2. കേരളവും ഇസ്‌ലാം മതപ്രചരണവും




 2. കേരളവും ഇസ്‌ലാം മതപ്രചരണവും





ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


    പ്രാചീനകാലം മുതല്‍ അറബികളും ബൗദ്ധരും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ തീര്‍ത്ഥാടക കേന്ദ്രമാക്കിയ പുണ്യസ്ഥലമായിരുന്നു സിലോണിലെ ആദംമല. ഇസ്‌ലാംമത ആവിര്‍ഭാവത്തോടെ മുസ്‌ലിംകളും അവിടെ സന്ദര്‍ശകരായി എത്തിത്തുടങ്ങി. അക്കാലത്ത് കേരളം ചേരമാന്‍ പെരുമാക്കന്‍മാരുടെ ഏകീകൃതഭരണത്തിന്‍ കീഴിലായിരുന്നു. ശക്രോത്ത് പള്ളിബാണര്‍, കുലശേഖരന്‍, ചേരമാന്‍ എന്നീ രാജാക്കന്മാര്‍ പെരുമാള്‍ വംശത്തിലെ പ്രസിദ്ധരായ ഭരണാധികാരികളായിരുന്നു.

  അതുലന്‍റെ മൂശകവംശത്തിലെ പാലകന്‍ ഒന്നാമനാണ് പള്ളിബാണപ്പെരുമാള്‍. ഇദ്ദേഹത്തിന്‍റെ ഭരണകാലത്ത് അറേബ്യയില്‍ നിന്നുള്ള ഒരു മുസ്‌ലിം നിവേദക സംഘത്തിന്‍റെ കപ്പല്‍ ശ്രീലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ കൊടുങ്ങല്ലൂരില്‍ കരക്കണഞ്ഞു. ശൈഖ് സഹീറുദ്ദീനുബ്‌നു തഖ്‌യുദ്ദീനും മറ്റു രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദംമല സന്ദര്‍ശിക്കുകയും മതപ്രചരണം നടത്തുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇവരാണ് കേരളത്തിലെ പ്രഥമ മുസ്‌ലിം മിഷണറിമാര്‍.

    സംഘത്തിന്‍റെ സാന്നിദ്ധ്യമറിഞ്ഞ ബാണപ്പെരുമാള്‍ അവരെ രാജധാനിയിലേക്ക് ക്ഷണിച്ചു. ആഗമനോദ്ദേശ്യം ആരാഞ്ഞു. തീര്‍ത്ഥാടനവും ഇസ്‌ലാംമത പ്രബോധനവുമാണ് തങ്ങളുടെ മുഖ്യ ദൗത്യമെന്ന് അറിയിച്ചു. അവരില്‍നിന്ന് മുഹമ്മദ്‌നബിയെയും ഇസ്‌ലാമിനെയും കുറിച്ച് കൂടുതല്‍ ഗ്രഹിക്കാന്‍ ഇടവന്ന രാജാവ് മടക്കയാത്രയില്‍ താനും കൂടെ മക്കത്തേക്ക് വരാമെന്ന് അറിയിച്ചു. തിരിച്ചെത്തിയ പ്രബോധക സംഘത്തോടൊപ്പം പെരുമാളും വിശ്വസ്തരായ ചില മന്ത്രിമാരും പ്രമുഖരുമുള്‍പ്പെടെയുള്ള ഒരു സംഘം യാത്രയ്ക്കുള്ള സര്‍വ്വ സന്നാഹങ്ങളും ഒരുക്കി. രാജാവ് തന്‍റെ സഹോദരിയായ ശ്രീദേവിയെ കണ്ട് അനുവാദം വാങ്ങിക്കുകയും അവരുടെ മകനായ കോഹിനൂര്‍ രാജകുമാരനും തന്‍റെ വിശ്വസ്തരായ ചാലിയം സ്വദേശികളായ മുസ്ത മദ്ദുക്കാത്, നീലിനിശാദ്, ശാഥിപാദ്, നീലിശിനാദ് എന്നീ നാലുപേരും ഉള്‍പ്പെടെ തന്‍റെ കുടുംബാംഗങ്ങളും സന്തത സഹചാരികളും രാജാവിനോടൊപ്പം അനുഗമിച്ച സംഘം ക്രി. 628 (ഹി: 06 )ല്‍ ജിദ്ദയിലെത്തി. പ്രവാചക സന്നിധിയിലെത്തിയ അവര്‍ക്ക് ഹാര്‍ദ്ദവമായ സ്വീകരണം ലഭിച്ചു. മുസ്‌ലിമായതിനുശേഷം പെരുമാളിന് പ്രവാചകന്‍ താജുദ്ദീന്‍ ഹിന്ദ് എന്ന പേരുവിളിച്ചു.

