11. മുസ്ലിം സ്ത്രീ വിദ്യാഭ്യാസം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
മുസ്ലിം ആണ്‍കുട്ടികളുമായി തുലനം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ അനുദിനം മുന്നേറി കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ നേടി ധാരാളം മുസ്ലിം വനിതകള്‍ ഔദ്യോഗിക, അനൗദ്യോഗിക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത് വരുന്നുണ്ട്. ക്യാമ്പസ് ഇന്‍ര്‍വ്യൂ, ഇ---ഇന്‍ര്‍വ്യൂ തുടങ്ങിയവ മുഖേനയും അല്ലാതെയും ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസ്(ടി. സി. എസ്), ഇന്‍ഫോസിസ്, വിപ്റോ, ഐ. ബി. എം., തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖ ഐ. ടി. കമ്പനികളിലും ഇതര ശ്രേണികളിലും നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ ജോലി ചെയ്ത് വരുന്നു. ഭരണ രംഗത്ത് തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന പല മഹിളകളുമുണ്ട്. എന്നാല്‍, ഒരു നൂറ്റാണ്ട് മുമ്പ് ആധുനിക വിദ്യാഭ്യാസത്തിന്‍റെ മുന്നോടിയായി മുസ്ലിം പെണ്‍കുട്ടികള്‍ പ്രാഥമിക വിദ്യാലയങ്ങളില്‍പോലും എഴുത്തും വായനയും പഠിക്കുന്നത് നിഷിദ്ധം(ഹറാം) ആണെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. എഴുത്തും വായനയും പഠിച്ചാല്‍ അന്യ പുരുഷന്മാരുമായി കത്തിടപാടുകള്‍ നടത്തുമെന്ന ഭയമായിരുന്നു അവര്‍ നിരീക്ഷിച്ച പല കാരണങ്ങളില്‍ പ്രഥമം. മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെ കുറിച്ച് ശബ്ദമുയര്‍ത്താന്‍ അക്കാലത്ത് അധികമാരും മുന്നോട്ട് വന്നിരുന്നില്ല. അതിനെതിരെ ശബ്ദമുയര്‍ത്തിയ മക്തി തങ്ങളെ പോലുള്ള അപൂര്‍വ്വം ചിലരുടെ വീക്ഷണങ്ങള്‍ മത വിരുദ്ധമാണെന്ന് പോലും ആ വിഭാഗം മത വിധി(ഫത്വാ) ഇറക്കി.
ആദ്യകാലത്ത് മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് മക്തി തങ്ങള്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കിയില്ലെങ്കിലും പിന്നീട് ഇതിന്‍റെ അനിവാര്യതയെ കുറിച്ച് സമുദായത്തെ ബോധവല്‍ക്കരിച്ചു. നാരി നരാഭിചാരി എന്ന കൃതിയില്‍ അദ്ദേഹം എഴുതി. ڇമതവിദ്യാഭ്യാസം അഖില സ്ത്രീപുരുഷന്‍മാര്‍ക്കും നിര്‍ബന്ധമാണെന്ന് ഇസ്ലാം മത നായകന്‍(മുഹമ്മദ് നബി) കല്‍പ്പിക്കുന്നു. മതപരവും ലോകപരവും ആയ കാര്യങ്ങള്‍ എല്ലാം വിദ്യയാണ്. സ്ത്രീകള്‍ക്ക് അവരുടെ പ്രകൃതിക്ക് കൂടി അനുയോജ്യമായ വിദ്യാഭ്യാസം നല്‍കണം. ആദ്യകാല മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയിരുന്നു. അവരില്‍ കവയിത്രികളും പണ്ഡിതശ്രേഷ്ഠകളും ഉണ്ടായിരുന്നു. ലേഡി ഡോക്ടര്‍മാരും കുറവായിരുന്നില്ല.ڈ
മക്തി തങ്ങള്‍ക്ക് മുമ്പ് മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്വേണ്ടി ശക്തമായി വാദിച്ച പരിഷ്കര്‍ത്താവായിരുന്നു മുനമ്പം സ്വദേശി പി.കെ. മൂസക്കുട്ടി സാഹിബ്. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം നേടല്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം പല ലേഖനങ്ങളിലൂടെയും സമര്‍ത്ഥിച്ചു. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ശൈഖ് ഹമദാനി തങ്ങള്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു. ആനുകാലികങ്ങളില്‍ ഈടുറ്റ ധാരാളം ലേഖനങ്ങള്‍ എഴുതി. മുസ്ലിം സ്ത്രീകളും വൈദ്യവിദ്യയും എന്ന കൃതിയും മുസ്ലിംകളുടെ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് മുഹമ്മദീയ ദര്‍പ്പണം, മുസ്ലിം വനിത എന്നീ മാസികകളും പ്രസിദ്ധീകരിച്ചു. തുടക്കത്തില്‍ മക്തി തങ്ങളും മൂസക്കുട്ടിസാഹിബും തമ്മില്‍ ഈ വിഷയത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കാലാന്തരത്തില്‍ ഇരുവരും യോജിപ്പിലെത്തി.
