ഗുരുവായൂര്‍ ക്ഷേത്ര മാഹാത്മ്യം
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
ക്ഷേത്രത്തിന്‍റെ ഉത്ഭവം കൃത്യമായി ആരും ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. പോര്‍ച്ചുഗീസ് ഭരണകാലഘട്ടംതൊട്ട് മറ്റു ക്ഷേത്രങ്ങളേക്കാള്‍ പൂര്‍വ്വോപരി ക്രമാനുഗതമായി പ്രശസ്തിയിലേക്കുയര്‍ന്ന ക്ഷേത്രമാണിത്.
പ്രതിഷ്ഠ വിഷ്ണുവിന്‍റെതാണെങ്കിലും വിഷ്ണു അവതാരമായ ശ്രീകൃഷ്ണ ക്ഷേത്രമെന്നാണ് പ്രസിദ്ധം. ശ്രീ കൃഷ്ണ ഭഗവാന്‍റെ മാതാപിതാക്കളായ വസുദേവരും ദേവകിയും പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം അവരുടെ കാലശേഷം ദ്വാരകയിലേക്കു കൊണ്ടുവന്നു പൂജിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണത്തിന് ഒരുങ്ങിയ സമയത്ത് ഭഗവാന്‍റെ ചൈതന്യം പ്രസ്തുത വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിച്ചു. തډൂലം വിഷ്ണു വിഗ്രഹം ശ്രീകൃഷ്ണ വിഗ്രഹമായി കേള്‍വിപ്പെട്ടു. ഭക്തനായ ഉദ്ധവരെ വരുത്തി പ്രതിഷ്ഠിക്കാന്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ ഭഗവാന്‍ നടത്തി. ശ്രീകൃഷ്ണന്‍റെ സ്വര്‍ഗാരോഹണത്തിനു ശേഷം ദ്വാരക സമുദ്രത്തില്‍ മുങ്ങിപ്പോയി. പിന്നീട് ആ വിഗ്രഹം കണ്ടെടുത്ത ദേവഗുരുവായ ബൃഹ്സ്പതിയും വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ച ഇടം ഗുരുവായൂര്‍ എന്നും പ്രതിഷ്ഠ ഗുരുവായൂരപ്പന്‍ എന്നും പുകഴ്പ്പെറ്റു.
മറ്റൊരൈതീഹ്യം. കേരളത്തിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം. ദേവഗുരു ബൃഹസ്പതിയും വായുവും ചേര്‍ന്ന് ഉദ്ധവരുടെ അപേക്ഷപ്രകാരം പ്രതിഷ്ഠ നടത്തിയത്രേ. മാങ്കാവില്‍ തമ്പുരാന്‍ എന്ന സാമൂതിരിയും ക്ഷേത്രത്തിനു സംരക്ഷണപ്പണികള്‍ ചെയ്തു. വിഷബാധയില്‍ നിന്നും മുക്തനായ പാണ്ഡ്യരാജാവാണ് ക്ഷേത്രത്തിന്‍റെ ജീര്‍ണ്ണോദ്ധാരണം നടത്തിയതത്രേ. ചേന്നാസുനമ്പൂതിരിമാരാണ് തന്ത്രം. ഇവിടെ ഭജിക്കുമ്പോഴാണ് മേല്പത്തൂര്‍ നാരായണന്‍ ഭട്ടതിരി നാരായണീയം രചിച്ചത്. 1970ല്‍ അഗ്നിബാധയില്‍ അമ്പലം കുറെ കത്തിപ്പോയി. എങ്കിലും 1971 മുതല്‍ പുനര്‍നിര്‍മ്മാണം നടന്നു.(1)
മൂന്ന് അറകളോട് കൂടിയ ശ്രീകോവിലിന്‍റെ ഗര്‍ഭഗൃഹത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ. പൂജാവിധികളും മറ്റു ചടങ്ങുകളും ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചാര്യര്‍(788-820)ആണ്. അന്നത്തെ ആചാരാനുഷ്ഠാനങ്ങളെയും പൂജാകര്‍മ്മങ്ങളെയും ക്രമീകരിച്ച് നിലവിലുള്ള സംവിധാനങ്ങള്‍ക്ക് അടിത്തറ പാകി എന്നാണ് വിശ്വാസം. പുലര്‍ച്ചെ മൂന്ന് മണിക്കുള്ള നിര്‍മ്മാല്ല്യത്തെ തുടര്‍ന്ന് ചടങ്ങുകള്‍ ആരംഭിക്കും. എണ്ണാഭിഷേകം, വാകചാര്‍ത്ത്, ശംഖാഭിഷേകം, മലര്‍നിവേദ്യം, അലങ്കാരം എന്നിവയ്ക്ക് ശേഷം ആറുമണിയോടെ ഉഷപൂജയെ തുടര്‍ന്നുവരുന്ന ആരാധനാ കര്‍മ്മങ്ങള്‍ രാത്രിവരെ തുടരും. തെക്കേ ഇന്ത്യയിലെ മറ്റു മഹാ ക്ഷേത്രങ്ങളില്‍നിന്നും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാരീതികളിലും ഈ ക്ഷേത്രം പ്രത്യേകത പുലര്‍ത്തുന്നു.
