ഗാന്ധിജിയുടെ കേരള സന്ദര്‍ശനം

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com


ഗാന്ധിജി അഞ്ചു തവണയാണ് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയത്. ഈ അവസരത്തില്‍ സമുദായ നേതാക്കള്‍, പണ്ഡിതډാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അധഃസ്ഥിതര്‍, ദളിതര്‍, ഭരണാധിപډാര്‍  മുതല്‍ തൊഴിലാളികള്‍ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി; വിദ്യാലയങ്ങളിലും കലാശാലകളിലും ആശ്രമങ്ങളിലും കൊട്ടാരങ്ങളിലും അതിഥിയായെത്തി.


ആദ്യ സന്ദര്‍ശനം


ഖിലാഫത്ത് പ്രസ്ഥാന നായകന്‍ മൗലാനാ ഷൗക്കത്തലിയുടെ കൂടെ ഷൊര്‍ണ്ണൂര്‍ വഴി മെയില്‍ വണ്ടിക്ക് ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചരണാര്‍ത്ഥം 1920ല്‍ ആഗസ്റ്റ് 18 ഉച്ചക്ക് 2.30ന് കോഴിക്കോടെത്തി. സമൂഹത്തിലെ നാനാ തുറകളിലും ഉള്ള പ്രമുഖരടക്കം നൂറുകണക്കിന് ആളുകള്‍ അടങ്ങുന്ന പൗരസമൂഹം എതിരേറ്റു. ഇതാണ് ആദ്യ സന്ദര്‍ശനം. യാത്രമധ്യേ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരിസരപ്രദേശത്തുകാരായ സ്വാതന്ത്ര്യ സമര ഭടډാരും അനുഭാവികളുമടക്കം നൂറുകണക്കിനാളുകള്‍ സ്വീകരിക്കാന്‍ എത്തി. ഗാന്ധിജി ട്രെയിനിന് അകത്ത് ഇരുന്നും ശൗക്കത്തലി പ്ലാറ്റ്ഫോമിലിറങ്ങിയും അഭിവാദനങ്ങള്‍ സ്വീകരിച്ചു.

അന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഹൈക്കോര്‍ട്ട് വക്കീല്‍ കെപി രാമമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ പ്രസംഗം കെ മാധവന്‍ നായര്‍ വിവര്‍ത്തനം ചെയ്തു. തുടര്‍ന്ന് മൗലാനാ ഷൗക്കത്തലിയും ഇംഗ്ലീഷില്‍ പ്രസംഗിച്ചു. ഇന്നത്തെക്കാള്‍ ആനുപാതികമായി ജനസംഖ്യ കുറവായിരുന്ന അക്കാലത്തുപോലും 20,000ത്തില്‍പ്പരം ജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം ചിലവഴിക്കാമെന്ന അനുവാദത്തോടെ ഖിലാഫത്ത് പ്രസ്ഥാനത്തിനുവേണ്ടി പിരിച്ച 2500 രൂപയുടെ ഒരു കിഴി അദ്ധ്യക്ഷന്‍ ഗാന്ധിജിക്ക് നല്‍കി. 

ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ആവശ്യകത, പഞ്ചാബ് ലഹള, ഇന്ത്യാഗവണ്‍മെന്‍റിന്‍റെയും സാമ്രാജ്യത്വ ഗവണ്‍മെന്‍റിന്‍റെയും നയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ക്ക് പുറമെ മുസ്ലിംകള്‍ക്ക് പ്രതിസന്ധി നേരിട്ടാല്‍ ഹിന്ദുക്കള്‍ സഹായിക്കണമെന്ന് ഗാന്ധിജിയും ഹൈന്ദവര്‍ പ്രശ്നങ്ങളില്‍ അകപ്പെട്ടാല്‍ മുസ്ലിംകള്‍ സഹായിക്കണമെന്ന് ശൗക്കത്തലിയും ഉദ്ബോധിപ്പിച്ചു.(1) ഇരു നേതാക്കളുടെയും ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യസമര രംഗത്ത് ഹിന്ദു മുസ്ലിം ഐക്യം കുടൂതല്‍ സുദൃഢമായി.

വിവിധ പ്രദേശങ്ങളില്‍ ഒരേ സമയത്ത് ഒരേ സ്ഥലത്തുവെച്ച് ചേര്‍ന്നിരുന്ന സംയുക്ത യോഗങ്ങളില്‍ ജാതിമത ഭേദമന്യെ നൂറുകണക്കിനാളുകള്‍ സംഗമിച്ചു. കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിച്ച സംയുക്ത പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. 19ന് രൈവിലെ പത്തരയോടെ ഇരുവരും മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.

രണ്ടാം സന്ദര്‍ശനം


വൈക്കം ക്ഷേത്രത്തിന്‍റെ വഴികളിലൂടെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും സഞ്ചാരം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതിനെ തുടര്‍ന്ന് 1925 മാര്‍ച്ച് 8 മുതല്‍ 19 വരെയുടെള്ള 12 ദിവസമായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. മാര്‍ച്ച് 8ന് എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ അദ്ദേഹം ലക്ഷ്മി ബോട്ടില്‍ മട്ടാഞ്ചേരിയിലേക്ക് തിരിച്ചു. കൊച്ചിയിലും എറണാകുളം മഹാരാജാസ് കോളേജിലും സ്വീകരണം നല്‍കി. 

മാര്‍ച്ച് 10ന് ബോട്ടിലൂടെ വൈക്കത്തെത്തി പൗരസ്വീകരണത്തില്‍ പങ്കെടുത്തു. സത്യാഗ്രഹത്തെ ശക്തമായി എതിര്‍ത്തിരുന്ന വൈക്കം ക്ഷേത്രത്തിന്‍റെ ഊരാളന്‍ ഇണ്ടംതിരുത്തി നമ്പ്യാതിരി, ക്ഷേത്ര ഭാരവാഹികള്‍, വൈഎംസിഎ സെക്രട്ടറി, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുമായി അഭിമുഖ സംഭാഷണം നടത്തി. 

പ്രത്യേകം പണിത കെട്ടിടത്തിലാണ് നമ്പ്യാതിരിയും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണം നടന്നത്. ജാതീയത ശക്തമായി കൊടികുത്തിവാണിരുന്ന അക്കാലത്ത് വിദേശങ്ങളില്‍ പഠിച്ച് ഉന്നത ബിരുദം നേടിയ വിദ്യാസമ്പന്നര്‍ക്കുപോലും അക്കാലത്ത് പല നമ്പൂതിരി മനകളിലും സവര്‍ണ ഭവനങ്ങളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. 

വൈക്കം കായല്‍ക്കരയില്‍വെച്ച് നടന്ന സമ്മേളനത്തില്‍ ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാന്‍ 21000 പേര്‍ പങ്കെടുത്തു. വൈക്കം സത്യാഗ്രഹികള്‍ക്കായി ശ്രീനാരായണഗുരു വിലക്കുവാങ്ങി സ്ഥാപിച്ച സത്യാഗ്രഹ ആശ്രമത്തിലെ അന്തേവാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഈ ആശ്രമമാണ് ഇന്ന് ആശ്രമം സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നറിയപ്പെടുന്നത്. 

മാര്‍ച്ച് 11ന് ആലപ്പുഴയിലെത്തിയ ഗാന്ധിജിയെ മുന്‍സിപ്പല്‍ കൗണ്‍സിലിനുവേണ്ടി ഡോ. പികെ പണിക്കര്‍ സ്വീകരിച്ചു. 12ന് കൊല്ലത്ത് വിശ്രമം. ശേഷം വര്‍ക്കലയിലെത്തിയ അദ്ദേഹം തിരുവിതാംകൂര്‍ ഭരണാധികാരി റിജന്‍റ് സേതുലക്ഷിഭായിയെ കണ്ട് സംഭാഷണം നടത്തി. ശിവഗിരി മഠത്തില്‍ പാര്‍ത്തു. 13ന് ശ്രീനാരായണ ഗുരുവുമായി സംഭാഷണം നടത്തി. അവിടത്തെ സ്വീകരണത്തില്‍ പങ്കെടുത്തു. 

തിരുവനന്തപുരത്തെത്തിയ അദ്ദേഹം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ. ചിത്തിര തിരുന്നാളിനെയും അമ്മ മഹാറാണി സേതുലക്ഷ്മി ഭായിയേയും ദിവാന്‍ രാഘവയ്യയെയും സന്ദര്‍ശിച്ച് വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വൈക്കം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ പ്രവേശിക്കുന്നതും ക്ഷേത്ര പരിസര വഴികളിലൂടെ സഞ്ചരിക്കുന്നതും ശക്തമായി എതിര്‍ത്തിരുന്ന ഭരണാധികാരിയായിരുന്നു സവര്‍ണനും കടുത്ത യാഥാസ്ഥികനുമായ രാഘവയ്യ. ഫോര്‍ട്ട് സ്കൂള്‍, ഗേള്‍സ് സ്കൂള്‍, മഹാരാജാസ് (യൂനിവേഴ്സിറ്റി) കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. 

14ന് ബാലരാമപുരത്തെ താഴ്ന്ന ജാതിയില്‍പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര, കളിയിക്കാവിള, കുഴിത്തുറ, തക്കല വഴി കന്യാകുമാരിയിലേക്കും തുടര്‍ന്ന് നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളേജും സന്ദര്‍ശിച്ചു. 

15ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി. കഴക്കൂട്ടം, കുണ്ടറ, കൊട്ടാരക്കര, അടൂര്, പന്തളം വഴി ചങ്ങനാശ്ശേരിയിലെത്തി നഗരസഭാ സ്വീകരണം നല്‍കി. കോട്ടയത്ത് ബിഷപ്പ് അലക്സാണ്ടര്‍ ചൂളപ്പറമ്പിലിനെ സന്ദര്‍ശിച്ചു. എം.ടി. സെമിനാരിയില്‍ താമസം. 

17ന് വൈക്കത്ത് താമസവും വിശ്രമവും. ഇണ്ടംതുരുത്തി തിരുമേനിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. പോലീസ് ഓഫീസര്‍ പിറ്റ് ഗാന്ധിജിയെ സന്ദര്‍ശിച്ചു. മഹാകവി വള്ളത്തോള്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച് തന്‍റെ സാഹിത്യ മഞ്ജരി സമര്‍പ്പിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലും ജീവിതമൂല്യങ്ങളിലും ആകൃഷ്ടനായി ജീവിതാന്ത്യംവരെ ഒരു ഗാന്ധിയനായി മാറി അദ്ദേഹം. 

18ന് ആലുവ യുസി കോളേജ് സന്ദര്‍ശിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കോളേജിന് നല്‍കിയ കച്ചേരിമാളികയുടെ മുറ്റത്ത് തേډാവിന്‍ തൈ നട്ടു. പറവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ സ്വീകരണം. അദ്വൈതാശ്രമം സന്ദര്‍ശിച്ചു. തൃശൂരിലെത്തി സ്ഥാനത്യാഗം ചെയ്ത മഹാരാജാവിനെ സന്ദര്‍ശിച്ചു. വിവേകോദയം ഹൈസ്കൂള്‍ സന്ദര്‍ശനവും തേക്കിന്‍കാട് മൈതാനത്ത് പൊതുസമ്മേളനവും. ഐത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയ പാവപ്പെട്ടവര്‍ ഗാന്ധിജിക്ക് സ്വീകരണം നല്‍കി. 19ന് പാലക്കാട് റെയില്‍വെ തൊഴിലാളികളുടെ യാത്രയയപ്പ്.


മൂന്നാം സന്ദര്‍ശനം


തെക്കേ ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി 1927 ഒക്ടോബര്‍ 9 മുതല്‍ 15 വരെയായിരുന്നു മൂന്നാമത്തെ സന്ദര്‍ശനം.

ഒക്ടോബര്‍ 9 നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തി. ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മയെയും റീജന്‍റ് സേതുലക്ഷ്മിഭായിയേയും സന്ദര്‍ശിച്ച് തിരുവാര്‍പ്പ് ക്ഷേത്ര റോഡില്‍ അവര്‍ണരെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ബിജെടി ഹാളില്‍ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനപ്രവേശനം ടിക്കറ്റുവെച്ചു നടത്തിയതിനെ ഗാന്ധിജി വിമര്‍ശിച്ചു. പുത്തന്‍ കച്ചേരി മൈതാനത്തു പൊതുയോഗം. 11ന് കൊല്ലത്ത് പൊതുയോഗം. 12ന് കരുവാറ്റ ഇംഗ്ലീഷ് സ്കൂള്‍ സന്ദര്‍ശിച്ചു. ഹരിപ്പാട് വഴി ആലപ്പുഴയിലെത്തി. അവിടെ പൊതുയോഗവും സ്വീകരണവും. 

ഒക്ടോബര്‍ 13 കൊച്ചിസ്റ്റേറ്റ് അഥിതി മന്ദിരത്തില്‍ താമസം. ദിവാന്‍ ടിഎസ് നാരായണ അയ്യരും വികെ പാറുക്കുട്ടി നേത്യാരും ഗാന്ധിജിയെ സന്ദര്‍ശിച്ചു. എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ്മില്ലില്‍ വിശ്രമം. അവിടത്തെ ഗുജറാത്തികളെ അഭിസംഭോധന ചെയ്തു. ജയറാം സേട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുത്തു. ഹരിചന്ദ് മാനക്ചന്ദിന്‍റെ വസതിയില്‍ ലഘുഭക്ഷണം. തുടര്‍ന്ന് പൊതുയോഗം.

ഒക്ടോബര്‍ 14ന് ഒല്ലൂര്‍ വഴി തൃശൂരിലെത്തി സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ താമസം. 15ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പൊതുയോഗം. പാലക്കാട്ട് ശബരി ആശ്രമം സന്ദര്‍ശിച്ചശേഷം കോയമ്പത്തൂരേക്കു പോയി. 

ഒക്ടോബര്‍ 25ന് വീണ്ടും കേരളത്തിലെത്തി. ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, വള്ളുവനാട്, തളിപ്പറമ്പ് വഴി കോഴിക്കോട്ടെത്തി. ശ്യാംജി സുന്ദറിന്‍റെ വീട്ടില്‍ താമസം. നഗരസഭയുടെയും മറ്റു സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പൊതു സ്വീകരണം.


നാലാം സന്ദര്‍ശനം


ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ആദ്യമായി വര്‍ണ്ണവിവേചനത്തിന് എതിരെ പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയെപ്പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന ദക്ഷിണാഫ്രിക്കയും അക്കാലത്ത് വര്‍ണ്ണവിവേചനം കൊടികുത്തി വാണ രാജ്യമായിരുന്നു.

1893 ജൂണ്‍ 7ന്. ഡര്‍ബനില്‍ നിന്ന് പ്രിട്ടോറയിലേക്കുള്ള ഗാന്ധിജിയുടെ യാത്രയില്‍ നെറ്റാളിന്‍റെ തലസ്ഥാനമായ പീറ്റര്‍മാരിറ്റ്സ്ബര്‍ഗില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അതില്‍ കയറിയ ബ്രിട്ടീഷുകാരനായ റെയില്‍വെ ഉദ്യോഗസ്ഥന് ഗാന്ധിജിയുടെ ട്രെയിനിലെ ഫസ്റ്റ്ക്ലാസ് യാത്ര തീരെ രസിച്ചില്ല. ഗാന്ധിജിയോട്  താഴ്ന്ന ക്ലാസിലേക്ക് പോകാന്‍ അയാള്‍ നിര്‍ബന്ധിച്ചു. എനിക്ക്  ഫസ്റ്റ് ക്ലാസ് ടിക്കറ്റുണ്ട് യാതൊരു കാരണവശാലും താങ്കളെ അനുസരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഗാന്ധിജിയെ അയാള്‍ സീറ്റില്‍ നിന്ന് തള്ളി താഴേക്കിട്ടു. ബാഗും സാധനങ്ങളുമായി അദ്ദേഹത്തെ ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറക്കിവിട്ടു. അതൊരു മഞ്ഞുകാലമായിരുന്നു. അതികഠിനമായ തണുപ്പില്‍ ആ രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിജി കഴിച്ചുകൂട്ടി. 

ജാതി  വര്‍ണ പിശാചിന്‍റെ വിവേചനത്തിന് വിധേയനായ അദ്ദേഹം ഈ അനീതിയും അക്രമവും എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വര്‍ണ വര്‍ഗ വിവേചനത്തിന് എതിരെ പോരാടാന്‍ തന്‍റെ ജീവിതം മാറ്റിവെക്കാന്‍ ഗാന്ധിജി തീരുമാനിച്ചത് ആ രാത്രിയിലായിരുന്നു. തുടര്‍ന്ന് പല ഘട്ടങ്ങളിലും ഈ വിഷയത്തില്‍ തന്‍റെ ശക്തമായ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

1931 നവംബര്‍ 1ന് ആരംഭിച്ച് 32 ഒക്ടോബര്‍ 2ന് അവസാനിച്ച ഗുരുവായൂര്‍ സത്യാഗ്രഹം ജാതീയതക്കെതിരെയുള്ള പോരാട്ടമായതിനാല്‍ ഈ വിഷയത്തില്‍ ഗാന്ധിജി അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സത്യാഗ്രഹസമയത്ത് അദ്ദേഹം യര്‍വാദ ജയിലിലായതിനാല്‍ മോചിതനായ ഉടനെ ഗുരുവായൂര്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിരുന്നു.

പിന്നോക്ക ജാതിക്കാരുടെ ഉന്നമനത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് ഗാന്ധിജിയുടെ ദേശ വ്യാപകമായുള്ള സഞ്ചാരത്തിന്‍റെ ഭാഗമായി 1934 ആദ്യത്തിലാണ് അതിന് അവസരം ലഭിച്ചത്. ജനുവരി 10 മുതല്‍ 22 വരെയായിരുന്നു ഈ സന്ദര്‍ശനം. ദളിതര്‍ക്ക് ഫണ്ട് ശേഖരണമായിരുന്നു മുഖ്യ ലക്ഷ്യം. അദ്ദേഹത്തിന്‍റെ നാലാമത്തെ സന്ദര്‍ശനമായിരുന്നു ഇത്.

