12. പ്രഥമ മലയാളി മുസ്ലിം പത്രപ്രവര്‍ത്തകന്‍

12. പ്രഥമ മലയാളി മുസ്ലിം പത്രപ്രവര്‍ത്തകന്‍



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336





                          മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ പിതാവായ വിശ്രുതനായ ബാഷല്‍ മിഷ്യനിലെ മിഷ്യണറി റവ. ഡോ:ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിക്കടുത്ത നെട്ടൂര്‍ ഇല്ലിക്കുന്നിലെ ബാഷല്‍ മിഷ്യന്‍ പ്രസ്സില്‍നിന്നും 1847 ജൂണില്‍ പ്രസിദ്ധീകരിച്ച രാജ്യസമാചാരമായിരുന്നു മലയാളത്തിലെ ആദ്യത്തെ പത്രം. സൗജന്യമായി വിതരണം നടത്തിയ പത്രത്തിന്‍റെ മുഖ്യ ലക്ഷ്യം ക്രിസ്തീയ മത പ്രചാരണമായിരുന്നു. രാജ്യ സമാചാരത്തിലെ രാജ്യം സ്വര്‍ഗരാജ്യത്തെയാണത്രെ ലക്ഷ്യമാക്കിയത്. സാധാരണക്കാരന്‍റെ ഭാഷയില്‍ കല്ലച്ചി അച്ചിക്കൂടത്തിലാണ് അച്ചടിച്ചത്. ഇതിന്‍റെ ചുവടുപിടിച്ച് പശ്ചിമോദയവും ജന്മമെടുത്തു. ഈ പ്രസിദ്ധീകരണങ്ങളില്‍ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്ന ലേഖനങ്ങള്‍ എഴുതിയിരുന്നു. മിഷ്യണറിമാരുടെ ഇതേ രീതിയിലുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ മുസ്ലിം പണ്ഡിതന്മാര്‍ തയ്യാറായില്ല. ഈ അപാകത പരിഹരിക്കാന്‍ ആശയ പ്രചാരണ മാധ്യമങ്ങള്‍ക്കുള്ള നിര്‍ണ്ണായക സ്ഥാനം ഗ്രഹിച്ച മക്തി തങ്ങള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുവാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി. ഈ സംരംഭത്തിന് തുണയായി വന്നത് കൊച്ചി കല്‍വത്തിയിലെ പണ്ഡിതശ്രേഷ്ഠന്‍ ഖാദര്‍ഷാ ഹാജി ബാപ്പു-കാക്കാ സാഹിബായിരുന്നു. ഇദ്ദേഹം പത്രാധിപരും, തങ്ങള്‍ സഹപത്രാധിപരുമായി 1888ല്‍ സത്യപ്രകാശം വാരിക ജന്‍മമെടുത്തു. ഇതാണ് ഒരു മുസ്ലിമിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പ്രഥമ മലയാള മാധ്യമം. ആദംജി ഭീംജി സേട്ടുവിന്‍റെ കൊച്ചിയിലെ ഭാരതകേസരി പ്രസ്സില്‍നിന്നാണ് അച്ചടിച്ചത്. മുസ്ലിംകളില്‍ മലയാളം എഴുതാനും വായിക്കാനും സാധിക്കുന്നവര്‍ കുറവായിരുന്ന കാലത്താണ് ഈ പത്രം പ്രസിദ്ധീകരിക്കുന്നത്. ആരംഭത്തില്‍ ഹൈന്ദവ സുഹൃത്തുക്കള്‍ പത്ര നിലനില്‍പ്പിന്ന് ആവോളം സഹായം നല്‍കിയിരുന്നു. ഒമ്പത് മാസത്തിനകം പ്രതിസന്ധികളില്‍ അകപ്പെട്ട് പ്രസിദ്ധീകരണം നിലച്ചു. തുടര്‍ന്ന് കൊച്ചിയില്‍നിന്നും കോഴിക്കോടുനിന്നും പുറത്തിറങ്ങിയ പരോപകാരി മാസിക മൂന്നുവര്‍ഷം നിലനിന്നു. മാസിക നടത്തിപ്പ് ഹേതുവായി ഉണ്ടായ കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീടുപോലും വില്‍ക്കേണ്ടിവന്ന സ്ഥിതിവിശേഷം അദ്ദേഹം പറയുന്നത് നോക്കൂ.

