12. മലയാള ഭാഷയുടെ ആരംഭവും വികാസവും

12. മലയാള ഭാഷയുടെ 
ആരംഭവും വികാസവും

ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



 

    സംസ്‌ക്കാരങ്ങളുടെ വിളനിലമാണല്ലോ നദികള്‍. സംസ്‌ക്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും പാരമ്പര്യവും പൈതൃകവുമാണ് നദികളിലൂടെ ഇരമ്പി ഒഴുകുന്നത്. പുരാതന സംസ്‌കാരങ്ങളുടെ ഉറവിടങ്ങളില്‍ നദീ തടങ്ങള്‍ക്ക് മുഖ്യ സ്ഥാനമുണ്ട്. കേരളീയ സംസ്‌കാരത്തിന്റെ കേദാരഭൂമിയായി ഒരു കാലത്ത് തിളങ്ങിയ പ്രദേശങ്ങളാണ് നീളാ തീരങ്ങള്‍. ഈ പുഴയും സമന്വയ സംസ്‌ക്കാരവും എഴുത്തച്ഛന്‍റെ കാലഘട്ടവും അനുബന്ധ ശ്രേണികളുമാണ് അതിന് ഹേതുവായത്. എഴുത്തച്ഛന്‍ മലയാള ഭാഷയെ ആധുനികവല്‍ക്കരിക്കുന്നതിനും ക്ലാസിസത്തിന്‍റെയും ദാര്‍ശനികതയുടെയും ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്നതിനും മുമ്പു ഇവിടം രചനകള്‍ നടന്നിട്ടുണ്ടെന്നാണ് ചരിത്രം.

  മലയാള സാഹിത്യവും സംസ്‌ക്കാരവും എറെ കടപ്പെട്ട നദിയാണ് നിള. ഒരുകാലത്ത് പരന്നൊഴുകിയ ഈ പുഴയുടെ ചന്തവും കിഴക്കന്‍മലകളുടെയും മരതകകുന്നുകളുടെയും ദൃശ്യഭംഗിയും വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും വിഴിഞ്ഞൊഴുകിയ ജലനിരപ്പിന്‍റെ വശ്യതയും തിങ്ങിനിറഞ്ഞ കേരവൃക്ഷക്കൂട്ടങ്ങളുടെയും  കതിരണിഞ്ഞ പാടങ്ങളുടെയും പൊലിമയും കവി കദന കഥാഹൃദയങ്ങളെ തട്ടിയുണര്‍ത്തിയിട്ടുണ്ട്. ഈ പ്രവാഹിനിയെക്കുറിച്ച് എതാനും വരികള്‍ രചിക്കാത്ത കവികളും സാഹിത്യകാരന്മാരും മലയാളത്തില്‍ അപൂര്‍വ്വം. ഒട്ടോറെ സാഹിത്യകൃതികളില്‍ നിള മുഖ്യ കഥാപാത്രമായിട്ടുണ്ട്. മലയാള ഭാഷക്കും സാഹിത്യത്തിനും സ്വന്തമായൊരു സര്‍വ്വകലാശാല ഭാഷാ ദിനമായ 2012 നവംബര്‍ 1ന് ഭാഷാ പിതാവ് എഴുത്തച്ഛന്‍റെ പേരില്‍ നിളയുടെ പോഷക നദിയായ തിരൂര്‍-പൊന്നാനിപ്പുഴയോരത്ത് ആരംഭിച്ചും ശ്രേഷ്ഠ ഭാഷാ പദവി നേടിയതും ഭരണഭാഷയാക്കിയും വിശ്വ മലയാള മഹോത്സവം സംഘടിപ്പിച്ചും പി. എസ്. സി. നിയമനങ്ങള്‍ക്ക് മലയാളം നിര്‍ബന്ധ ഭാഷയാക്കിയും അനുദിനം ഔനിത്യത്തിലേക്ക് ഉയരുന്നത് ഇവയെല്ലാം ഭാഷാ പ്രേമികള്‍ക്ക് സന്തോഷം പകരുന്നവയാണ്. വൈസ് ചാന്‍സിലര്‍ കെ ജയകുമാറിന്‍റെ നേതൃത്വത്തില്‍ പാഠ്യ പാഠ്യേതര രംഗത്ത് മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

