഞിനെ മടിയിലിരുത്തി ഒരു തരി സ്വര്‍ണ്ണം നെയ്യും തേനും ചേര്‍ത്ത് കുട്ടിയുടെ വായിലേക്ക് ഒഴിച്ച് കൊടുക്കും. ചടങ്ങിനെത്തിയ മറ്റു നമ്പൂതിരിമാര്‍ക്ക് ദക്ഷിണ നല്‍കി പരസ്പരം സന്തോഷം പങ്കിടും.
ബ്രാഹ്മണര്‍ കാതുകുത്താന്‍ പ്രത്യേകതരം മുള്ളാണ് ഉപയോഗിക്കാറ്. ചടങ്ങിന് കര്‍ണ്ണവേധം എന്നാണ് പറയാറ്. ഗണപതിയെ നിവേദിച്ച് കാതിേډല്‍ വെണ്ണപുരട്ടി ആദ്യം വലതുകാതും തുടര്‍ന്ന് ഇടതുകാതും കുത്തും. നാലോ, അഞ്ചോ വയസ്സുള്ളപ്പോള്‍ കുത്തണമെന്നാണ് കീഴ്വഴക്കം. ഇരുപത്തിയെട്ടാം ദിവസം ചടങ്ങ് നിര്‍വ്വഹിക്കുന്ന പതിവുമുണ്ട്. അല്ലെങ്കില്‍ ചോറൂണിന് മുമ്പായി കുത്തുന്ന പതിവുമുണ്ട്. ചോറൂണ് പ്രമാണിച്ച് ആഭരണങ്ങള്‍ അണിയിക്കാന്‍ വേണ്ടി ആരംഭിച്ചതായിരിക്കാം ഈ കീഴ്വഴക്കം.
സ്വര്‍ണ്ണ കമ്പിയോ, നാരകത്തിന്‍റെ മുള്ളോ ഉപയോഗിച്ചാണ് നായډാര്‍ കാതുകുത്തുന്നത്. ആരാണ് ചടങ്ങു നിര്‍വ്വഹിക്കേണ്ടത് ആദ്യംതന്നെ നിര്‍ണ്ണയിക്കും. അവിലും മലരും ശര്‍ക്കരയും വിളക്കത്തുവെച്ച് ദീപം സാക്ഷിയായുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
പിഷാരടിമാരും ചടങ്ങ് നിര്‍വ്വഹിക്കാറ് ഒരു പ്രത്യേക തരം മുള്ള് ഉപയോഗിച്ചാണ്. ചന്ദനംകൊണ്ട് സ്പര്‍ശിച്ച ശേഷം കുത്താനുള്ള ഇടം അടയാളപ്പെടുത്തിയാണ് കര്‍മ്മം നിര്‍വ്വഹിക്കാറ്. കുട്ടിയുടെ മുഖത്തോ കഴുത്തിലോ മുള്ള് തട്ടാതിരിക്കാന്‍ പച്ചമഞ്ഞളിന്‍റെ കഷ്ണം മുള്ളിന്‍റെ മുനയില്‍ പിടിപ്പിക്കും. മുള്ളിന്‍റെ ചുറ്റും വെണ്ണ പുരട്ടും. വേഗത്തില്‍ ഉണങ്ങുന്നതിന് എണ്ണ വീണ്ടും പുരട്ടുന്ന പതിവും ഉണ്ട്.
പണിയര്‍ കുട്ടിയുടെ മുഖമൊഴിച്ച് ഇതരഭാഗങ്ങളെല്ലാം തുണികൊണ്ട് മൂടിക്കെട്ടി അതില്‍ നാണയതുട്ട് കെട്ടിയിടും. തുടര്‍ന്ന് പറയില്‍ നെല്ല് നിറച്ചതിന്‍റെ മുകളില്‍ കയറി ഇരുന്ന് അമ്മാവന്‍ കുട്ടിയെ മടിയിലിരുത്തും. കുട്ടിയുടെ വായനിറയെ അവില്‍ കൊടുത്തശേഷം മുമ്പില്‍ വെച്ചിരിക്കുന്ന പുതിയ മുറത്തില്‍ നിന്നും ആരുകള്‍ എടുത്ത് കാത്കുത്തും. അച്ഛനും അമ്മയും സമീപത്തുണ്ടാകും. ചടങ്ങ് കഴിഞ്ഞാല്‍ വായിലിട്ട അവില്‍ കുട്ടി പുരപ്പുറത്തേക്ക് തുപ്പണം എന്നാണ് ആചാരം. തുടര്‍ന്ന് സദ്യയുമുണ്ടാകും.