                           ڇപരോപകാരി മാസികമൂലം സ്വന്തം ഭവനം കടപ്പെട്ടതില്‍പിന്നെ ഇന്നുവരേ പൂച്ച തന്‍റെ കുഞ്ഞുങ്ങളെ കൊണ്ടലയുന്നത് പോലെ സംസാരംകൊണ്ടലഞ്ഞും 'ദിനംനവീന ആഹാരം നവീനത' എന്ന കണക്കേ അന്നന്നത്തെ ചിലവ് അന്വേഷിച്ചുംവരുന്നു. ക്രിസ്തു പറഞ്ഞത് പോലെ 'തലവെപ്പാന്‍ സ്ഥലമില്ലാതെ' കഴിക്കുന്നു. വാടകക്ക് വീടോ സ്ഥലമോ കൊടുപ്പാന്‍ പോലും ഇസലാം ജനം ഭയപ്പെടുന്നു.ڈ 

                       തുടര്‍ന്ന് നിത്യജീവന്‍ എന്ന പേരില്‍ മാസികക്കായി അണിയറയില്‍ കരുക്കള്‍ നീക്കി. മക്തി തങ്ങളുടെ സുഹൃത്തും കവിയും  പരിഷ്കര്‍ത്താവായിരുന്ന  തിരൂരിലെ സി സെയ്താലികുട്ടി മാസ്റ്ററുടെ (1856-1919) പത്രാധിപത്യത്തില്‍ പൊന്നാനിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ڇസ്വലാഹുല്‍ ഇഖ്വാനിڈല്‍ വന്ന പരസ്യം ഇങ്ങനെ:  

                ഞാന്‍ മുമ്പ് നടത്തിയിരുന്ന പരോപകാരിപോലെ എട്ടു പുറങ്ങളില്‍ ഒരു പുസ്തകം മാസത്തില്‍ ഒന്നായി നടത്താനും അതില്‍ ഒരു ഭാഗം എന്‍റെ പുസ്തകങ്ങളില്‍ ബുദ്ധി ഉപദേശങ്ങളും ഓരോ രോഗങ്ങള്‍ക്കും കൈകണ്ട ഔഷധങ്ങള്‍ വിവരിപ്പാനും വിചാരിക്കുന്നു.

          അതില്‍ വില ആണ്ടില്‍ ഒരുറുപ്പിക മുന്‍കൂറും ഒന്നേകാലുറുപ്പിക പിന്‍കൂറുമാകുന്നു.

                   ഈ ദുല്‍ഹജ്ജ് മുപ്പതാം തിയതിക്കകം 100 വായനക്കാര്‍ തികഞ്ഞാല്‍ മുഹറം 1-ാം തിയതിക്ക് പത്രം പുറപ്പെടീക്കാം. ഇന്‍ശാഅല്ലാഹ്. ഒരുമാസത്തെ പണം മുന്‍കൂര്‍ അയച്ചുതന്നാലും മതി. ഒരു ഭാഗമായ മുമ്മൂന്ന് കടലാസ്യെടുത്ത് ചേര്‍ത്താല്‍ പുസ്തകമായിത്തീരും.ڈ

                 എന്നാല്‍ ഈ സംരംഭത്തിന് വേണ്ടത്ര വരിക്കാരെ ലഭിക്കാത്തതിനാല്‍ മുന്നോട്ട് നീങ്ങിയില്ല. 'നിത്യജീവന്‍ മാസിക' നടത്തിപ്പിനായി കേവലം ڇ 38 സഹകാരികള്‍ അയച്ചുകൊടുത്ത സംഖ്യ അദ്ദേഹം തിരിച്ചുകൊടുക്കുകയും ചെയ്തു.ڈ

         'തുഹ്ഫത്തുല്‍ അഖ്യാര്‍ വഹിദായത്തുല്‍ അശ്റാര്‍' എന്ന പേരില്‍ അറബി മലയാളത്തില്‍ 1884 (ഹിജറ:1312)ല്‍ ഒരു പാക്ഷിക പത്രം കൊച്ചിയില്‍നിന്ന് അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു. പ്രഗല്‍ഭരായ സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ് അടിമ മുസ്ലിയാര്‍ (കൊച്ചി) അദിയപുറത്ത് അമ്മു(തലശ്ശേരി) അറക്കല്‍ കുഞ്ഞി അഹമ്മദ് മൗലവി(കൊച്ചി) എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളായിരുന്നു. പത്രത്തിലെ 