    മൂലദ്രാവിഡ ഭാഷയില്‍ നിന്നാണല്ലോ മലയാളം തമിഴ് തെലുങ്ക്  തുടങ്ങിയവ രൂപപ്പെട്ടത്. ഇതില്‍  കൂടുതല്‍ സംസ്‌കൃതി അവകാശപ്പെടാവുന്ന ഭാഷയാണ് തമിഴ്. ഈ ഭാഷയില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നുമാണ് കുലശേഗരന്‍മാരുടെ കാലത്ത് മലയാളം പിറവിയെടുത്തത്. 9-ാം നൂറ്റാണ്ട് മുതല്‍ തന്നെ മലയാളം ഘട്ടം ഘട്ടമായി സ്വതന്ത്ര ഭാഷയായി പരിണമിച്ചു വന്നു. പാട്ടും മണിപ്രവാളവുമാണ് ആദ്യത്തെ രണ്ട് സാഹിത്യ പ്രസ്ഥാനങ്ങള്‍. പാട്ടുകള്‍ ദ്രാവിഡ അക്ഷരങ്ങളാല്‍ രൂപ്പപ്പെട്ട കാവ്യങ്ങളാണ്. 

    മലയാളവും സംസ്‌കൃതവും ചേര്‍ന്നതാണ് മണിപ്രവാളം. സാഹിത്യ കൃതിയായ ആദ്യ കാവ്യം രാമചരിതവും അര്‍ത്ഥ ശാസ്ത്രത്തിന്‍റെ മലയാള വ്യാഖ്യാനമായ ഭാഷാ കൗടലീയവും 12-ാം നൂറ്റാണ്ടിലാണ് ജന്മമെടുത്തത്. തുടര്‍ന്ന് രചിച്ച  ഉണ്ണിയച്ചിചരിതം, ഉണ്ണിയാടിചരിതം, ഉണ്ണിച്ചിരുതേവിചരിതം, ശിവവിലാസം തുടങ്ങിയവയില്‍ കേരളത്തിന്‍റെ അക്കാലത്തെ സാമൂഹിക വ്യവസ്ഥിതി വിശദീകരിക്കുന്നു. മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് അവസാനം വേര്‍പിരിഞ്ഞ ഭാഷകളാണ് തമിഴും മലയാളവും. നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 96.74 ശതമാനം മലയാളം സംസാരിക്കുന്നു. അതായത് 3,22,99,239 പേര്‍ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ മലയാളികള്‍ മുന്നിലാണ്. മലയാളത്തെ ഔദ്യോഗിക ഭാഷയായി പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രധാന ശ്രേണികളിലെല്ലാം ഇംഗ്ലീഷിന്‍റെ ആധിപത്യം നിലനില്‍ക്കന്നു.രാജ്യത്തെ പരമോന്നത നീതി ന്യാത പീഠമായ സുപ്രിം കോടതിയിലും ഹൈക്കോടതികളിലും നടപടി കൃമങ്ങളെല്ലാം ഇംഗ്ലീഷില്‍ തന്നെയാണ്. ഭാഷ സംസാരിക്കുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ മലയാൡള്‍ മുന്നിലാണ്. 

    മല എന്ന വാക്കിനോട് സ്ഥലം എന്ന ആര്‍ത്ഥം വരുന്ന അളം ചേര്‍ന്നപ്പോള്‍ മലയാളം. മല + ആഴം = മലആഴം എന്നത് പരിണമിച്ച് മലയാളം. ഇങ്ങിനെ പലതുണ്ട്    മലയാളം എന്ന പദത്തിന്റെ ആവിര്‍ഭാവത്തെ കുറിച്ച് പണ്ഡിത പക്ഷം. ആദ്യ കാലത്ത് മലയാളം ചേരളം(കേരളം) എന്ന പ്രദേശത്തിന്‍റെ പേരായിരുന്നുവത്രെ. കാലാന്തരത്തില്‍ ഭാഷയുടെ നാമമായി മാറി. ബ്രാഹ്‌മി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം, എം എല്‍ മലയാളം തുടങ്ങിയവയാണ് മലയാള ലിപിയുടെ വകവേദങ്ങള്‍. ഈ രംഗത്ത് നവീന പരിഷ്‌കരണങ്ങള്‍ പലതും അണിയറയില്‍ ആവിഷ്‌കരിക്കുന്നുണ്ട്.