മേല്‍പ്പത്തൂരും പൂന്താനവും
ഭക്ത കവികളായ പൂന്താനം നമ്പൂതിരിയുടെയും, മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെയും രചനകളും മാനവേദന്‍ സാമൂതിരി, വില്വമംഗലം സ്വാമിയാര്‍, കുറൂരമ്മ തുടങ്ങിയ പ്രതിഭകളുടെ ശക്തമായ ഇടപെടലുകളും ഭക്ത കൃതികളും മാഹാത്മ്യങ്ങളും മികവുറ്റ സവിശേഷതകളും ഈ ക്ഷേത്രത്തെ കേരളത്തിനകത്തും പുറത്തും പുകള്‍പ്പെറ്റതാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.
'മേല്‍പത്തൂരിനെ കുറിച്ചുള്ള അത്ഭുതകഥകള്‍ പലതുമുണ്ട്. പ്രശസ്തമായ നാരായണീയകാവ്യം അദ്ദേഹം രചിച്ചത് ഇരുപത്തിയേഴാം വയസ്സിലാണെന്ന കാര്യത്തില്‍ പണ്ഡിതډാരെല്ലാം ഏകാഭിപ്രായക്കാരാണ്. ശ്രീമദ്ഭാഗവതമെന്ന പാരാവാരത്തെ കൈക്കുമ്പിളിലൊതുക്കുക എന്ന മഹാത്ഭുതമാണ് മേല്‍പ്പത്തൂരെന്ന പില്‍ക്കാല അഗസ്ത്യന്‍ ചെയ്തുകളഞ്ഞത്. അതും ഇളം പ്രായത്തില്‍. പതിനെണ്ണായിരം ശ്ലോകങ്ങളുള്ള ശ്രീമദ്ഭാഗവതത്തെ ആയിരത്തില്‍പ്പരം ശ്ലോകങ്ങളിലാണ് അദ്ദേഹം തന്‍റെ നാരായണീയത്തില്‍ അടക്കിയൊതുക്കിവെച്ചത്. കടലിനെ കുടത്തിലൊതുക്കുക എന്ന മാന്ത്രികസാഹസമാണ് ഗ്രന്ഥ രചനയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.
നൂറു ദശകങ്ങളില്‍ മാഹാഭാഗവതത്തെ സംക്ഷേപിച്ചുകൊണ്ടുള്ള നാരായണീയത്തിന്‍റെ അവസാന ദശകമാകുമ്പോഴേക്കും മാംസചക്ഷുസ്സുകള്‍ക്കൊണ്ടുതന്നെ അദ്ദേഹത്തിന് ഗുരുവായൂരപ്പനെ കാണാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. നൂറാം ദശകത്തിലെ ആദ്യ ശ്ലോകത്തില്‍ ഈ വസ്തുത അദ്ദേഹം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.
അഗ്രേ പശ്യാമി തേജോ നിബിന്ധതരകളാ
യാവലീലോഭനീയം
പീയുഷാപ്ലാവിതോ ഹം തദനു തദുദരേ
ദിവ്യകൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാ
സ്വാദരോമാഞ്ചിതാംഗൈ സതു
രാവീതം നാരദാദ്വൈര്‍വ്വില സതുപ നിഷ
ത്സുന്ദരീമണ്ഡലൈശ്ച.(2)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുപോരുന്ന തന്ത്രപൂജാവിധികളും ആചാര്യമര്യാദകളും ചിട്ടപ്പെടുത്തിയത് ആദിശങ്കരാചാര്യരാണെന്നാണ് വിശ്വസിച്ചുപോരുന്നത്. കാലഗണനാസംബന്ധിയായി പറയുമ്പോള്‍ ഈഐതീഹ്യത്തിനു വേണ്ടത്ര നിലനില്‍പ്പില്ലെങ്കിലും കഥ ഇങ്ങനെയാണ്. ശങ്കരാചാര്യരും നാരദ മഹര്‍ഷിയും വിയല്‍പഥത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ മുകളിലെത്തിയപ്പോള്‍ വിഷ്ണുഭക്തനായ നാരദനുഗുരുവായൂരപ്പനെ വണങ്ങാതെ പോകാന്‍ വയ്യെന്ന് തോന്നി. അന്ന് ഗുരുവായൂര്‍ ഏകാദശിയുമായിരുന്നു. ആചാര്യസ്വാമികളെ നാരദന്‍ ക്ഷണിക്കാതിരുന്നില്ല. പക്ഷേ, തികഞ്ഞ ജ്ഞാനയോഗിയും ശൈവോډുഖനുമായിരുന്ന സ്വാമികള്‍ വൈഷ്ണവ ഭക്തിമാര്‍ഗ്ഗപഥികനായിരുന്ന നാരദന്‍റെ ക്ഷണം നിരസിക്കുകയാണുണ്ടായത്.