ڇഅടുക്കളവിട്ട് പോയില്ല;

അിറവുള്ളോരെ കണ്ടില്ല;

കിത്താബൊന്നും പഠിച്ചില്ല;

ഫത്വാക്കൊട്ടും മുട്ടില്ല;ڈ


         യാഥാസ്ഥിതികത്വത്തിനെതിരില്‍ തൂലിക പടവാളായി വര്‍ഷങ്ങളോളം സജീവ ചര്‍ച്ചക്ക് വിധേയമായ ഈ വരികളാണ് പത്രത്തിന്‍റെ തലവാക്യമായി ചേര്‍ത്തിരുന്നത്.   

 ആശയങ്ങള്‍ ഫലപ്രദമായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കണമെങ്കില്‍ സ്വന്തമായൊരു പ്രസ്സ് അനിവാര്യമായിതീര്‍ന്നു. ആഗ്രഹ സഫലീകരണത്തിനു പല  മുസ്ലിം പ്രമുഖരെയും  ധനാഢ്യരെയും സമീപിച്ചെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഒടുവില്‍ ഏതാനും യുവാക്കളുടെ സഹകരണത്തോടെ 1890ല്‍ കൊച്ചിയില്‍ മുഹമ്മദിയ്യ പ്രസ്സ് സ്ഥാപിച്ചു. അക്കാലത്ത് അധിക കുടുംബങ്ങളും ദാരിദ്ര്യത്തിലായിരുന്നുവെങ്കിലും മിക്ക ക്രിസ്തീയ-മുസ്ലിം കുടുംബങ്ങളില്‍നിന്നും ദൈനംദിന ചിലവില്‍നിന്നും ചുരുങ്ങിയത് ഒരുപിടി അരിയോ ഒരു ചില്ല് കാശോ സംഭരിച്ച് മതപരമായ ആവശ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. ക്രിസ്ത്യാനികള്‍ ഈശോ മശീഹിന്‍റെ പേരിലും ഹിന്ദുക്കള്‍ ദേവര്‍ക്കാണി നാമത്തിലും വഴിപാടുകള്‍ നേര്‍ന്നു.ദൈനംദിനം പലരില്‍നിന്നും ഓരോ കാശ് വീതം പിരിച്ചെടുത്താണ് മുഹമ്മദ് നബിയുടെ ചരിത്രം വിവരിക്കുന്ന നബി നാണയം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. അറബിമലയാളത്തില്‍ മുഹമ്മദ് നബിയെ കുറിച്ച് പല ചരിത്ര കൃതികള്‍ പ്രകാശനം ചെയ്തിരുന്നുവെങ്കിലും മലയാളത്തിലെ ആദ്യ പുസ്തകമാണ് നബിനാണയം. പരമ്പര ആദ്യഭാഗം മാത്രമേ പ്രകാശിതമായിട്ടുള്ളു. മുഹമ്മദ് നബിയുടെ ജനനം മുതല്‍ പ്രവാചകത്വം(ദിവ്യപ്രഭ) ലഭിക്കുന്നതുവരെയുള്ള ചരിത്രം ഇതില്‍ വിവരിക്കുന്നു. ഗുണ്ടര്‍ട്ട് നബിയെ കുറിച്ച് എഴുതിയ തെറ്റിദ്ധാരണകള്‍ മക്തി തങ്ങള്‍ തന്‍റെ കൃതികളിലൂടെ തിരുത്തി. ആലപ്പുഴയിലെ ചെറു വ്യാപാരികളുടെ സഹായത്തോടെ പ്രസ് ഏതാനും നാള്‍ നഷ്ടംകൂടാതെ പ്രവര്‍ത്തിച്ചു.

      അക്കാലത്ത് പ്രചാരമുള്ള പത്രമായ കേരള സഞ്ചാരി പുസ്തകത്തെ പ്രശംസിച്ച് നിരൂപണം നടത്തിയതിന്‍റെ പ്രസക്തഭാഗം ഇങ്ങനെ: ڇമുഹമ്മദീയ സഹോദന്മാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ വളരെ പിന്നിലാണ്; (മലയാള)ഭാഷയില്‍ എഴുതുന്നവര്‍ അവരില്‍ വളരെ കുറവ്. മഖ്ദി തങ്ങള്‍ എന്ന പ്രസിദ്ധ പ്രസംഗകന്‍ മുഹമ്മദീയരുടെ വിദ്യാഭ്യാസ ഉയര്‍ച്ചക്കും സാഹിത്യ പോഷണത്തിനും വേണ്ടി വളരെ പാടുപെടുന്ന ആദരണീയനാണ്. നബിനാണയം പോലെയുള്ള പല ഗ്രന്ഥങ്ങളും ഈ പണ്ഡിതന്‍ ചുമക്കുമെന്നാശിക്കാം.(പുസ്തകം:1, ലക്കം:13) 