നമ്പൂതിരി വിഭാഗത്തില്‍ ഋതുമതിയായ ലക്ഷണം കണ്ടാല്‍ ഉടനെ ഇണങ്ങത്തിയെ വരുത്തി കുളിപ്പിച്ച് വിരിപ്പില്‍ മൂന്നുദിവസം ഒരു മുറിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ അകറ്റി ഇരുത്തുന്നു. ആ ദിവസങ്ങളില്‍ കുളിക്കല്‍ അനുവദനീയമല്ല. പൂപോലും ചൂടാന്‍ പാടില്ലത്രെ. ഉപ്പു ചേര്‍ത്ത ഭക്ഷണം നല്‍കാറില്ല. കുട്ടിക്ക് ദുര്‍ബാധകള്‍ ഏല്‍ക്കാതിരിക്കാന്‍ തിരികത്തിച്ച് പ്ലാവിലയോ ആലിലയോ കൂട്ടിപ്പിടിച്ച് ഉഴിഞ്ഞുവാങ്ങും. കുട്ടി കുളിക്കാന്‍ മുങ്ങുന്നതിനുമുമ്പ് കുരുത്തോലപ്പോണ്ടിയില്‍ പന്തം കത്തിച്ച്വെച്ച ശേഷം ഉഴിയും. ചടങ്ങ് കഴിഞ്ഞാല്‍ പോണ്ടി ജലത്തില്‍ ഒഴുക്കിക്കളയണം. കുട്ടിയെ ഏല്‍ക്കാന്‍ സാദ്ധ്യതയുള്ള ദുര്‍ദേവതകള്‍ പോണ്ടിയോടൊപ്പം ഒഴുകിപ്പോകുമെന്നാണ് വിശ്വാസം. നമ്പൂതിരി പെണ്‍കുട്ടിയെ ഉണ്ണിക്കിടാവ് എന്നും എട്ടുവയസ്സായാല്‍ ഗൗരി എന്നും ഒമ്പത് വയസ്സായാല്‍ രോഹിണി എന്നും ഋതുമതിയായാല്‍ മധ്യമ എന്നും ചില പ്രദേശങ്ങളില്‍ വിളിച്ചിരുന്നു.
പെണ്‍കുട്ടിയോടൊപ്പം ബന്ധുക്കളായ സുമംഗലികള്‍ എണ്ണതേച്ച് കുളിക്കുമെങ്കിലും കുട്ടിക്ക് എണ്ണതേക്കാന്‍ പാടില്ല എന്നതാണ് കീഴ്വഴക്കം. അവള്‍ എണ്ണതേച്ചാല്‍ സന്തതിദോഷം ഉണ്ടാകുമെന്നാണ് വിശ്വാസം. ദിവസേന ഉപയോഗിക്കാന്‍ ഒരു കിണ്ടിയും ഏതാനും ഓട്ടുപാത്രങ്ങളും നല്‍കും. നാലാം ദിവസം മണ്ണാത്തി കൊണ്ടുവന്ന വസ്ത്രം (മാറ്റ്) വാങ്ങി ഉടുത്ത് കുളിക്കണം. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അലക്കുന്നത് മണ്ണാത്തിതന്നെയാണ്. ബ്രാഹ്മണ വിഭാഗത്തില്‍ തിരണ്ടുകുളിയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. മധ്യമയായാല്‍ അവള്‍ നിയന്ത്രണങ്ങളുടെ അകംമറയ്ക്കുള്ളിലേക്ക് തള്ളിനീക്കപ്പെടുന്നു. തുടര്‍ന്ന് അന്യ പുരുഷډാരെ കാണാന്‍ പാടില്ല. ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി അകംമറക്കുള്ളില്‍തന്നെ അവള്‍ തുടര്‍ജീവിതം കഴിച്ചുകൂട്ടണം.
സ്ത്രീകള്‍ക്ക് അമിതമായ നിയന്ത്രണങ്ങളുള്ള ഒരു വിഭാഗമായിരുന്നു നമ്പൂരിമാര്‍. വിവാഹം കഴിക്കാന്‍പോലും കടുത്ത കടമ്പകളുണ്ടായിരുന്നു. തډൂലം പല സ്ത്രീകളും അവിവാഹിതകളായി മരണംവരെ യാതനകള്‍ അനുഭവിച്ച് ജീവിതം തള്ളിനീക്കിയിട്ടുണ്ട്.
നായډാര്‍ മുതലായ സവര്‍ണ്ണജാതിക്കാര്‍ ഈ ആചാരം വളരെ ആര്‍ഭാടപൂര്‍വ്വമാണ് നടത്തിയിരുന്നത്. ആദ്യ ദിവസത്തെ കുളികഴിഞ്ഞ പെണ്‍കുട്ടിയെ മറ്റൊരു നായര്‍ സ്ത്രീ അഷ്ട മംഗല്യവും പിടിച്ച് ഇല്ലത്തേക്ക് ആനയിക്കും. തുടര്‍ന്ന് പുരുഷډാര്‍ ആര്‍പ്പ് വിളിയും സ്ത്രീകള്‍ കുരവയും ഉച്ചത്തില്‍ മുഴക്കും. ഇത് സര്‍വ്വത്ര മുഴങ്ങുന്നതുകേട്ടാല്‍ ബന്ധുമിത്രാദികള്‍ എത്തിച്ചേരും. കുളിപ്പിച്ച കുട്ടിയെ പ്രത്യേക മുറിയില്‍ ഉപവിഷ്ടയാക്കും. കൂട്ടിന് രണ്ടോ മുന്നോ കന്യകമാരുണ്ടാവും. അരിമാവ് കനത്തില്‍ പുരട്ടിയ ചെമ്പ് കുടത്തില്‍ അരിയും നെല്ലും നിറച്ച് അതിനു മുകളില്‍ പൂക്കുല വെക്കും. ചിലര്‍ നാലാം ദിവസമോ ചിലര്‍ ഏഴാം ദിവസമോ പെണ്‍കുട്ടിയെ കുളിപ്പിക്കാറുള്ളൂ.
