ഒരു നൂറ്റാണ്ടിന്‍റെ സ്വരമാധുര്യം

 


ഒരു നൂറ്റാണ്ടിന്‍റെ സ്വരമാധുര്യം


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

സംഗീതത്തിന്‍റെയും, പാട്ടിന്‍റെയും, തനിമയും, സ്വരമാധുര്യവും സംരക്ഷിച്ചുപോന്നിരുന്ന മലബാറിലെ കലാകാരډാരുടെയും ആസ്വാദകരുടെയും കൂട്ടായ്മ മികച്ചുനിന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നായിരുന്നു പൊന്നാനി. പകലന്തിയോളം പാടുപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളും, ബീഡിതെറപ്പുകാരും, സാമൂഹിക-സാംസ്ക്കാാരിക- ഔദ്യോഗിക രംഗത്തുള്ളവരും, വ്യവസായികളും വകഭേധമില്ലാതെ അന്തിമയങ്ങിയാല്‍ ഇത്തരം വേദികളില്‍ സജീവ സാന്നിദ്ധ്യമറിയിച്ചു.


രണ്ടാം നമ്പര്‍ പാലത്തിന് സമീപവും ജെ.എം. റോഡിലും കച്ചത്തെരുവിലും ചാണയിലും കോരവളവിലും ചന്തപ്പടിയിലും തൃക്കാവിലും  ജിം റോഡിനും, ആവിക്കുളത്തിനും സമീപമുള്ള തട്ടിന്‍മുകളുകളിലും, ഇടുങ്ങിയ പീടികമുറികളിലും, വീടിന്‍റെ സൈഡുമുറികളിലും കോലായകളിലും കയ്യാലകളിലുമായിരുന്നു ഇവരുടെ സങ്കേതങ്ങള്‍. 


ഹാര്‍മോണിയം, തബല, വയലിന്‍, ഗിത്താര്‍, ഫ്ളൂട്ട്, മദ്ദളം, ച്ചൗട്ട്ഹാര്‍മോണിയം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളമേളങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ ആസ്വാദകരുടെ സംഗീതത്തോടുള്ള ആസക്തി പ്രവഹിച്ച് അതിര്‍വരമ്പുകള്‍ ഭേദിച്ചു.


ചന്ദ്രതാരാ കലാസമിതി, ടൗണ്‍ മ്യൂസിക് ക്ലബ്ബ്, നൗജവാന്‍, പീപ്പിള്‍സ് മ്യൂസിക് ക്ലബ്ബ്, ജനകീയ കലാസമിതി, വസന്ത് ബഹാര്‍, കല്‍പ്പന മ്യൂസിക് ക്ലബ്ബ്, ബ്ലു ബേര്‍ഡ്സ്, അപ്സര തിയേറ്റേഴ്സ്, ഉദയകലാസിമിതി, പ്രഗ്ത്ഭ വോയ്സ്, വോയ്സ് ഓഫ് പൊന്നാനി തുടങ്ങിയ കലാസമിതികളില്‍നിന്ന് സ്വരരാഗം പ്രവാഹമായി ഒഴുകി. പാടിപ്പതഞ്ഞ ഗായകരും, ഗാനരചയിതാക്കളും ദൈനംദിനം കയറിയിറങ്ങി പ്രതിഭ മാറ്റുരച്ചു. രഞ്ജിനി മ്യൂസിക്കല്‍സ്, റൈസിംഗ് ട്രൂപ്സ് തുടങ്ങിയ പല ക്ലബ്ബുകളും സജീവരംഗത്തുണ്ട്.


കോഴിക്കോട്ടെ പാളയത്തും ഡേവിസന്‍ തിയേറ്ററിനടുത്തും പട്ടത്തെരുവിലും ബീച്ചിലും കോയമാരുടെ മാളികമുകളിലും പേരുകേട്ട പല ക്ലബ്ബുകളും മെഹ്ഫില്‍ സദസ്സുകളും വര്‍ഷങ്ങള്‍ക്കുമുമ്പ് സജീവമായിരുന്നു. സംഗീത സംവിധായകന്‍ ബാബുരാജും മലബാര്‍ സൈഗള്‍ കോഴിക്കോട് അബ്ദുല്‍കാദറും പുകള്‍പ്പെറ്റ പല ഹിന്ദുസ്ഥാനി സംഗീതജ്ഞډാരും ഇവിടം സ്ഥിരം സന്ദര്‍ശകരായിരുന്നു. ഇവരുടെ ഇടത്താവളം വീടുകളുടെ കോലായകളും പുറം റൂമുകളുമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആകൃഷ്ടരായി ഒഴിവുദിവസങ്ങളില്‍ ഉച്ചക്ക്ശേഷം പൊന്നാനിയില്‍നിന്ന് കോഴിക്കോട്ടേക്ക് വണ്ടികയറിയിരുന്നവരും അവിടെ അന്തിയുറങ്ങിയവരും അക്കാലത്തുണ്ടായിരുന്നു.