1906 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച വക്കം മൗലവിയുടെ മുസ്ലിം എന്ന മാസികയിലൂടെ മുസ്ലിംകള്‍ സ്ത്രീപുരുഷ ഭേദമന്യെ വിദ്യാഭ്യാസം നേടേണ്ട ആവശ്യകത ഊന്നി പറഞ്ഞ് നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയും അക്കാലത്തെ ഉല്‍പതിഷ്ണുക്കളായ പണ്ഡിതന്മാരെക്കൊണ്ട് ക്രമാനുഗതമായി എഴുതിപ്പിക്കുകയും ചെയ്തു.
കഠിനമായ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ മുസ്ലിം വനിതകളില്‍ ചെറിയൊരു വിഭാഗം പൊതുരംഗത്ത് പലയിടത്തും സജീവമായി പ്രവര്‍ത്തിച്ച് തുടങ്ങി. 1910 ല്‍ ചേര്‍ന്ന കേരളത്തിലെ ആദ്യ മുസ്ലിം വനിത സമ്മേളനത്തില്‍ പതിനേഴ് സ്ത്രീകള്‍ പങ്കെടുത്ത് മുസ്ലിം വനിതകളുടെ ഉന്നമന്നത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു.
1907 മുതല്‍ 1911 വരെ കണ്ണൂര്‍ അറക്കല്‍ സ്വരൂപത്തിന്‍റെ ഭരണാധികാരിയായിരുന്ന സുല്‍ത്താന ഇമ്പിച്ചിബീവി ആദിരാജയുടെ സഹായത്താല്‍ തെക്കെ മലബാറിലെ മുസ്ലിം വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് എ. എന്‍. കോയകുഞ്ഞി സാഹിബ് മഅ്ദനുല്‍ ഉലൂം സ്കൂള്‍ മദ്രസ സ്ഥാപിച്ച് ഈ രംഗത്ത് പ്രോത്സാഹനം നല്‍കി. അദ്ദേഹത്തിന്‍റെ പഠന പരിഷ്കരണങ്ങള്‍ സന്ദര്‍ശിച്ച പൊന്നാനിയിലെ കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്ററും താന്‍ ആരംഭിച്ച പൊന്നാനി തഅ്ലീമുല്‍ ഇസ്ലാം മദ്രസ്സാ സ്കൂളില്‍ നവീന പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചുപ. 1918-ല്‍ ആദ്യമായി ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ഇവിടെ പ്രവേശനം നല്‍കി പൊന്നാനിയിലും പരിസരത്തും അദ്ദേഹം മാതൃകയായി. ഇതേ കാലത്ത് മൗലാന ചാലിലകത്ത് കുഞ്ഞിമുഹമ്മദാജിയുടെ പരിശ്രമത്താല്‍ കേരളത്തിന്‍റെ പലയിടത്തും സ്ഥാപിച്ച മദ്രസ സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് അവസരം നല്‍കിയിരുന്നു.
1909ല്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി മുന്‍ സ്പീക്കര്‍ കെ.എം. സീതിസാഹിബിന്‍റെ പിതാവ് ശീതി മുഹമ്മദ് സാഹിബിന്‍റെയും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ ഈ രംഗത്ത് ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് ആരംഭം കുറിച്ചു. വക്കം മൗലവിയും തിരുവിതാംകൂര്‍ ശ്രീ മൂലം തിരുന്നാള്‍ മഹാരാജാവിന്‍റെ പോപ്പുലര്‍ അസംബ്ലി അംഗമായ ശൈഖ് ഹമദാനിതങ്ങളും നേതൃപരമായ പങ്ക് വഹിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍മാരായിരുന്ന എ.മുഹമ്മദ് ഖാന്‍(പാലക്കാട്), അച്ചാരത്ത് കാദര്‍കുട്ടി സാഹിബ്(തലശ്ശേരി), സയ്യിദ് അബ്ദുള്‍ ഗഫൂര്‍ ഷാ(കോഴിക്കോട്), മണ്ടായപ്പുറത്ത് ബാവമൂപ്പന്‍(മലപ്പുറം) തുടങ്ങിയവരുടെ സേവനവും തിരൂരിലെ സൈതാലിക്കുട്ടി മാസ്റ്ററുടെ സലാഹു ഇഖ്വാന്‍, റഫീഖുല്‍ ഇസ്ലാം പത്ര മാസികകളും വഹിച്ച പങ്ക് മഹത്തരമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകരായ മൗലാന മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവ് ബീവി ഉമ്മ 1920കളില്‍ തലശ്ശേരി സന്ദര്‍ശിച്ച് മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുറിച്ച് ഉല്‍ബോധിപ്പിച്ചു.
