29. മലബാറും മുസ്‌ലിം വിദ്യാഭ്യാസവും

29.  മലബാറും മുസ്‌ലിം വിദ്യാഭ്യാസവും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    ഇംഗ്ലീഷുക്കാര്‍ നടപ്പാക്കിയ പല ഭരണ പരിഷ്‌കാരങ്ങളെയും പാശ്ചാത്യ വിദ്യാഭ്യാസ സംമ്പ്രദായത്തെയും മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം ശക്തമായി എതിര്‍ത്തു. ഇംഗ്ലീഷിനെ നരക ഭാഷയായും മലയാളം ആര്യനെഴുത്തായും തെറ്റിദ്ധരിപ്പിച്ചതും, ചില പൊതു വിദ്യാലയങ്ങളിലെ ഹൈന്ദവപാഠ്യപദ്ധതിയും, ക്രിസതീയ വിദ്യാലലയങ്ങളില്‍ മതാടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥനാ ചടങ്ങുകളും  ബൈബിള്‍ പഠനവും മറ്റു ആചാരാനുഷ്ഠാനങ്ങളും കാരണം ആധുനിക വിദ്യാഭ്യാസത്തോട് അപ്രീതിയും വിയോജിപ്പും പ്രകടിപ്പിച്ചു. ഭൗതിക വിദ്യാഭ്യാസത്തെ ഐഹികമെന്നും ആത്മീയ വിദ്യാഭ്യാസത്തെ പാരത്രികമെന്നും രണ്ടായി വേര്‍തിരിച്ചു അക്കാലത്ത് മലബാര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അറബി മലയാളം വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നതിനാല്‍  ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും ദൈനദിനം ആശയ ആലേഖന വിനിമയത്തിന് മലാളത്തെയോ ഇംഗ്ലീഷിനേയൊ ആശ്രയിക്കേണ്ടി വന്നില്ല പകരം അറബി-മലയാളത്തെ വിനിയോഗിച്ചു. പലയിടത്തും ഓത്തു പള്ളികള്‍ പകലന്തിയോളം പ്രവര്‍ത്തിച്ചിരുന്നതും സ്‌ക്കൂള്‍ പഠനത്തിന് വിഘാതമായി.

    1871 ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. 1884 ലെ സര്‍ക്കാര്‍ എജ്യുകേഷന്‍ റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ ദയനീയവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങല്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണകൂടം ശുഷ്‌കാന്തി പ്രകടിപ്പിക്കുകയൊ പ്രോല്‍സാഹനം നല്‍കുകയൊ ചെയ്തില്ല. സമുദായ നേതാക്കളുടെ ശ്രമത്താല്‍ പലയിടത്തും സ്‌കൂളുകളും അറബിക്ക് മദ്രസ്സകളും നിലവില്‍ വന്നു. 

    ഉത്തരേന്ത്യയില്‍ വീശി തുടങ്ങിയിരുന്ന 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം അലിഗഢ് മൂവ്‌മെന്റിന്റെ ചലനം ഭാരതത്തിന്‍റെ പല ഭാഗത്തും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം നല്‍കി. കേരളത്തിലും ഗണനാര്‍ഹമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കി. അലിഗഢ് കോളേജ് സര്‍വ്വകലാശാലയായി അപ്‌ഗ്രേഡ് ചെയ്യുന്നതിന്നു വേണ്ടി മൗലാന ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ യഅ്കൂബ് ഹസ്സന്‍ സേട്ട്, ഖാന്‍ സാഹിബ് മൊയ്തീന്‍ പാഷ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ദൗത്യ സംഘത്തിന് 1911 മെയ് 5 ന് കൊച്ചിയിലും. ജൂണ്‍ 16 ന് തലശ്ശേരി ഇംദാദുല്‍ ഇസ്‌ലാം സഭയിലും ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.  തിരുവിതാംകൂര്‍, കൊല്ലം, കൊച്ചി, ആലുവ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘത്തിന് ആവേശകരമായ സ്വീകരണവും ഉദാരമായ സാമ്പത്തിക സഹായവും ലഭിച്ചു. 

    ഈ അവസരത്തില്‍ വര്‍ത്തക പ്രമുഖന്‍ അബ്ദു സത്താര്‍ സേട്ട്, മലബാര്‍ ഇസ്‌ലാം പത്രത്തിന്റെ പ്രഥമ പത്രാധിപര്‍ അബൂ മുഹമ്മദ്, ഹമദാനി ശൈഖ്, അബ്ദു സത്താര്‍ ഹാജി മൂസ സേട്ട്, കുട്ടിയാമു ഹാജി, അബ്ദുല്ല ഹാജി ജാഫര്‍ സേട്ട്, കെ. വി. മുഹമ്മദ്, പി. കെ. മൂസ കുട്ടി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊച്ചിന്‍ രാജ്യത്ത് മുസ്‌ലിം എജ്യൂകേഷണല്‍ അസോസിയേഷന്‍ നിലവില്‍ വരികയും അതിന്റെ ശാഖകള്‍ കേരളത്തിന്‍റെ വിവിധ മുസ്‌ലിം കേന്ദ്രങ്ങളില്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവയെല്ലാം കേരള മുസ്‌ലിംകളില്‍ നവ ചൈതന്യം പകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. പെരുമാത്തുറ സദക്കത്തുള്ള ലബ്ബ, പൊന്നാനി വലിയ ജാറതിങ്കല്‍ കുഞ്ഞി സീതി കോയ വലിയ തങ്ങള്‍, ഖാന്‍ ബഹ്ദുര്‍ മുത്ത് കോയ തങ്ങള്‍, മയ്യഴിയില്‍ കൊങ്ങണം വീട്ടില്‍ അബ്ദുറഹിമാന്‍ ശൈഖ്, മണ്ടായപുറത്ത് ബാവ മൂപ്പന്‍, തിരൂരിലെ സെയ്താലികുട്ടി മാസ്റ്റര്‍, അദ്ദേഹത്തിന്റെ പൊന്നാനിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സലാഹുല്‍ ഇക്‌വാന്‍ മാസിക, വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ ഈ രംഗത്ത് സമര്‍പ്പിച്ച സേവനം സ്തുത്യര്‍ഹമാണ്.