വര്‍ഷങ്ങളായി നിലനിന്നുവന്നിരുന്ന ഈ നാടിന്‍റെ സംഗീതത്തോടുള്ള പ്രേമം പതിറ്റാണ്ടുകള്‍ക്കുമുമ്പ്  കച്ചവടത്തിനെത്തിയ ഗുജറാത്തിലെ കച്ച്ദേശക്കാരായ ഹാലായിസ്മേമന്‍ മുസ്ലിം വ്യാപാരികളില്‍നിന്നും ഗുജറാത്തി സേട്ടുമാരില്‍നിന്നും ബോംബെപോലുള്ള ഹിന്ദിരാജ്യങ്ങളില്‍ സ്ഥിരം സന്ദര്‍ശകരായിരുന്ന അഴീക്കലെ വഞ്ചിത്തൊഴിലാളികളില്‍നിന്നും സ്രാങ്കډാരില്‍നിന്നും പകര്‍ന്ന് കിട്ടിയതാവാം. തൃക്കാവിലെ ഗുജറാത്തി സേട്ടുമാരുടെ വീടുകളില്‍ ചെന്നാല്‍ നേര്‍ത്ത സ്വരത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ സ്വരമാധുര്യം ഇപ്പോഴും കാതുകള്‍ക്ക് കുളിരേകും.



സംഗീതത്തെയും പാട്ടുപ്പെട്ടിയെയും നാടകത്തെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമായി സ്മൃതിപദത്തിലെത്തുന്നത് ഔല്‍ച്ചിക്ക എന്ന പൊന്നാനി അബ്ദുല്‍ അസീസാണ്.


1923ല്‍ പൊന്നാനി അങ്ങാടിയിലാണ് ജനനം. അഷ്ടിക്ക് വകകണ്ടെത്താന്‍ പതിനേഴാം വയസ്സില്‍ ബീഡിതെറപ്പുകാരനായി വേഷംകെട്ടിയ അദ്ദേഹം അനുഗ്രഹീത സ്വരമാധുര്യത്തിന്‍റെ ഉടമയായിരുന്നു. ഒരാളുടെ കൂലിക്ക് തെറപ്പുകാര്‍ക്കിടയില്‍ പാടാനായി നിയോഗിതനായത് അദ്ദേഹത്തിന്‍റെ സര്‍ഗ്ഗവാസന വളരാന്‍ ഹേതുവായി. തുടര്‍ന്ന്  മലബാറിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്റ്റേജുകളിലും സമരമുഖങ്ങളിലും സ്ഥിരം ഗായകനായി. ഇ.എം.എസ്, എ.കെ.ജി. തുടങ്ങിയ നേതാക്കളുടെ പ്രസംഗ സദസ്സുകള്‍ക്ക് ഹരം പകരണമെങ്കില്‍ ഔല്‍ച്ചിക്കയുടെ ഗാനമേള കൂടി വേണം. പൊതുയോഗങ്ങള്‍ക്ക് മുമ്പ് പാട്ടും ഗാനമേളയും അവിഭാജ്യ ഘടകമായിരുന്നു.

ഇന്ത്യ തറവാട്ടു സ്വത്തല്ല-കുത്തക ഭരണം പറ്റുകയില്ല-എല്ലാരും ഒത്തൊരുമിച്ചൊരു- ഭരണമിതാ വന്നു- തുടങ്ങിയ അദ്ദേഹത്തിന്‍റെ നിരവധി പാട്ടുകള്‍ അക്കാലത്ത് രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് ഹരംപകര്‍ന്നിരുന്നു. പൂരം, ചന്ദനക്കുടം നേര്‍ച്ച, ഉറൂസ്, തുടങ്ങിയ ആഘോഷങ്ങളിലും കല്ല്യാണസദസ്സുകളിലും തെരഞ്ഞെടുപ്പ് സ്ക്വാഡുകളിലും ഔല്‍ച്ചിക്ക നിറസാന്നിദ്ധ്യമറിയിച്ചു. അദ്ദേഹം 2002ല്‍ മരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ മസ്ജിദുകളില്‍നിന്ന് ഉയര്‍ന്ന് വന്നിരുന്ന ബാങ്കുവിളികളില്‍  ആ സ്വരമാധുര്യം അങ്ങാടിക്കാര്‍ ആവോളം ആസ്വദിച്ചു.


ഇടതുപക്ഷ വേദികളില്‍ പതിവായി ഇടംനേടിയ മറ്റൊരു കലാകാരനാണ് ഖവാലി ഗായകന്‍ ഇ.കെ. അബൂബക്കര്‍ എന്ന പൊന്നാക്കാരുടെ പ്രിയങ്കരനായ ഔക്കര് സഖാവ്.


ഖുര്‍ ആന്‍ മേം ലിഖാനാ-അല്ലാഹ് ബഹുത്ത് ബടാഹെ-ഖുര്‍ആന്‍ തബ്ലീഖ് റസൂലുല്ലാഹ്-ഖുറൈശി മുഹമ്മദ് സ്വല്ലി വസ്സല്ലിം


എന്ന അദ്ദേഹത്തിന്‍റെ ഖവാലി ഗാനം പ്രേമികള്‍ക്ക് സ്മരണയില്‍ പതിഞ്ഞ ഈരടികളാണ്.


