ആര്‍ട്ടിസ്റ്റ് നമ്പൂതിരി



ആര്‍ട്ടിസ്റ്റ് നമ്പൂതിരി

ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com




പൊന്നാനിയും നിളയുടെ തീരവും പല നമ്പൂതിരി പ്രതിഭകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ആഗോളപ്രശസ്തനാണ് നമ്പൂതിരി എന്ന പേരില്‍ പുകള്‍പ്പെറ്റ പൊന്നാനിക്കാരുടെ സ്വന്തം ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ചന്തപ്പടിയില്‍ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ തെക്കാണ് കൊല്ലന്‍പ്പടി. ഗതകാലത്ത് തെക്കുവെട്ടുവഴിയെന്നും, വര്‍ത്തമാനകാലത്ത് സൗത്ത് റോഡെന്നും അറിയപ്പെട്ടു. ഇവിടുത്തെ കരുവാട്ട്മനയിലാണ് ജനനം. സാമൂതിരിമാര്‍ക്ക് അരിയിട്ടുവാഴ്ചയും ഉപനയനങ്ങളും നടന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആതവനാട്ടെ മനപോലും പ്രഭാവത്തിന്‍റെ നഷ്ടക്കണക്കുകള്‍ നിരത്തുമ്പോള്‍ വേരുകള്‍ പലയിടത്തും മുളച്ചെങ്കിലും പൂര്‍ണ്ണമായ അസ്തമയം സംഭവിക്കാത്ത അപൂര്‍വ്വം മനകളില്‍ കരുവാട്ട് മന. ഈ മനയിലെ പരമേശ്വരന്‍ നമ്പൂതിരിയുടെയും, ശ്രീദേവി അന്തര്‍ജ്ജനത്തിന്‍റെയും മകനായി 1925 സെപ്റ്റംബര്‍ 13ന് ആയില്യം നക്ഷത്രത്തില്‍ ജനിച്ച  കെ.എം. വാസുദേവന്‍ നമ്പൂതിരി (ഉണ്ണി), വരയൊഴുക്കുകളുടെ അഴകും സൂക്ഷ്മതയും കൊണ്ടാണ് കേരളത്തെ വിസ്മയിപ്പിക്കുന്നത്.


വയലുകളും, തെങ്ങിന്‍തൈകൂട്ടങ്ങളും, ചകിരികുഴികളും, ചതുപ്പുനിലങ്ങളും ഗതാഗതനിബിഡമായ കനോലികനാലും കൂട്ടായ്മയാല്‍ സമൃദ്ധമായ ഒരുകാലഘട്ടത്തില്‍ എഴരപതിറ്റാണ്ട് മുമ്പ് കടവനാട്, കറുകത്തിരുത്തി, തെയ്യങ്ങാട്, പള്ളപ്രം, തൃക്കാവ് ദേശങ്ങളിലെ ഗൃഹാതുരത്വം തുളുമ്പുന്ന പാടവരമ്പുകളിലൂടെയും ഊടുവഴികളിലൂടെയും നടന്നാണ് വരയിലേക്കും രചനയിലേക്കും പടിപടിയായി കയറിയത്.


കിളിക്കൊഞ്ചലുകളും വൃക്ഷലതാദികളും ശിശിരക്കുളമ്പടികളും കാവുകളും പറമ്പുകളും വയലുകളും സമുന്വയിച്ച പൈതൃക തനിമ സംരക്ഷിച്ചിരുന്ന തറവാടുകളും പൊന്നാനിയുടെ സംസ്കൃതിയും സമ്പന്നമായ സംസ്കാരവും തന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി.


ഇല്ലത്തെ ചുമരുകളിലും നിലത്തും കോറിയിട്ട രൂപങ്ങളില്‍നിന്നാണു നമ്പൂതിരി ചിത്രങ്ങളുടെ ആരംഭം. വരച്ചും മായ്ച്ചുമുള്ള ബാല്യകൗമാരങ്ങള്‍ക്കിടയില്‍ വരിക്കശ്ശേരി മനയില്‍നിന്നു കാണാനിടവന്ന പെയിന്‍റിങ്ങുകളും പൂന്തോട്ടം നമ്പൂതിരിയുടെ കോമ്പോസിഷനുകളും പ്രൗഢതയുടെ മുഖമുദ്രയണിഞ്ഞ പൂമുള്ളിമനയും ചുവരുകളും മനസ്സ് നിറച്ചു. ആര്‍ട്ടിസ്റ്റാകണമെന്ന അടങ്ങാത്ത മോഹവും അതിനുള്ള ആസൂത്രണവും ചെറുപ്പത്തിലുണ്ടായിരുന്നില്ല. അച്ഛന്‍റെ ഗ്രന്ഥശേഖരത്തിലെ മൈക്കാളാഞ്ചലോവും ഡാവിഞ്ചിയും ഇളം മനസ്സില്‍ സ്ഥാനം പിടിച്ചു. 