          പെരുമാളിനേയും സംഘത്തേയും യമനിലെ ഭരണാധികാരിയായിരുന്ന മാലിക്ബ്‌നുഹബീബ് തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടു പോവുകയും അവിടെ നാലുവര്‍ഷം കഴിച്ചുകൂട്ടിയ പെരുമാള്‍ അതിനിടയില്‍ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ നന്നായി പഠിച്ചു. മാലിക്ബിനു ഹബീബിന്‍റെയും മാലിക്ബ്‌നു ദിനാറിന്‍റെയും കുടുംബാംഗമായ റഹ്ബിയയെ പെരുമാള്‍ വിവാഹം ചെയ്തു. തുടര്‍ന്ന് സ്വദേശത്തേക്ക് മടക്കയാത്രയ്ക്ക് ഒരുങ്ങുകയും ഹബീബ്‌നു മാലിക്‌നോടൊപ്പം യാത്ര തിരിക്കുകയും യാത്രാമദ്ധ്യേ ഷഹര്‍മുക്കല്ലയിലെത്തിയ രാജാവ് രോഗബാധിതനായി അവിടെവെച്ച് ഹി.11ല്‍ ഇഹലോകവാസം വെടിഞ്ഞു. താന്‍ മരണപ്പെട്ടാലും നിങ്ങള്‍ മലബാറിലേക്ക്‌പോയി ഇസ്‌ലാമിക പ്രബോധനം നടത്തണമെന്ന് തന്‍റെ വിയോഗത്തിന് മുമ്പ് രാജാവ് നിര്‍ദ്ദേശിച്ചിരുന്നു. അതിനുവേണ്ടുന്ന ഉപദേശനിര്‍ദ്ദേശങ്ങള്‍ വസ്വിയത്തായി നല്‍കിയ പെരുമാള്‍ മലബാറിലെ ഭരണാധികാരിക്ക് നല്‍കാനായി ഒരു സന്ദേശവും സംഘത്തെ ഏല്‍പ്പിച്ചിരുന്നു.