പൊന്നാനിയുടെ പ്രഥമ നഗരപിതാവായ സമയത്ത് ജോലിത്തിരക്കിനിടയില്‍പോലും സംഗീതത്തോടുള്ള ആസക്തി അദ്ദേഹം കൈവെടിഞ്ഞില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചുമരിച്ച ആ തൊഴിലാളി നേതാവിന്‍റെ ജീവവായു സംഗീതമായിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് മുതലാളിമാരില്‍നിന്നും സ്രാങ്കډാരില്‍നിന്നും വളരെയേറെ ചൂഷണത്തിന് വിധേയരായിരുന്നു പൊന്നാനി കടപ്പുറത്തെ വഞ്ചിത്തൊഴിലാളികള്‍. അപകടത്തില്‍ മരണപ്പെട്ടാല്‍പ്പോലും ഇവരുടെ കുടുംബത്തിന് കാര്യമായ യാതൊരു ആനുകാല്യവും ലഭിച്ചിരുന്നില്ല. പാടുപ്പെട്ട് പണിയെടുക്കും വഞ്ചിത്തൊഴിലാളികള്‍-നമ്മള്‍ ജയിക്കും-നമ്മള്‍ ജയിക്കും- 


വഞ്ചിത്തൊഴിലാളികള്‍ നമ്മള്‍-സര്‍വ്വഞ്ചും പ്രധാനികള്‍-മൊഞ്ചായുള്ള ജീവിതം- മൊഞ്ചായുള്ള ജീവിതം- തഞ്ചത്തില്‍ പൂര്‍വ്വികര്‍ വാര്‍ത്തുള്ള നാട്- 

തുടങ്ങിയ ഔക്കര് സഖാവിന്‍റെ ഇമ്പമാര്‍ന്ന വരികള്‍ പൊന്നാനി കടപ്പുറത്തെ വഞ്ചിത്തൊഴിലാളികളുടെ ഐതിഹാസിക സമരം സജീവമാക്കുന്നതിന് ഊര്‍ജ്ജം പകര്‍ന്നു. മുന്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ ജീവിതാന്ത്യം വരെ അദ്ദേഹത്തിന്‍റെ അഭിലാഷമായിരുന്നു.


ടി.ഐ.യു.പി. സ്ക്കൂളും, എം.ഐ.യു.പി. സുക്കൂളും, എ.വി. ഹൈസ്ക്കൂളും കലാമേډയുള്ള പല നാടകങ്ങളുടെയും അരങ്ങുകളായിരുന്നു. ഈസ് ഇറ്റ് എ ക്രൈം, അബ്ബാസലി, ഇബിലീസിണ്ടീ ദുനിയാവില്‍, ഇബിലീസില്ലാത്ത ദുനിയാവ്,  ഒരു ദജ്ജാലും കുറേ മനുഷ്യരും, പാട്ട ബാക്കി തുടങ്ങിയ പല മികച്ച നാടകങ്ങള്‍ ഇവിടെ അരങ്ങേറി. നൂറ്റിഅമ്പതോളം സ്റ്റേജുകളില്‍ അരങ്ങേറിയ ഇടശ്ശേരിയുടെ കൂട്ടുകൃഷിയുടെ ഈറ്റില്ലം ഇവിടെയാണ്.


ടി.ഐ.യു.പി. സ്ക്കൂളിന്‍റെ കനകജൂബിലിയോടനുബന്ധിച്ച് അരങ്ങ്തകര്‍ത്ത ഗുരുദക്ഷിണ എന്ന നാടകത്തിലൂടെയായിരുന്നു നാലു വയസ്സുകാരിയായിരുന്ന കല്ലിങ്ങല്‍ റുക്കിയയുടെ കലാരംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് റുക്കിയ പല പ്രശസ്ത ഗായകരുടെയുംകൂടെ പല വേദികള്‍ പങ്കിട്ടു. കോടമ്പിയകത്ത് അബ്ദു (കോമിക് അബ്ദു), വി.വി. കുഞ്ഞിമുഹമ്മദ് (ബാലന്‍ കുഞ്ഞിമുഹമ്മദ്), കെ.കെ. കുഞ്ഞിമുഹമ്മദ്(ഗോപി കുഞ്ഞിമുഹമ്മദ്), കെ.സി. മുഹമ്മദ് (എന്‍.എസ്. മുഹമ്മദ്) തുടങ്ങിയ പലര്‍ക്കും നാടാകങ്ങളില്‍ അവര്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ പേരുകള്‍ ചേര്‍ത്ത് ബ്രാക്കറ്റില്‍ കൊടുത്ത അപരനാമങ്ങളാല്‍ അവര്‍ അറിയപ്പെട്ടു.


