ചമ്രവട്ടം ശ്രീ ശാസ്താക്ഷേത്രം

 ചമ്രവട്ടം ശ്രീ ശാസ്താക്ഷേത്രം


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

ചമ്രവട്ടം പാലത്തിന് വടക്കേക്കരക്ക് സമീപം സ്ഥിതിചെയ്യുന്നു. ശംബര മഹര്‍ഷിയുടെ തപസ്സുകൊണ്ട് ധന്യമായ ശംബരവട്ടത്തെ സ്വയംഭൂവായ ശാസ്താവായിട്ടാണ് ഇവിടെ സങ്കല്‍പ്പം. പ്രഭാസത്യക സമേതനായാണ് ശാസ്താവ് ഇവിടെ കുടികൊള്ളുന്നത്. ശംബര മഹര്‍ഷി തപസ്സുചെയ്തിരുന്ന വേളയില്‍ ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് അഞ്ജനശിലയില്‍ സ്വയംഭൂവായി ശാസ്താവ് അവതരിച്ചുവെന്നാണ് ഐതീഹ്യം.

കാവ് സങ്കല്‍പത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശീവേലിയും ഉല്‍സവവും പതിവില്ല. ധനുമാസം ഒന്നാം തിയതി മുതല്‍    11 ദിവസവും പുറത്ത് എഴുന്നള്ളിപ്പുണ്ടാകും. മഴപെയ്യാനും പെയ്യാതിരിക്കാനും ചമ്രവട്ടത്തയ്യന് നാളികേരം വഴിപാട് സമര്‍പ്പിച്ചാല്‍ ഫലം ഉറപ്പാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. കഠിനമായി മഴപെയ്യിക്കാനും മഴയെ താങ്ങി നിര്‍ത്താനും ശക്തിയുണ്ടെന്നും.ഏത് ഇടവപ്പാതിയിലും ചമ്രവട്ടത്തയ്യനെ മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ മഴയുടെ ശല്യമുണ്ടാകില്ല എന്നാണ് വിശ്വാസം.


മഴക്കാലത്ത് ശ്രീകോവില്‍ വെള്ളത്താല്‍ ചുറ്റപ്പെടുമ്പോള്‍ മാത്രമാണ് ദേവന് പ്രകൃതിയുടെ ജലാഭിഷേകം തൃപ്പടി മുങ്ങി ആറാട്ട് എന്നാണ് പറയാറ്. ആറാട്ടിന് പുറത്ത് എഴുന്നള്ളിപ്പില്ല. പുഴവെള്ളം വന്ന് ശ്രീകോവില്‍ പടിയും മുങ്ങുമ്പോള്‍ ദേവന് പ്രകൃതി ആറാട്ട് നടത്തുന്നു. ആറാട്ട് കഴിഞ്ഞ് അടനേദ്യം ഉണ്ടാകും. ഭാരതപ്പുഴയാല്‍ ചുറ്റപ്പെട്ടതാണ് ക്ഷേത്രം. നേദ്യത്തിനും മറ്റും പുഴയിലെ വെള്ളം മാത്രമേ ഉപയോഗിക്കു. വെള്ളം പൊങ്ങിയാല്‍ തോണിയില്‍ ക്ഷേത്രത്തിലെത്തി തോണിയില്‍ ഇരുന്നുതന്നെ പൂജ നടത്തുന്നു. മകരത്തിലെ അനിഴം നാളാണ് പ്രതിഷ്ഠാദിനം. ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, പ്രഭ, സത്യകന്‍, ഭദ്രകാളി, ദുര്‍ഗ്ഗ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. പുഷ്പാഞ്ജലി, നെയ്പ്പായസം, നാളികേരസമര്‍പ്പണം എന്നിവയാണ് മറ്റു വഴിപാടുകള്‍. ക്ഷേത്രത്തിന് ഏകദേശം 3000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അയ്യപ്പ ഭക്തډാരുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണിത്.