         രാജാവിന്‍റെ ആകസ്മിക  വിയോഗം സംഘത്തെ അഗാധ ദുഃഖത്തിലാഴ്ത്തി. തുടര്‍ന്ന് പതിനാല് വര്‍ഷത്തോളം അവര്‍ അവിടെ പാര്‍ത്തു. ഇസ്‌ലാംമതം സ്വീകരിച്ച കേരളീയരായ കോഹിനൂര്‍ സൈഫുദ്ദീന്‍ മുഹമ്മദലി, ഹാജി മുസ്തമദുകാദ് അലി കാജ, ഹാജി നീലിനിശാദ് അഹമ്മദ്കാജ, ആലി നീലിശിനാദ് ഉസ്മാന്‍കാജ, ഹാജി സാദിബാദ് ഹസ്സന്‍കാജ  എന്നിവരും മാലിക്ബ്‌നു ദീനാറും, ശറഫുബ്‌നു മാലിക്കും, പുത്രനായ മാലിക്ബ്‌നു ഹബീബും മാലിക്ബ്‌നു ദീനാറിന്‍റെ പുത്രന്മാരായ ഹബീബ്, തഖിയുദ്ദീന്‍, മൂസ, ഉമര്‍, മുഹമ്മദ്, അലി, അബ്ദുറഹിമാന്‍, ഹുസൈന്‍, ഇബ്രാഹിം, ഹസ്സന്‍ എന്നിവരും  പുത്രിമാരായ ഫാത്തിമ, ആയിശ, സൈനബ, തനീറത്ത്, ഹലീമ, മാലിക്ബ്‌നു ഹബീബിന്‍റെ ഭാര്യ ഖമരിയയും സന്താനങ്ങളും, ബന്ധുക്കളില്‍ ഏതാനുംപേരും, ഇരുപത്തിരണ്ട് മതപണ്ഡിതന്മാരും ഉള്‍പ്പെടെ നാല്‍പ്പത്തിനാല് പേരടങ്ങുന്ന പ്രബോധകസംഘം ഹി: 21 (ക്രി: 642) ല്‍ ഇന്ത്യയിലേക്ക് യാത്രതിരിച്ചു. രണ്ട് കപ്പലുകളിലായി പുറപ്പെട്ട യാത്രാസംഘത്തിലെ തക്‌യുദ്ദീന്‍റെ നേതൃത്വത്തിലുള്ള ഒരു കപ്പല്‍ തമിഴ്‌നാട്ടിലെ കായല്‍പട്ടണത്ത് കരയ്ക്കണഞ്ഞു. വ്യാപാരത്തിനായി ആദ്യമെ അവിടെയെത്തിയിരുന്ന അറബി- മുസ്‌ലിംകളെയും നാമമാത്ര തദ്ദേശീയരേയും  ഉള്‍പ്പെടുത്തി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. 

    മറ്റൊരു കപ്പല്‍ മാലിക്ബ്‌നുദിനാറിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലെത്തി. അന്നത്തെ ഭരണാധികാരിയെ മുഖം കാണിച്ചു. സന്ദേശം കൈമാറി സംഘത്തെ ആഥിത്യമര്യാദ അനുസരിച്ച് ആദരിക്കുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചു. രാജാവിന്‍റെ കോവിലകത്തിനടുത്ത് ഹി:21 റജബ് 11 (ക്രി. 642 ജൂണ്‍ 16) തിങ്കളാഴ്ച്ച ഇന്ത്യയിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചു. മുഹമ്മദ്ബ്‌നു മാലിക്ബ്‌നു ഹബീബാണ് ഇവിടത്തെ ആദ്യത്തെ ഖാസി. പള്ളി നിര്‍മ്മാണത്തിനാവശ്യമായ കല്ലും മരവും സാധനസാമഗ്രികളും വിദഗ്ദരായ ആശാരിമാരേയും ജോലിക്കാരേയും മേസ്ത്രിമാരേയും നല്‍കിയത് കൊടുങ്ങല്ലൂര്‍ രാജകൊട്ടാരത്തില്‍ നിന്നായിരുന്നു. 

    മാലിക്ബ്‌നുദീനാറും അനുചരന്മാരും മുതല്‍ ഇവിടെ വന്ന മുഴുവന്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കും അറേബ്യന്‍ വ്യാപാര സമൂഹത്തിനും അതത് കാലത്തെ ഹൈന്ദവ ഭരണകര്‍ത്താക്കളില്‍ നിന്നും തദ്ദേശീയരില്‍ നിന്നും ആത്മാര്‍ത്ഥമായ പ്രോത്സാഹനവും ആദരവും അംഗീകാരവും ലഭിച്ചതും, വര്‍ഷംതോറും ഇവിടെയെത്തിയിരുന്ന അറേബ്യന്‍ കച്ചവടക്കാരുടെയും പ്രബോധക സംഘത്തിന്‍റെയും  പിന്തുണയും ഹേതുവായി അധികം വൈകാതെ കേരളത്തിലും സൗഹാര്‍ദ്ദ പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ഇസ്‌ലാം മതം പ്രചരിച്ചു. 