കെ.പി. അസീസ്, അടാനശ്ശേരി അബ്ദുസമദ്, വി.കെ. മായിന്‍, കമ്പൗണ്ടര്‍ ബാലകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ യുവ കലാകാരډാരെയും കലാകാരികളെയും കൈപിടിച്ചുയര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. പലര്‍ക്കും മികച്ച ശിഷ്യ സമ്പത്തുണ്ടായിരുന്നു. ഉസ്താദ് കെ.വി. അബൂബക്കര്‍ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍, അടാനശ്ശേരി ഹംസ, യു. അബൂബക്കര്‍ മാസ്റ്റര്‍, പൊള്ള മൊയ്തീന്‍, പാലക്കല്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി. ബാവക്കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ മലയാളത്തിലും അറബിയിലും മികച്ച ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളും ഗാനങ്ങളും രചിച്ചു. ഇവര്‍ എഴുതിയ പല ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് പൊന്നാനി അസീസ്, കെ.പി. അസീസ്, വി.കെ. മായിന്‍, പക്കിമുഹമ്മദ് തുടങ്ങിയവരായിരുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തെ പ്രചരിപ്പിക്കുന്നതിന് അഴീക്കല്‍ നിവാസികള്‍ പ്രധാന പങ്കുവഹിച്ചു. സീസണ്‍മുട്ടിയ സമയത്താണ് അഴീക്കലെ കല്ല്യാണങ്ങള്‍ അധികവും. മലയാളം, ഹിന്ദുസ്ഥാനി സംഗീതരംഗത്ത് പല പ്രശസ്തരും ഗാനമേളക്ക് നേതൃത്വം നല്‍കിയിരുന്നു. 


രണ്ട് ചേരിയായി തിരിഞ്ഞ് ഓരോ വിഭാഗവും സൗഹാര്‍ദ്ദ മത്സരങ്ങളിലൂടെ സുആല്‍-ജവാബ് (ചോദ്യം-ഉത്തരം) സമ്പ്രദായത്തില്‍ പാട്ടുപാടി അവതരിപ്പിച്ച പരിപാടികള്‍ കാണികള്‍ക്ക് ഹരംപകര്‍ന്നു. ഈ മാതൃകയില്‍ നടന്നിരുന്ന പല ഗാനമേളാസദസ്സുകളിലും ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് ആസ്വാദകര്‍ പ്രോത്സാഹനാര്‍ത്ഥം ഹാരങ്ങള്‍ അണിയിക്കുക പതിവായിരുന്നു. ഓരോ വിഭാഗങ്ങള്‍ക്കും ബാബുരാജ്, കൊച്ചിന്‍ മെഹബൂബ്, നാഗൂര്‍ ഹനീഫ തുടങ്ങിയവരെപ്പോലുള്ള പ്രഗത്ഭ പ്രതിഭകളാണ് നേതൃത്വം നല്‍കിയത്.


പാട്ടിനും സംഗീതത്തിനും വേണ്ടി ആയുസ്സ് മുഴുവന്‍ സമര്‍പ്പിച്ച പലരും ഇവിടെ ജീവിച്ചുമരിച്ചു. പട്ടിണിയിലും പാരവശ്യത്തിലും മുഴുകിയ സമയത്ത് സംഗീതത്തില്‍ ലയിച്ചാല്‍ വയറിന്‍റെ വിശപ്പുപോലും അറിഞ്ഞില്ല. ഒരു വിഭാഗം ഐത്തക്കാരെയും ചേരിനിവാസികളെയും പാവപ്പെട്ടവരെയും പഠിപ്പിച്ച സംഗീതജ്ഞരില്‍ പലരെയും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ കാലത്തിന്‍റെ പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടു.


ഒഴിവുദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ചില ക്ലബ്ബുകളും അന്തിമയങ്ങിയാല്‍ കൂടുതല്‍ സജീവമാകുന്ന പല ക്ലബ്ബുകളും അര്‍ദ്ധരാത്രിവരെ ആസ്വാദകര്‍ക്ക് ഹരംപകര്‍ന്നു. അനശ്വര ഗായകനായ മുഹമ്മദ് റാഫിയെ അനുകരിച്ച ചില ഗായകര്‍ കേരളാ റാഫി, ജൂനിയര്‍ റാഫി എന്നീ അപരനാമങ്ങളാല്‍ അറിയപ്പെട്ടു. 


കാസര്‍ക്കോട് അബൂബക്കര്‍ ഉസ്താദ്, ഉസ്താദ് ഊട്ടി നബീല്‍, ഇയ്യിടെ അന്തരിച്ച ഉസ്താദ് ബോംബെ എസ്. കമാല്‍, ഉസ്താദ് തൃഷ്ണാപള്ളി കലീഫുല്ല, സദക്കത്തുള്ള, വിന്‍സന്‍റ് മാസ്റ്റര്‍, യേശുദാസ്, ബാബുരാജ്, ഉദയബാനു, എം. ജയചന്ദ്രന്‍ തുടങ്ങിയ പല പ്രശസ്ത സംഗീതജ്ഞരുടെയും ഗായകരുടെയും ഇടത്താവളം ഒരുകാലത്ത് ഇവിടെയായിരുന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ പൊന്നാനിയുമായി ബന്ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹത്തിന്‍റെ ബാല്യകാല സുഹൃത്ത് ടി.ഐ.കെ. (ഇമ്പിച്ചിക്കോയ തങ്കക്കുടം) തങ്ങള്‍ ആയിരുന്നു.

