പ്രൊഫ. കെ. വി. അബ്ദുറഹിമാന്‍

പ്രൊഫ. കെ. വി. അബ്ദുറഹിമാന്‍

 

ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

കേരളത്തിന്‍റെ ലക്ഷണമൊത്ത ആദ്യത്തെ ചരിത്രകൃതിയെന്ന് പുകള്‍പ്പെറ്റ തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ പിറന്ന പൊന്നാനിയുടെ ദേശപ്പെരുമയും ചരിത്രവും ആദ്യമായി രചിക്കുന്നതിന് അനുപമ പങ്ക് വഹിച്ച വ്യക്തിത്വമാണ് പ്രൊഫ. കെ.വി അബ്ദുറഹിമാന്‍ സാഹിബ്. അബ്ദുല്ലക്കുട്ടി മുന്‍സിഫിന്‍റെ മകനായി പണ്ഡിത തറവാടായ കൊങ്ങണം വീട്ടില്‍ 1921 ല്‍ ജനിച്ചു. 


13-ാം വയസ്സില്‍ പിതാവ് വിടപറഞ്ഞ സമയത്ത് പ്രൊഫസര്‍ക്കും സഹോദരനായ കുറ്റിപ്പുറം പാലത്തിന്‍റെ ശില്‍പ്പി അബ്ദുല്‍ അസീസ് എന്‍ജിനീയര്‍ക്കും  തുടര്‍ വിദ്യാഭ്യാസരംഗത്തും മറ്റും ദിശാബോധം നല്‍കിയത് കെ. എം. സീതി സാഹിബായിരുന്നു. അബ്ദുല്ലകുട്ടി സാഹിബ് തലശ്ശേരി ബാറില്‍ മുന്‍സിഫായിരിക്കുമ്പോള്‍ അവിടത്തെ പ്രഗത്ഭ അഭിഭാഷകനും സുഹൃത്തുമായിരുന്നു സീതിസാഹിബ്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലും ചെന്നൈ ക്രിസ്ത്യന്‍ കോളേജിലും പഠനം പൂര്‍ത്തീകരിച്ച് എം. എ. ബിരുദം നേടി. 


1932 ലാണ് ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് സ്വതന്ത്രവാരികയായി പ്രസിദ്ധീകരണം ആരംഭിച്ചത്. 1934 ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍ സേട്ടുവും തമ്മില്‍ സെന്‍ട്രല്‍  അസംബ്ലിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പോടെയാണ് വാരികക്ക് കക്ഷി രാഷ്ട്രീയത്തിന്‍റെ നിറം കൈവന്നത്. 


1946 ല്‍ തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറിച്ചു നട്ടതോടെ ദിനപത്രമായി. അന്നു മുതല്‍ 1950 വരെ കെ. വി. ആയിരുന്നു പത്രാധിപര്‍. ആ യുവാവായിരുന്നുവെങ്കിലും പത്രാധിപസമിതി അംഗങ്ങള്‍ക്ക് അദ്ദേഹം വൈജ്ഞാനിക ശ്രോതസ്സായിരുന്നു. പിന്നീട് കേരളത്തിന്‍റെ മുഖ്യമന്ത്രിയും പ്രഗത്ഭനായ ഭരണകര്‍ത്താവെന്നും വാഗ്മിയെന്നും ഖ്യാതി നേടിയ  സി.എച്ച്. മുഹമ്മദ്കോയ അദ്ദേഹത്തിന്‍റെ കീഴില്‍ സഹൊപത്രാധിപരായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു കോഴിക്കോട് സന്ദര്‍ശിച്ച അവസരത്തില്‍ ചന്ദ്രിക ദിനപത്രം ഇദ്ദേഹം മുഖപ്രസംഗ പരമ്പര തന്നെ എഴുതിയിരുന്നു. പത്രത്തില്‍ നിന്ന് വിടപറഞ്ഞ ശേഷവും ഇവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് സ്വയം അച്ചടിച്ച് പ്രസിദ്ധീകരിച്ചു. 


1950 ല്‍ ഫാറൂഖ് കോളേജില്‍ അബ്ദുറഹിമാന്‍ സാഹിബ് അദ്ധ്യാപകനായി പ്രവേശിച്ചത് മുതല്‍ പിരിയുന്നതു വരെ കോളേജിന്‍റെ വൈജ്ഞാനിക രംഗത്ത് കെടാവിളക്കായി പ്രകാശം വിതറി. അക്കാലത്ത് കോളേജില്‍ ചരിത്രം, സാമ്പത്തികശാസ്ത്രം, പൊളിറ്റിക്സ്  എന്നീ വിഷയങ്ങള്‍ക്കെല്ലാം ഒരു ഡിപ്പാര്‍ട്ട്മെന്‍റ് മാത്രം ഉണ്ടായിരുന്നുള്ളൂ. സംശയദൂരീകരണത്തിന് ഡിപ്പാര്‍ട്ടുമെന്‍റിലുള്ളവരെല്ലാം സമീപിച്ചിരുന്നത് ഏറ്റവും കൂടുതല്‍ ഹോംവര്‍ക്ക് ചെയ്തിരുന്ന അദ്ദേഹത്തെയായിരുന്നു. സഞ്ചരിക്കുന്ന വിശ്വവിജ്ഞാന കോശമെന്നാണ് കോളേജില്‍ അറിയപ്പെട്ടിരുന്നത്.


വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ ഐ. എ. എസ് കോച്ചിംങ്ങ് സെന്‍റര്‍ ആരംഭിച്ച സമയത്ത് ഈ വിഭാഗത്തിന്‍റെ പ്രഥമ തലവനായി നിയോഗിച്ചത് പ്രൊഫസറെയാണ്. ഫാറൂക്ക് കോളേജിലെ പൊന്നാനിക്കാരായ പല വിദ്യാര്‍ത്ഥികളുടെയും ലോക്കല്‍ ഗാഡിയനായിരുന്നു അദ്ദേഹം. പഠിച്ച വിദ്യാര്‍ത്ഥികള്‍ കെ. വി. എന്ന പ്രൊഫസറുടെ ക്ലാസ്സിനെപ്പറ്റി വിവരിക്കുമ്പോള്‍ ആ ക്ലാസ്സില്‍ പഠിക്കാനുള്ള ഭാഗ്യമില്ലാതെ പോയതില്‍ മറ്റു പല വിദ്യാര്‍ത്ഥികളും ദു:ഖിക്കാറുണ്ട്. അത്രയും പ്രൗഢഗംഭീരവും സാരഗര്‍ഭവുമായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍.  

ചെറുപ്പകാലം മുതല്‍ തന്നെ വൈജ്ഞാനിക പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിലും ലൈബ്രറികളിലും വായനശാലകളിലും ചെന്നിരുന്ന് പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മണിക്കൂറുകളോളം വായിക്കുന്നതിനും സജീവ താല്‍പ്പര്യം പ്രകടിപ്പിച്ചു. വെക്കേഷനുകളില്‍ വൈജ്ഞാനിക സമ്പാദനത്തിന് ചെന്നൈ പുരാവസ്തു ആസ്ഥാനവും മറ്റു ചരിത്ര പഠനകേന്ദ്രങ്ങളും സന്ദര്‍ശിക്കുക പതിവായിരുന്നു,


 പൊന്നാനിയെ കുറിച്ച് വിവിധ വിഷയങ്ങളില്‍ നിരവധി പഠന ഗവേഷണങ്ങളും  രചനകളും  പ്രൊഫസര്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം രചിച്ച് പൊന്നാനി മുസ്ലിം സര്‍വ്വീസ് സൊസൈറ്റി 1998 ല്‍ പ്രസിദ്ധീകരിച്ച 150 ഓളം പുറങ്ങളുള്ള മാപ്പിള ചരിത്ര ശകലങ്ങള്‍ എന്ന കൃതി  പൊന്നാനി ചരിത്രത്തിന്‍റെ ആധികാരിക രേഖയാണ്. 

വിവാദങ്ങള്‍ക്ക് ഇടം കൊടുക്കാത്ത ഗുരുസ്ഥാനി, ഗവേഷകനായ പത്രാധിപര്‍, പ്രശസ്തി ആഗ്രഹിക്കാത്ത പണ്ഡിതന്‍ തുടങ്ങിയ പല വിശേഷണങ്ങള്‍ക്കും അര്‍ഹനായ ആ ബഹുമുഖ പ്രതിഭ 2006 ആഗസ്റ്റ് 16 ബുധനാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു. പൊന്നാനി വലിയ പള്ളി അങ്കണത്തില്‍ ആഗസ്റ്റ് 17 ന് ഖബറടക്കം ചെയ്തു. 

പൊന്നാനി ചന്തപ്പടി സിറ്റി സെന്‍ററില്‍ നടന്ന അനുസ്മരണ പ്രഭാഷണത്തില്‍ പൊന്നാനിയില്‍ ജനിച്ച് തലശ്ശേരിയില്‍ പഠിച്ച് കോഴിക്കോട്ട് അത്ഭുതം വിരിയിച്ച് ഫാറൂഖ് കോളേജില്‍ സാമ്രാജ്യം സൃഷ്ടിച്ച മഹല്‍ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു പ്രൊഫസര്‍ കെ. വി. അബ്ദുറഹിമാന്‍ സാഹിബെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് കെ. പി. കുഞ്ഞിമൂസയുടെ വിശേഷണങ്ങള്‍ പ്രൊഫസറെ നിത്യസ്മരണീയനാക്കുന്നു.