പാലക്കാട് വഴിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ചിറ്റൂര്, കൊടുവായൂര്, തെങ്കുറുശി, നെച്ചുള്ളി, കരിമ്പുഴ, ചെറുപ്പുളശേരി, ഒറ്റപ്പാലം വഴിയായിരുന്നു ഗുരുവായൂരേക്കുള്ള യാത്ര. ജനുവരി 10ന് ശബരി ആശ്രമത്തിലേക്കുള്ള യാത്രാമധ്യേ കല്‍പ്പാത്തിക്ക് സമീപം വെച്ച് പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛന്‍റെ നേതൃത്വത്തില്‍ ഒരു സംഘം സനാതനികളും യാഥാസ്ഥിതികരും കരിങ്കൊടിയുമായി ഗാന്ധിജി പോങ്കോ പോങ്കോ ഉറക്കെ മുദ്രാവാക്യം വിളിച്ചും ഗാന്ധിജി ഗോ ബേക്ക് കാര്‍ഡുകള്‍ കാണിച്ചും പ്രതിഷേധം അറിയിച്ചു. കേരളത്തിലെ ആദ്യ മിശ്രഭോജനം നടന്ന ഈ ആശ്രമം ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ച കേരളത്തിലെ ഒരേയൊരു ആശ്രമമാണ്.

ഉച്ചതിരിഞ്ഞ് 3 മണിക്ക് പാലക്കാട് നിന്ന് കരിമ്പുഴയെത്തി. വഴിയില്‍ വിവിധയിടങ്ങളില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ജനസഞ്ചയം ഗാന്ധിജിയെ ഒരുനോക്ക് ദര്‍ശിച്ച് സായൂജ്യമടയുന്നതിന്  ആര്‍ത്തിയോടെ പ്രതീക്ഷിച്ച് നിന്നിരുന്നു.

ഗാന്ധിജി വളരെ ക്ഷീണിതനായിരുന്നതിനാല്‍ കാറിന്‍റെ പിന്‍സീറ്റില്‍ ചാരി കിടന്നായിരുന്നു യാത്ര. തډൂലം വഴിയില്‍ കാത്തുനിന്ന അധികംപേര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ കാര്‍ പോയിക്കഴിഞ്ഞതറിയാത്ത പലരും അനുഗമിച്ച  കാറുകളിലേക്ക് ആര്‍ത്തിയോടെ നോക്കിനിന്നു. 

മാമലകളും മരതകക്കുന്നുകളും കാനനചോലകളും വലയംചെയ്ത വഴിത്താരകള്‍ക്ക് താഴെ വളഞ്ഞുപുളഞ്ഞു ഒഴുകുന്ന പുഴയും താഴ്വരയുമുള്ള ഒരപൂര്‍വ്വ ഭൂപ്രകൃതി കരിമ്പുഴയിലെ പൊതുയോഗ സ്ഥലത്തുനിന്ന് കാണാമായിരുന്നു അത്രയും മനോഹരമായിരുന്നു അവിടം. സ്ത്രീകളടക്കം ജനസഞ്ചയം തികഞ്ഞ അച്ചടക്കത്തോടെ നിശബ്ദമായിരുന്നു. മംഗളപത്രവും 201 രൂപയുടെ പണക്കിഴിയും വേഷ്ടിയും സ്വര്‍ണ്ണാഭരണങ്ങളും വള്ളുവനാട് താലൂക്ക് നിവാസികളുടെതായി ഗാന്ധിജിക്ക് സമര്‍പ്പിച്ചു. എംപി ഗോവിന്ദമേനോന്‍ വിവര്‍ത്തനം ചെയ്ത ഗാന്ധിജിയുടെ ചെറു പ്രസംഗത്തിന്‍റെ സംഗ്രഹം. 

അയിത്തത്തെ നിര്‍മാര്‍ജനം ചെയ്ത് ഇതര മനുഷ്യസമൂഹത്തോടൊപ്പം ഹരിജനങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും അനുവദിച്ച് ഹിന്ദുമതത്തെ രക്ഷിക്കാന്‍ നിങ്ങള്‍ ഉറച്ചിരിക്കുന്നു എന്നതിനുള്ള ഹൃദയപരിവര്‍ത്തനത്തിന്‍റെ അടയാളമായിട്ടാണ് നിങ്ങളുടെ ഊര്‍ജ്ജസ്വലതയും കാര്യക്ഷമതയും ഞാന്‍ നിരീക്ഷിക്കുന്നത്. വിവിധയിടങ്ങളില്‍ നടക്കുന്ന വിശദമായ എന്‍റെ പ്രസംഗം പത്രങ്ങള്‍ മുഖേന നിങ്ങള്‍ക്കറിയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചെര്‍പ്പുളശ്ശേരിയിലേക്കായിരുന്നു അടുത്ത യാത്ര. കുന്നിന്‍ചെരുവ് ഇടിച്ചുനിരപ്പാക്കിയ സ്ഥലത്തായിരുന്നു പൊതുയോഗം. കുരുത്തോലകൊണ്ട് അലങ്കരിച്ച വഴിത്താരയിലുടനീളം വളണ്ടിയര്‍മാര്‍ അണിനിരന്നിരുന്നു. മംഗളപത്രവും 251 രൂപയുടെ പണക്കിഴിയും ഗാന്ധിജിക്ക് സമര്‍പ്പിച്ചു.

അയിത്തവും തൊട്ടുകൂടായ്മയും ഇന്ത്യയില്‍ പലയിടത്തും ഉണ്ടെങ്കിലും മലബാറിലാണ് അത് ഭീകര രൂപം പ്രാപിച്ചത്. ഞാന്‍ ഹിന്ദുശാസ്ത്രങ്ങള്‍ പഠിച്ചിട്ടുണ്ട്. അതില്‍ ഇത്തരം പൈശാചിക ആചാരങ്ങള്‍ക്ക് സ്ഥാനമില്ല. കഷ്ടകാലവും, ദുഷ്ക്കാലവും സമന്വയിക്കുമ്പോള്‍ ഹീനവും ക്രൂരവുമായ ആചാരങ്ങള്‍ക്കുപോലും മതത്തിന്‍റെ പരിവേഷം നല്‍കുന്ന രീതി സാധാരണമാണ്.

അയിത്തം പോലുള്ള ദുരാചാരങ്ങള്‍ മതത്തിന്‍റെ ഭാഗമായിത്തീരുന്നത് പരിതാപകരംതന്നെ. യഥാര്‍ത്ഥത്തില്‍ ഇത് മതമല്ല. മതം എന്‍റെ ഹൃദയത്തിനേറ്റവും പ്രിയപ്പെട്ടവയാണ്. മതത്തില്‍ അയിത്തത്തിന് സ്ഥാനമുണ്ടെങ്കില്‍ ആ മതത്തോട് വിടപറയാന്‍ ഞാന്‍ മടിക്കയില്ല. സത്യത്തെ ആശ്രയിക്കാത്ത കാര്യം മതമാകുന്നതെങ്ങനെ? ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ഉത്ബോധനം. മംഗളപത്രം അവിടെവെച്ച് തന്നെ ലേലത്തില്‍ വിറ്റു. 

തുടര്‍ന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രാമദ്ധ്യേ, അനങ്ങനടിയിലെ റോഡരികെ തുറന്ന വിജന സ്ഥലത്ത് ജനം തടച്ചികൂടി പൊതുയോഗത്തിനും പണക്കിഴി നല്‍കുന്നതിനും ഒരുക്കങ്ങള്‍ നടത്തിയെങ്കിലും പരിപാടിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഗാന്ധിജി പ്രയാസപ്പെട്ടാണ് ഇറങ്ങാന്‍ സമ്മതിച്ചത്. ഹരിജനസ്ത്രീകളടക്കം ജനസമൂഹം സംഗമിച്ചിരുന്നു. മംഗളപത്രവും 101ക യുടെ പണക്കിഴിയും അവര്‍ ഗാന്ധിജിക്ക് സമ്മാനിച്ചു. സമയക്കുറവു കാരണം അദ്ദേഹം അധികം സംസാരിച്ചില്ലെങ്കിലും അയിത്തോച്ചാടന പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും വിജയകരമാക്കാനും സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലത്തിടനുത്ത് അമ്മുക്കുട്ടി അമ്മയുടെ പുത്തന്‍കുളം വീട്ടിലാണ്  ഗാന്ധിജിയുടെ വൈകുന്നേരത്തെ ഭക്ഷണവും വിശ്രമവും. ഗാന്ധിജിയുടെ സന്ദര്‍ശന ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട യൂറോപ്യന്‍ ശിഷ്യയായ മീരാബെന്‍ തന്‍റെ ഒരു മകളെപോലെ സുഖസൗകര്യങ്ങള്‍ നിരീക്ഷിക്കുക പതിവായിരുന്നു. തډൂലം അവര്‍ ആദ്യമെ ഒറ്റപ്പാലത്തെത്തിയിരുന്നു. 

ജര്‍മ്മര്‍ പത്രപ്രവര്‍ത്തകന്‍ ബ്യൂതോ അടക്കം ഗാന്ധിജിയെ അനുഗമിച്ച സംഘം പുത്തംകുളം വീടും അങ്കണവും വിശദമായി സന്ദര്‍ശിച്ച് മലയാളി വീടിന്‍റെ രീതികള്‍ ഗ്രഹിച്ചു. ഹൈന്ദവ വീടിന്‍റെ അടുക്കളയാണ് ജാതിക്കോട്ട എന്നാണ് വാമൊഴി. അങ്ങനെയുള്ള ഒരു അടുക്കളയാണ് ഒരു നാസി കയ്യേറിയിരിക്കുന്നതല്ലെ എന്ന് പ്രൊഫ. മാല്‍ക്കാനി തമാശയോടെ ചോദിച്ചു. അടുക്കളയുടെ കൊട്ടത്തളത്തില്‍ ബ്യൂതോ അടക്കം കാല്‍കഴുകാന്‍ ചെന്നതാണ് ഇങ്ങനെ പറയാന്‍ ഹേതുവായത്.

