9. വിദ്യാഭ്യാസ പരിഷ്കരണം

9. വിദ്യാഭ്യാസ പരിഷ്കരണം



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


ڇജ്ഞാനമില്ലെങ്കില്‍ മാനമില്ല

മാനമില്ലെങ്കില്‍ നാണമില്ലڈ ( മക്തി വചനം)

           സ്പെയിനിലും ബാഗ്ദാദിലും ദമാസ്ക്കസിലും കൈറോവിലും സ്തുത്യര്‍ഹമായ രീതിയില്‍  പ്രവര്‍ത്തിച്ചിരുന്ന  മുസ്ലിം കലാലയങ്ങളും യൂണിവേഴ്സിറ്റികളും ഒരു കാലത്ത് ലോകത്തിന് വെളിച്ചം വിതറിയ സമുന്നത വിദ്യാകേന്ദ്രങ്ങളായിരുന്നു.  മുസ്ലിം ലോകം അക്കാലത്ത് കാലാനുസൃതമായി വൈജ്ഞാനിക രംഗത്ത് മുന്നേറിയപ്പോള്‍ ഇന്ന് പ്രസിദ്ധമായ പല പാശ്ചാത്യ രാജ്യങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ മുഴുകി  പി്ന്നോക്കാവസ്ഥയിലായിരുന്നു. ക്രൈസ്തവ മത പണ്ഡിതന്മാരുടെ പാതിരി മഠങ്ങളായിരുന്നു തെല്ലൊരാശ്വാസം. മഠങ്ങളിലെ പഠനമാണെങ്കില്‍ പുരോഹിതന്‍മാരാകാന്‍ വേണ്ടി മാത്രം നിജപ്പെടുത്തി. ഇതേ കാലഘട്ടത്തില്‍ മുസ്ലിം രാജ്യങ്ങളിലാവട്ടെ ഭരണാധികാരികളും കുടുംബങ്ങളും സമുദായത്തിലെ സമ്പന്നരും വഖഫ് ചെയ്ത സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തി പള്ളികളോട് ചേര്‍ന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ദൈനം  ദിനം വീടുകളില്‍ നിന്ന് വന്നിരുന്നവരും പാഠശാലകളോടനുബന്ധിച്ചുള്ള തമ്പ് (റുവാക്ക്)കളില്‍ താമസിച്ചിരുന്നവരുമായിരുന്നു പഠിതാക്കള്‍. പല വിദേശ രാജ്യങ്ങളില്‍ നിന്നും പഠിതാക്കളെത്തി. സമ്പന്നരുടേയും ദരിദ്രരുടേയും വ്യവസായികളുടേയും തൊഴിലാളികളുടേയും കുട്ടികള്‍ ഒന്നിച്ച് പാര്‍ത്തു ഒന്നിച്ച് പഠിച്ചു ഒന്നിച്ച് കളിച്ചു.സര്‍വര്‍ക്കും വിദ്യാഭ്യാസവും താമസിച്ചു പഠിക്കുന്നവര്‍ക്ക് ഭക്ഷണവും ചികിത്സ താമസം പഠനോപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കി. 

                     ഇമാം നൂറുദ്ധീന്‍ ശഹീദ് ദമാസ്ക്കസില്‍ സ്ഥാപിച്ച കലാശാല മികവുറ്റ ഇസ്ലാമിക നാഗരികതയുടേയും  സാങ്കേതിക പരിജ്ഞാനത്തിന്‍റെയും വിദ്യാകേന്ദ്രമായിരുന്നു. നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഇത്തരം ദീനി മദാരിസുകളും കലാശാലകളും പലയിടത്തും  ഉണ്ടായിരുന്നു. ഇതേ കാലത്താണ് ഈജിപ്തിലെ ജാമിഅത്തുല്‍ അസ്ഹര്‍ സ്ഥാപിതമായത്. 