        ഓരോ പദത്തിന്‍റെയും അര്‍ത്ഥം ആവര്‍ത്തിച്ചു പറഞ്ഞു പഠിക്കുന്ന രീതികൊണ്ടും, സമര്‍ത്ഥരായ പല പഠിതാക്കളും പഠനസമയത്തുതന്നെ കിത്താബുകളുടെ പാര്‍ശ്വഭാഗത്തില്‍ അര്‍ത്ഥം എഴുതിച്ചേര്‍ത്തിരുന്നതുകൊണ്ടും ഭാഷാപഠനത്തിന് ശാസ്ത്രീയമായ മാനം കൈവന്നിരുന്നില്ല. പദങ്ങളുടെ അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കാന്‍ പര്യാപ്തമായ രീതിയിലുള്ള സംസ്കൃതം, മലയാളം, അറബി ത്രിഭാഷാ നിഘണ്ടു രചിക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ ആരംഭിച്ചു. ധാരാളംപദങ്ങള്‍ ശേഖരിച്ചു ഒരു കരട് കോപ്പിയും തയ്യാറാക്കി. എന്നാല്‍ യാത്രക്കിടയില്‍ അത്നഷ്ടപ്പെട്ടു. എന്നാല്‍ ഇതിനെ അവലംബിച്ച് മറ്റൊരു വ്യക്തി അറബിമലയാളത്തില്‍തന്നെ ഒരു ത്രിഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചിരുന്നുവത്രെ. ഭാഷാഭ്യാസഹൃദയം എന്ന തലക്കെട്ടില്‍ തങ്ങള്‍ എഴുതുന്നു: 

        'മലയാള മുസ്ലിം അറബി പദാര്‍ഥം അറിയാതെ അന്ധരായിത്തീരുന്ന ദോഷത്തില്‍ നിന്നും രക്ഷപ്പെടുന്ന മാര്‍ഗം എന്തെന്നു ആലോചിക്കണം. പുത്തനായ മദ്രസ്സ ഏര്‍പ്പെടുത്തിയാലും ഈ ദോഷം തീരുന്നതല്ല. ഇവിടുത്തെ ഗുരുക്കന്മാര്‍ പതിവുപോലെ പഠിപ്പിക്കും. പരദേശ്യര്‍ മലയാളം അറിയുന്നതുമല്ലാ. മദ്ധ്യസ്ഥാനത്ത് മറ്റൊരു ഭാഷയെ ആശ്രയിച്ച് ക്രമപ്പെടുത്താമെന്നുള്ള ധൈര്യം ദുസാധ്യമല്ലെങ്കിലും അതിനുള്ള പ്രയാസവും കാല താമസവും എത്ര എന്നും, തല്‍സമയമുള്ള ഗുരുക്കന്മാര്‍ക്ക് ഉപകരിക്കുമോ എന്നും ചിന്തിക്കുന്ന മനുഷ്യബുദ്ധി ശഠിക്കും.  എന്നാല്‍ തല്‍ക്കാലാവസ്ഥക്ക് അത്യാവശ്യമായതു അര്‍ത്ഥനിഘണ്ടുവാകുന്നു. അറബിപദത്തിനൊത്ത മലയാള പദവും സംസ്കൃത പദവും കാണിക്കുന്ന നിഘണ്ടു ചമച്ചു പ്രസിദ്ധപ്പെടുത്തുന്നതായാല്‍ അത് പുതുപാഠശാലകള്‍ക്കും ശേഷമുള്ള എല്ലാ ജനങ്ങള്‍ക്കും ഗുണകരമായും ഉപകാരപ്രദമായും ഭവിക്കുമെന്നു അഭ്യാസാത്മാക്കളത്രയും സമ്മതിക്കും.ഭാഷാഭ്യാസഹൃദയം നിഘണ്ടു ആകുന്നു.' (മുസ്ലിംകളും വിദ്യാഭ്യാസവും: അനുബന്ധം)