ബന്ധുമിത്രാദികള്‍ കുട്ടിക്ക് വിവിധ തരത്തിലുള്ള പലഹാരങ്ങളും ഉപഹാരങ്ങളും നല്‍കും. അവസാന ദിവസം കുളികഴിഞ്ഞ് പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് ദശപുഷ്പം ചൂടി കണ്ണെഴുതി പൊട്ട്തൊട്ട് തരുണിയെ സ്ത്രീകളുടെ അകമ്പടിയോടെ വീട്ടിലേക്ക് ആനയിക്കുന്നു. എല്ലാവരെയും അറിയിച്ച ശേഷം വിളക്കുവെച്ച് അതിനു മുമ്പില്‍ കുട്ടിയെ ഇരുത്തി ഇഷ്ടദൈവങ്ങള്‍ക്ക് നിവേദിക്കലാണ് ചടങ്ങ്. മന്ത്രങ്ങള്‍ പതിവില്ല. ചിലയിടങ്ങളില്‍ ഇതിനെ څതണ്ടാഴിക്കിടുകയെന്നാണ് പറയാറ്. നിവേദിച്ചുകഴിഞ്ഞാല്‍ ഒരു ഓട്ടുപാത്രത്തില്‍ കുടിക്കാന്‍ പാല് കൊടുക്കും. പാല്‍ക്കഞ്ഞി നല്‍കുന്ന പതിവും ഉണ്ട്. തറവാട് മഹിമയനുസരിച്ച് വാദ്യാഘോഷങ്ങളും പട്ട്കുടയും മറ്റ് സന്നാഹങ്ങളും ഉണ്ടാകാറുണ്ട്.
ചില പ്രദേശങ്ങളില്‍ മൂന്നാം ദിവസം പെണ്‍കുട്ടിക്ക് ഉണക്കല്ലരിയില്‍ ചക്കരയും നാളികേരവും ചുക്കും ജീരകവും ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ ചക്കരച്ചോറ് നല്‍കുകയെന്ന ചടങ്ങ് പ്രധാനമാണ്. ബന്ധുമിത്രാദികളും ചക്കരച്ചോറ് കൊണ്ടുവന്നുകൊടുക്കും. തുടര്‍ന്ന് സദ്യയുണ്ണാന്‍ ബന്ധുമിത്രാദികളെ ക്ഷണിക്കുന്ന പതിവും ഉണ്ട്. സാമ്പത്തികഭദ്രതയും തറവാട് മഹിമയും അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകാം. സദ്യ വിഭവസമൃദ്ധമാണെങ്കിലും ചോറിന് പകരം മധുരം ചേര്‍ത്ത അന്നം മാത്രമേ പതിവുള്ളുവെന്നത് പ്രത്യേകത. മൂന്നാം ദിവസം പെണ്‍കുട്ടിക്ക് പകല്‍ ചക്കരച്ചോറുകൊടുത്തുകഴിഞ്ഞാല്‍ രാത്രിയില്‍ ഉപവാസമാണ്. പിറ്റേന്നാണ് കുളി. ചിലര്‍ ഈ ചടങ്ങ് ഏഴാംനാളിലേക്ക് മാറ്റിവെക്കാറുണ്ട്.
കുളിദിവസത്തെ സദ്യ ഗംഭീരമാണ്. ബന്ധുമിത്രാദികളെല്ലാം എത്തിച്ചേരും. തുടര്‍ന്ന് പെണ്‍കുട്ടിയെ എണ്ണതേപ്പിക്കുന്ന ചടങ്ങാണ്. അതോടെ മണ്ണാന്‍ പാട്ട് തുടങ്ങും. കോടിമുണ്ട്, ഉപയോഗിച്ചിരുന്ന മറ്റുവസ്ത്രങ്ങള്‍, എണ്ണ, താളി, വാക തുടങ്ങിയ സാധനങ്ങള്‍ കുട്ടിയുടെ ദേഹത്ത് തൊടുവിച്ച് മണ്ണാډാര്‍ക്കു നല്‍കുന്നു. മണ്ണാന്‍പാട്ട് ദുര്‍ഭൂതങ്ങളെ ഒഴിവാക്കി കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണത്രെ. പാട്ട് കഴിഞ്ഞാല്‍ മണ്ണാത്തി നല്‍കുന്ന വസ്ത്രം (മാറ്റ്) അണിഞ്ഞ് കുട്ടി ഇതര സുമംഗലികളോടൊപ്പം പുഴയിലേക്കോ കുളത്തിലേക്കോ പോകും. ദേഹശുദ്ധിവരുത്തി കുളിച്ചശേഷം പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു. ദശപുഷ്പം ചൂടി കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായി പെണ്‍കുട്ടി സ്ത്രീകളുടെ അകമ്പടിയോടെ വീട്ടിലേക്ക് യാത്രയാകുന്നു. വാദ്യാഘോഷങ്ങളും പട്ടുകുടയും മറ്റു സന്നാഹങ്ങളും തറവാട് മഹിമയനുസരിച്ച് ഉണ്ടാകും.