    മാലിക്ബ്‌നു ദീനാറിനോടൊപ്പം ഹബീബുബ്‌നു മാലികാണ് ആദ്യകാല ഇസ്‌ലാംമത പ്രചരണത്തിന് നേതൃത്വം നല്‍കിയ മുഖ്യ സൂത്രധാരകന്‍. തുടര്‍ന്ന് മാലിക്ബ്‌നു ഹബിബും ഭാര്യയും ചില സന്താനങ്ങളും തങ്ങളുടെ സമ്പാദ്യവുമായി കൊയിലാണ്ടികൊല്ലത്തേക്ക് പോയി ഹി. 21 റമളാന്‍ 27 (ക്രി. 642 ആഗസ്റ്റ് 30)ന് വെള്ളിയാഴ്ച്ച പള്ളി പണിത ശേഷം ഭാര്യയേയും മക്കളേയും അവിടെ പാര്‍പ്പിച്ച് തന്‍റെ ദൗത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പിന്നീട് അദ്ദേഹം കണ്ണൂരില്‍നിന്ന് 25കിലോമീറ്റര്‍ വടക്ക്കിഴക്ക് കടല്‍ തീരപ്രദേശമായ ഏഴിമലയിലേക്കു യാത്രതിരിച്ചു. ഹി.21  ദുല്‍ഹജ്ജ് 10 (ക്രി. 642 നവംബര്‍ 8)ന് വ്യാഴാഴ്ച മാടായിയിലും, ഹി.22 റബിഉല്‍അവ്വല്‍ 10 (ക്രി. 643 ഫെബ്രുവരി 6)ന് വ്യാഴാഴ്ച്ച ബടുക്ക(ബര്‍ക്ക)ലും, ഹി. 22 ജമാദുല്‍ അവ്വല്‍ 27(ക്രി. 643 ഏപ്രില്‍ 23)ന് വെള്ളിയാഴ്ച്ച മംഗലാപുരത്തും, ഹി. 22 റജബ് 18 (ക്രി. 643 ജൂണ്‍ 12)ന് തിങ്കളാഴ്ച്ച കാസര്‍ക്കോടും, ഹി. 22 ശഅബാന്‍ 1 (ക്രി. 643 ജൂണ്‍ 21)ന്  വ്യാഴാഴ്ച്ച ശ്രീകണ്ഠപുരത്തും, ഹി.22 ശഅബാന്‍ 29 (ക്രി. 643 ജൂലായ് 23)ന് വ്യാഴാഴ്ച്ച ധര്‍മ്മടത്തും, ഹി. 22 ശവ്വാല്‍ 21 (ക്രി. 643 സെപ്തംബര്‍ 11)ന് വ്യാഴാഴ്ച്ച ചാലിയത്തും, ഹി.22 ശവ്വാല്‍ 29  (ക്രി. 643 സെപ്തംബര്‍ 18)ന് വ്യാഴാഴ്ച്ച കൊയിലാണ്ടി പന്തലായനിയിലും പള്ളികള്‍ സ്ഥാപിച്ചു.

    ഖാളി ഹസനുബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ കൊയിലാണ്ടിക്കൊല്ലത്തും, ഖാളി അബ്ദുറഹിമാനുബ്‌നു മാലിക് ബ്‌നു ഹബീബുല്‍ അന്‍സാരിയെ മാടായിയിലും, ഖാളി ഇബ്‌റാഹീമുബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ബട്കലും, ഖാളി മൂസബ്‌നുല്‍ മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ മംഗലാപുരത്തും, ഖാളി മാലിക്ബ്‌നു മുഹമ്മദ്ബ്‌നു മാലിക് ബ്‌നു ഹബീബിനെ കാസര്‍ക്കോടും, ഖാളി ശഹാബുദ്ദീന്‍ ഉമര്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ശ്രീകണ്ഠപുരത്തും, ഖാളി ഹുസൈന്‍ബ്‌നു മുഹമ്മദ്ബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ധര്‍മ്മടത്തും, ഖാളി സൈനുദ്ദീനുബ്‌നു മുഹമ്മദ്ബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ചാലിയത്തും, ഖാളി സഅദുദ്ദീന്‍ ഇബ്‌നു മാലിക് ബ്‌നു ഹബീബുല്‍ അന്‍സാരിയെ കൊയിലാണ്ടി പന്തലായനിയിലും യഥാക്രമം ഖാസിമാരായി നിയമിച്ചു. ഖാസിമാരുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി മാലിക്ബ്‌നു ഹബീബ് ഹി. 24 റജബ് 11 (ക്രി. 645 മെയ് 13)ന് വ്യാഴാഴ്ച്ചയും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി പിറ്റേ ദിവസം വെള്ളിയാഴ്ച്ചയും ഇഹലോകവാസം വെടിഞ്ഞു. ഇരുവരും അന്ത്യവിശ്രമം കൊള്ളുന്നത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയിലാണ്.