ഭക്ഷണത്തിന്ശേഷം സന്ധ്യാസമയത്തെ പ്രാര്‍ത്ഥന അവിടെവെച്ചുതന്നെ നിര്‍വ്വഹിച്ചു. 

രഘുപതിരാഘവരാജാറാം

പതിത പാവന സീതാറാം

ഈശ്വര്‍ അള്ളാ തേരേ നാം


സബ്കോ സډിതി ദേ ഭഗ്വാന്‍

രാമ രാമ ജയ രാജാറാം

രാമ രാജ ജയ സീതാറാം

എന്ന പ്രാര്‍ത്ഥനാഗാനം മീരാബെന്‍ ചൊല്ലി. ഇംഗ്ലീഷ് കാരിയും ജര്‍മ്മന്‍ നാസിയും മലയാളി സ്ത്രീകളും ഗുജറാത്തി സ്ത്രീകളും അടങ്ങിയ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാസംഗമം ഹൃദ്യമായൊരു കാഴ്ചയായിരുന്നു.

ഒറ്റപ്പാലം ഹൈസ്ക്കൂള്‍ മുറ്റത്തായിരുന്നു പൊതുയോഗം. തടിച്ചുകൂടിയ സദസ്യരില്‍ വലിയൊരു വിഭാഗം വനിതകളായിരുന്നു. വള്ളുവനാടന്‍ സ്ത്രീ സമൂഹത്തിന്‍റെ വകയായുള്ള മംഗളപത്രവും 225  രൂപയുടെ പണക്കിഴിയും സി. കുഞ്ഞിക്കാവമ്മ ഗാന്ധിജിക്ക് സമര്‍പ്പിച്ചു. വക്കീല്‍ സുന്ദരയ്യര്‍ വിവര്‍ത്തനം ചെയ്ത ഗാന്ധിജിയുടെ പ്രസംഗത്തിന്‍റെ സംഗ്രഹം.

ഒരു പ്രദേശത്തിന്‍റെ പൊതുവായുള്ള മംഗളപത്രം ഒരു വനിത ആദ്യമായിട്ടാണ് എനിക്ക് നല്‍കുന്നത്. വിദ്യാഭ്യാസംകൊണ്ടും സംസ്കാരംകൊണ്ടും വനിതകള്‍ പുരോഗമിച്ച മലബാറില്‍ ഇത് ആശ്ചര്യമല്ല.   

മലബാറിലെ വനിതകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവര്‍ ഇന്ത്യയില്‍ ഇതര പ്രദേശങ്ങളിലെ സഹോദരിമാരെക്കാള്‍ വിദ്യാഭ്യാസത്തില്‍ മികച്ചുനില്‍ക്കുന്നു. അവരുടെ വസ്ത്രധാരണം ലളിതവും സുന്ദരവുമാണ്. വെള്ളവസ്ത്രമാണ് സാധാരണ അവര്‍ ധരിക്കുന്നത്. നിങ്ങളുടെ ഹൃദയത്തിന്‍റെയും സ്വഭാവത്തിന്‍റെയും നൈര്‍മല്യമാണ് നിങ്ങളുടെ വസ്ത്രധാരണം. പരിഷ്ക്കാരഭ്രമത്താല്‍ ഇതര വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ചിലര്‍ ധരിക്കാന്‍ തുടങ്ങിയത് അടുത്തകാലത്താണ്.    

നിങ്ങള്‍ ചാരിത്രശുദ്ധി സംരക്ഷിക്കുംപോലെ നിങ്ങളുടെ മതവിശ്വാസവും പരിശുദ്ധമാക്കിവെക്കണം. മലയാളികള്‍ക്ക് വിദ്യയുണ്ട്. സമൂഹത്തില്‍ വിലയും നിലയും ഉണ്ട്. സ്ത്രീകള്‍ ത്യാഗസന്നദ്ധരാണ്.  അയിത്താചാരം ഉډൂലനം ചെയ്ത് മതവിശ്വാസത്തിന്‍റെ നൈര്‍മ്മല്യം പരിപാലിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഇരട്ടി കടമയുണ്ട്. നിങ്ങളുടെ കുഞ്ഞുകുട്ടികളെ നിങ്ങള്‍ എത്ര അരുമയോടെ ഉത്കണ്ഠയോടെ പോറ്റിസംരക്ഷിച്ചാലും ചിലപ്പോള്‍ അവര്‍ നിങ്ങളുടെ വലയത്തില്‍നിന്ന് വ്യതിചലിച്ചെന്നുവരാം.

എന്നാല്‍ മതശുദ്ധി നിങ്ങള്‍ എത്ര ശ്രദ്ധയോടുകൂടി സംരക്ഷിക്കുന്നുവോ അത്രത്തോളം അത് കര്‍മരംഗത്ത് സുദൃഢമാകും. ഞാന്‍ ഈ പറഞ്ഞതു മുഴവന്‍ പുരുഷډാര്‍ക്കും ബാധകമാണ്. ധാരാളം പുരുഷډാരുടേയും സ്ത്രീകളുടേയും നിരന്തരമായ ത്യാഗംകൊണ്ടേ അയിത്തപ്പിശാചിനെ പൂര്‍ണ്ണമായും ഉډൂലനം ചെയ്യാന്‍ സാധിക്കുകയുള്ളു. അതിന് നമുക്ക് ശക്തിലഭിക്കുമാറാകട്ടെ.

ഇവിടെ സംഗമിച്ചവര്‍ ഏറ്റെടുത്ത സജീവമായ ദൗത്യത്തില്‍ എത്രത്തോളം അനുഭാവമുണ്ടെന്ന് തനിക്കറിയണമെന്നും അതിന്ന് അവര്‍ ചെറിയതോതിലെങ്കിലും വസ്തുക്കളോ സ്വര്‍ണ്ണമോ പണമോ നല്‍കി ത്യാഗം ചെയ്യാന്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വളകളും മോതിരങ്ങളും ചെയിനും പണവും സ്ത്രീകളും കുട്ടികളും ധാരാളമായി അദ്ദേഹത്തിന് സമര്‍പ്പിച്ചു.  

സംഭാവനയായി ലഭിച്ച വിശിഷ്ടരീതിയില്‍ പണിത ഒരു സ്റ്റേഷനറി ഷോകെയ്സ്സിന്നു ഒരുരൂപ, രണ്ടുരൂപ, മൂന്നു രൂപ  എന്നിങ്ങനെ ലേലംവിളി ആരംഭിച്ചു. അതിലിടക്ക് ഒരാള്‍ മൂന്നു രൂപയെന്ന് വിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗാന്ധിജി ഓഹോ ഇവിടെയും ബനിയാസ് (ഗുജറാത്തിക്കച്ചവടക്കാര്‍) ഉണ്ടോ? എന്ന് ചോദിച്ചു. അവര്‍ എന്തെങ്കിലും സാധനം തൂക്കി വിലകണക്കാക്കിയശേഷം ലാഭവും കൂടി കൂട്ടിയേ വില പറയുകയുള്ളു ഗാന്ധിജി പറഞ്ഞു. (ചിരി) ഒടുവിലത് അഞ്ച് രൂപക്ക് വിറ്റു.

നിങ്ങള്‍ നല്‍കിയ മംഗളപത്രത്തിന് നിങ്ങള്‍തന്നെ എത്ര വില കല്പിക്കുന്നുവെന്ന് എനിക്കറിയണം. ബനിയാസിനെപ്പോലെ ഒരു രൂപ, രണ്ട് രൂപയെന്നൊന്നും വിളിക്കരുത്. പകരം ഒരു സ്വര്‍ണമോതിരം, ഒരു സ്വര്‍ണ്ണവള, രണ്ട് ചെയിന്‍ എന്ന രീതിയില്‍ വിളിക്കണം. കൈവെടിയാന്‍ പാടില്ലാത്ത വിവാഹമോതിരത്തിന്‍റെ സ്ഥിതി ഇവിടെ ഇല്ലല്ലോ? (ചിരി)   

മംഗളപത്രം ലേലം ആരംഭിച്ചപ്പോള്‍ ഒരുരൂപ, രണ്ടുരൂപ, മൂന്നു രൂപ എന്ന തോതിലുള്ള വിളികളുമായി പലരും മുന്നോട്ട് വന്നു. പൈസക്ക് പകരം ഒരു സ്ത്രീ വള നല്‍കാമെന്ന് പറഞ്ഞു. അതുവരെ വിളിച്ചിരുന്ന ലേല സംഖ്യയേക്കാള്‍ വളയുടെ വില മികച്ചതാകയാല്‍ ആ വളക്ക് മംഗളപത്രം വില്‍ക്കുന്നുവെന്ന് പറഞ്ഞ് മംഗളപത്രം ആ യുവതിക്ക് കൊടുക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചു.

സാധനങ്ങള്‍  പൊതുസദസ്സില്‍ ലേലം നടക്കുമ്പോള്‍ മലയാളത്തില്‍ ഒരുറുപ്പിക ഒരുവട്ടം തുടങ്ങിയ രീതിയില്‍ ലേലം വിളി കേട്ട് ഗാന്ധിജിയും മലയാളത്തില്‍ അതേറ്റുപറഞ്ഞുകൊണ്ടിരുന്നു. താന്‍ മലയാളത്തില്‍ പറയുന്നത് പരിഭാഷകനോട് ഹിന്ദിയില്‍ പറയാനും ആവശ്യപ്പെട്ടു. അങ്ങനെ മലയാളി ഹിന്ദിയിലും ഗുജറാത്തിയായ ഗാന്ധിജി മലയാളത്തിലും ലേലസംഖ്യകള്‍ പറഞ്ഞുകൊണ്ടിരുന്നത് വലിയ നേരമ്പോക്കിന് വഴിയൊരുക്കി.