മുസ്ലിം ആണ്‍കുട്ടികളില്‍ തന്നെ വലിയൊരു വിഭാഗം ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ് നിന്നിരുന്ന കാലത്ത് മുസ്ലിം പെണ്‍കുട്ടികളില്‍ അപൂര്‍വ്വം ചിലരെ പാവടയുടം ബ്ലൗസും ധരിപ്പിച്ച് കോണ്‍വെന്‍റ് സ്കൂളുകളില്‍ പഠിപ്പിക്കുകയും മലബാറിലെ പ്രഥമ മുസ്ലിം വനിത എന്‍ജിനീയറായ നഫീസയെ സംഭാവന നല്‍കുകയും ചെയ്ത തലശ്ശേരിയിലെ കുലീന കുടുംബാംഗവും മത തല്‍പരനും ദേശീയ വാദിയുമായിരുന്നു വി. സി. കുഞ്ഞമായന്‍. ആധുനിക വിദ്യാഭ്യാസത്തോട് അടങ്ങാത്ത അഭിനിവേശവും ഇംഗ്ലീഷ് ഭാഷയോട് അമിത പ്രേമവും പുലര്‍ത്തിയെന്ന കാരണത്താല്‍ അദ്ദേഹം കഠിനമായ ദുരിതങ്ങളും പീഠനങ്ങളും അനുഭവിക്കേണ്ടിവന്നു.
ഉമ്മ കുപ്പായമായാലും ബ്ലൗസായാലും അക്കാലത്ത് മുസ്ലിം പെണ്‍കുട്ടികളും മുസ്ലിം സ്ത്രീകളും മാത്രമായിരുന്നു മാന്യമായ രീതിയില്‍ മേല്‍ വസ്ത്രം ധരിച്ചിരുന്നത്. ഇതര വിഭാഗങ്ങളിലെ സ്ത്രീകളില്‍ ഭൂരിപക്ഷത്തിനും ഈ പതിവില്ല. അമ്പലങ്ങളില്‍ പോകുന്ന സമയങ്ങളില്‍ മാറ് മറക്കാനേ പാടില്ല. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതി ഈ രീതിയിലായിരുന്നിട്ടും മുസ്ലിം പെണ്‍കുട്ടികള്‍ ഉമ്മക്കുപ്പായം ധരിക്കാതെ ബ്ലൗസിട്ട് നടന്നതിന് ഒരു വിഭാഗം കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നതാണ് ഏറെ അതിശയകരം.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ കുഞ്ഞമായന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠനത്തിന് ശേഷം മദ്രാസില്‍ ഉപരിപഠനം നടത്തി. ആമിന, ആയിഷ, ഹലീമ എന്നീ മൂന്ന് പെണ്‍മക്കളായിരുന്നു അദ്ദേഹത്തിന്. അടങ്ങാത്ത വൈജ്ഞാനിക താല്‍പര്യത്താല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്ന് പോലും ഇംഗ്ലീഷ് കൃതികള്‍ വരുത്തിയിരുന്നത് സമുദായത്തിലെ ചിലരുടെ അപ്രീതിക്ക് ഹേതുവായി. പുറമെ തന്‍റെ പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ വഴിയൊരുക്കിയതും കുഞ്ഞമായന് കൂടുതല്‍ വിനയായി.
ഇതിനിടയില്‍ കുഞ്ഞമായന്‍ മറ്റൊരു പണികൂടി ഒപ്പിച്ചു. നമസ്കാര നിര്‍വ്വാഹണത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത അദ്ദേഹം ഒരിക്കല്‍ ജമാഅത്തായി നമസ്കരിക്കാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ സ്വഫില്‍ തൊട്ടടുത്ത് തന്നെ ദേശത്തെ സര്‍വ്വതല സ്പര്‍ശിയായ മൊല്ലാക്ക. മനസ്സില്‍ കരുതല്‍ മാത്രം നിര്‍ബന്ധമായ നിയ്യത്ത് മൊല്ലാക്കയെ അരിശം കൊള്ളിക്കാനാവണം ഉസ്വല്ലി ഫര്‍ളസ്വലാത്തിٹٹ.. അറ്ബഅ റകആതിന്‍ മുതവജിഹന്‍ ഇലല്‍ കിബിലതി അദാഅന്‍ ലില്ലാഹി തആല മഅല്‍ഇമാമി എന്ന് ഉറക്കെ ചൊല്ലിയതില്‍ നാല് എന്ന് അര്‍ത്ഥം വരുന്ന അര്‍ബഅക്ക് പകരം ഇംഗ്ലീഷിലെ ഫോര്‍ ഉപയോഗിച്ചു. നമസ്കാരം കഴിഞ്ഞപ്പോഴുള്ള പുകില് പറയണോ. നിസികാരത്തിലും ഇതാ കുഞ്ഞമായിന്‍ ഇംഗ്രീസ് പറഞ്ഞിരിക്കുന്നു എന്ന മൊല്ലാക്കയുടെ കുതുകുലത്താല്‍ പള്ളിയില്‍ എത്തിയവര്‍ കുഞ്ഞമായനെ വളഞ്ഞു. വിശദീകരണം ആരാഞ്ഞപ്പോള്‍ എന്നോട് നമസ്കരിക്കാന്‍ കല്‍പിച്ച പടച്ചോന് ഇംഗ്ലീഷും അറിയാമെന്നായിരുന്നു ഉരുളയ്ക്ക് ഉപ്പേരി എന്നോണം അദ്ദേഹത്തിന്‍റെ മറുപടി. അതോടെ ആദ്യമെ സ്വയം ഇംഗ്ലീഷ് പഠിച്ചതിന് അരക്കാഫറായ കുഞ്ഞമായന്‍ പെണ്‍കുട്ടികളെ പഠിപ്പിച്ചതിന് മുക്കാല്‍ കാഫറായും ഇപ്പോള്‍ ഇതാ മുഴു കാഫറായും മുദ്രകുത്തി ഊരുവിലക്ക് കല്‍പിച്ചു.