കുട്ടി വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ വീണ്ടും മണ്ണാന്‍ പാട്ട് തുടങ്ങും. കുരുത്തോലയും അനുബന്ധ സാധനങ്ങളും ചേര്‍ത്ത് ഉണ്ടാക്കിവെച്ചിരിക്കുന്ന ആഭരണങ്ങള്‍ പെണ്‍കുട്ടിയെ അണിയിക്കും. അതില്‍ സര്‍പ്പക്കെട്ടുമാല പ്രധാനമാണ്. കുങ്കുമവും ചാന്തുപൊട്ടും ചാര്‍ത്തും. പുതിയ വസ്ത്രം കൊണ്ട് ശരീരം മുഴുവന്‍ മൂടും. മണ്ണാന്‍പാട്ടുകാര്‍ക്ക് അഭിമുഖമായി څതീണ്ടാപ്പാട്ടുംچ പതിവുണ്ട്. പാട്ടിനിടയില്‍ പെണ്‍കുട്ടി ഓല, നാളികേരപ്പൂളുകൊണ്ടുണ്ടാക്കിയ ആഭരണങ്ങളും വസ്ത്രങ്ങളും ശരീരം ഉഴിഞ്ഞ് മണ്ണാډാര്‍ക്ക് എറിഞ്ഞുകൊടുക്കും. അതിനുശേഷം സദ്യയോടെ ചടങ്ങ് അവസാനിക്കുന്നു.
ഈഴവര്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ څതലയില്‍ തണ്ണീരൊഴിക്കുകچ എന്നൊരു ചടങ്ങുണ്ട്. കുട്ടിയുടെ തലയില്‍ സ്വര്‍ണ്ണത്തുട്ടോ നാണയമോ വെച്ചതിനുശേഷം അതിനുമുകളില്‍ മൂന്നുപ്രാവശ്യം എണ്ണയും വെള്ളവും ഒഴിക്കലാണ് ഈ ചടങ്ങ്. ബന്ധുക്കളും മണ്ണാത്തിയും ചേര്‍ന്ന് ഏഴാം ദിവസമാണ് കുളി. ദുര്‍ഭൂതബാധയേല്‍ക്കാതിരിക്കാന്‍ കുട്ടിയുടെ സമീപത്തും രാത്രികിടക്കുന്ന പായിലും ഇരുമ്പുകത്തി വെയ്ക്കുന്ന പതിവുമുണ്ട്. ഏഴുദിവസവും പെണ്‍കുട്ടിയുടെ താമസം പ്രത്യേക മുറിയില്‍ തന്നെയാണ്. ചടങ്ങുകള്‍ക്ക് രൂപം നല്‍കുന്നതും നിയന്ത്രിക്കുന്നതും മണ്ണാډാരാണ്. തിരണ്ടുകുളിക്കിടയില്‍ കുട്ടിയുടെ ഭാവിഭര്‍ത്താവിനെക്കുറിച്ചുള്ള പ്രവചനം നടത്തുന്ന ചടങ്ങാണ് രസകരം.
പെണ്‍കുട്ടിയെ കിഴക്കുഭാഗത്തേക്ക് ഉപവിഷ്ടയാക്കിയശേഷം ഒരു വലിയ വട്ടച്ചെമ്പില്‍ വെള്ളം നിറച്ച് മുമ്പില്‍വെക്കും. അതില്‍ തുമ്പപ്പൂവിട്ട് വെള്ളം അല്‍പ്പമൊന്ന് ചലിപ്പിക്കും. ചലനം അവസാനിക്കുമ്പോള്‍, പൂവ് നില്‍ക്കുന്ന ഭാഗം നോക്കിയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഏത് ദിക്കില്‍ നിന്നാണെന്ന് നിര്‍ണ്ണയിക്കുന്നത്. പൂവ് കൂടുതല്‍ വട്ടം കറങ്ങിയ ശേഷം ചലനം നില്ക്കാന്‍ ഇടവന്നാല്‍ കല്ല്യാണത്തിന് താമസമുണ്ടാകുമെത്രെ. ആദ്യകാലത്ത് ഇവയ്ക്കു പുറമെ പല രീതിയിലുള്ള ചടങ്ങുകളും അനുഷ്ഠാനങ്ങളും ആചരിച്ചിരുന്നു.