കാര്യങ്ങളെല്ലാം മുറപോലെ നീങ്ങിയപ്പോള്‍ അനുകരണമല്ല കല എന്ന തിരിച്ചറിവോടെയാണു മദ്രാസ് സ്ക്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റില്‍ ചേര്‍ന്നത്. കോമേഴ്സല്‍ ആര്‍ട്സ് ഫൈന്‍ ആര്‍ട്സ് പെയിന്‍റിങ്ങില്‍ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ പാസ്സായി. കെ.സി.എസ്സ്. പണിക്കരുടെ ശിക്ഷണത്തിലായതു സുകൃതം. അന്നും ഇന്നും പണിക്കരെ ഗുരുവെന്നാണു ആദരപൂര്‍വ്വം ഉച്ചരിക്കുന്നത്. നമ്പൂതിരി ആര്‍ട്ടിസ്റ്റായിതന്നെ തുടരണമെന്ന് ഗുരുവിന് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. അതിനുള്ള വഴിയും കണ്ടെത്തിയിരുന്നു. ചോളമണ്ഡലം ഗ്രാമത്തില്‍ ഗുരുവിന്‍റെ കീശയില്‍ നിന്നും പണംകൊടുത്ത് ശിഷ്യന്‍റെ പേരില്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തു. നമ്പൂതിരി പിന്നീടാണ് പണം ഗുരുവിനെ ഏല്‍പ്പിച്ചത്.


എ.വി. ഹൈസ്ക്കൂള്‍ മുറ്റത്തെ ഇടശ്ശേരി മാവിന്‍റെ ശീതളഛായയും ഇളം തെന്നലും സാംസ്കാരിക കൂട്ടായ്മയും തന്‍റെ വരകള്‍ക്ക് മാനവികത നല്‍കി.  നമ്പൂതിരി ഇവിടെ ബ്രഷ്കൊണ്ട് കോറിയിട്ടപ്പോള്‍ വള്ളത്തോള്‍ നാരായണമേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, ഉറൂമ്പ് പി.സി. കുട്ടികൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം വാസുദേവന്‍ നമ്പൂതിരി, എം. ഗോവിന്ദന്‍, കടവനാട് കുട്ടികൃഷ്ണന്‍, സി. രാധാകൃഷ്ണന്‍ തുടങ്ങിയ സാഹിത്യ പ്രതിഭകള്‍ വാക്കുകള്‍കൊണ്ടും തൂലികകൊണ്ടും ചിത്രങ്ങള്‍ വരച്ചു. 


ശിഷ്യന്മാരില്‍ വേറിട്ടു സഞ്ചരിച്ച നമ്പൂതിരി, പണിക്കരെ കുറിച്ചു സംസാരിക്കുമ്പോള്‍ വാചാലനാകുന്നു. ആദ്യമൊക്കെ പണിക്കര്‍ ശൈലി അവിടേയും ഇവിടേയും അനുകരിച്ചെങ്കിലും ക്രമേണ സ്വന്തമായൊരു പാത വെട്ടിത്തെളിച്ചു. മാര്‍ഗ്ഗ തടസ്സമില്ലാതെ ഈ രാജപാതയിലൂടെയുള്ള സഞ്ചാരത്തിലൂടെ കൈരളിയുടെ നെറുകെയില്‍ കയറിനില്‍ക്കുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ പറ്റിയില്ലെങ്കിലും തുടര്‍ച്ചയായി നാലുവര്‍ഷത്തെ സംസ്കൃത പഠനത്തിന്‍റെയും നാട്ടറിവിന്‍റെയും ലോകവിജ്ഞാനത്തിന്‍റെയും പിന്‍ബലമുണ്ട്. 