                            ആരംഭത്തില്‍ പള്ളിയിലെ ഹാളുകളിലായുന്നു ക്ലാസുകള്‍. വിവിധ രാജ്യക്കാര്‍ അവരവരുടെ റുവാക്കുകളില്‍ താമസിച്ച് പഠിച്ചു. കാലാന്തരത്തില്‍ ഈ സ്ഥാപനം ആഗോള രംഗത്ത് സര്‍വകലശാലകള്‍ക്ക് മാതൃകയായി വളര്‍ന്നു. ഈജിപ്തിന്‍റെ നവേത്ഥാനത്തില്‍  സുപ്രധാന പങ്ക് വഹിച്ച ഫാത്വിമി ഭരണത്തില്‍ കൈറോപട്ടണം രൂപ കല്‍പ്പനചെയ്ത ഭരണാധികാരി  അല്‍മുഈസ്സുലിദീനില്ലാഹിയുടെ കമാന്‍ഡര്‍ അല്‍ ജൗഹറുല്‍സ്സിഖില്ലിയാണ്  ക്രി: വ : 970 ല്‍  അല്‍ അസ്ഹറിന് അടിത്തറ പാകിയത് .ഉസ്മാനിയ ഭരണത്തിന്‍റെ കാലഘട്ടത്തിലാണ് സ്ഥാപനം അക്കാദമിക്ക് തലത്തില്‍ നവീന പരിഷ്ക്കരണങ്ങള്‍ക്ക് വേദിയായത്.ഈജിപ്തിലെ അത്യുന്നത അപൂര്‍വ്വ തസ്തികകളില്‍ ഒന്നായ ശൈഖുല്‍ അസ്ഹര്‍ പദവിയില്‍ സമ്മുന്നത പണ്ഡിത ശ്രേഷ്ഠരെ നിയമിച്ച് പാഠ്യ പാഠ്യേതര രംഗത്ത് ആഗോള തലത്തില്‍ മികവ് പ്രകടിപ്പിച്ചു. ഇസ്ലാമിക വൈജ്ഞാനികരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇമാം ജമാലുദ്ദീന്‍ സുയുത്വി, ഇബ്നു ഹജറുല്‍ അസ്കലാനി, ഇബ്നു ഹിശാം, ഇമാം സുബുകി തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രശസ്തരായപണ്ഡിത പ്രതിഭകള്‍ക്ക് അസ്ഹര്‍  ജന്മം നല്‍കി.

                                പ്രതിഭാശാലികളും മഹാജ്ഞാനികളുമായ ഇമാം നവവി, ഇബ്നു സ്വലാഹ്, അബൂശാമ, തകിയ്യുദിനുബ്നു സുബുകി, ഇമാദുദീനു ഇബ്നു കസീര്‍ തുടങ്ങിയവര്‍ ഡമസ്ക്കസിലെ  കലാലയങ്ങളിലും ഇമാം ഗസാലി ശിറാസി, ഇമാമുല്‍ ഹറമൈനി അല്ലാമ ശാസാബി, ഖത്വീബ് തബീരീസി, ഗസിവീനി, ഫൈറൂസാബാദി തുടങ്ങിയവര്‍ ബാഗാദാദിലെ മദ്രസത്തു നിളാമിയയിലും ഗുരുവര്യന്‍ മാരായിരുന്നു. ആദ്യകാലത്ത് അദ്ധ്യാപക സേവനം സൗജന്യമായിരുന്നു. വഖഫ് സ്വത്തുക്കളില്‍ നിന്ന് വരുമാനം വര്‍ദ്ധിച്ചതോടെ ഗുരുനാഥന്മാര്‍ക്ക് പ്രതിഫലവും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കി. വിവിധ രാജ്യങ്ങളില്‍ വിജ്ഞാന സദസ്സുകളും ലൈബ്രററികളും സ്ഥാപിച്ചു. ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മ, സ്പെയനിലെ അല്‍ ഹകമ, ട്രിപ്പോളിയിലെ അബൂ അമാര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിശ്വ പ്രശസ്തങ്ങളായിരുന്നു.