പക്ഷേ, നാരദന്‍ ഇറങ്ങിക്കഴിഞ്ഞതോടെ ആചാര്യപാദര്‍ക്കു ആകാശസഞ്ചാരം തുടരാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഭൂമിയുടെ ആകര്‍ഷണ ശക്തിക്ക് വിധേയനായി.
ശങ്കാരാചാര്യര്‍ക്ക് ഭൂതലസ്പര്‍ശമുണ്ടായത് ക്ഷേത്രമതില്‍ക്കെട്ടിനകത്തെ പ്രദക്ഷിണവരിയുടെ വടക്കുപടിഞ്ഞാറേ മൂലയിലായിരുന്നുപോല്‍. ഇന്നും നിത്യശീവേലിയുടെ മൂന്നാം പ്രദിക്ഷണത്തിന് ആ സ്ഥലത്തുവെച്ച് വാദ്യനാദങ്ങള്‍ പെട്ടന്ന് നിശ്ശബ്ദമാകുന്നത് ആചാര്യപാദരുടെ പതനസ്ഥലത്തെ മാനിച്ചുകൊണ്ടാണത്രെ.
കരുതിക്കൂട്ടിത്തന്നെയാണ് സ്വാമികളെ വീഴ്ത്തിയതെന്ന് പിന്നീട് തന്നെ സന്ദര്‍ശിക്കാനെത്തിയ ആചാര്യസ്വാമികളോട് ഭഗവാന്‍ അരുളിചെയ്യുകയുണ്ടായി എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന് അനിയോജ്യമായ മന്ത്രതന്ത്രവിധികളും ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും നിശ്ചയിച്ചുറപ്പിച്ചതിനുശേഷമേ സ്ഥലം വിടാവൂ എന്ന് ആചാര്യസ്വാമികളോട് ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടുവെന്നു കഥ തുടരുന്നു. അന്ന് ആചാര്യസ്വാമികളാല്‍ നിശ്ചയിക്കപ്പെട്ട വിധികളാണ് ഇന്നും തുടര്‍ന്ന് പോരുന്നതെന്നാണ് വ്യാപകമായ വിശ്വാസം.(3)
വില്വമംഗലം സ്വാമിയാരെ കുറിച്ചുള്ള ഐതീഹ്യം.
സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് പൂര്‍വ്വാശ്രമത്തില്‍ സ്വാമിയാര്‍ ഏതോ ഒരു സ്ത്രീയുടെ കാമുകനായിരുന്നുവത്രെ.
ഒരു ദിവസം അര്‍ദ്ധരാത്രി കഠിനമായി മഴപെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്‍റെ പ്രേമഭാജനത്തെ കാണുവാനുള്ള വെമ്പലോടെ ധൃതിയില്‍ കുതിച്ചൊഴുകുന്ന നദിയില്‍ കണ്ട ഒരു പൊങ്ങുതടിയുടെ പുറത്തുകയറി അക്കരെകടന്നു. നിര്‍ദ്ദിഷ്ടഗൃഹത്തില്‍ അസമയത്ത് ചെന്ന് വാതിലില്‍ മുട്ടി. വാതില്‍ അകത്തുനിന്നും ഭദ്രമായി അടച്ചിരുന്നു. പലതവണ മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതുകൊണ്ട് തിരുമേനി വീടിന്‍റെ രണ്ടാം നിലയിലേക്ക് വള്ളിക്കുടിലില്‍ പടര്‍ന്നു കിടക്കുന്ന ഒരു കയറില്‍ തുങ്ങി ഒരുവിധം അകത്തു പ്രവേശിച്ചു.