അദ്ദേഹത്തിന്‍റെ ചില കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ എവിടെയോ എപ്പോഴോ കണ്ടുമുട്ടിയ മുഖമാണെന്ന് തോന്നാം. കൂടുതല്‍ പിറകിലേക്ക് ഓര്‍ത്താല്‍ ആ രൂപം താനേ തെളിഞ്ഞുവരും. വി.കെ.എന്‍. കഥാപാത്രങ്ങളെ ജനകീയമാക്കുന്നതില്‍ നമ്പൂതിരി വരകള്‍ മുഖ്യ പങ്ക് വഹിച്ചു. വരകളുടെ പരമശിവനെന്നാണ് വി.കെ.എന്‍. അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേരളത്തിലെ പ്രശസ്തരായ തകഴി, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ എഴുത്തുകാരെല്ലാം നോവലുകള്‍ക്കും പരമ്പരകള്‍ക്കും നമ്പൂതിരിയെകൊണ്ട് വരപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍ കൂടുതല്‍ ലഭിച്ചത് രണ്ടാംമൂഴത്തിലെ വരകള്‍ക്കാണ്. ഭീമന്‍ സൃഷ്ടിച്ച വിപ്ലവം അപാരംതന്നെ.


കാലത്തിന്‍റെ ചുമരുകളില്‍ പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ പകര്‍ത്തുന്ന നമ്പൂതിരിയുടെ രചനകള്‍ നീട്ടിയും കുറുക്കിയും താളലയങ്ങള്‍ തീര്‍ക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങളുടെ കാലപരിധി പതിറ്റാണ്ടുകള്‍ക്കും പുരുഷായുസ്സിനും നൂറ്റാണ്ടിനും അപ്പുറമാണ്. ഭാഷാപോഷിണിയിലെ രേഖകള്‍ എന്ന പരമ്പരയിലൂടെ നമ്പൂതിരി സ്വന്തം ജീവിതത്തിന്‍റെ നേര്‍കാഴ്ച വരച്ചുകാട്ടിത്തന്നു. പുകള്‍പ്പെറ്റ ദേവപ്രസാദ് റോയിയും ധനപാലും അദ്ദേഹത്തിന്‍റെ കരിയറിനെ സ്വാധീനിപ്പിച്ചു. 


ഡി.സി. ബുക്സ് പുറത്തിറക്കിയ മഹാഭാരതത്തിന്‍റെ മുഴുവന്‍ വാള്യങ്ങളുടെ പുറംചട്ടയുടെ മേനിയഴക് നമ്പൂതിരിയ്ക്ക് അവകാശപ്പെട്ടതാണ്. ചെമ്പുതകിടുകളില്‍ ലോഹഭാരതവും അവസാനത്തെ അത്താഴവും അതേ ഫ്രെയിമില്‍തന്നെ ബുദ്ധനും ക്രിസ്തുവും ഗാന്ധിയും തുടങ്ങിയ കലാ സൃഷ്ടികളും നമ്പൂതിരി ലിഖിതം തന്നെ.  


പ്രായാധിക്യത്തിന്‍റെ ചര്‍മ്മചുളിച്ചിലുകളും നരയും ആലസ്യവും വക വെയ്ക്കാതെ അവയെ വരച്ച വരയില്‍ നിര്‍ത്തി തനിക്ക് ലഭിച്ച വരദാനം കലാകേരളത്തിനകത്തും പുറത്തും സമര്‍പ്പിച്ച് അവിശ്രമം സസന്തോഷം നമ്പൂതിരി വരവരയ്ക്കുകയാണ്. നവതി ആഘോഷ ദിനത്തില്‍പ്പോലും പതിവ്തെറ്റിച്ചില്ല.


കോഴിക്കോട് മാതൃഭൂമി പത്രത്തില്‍ ജോലിചെയ്യുന്ന കാലംമുല്‍ ആരംഭിച്ച എം.ടി. വാസുദേവന്‍നായരുമായുള്ള സുദൃഢബന്ധം അവിരാമം തുടരുന്നു. മാതൃഭൂമിയിലെ നാണിയമ്മയും ലോകവും എന്ന പംക്തി, ജി. അരവിന്ദന്‍റെ ഉത്തരായനം സിനിമയുടെ കലാസംവിധാന പുരസ്ക്കാരം 2003-ലെ രാജാ രവിവര്‍മ്മ അവാര്‍ഡ് തുടങ്ങിയ പല ബഹുമതിളും നമ്പൂതിരിയെ തേടിയെത്തി. ചിത്രകലാരംഗത്ത് ഭാരതത്തിന്‍റെ നെറികയില്‍ അജയനായി തുടരുന്നു.