    ക്രമാനുഗതമായി പൊന്നാനി, പുതുപൊന്നാനി, കാവില്‍ പട്ടണം, തേങ്ങാപ്പട്ടണം, കൊളച്ചാല്‍, പൂവാര്‍പ്പട്ടണം, തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, പള്ളുരുത്തി, ചിറ്റൂര്, ചാവക്കാട്, താനൂര്, തിരൂര്‍, പരപ്പനങ്ങാടി, ഉള്ളാള്‍, പുതിയങ്ങാടി, തലശ്ശേരി, പെരിങ്ങാടി, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ക്കൂടി പള്ളികള്‍ നിലവില്‍ വരികയും ഖാസിമാര്‍ നിയമിതരാവുകയും ചെയ്തു. ദൗത്യ നിര്‍വ്വഹണത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങിയ മാലിക്ബ്‌നു ദീനാര്‍ ഹി. 35 (ക്രി. 645)ല്‍  ഖുറാസാനില്‍വെച്ച് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ഇഹലോകവാസം വെടിഞ്ഞു.

    ഇസ്‌ലാമിന്‍റെ വ്യാപനത്തോടെ ഹിജ്‌റ: രണ്ട്, മൂന്ന് നൂറ്റാണ്ടുകളില്‍ അറേബ്യയില്‍നിന്ന് ആദംമല സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ പൂര്‍വ്വോപരി കൂടുതലായി എത്തിയിരുന്നു. യാത്രയ്ക്കിടയില്‍ മിക്കപ്പോഴും അവര്‍ ഇടത്താവളമാക്കിയത് മലബാറായിരുന്നു. പെരുമാന്മാരുടെ ഭരണത്തിന്‍റെ അവസാനഘട്ടമായിരുന്നു ഇത്. മൂന്ന് വ്യാഴവട്ടക്കാലം ഭരണം നിലനിന്നു. ഇതിനിടയില്‍ രാജ്യത്തിന്‍റെ പലയിടത്തും ഹിംസയും അരാജകത്വവും നടമാടിയതിനെ തുടര്‍ന്ന് മനംനൊന്ത പ്രജാതല്‍പ്പരനായ അവസാനത്തെ പെരുമാള്‍ മനഃശാന്തി തേടുന്ന സമയത്താണ് ഇവിടെ സന്ദര്‍ശനത്തിനായെത്തിയ അറേബ്യയിലെ ഇറാക്കിലെ കൂഫാ സ്വദേശികളായ ശൈഖ് അലിയെയും സംഘത്തെയും കണ്ടുമുട്ടുന്നതും ഇസ്‌ലാമിനെപ്പറ്റി കൂടുതല്‍ ഗ്രഹിക്കാന്‍ സാദ്ധ്യമാവുന്നതും.