ശരീരത്തില്‍ പലഭാഗത്തും രക്തകണങ്ങള്‍ തങ്ങിനില്‍ക്കുന്ന തിരുമേനിയെ കണ്ട് പ്രേയസി പരിഭ്രാന്തയായി. ശരീരത്തിലുണ്ടായിരുന്ന പൂണുനൂല്‍ എവിടെ പോയെന്നവര്‍ ഉദ്വേഗത്തോടെ ചോദിച്ചു. അത് പുഴയിലെങ്ങാനും പോയിട്ടുണ്ടാകണം എന്ന മറുപടികേട്ട് ആ സ്ത്രീ സ്തബ്ധയായി. ഈ അര്‍ദ്ധരാത്രി സമയത്ത് കുലംകുത്തിയൊഴുകുന്ന നദിയെ വെട്ടിമുറിച്ചെങ്ങനെയെത്തി? കടവ് തോണിയുണ്ടായിരുന്നോ? ആരാണ് കടവ് കടത്തിത്തന്നത്? ഈ അസമയത്ത് എങ്ങനെ ഒരു തോണിയുടെ സഹായം പോലുമില്ലാതെ ഈ ശയനമുറിയില്‍ പ്രവേശിച്ചു? പറ്റിപ്പിടിച്ചിരിക്കുന്ന ഈ ചോരത്തുള്ളികള്‍ എങ്ങനെ ശരീരത്തില്‍ തങ്ങാനിടവന്നു.
ബുദ്ധിമതിയും പ്രത്യുല്‍പ്പന്നമതിയുമായ ആ കാമുകിയുടെ ചോദ്യങ്ങള്‍ കേട്ടപ്പോഴാണ് സാഹസികമായ തന്‍റെ ബുദ്ധിമോശത്തെപ്പറ്റി അദ്ദേഹം ഓര്‍ക്കാനിടവന്നത്. അരിപ്പച്ചൂട്ടിന്‍റെ വെളിച്ചത്തില്‍ കടവത്ത് വന്ന് നോക്കിയപ്പോള്‍ തോണിയായി ഉപയോഗിച്ചത് ഒരു സ്ത്രീയുടെ മൃതശരീരമാണെന്ന് ബോദ്ധ്യപ്പെട്ടു. കയറായി പിടിച്ചുകയറാനുപയോഗിച്ചത് ഒരു മലമ്പാമ്പിനെയായിരുന്നു. ആ മലമ്പാമ്പിന്‍റെ ശരീരം ഉരഞ്ഞു പൊട്ടിയതില്‍ നിന്നും നിര്‍ഗ്ഗമിച്ച ചോരത്തുള്ളികളാണ് നെഞ്ചിലും കൈവിരലുകളിലും പറ്റിപ്പിടിച്ചിരിക്കുന്നത്. കഷ്ടം.
അങ്ങയെപ്പോലൊരു വിശിഷ്ടനായ ബ്രാഹ്മണന്‍ ഈ നിലയിലേക്കധപതിച്ചുപോയല്ലോ. എന്നോട് കാട്ടുന്ന ഈ തീവ്രാഭിനിവേശം ജഗതീശ്വരനോടായിരുന്നുവെങ്കില്‍! എങ്കില്‍ അങ്ങേക്ക് ഇഹലോകത്തിലും പരലോകത്തിലും വലിയൊരാളായിത്തീരാന്‍ കഴിയുമല്ലോ. കര്‍ണ്ണാരുന്തുദമായ ആ സ്ത്രീയുടെ വാക്കുകളാണ് ആ ബ്രാഹ്മണ യുവാവില്‍ തീവ്രവൈരാഗ്യത്തിന്‍റെ ബീജാവാപം നടത്തിയത്. ആ അര്‍ധരാത്രി അതേ തീവ്രവൈരാഗ്യത്തോടെ അവിടെനിന്നും എന്നെന്നേക്കുമായി ഇറങ്ങിപ്പോന്ന ബ്രാഹ്മണ യുവാവാണ് പിന്നീട് ഭുവന പ്രസിദ്ധനായ വില്വമംഗലമായി രൂപാന്തരപ്പെട്ടത്.(4)
ഗ്രന്ഥസൂചി
1. കേരളചരിത്രനിഘണ്ടു, പ്രൊഫ. എസ്കെ വസന്തന്‍, നാഷണല്‍ ബുക്ക് സ്റ്റള്‍ കോട്ടയം, പേജ്.155
2. നാരായണീയം, മേല്‍പ്പത്തൂര്‍ നാരായണന്‍ ഭട്ടതിരി, എന്തുകൊണ്ട് വന്നേരി, കൊളാടി ഗോവിന്ദന്‍കുട്ടി, പേജ്. 22,23
3. എന്തുകൊണ്ട് വന്നേരി, കൊളാടി ഗോവിന്ദന്‍കുട്ടിമേനോന്‍, പേജ്.16,17
4. ഗുരുവായൂര്‍ സത്യാഗ്രഹം ڊ ഇ. രാജന്‍, പേജ്.111