                      ഗോളശാസ്ത്രം,രസതന്ത്രം, വൈദ്യം, ഗണിതാക്കങ്ങള്‍, പൂജ്യം, മുഹമ്മദ്ബ്നു മൂസ ഖുവാരിസ്മി ചിട്ടപ്പെടുത്തിയെടുത്ത അല്‍ ജിബ്ര(ബീജ ഗണിതം), തുടങ്ങിയവ യൂറോപ്യര്‍ക്ക് പഠിപ്പിച്ചത് അറബികളായിരുന്നു. ബീജഗണിതത്തിന് അടിത്തറ പാകിയ കിതാബ് മുഖ്തസ്വരി ഫീ ഹിസാബില്‍ ജബ്രിബല്‍ മുഖാബല തുടങ്ങി പല ഗണിത ശാസ്ത്ര കൃതികളും യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തി.  ശഹറസാദ് തന്‍റെ ഭര്‍ത്താവായ ശഹരീയാര്‍ രാജാവിനോട് ആയിരത്തി ഒന്ന് രാവുകളിലായി അതുല്ല്യ ഭാവന  ശൈലികളിലൂടെ കഥപറഞ്ഞുകൊടുത്ത അല്‍ഫു ലൈല വ ലൈല(ആയിരത്തിയൊന്ന് രാവുകള്‍) തുടങ്ങിയ പല കഥാസാഹിത്യ സൃഷ്ടികളും ജന്മമെടുത്തു.  

                                  ഇസ്ലാമിന്‍റെ ആരംഭത്തിന് ശേഷം ഏതാണ്ട് ആറ് നൂറ്റാണ്ടോളം കാലം ലോകത്തിലെ സര്‍വ്വവിധ വൈജ്ഞാനിക ശാഖകളുടെയും നേതൃത്വം മുസ്ലീംകള്‍ക്കായിരുന്നു. വിജ്ഞാനവും സമ്പത്തും അധികാരവും സൈനിക ശക്തിയും ഭരണ നൈപുണ്യവും കലാസാഹിത്യവും മത്സരത്തോടെ സമുന്നയിച്ചതായിരുന്നു ഈ കാലഘട്ടം. ഹാറൂന്‍ അല്‍ റഷീദ് തുടങ്ങി സുല്‍ത്വാന്‍ സലാഹുദ്ധീന്‍ അയ്യൂബി പോലുള്ള ഭരണാധികാരികള്‍ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാര്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ മഹാ പ്രതിഭാശാലികള്‍ ഒത്തുചേര്‍ന്ന ഈ കാലഘട്ടം പ്രവാചകന് ശേഷം ഇന്നുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ അതത് കാലത്തെ ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക മുസ്ലിം ചരിത്രത്തില്‍ ഏറ്റവും തിളക്കമേറിയ അധ്യായമാണ് ഈ കാലഘട്ടം നമുക്ക് പറഞ്ഞു തരുന്നത്. ഈ നവോത്ഥാനം യൂറോപ്പിലാകെ പടര്‍ന്നു ക്രമേണ ലോകത്തിന്‍റെ നാനാ ഭാഗത്തും വ്യാപിച്ചു. അതുവരെ ഗ്രഹിക്കാത്ത പലതും പശ്ചാത്യര്‍ക്ക് മുസ്ലിം സ്പെയിന്‍ പരിചയപ്പെടുത്തി. കൊളമ്പസിന് നാലര നൂറ്റാണ്ട് മുമ്പ് തന്നെ സ്പെയിനും അറബികളും അമേരിക്കയുമായി വ്യാപര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

