16. ആധുനിക വിദ്യാഭ്യാസവും പാശ്ചാത്യരും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
ആദ്യകാലത്ത് വിദ്യാഭ്യാസ രംഗത്ത് ഭരണകൂടത്തിന് നിയന്ത്രണം ഇല്ലായിരുന്നു. ജാതിയും മതവും അമിത സ്വാധീനം ചൊല്ലുത്തി. ഇതിനെ ഉന്‍മൂലനം ചെയ്യാന്‍ പോര്‍ട്ടുഗീസ്, ഡച്ച്, ഫ്രഞ്ച് ഭരണകൂടത്തിന് അവസരോചിതമായി ഒന്നും ചെയ്യാനുമായില്ല. പക്ഷെ ഡച്ച് ഗവര്‍ണര്‍ വാന്റീഡിന്‍റെ ഭരണ(1637-91) കാലത്ത് കോഴിക്കോട് മുതല്‍ കൊല്ലം വരെ നഗരങ്ങളില്‍ നിന്ന് ശേഖരിച്ച 742 സസ്യങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയും അവതരിപ്പിച്ച് മലയാള ലിപികളാല്‍ മുദ്രണം ചെയത് 12 വാള്യങ്ങളിലായി 30 വര്‍ഷം കൊണ്ട് ലാറ്റിന്‍ ഭാഷയില്‍ പൂര്‍ത്തിയാക്കിയ ഹോര്‍ത്തൂസ് മലബാറിക്കസ് (മലബാറിന്‍റെ പൂന്തോട്ടം) എന്ന ബൃഹത് ഗ്രന്ഥം ഡച്ച് ഭരണം കൈരളിക്ക് നല്‍കിയ മികച്ച വൈജ്ഞാനിക കൈനീട്ടമാണ്. സസ്യങ്ങളുടെ പേരുകള്‍ അറബിക്ക്, ലാറ്റിന്‍, കൊങ്കിണി എന്നീ ഭാഷകളിലാണ്. ഇട്ടിയച്ച്യുതന്‍ വൈദ്യരാണ് മുഖ്യ രചയിതാവ്. പൊന്നാനി മഖ്ദൂം പണ്ഡിതന്മാര്‍, അപ്പു ഭട്ട്, രംഗ് ഭട്ട്, വിനായക ഭട്ട്, ഫാദര്‍ മാത്യൂസ് തുടങ്ങിയവര്‍ വഹിച്ച പങ്ക് ചരിത്ര ലിഖിതമാണ്.
1757 ജൂണ്‍ 23 ന് ആരംഭിച്ച പ്ലാസി യുദ്ധത്തില്‍ നവാബ് സിറാജുദൗലയുടെ സേനാ നായകനായ മീര്‍ ജാഫറിനെ കൂട്ടു പിടിച്ച് കുതന്ത്രങ്ങളിലൂടെ വഞ്ചിച്ചാണ് ബ്രിട്ടീഷുകാര്‍ നവാബിനെ 24ാം വയസ്സില്‍ കൊലപ്പെടുത്തി ബംഗാള്‍ കീഴ്‌പ്പെടുത്തിയത്. ഇംഗ്ലീഷ് സൈന്യാധിപന്‍ റോബര്‍ട്ട് ക്ലൈവ് ബ്രട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍ അടിത്തറ പാകി. പ്രത്യുപകാരമായി മീര്‍ ജാഫറിനെ നവാബായി വാഴിച്ചെങ്കിലും അദ്ദേഹത്തെയും പുറത്താക്കി മീര്‍ കാസിമിനെ തല്‍സ്ഥാനത് അവരോധിച്ചു. എന്നാല്‍ മീര്‍ കാസിം ബ്രിട്ടീഷുകാരുടെ മുഴുവന്‍ ഇംഗിതത്തിന് വഴങ്ങിയില്ല. 1758 ല്‍ ക്ലൈവ് ബംഗാള്‍ ഗവര്‍ണറായി. ബംഗാളിലെ അവസാനത്തെ ഗവര്‍ണറും(1772-74) അവ്യക്തവും അപ്രസക്തവുമായ ക്രമവല്‍കൃത നിയമ(Regulating Act) പ്രകാരം ബ്രട്ടീഷ് ഇന്ത്യയുടെആദ്യത്തെ ഗവര്‍ണര്‍ ജനറലുമായ (1774-85) വാറണ്‍ ഹേസ്റ്റിംഗ്‌സ് ഇന്ത്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലും ഭാരതീയ തത്വചിന്തയിലും അതീവ തല്‍പരനായിരുന്നു. ഇംഗ്ലീഷുകാര്‍ക്കിടയില്‍ അദ്ദേഹം പേര്‍ഷ്യന്‍, സംസ്‌കൃതം ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ ശ്രദ്ധയും പതിപ്പിച്ചു. മുസ്‌ലിം സംസ്‌കാരം നിലനിര്‍ത്താന്‍ അറബിക്ക്, പേര്‍ഷ്യന്‍ ഭാഷാ വികസനത്തിന് കല്‍ക്കട്ട മദ്രസയും, പൗരസ്ത്യ ഭാഷാ പഠനത്തിന് ഹിബ്രു, ഗ്രീക്ക്, ലാറ്റിന്‍, അറബിക്ക് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ വില്യം ജോണ്‍സിന്‍റെ നേതൃത്വത്തില്‍ കല്‍ക്കട്ടയില്‍ റോയല്‍ എഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാളും സ്ഥാപിച്ചു. ഈ സമയത്ത് ദക്ഷിണേന്ത്യയില്‍ വലിയൊരു ഭാഗം മുസ്‌ലിം ഭരണാധികാരികളുടെ അധീനത്തിലായിരുന്നു.