നിങ്ങള്‍ക്ക് ഹിന്ദിയും എനിക്ക് മലയാളവും പഠിക്കാന്‍ എന്തൊരു നല്ല അവസരം! എന്നദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മള്‍ തമ്മില്‍ എത്രനല്ല ഗുരുശിഷ്യډാരായിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഒറ്റപ്പാലത്തുനിന്ന് ഷൊര്‍ണ്ണൂര്‍ വടക്കാഞ്ചേരി വഴി  രാത്രി പത്തുമണിയോടെ ഗുരുവായൂരില്‍ എത്തി. പരിപാടിയില്‍ ഇടക്കിടെ ഭേദഗതികള്‍ വന്നതിനാല്‍ ആരാധകര്‍ അസൗകര്യങ്ങള്‍ സഹിച്ച് പലപ്രദേശങ്ങളിലും പെട്രോമാക്സ്, റാന്തല്‍ വിളക്കുകളുമായി വഴിയോരത്ത് സംഗമിച്ചിരുന്നു. 

ഗാന്ധിജിയുടെ ആഗമനം പ്രതീക്ഷിച്ച് വൈകുന്നേരം ആറുമണിമുതല്‍തന്നെ സ്വീകരണ സംഘാദ്ധ്യക്ഷനായ കിടുവത്ത് കൃഷ്ണന്‍ നായര്‍, കാര്‍ത്ത്യാനി അമ്മ, പൊന്നാനി താലൂക്ക് ബോര്‍ഡ് പ്രസിഡണ്ട് ഉണ്ണികൃഷ്ണമേനോന്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലുള്ള സ്വീകരണസംഘം കാറും പെട്രൊമാക്സ് ലൈറ്റുകളുമായി ഒരുങ്ങിനിന്നിരുന്നു. ഗുരുവായൂരിന് വടക്ക് ചാട്ടുകുളം ചുങ്കം മുതല്‍ വഴിനീളെ ജനസഞ്ചയം സംഗമിച്ചിരുന്നു. ഒരുഭാഗത്ത് നൂറോളം പ്രതിഷേധക്കാര്‍ കറുത്തപതാകയുമേന്തി അണിനിരന്നു. 

ഗാന്ധിജിയുടെ കാറിന് തൊട്ടുമുമ്പില്‍ അകമ്പടി സേവിച്ചിരുന്ന ജര്‍മ്മന്‍ പത്രപ്രതിനിധി ബ്യൂതോവും മാതൃഭൂമി പത്രപ്രതിനിധിയും കാറ് ഗാന്ധിജിയുടെ കാറാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടര്‍ നായ്ക് (ബോംബെ), ഡോക്ടര്‍ ശങ്കരനാരായണയ്യര്‍, വാരിയത്ത് ഗോപാലമേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ കറുത്തകൊടിയുമായി ആ കാറ് തടഞ്ഞു. 

പരിപാടി തടസ്സപ്പെടുത്താന്‍ ഗോപാലമേനോന്‍റെ ഗുരുവായൂരിലെ വീട്ടില്‍ തലേ ദിവസം സദ്യയൊരുക്കി ഒരു അടിയന്തിര യോഗം വിളിച്ചുകൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. യോഗത്തില്‍ ധാരാളം കൂലിത്തൊഴിലാളികള്‍ സംഗമിച്ചിരുന്നു. "ഗാന്ധിപോകുക" എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി എഴുപതിലധികം അംഗങ്ങള്‍ നീലയും വെള്ളയും കാര്‍ഡുകള്‍ പിടിച്ച് ജാഥ സംഘടിപ്പിക്കാനും പലയിടത്തും പോസ്റ്ററുകള്‍ പതിപ്പിക്കാനും തീരുമാനിച്ചത് ഈ യോഗമാണ്. 

ബ്യൂതോയെ കാറില്‍ കണ്ടതോടെ ക്ഷമാപണം നടത്തി പിډാറി. തുടര്‍ന്ന് ഗാന്ധിജിയുടെ കാര്‍ എത്തിയതോടെ  പതറിയ സ്വരത്തില്‍ ഗാന്ധി തിരിച്ചുപോകുക എന്ന മുദ്രാവാക്യത്തോടെ ഗോപാലമേനോന്‍ മുന്നോട്ടവന്നു. പോലീസിന്‍റെ അവസരോചിത ഇടപെടല്‍ കാരണം ഗാന്ധിജിയുടെ കാറിന് വേഗത്തില്‍ കടന്നുപോകാന്‍ സാധിച്ചു.

പുന്നത്തൂര്‍ക്ക് പോകുന്ന സ്ഥലത്ത് (കോട്ടപ്പടിക്ക് സമീപം) ഗോപാലമേനോന്‍റെ വീട്ടിന്‍റെ മുന്‍വശം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലുമുള്ള റോഡില്‍ ഗാന്ധി ഗോ ബാക്ക് എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വെളിച്ചത്തിന്‍റെ ആവശ്യകത പ്രതിഷേധക്കാര്‍ ആദ്യം ഗ്രഹിച്ചില്ലെങ്കിലും പിന്നീട് അവര്‍ക്കും പെട്രൊമാക്സ് ലൈറ്റുകള്‍ എത്തി.

ചാട്ടുകുളം മുതല്‍ ഗുരുവായൂര്‍ വരെ ധാരാളം ആരാധകര്‍ നിരത്തിന്‍റെ ഇരുവശത്തും ആവേശഭരിതരായി തിങ്ങിനിറഞ്ഞ് ഇടക്കിടെ ഗാന്ധിജിക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കി അഭിവാദ്യം ചെയ്തു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി സന്ദര്‍ശകര്‍ ഗാന്ധിജിയെ ഒരുനോക്ക് കാണാന്‍ അക്ഷമരായി കാത്തുനില്‍പ്പുണ്ടായിരുന്നു.

ഏഴുമണിക്കാണ് ഗാന്ധിജിയുടെ ആഗമനം പ്രതീക്ഷിച്ചതെങ്കിലും എത്തുമ്പോള്‍ പത്തുമണിയായിരുന്നു. അക്ഷമരായും ഉല്‍കണ്ഠാഭരിതരായും അത്രയും ജനക്കൂട്ടം സമയം തള്ളിനീക്കി. അതിനിടയില്‍ സഞ്ചരിച്ചിരുന്ന ഓരോവാഹനവും അവരുടെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായി. പിന്നീടാണ് കേളപ്പന്‍റെ കൂടെ ഗാന്ധിജി സഞ്ചരിച്ചിരുന്ന കാറെത്തിയത്. അദ്ദേഹം ഉറങ്ങുകയാണെന്ന് ഗ്രഹിച്ച സ്വീകരണസംഘം തടസ്സമുണ്ടാക്കാതെ കാര്‍സഞ്ചരിക്കാന്‍ വഴിയൊരുക്കി.

അല്‍പം കൂക്കുവിളികള്‍ ഒഴിച്ച് പ്രതിഷേധക്കാരുടെ ഗൂഢതന്ത്രങ്ങള്‍ പ്രായോഗികമായില്ല. 'ഹരഹര മഹാദേവ' എന്നു ഉച്ഛത്തില്‍ വിളിച്ച് അവര്‍ ഗാന്ധിജിയുടെ കാറിനു മുമ്പില്‍ നിലത്തു കിടന്ന് യാത്രാതടസ്സം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പരിപാടി സംഘടിപ്പിച്ച ഗുരുവായൂരും പരിസര പ്രദേശങ്ങളും ഒഴികെ കുന്ദംകുളവും അയല്‍പ്രദേശങ്ങളും കൊച്ചിന്‍ രാജ്യത്തില്‍ അധീനത്തില്‍ ആയിരുന്നതിനാല്‍ അവിടത്തെ പോലീസ് അതിന് അനുവാദം നല്‍കിയില്ല.

ഗുരുവായൂര്‍ പടിഞ്ഞാറെ നടക്കല്‍ തിങ്ങിനിന്ന ജനക്കൂട്ടത്തിന്‍റെ ജയഘോഷങ്ങള്‍ ശ്രവിച്ചുകൊണ്ടായിരുന്നു ഗാന്ധിജിയുടെ ഉറക്കമുണര്‍ന്നത്. എന്തു സേവനം ചെയ്യുവാനും സന്നദ്ധരായ ഒരു സംഘം വളണ്ടിയര്‍മാര്‍ അവിടെ സന്നിഹിതരായിരുന്നുവെങ്കിലും ക്രമാനുഗതം അവരെ നിയന്ത്രിക്കാന്‍തക്ക നേതൃദൗര്‍ലഭ്യം പ്രകടമായി.


മഹിളകളുടെ ഇടയില്‍


ഗുരുവായൂരില്‍ കെസി കരുണാകരമേനോന്‍റെ വീട്ടിലാണ് താമസസൗകര്യം ഒരുക്കിയത്. ഗാന്ധിജി വരുന്നതിനു ഒരു മണിക്കൂര്‍ മുമ്പ്തന്നെ മീരാബെന്നും സംഘവും അവിടെയെത്തി സൗകര്യങ്ങള്‍ പരിശോധിച്ചു. 