അല്ലിയാമ്പല്‍ കടവില്ലെന്നരക്കുവെള്ളം

അന്നു നമ്മള്ളൊന്നായി തുഴഞ്ഞിലെ കൊതുമ്പു വെള്ളം

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം 


എന്നാരംഭിക്കുന്ന യേശുദാസിന്‍റെ ആദ്യകാല ഹിറ്റുകളില്‍ മിക്കതും ഇവിടത്തെ മിക്ക പ്രോഗ്രാമുകളിലും ആലപിച്ച് സദസ്സിനെ ഹരംകൊള്ളിച്ചു ആവോളം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.


  കോഴിക്കോട് അന്‍വര്‍ ഉസ്താദ്, കെ.ജി. സത്താര്‍,  ഉസ്താദ് ഇമ്പിച്ചാമു, എന്‍. പി. ഉമ്മര്‍കുട്ടി, എ. വി. മുഹമ്മദ്, നാഗൂര്‍ ഹനീഫ, മരക്കാര്‍ (കോഴിക്കോട്), ചാന്ദ് പാഷ, വി.എം. കുട്ടി, നെജ്മല്‍ ബാബു, കൊച്ചിന്‍ മെഹബൂബ്, തിരൂര്‍ ഷാ, ഖലീല്‍ഭായ്, എ. ഫിറോസ് ബാബു, അബ്ദു (ആയിഷ റേഡിയോ), ബാബുജാന്‍, സി. മുഹമ്മദ് (മയമാക്ക), എം. അബൂബക്കര്‍, ബക്കര്‍ എടക്കഴിയൂര്‍, ഉസ്സന്‍ മൊയ്ല്യാരെ മാമുട്ടി, സഹോദരന്‍ കുഞ്ഞിമുഹമ്മദ്, 2015 മാര്‍ച്ച് 19 ല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍വെച്ച് സംഗീതത്തിന്‍റെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികം ആഘോഷിച്ച  എടപ്പാള്‍ ബാപ്പു, സി. വി ഷംസു, ഇ. വി. മുഹമ്മദ്  ഹനീഫ, ഇ. വി. മുഹമ്മദലി, വട്ടംകുളം ഹനീഫ, എം.പി. തങ്ങള്‍, പി.സി. കമറു, കാദര്‍ബായ് കൂട്ടായി, കെ.കെ. ബാവ, പക്കി മുഹമ്മദ്, കെ.പി. മുഹമ്മദ്, കെ.പി. മൂസ, എം. അബൂബക്കര്‍, ടി.കെ. മുസ്തഫ, തട്ടാന്‍ ബാവ,  എം. മുഹമ്മദ് ജലീല്‍, തബലിസ്റ്റ് സി.പി.ഹംസ, ഇമ്പിച്ചി, ബാവക്കുട്ടി, തബലിസ്റ്റ് ഇബ്രാഹിംകുട്ടി,  ആട്ടക്ക, മാമുട്ടിക്ക, പൊന്നാനി ബാവ, കെ.വി. അബ്ദുല്‍ കയ്യൂം, കണ്ടക്ടര്‍ മൊയ്തീന്‍, എടപ്പാള്‍ വിശ്വം, എടപ്പാള്‍ കാദര്‍, ചേര്‍ത്തല രാഘവന്‍, മെഹ്നബിത്തു ഹംസ, കെ. അബ്ദുല്ലകുട്ടി, കെ.വി. അബ്ദുറഹിമാന്‍, കെ.വി. അഷറഫ്, കെ.വി. റഷീദ്, ഖാലിദ്, കെ.വി. ഹനീഫ മാസ്റ്റര്‍, റഫീക്ക്, കെ.വി. ഉസ്മാന്‍ (കെ.എസ്.ആര്‍.ടി.സി.), വേലായുധന്‍ (വില്ലേജ്), പൂളക്കല്‍ ബാബു, പി. ഇസ്മാഈല്‍, മാസ്റ്റര്‍ ബാവ, ഇശ്റത്ത് സബാഹ്, ശാരിക ഗിരീഷ്, ഇസ്മത്ത്, സി.കെ. ജനാര്‍ദ്ദനന്‍, ഉസ്മാന്‍, കെ. പ്രഭാകരന്‍, എ.ബി. രാജന്‍, പി. നാരായണ്‍ മാസ്റ്റര്‍, കെ. ശ്രീനിവാസന്‍, ജി. മോഹനന്‍, പി. പ്രകാശന്‍, ജയശ്രി ടീച്ചര്‍, നിര്‍മ്മല ടീച്ചര്‍, കെ.വി. സുജിത്ത്, പി.കെ. സലീം, ഇ.കെ. നാസര്‍, സി. അബൂബക്കര്‍, അസ്മ കൂട്ടായി, കെ.വി. നസീര്‍, കെ.വി. ബഷീര്‍, യു.കെ. അബൂബക്കര്‍, യൂസഫ് തോട്ടുങ്ങല്‍, സഞ്ചീവ് കുമാര്‍ (ഫിഷറീസ്) മാറഞ്ചേരി സ്വദേശികളായ ബക്കര്‍, അബ്ദുട്ടി മാസ്റ്റര്‍, കെ. ഗസല്‍, സലീം കോടത്തൂര്‍ തുടങ്ങിയവര്‍ പലപ്പോഴും ഉള്‍പ്പെട്ട ഗ്രൂപ്പുകളും  ഖവാലി, ഗസല്‍ ഗായക സംഘങ്ങളും പല കല്ല്യാണങ്ങള്‍ക്കും പരിപാടികള്‍ അര്‍ദ്ധരാത്രിവരെ സംഗീതത്തിന്‍റെ തേന്‍മഴതന്നെ വര്‍ഷിച്ചു.