തലശ്ശേരി സഹോദരികള്‍ എന്ന ഖ്യാതി നേടിയ കുഞ്ഞമായന്‍റെ മൂത്തമകള്‍ ആമിന സ്വദേശത്തെയും മദ്രാസ് ക്വിന്‍ മേരീസ് കോളേജിലെയും പഠനത്തിന് ശേഷം പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി ബി എസ് നേടി ഡോക്ടറായി. ലണ്ടന്‍ വിക്ടോറിയ കോളിജില്‍ നിന്ന് പിയാനോ വായനയില്‍ ഡിപ്ലോമയും നേടി. മലയാള ഭാഷക്ക് പുറമെ ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന അവര്‍ മദ്രാസ് ഫ്രഞ്ച് കോണ്‍സലില്‍ പാര്‍ട് ടൈം ട്രാന്‍സ്ലേറ്ററായി ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഊട്ടി മേഖല പ്രസിഡന്‍റ്, ടെന്നീസ് താരം, 1952 ല്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് മത്സരിച്ച കേരളത്തിലെ പ്രഥമ മുസ്ലിം വനിത തുടങ്ങിയ പല വിശേഷണങ്ങളാല്‍ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു അവര്‍.
രണ്ടാമത്തെ മകള്‍ ആയിഷ മദ്രാസ് ക്വിന്‍ മേരീസ് കോളേജിലെയും ബാംഗ്ലൂര്‍ വെല്ലിംങ്ടണ്‍ കോളേജിലെയും പഠനത്തിന് ശേഷം 1943ല്‍ മലബാര്‍ ജില്ല മുസ്ലിം വിദ്യാഭ്യാസ സ്പെഷല്‍ ഓഫീസറായി മുസ്ലിം സ്ത്രീ വിദ്യാഭ്യാസ ഉന്നമന്നതിന് അശ്രാന്ത പരിശ്രമം നടത്തി. വിവാഹന്തരം ശ്രീലങ്ക കേന്ദ്രമായി പ്രവര്‍ത്തനം പറിച്ചു നട്ട ആയിഷ സിലോണിലെ പ്രഥമ മുസ്ലിം വനിതാ കോളേജായ സാഹിറ കോളേജിന്‍റെ സ്ഥാപകയും പ്രിന്‍സിപ്പാളുമായിരുന്നു. സിലോണ്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഡപ്യൂട്ടി മേയറെന്ന പദവിയും അലങ്കരിച്ചു. മൂന്നാമത്തെ മകള്‍ ഹലീമ തലശ്ശേരിയില്‍ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായി നഗരസഭയിലേക്ക് മത്സരിച്ചു.
വക്കം മൗലവിയുടെ നേതൃത്വത്തില്‍ 1921 ആഗസ്റ്റ് 21ന് തിരുവിതാംകൂര്‍ രാജ്യത്തെ 23 താലൂക്കുകളില്‍ നിന്നുള്ള മുന്നൂറില്‍ പരം മുസ്ലിം പ്രതിനിധികള്‍ തിരുവന്തപുരത്ത് ആര്യശാലാ ഹാളില്‍ ആലപ്പുഴ എന്‍.എ മുഹമ്മദ്കുഞ്ഞിസാഹിബിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിലെ മുഖ്യ വിഷയങ്ങളില്‍ ഒന്ന് മുസ്ലിം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കലോചിതമായ വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു.
