51. ആദ്യ സര്‍വകലാശാല

 


51. ആദ്യ സര്‍വകലാശാല



ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍

മൊബൈല്‍. 9495095336


    തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്ന അവിഭക്ത തിരുവനിതാംകൂര്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്കായി 1937 ലാണ് തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്. ഇന്ത്യയിലെ ആദ്യത്തെ 16 സര്‍വകലാശാലകളില്‍ ഒന്നാണ്.  ക്രിസ്ത്യന്‍ മിഷനറി ജോണ്‍ റോബര്‍ട്ട്‌സിന്‍റെ സഹകരണത്തോടെ  മഹാരാജ സ്വാതി തിരുന്നാള്‍ 1834 ലില്‍ ആരംഭിച്ച മഹരാജാസ് ഫ്രീ സ്‌കൂള്‍ 1866 ല്‍ അപ്‌ഗ്രേഡ് ചെയ്ത കോളേജാണ് യൂനിവേഴ്‌സിറ്റിയായത്. പ്രഥമ ചാന്‍സിലര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മയും വൈസ് ചാന്‍സിലര്‍ ദിവാന്‍ സര്‍ സി. പി. രാമ സ്വാമി അയ്യരുമായിരുന്നു. 

    ഐക്യം കേരളം നിലവില്‍ വന്ന ശേഷം 1957 ല്‍ സംസ്ഥാനമൊട്ടാകെയുള്ള സര്‍വ്വകലാശാലയായി രൂപാന്തരപ്പെട്ടു. കേരള സര്‍വകലാശാല എന്ന് പുന:നാമകരണവും ചെയ്തു. ഭാരതത്തില്‍ ആദ്യമായി ഭരണ സമിതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കി.  ഇതേ കാലത്ത് നിലവില്‍ വന്ന ചില സര്‍വകലശാലകളേക്കാല്‍ ഏഴര പതിറ്റാണ്ടിനിടയില്‍ സര്‍വ രംഗത്തും ശ്ലാഘനീയ മുന്നേറ്റമാണ് നടത്തിയത്. സി. പി. രാമസ്വാമി അയ്യരെയാണ് ആദ്യമായി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. തുടര്‍ന്ന് പല പ്രമുഖര്‍ക്കും ഈ ബഹുമതി നല്‍കി. രേഖകള്‍ യാതൊന്നും കൈവശമില്ലാതെ ലോകസഭയില്‍ ബജറ്റ് അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ച മുന്‍ കേന്ദ്രമന്ത്രി ഡോ: ജോണ്‍ മത്തായി തുടങ്ങിയ പല പ്രഗത്ഭരും വൈസ് ചാന്‍സിലര്‍ പദവി അലങ്കരിച്ചിട്ടുണ്ട്.