പാണډാരും പറയډാരും മൂക്കുവډാരും ഇതര വിഭാഗങ്ങളും വ്യത്യസ്ത രീതിയിലാണ് തിരണ്ടുകല്ല്യാണ ചടങ്ങുകള്‍ ആചരിച്ചിരുന്നത്. മുക്കുവډാരുടെ ഇടയില്‍ മണ്ണാന്‍ പാട്ട് ആലാപനം കുളിക്ക് ശേഷമാണ്.
പുലയډാര്‍ക്കിടയില്‍ പൂതംകെട്ടി കളിയും മാലപ്പാട്ടുകളുമാണ് പ്രധാനം. വാകകമ്പം എന്നൊരു ചടങ്ങും ചില പ്രദേശങ്ങളില്‍ കാണാം. വാകമരത്തിന്‍റെ ഒരു കൊമ്പ് കൊണ്ടുവന്ന് കുട്ടിയുടെ മുമ്പില്‍ കുഴിച്ചിടും. അതിലെ വാകത്തൊലി കന്യകമാര്‍ ചെത്തി എടുത്ത് ഉരലില്‍ ഇട്ട് ഇടിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് വാകപ്പൊലിപ്പാട്ട്. അതിനുശേഷം വാകപ്പൊടിയെടുത്ത് പുരട്ടി അവര്‍ പെണ്‍കുട്ടിയെ കുളിപ്പിക്കും. തല്‍സമയം കുളത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ മീന്‍കോരി പിടിക്കുന്ന ചടങ്ങ് നടക്കും. മീന്‍ കിട്ടുന്നതനുസരിച്ച് അവളുടെ സന്താനങ്ങളുടെ എണ്ണം നിര്‍ണ്ണയിക്കപ്പെടുന്നു. മീന്‍ കിട്ടാതെ മടങ്ങിയാല്‍ സന്താനഭാഗ്യം കുറയുമെന്നും വിശ്വസിക്കപ്പെടുന്നു.
ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ നായര്‍ സ്ത്രീകള്‍ക്കും ഈഴവ സ്ത്രീകള്‍ക്കും ഒന്നിലധികം ഭര്‍ത്താക്കډാരെ സ്വീകരിക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നു. ഈഴവ സമുദായ പരിഷ്കര്‍ത്താവ് സി. കേശവന്‍ (ജനനം. 1891 മെയ്) പറയുന്നത് നോക്കു.
എന്‍റെ അച്ഛന് മൂത്തവരായി നാല് സഹോദരډാര്‍ ഉണ്ടായിരുന്നു. അവരില്‍ രണ്ടാമനായ കണ്ണന്‍ എന്ന ആളായിരുന്നു എന്‍റെ അമ്മയെ വിവാഹം കഴിച്ചത്. അതില്‍ അദ്ദേഹത്തിന് രണ്ട് മക്കള്‍ ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചു. എന്‍റെ അമ്മ വിധവയായി. അധികം കഴിയുന്നതിനുമുമ്പ് അച്ഛന്‍ അമ്മയെ ഭാര്യയായി സ്വീകരിച്ചു. അക്കാലത്തെ സമുദായ ആചാരം അതിന് തടസ്സമായിരുന്നില്ല. ഒന്നിലധികം സഹോദരډാര്‍ക്ക് ഒരു പൊതുഭാര്യ പാടുള്ള കാലമായിരുന്നു അത്.
നമ്പൂതിരി സമുദായത്തിന്‍റെ പരിഷ്ക്കര്‍ത്താവ് വി.ടി. ഭട്ടതിരിപ്പാട് കണ്ണീരും കിനാവും എന്ന തന്‍റെ ആത്മകഥയില്‍ ഇവ്വിധം വിശദീകരിക്കുന്നു.
നമ്പൂരി സമുദായത്തിലെ സ്ത്രീ സന്തതി കന്യകമാരായി ചത്തൊടുങ്ങിയാലുള്ള പാപം ഒഴിക്കാന്‍ കൈപിടിക്കാന്‍ രീതിയില്‍ ചാവാറായ പടുകിഴവന്‍ നമ്പൂതിരിമാര്‍ വേളികഴിക്കുന്ന സമ്പ്രദായം ചില പ്രദേശങ്ങളില്‍ നിലനിന്നിരുന്നു. മൂമ്പ് നമ്പൂതിരിമാരില്‍ ധനസ്ഥിതി കുറഞ്ഞവര്‍ ആവതില്ലാത്ത കാലത്തും ഈ തരം വേളികള്‍ ധനാഗമ മാര്‍ഗ്ഗമായി കണക്കാക്കിയിരുന്നുവെന്നും അവരുടെ ദുഷ്ടമായ ദുരാഗ്രഹം ദുസ്സഹമായിരുന്നുവെന്നും തിരുവിതാംകൂര്‍ രാജകീയ വിളംബരം (1823) കൊണ്ട് കാണാം. കിഴവډാരുടെ ഈ കൂട്ട വേളിയും മൂമ്പ് നമ്പൂതിരിമാരുടെ ബഹുഭാര്യാ സമ്പ്രദായവും മൂലം വിവാഹം തരപ്പെടുന്ന നമ്പൂതിരി സ്ത്രീകളില്‍ ഒരുത്തിക്കുപോലും യഥാര്‍ത്ഥമായ കുടുംബജീവിത സൗഖ്യം ലഭിച്ചിരുന്നില്ലെന്നും കാണാം. അനേക വേളി (വിവാഹം) കളിലെ കഥാനായകനാകുന്ന കീഴാട്ടു നമ്പൂതിരിയെ വേളികഴിക്കേണ്ടി വരുന്ന നമ്പൂതിരി യുവതി കന്യകയായി ജീവിക്കുന്ന ദുരിതത്തിന്‍റെ കൂടെ ഈ അഴുക്കുകൂടി ചുമക്കേണ്ടിവരുന്ന ഇരട്ട നിര്‍ഭാഗ്യവതിയാണ്. ചുരുക്കത്തില്‍ വേളിക്കര്‍ഹതയുള്ള നമ്പൂതിരിമാര്‍ക്ക് ബഹുഭാര്യത്വം അനുവധിച്ചതുവഴി നമ്പൂതിരി സ്ത്രീകളില്‍ യഥാര്‍ത്ഥ സ്ത്രീത്വം അറിഞ്ഞവരേ ഇല്ലെന്ന നിലയാണുണ്ടാക്കിയതെന്നു കരുതാം.