1921 ലെ പോരാട്ടത്തെ തുടര്‍ന്ന് ബ്രട്ടീഷ് സര്‍ക്കാര്‍ മലബാറിലെ മുസ്ലിം പണ്ഡിതരെയും നേതാക്കളെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് തൂക്കിലേറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പലരും അഭയാര്‍ത്ഥികളായി കൊടുങ്ങല്ലൂരിലെത്തി തദ്ദേശീയരുമായി സഹകരിച്ച് ഇവര്‍ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. വക്കം മൗലവി, ശൈഖ് ഹമദാനി തങ്ങള്‍, സീതി സാഹിബ്, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ്, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, മണപ്പാട് കൊച്ചുമായിന്‍ ഹാജി, കെ. എം. മൗലവി, ഇ. മൊയ്തു മൗലവി, ഇ.കെ. മൗലവി തുടങ്ങിയവരുടെ കൂട്ടായ്മയാല്‍ 1922 സെപ്റ്റംബറില്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് വെച്ച് ഐക്യസംഘം രൂപീകരിച്ചു. ഈ രംഗത്ത് സമൂലമായ പരിവര്‍ത്തനത്തിന് ആരംഭം കുറിച്ചു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വക്കം മൗലവി മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത പ്രത്യേകം ഊന്നി പറഞ്ഞ് വിശദമായി സംസാരിച്ചു. സംഘത്തിന്‍റെ കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഇര്‍ഷാദ്, അല്‍മുര്‍ഷിദ്, ഐക്യം തുടങ്ങിയ പത്ര മാസികകളില്‍ ഇത് സംബന്ധമായി പല ലേഖനങ്ങളും അദ്ദേഹം എഴുതി. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് രൂപ, അലീഗറിലും മദ്രാസിലും പഠിക്കുന്ന കുട്ടികള്‍ക്കും മെഡിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പതിനഞ്ച് രൂപ എന്നിങ്ങനെ സ്കോളര്‍ഷിപ്പ് നല്‍കി. പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു.
1927-28കളില്‍ കോഴിക്കോട് മുത്തു ബീവി എന്നൊരു മഹതി ബുര്‍ക്ക ധരിച്ച് വീടുവീടാനന്തരം കയറിയിറങ്ങി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യ നല്‍കാന്‍ പകലന്തിയോളം ശ്രമിച്ചു. വിലക്കുകളും മത വിധികളും അവഗണിച്ചാണ് അവര്‍ കോഴിക്കോട്ട് ഗേള്‍സ് സ്കൂള്‍ സ്ഥാപിച്ചത്. പരപ്പില്‍ ബീവിയുടെ സ്കൂള്‍ എന്നറിയപ്പെട്ട വിദ്യാലയം നിലനിര്‍ത്താന്‍ ബീവിക്ക് കഠിനമായ എതിര്‍പ്പുകള്‍ക്ക് പുറമെ സ്വകുടുംബ ജീവിതം പോലും ത്യജിക്കേണ്ടി വന്നു.
തുടര്‍ന്ന് മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്ക് മാത്രമായി സാമാന്യം ഉയര്‍ന്ന രീതിയില്‍ ഒരു വിദ്യാഭ്യാസ സ്പെഷല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച്., ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയ കുന്ദംകുളത്തിനടുത്ത വടുതലയിലെ കൂളിയാട്ടയില്‍ ഖാന്‍ ബഹദൂര്‍ കെ.മുഹമ്മദ് സാഹിബിനെ നിയമിച്ചു. അദ്ദേഹത്തിന്‍റെ കീഴില്‍ മലബാറില്‍ ആറ് മുസ്ലിം ഡെപ്യൂട്ടി ഇന്‍സ്പെകടര്‍മാര്‍ ഉള്‍പ്പെട്ട മുസ്ലിം എജ്യുകേഷണല്‍ വിംഗ് സജീവമായി പ്രവര്‍ത്തിച്ചു. തിരുവിതാംകൂറില്‍ മുസ്ലിം അറബിക്ക് ഇന്‍സ്പെക്ടറുടെ നേതൃത്വതത്തില്‍ മുസ്ലിം വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിനടത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.
ശാരീരികവും മാനസികവും ബൗദ്ധീകവുമായ വ്യക്തിത്വ വികാസത്തിന്‍റെ നിര്‍ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് മലബാറില്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതിരുന്ന സമയത്ത് മുഹമ്മദ് സാഹിബ് പ്രകടിപ്പിച്ച ശുഷ്കാന്തിയും അര്‍പ്പണ മനോഭാവവും അഭിനന്ദനീയമാണ്. മലപ്പുറത്ത് ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്‍റെ ശുപാര്‍ശ വിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍. എം. സ്റ്റാത്താം സായിപ്പ് അംഗീകരിച്ചതിനെ തുടര്‍ന്ന്1936 ല്‍ മലപ്പുറം ഗവര്‍ണ്‍മെന്‍റ് മുസ്ലിം ഹൈസ്ക്കൂള്‍ സ്ഥാപിതമായി. മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിം കുട്ടികള്‍ അവിടെ ചേര്‍ന്ന് പഠിച്ചു.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമായും വിദ്യാഭ്യാസം നല്‍കണമെന്ന മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ നിര്‍ദേശത്തിനെതിരെ ഒരു വിഭാഗംരംഗത്തുണ്ടായിരുന്നു. ഈ നീക്കത്തെ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എതിര്‍ത്തു. സമയപരിധി നിര്‍ണയിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമായും വിദ്യാഭ്യാസം നല്‍കണമെന്നും ബോര്‍ഡിനു കീഴിലുള്ള സ്കൂളുകളില്‍ ഫീസിളവ് അനുവദിക്കണമെന്നും അദ്ദേഹം ശക്തമായി വാദിച്ചു.
