10. കൈരളിയും അറബി മലയാളവും

10.  കൈരളിയും 
അറബി മലയാളവും

 

ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



 

    വ്യാപാരസമൂഹമായും ഇസ്‌ലാം മത പ്രചാരണാര്‍ത്ഥവും അല്ലാതെയും ചെന്നെത്തിയ രാജ്യങ്ങളിലെല്ലാം തദ്ദേശീയ ഭാഷകള്‍ അറബി ലിപിയില്‍ ആശയ വിനിമയം നടത്തുന്ന സംമ്പ്രദായം അറബികള്‍ക്കുണ്ടായിരുന്നു. ഇതില്‍ നിന്നാണ് ഇന്ന് കേരളത്തില്‍ വ്യാപകമായി പ്രചുര പ്രചാരം നേടിയ മാപ്പിള പാട്ടുകളുടെ മൂല ഭാഷയായ അറബി-മലയാളത്തിന്‍റെ ആവിര്‍ഭാവം. എഴുത്ത് അറബിയിലും വായന മലയാളത്തിലുമായ ഭാഷാസാഹിത്യമാണല്ലോ അറബി-മലയാളം.  മലയാളം ആര്യനെഴുത്തായും ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് നരക ഭാഷയായും ഭൂരിഭാഗം മുസ്‌ലിംകളും കരുതിയിരുന്ന ഒരു കാലത്ത് അറബി-മലയാളം മലബാര്‍ മുസ്‌ലിംകളില്‍ വ്യാപക പ്രചാരം നേടിയിരുന്നു. അച്ചടി വിദ്യ വികസിക്കാത്ത കാലത്ത് പോലും മലബാര്‍ മുസ്‌ലിംകളില്‍ തൊണ്ണൂറ് ശതമാനവും ഈ ഭാഷയില്‍ സാക്ഷരതരായിരുന്നു. അച്ചടി വ്യാപകമായതോടെ നിരവധി ഗദ്യ പദ്യ കൃതികള്‍ അറബി മലയാള സാഹിത്യ വിഭാഗത്തിലുണ്ടായി. ദൈനം ദിനം ജീവിത പരമാര്‍ശിതമായ ധാരാളം ഗാനങ്ങളും കവിതകളും പ്രചരിച്ചു. ബംഗാളി, സിന്ധി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി പല ഇന്ത്യന്‍ ഭാഷകളോടും  അറബി ഭാഷ ചേര്‍ന്ന് മിശ്രിത ഭാഷ രൂപപ്പെട്ടിട്ടുണ്ട്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ഇരുപതാം വയസ്സില്‍ 1872 ല്‍  രചിച്ച തീക്ഷ്ണമായ പ്രേമവും വിരഹവും കലര്‍ന്ന പ്രസിദ്ധ കാവ്യസമാഹാരം 'ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍' അറബി, പേര്‍ഷ്യന്‍, മലയാളം, തമിഴ്, കന്നട, ഉറുദു, ഹിന്ദി ഭാഷകളിലെ പദങ്ങള്‍ ഇഴുകി ചേര്‍ന്നതാണ്. 

    അറബി മലയാളത്തിന്‍റെ പല രചനകളിലും  അറബി-മലയാള   വാക്കുകള്‍ക്കാണ് പ്രാമുഖ്യം. പണ്ഡിത ശ്രേഷ്ഠനും ദാര്‍ശനികനും ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ടണ്ട് മുമ്പ് നികുതി നിസ്സഹകരണത്തിന് ആഹ്വാനം നല്‍കി ധീര ദേശാഭിമാനിയുമായ വെളിയംകോട് ഉമര്‍ ഖാസിയുടെ പ്രസിദ്ധമായ നമസ്‌കാര സമയ നിര്‍ണ്ണയ അടികണക്ക് ബൈത്തിലെ ചിലവരികളിതാ 

മേടം വ ചിങ്ങം രണ്ടിലും സമാനിയ

ഫീ ഇടവമീനം കര്‍ക്കിടത്തില്‍ താസിആ

മിഥുനം വ കന്നി രണ്ടിലും ഒമ്പതര-

കുഭംതുലാം അഖ്ദാമുദൈനീ പത്തര

വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാല്‍

പതിനൊന്നേമുക്കാള്‍ ഫീ ധനുമാസം യുകാല്‍.


        ( അടിവരയിട്ട പദങ്ങള്‍ അറബിയാണ് )

    ഈ കണക്കനുസരിച്ചായിരുന്നു ഒരു കാലത്ത് കേരളത്തിലെ മിക്ക പള്ളികളിലും അസര്‍ നമസ്‌കാര സമയം നിര്‍ണയിച്ചിരുന്നത്. പിന്നീട് ഘടികാര സമയത്തിലേക്ക് മാറിയെങ്കിലും പൊന്നാനി വലിയ ജുമാഅത്ത് പള്ളിയടക്കം ചില പള്ളികളില്‍ ഈ പൈതൃകം ഇപ്പോഴും തുടര്‍ന്ന് വരുന്നു. 

    മലളയാളക്കരയില്‍ പറങ്കികളുടെ അധിനിവേശ തകര്‍ച്ചക്ക് ആരംഭം കുറിച്ച ക്രി. വ. 1571ലെ ചാലിയം യുദ്ധം വിശദീകരിക്കുന്ന വിഖ്യാത കൃതി ഫതഹുല്‍ മൂബീനിന്‍റെ കര്‍ത്താവ് പണ്ഡിതന്‍ കോഴിക്കോട് ഖാസി മുഹമ്മദ് 1607 ല്‍ രചിച്ച മുഹിയദ്ധീന്‍ മാലയാണ് കണ്ടണ്ടറിവനുസരിച്ച് ആദ്യത്തെ അറബി മലയാള കൃതി. ഈ കൃതി എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണത്തെക്കാള്‍ അഞ്ച് വര്‍ഷം മുമ്പാണ് രചിച്ചത്. അറബി-മലയാള ഭാഷാ സാഹിത്യം വളര്‍ന്ന് വികസിച്ചതില്‍ മഖ്ദൂമിയന്‍ കളരിക്ക് സുപ്രധാന പങ്കുണ്ട്. മലയാളത്തിലെ ലക്ഷണമൊത്ത  ആദ്യ നോവലായ അപ്പു നെടുങ്ങാടിയുടെ ക്രി.വ. 1887 ല്‍ പ്രസിദ്ധീകൃതമായ കുന്ദലതക്ക് നാല് വര്‍ഷം മുമ്പ് അറബി മലയാള നോവലായ ചാര്‍ ദര്‍വേശ് പിറവിയെടുത്തിരുന്നു. ഇന്ന് ഈ ഭാഷക്ക് പ്രസക്തി ഇല്ലെങ്കിലും സുന്നി മദ്രസ്സകളിലെ പ്രൈമറി ക്ലാസുകളില്‍ പഠനമാധ്യമം അറബി-മലയാള ആണ്. മലയാള സര്‍വകലാശാലയില്‍ അറബി-മലയാളത്തിന് പ്രത്യേക പഠന വിഭാഗം ആരഭിക്കണമമന്നാണ് പ്രസിദ്ധ സിനിമാ സംവിധായകന്‍ കമലിന്‍റെ നിര്‍ദ്ദേശം.