ഗാന്ധിജി എത്തിയ ഉടനെ വനിതകളുടെ ഇടയില്‍ തനിക്കിരിക്കാന്‍ ഒരുക്കിയ കട്ടിലിന്നരികെചെന്ന് നിന്ന് കൈനീട്ടി. സഹോദരിമാരെ നിങ്ങളുമായി ഇപ്പോള്‍ കൂടുതല്‍ ഇടപെടാന്‍ എനിക്ക് സമയമില്ല, വിശ്രമിക്കണം നിങ്ങള്‍ വല്ല സ്വര്‍ണാഭരങ്ങളും പണവും നല്‍കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഉടനെ നല്‍കണമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. 

നാലപ്പാട്ട് ബാലാമണി അമ്മ ഉള്‍പ്പെടെ പ്രമുഖ മഹിളകളുടെ സാന്നിധ്യത്തില്‍ നാലപ്പാട് നാരായണമേനോന്‍റെ മരുമകള്‍ ആദ്യം മുന്നോട്ടുവന്ന് തന്‍റെ കഴുത്തിലും കൈകളിലുമുള്ള  മുഴുവന്‍ ആഭരണങ്ങളും ഗാന്ധിജിക്ക് സമര്‍പ്പിച്ചു. തുടര്‍ന്നു പലരും വളകളും ചെയിനും മോതിരങ്ങളുമടക്കം ധാരാളം സ്വര്‍ണാഭരണങ്ങള്‍ ഗാന്ധിജിക്ക് നല്‍കി അനുഗ്രഹവും വാങ്ങി അവര്‍ പിരിഞ്ഞു. 


ചെറിയ കുട്ടികള്‍ ഗാന്ധിജിയുടെ പ്രത്യേക പരിലാളനത്തിന് വിധേയരായി. ഗാന്ധിജി മധുരനാരങ്ങ കൊടുക്കുമ്പോള്‍ ഒരു കുട്ടി കരഞ്ഞു. "കരയരുത്, കരയരുത്" എന്നുപറഞ്ഞദ്ദേഹം തലോടി ആശ്വസിപ്പിച്ചു. അവിടെ സന്നിഹിതരായ മറ്റു കുട്ടികള്‍ക്കും നാരങ്ങ കൊടുത്തു. എഴുത്തുജോലികള്‍ കഴിഞ്ഞ് പതിനൊന്നരമണി കഴിഞ്ഞതോടെ അദ്ദേഹം ഉറങ്ങാന്‍ കിടന്നു.

ജനുവരി 11നായിരുന്നു സമ്മേളനം. ഇത് കലക്കാന്‍ പ്രതിഷേധക്കാര്‍ സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ഗാന്ധിജി പ്രസംഗിക്കാനുദ്ദേശിച്ചിരുന്ന ആദ്യത്തെ സ്ഥലം അവര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് സത്യഗ്രഹ അനുകൂലിയായ കിടുവത്ത് കൃഷ്ണന്‍ നായരുടെ വയലില്‍ വെച്ചാണ് പൊതുസമ്മേളനം ചേര്‍ന്നത്. ഉത്തരേന്ത്യക്കാരായിരുന്നു പ്രശ്നക്കാരില്‍ അധികവും. സംഭവത്തെക്കുറിച്ച് മാതൃഭൂമിയിലെ വാര്‍ത്താസംഗ്രഹം ഇങ്ങനെ.

സമ്മേളന ദിവസം രാവിലെ നേരം പുലരുന്നതിന് മുമ്പുതന്നെ ഗുരുവായൂര്‍ കിഴക്കേനട മഞ്ജുളാലിന് വടക്കുഭാഗത്തുള്ള വയല്‍ ജനനിബിഡമായിരുന്നു. ആയിരകണക്കിനാളുകള്‍ സംഗമിച്ചിരുന്ന അവിടം സ്ത്രീകളും കുട്ടികളും പ്ലാറ്റ്ഫോറത്തിനടുത്തുതന്നെ സ്ഥാനംപിടിച്ചു. ഗാന്ധിജിയുടെ പ്രസംഗം രാവിലെ ഏഴ് മണിക്ക് തുടങ്ങാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ആ സമയത്ത് പ്രസംഗം നടന്നില്ല. ഗാന്ധിജി എത്താന്‍  ഏതാണ്ട് ഇരുപത് മിനിറ്റ് സമയം കാണും. ഈ അവസരത്തിലാണ് ഗോപാലമേനോന്‍, ഡോക്ടര്‍ ശങ്കരയ്യര്‍, ഡോക്ടര്‍ നായക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പതോളംപ്രതിഷേധക്കാര്‍ വളണ്ടിയര്‍മാരെ മറികടന്ന് പ്ലാറ്റ്ഫോറത്തിലേക്ക് കുതിച്ചുകയറിയത്. ചെറിയ രീതിയിലുള്ള മല്‍പ്പിടുത്തങ്ങളും നടന്നു. വളണ്ടിയര്‍മാര്‍ ശക്തമായി പ്രതിരോധിച്ചു. ശാസ്ത്രിമാരില്‍ ഒരാള്‍ സ്റ്റേജില്‍ നിന്ന് ഗാന്ധിജിക്കെതിരെ ഹിന്ദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി.

ഈ അവസരത്തിലാണ് മറ്റു വളണ്ടിയര്‍മാരുടെ അഭ്യര്‍ത്ഥന പരിഗണിക്കാതെ വളണ്ടിയര്‍മാരില്‍ ചിലരും പൊതുയോഗത്തിനെത്തിയവരില്‍ ഏതാനും ആളുകളും സംഗമിച്ച് മുന്നോട്ടു വന്ന് പ്രതിഷേധക്കാരെയും പ്രസംഗിക്കുന്ന ശാസ്ത്രിയേയും സ്റ്റേജ് കയ്യേറിയ നായ്ക് ഉള്‍പ്പെടെയുള്ളവരെയും തടഞ്ഞുനിര്‍ത്തി സ്റ്റേജില്‍നിന്ന് ഇറങ്ങാന്‍ പറഞ്ഞു. അനുസരിക്കാതിരുന്നപ്പോള്‍ ബലംപ്രയോഗിച്ച് തള്ളിനീക്കി പുറത്താക്കി.

ഉടനെ സനാതനിമാരിലെ ഒരു വ്യക്തിയും ചില സഹായികളും വടിപ്രയോഗം നടത്തി. വളണ്ടിയര്‍മാരും സഹായികളും അതിനെ പ്രതിരോധിച്ചു. തുടര്‍ന്ന് ശക്തമായ രീതിയില്‍ അടിപിടിയും ബലപ്രയോഗവും ബഹളവും നടന്നു. സ്റ്റേജ് കുലുങ്ങി. ഗാന്ധിജിയുടെ ഇരിപ്പിടം തെറിച്ചുവീണു. ബഹളം ശക്തമായപ്പോള്‍ ഗോപാലമേനോനടക്കം പ്രതിഷേധക്കാരില്‍ പലരും സ്ഥലം വിട്ടു. സമ്മേളന ഭാരവാഹികളും അംഗങ്ങളും എത്തി. ബോംബെയില്‍ നിന്നെത്തിയ രണ്ട് സനാതന ശാസ്ത്രികള്‍ പരുക്കേറ്റ് സ്റ്റേജില്‍ കിടക്കുകയായിരുന്നു. അവരില്‍ ഒരാളുടെ വായില്‍നിന്ന് രക്തം ഒലിച്ചിരുന്നു.

ഈ സമയത്താണ് ഗാന്ധിജിയുടെ കാര്‍ സ്റ്റേജിനടുത്തെത്തുന്നത്. ഗാന്ധിജിയെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ജയ്വിളികളാല്‍ പരിസരം ശബ്ദമുഖരിതമായി. ഗാന്ധിജി പ്ലാറ്റ്പോമില്‍ കയറി ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് ജനസമുദ്രമായി മാറിയ സദസ് നിശബ്ദമായി. ഡോ. നായ്ക്, ഡോ ശങ്കരനാരായണയ്യര്‍ എന്നീ സനാതന പ്രമുഖരോട് ഗാന്ധിജി കുശലാന്വേഷണം നടത്തി. സനാതനികളുടെയും സദസില്‍നിന്ന് പലരുടേയും അഭിപ്രായങ്ങള്‍ ക്ഷമയോടെ ഗാന്ധിജി ചോദിച്ചറിഞ്ഞു. പരുക്കുപറ്റിയവരെ ഹരിജനസേവാസംഘം അസിസ്റ്റന്‍റ് സെക്രട്ടറി പ്രൊഫസര്‍ മാല്‍ക്കനിയുടെ നേതൃത്വത്തില്‍ കാറില്‍ കയറ്റി ആസ്പത്രിയിലേക്കെത്തിച്ചു. കുടിക്കാന്‍ പാല്‍ വേണമെന്ന് ഡോ. നായ്ക് ആവശ്യപ്പെട്ടപ്പോള്‍ പാല്‍ വരുത്തിക്കൊടുത്തു.

ഗാന്ധിജിയുടെ പ്രസംഗത്തിനു ശേഷം തനിക്കും പ്രസംഗിക്കാന്‍ മൂന്നുമിനുട്ട് സമയം അനുവദിക്കുമോ എന്ന ഡോ. നായ്കിന്‍റെ ആവശ്യം സന്തോഷപൂര്‍വം ഗാന്ധിജി അനുവദിച്ചു. പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കാന്‍ സദസ്യരോട് ഗാന്ധിജി അഭ്യര്‍ത്ഥിച്ചു.