                  ഇന്ത്യയില്‍ ആരംഭിച്ച മുസ്ലിം ഭരണം  അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫറിനെ 1857ല്‍ മ്യാന്‍മാറിലേക്ക് നാട് കടത്തുന്നത് വരെ തുടര്‍ന്നു. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യം മുതല്‍ ആരംഭിച്ച കൊളോണിയല്‍ ഭരണം കേരളത്തിലെ പ്രബലമായൊരു സമുദായത്തെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രംഗത്ത് നട്ടെല്ലൊടിച്ച് തകര്‍ത്ത് തരിപ്പണമാക്കി. ഈ ഘട്ടത്തില്‍ അധികാരത്തിലിരുന്ന മുസ്ലിം ഭരണാധികരികളില്‍ അധികവും രാഷ്ട്രീയ രംഗത്ത് നേരായ ദിശയില്‍ സഞ്ചരിച്ചവരായിരുന്നു. ശൈഖ് അഹമ്മദ് സര്‍ഹിന്ദിയുടെയും ശാഹ് വലിയുല്ലാഹ് ദഹ്ലവിയുടെയും നവോത്ഥാനങ്ങളും തുടര്‍ന്ന് സയ്യിദ് അഹമ്മദ് തുടക്കം കുറിച്ച മുജാഹിദ്ദീന്‍ പ്രസ്ഥാനത്തിന്‍റെ വേരോട്ടവും ഉണ്ടായത് ഈ ഘട്ടത്തിലാണ്. 

                      അവസാനത്തെ ഗവര്‍ണര്‍ ജനറലും കലാപത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഭരണാധികാരം കമ്പിനിയില്‍ നിന്ന്  ബ്രട്ടീഷ് രാജ്ഞി എറ്റെടുത്തതിന് ശേഷവുമുള്ള ആദ്യത്തെ വൈസ്രോയിയുമായിരുന്ന കാനിങ് പ്രഭുവിന്‍റെ(1856-62) കാലത്ത് ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിക്കപ്പെട്ട 1857 മെയ് 10 ന് ആരംഭിച്ച പോരാട്ടങ്ങളുടെ നേതൃ വാഹകരില്‍ ഝാന്‍സിറാണി, ജനറല്‍ ബക്ത്ഖാന്‍(ഡല്‍ഹി), ബീഗം ഹസ്രത്ത് മഹല്‍(ലഖ്നൗ), മൗലവി അഹ്മ്മദുള്ള(ഫൈസാബാദ്) തുടങ്ങിയവര്‍ ഉള്‍പ്പെടും. 

                           മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്‍റെ ഖബറിടത്തില്‍ അഭയം തേടിയ മുഗള്‍ പരമ്പരയിലെ അവസാന കണ്ണി ബഹദൂര്‍ ഷാ സഫറിനെ തടവിലാക്കി ചേങ്കോട്ടയില്‍ വെച്ച് വിചാരണ ചെയ്ത് 1858 മാര്‍ച്ച് 9 ന് മ്യാന്‍മാറിലെ റംഗൂണിലേക്ക് ബ്രട്ടീഷ് ഭരണകൂടം നാടുകടത്തുകയും സഫറിന്‍റെ രണ്ട് പുത്രന്മാരെ ലഫ്റ്റ്നന്‍റ് ഹോഡിസന്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. നൂറുകണക്കിന് മുസ്ലീം പണ്ഡിതന്‍മാരെ നാടുകടത്തുകയും കല്‍തുറങ്കില്‍ അടക്കുകയും തൂക്കിലേറ്റുകയും ചെയ്തു. ആയിരണക്കിന് മുസ്ലിംകളെ അന്തമാനിലേക്ക് കയറ്റി വിട്ടു. ദാരുണമായ അവസ്ഥ സംജാതമായി. പരമ്പരാഗതമായി മുസ്ലീംങ്ങള്‍ തുടര്‍ന്നു വന്നിരുന്ന വൈജ്ഞാനിക മേഖലക്ക് വന്‍ആഗാധവും അപചയവും സംഭവിച്ചു. പാശ്ചാത്യ വിദ്യാഭ്യാസ രംഗത്ത് നിന്നും ഭരണ രംഗത്ത് നിന്നും മുസ്ലിംകള്‍ വിട്ട് നിന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇതെല്ലാം മുസ്ലിംകളുടെ വിജ്ഞാന മുരടിപ്പിന് ഹേതുവായി. 