ഈ അനുകൂല സാഹചര്യങ്ങള്‍ ഹേതുവായി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി തിരൂരിനടുത്ത വെട്ടത്ത് പുതിയങ്ങാടിയില്‍ 1940 കളില്‍ മുസ്ലിം ഗേള്‍സ് ഹോസ്റ്റല്‍ ഉള്‍പ്പടെയുള്ള ഹൈസ്ക്കൂളും പൊന്നാനി വലിയജാറത്തിന് പടിഞ്ഞാറ് റോഡരുകില്‍ മുസ്ലിം ഗേള്‍സ് എല്‍ പി സ്ക്കൂളും മലബാറിന്‍റെ ചിലയിടങ്ങളില്‍ പ്രാഥമിക ഗേള്‍സ് സ്കൂളുകളും സ്ഥാപിച്ചു.
തെക്കന്‍ കേരളത്തില്‍ മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ധീരമായി പോരാടിയ മഹിളാ രത്നമാണ് എം അലീമാ ബീവി. 1918 ല്‍ അടൂരിലായിരുന്നു ജനനം. വലിയൊരു വിഭഗത്തിന്‍റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഹലീമാ ബീവി അടക്കമുള്ള തന്‍റെ ഏഴ് മക്കള്‍ക്ക് വിധവയായ മൊയ്തീന്‍ ബീവി വിദ്യാഭ്യാസം നല്‍കിയത്. ഹലീമാ ബീവി നല്ലൊരു സംഘാടകയും പ്രാസംഗികയും എഴുത്തുകാരിയും പ്രഥമ മുസ്ലിം നഗരസഭാ കൗണ്‍സിലറുമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ഗാര്‍ഹിക ജീവിതവും ശുചിത്വവും ശിശുസംരക്ഷണവും മെച്ചപ്പെടുത്തുക, വിദ്യാ വിഹീനരായ മുസ്ലിം സ്ത്രീകളുടെ പരിപാലനത്തില്‍ വളര്‍ന്നുവരുന്ന കുട്ടികളെ ശരിയായ ദിശയിലേക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുക, പൊതുജീവിതത്തില്‍ മാന്യമായ ഇടം നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് മുസ്ലിം വനിതകളെ അവര്‍ നിരന്തരം ഉല്‍ബോധിപ്പിച്ചു. മുസ്ലിം മഹിള, ഭരത് ചന്ദ്രിക, വനിത തുടങ്ങിയ പത്ര മാസികകള്‍ സ്വന്തം പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു. മനോരമ പത്രം കണ്ടുകെട്ടിയ അവസരത്തില്‍ കെ. സി. മാമ്മന്‍ മാപ്പിള പലപ്പോഴും ലഘുലേഖകള്‍ അടിച്ചിരുന്നത് ഇവരുടെ പ്രസ്സില്‍ നിന്നാണ്. തലശ്ശേരിയിലെ മുസ്ലിം വിദ്യാഭ്യാസ സാമൂഹികപ്രവര്‍ത്തക ടി. സി. കുഞ്ഞാച്ചുമ്മയുമായി സഹകരിച്ച് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ച് മുസ്ലിം വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. സര്‍വ്വീസില്‍ കയറിയ പ്രഥമ ബിഎക്കാരിക്ക് പ്രമോഷന്‍ നല്‍കാന്‍ ഏകകണ്ഠമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മുസ്ലിം സ്ത്രീ ഉന്നമനത്തിനായുള്ള പല പരിപാടികളും അവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലമായി നടന്നു. പി.കെ ഹലീമ, പുത്തൂര്‍ ആമിന, ബി,ആയിഷക്കുട്ടി, സി.എച്ച് കുഞ്ഞായിഷ തുടങ്ങിയ മാപ്പിള കവയിത്രികള്‍ പാട്ടുകളിലൂടെ മുസ്ലിം വനിതകളുടെ ഉദ്ധാരണത്തിന് അവിശ്രമം യത്നിച്ചു. ക്രമേണ പലയിടത്തും ഇതേ രീതിയിലുള്ള വനിതാ മുന്നേറ്റങ്ങള്‍ നടന്നു.
മൗലാനാ അബുസബാഹിന്‍റെ നേതൃത്വത്തില്‍ അഫ്സലുല്‍ ഉലമ സിലബസ്സിനസുസരിച്ച് 1942 ജനുവരി അഞ്ചാം തിയ്യതി തുടക്കം കുറിച്ച ആദ്യത്തെ കലാലയമാണ് റൗസതുല്‍ ഉലൂം അറബി കോളേജ്. ഈ മേനേജ്മെന്‍റിന്‍റെയും കെ.എം. സീതിസാഹിബിന്‍റെയും അശ്രാന്തപരിശ്രമത്താല്‍ 1948 ജൂണ്‍ 12ന് ഫറൂക്കില്‍ ആരംഭിച്ച ആര്‍ട്ട്സ് കോളേജില്‍ 1959 മുതലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങിയത്. ആ വര്‍ഷം ചേര്‍ന്ന 13 പെണ്‍കുട്ടികളില്‍ മുസ്ലിം പെണ്‍കുട്ടി ഒന്ന് മാത്രം. 1958ല്‍ തങ്ങള്‍ കുഞ്ഞിമുസ്ലിയാരുടെ നേതൃത്വത്തില്‍ കൊല്ലത്ത് ആരംഭിച്ച ടി.കെ.എം. എന്‍ഞ്ചിനീയറിംഗ് കോളേജാണ് മുസ്ലിം മാനേജ്മെന്‍റിന്‍റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനം. 1961ല്‍ കെ.സി. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ചേന്നമംഗല്ലൂരില്‍ ആരംഭിച്ച മദ്രസ്സത്തുല്‍ ബനാത്താണ് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്കായുള്ള മുസ്ലിംകളാല്‍ സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം.