ജലഗതാഗതത്തിന് പ്രാമുഖ്യമുള്ള അക്കാലത്ത് പൊന്നാനിയില്‍ നിന്ന് തലേ ദിവസം കനോലി കനാലിലൂടെ വഞ്ചിയിലൂടെ യാത്ര ചെയ്താണ് യുവനേതാവ് ഇ.കെ. ഇമ്പിച്ചിബാവയും മാറഞ്ചേരിയിലെ സി.സി. മൊയ്തുണ്ണിയും പനമ്പാട്ടെ ടി.വി. മുഹമ്മദും പരിപാടിയില്‍ പങ്കെടുത്തത്. അക്കാലത്ത് പൊന്നാനിയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള മുഖ്യ സഞ്ചാരമാര്‍ഗം ഈ കനാലായിരുന്നു. 

ഗാന്ധിജിയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങിക്കണമെങ്കില്‍ നേരത്തെതന്നെ സദസ്സിനുമുമ്പില്‍ സ്ഥാനം പിടിക്കണമെന്ന് നേതാക്കډാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പുലരും മുമ്പ് തന്നെ കൃഷ്ണപ്പണിക്കരോടൊപ്പം ഇമ്പിച്ചിബാവ സമ്മേളന സ്ഥലത്ത് എത്തി. ഇമ്പിച്ചിബാവയെ പണിക്കര്‍ ഗാന്ധിജിക്ക് ഹിന്ദിയില്‍ പരിചയപ്പെടുത്തി. ഇമ്പിച്ചിബാവ തന്‍റെ ഇരുകരങ്ങളും ഗാന്ധിജിയുടെ വലതുകൈയോട് ചേര്‍ത്ത് പിടിച്ച് ആ കൈ ചുംബിച്ച് നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി സുധീരം പോരാടുമെന്ന് ദൃഢ പ്രതിജ്ഞയെടുത്തു.

പ്രസംഗത്തിന്‍റെ ആദ്യഭാഗം പി.ഐ കയ്മളും അവസാന ഭാഗം എന്‍പി ദാമോദരനും വിവര്‍ത്തനം ചെയ്തു.

താന്‍ ശക്തമായി അയിത്തത്തിനെതിരാണെങ്കിലും അയിത്തോച്ചാടനവും ക്ഷേത്രപ്രവേശനവും അക്രമത്തിലൂടെ നേടിയെടുക്കുന്നത് താന്‍ അംഗീകരിക്കില്ലെന്ന് ഗാന്ധിജി വ്യക്തമാക്കി. ഹരിജന പ്രസ്ഥാനത്തെ അംഗീകരിക്കുന്നവരും അനുഭാവികളും ഇന്ന് ഇവിടെ അക്രമം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ വളരെ ലജ്ജാകരമാണെന്നും താനതില്‍ പരിതപിക്കയും മാപ്പ് ചോദിക്കയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിജനോദ്ധാരണ രംഗത്ത് സനാതനികള്‍ക്കുള്ള കടമയെക്കുറിച്ചും അവരുടെ ഹൃദയപരിവര്‍ത്തനത്തിന് അഭ്യര്‍ത്ഥിച്ചും ഗാന്ധിജിയുടെ സുദീര്‍ഘ പ്രസംഗം ആദ്യാവസാനം സദസ്സ് സശ്രദ്ധം ശ്രവിച്ചു. പൊന്നാനി താലൂക്ക് ബോര്‍ഡും പൊതുജനങ്ങളും മംഗള പത്രവും 200 കയുടെ ഒരു കിഴിയും സമര്‍പ്പിച്ചു. മംഗളപത്രം ലേലത്തില്‍ വിറ്റു. 

ഗാന്ധിജിയുടെ പ്രസംഗത്തിന് ശേഷം അല്പസമയം സംസാരിക്കാന്‍ ഡോക്ടര്‍ നായക് അവസരം ചോദിക്കുകയും സന്തോഷപൂര്‍വ്വം ഗാന്ധിജി സമ്മതിക്കുകയും ശ്രദ്ധയോടെ കേള്‍ക്കാന്‍ സദസ്യരോട് ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് അദ്ദേഹം കുന്ദംകുളത്തേക്ക് പുറപ്പെട്ടു. അവിടത്തെ ബംഗ്ലാവില്‍ ഗംഭീര സ്വീകരണം ഒരുക്കിയെങ്കിലും പണക്കിഴി ലഭിച്ചില്ല. അക്കിക്കാവില്‍ കെ രാമന്‍ വൈദ്യരുടെ ധര്‍മ്മാസ്പത്രിയുടെ ശിലാസ്ഥാപനവും നടത്തി. വൈദ്യര്‍ 50 കയുടെപണക്കിഴി സമ്മാനിച്ചു. 

അഭിവക്ത പൊന്നാനി താലൂക്കിലെ കുമരനല്ലൂരില്‍ വിപുലമായ പരിപാടി ആസൂത്രണം ചെയ്തെങ്കിലും സമയക്കുറവുകാരണം നടന്നില്ല.  തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ വഴി 10.45ന് അദ്ദേഹം പട്ടാമ്പിയില്‍ എത്തി. വൈകിയതില്‍ ക്ഷമാപണം പറഞ്ഞു. ഗാന്ധിജിയുടെ ആഗമനം പ്രതീക്ഷിച്ച് യോഗസ്ഥലത്ത് സംഗമിച്ചിരുന്ന ധാരാളം ആരാധകര്‍ ഗാന്ധി കി ജെയ് എന്നുറക്കെ വിളിച്ച് സ്വാഗതം ചെയ്തു.  

വള്ളുവനാട് താലൂക്ക് ബോര്‍ഡിന്‍റെ മംഗളപത്രം പ്രസിഡന്‍റ് കൊളത്തൂര്‍ ശൂലപാണി മൂപ്പില്‍വാരിയര്‍ വായിച്ച് സമര്‍പ്പിച്ചു. ജനകീയഫണ്ടായി സ്വരൂപിച്ച 300 രൂപയുടെ പണക്കിഴി കെടി രാമുണ്ണിമേനോന്‍ ഗാന്ധിജിക്ക് നല്‍കി.

മലബാറുപോലെ ചേതോഹരമായ ഒരു പ്രദേശത്ത് കൃത്രിമപുഷ്പങ്ങള്‍ക്കൊണ്ടുണ്ടാക്കിയ മാലകള്‍ സംഘാടകര്‍ തനിക്ക് അര്‍പ്പിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. ഇതുപോലെ സസ്യശ്യാമള കോമളമായ സ്ഥലം ഗുജറാത്തിലെ കത്തിയവാറിലുണ്ടായിരുന്നുവെങ്കില്‍ താന്‍ ഒരു പക്ഷേ മലബാറിലേക്ക് കാലെടുത്തുവെക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സംസ്കാരത്തില്‍ വളര്‍ന്നുവികസിച്ച ഒരിത്തിക്കണ്ണിയാണ് അയിത്തം. ഈ ദുരാചാരത്തിന് ദൈവികമായ എന്തോ പിന്‍ബലമുണ്ടെന്ന് ഒരുവിഭാഗം പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു. ആ വിശ്വാസത്തെ നിഷ്കാസനം ചെയ്യണമെന്ന് പറയുവാനാണ് ഞാനിവിടെ വന്നിട്ടുള്ളതെന്നും ജനങ്ങള്‍ തനിക്ക് നല്‍കിയ പണക്കിഴി തന്‍റെ സന്ദേശത്തില്‍ അവര്‍ക്കുള്ള വിശ്വാസത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗാനന്തരം ഒരു കുട്ടി ഗാന്ധിജിക്ക് കുറച്ചുസംഖ്യ കൊടുത്തു. ആ കുട്ടിയെ ഗാന്ധിജി അല്പനേരം ലാളിച്ചു. താലൂക്ക് ബോര്‍ഡ് നല്‍കിയ മംഗളപത്രം സദസ്യരില്‍ പലരുംകൂടി ഏഴുറുപ്പികക്ക് ലേലം വിളിച്ചെടുത്തു. മംഗളപത്രത്തില്‍ സ്വന്തം കൈയ്യക്ഷരത്തില്‍ ഗാന്ധിജി എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന് കവളപ്പാറ ഇളയനായര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ച് രൂപ തന്നാല്‍ എഴുതിക്കൊടുക്കാമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി.

രാവിലത്തെ മെയില്‍വണ്ടിക്ക് അദ്ദേഹം കോഴിക്കോട്ടേക്ക് പോകുമെന്ന് പ്രതീക്ഷിച്ച് വമ്പിച്ച ഒരു ജനകൂട്ടം റെയില്‍വെ സ്റ്റേഷനില്‍ എത്തിയിരുന്നു. ഉച്ചക്ക് ശേഷം മൂന്നരമണിക്കുള്ള വണ്ടിക്കാണ് അദ്ദേഹത്തിന് യാത്രചെയ്യാന്‍ സാധിച്ചത്. വണ്ടി തിരൂരിലെത്തിയ ഉടനെ ജനക്കൂട്ടം പ്ലാറ്റ്ഫോമില്‍ തടിച്ചുകൂടി. ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ജെയ് വിളികള്‍  ഉണര്‍ത്തി. 

ജനലില്‍ക്കൂടി ഗാന്ധിജി പുറത്തേക്ക് നോക്കിയപ്പോള്‍ ജെയ് വിളികളുടെ ആധിക്യത്താല്‍ അന്തരീക്ഷം കൂടുതല്‍ ശബ്ദമുഖരിതമായി. വിദ്യാര്‍ത്ഥികളും വക്കീലډാരും മറ്റും സ്വരൂപിച്ച 63 രൂപയുടെ പണക്കിഴി പുന്നക്കല്‍ ശങ്കരന്‍കുട്ടി നായര്‍ ഗാന്ധിജിക്ക് നല്‍കി. അതിന് നന്ദി പ്രദര്‍ശിപ്പിച്ചും തിരൂരില്‍ ഇറങ്ങുവാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചും അദ്ദേഹം അല്‍പം സംസാരിക്കുമ്പോഴേക്കും വണ്ടി ഇളകി.

ജനുവരി 12 : പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരിക്കു പോകുന്ന വഴിയില്‍ ഇടത്തിലമ്പലത്തിന്നു സമീപം സ്ത്രീ പുരുഷډാര്‍ അടക്കം വലിയൊരു സംഘം സംഗമിച്ചിരുന്നു. ഗാന്ധിജിയുടെ കാര്‍ കണ്ടയുടനെ ജോസഫി ചന്ദ്രനും, പയ്യന്‍ കുഞ്ഞിക്കണ്ണനും സമീപിച്ചു സാമ്പത്തികശേഷിക്കനുസരിച്ച് സംഭാവനകള്‍ നല്‍കി. സഞ്ചാര മാര്‍ഗ്ഗം മികച്ചരീതിയില്‍ തോരണങ്ങള്‍, കുലവാഴകള്‍ തുടങ്ങിവയെക്കൊണ്ട് അലങ്കരിച്ചിരുന്നു. പെട്രോമാക്സ് വിളക്കുകള്‍ വഴിത്താരയെ പ്രകാശപൂരിതമാക്കി.

കൊളശ്ശേരിയില്‍ എത്തിയ ഉടനെ മെല്ലെ സഞ്ചരിച്ചിരുന്ന കാറിനടുത്തുചെന്നു മാധവമേനോന്‍ ചെറിയൊരു പണക്കിഴി നല്‍കി. കൊടുവള്ളി, ചോനാടം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു അദ്ദേഹത്തെ സംഭാവനകള്‍ നല്‍കി സ്വീകരിച്ചു.

ജനുവരി 13 : വടകരയിലെത്തിയ ഗാന്ധിജിക്ക് കുമാരി കൗമുദി താന്‍ അണിഞ്ഞ ആഭരണങ്ങളെല്ലാം സംഭാവനയായി നല്‍കി. ഇവരാണ് പിന്നീട് കൗമുദി ടീച്ചറെന്ന് ഖ്യാതി നേടിയത്. വടകരയില്‍ നിന്ന് പാക്കനാര്‍പുരം കൊയിലാണ്ടി വഴി കോഴിക്കോടെത്തി. സ്വാതന്ത്ര്യസമര നായകനായിരുന്ന യശശരീരനായ കെ മാധവന്‍നായരുടെ ഫോട്ടോ ടൗണ്‍ഹാളില്‍ ആനാച്ഛാദനം ചെയ്തു. തുടര്‍ന്ന് മാതൃഭൂമി ഓഫീസിലും മാധവന്‍നായരുടെ ചിത്രം അനാച്ഛാദനം ചെയ്തു.  

ജനുവരി 14ന് കല്‍പ്പറ്റയിലെ സന്ദര്‍ശനം. പുളിയാര്‍ മലയില്‍ വിശ്രമിച്ചു. കോഴിക്കോട് മലബാര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ യോഗവും നഗരസഭാ സ്വീകരണവും കടപ്പുറത്ത് പൊതുയോഗവും. ജനുവരി 16ന് കോഴിക്കോട്വെച്ച് അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നീ വിഷയങ്ങളെ കുറിച്ച് സാമൂതിരിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തൃശൂരിലെത്തി രാമകൃഷ്ണ ഗുരുകുല ക്ഷേത്രത്തില്‍ താമസിച്ചു. ജനുവരി 17ന് പാവപ്പെട്ട പിന്നോക്ക ജാതിക്കാരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. കൂര്‍ക്കഞ്ചേരിയിലും പെരുവാനത്തും ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ആലുവ യുസി കോളേജില്‍ പ്രസംഗിച്ചു. അന്നുതന്നെ എറണാകുളത്തെത്തി അവിടെ താമസിച്ചു. ജനുവരി 18ന് തൃപ്പൂണിത്തുറ, കൊച്ചി, പള്ളുരുത്തി, തുറവൂര്, ആലപ്പുഴ, നെടുമുടി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 

ജനുവരി 19ന് കോട്ടയത്ത് സ്വീകരണവും പൊതുയോഗവും. ചങ്ങനാശ്ശേരിയില്‍ എസ്എന്‍ഡിപിയുടെ ആനന്ദാശ്രമം ഉദ്ഘാടനവും. ജനുവരി 20ന് പത്മനയിലും കൊല്ലത്തും ശിവഗിരിയിലുമുള്ള കോളനികളും വര്‍ക്കല ശ്രീനാരായണ ഗുരു ആശ്രമവും സന്ദര്‍ശനം. ജനുവരി 21ന് തിരുവനന്തപുരം ദളിത് കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. മഹിളാ സന്ദര്‍ശനത്തില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട് വഴി നെയ്യാറ്റിന്‍കര, അമരവിള, കുഴിത്തുറ, തക്കല, നാഗര്‍കോവില്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ജനുവരി 22ന് കന്യാകുമാരി ധര്‍മ്മശാലയില്‍ താമസിച്ചതിന്ശേഷം 22ന് അദ്ദേഹം മടങ്ങിപ്പോയി. കേളപ്പന്‍റെ ശിഷ്യനായ തറമ്മല്‍ കൃഷ്ണനും ഭാര്യയും തങ്ങള്‍ക്ക് വിവാഹസമ്മാനമായി ലഭിച്ച വിലകൂടിയ വെള്ളിപ്പാത്രം ഗാന്ധിജിക്ക് സമ്മാനിച്ചതും ഈ യാത്രയിലാണ്.


അഞ്ചാമത്തെ യാത്ര


1937 ജനുവരി 12 മുതല്‍ 21 വരെ നടത്തിയ യാത്രയാണ് ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദര്‍ശനം. തിരുവിതാംകൂര്‍ ക്ഷേത്ര പ്രവേശനത്തെ തുടര്‍ന്നുള്ള ഈ യാത്ര തിരുവിതാംകൂര്‍ പ്രദേശത്ത് മാത്രമായിരുന്നു. ആദ്യദിവസം തന്നെ അതുവരെ ഐത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയിരുന്ന അവര്‍ണരോടൊപ്പം തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ 24 ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി. തിരുവനന്തപുരം നഗരസഭ സ്വീകരണം നല്‍കി. 

13ന് ഹിന്ദി ബിരുദധാന സമ്മേളനത്തില്‍ പ്രസംഗിച്ചു. 14ന് നെയ്യാറ്റിന്‍കര, വെങ്ങന്നൂര് എന്നി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വെങ്ങന്നൂരില്‍ അധഃസ്ഥിത നേതാവ് അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തക്കല, തിരുവട്ടാര്‍, നാഗര്‍കോവില്‍ വഴി കന്യാകുമാരിയിലെത്തി വിശ്രമിച്ചു.

16ന് തിരുവനന്തപുരം, വര്‍ക്കല, ശിവഗിരി മഠം, പാരിപ്പള്ളി വഴി കൊല്ലത്ത് വിശ്രമം. 17ന് തട്ടാരമ്പലം, ഹരിപ്പാട് സന്ദര്‍ശനം. 18ന് തകഴി ചേര്‍ത്തല വഴി വൈക്കം. 19ന് ഏറ്റുമാനൂര്‍, കുമാരനെല്ലൂര്‍, തിരുവാര്‍പ്പ് വഴി കോട്ടയത്തെത്തി ക്രിസ്തീയ മിഷണറിമാരുമായി സംഭാഷണം. തുടര്‍ന്ന് മഹിളാ സമ്മേളനത്തിലും പൊതുയോഗത്തിലും പങ്കെടുത്തു. 20ന് ചങ്ങനാശ്ശേരി, തിരുവല്ല, ആറന്‍മുള, പന്തളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 

ചെങ്ങന്നൂരില്‍ നമ്പൂതിരിമാരുടെ കൈവശത്തിലായിരുന്ന ക്ഷേത്രവും കൊട്ടാരക്കരയില്‍ കെ.എന്‍. നമ്പൂതിരിപ്പാടിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രവും ഗാന്ധിജി അവര്‍ണര്‍ക്കായി തുറന്നുകൊടുത്തു. കൊട്ടാരക്കരയില്‍ നിന്ന് 21ന് മദ്രാസിലേക്ക് പോയി.


ഗ്രന്ധസൂചി 


(1). ഗാന്ധിജി തൊട്ട കേരളം, വി മിത്രന്‍, 2020 ആഗസ്റ്റ് 15 ഞായറാഴ്ച മലയാള മനോരമ, മഹാത്മാ ഗാന്ധിയുടെ മലബാര്‍ സന്ദര്‍ശനം, 1920 ഓഗസ്റ്റിലെ മലയാള മനോരമയുടെ പുനരാവിഷ്കാര കോപ്പി, 2020 ഓഗസ്റ്റ് 18. മലയാള മനോരമ.