നമ്പൂതിരി സമുദായത്തില്‍ അപ്ഫന്‍ (അനിയന്‍) നമ്പൂതിരിമാര്‍ക്ക് വേളി കഴിക്കല്‍ അനുവദനീയമല്ല. ഒരുകാലത്ത് തറവാട്ടു സ്വത്തില്‍ പോലും അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആയതിനാലാണ് പട്ടിയായോ പൂച്ചയായോ ജനിച്ചാല്‍പോലും ഒരിക്കലും തന്നെ അപ്ഫന്‍ നമ്പൂതിരിയായി ജനിപ്പിക്കല്ലേ എന്ന് ഒരു നാടകത്തില്‍ ഒരു കഥാപാത്രത്തെകൊണ്ട് അദ്ദേഹം പറയിപ്പിച്ചത്.
നായര്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാന്‍ സ്വജാതിക്കാരെക്കാള്‍ മുന്‍ഗണന ഉയര്‍ന്ന ജാതിക്കാര്‍ക്കാണ്. അവരുമായുള്ള സംബന്ധം അഭിമാനമായി കരുതി. ഓരോരുത്തരും വരേണ്ടുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ഭര്‍ത്താക്കډാര്‍ തമ്മില്‍ അന്യോന്യം കലഹമോ വിരോധമോ ഉണ്ടാകാറില്ല. ഗര്‍ഭവതിയായാല്‍ ആരാണ് പിതാവെന്ന് സ്ത്രീ തീരുമാനിക്കും. അച്ഛനെന്ന് നിര്‍ണ്ണയിക്കപ്പെട്ട പുരുഷന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും. എന്നാല്‍ അച്ഛന്‍റെ സ്വത്തില്‍ കുട്ടിക്ക് അവകാശം ലഭിക്കുകയില്ല.
ഋതുമതിയാകുന്നതിന് മുമ്പുതന്നെ നായډാരടക്കമുള്ള ഉന്നത കുലജാതിക്കാരുടെ ഇടയില്‍ നടന്നിരുന്ന ഏറെ വൈചിത്ര്യമുള്ള ഒരു ആചാരമാണ് താലികെട്ടുകല്ല്യാണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുടുംബത്തിന് പോരായ്മയായി ഗണിച്ചിരുന്നു. ഉന്നത കുലജാതനായ ഒരു വ്യക്തിയെ ഇതിനായി ക്ഷണിക്കും. ഒരു പുരുഷന് പല ബാലികമാരുടെയും കഴുത്തില്‍ താലികെട്ടാം. താലികെട്ടിയശേഷം ബാലികയെ ഭാര്യയാക്കണമെന്നില്ല. ബാലികക്ക് വിവാഹ പ്രായമെത്തിയാല്‍ തനിക്ക് ഇഷ്ടമുള്ള പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാം. പൊന്നാനിയിലെ ചില പ്രധാന തറവാട്ടുകാര്‍ മൂന്ന് ദിവസം വരെ ഇതൊരാഘോഷമായിത്തന്നെ കൊണ്ടാടിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമാകുമ്പോഴേക്കും പുരുഷډാര്‍ ശേഷിക്കാതിരിക്കാന്‍വേണ്ടി ചില വിഭാഗങ്ങള്‍ വൃദ്ധډാരെയാണ് താലികെട്ടാന്‍ നിര്‍ണ്ണയിച്ചിരുന്നത്. താലികെട്ടുന്ന പുരുഷന്‍ സമജാതിക്കാരനോ അതിനു മുകളില്‍ ഉള്ളവനോ ആയിരിക്കണം. താലിക്കല്യാണത്തെ എതിര്‍ത്തിരുന്ന പുരോഗമന മഹിളകളും അക്കാലത്തുണ്ടായിരുന്നു.