1964 ല്‍ ഡോ.പി.കെ. അബ്ദുള്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട എം. ഇ. എസ്.ന്‍റെ കീഴില്‍ കേരളത്തില്‍ പലയിടത്തും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് നാനാ രംഗത്തും മുന്തിയ പരിഗണന നല്‍കി. 1967ലെ സ്പതകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി സി.എച്ച്. മുഹമ്മദ്കോയ അധികാരമേറ്റത് മുതല്‍ ഈ രംഗത്ത് പുരോഗതിക്കായുള്ള കൂടുതല്‍ വാതായനങ്ങള്‍ തുറന്നു. മുസ്ലിം സാമൂഹിക-സാംസ്കാരിക-മത-വിദ്യാഭ്യാസ സംഘടനളുടെ കൂട്ടായിമകളാല്‍ വിവധ മേഖലകളില്‍ ക്രമാനുഗതമായി നവോന്മേഷം സംജാതമായി. ജമാഅത്ത് ഇസ്ലാമിയുടെയും കേരള നദുവത്തുല്‍ മുജാഹിദിന്‍റെയും നേതൃത്വത്തില്‍ വനിതകള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രൂപീകൃതമായി. അടുത്തകാലത്തായി ഇരു സമസ്തകള്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ഇതര മുസ്ലിം വിദ്യാഭ്യാസ ഏജന്‍സികള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള കൂടുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍വന്നു.
കേരളത്തില്‍ ഔദ്യോഗിക രംഗത്ത് ഏറ്റവും ഉന്നത സ്ഥാനം അലങ്കരിച്ചത് ജസ്റ്റിസ് എം. ഫാത്തിമ ബീവിയാണ്. 1927 ല്‍ പത്തനംതിട്ടയിലാണ് ജനനം. 1989 ല്‍ സുപ്രീം കോടതി ജസ്റ്റിസായി സ്ഥാനമേല്‍ക്കുകയും 1997-2001 കാലത്ത് തമിഴനാട് ഗവര്‍ണര്‍ പദവി വഹിക്കുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും വനിത സുപ്രീം കോടതി ജഡ്ജി, ആദ്യ മുസ്ലിം വനിതാ സെഷന്‍സ് ജഡ്ജി, ആദ്യ മുസ്ലിം ഹൈക്കോടതി ജഡ്ജി, ടാക്സ് അപ്പലേറ്റ് ട്രൈബുനല്‍ അംഗം തുടങ്ങി ലോകത്ത് ഇത്തരം പദവികള്‍ വഹിച്ച പ്രഥമ മുസ്ലിം മഹിള രത്നവുമാണ് അവര്‍. ഡോ. പി. കെ. അബ്ദുല്‍ ഗഫൂറിന്‍റെ മൂത്ത സഹോദരിയും പി.കെ അബ്ദുല്ല ഐ എ എസ്സിന്‍റെ സഹധര്‍മ്മിണും കൊച്ചി രാജ്യത്തെ പ്രഥമ മുസ്ലിം ബിരുദ്ധധാരിണിയുമായ ആമിന, ഡെപ്യൂട്ടി സ്പീക്കര്‍മാരായിരുന്ന ആയിഷാ ഭായി, എ. നഫീസത്ത് ബീവി, ഫാത്തിമ ഗഫൂര്‍, എംബിബിഎസ് പാസായ ആദ്യകാല മുസ്ലിം വനിതകളില്‍പ്പെട്ട ഡോ. എം.കെ. ആയിഷാബി, ഫാത്തിമാ റഹ്മാന്‍, കമറുന്നീസ അന്‍വര്‍, പ്രൊഫ. എ. നഫീസ ഉമ്മാള്‍, സുഹറ മമ്പാട്, ഡോ. ഷീന ഷുക്കൂര്‍, അഡ്വ. മറിയുമ്മ, അഡ്വ. നൂര്‍ബിനാറഷീദ്, ഷാനിമോള്‍ ഉസ്മാന്‍, എടക്കര തെസ്ലീം നീലാങ്ങോടന്‍, ഹനാന്‍ ഹാഷിം, അദീല അബ്ദുല്ല തുടങ്ങി പല മുസ്ലിം വനിതകളും ഈ രംഗത്ത് സ്ത്യുതര്‍ഹമായി സേവനങ്ങള്‍ അര്‍പ്പിച്ചു.