സര്‍സയ്യിദും അലീഗര്‍ പ്രസ്ഥാനവും

                        ഈ സമയത്താണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍റെ നയം സ്വീകരിച്ച് മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന് മക്തി തങ്ങള്‍ തുടക്കം കുറിച്ചത്.                              ഭരണകൂടവും മുസ്ലിംകളും തമ്മില്‍ നടന്നിരുന്ന ലഹളകളെ അദ്ദേഹം അനുകൂലിച്ചില്ല. പകരം അതിന്‍റെ വിനാശങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിച്ചുനേടിയ ഉല്‍ബുദ്ധത കൈമുതലാക്കി സാംസ്കാരിക അധിനിവേശത്തിനെതിരില്‍ ചെറുത്തുനില്‍ക്കാനും അതേ നാണയത്തില്‍തന്നെ പ്രതിരോധിക്കാനും ആഹ്വാനം ചെയ്തു.

                        കലാപം കാരണത്താല്‍  മുസ്ലിം സമുദായം അനുഭവിക്കേണ്ടിവന്ന ദുരവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാരം  കണ്ടെത്താന്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ആധുനിക വിദ്യാഭ്യാസ നവോത്ഥാന നായകനായ സര്‍സയ്യിദ്അഹമ്മദ് ഖാനെ(1817-1898) പ്രേരിപ്പിച്ചു.ആധുനിക വിദ്യാഭ്യാസം ലഭ്യമായാലേ സമുദായം പ്രബുദ്ധമാകൂ എന്ന തിരിച്ചറിവിനെ തുടര്‍ന്ന് സമുദായത്തെ അവസരത്തിനൊത്ത് വിദ്യാഭ്യാസരംഗത്ത് സമുദ്ധരിക്കാന്‍ പ്രതിജ്ഞയെടുത്തു. കലാപ കാരണങ്ങളെയും സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികളെയും വിശദമായി പഠിച്ച് 1859 ല്‍ ڇഅസ്ബാബേ ബഗാവതേ ഹിന്ദ് ڇ എന്ന പേരില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ അഞ്ഞൂറ് കോപ്പി അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ബ്രട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ആംഗലേയ ഭാഷയിലെ പല കൃതികളും തദ്ദേശീയഭാഷയിലേക്ക് മൊഴി മാറ്റം നടത്തി. 1870 ല്‍ തഹ്ദീബുല്‍ അഖ്ലാക് എന്ന പേരില്‍ ഒരു പത്രവും ആരംഭിച്ചു.

                        ഇന്ത്യയിലെ ആധുനിക മുസ്ലിം വിദ്യാഭ്യാസ രംഗത്തെ പ്രഥമ പ്രബല മുസ്ലിം സംഘടനകള്‍ നവാബ് ബഹദൂര്‍ അബ്ദുല്‍ ലത്തീഫ് , ബംഗാളില്‍ സ്ഥാപിച്ച നാഷണല്‍ മുസ്ലിം അസോസിയേഷന്‍, മുസ്ലിം ലിറ്റററി സൊസൈറ്റി തുടങ്ങിയവയാണ്.  ഇവക്ക് പ്രാരംഭ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചെങ്കിലും  ദേശീയ തലത്തില്‍ വേണ്ടത്ര പ്രതികരണമുണ്ടാക്കിയില്ല. 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ സര്‍വ്വകലാശാല ബിരുദം  നേടിയ മുസ്ലിംകളുടെ എണ്ണം കേവലം 26 മാത്രം. എതാണ്ട് 50 ഇരട്ടിയായിരുന്നു ഹൈന്ദവ ബിരുദ്ധധാരികള്‍. അതായത് 1260. ഈ ദയനീയവസ്ഥക്ക് പരിഹാരമായി ദര്‍സുകളിലും മക്തബുകളിലും ഓത്തു പള്ളികളിലും ഒതുങ്ങിയ മുസ്ലീങ്ങളുടെ പഠന രീതിയെ വിവിധ തലങ്ങളിലേക്ക് വികസിപ്പിക്കാന്‍ തയ്യാറായ മുസ്ലിം നായകര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി. ആധുനിക വിദ്യാഭ്യാസവുമായി സഹകരിച്ച് പോകാന്‍ മുസ്ലിം സമുദായത്തെ സര്‍ സയ്യിദ് ആഹ്വാനം ചെയ്തപ്പോഴെല്ലാം ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. ചിലയിടങ്ങളില്‍ നിന്ന് കല്ലേറും ഏല്‍ക്കേണ്ടി വന്നു. അദ്ദേഹത്തെ എറിഞ്ഞ കല്ലുകളിലൊന്ന് എടുത്ത് കൊണ്ട് ڇഈ കല്ല് കൊണ്ട് ഞാന്‍ ഇന്ത്യയിലെ മുസ്ലിം വിദ്യാഭ്യാസ പ്രസ്ഥാനത്തിന്‍റെ മഹാ സൗധം പടുത്തുയര്‍ത്തുമെന്ന്ڈ ദൃഢ പ്രതിജ്ഞയെടുത്തു. ആധുനിക വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത മുസ്ലിംകള്‍ക്ക് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് എതിര്‍പ്പ് കുറഞ്ഞ് വന്നു. വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഔന്നിത്യം സമുദായം  നേടിയെടുക്കുകയെന്നതായിരുന്നു സര്‍ സയ്യിദിന്‍റെ  മുഖ്യ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ആദ്യം 1864 ല്‍ ഉത്തര്‍ പ്രദേശിലെ  ഗാസിപൂരിലും ബംഗാളിലെ മുറാദബാദിലും ഇംഗ്ലീഷ് സ്ക്കൂളുകളും 1875 ല്‍ സയന്‍റിഫിക്ക് സൊസൈറ്റിയും അലീഗര്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്‍റല്‍ കോളേജും സ്ഥാപിച്ചു. ഓക്സ്ഫോര്‍ഡിനും കേംബ്രിഡ്ജിനും പകരം നില്‍ക്കാവുന്ന ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയായിരുന്നു സര്‍ സയ്യിദിന്‍റെ സ്വപ്നം. 1870 ല്‍ താന്‍ ആരംഭിച്ച തഹ്ദീബുല്‍ അഹലാക്ക് എന്ന പത്രം ആഗ്രഹ സഫലീകരണത്തിന് ആക്കം കൂട്ടി. കോളേജ് വിപുലീകരിച്ച് തന്‍റെ സ്വപ്ന സാക്ഷാത്കരത്തിന് ആരംഭം കുറിച്ചു. 

                      നമ്മുടെ ചില അവകാശങ്ങള്‍ അനുവദിച്ചുതരാത്തതില്‍ ഭരണകൂടത്തോട് നമുക്ക് മുറു മുറുപ്പുണ്ടെണ്ടങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നാം നേടി കഴിഞ്ഞാല്‍ അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ നമ്മെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് 1880 ല്‍ സര്‍ സയ്യിദ് അമൃതസറില്‍ വെച്ച് മുസ്ലിംകളെ ഉദ്ബോധിപ്പിച്ചു.ബ്രിട്ടീഷ് ഭരണമാണ് സാമൂഹിക പുരോഗതിക്ക് നല്ലതെന്ന പക്ഷകാരനായിരുന്ന അദ്ദേഹം. 1888 ല്‍ അലീഗര്‍ കേന്ദ്രമായി യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷനും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനം ലക്ഷ്യമാക്കി 1893 ല്‍ മുഹമ്മദന്‍ അംഗ്ലോ ഓറിയന്‍റല്‍ ഡിഫന്‍സ് അസോസിയേഷനും രൂപീകരിച്ചു. ഹിന്ദുവും മുസല്‍മാനും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് അഭിപ്രായപ്പെടുകയും മതേതരത്വം നിലനിന്നു കാണാന്‍ ആഗ്രഹിക്കുകയും അതിനായി സര്‍ സയ്യിദ് യത്നിക്കുകയും ചെയ്തു.