റാഫി സാഹിബിന്‍റെ മികച്ച ഹിന്ദി ഹിറ്റു ഗാനങ്ങള്‍ക്ക് പുറമെ മാണിക്ക വീണയുമായി, വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന, പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു, താമസമെന്തേ വരുവാന്‍ പ്രാണസഖീ തുടങ്ങിയ മാസ്മരികത നഷ്ടപ്പെടാത്ത മലയാള ഗാനങ്ങളുടെ ഇമ്പമാര്‍ന്ന ശബ്ദമാധുരിയുടെ അലയൊലികള്‍ ഇന്നും മനസ്സില്‍ കുളിര്‍ ചൊരിയുന്ന ഭൂതകാല സ്മരണകളാണ്. ഇതിനിടയിലാണ് 1965ല്‍ ചെമ്മീന്‍ റിലീസായത്. തുടര്‍ന്ന് പല ട്രൂപ്പുകാരും ഈ പടത്തിലെ ജനകീയ ഗാനങ്ങള്‍ ഏറ്റുപിടിച്ചു.

കോഴിക്കോട്ടെ തെരുവീഥികളില്‍ വയറ്റത്തടിച്ച് പാട്ടുപാടി നടന്നിരുന്ന മുഹമ്മദ് സാബിര്‍ എന്ന ദരിദ്രബാലനാണ് പിന്നീട് څതാമരക്കുമ്പിളിലല്ലോچ  څതാമസമെന്തേ വരുവാന്‍چ څസുറുമയെഴുതിയ മിഴികളെچ څപ്രാണസഖിچ തുടങ്ങിയ നിരവധി പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ സംഗീത സാമ്രാട്ട് ആയി പുകള്‍പ്പെറ്റ ബാബുരാജ്. നീലക്കുയില്‍ എന്ന സിനിമയിലൂടെയാണ് കോഴിക്കോട് അബ്ദുല്‍കാദര്‍ പ്രശസ്തിയുടെ പടവുകള്‍ കയറിയത്. 


റംലാ ബീഗം, ആയിഷാ ബീഗം, മച്ചാട്ട് വാസന്തി, വിളയില്‍ ഫസീല, പാലാട്ട ്യശോദ, താഹിറ, മേളിറാവു, ചിത്ര റാവു, വള്ളിക്കുട്ടി, രമണി, പ്രഭാവതി കോഴിക്കോട്, കദീജ പനമ്പാട്, കൂട്ടായി അസ്മ, നലിനി, രമ, ഷരീഫ, മുനീറ, കോഴിക്കോട് ലീന തുടങ്ങിയ പല കലാകാരികളും വിവിധ പരിപാടികളില്‍ ഇവിടെ നിറസാന്നിദ്ധ്യമറിയിച്ചു. ഹാര്‍മോണിയം വായിച്ച് പാട്ട് പാടിയിരുന്ന കലാകാരികളുടെ വേദികള്‍ ആദ്യകാലത്ത് വീടുകളുടെ അകത്തളങ്ങളായിരുന്നു. ക്രമേണ പൊതുസ്റ്റേജില്‍ സ്ത്രീകലാകാരികളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 


ചന്തപ്പടിയിലെ അപ്സര തിയേറ്റേഴ്സിന്‍റെ ഭാരവാഹികളില്‍ അധികവും വിദ്യാസമ്പന്നരായിരുന്നു. അഡ്വ. എസ്.എം. ഹരിദാസ് പിഷാരടി, മുരുകന്‍ മോട്ടോഴ്സ് രാവുണ്ണി നായരുടെ മകന്‍ ഹരിദാസ് തുടങ്ങിയവര്‍ അടങ്ങിയ സംഘാടകര്‍ ഇമ്പമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.  ഇവിടത്തെ ബ്ലു ബേര്‍ഡ്സ് ക്ലബ്ബ് ദീപക് സേട്ട്, സതീഷ് സേട്ട് തുടങ്ങിയ ഗുജറാത്തി വ്യാപാരികളുടെ നിയന്ത്രണത്തിലായിരുന്നു.