        രാജ്യം സാമന്തര്‍ക്ക് വീതിച്ചുകൊടുത്ത അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം ആശ്ലേഷിച്ച് അബ്ദുറഹിമാന്‍ സാമിരി എന്ന പേര് സ്വീകരിച്ച് ക്രി.വ. : 825ല്‍ മക്കായിലേക്ക് യാത്ര തിരിച്ചു. ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ പഠിച്ചതിനുശേഷം ക്രി : 827 (ഹി :212)ല്‍ ഒമാനിലെ ളുഫാറിലെത്തി. ക്രി.വ. : 832ല്‍ അവിടെ ഇഹലോകവാസം വെടിയുകയും ചെയ്തു. ളുഫാറിലെ ബാമിരി മസ്ജിദിലാണ് അദ്ദേഹത്തിന്‍റെ ഖബറിടം.

        കേരളത്തിലെ ആദ്യകാല പതിനെട്ട് പള്ളികളെയും ഖാസിമാരെയും മുഹമ്മദ്ഇബ്‌നു ഉമര്‍ സുഹ്ര്‍വര്‍ദി തന്‍റെ റിഹ്‌ലത്തുല്‍ മുലൂക്ക് എന്ന കൃതിയിലൂടെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ.

    1. ഖാസിജഅ്ഫറുബ്‌നുസുലൈമാന്‍(ചാലിയം)

    2. ഖാസിഅബ്ദുല്ലാഹ്ബ്‌നുദീനാര്‍(കൊല്ലം)

    3. ഖാസിഅജ്ഫറുബ്‌നുമാലിക് (മാഹി, ചോമ്പാല്‍)

    4. ഖാസിഹബീബ്‌നുമാലിക്(മാഹി, പെരിങ്ങാടി,തലശ്ശേരി)

    5. ഖാസിഹസ്സനുബ്‌നുമാലിക് ( ധര്‍മ്മടം, കണ്ണൂര്‍)

    6. ഖാസിഅബ്ദുല്ലാഹ്ബ്‌നുമാലിക് (ഏഴിമല, പുതിയങ്ങാടി)

    7. ഖാസിജാബറുബ്‌നുമാലിക് (കാസര്‍കോഡ്, ഉള്ളാളം)

    8. ഖാസിഅബ്ദുല്‍ഹമീദ്ബ്‌നുമാലിക്( മംഗലാപുരം)

    9. ഖാസിഅലിയ്യുബ്‌നുജാബിര്‍( താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി)

    10. ഖാസിഅബ്ദുല്‍മജീദ്ബ്‌നുമാലിക്( പൊന്നാനി, പുതുപൊന്നാനി)

    11. ഖാസിജുബൈറുബ്‌നുഹാരിസ്( ചാവക്കാട്)

    12. ഖാസിഹമ്മാദ്( കൊച്ചി, പള്ളുരുത്തി, ചിറ്റൂര്‍)

    13. ഖാസിമൂസഅ്ബ് ( ആലപ്പുഴ)

    14. ഖാസിആസിം (കൊല്ലം)

    15. ഖാസിബുറൈദത്ത് (തിരുവനന്തപുരം)

    16. ഖാസിസുബൈര്‍ (പുവാര്‍ പട്ടണം)

    17. ഖാസിഉബൈദ് (തേങ്ങാപട്ടണം, കൊളച്ചല്‍)

    18. ഖാസിഖാസിം ( കായല്‍ പട്ടണം)

      ചേരമാന്‍ പെരുമാളുടെ മതം മാറ്റവും തുടര്‍ന്ന് പ്രവാചകന്‍റെ കാലത്തുതന്നെ കേരളത്തിലേക്ക് ഇസ്‌ലാംമത ആഗമനത്തെക്കുറിച്ചും അക്കാദമിക്ക് ചരിത്രകാരന്മാരെന്ന് വിളിക്കപ്പെടുന്ന ചിലര്‍  ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിശേഷണത്തിന് അര്‍ഹരായ ചരിത്രകാരന്മാരില്‍ ഒരു വിഭാഗം ഊഹാപോഹങ്ങളുടെയും ദുര്‍ബ്ബലമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ എഴുതി പിടിപ്പിച്ചത് എന്തും അംഗീകൃത ചരിത്രവും അക്കാദമികമല്ലാത്ത ചരിത്രകാരന്മാര്‍ ആഴത്തില്‍ പഠിച്ച് വസ്തുനിഷ്ടമായ തെളിവുകളുടെ പിന്‍ബലത്തില്‍ രചിക്കപ്പെട്ടത് ചരിത്രരേഖയായി അംഗീകാരം ലഭിക്കാതെ പോകുക എന്നതുമാണ് വിചിത്രം.

     ഏഴാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസ് അധിനിവേശംവരെയുള്ള കാലഘട്ടത്തിലെ കേരള മുസ്‌ലിം ചരിത്രനിര്‍മ്മിതിയ്ക്ക് ഉതകുന്ന ലിഖിതങ്ങള്‍ കാസര്‍ക്കോട് തളങ്കര മാലികുബ്‌നു ദീനാര്‍ പള്ളിയിലും, മാടായി പള്ളിയിലും, ശ്രീകണ്ഠപുരത്തെ ഖബര്‍സ്ഥാനിലും ഇബ്‌നു സുഹൃവര്‍ദിയുടെ റിഹലത്തുല്‍മുലൂക്ക്, ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍, സുലൈമാന്‍ താജിറിന്‍റെ സില്‍സിലാത്ത് അല്‍ തവാരിഖ്, ഇബ്‌നുകുര്‍ദാദിബയുടെ കിതാബുല്‍ മസാലിഖ് വല്‍ മാലിക്, ഇബ്‌നു ഫാഖിഹിന്‍റെ കിതാബുല്‍ ബുര്‍ദാന്‍, അബ്ദുല്‍ ഫറാജിന്‍റെ കിതാബുല്‍ ഫിഹിരിസ്ത, ഇബ്‌നു റസ്തയുടെ കിതാബുല്‍ ആലഖ് അല്‍ നഫീസ എന്നീ ഗ്രന്ഥങ്ങള്‍ ഇബ്‌നുബത്തൂത്ത, യാകൂത്ത്, അബുല്‍ഫിദ, അല്‍ മസൂദി, അബുസൈദ്, അല്‍ ബൈറൂനി തുടങ്ങിയ പല പ്രമുഖരുടെ രചനകള്‍ പല പ്രമുഖ പള്ളികളുടെ ചുമരുകള്‍ ഫലകങ്ങള്‍ പഴയ അറബി-മലയാള തര്‍ജ്ജമകള്‍ തുടങ്ങി പലതിലും കേരളത്തെ സംബന്ധിച്ചും ഇസ്‌ലാമിക ആഗമനത്തെക്കുറിച്ചും വസ്തുനിഷ്ടമായ  വിവരങ്ങള്‍ ലഭ്യമാണ്. ഈ കൃതികളും ലിഖിതങ്ങളും എല്ലാം അറബി ഭാഷയിലാണ്.

            അക്കാലത്ത് ആധുനിക സ്‌പെയ്ന്‍, പോര്‍ച്ചുഗീസ് എന്നിവ ഉള്‍പ്പെടുന്ന ഐബീരിയന്‍ ഉപഭൂഖണ്ഡങ്ങളിലെ അല്‍ അന്തുലുസും ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവയുടെ വടക്കന്‍ പ്രദേശങ്ങളിലും സൈപ്രസ്സ്, സിസിലി, മല്ലോര്‍ക്ക, മെനോര്‍ക്ക, കാനറി ദ്വീപുകള്‍ എന്നിവയടങ്ങുന്ന വിശാല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ മേഖലകളിലും അറബി ഭാഷയായിരുന്നു ഔദ്യോഗിക സ്ഥാനത്ത്. ഇംഗ്ലീഷ് ലോകഭാഷയായി വ്യാപിക്കുന്നത് പതിനാറാം നൂറ്റാണ്ടുമുതലാണ്. തന്മൂലം അക്കാലത്തെ ആഗോള പ്രശസ്തമായ പല പ്രധാന ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളത് അറബിയിലാണ്. ഈ ഭാഷയില്‍ കഴിഞ്ഞകാല കേരളീയ ചരിത്രകാരന്മാര്‍ക്ക് വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാലും പിന്നീട് പ്രസിദ്ധീകരിച്ച പല അറബി ഗ്രന്ഥങ്ങളുടെയും വികലവിവര്‍ത്തനമായി ഇംഗ്ലീഷില്‍ രചിക്കപ്പെട്ട കൃതികളുദ്ധരിച്ചതുമാണ് കേരളത്തിലെ ഇസ്‌ലാമിക ആഗമനത്തെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചരിത്രം രചിക്കാന്‍ ഹേതുവായത്. ഇന്ത്യയില്‍നിന്ന് ഒരു രാജാവ് പ്രവാചക സന്നിധിയിലെത്തി ഇഞ്ചിഭരണി സമ്മാനിച്ചു എന്ന് പോലും നബിവചനമുണ്ട്.