ആദ്യകാലങ്ങളില്‍ څസംബന്ധത്തിന് മാന്യതയും നിയമസാധുതയും ലഭിച്ചിരുന്നില്ല. ക്രമാനുഗതമായി ഇതര വൈവാഹിക ബന്ധംപോലെ ഇതും നിയമ വിധേയമാക്കി. ഇതിന്‍റെ കരടു നിയമം തയ്യാറാക്കിയത് 1884-കളിലാണ്. രാജ സര്‍ ടി. മാധവറാവു അദ്ധ്യക്ഷനും, ഡബ്ല്യു ലാഗന്‍, വിഗ്രാം, പി. കരുണാകരമേനോന്‍, സി. ശങ്കരന്‍നായര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റിയായിരുന്നു നിയമം തയ്യാറാക്കിയത്.
സാമ്പത്തികമായി മെച്ചപ്പെട്ട ഒരു തറവാട്ടിലെ പതിനൊന്ന് സ്ത്രീകളുടെ താലികെട്ട്, തെരണ്ടുകുളി, പുളിക്കുടി തുടങ്ങിയ അടിയന്തിരങ്ങള്‍ കുടുംബത്തിന്‍റെ അന്തസ്സനുസരിച്ച് ആചരിച്ച് കഴിഞ്ഞപ്പോള്‍ ആണ്‍തൂണില്ലാത്ത ആ തറവാട് ദാരിദ്ര്യമായിത്തീര്‍ന്നുവെന്ന് നായര്‍ സമുദായ ആചാര്യനായ മന്നത്ത് പത്മനാഭന്‍ തന്‍റെ ആത്മകഥയില്‍ അനുസ്മരിക്കുന്നു.
കൂടല്‍ ചുടല്‍ സംഗമം
അക്കാലത്ത് നിലനിന്നിരുന്ന കൗതുകകരമായ മറ്റൊരു ആചാരമായിരുന്നു സ്ത്രീകളുടെ കൂട്ടായ്മയായ കൂടല്‍ചുടല്‍. കൂടിയിരുന്ന് ഭക്ഷണം പാകംചെയ്ത് (ചൂടാക്കി) കഴിക്കുന്നതുകൊണ്ടാവാം ഈ പേര് സിദ്ധിക്കാന്‍ കാരണം. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ഒത്തുചേരാനും ഉല്ലസിക്കാനും കടപ്പുറം സന്ദര്‍ശിക്കാനും വീണുകിട്ടുന്ന ഒരവസരമാണിത്. എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്ന ഏതെങ്കിലും ഒരു തറവാട്ടിലെ തലമുതിര്‍ന്ന മഹതിയായിരിക്കും ഈ പരിപാടി സംഘടിപ്പിക്കുക. അയല്‍വാസികളെയും കുടുംബക്കാരെയും ഇതിനായി പ്രത്യേകം ക്ഷണിക്കും. ഓരോ വീട്ടുകാരും ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പോടെ കലം, ചട്ടി, നാളികേരം തുടങ്ങി പലവ്യഞ്ജന സാധനങ്ങളും വിറകുമായി ആ തറവാട്ടിന്‍റെ അങ്കണത്തില്‍ സംഗമിക്കും.
ഇശാ നമസ്ക്കാരത്തിന് ശേഷം എല്ലാവരും കൂട്ടത്തോടെ പഠിപ്പുര കടന്ന് നിരത്തിലേക്കിറങ്ങും. വഴി നിര്‍ണ്ണയിക്കാന്‍ വേലക്കാരികള്‍ മുമ്പില്‍ നടക്കും. ഓരം ചാരിയുള്ള ആ യാത്ര ചെന്നവസാനിക്കുന്നത് സിയാറത്ത് പള്ളിയിലാണ്. ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പിതൃവ്യന്‍ സൈനുദ്ദീന്‍ ഇബ്രാഹിം ഇവിടെ അന്ത്യവിശ്രമംക്കൊള്ളുന്നതുകൊണ്ട് ഒന്നാം മഖ്ദൂം ഇടക്കിടെ ഇവിടം സന്ദര്‍ശിച്ചിരുന്നതു കൊണ്ടാണ് സിയാറത്ത് പള്ളി എന്ന് പേരുവരാന്‍ കാരണം. മുറ്റമടിക്കലും മഖ്ബറ സന്ദര്‍ശനവും കഴിഞ്ഞതിന് ശേഷം തലയില്‍ വെള്ളമൊഴിച്ച് ബഹുമാന പുരസ്സരം പുറം തിരിഞ്ഞ് റോഡ്വരെ നടക്കും.