കണ്ണൂര്‍ സ്വദേശി എ. ഇബ്രാഹിംകുഞ്ഞിന്‍റെ നിയന്ത്രണത്തില്‍ പൊന്നാനി അങ്ങാടി കിണര്‍ സ്റ്റോപ്പിനടുത്ത് മലായന്‍ സില്‍ക്ക് ഹൗസിന്‍റെ മുകളിലുള്ള സംഗീത കൂട്ടായ്മയില്‍ പല പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും ഖവാലി ഉസ്താദുമാരും സ്ഥിരം ക്ഷണിതാക്കളായിരുന്നു. പ്രശസ്ത ഖവാലി ഉസ്താദായ കാസര്‍ക്കോട് അബൂബക്കറിന് ആദ്യമായി പൊന്നാനിക്ക് പരിചയപ്പെടുത്തുന്നത് ഇദ്ദേഹമായിരുന്നു. എഞ്ചിനീയര്‍ കെ.വി. അബ്ദുല്‍ അസീസ് സാഹിബിന്‍റെ കല്ല്യാണത്തിനാണ് അബൂബക്കര്‍ ഉസ്താദ് പൊന്നാനിയില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചത്. ഇത് ഇവിടത്തെ സംഗീതത്തിന്‍റെ പുനഃര്‍ജനിയാണെന്നുതന്നെ പറയാം. അക്കാലത്ത് വരന്‍റെകൂടെ വധുവിന്‍റെ വീടുവരെ ഗാനമേളാ സംഘവും പാട്ടുപാടി പോകുക പതിവായിരുന്നു. റംസാന്‍ രാത്രികളിലും ആണ്ടറുതി ദിവസങ്ങളിലും ഗാനമേള സംങ്കേതങ്ങള്‍ പൂര്‍വ്വോപരി സജീവമായിരുന്നു. ഉസ്മാന്‍ മാസ്റ്റ്റുടെ നേതൃത്വത്തില്‍ ഇടക്കിടെ ആകാശവാണിയില്‍ ഇമ്പമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു. 

സി. ഹംസ സാഹിബ്, വി.പി.സി. തങ്ങള്‍, സി. ഉമ്മര്‍ സാഹിബ്, പി.കെ. ബാവക്കുട്ടി മാസ്റ്റര്‍, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, ടി.ആര്‍.സി,യു.എം. കുഞ്ഞിമുഹമ്മദ്, കെ.എസ്. കുഞ്ഞിമുഹമ്മദ്, കെ.എസ്. അബ്ദുല്‍ ലത്തീഫ് തുടങ്ങിയ പലരും സംഗീത കലാരംഗങ്ങളില്‍ ഒരുകാലത്ത് സജീവമായിരുന്നു. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്ര സമ്പന്നമായിരുന്നു സംഗീതത്തില്‍ പൊന്നാനിയുടെ ഭൂതകാലം. രഞ്ജിനി മ്യൂസിക് ആന്‍റ് ആര്‍ട്ട്സ് ക്ലബ്ബ്,  വസന്ത് ബഹാര്‍ മ്യൂസിക് ക്ലബ്ബ്, സി.വി. ജംഗ്ഷനിലെ റൈസിംങ് ഓര്‍ക്കസ്ട്രപോലുള്ള നാമമാത്ര സംഗീത സദസ്സുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. സഖാവ് ഇമ്പിച്ചിബാവ നല്ലൊരു ഗായകനായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളുടെ ഇടവേളകളില്‍ നന്നായി പാടുമായിരുന്നു.

പൗര്‍ണമി തിയേറ്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ആദ്യത്തെ സിനിമാ ടാക്കീസിന്‍റെ പേര് ദേവി ടാക്കീസ് എന്നായിരുന്നു. കോഴിക്കോട് സ്വദേശി മാധവന്‍നായരുടെ ഉടമസ്ഥതയിലുള്ള ഈ ടാക്കീസിന്‍റെ ആദ്യത്തെ പേര് കാലിക്കറ്റ് ടാക്കീസെന്നായിരുന്നു. അതിന്‍റെ ഉടമസ്ഥന്‍ പൊന്നാനി സ്വദേശി ബാലനായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ഉമ്മ, ആയിഷ, കുപ്പിവള, കുട്ടിക്കുപ്പായം തുടങ്ങിയ മുസ്ലിം സാമൂഹിക ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഉമ്മ റിലീസ് ചെയ്ത ഉടനെ ചില പ്രധാന സിറ്റികളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതായും തുടര്‍ന്ന് കോഴിക്കോട് ചെന്ന് സി.എച്ച്. മുഹമ്മദ്കോയ സാഹിബിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റേതായ ഒരു വിശദീകരണം വന്നതിന് ശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ച് തുടര്‍ന്ന് പടം ഹിറ്റാവുകയും ചെയ്തെന്ന് നിര്‍മ്മാതാവ് കുഞ്ചാക്കോ തന്നെ എഴുതിയിട്ടുണ്ട്. ടി.ബി. ആശുപത്രിക്ക് തെക്ക് വശം എ.പി. അബൂബക്കര്‍ സാഹിബിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉണ്ടായിരുന്ന സോഫി ഹാളിലായിരുന്നു കുട്ടിക്കുപ്പായം പ്രദര്‍ശിപ്പിച്ചിരുന്നത്.