    കാസര്‍ക്കോട്ടെ ചേരമാന്‍ മസ്ജിദില്‍ എഴുതപ്പെട്ട അറബി വചനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

            മാലികുബ്‌നു ദീനാറിനാല്‍ സ്ഥാപിതമായ പള്ളിയാണിത്. ഇസ്‌ലാംമത പ്രചരണാര്‍ത്ഥവും പള്ളികള്‍ സ്ഥാപിക്കുവാനുമായി ഒരു സംഘം അറേബ്യയില്‍നിന്നും ഇന്ത്യയിലേക്ക് വന്നു. ശരഫുബ്‌നു മാലിക് മാതൃസഹോദരന്‍ മാലികുബ്‌നു ദീനാര്‍ സഹോദര പുത്രന്‍ മാലിക്ബ്‌നു ഹബീബ് തുടങ്ങിയവരാണവര്‍. കാഞ്ചര്‍കൂത്ത് എന്ന സ്ഥലത്ത് അവരെത്തുകയും ഹി. 22 റജബ് മാസം 13 തിങ്കളാഴ്ച ഒരു ജുമുഅത്ത് പള്ളി സ്ഥാപിക്കുകയും പുത്രന്‍ മാലിക്ബ്‌നു അഹ്‌മദ്ബ്‌നു മാലികിനെ ഖാസിയായി നിയമിക്കുകയും പിന്നീട് ഹി. 1223ല്‍ പ്രദേശത്തുകാരായ ആളുകളുടെ സമ്പത്തിനാല്‍ പള്ളി പുതുക്കി പണിയുകയും ചെയ്തു.  കാസര്‍ക്കോട് പള്ളി 200 വര്‍ഷം മുമ്പ് പുനര്‍നിര്‍മ്മിച്ച അവസരത്തില്‍ പ്രസ്തുത സംഭവങ്ങളെപ്പറ്റി കേരളത്തില്‍ വിവാദങ്ങള്‍ നിലനിന്നിരുന്നില്ല എന്ന വസ്തുത സ്മരണീയമാണ്.

            വേണാട് അധിപതിയായിരുന്ന അയ്യനടികള്‍ തിരുവടികള്‍ ക്രി.വ. 848 ന് കൊല്ലത്തെ തരിസാപള്ളിക്ക് നല്‍കിയ ശാസനത്തിന്‍റെ സാക്ഷികളായി ഒപ്പിട്ട പതിനൊന്ന്‌പേര്‍ അക്കാലത്ത് ഭരണകൂടംപോലും അംഗീകരിച്ചിരുന്ന മുസ്‌ലിം പൗരപ്രമുഖരായിരുന്നു. ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് രണ്ട് നൂറ്റാണ്ടിനിടയില്‍ നടന്ന ഇതുപോലുള്ള പല ചരിത്ര രേഖകള്‍ ഇസ്‌ലാമിന്‍റെ ആവിര്‍ഭാവകാലത്ത് തന്നെ കേരളത്തിലും ഇസ്‌ലാംമതം പ്രചരിച്ചു എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു.