41. സര്‍ക്കാര്‍ പദവികളും മുസ്‌ലിങ്ങളും

 41. സര്‍ക്കാര്‍ പദവികളും മുസ്‌ലിങ്ങളും








ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 949509533641.



    പൊന്നാനി ബോര്‍ഡ് മാപ്പിള സ്‌കൂള്‍, ഒറ്റപ്പാലം ഹൈസ്‌ക്കൂള്‍, കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച ശേഷം 1920 ല്‍ മദ്രാസ്സില്‍ നിന്ന് നിയമബിരുദ്ധം നേടിയ പൊന്നാനി സ്വദേശി അബ്ദുല്ലകുട്ടി മുന്‍സിഫ് (1892-1934) ആണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് തെക്കെ മലബാറിലെ മുസ്‌ലിംകളുടെ പ്രഥമ വഴിവിളക്ക്. മുസ്‌ലിം സാന്ദ്രത ഏറ്റവും മികച്ചുനിന്ന പൊന്നാനി നഗരംപ്പോലുള്ള ഒരു പ്രദേശത്ത് അക്കാലത്ത് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന ഒരു ദിശയിലേക്ക് അദ്ദേഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയ കാന്തദര്‍ശി അഭിനന്ദനം അര്‍ഹിക്കുന്നു.

    കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ തന്നെ മലബാറിലെ മുസ്‌ലിം വിദ്യാസമ്പന്നരുടെ പ്രധാനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പൊന്നാനി. മദ്രാസ് ഹൈക്കോടതിയിലെ മലബാറുകാരനായ ആദ്യത്തെ മുസ്‌ലിം ജഡ്ജി, ജസ്റ്റിസ് പി കുഞ്ഞി അഹമ്മദുകുട്ടിഹാജി (മര:1967), മലബാറില്‍ എഞ്ചിനിയറിങ്ങ് വൈദ്യശാസ്ത്ര വിഭാഗത്തില്‍ ആദ്യകാല ബിരുദ്ധധാരികളില്‍പ്പെട്ട എക്‌സിക്യൂട്ടിവ്  എഞ്ചിനിയര്‍ കെ പി കുഞ്ഞിമൂസ(മര:1976), കോഴിക്കോട് ഡി. എം. ഒ ഡോക്ടര്‍ കെ സി മുഹമ്മദ് (1909-1976), ചന്ദ്രികയുടെ മുന്‍ പത്രാധിപരും ഫാറൂക്ക് കോളേജ് ഇക്‌ണോമിക്‌സ് വിഭാഗം തലവനും ചരിത്രക്കാരനുമായ പ്രൊഫ:കെ വി അബ്ദുറഹിമാന്‍ (1921-2006), മദ്രാസ് ചീഫ് എഞ്ചനീയറും എഴുത്ത് കാരനുമായ എ. എം. ഉസ്മാന്‍ സാഹിബ് (1923-2007) ക്ലര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച് സെയില്‍ ടാക്‌സ് അപ്‌ലറ്റ് അംഗമായി വിരമിച്ചു എം. ടി. അബ്ദുറഹിമാന്‍(മര:2011) കുറ്റിപ്പുറം പാലത്തിന്റെ ജീവിച്ചിരിക്കുന്ന ശില്‍പി സുപ്രണ്ടിങ് എഞ്ചിനീയര്‍ കെ. വി. അബ്ദുല്‍ അസീസ്(ജന:1923) തുടങ്ങിയ പല പ്രമുഖരും പൊന്നാനിക്കാരാണ്. ഈ കാലയളവില്‍ അഴീക്കോട്, തലശ്ശേരി, കോഴിക്കോട്, കണ്ണൂര്‍, അരീക്കോട്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിം വിദ്യാ സമ്പന്നരില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊച്ചിന്‍ രാജ്യത്തും തിരുവിതാം കൂറിലും പലരും ദിവാന്‍ പദവിയിലിരുന്നെങ്കിലും 1934-36 കാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന നവാബ് ഖാന്‍ ബഹദൂര്‍ സര്‍ മുഹമ്മദ് ഹബീബുള്ളയാണ് ഒരേയൊരു മുസ്‌ലിം ദിവാന്‍.  1938 ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലായി ഖാന്‍ ബഹദൂര്‍ സയ്യിദ് അബ്ദുല്‍ കരീം സുഹറവര്‍ദി നിയമിതനായി. തിരുവന്തപുരം കലക്ടറായിരിക്കെ അന്തരിച്ച ചെമ്മണൂര്‍ അറക്കല്‍ കുഞ്ഞി അഹ്‌മ്മദ് സാഹിബാണ് വന്നേരി നാട്ടിലെ ആദ്യത്തെ ഐഎഎസ് ഓഫീസര്‍.