കേരളത്തിലെ ഇതര പ്രദേശങ്ങളെപ്പോലെ 1930 കളില്‍ ഇവിടെയും ടൂറിംങ് തിയേറ്ററുകള്‍ വന്ന് സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് സ്ഥിരം തിയേറ്ററുകള്‍ കേരളത്തില്‍ വിരളമായിരുന്നു. പ്രൊജക്ടറുകളും, ഫിലിംപെട്ടികളുമായി വന്ന് ടെന്‍റ്കെട്ടി ആഴ്ചകളോളം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. വെള്ളീരി സ്ക്കൂള്‍ പരിസരത്തെ പാടത്തായിരുന്നു ഇത്തരത്തിലുള്ള നിശബ്ദ സിനിമാ പ്രദര്‍ശനം അധികവും നടന്നിരുന്നത്.  പ്രദര്‍ശന സ്ഥലത്ത് ബാന്‍റുസെറ്റുകളും, ടിക്കറ്റ് കാളവണ്ടിയില്‍ ചെണ്ടകൊട്ടി റോഡിലൂടെ വിറ്റിരുന്നതായും പഴമക്കാര്‍ ഓര്‍ക്കുന്നു. 

മുസ്ലിംകള്‍ സിനിമകാണല്‍ നിഷിദ്ധമാണെന്ന് ദൃഢമായി വിശ്വസിച്ചിരുന്ന അക്കാലത്ത് നഗരത്തിലെ സിനിമാപ്രേമികള്‍ പ്രദര്‍ശനം കാണാന്‍ പോയിരുന്നത് ഒളിഞ്ഞും പതുങ്ങിയും ഇടവഴികളിലൂടെയാണത്രെ. സാംസ്കാരിക സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ പൊതുവേദികളില്‍ ഗാനമേളകളും മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ മാപ്പിള ഗാനമേളകളും കോല്‍ക്കളിയും സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ നാനാവിധ മധുരിക്കും സ്മരണകളാല്‍ സമ്പന്നമായിരുന്നു ഇവിടത്തെ പെരുന്നാള്‍.

ആദ്യകാലത്ത് നിശബ്ദ സിനിമകളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. രംഗങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഒരാളുണ്ടാകും. സിനിമ തീരുന്നതുവരെ അയാള്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരിക്കും. തുടര്‍ന്നാണ് ശബ്ദ സിനിമകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പൊന്നാനിയുടെ സാമൂഹിക പശ്ചാത്തലം അടിസ്ഥാനമാക്കി നീലക്കുയില്‍ പോലുള്ള സിനിമകള്‍ പിറവിയെടുക്കുകയും  ഉമ്മാച്ചു, ഉപ്പ്, അസുരവിത്ത്, അഗ്നി, പല്ലവി തുടങ്ങി നിരവധി സിനിമകള്‍ ഇവിടെ നിന്ന് ഷൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. എം.ടി. വാസുദേവന്‍നായര്‍, ഉറൂബ് പി.സി. കുട്ടികൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, എം.ഗോവിന്ദന്‍, കെ.പി.രാമനുണ്ണി, പി.പി.കുഞ്ഞിമുഹമ്മദ്, ടി.പി. ഹരിദാസന്‍, പി.എം.കെ. ബാപ്പു, സലാം ബാപ്പു, പാര്‍സി മുഹമ്മദ്, വളപ്പില്‍ കുഞ്ഞിമുഹമ്മദ്, ബാലാജി, അംബിക (കുപ്പിവള), നരേന്‍, കെ. ഷാനവാസ്, ഷൈലജ മണികണ്ഠന്‍ തുടങ്ങിയ പലരും കഥാകൃത്തുകളായും, സംവിധായകډാരായും, നിര്‍മ്മാതാക്കളായും നടډാരായും സജീവരംഗത്തുണ്ടായിരുന്നു. അക്ബര്‍ ട്രാവല്‍സ് ഉടമ എ.വി. അബ്ദുല്‍നാസറിന്‍റെ നേതൃത്വത്തില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച്  മുബീഹത്ത് സംവിധാനം ചെയ്ത് 2018 മാര്‍ച്ച് 2ന് പ്രദര്‍ശനം ആരംഭിച്ച ഖലീഫയാണ് പൊന്നാനിയില്‍ പിറവിയെടുത്ത പുതിയ സിനിമ. 1970 കളില്‍ തിര, ഫോകസ്, സ്പ്രൗട്ട് എന്നീ പേരുകളില്‍ ഫിലീം സൊസൈറ്റികള്‍ നിലവില്‍ വന്നെങ്കിലും അധികകാലം നിലനിന്നില്ല. 



റഫറന്‍സ്


1. എഞ്ചിനീയര്‍ കെ.വി. അബ്ദുല്‍ അസീസ്, വി. സൈതുമുഹമ്മദ് തങ്ങള്‍, എ.വി. കുഞ്ഞിബാവ ഹാജി, ഹസ്സന്‍(വാച്ച്മേക്കര്‍), യു അബൂബക്കര്‍ മാസ്റ്റര്‍, അടാനശ്ശേരി അബ്ദുസമദ് തുടങ്ങിയവരുമായുള്ള അഭിമുഖം