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സര്‍വകലാശാല തലത്തിലും മുസ്ലിം ആണ്‍ കുട്ടികളെക്കാള്‍ മുസ്ലിം പെണ്‍ കുട്ടികളാണ് ഇപ്പോള്‍ മുന്നേറുന്നത്. പ്രത്യേകിച്ച് മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ ഗണ്യമായിതന്നെ ഈ വിടവ് പ്രകടമായി കാണാം. ആണ്‍കുട്ടികളെപ്പോലെ മുസ്ലിം പെണ്‍കുട്ടികളെയും ഉപരിപഠനാര്‍ത്ഥം കേരളത്തിനു പുറത്തുള്ള കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും ഇതരഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അയക്കുന്നതിന് മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും പ്രത്സാഹിപ്പിക്കേണ്ടതാണ്. പല പ്രമുഖ പട്ടണങ്ങളിലും ചതിക്കുഴികളും അപകടകരമായ കെണികളും പലതുമുള്ളതിനാല്‍ ഒറ്റപ്പെട്ടെത്തുന്ന പെണ്‍കുട്ടികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഒരുമേഖലയാണിത്. അതോടൊപ്പംതന്നെ സുരക്ഷിതമായ ഹോസ്റ്റലുകളും ധാരാളം.
പാരമ്പര്യ പഠനത്തെ നിശിതമായി എതിര്‍ത്തതും ബ്രിട്ടീഷ് നയങ്ങളില്‍ മിതത്വം പാലിച്ചതും ദേശീയ പഠനരീതികള്‍ക്ക് തുടക്കം കുറിച്ചതും ഹേതുവായി ആദ്യകാലത്ത് മക്തി തങ്ങളുടെ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടത്ര വേരോട്ടം ലഭിച്ചില്ല. കാലന്തരത്തില്‍ ക്രമാനുഗതമായി വന്ന മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയുടെ ഓരോ ചുവടുവെപ്പിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയിലെല്ലാം അദ്ദേഹത്തിന്‍റെ പാദമുദ്രകള്‍ പതിഞ്ഞതായി കാണാം.
2014ലെ സമാധാനത്തിനായുള്ള നോബേല്‍ പുരസ്കാരം നേടിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശ വിശ്വവക്താവും ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബേല്‍ പുരസ്കാര ജേതാവുമായ പതിനേഴുവയസ്സുകാരി മലാല യൂസഫ് സായിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്ലാഘനീയവും അനുകരണീയവുമാണ്. കോഴിക്കോട് പട്ടണത്തിലെ മുത്തുബീവിയില്‍ നിന്ന് മിന്‍ഗോ പട്ടണത്തിലെ മലാല യൂസഫിലേക്ക് ഏഴുപതിറ്റാണ്ടിലധികം അകലമുണ്ടെങ്കിലും വര്‍ത്തമാനകാല മുസ്ലിം പെണ്‍കുട്ടികളുംടെ വിദ്യാഭ്യാസ രംഗത്തെ അഭൂതപൂര്‍വ്വമായ പുരോഗതി അഭിമാനത്തോടെ പറയാതെവയ്യ. അതൊടൊപ്പം ഉയര്‍ന്ന പഠനത്തിനോ ജോലിക്കോ താല്‍പര്യമില്ലാത്ത പെണ്‍കുട്ടികളെ ആ രംഗത്തേക്ക് തള്ളിവിടുന്ന പ്രവണത അവസാനിപ്പിക്കണം. പോസ്റ്റ് ഗ്രാജ്വേഷന്‍, ബിഡിഎസ്, ബിടെക്, എംബിബിഎസ് തുടങ്ങിയ പല ഉന്ന കോഴ്സുകളും പാസായതിന് ശേഷം ജോലിക്ക് അവസരം ലഭിച്ചിട്ടും കുടുംബപരമായ കാരണങ്ങളാല്‍ അത് നിഷേധിക്കപ്പെട്ട മുസ്ലിം വനിതകളുടെയും ജോലി ലഭിച്ചശേഷം തന്നെ അത് ഉപേക്ഷിച്ച് കുടുംബിനികളായി കഴിയുന്ന മുസ്ലിം വനിതകളുടെയും ഗതി പരിതാപകരമാണ്. അദ്ധ്വാനിച്ച് പഠിച്ച് ഉന്നത കോഴ്സുകള്‍ നേടിയതിന് ശേഷം ജോലിക്ക് സന്നദ്ധതയുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നത് ഗുരുതരമായ സാമൂഹിക ദ്രോഹമാണ്. ഈ നില തുടര്‍ന്നാല്‍ മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് പോരാടിയ നമ്മള്‍ മുസ്ലിം സ്ത്രീ തൊഴില്‍ നിഷേധത്തിനെതിരെ സമുദായത്തിനകത്ത് തന്നെ ശബ്ദുമുയര്‍ത്തേണ്ടി വരും.