നേരംപോക്കിനായുള്ള സന്നാഹങ്ങളോടെ തുടര്‍ന്നുള്ള യാത്ര നേരെ കടപ്പുറത്തേക്കാണ്. അന്ന് കടപ്പുറം വിജനവും ഇന്നത്തേക്കാള്‍ എത്രയോ വിശാലവുമായിരുന്നു. മുക്കാടി ഹംസത്ത് പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് ഇപ്പോഴും നിലനില്‍ക്കുന്ന പഴയ തുറമുഖത്തിന്‍റെ തെക്കേ അതിര്‍ത്തിക്കല്ലിന്‍റെ പടിഞ്ഞാറ് ഭാഗം മുഴുവന്‍ കടപ്പുറമായിരുന്നു. കൊറിക്കാന്‍ കയ്യില്‍ കടല വറുത്തത് കരുതും. കടലോരത്ത് എത്തിയശേഷം എല്ലാവരും ഒരു ഭാഗത്ത് സംഗമിച്ച് കൂട്ടല്‍ ചുടാന്‍ ആരംഭിക്കും. ഓരോ വീട്ടുകാരും പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ കൈപുണ്യം രുചിച്ചറിയാന്‍ പരസ്പരം കൈമാറും. അധികവും തേങ്ങാച്ചോറായിരിക്കും. സ്ക്കൂളിലോ മദ്രസ്സകളിലോ അധികമൊന്നും പഠിക്കാത്ത, ആഘോഷങ്ങള്‍ക്കോ വിനോദങ്ങള്‍ക്കോ പോകല്‍ നിഷേധിക്കപ്പെട്ട മരുമക്കത്തായ തറവാടുകളിലെ മുസ്ലിം സ്ത്രീകള്‍ക്ക് വല്ലപ്പോഴും ഒത്തുകിട്ടുന്ന അസുലഭ അവസരം കൂടിയാണിത്.
തിരകള്‍ ഒന്നിനു മീതെ മറ്റൊന്ന് പതിക്കുംപോലെ ഒരു പെണ്ണ് മറ്റൊരു പെണ്ണിന്‍റെ സംസാരത്തെ കവച്ചുവെച്ച് ചിരിച്ചും കളിവാക്കുകള്‍ പറഞ്ഞും കുശലം പറഞ്ഞും, വിവാഹിതരായ യുവതികള്‍ പരസ്പരം പിച്ചിയും നുള്ളിയും സ്വകാര്യത പങ്കുവെച്ച് അര്‍ദ്ധരാത്രിവരെ മതിവരുവോളം ആസ്വദിക്കും. സമയം അതിക്രമിച്ചാല്‍ തലമുതിര്‍ന്ന കാരണവര്‍ത്തിതാത്ത എല്ലാവരോടുമായി പറയും വരീന്‍ പാതിരയായി നമുക്ക് പോകാം. തുടര്‍ന്ന് കടല്‍വെള്ളം ഒരിക്കല്‍ക്കൂടി ചവിട്ടിയശേഷം സസന്തോഷം മടക്കമാരംഭിക്കും. പെരുന്നാളല്ലാത്ത നിലാവുള്ള ദിവസങ്ങളിലും, മുഹമ്മദലി മൈതാനം തുടങ്ങിയ മൈതാനങ്ങളിലും, തറീക്കാനകം, വെട്ടംപോക്കിരിയകം, തീപ്പെട്ടി കമ്പനിക്ക് സമീപം ഔക്കരാക്കാന്‍റെ പറമ്പ് തുടങ്ങിയ വിശാലമായ പല വീട് വളപ്പുകളിലും പ്രത്യേക മൈതാനങ്ങളിലും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുമായിരുന്നു.
അയല്‍പ്പക്കത്തൊ അടുത്ത അവസരങ്ങളിലൊ കല്ല്യാണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ കുട്ടികള്‍ക്കുവേണ്ടി നടത്തിയിരുന്ന കല്ല്യാണമാണ് വാവോച്ചിക്കല്ല്യാണം. രണ്ട് വലിയ പാവയെ അണിയിച്ചൊരുക്കി കട്ടിലില്‍ ഉപവിഷ്ടയാക്കും. അയല്‍പ്പക്കത്തെ കുട്ടികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഭക്ഷണങ്ങള്‍ കൊടുക്കും. കുട്ടികളുടെ കൈകൊട്ടിപ്പാട്ട് തുടങ്ങിയ വിവിധതരം വിനോദങ്ങള്‍ ഉണ്ടാകും. ഒരു ചെറിയ കല്ല്യാണം പോലെതന്നെ വീട് അലങ്കരിക്കും. പെട്ടിപ്പാട്ട് പാടിക്കലും ഇതിന്‍റെ ഭാഗമാണ്. കല്ല്യാണത്തിന് വരുന്നവര്‍ സമ്മാനപ്പൊതികളും കൊണ്ടുവരാറുണ്ട്. ഈ കല്ല്യാണത്തിന് മുതിര്‍ന്നവരും പങ്കെടുക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടാല്‍ പരസ്പരം സഹായിക്കാനായി പീടികക്കോലായയിലോ പൊതുസ്ഥലത്തോ കുറിക്കല്ല്യാണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇങ്ങനെ എഴുതിയാല്‍ തീരാത്ത വിവിധ തരം ആചാരങ്ങളാലും അനുഷ്ടാനങ്ങളാലും സമ്പന്നമായിരുന്നു ഒരുകാലത്ത് പൊന്നാനി.