13. അക്ഷര പെരുമ
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക ചരിത്ര പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷര പെരുമ. പൗരാണിക ഭാരതീയ നദീതട സംസ്‌കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍ നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്‌കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നല്‍കിയിട്ടുണ്ട്. വടക്കെക്കര തിരൂരില്‍ ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്‌കരണം നടത്തി. ഹൈന്ദവ വൈജ്ഞാനിക ആത്മീയ മേഖലയെ സംപുഷ്ടമാക്കി.
കിഴക്കെകരയില്‍ തിരുന്നാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഗോശ്രീ നഗര വര്‍ണ്ണനവും നാരായണീയവും ഗുരുവായൂര്‍ മാഹാത്മ്യവും അല്‍പം അകലെ പെരിന്തല്‍മണ്ണക്കടുത്ത് പൂന്താനം നമ്പൂതിരി സന്താനഗോപാലം, ജ്ഞാനപ്പാന തുടങ്ങിയവ രചിച്ച് ചരിത്രവും ദൈവീക സ്മരണയും സമന്വയപ്പിച്ച് സ്ഥിര പ്രതിഷ്ഠ നേടുകയും തെക്കെകരയിലെ പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്‌ലാമിക വിജ്ഞാനത്തേയും സംസ്‌കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് ഇതേ കാലഘട്ടത്തിലാണ്. എ ഡി 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 35 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്‌ക്കാരിക തനിമയെ അതുല്ല്യമാക്കുന്നു.
എന്നാല്‍, ഇതിനുമുമ്പ് ഖാസി മുഹമ്മദ് തന്‍റെ ഗുരുവര്യന്‍ ശൈഖ് ഉസ്മാനെ കുറിച്ച് ഒരു വിലാപകാവ്യം പൊന്നാനിയില്‍ വെച്ച് രചിച്ചിട്ടുണ്ടെന്ന് ചരിത്രം സാക്ഷി.
ശുദ്ധമായ മലയാളം നീളതീരത്തെ വള്ളുവനാട്ടിലാണെന്നാണ് പരക്കെ ചൊല്ല്. മാപ്പിള മലയാളം പിറന്നതും പിച്ചവെച്ച് വളര്‍ന്നതും പൊന്നാനിയിലും കോഴിക്കോടുമാണെങ്കില്‍ പടര്‍ന്ന് പന്തലിച്ച് വ്യാപക പ്രചാരം നേടിയത് ഏറനാട്ടിലും വടക്കെ മലബാറിലുമാണ്.