17. മര്‍ദ്ദനങ്ങള്‍ ബഹിഷ്കരണങ്ങള്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
കഴിഞ്ഞ അഞ്ഞൂറ് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മുസ്ലിം നവോത്ഥാനവുമായി രംഗത്തെത്തിയ നായകരില്‍ സ്വസമുദായത്തില്‍നിന്നുംപോലും ദൗത്യനിര്‍വഹണത്തിന്‍റെ ആരംഭം മുതല്‍ ആരോപണങ്ങളും അധിക്ഷേപങ്ങളും രൂക്ഷമായ എതിര്‍പ്പും ബഹിഷ്കരണവും ചീത്തവിളികളും ഏല്‍ക്കേണ്ടിവന്ന നാമമാത്ര പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ് മക്തി തങ്ങള്‍. ക്രൈസ്തവ പുരോഹിതന്‍മാരും മുസ്ലിംകളില്‍നിന്ന് ഒരു വിഭാഗവും അഴിച്ചുവിട്ട ദുരാരോപണങ്ങള്‍ക്ക് എതിരെ മക്തി തങ്ങള്‍ ബൗധികമായ നിലയില്‍ നടത്തിയ വാദമുഖങ്ങള്‍ക്കുമുമ്പില്‍ അവര്‍ പരാജിതരായി. തിക്താനുഭവങ്ങള്‍ മക്തി തങ്ങള്‍ തന്നെ പറയട്ടെ.
ڇനമ്മുടെ പുറപ്പാട് കേരളത്തില്‍ പുത്തന്‍പുറപ്പാട് ആയതുകൊണ്ടും എതിര്‍ഭാഗത്തുള്ള ശക്തി ഭയങ്കരമായതുകൊണ്ടും നമുക്കടുത്തവരും അകന്നവരുമായ കുടുംബാദികളും അസ്മാദികളും സ്നേഹിതരും സഖികളുമായ ആസകലരും ഭയപ്പെട്ടു- നമ്മെ കുറ്റപ്പെടുത്തി ഒഴിഞ്ഞുനിന്നും ധനംകൊണ്ടും ജ്ഞാനംകൊണ്ടും സഹായിക്കുന്നവര്‍ ഇല്ലാതെ നാം ഏകനായിതീര്‍ന്നു. ആദ്യപത്രമായ പരോപകാരി മാസിക നടത്തുന്നതിലേക്കുണ്ടായ സഹായം ഹിന്ദുസ്നേഹിതരില്‍ നിന്നാകുന്നു.ڈ
ഒരിക്കല്‍ തിരുവനന്തപുരത്തുവെച്ച് ചില പ്രത്യേക വകുപ്പുകള്‍ ചേര്‍ത്ത് അദ്ദേഹത്തെ ക്രമിനല്‍ കേസുകളില്‍ കുടുക്കി. മുസ്ലിംകള്‍പ്പോലും അദ്ദേഹത്തെ ബഹിഷ്കരിച്ചു. പട്ടന്മാാരുടെ ഭോജനശാലയില്‍നിന്ന് ഭക്ഷണം കഴിച്ചാണ് ഉപജീവനം നടത്തിയത്. കേസ് വാദിക്കാന്‍ വക്കീല്‍പ്പോലും ഇല്ലായിരുന്നു. ആറുമാസം നീണ്ടുനിന്ന വ്യവഹാരം അദ്ദേഹം തന്നെ സ്വയം വാദിച്ച് വിജയം നേടുകയാണുണ്ടായത്.
ڇതിരുവനന്തപുരത്തുള്ള ക്രിസ്തീയജനം കൂടിയാലോചിച്ചു ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജുകള്‍ നിര്‍മിച്ചു അകപ്പെടുത്തിയതില്‍ ഇടവലം കാണാതെ വ്യാകുലചിത്തനായി പരിഭ്രമിച്ചു. ഇസ്ലാം ജനം അടുത്തുവരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞുമാറി മറഞ്ഞതിനാല്‍ പട്ടന്മാരുടെ ഭക്ഷണശാലകളില്‍ ഉണ്ടാകുന്ന ചോറും ചാറും വാങ്ങി ആത്മാവിനെ രക്ഷിച്ചു ആറുമാസം വ്യവഹരിച്ചു. ഇന്‍സ്പെക്ടര്‍മ്മാര്‍ തെളിഞ്ഞു സാക്ഷി പറഞ്ഞെങ്കിലും സത്യസ്വരൂപന്‍റെ കടാക്ഷം കൊണ്ടുണ്ടായ ഹിന്ദുജന സഹായം കൊണ്ട് അവര്‍ ഇളിഞ്ഞു. നാം രക്ഷപ്പെടുകയും ചെയ്തു.ڈ
കണ്ണൂരിലെ ഒരു കേസ്സില്‍ അഞ്ഞൂറ് രൂപയോ ആള്‍ ജാമ്യമോ നല്‍കണമെന്ന് തുക്കിടി സായ്പ് ഉത്തരവിട്ടു. ന്യായാധിപന്‍റെ മുമ്പില്‍ നിരപരാധിത്തം ബോധിപ്പിച്ചതിനെ തുടര്‍ന്ന് ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും സ്വതന്ത്രമായി ആശയപ്രാചരണം നടത്താന്‍ അനുവാദവും ലഭിച്ചു. ഇവിടത്തെ കണ്‍ട്രോള്‍മെന്‍റില്‍ മരുമക്കത്തായത്തിനെതിരെ പ്രസംഗിച്ചതിനെ തുടര്‍ന്ന് വടികൊണ്ടടിച്ചും കല്ലുകള്‍ക്കൊണ്ടെറിഞ്ഞും മര്‍ദ്ദിച്ചു. സമാധാന ലംഘനമെന്നപേരില്‍ പ്രസംഗം നിരോധിക്കണം എന്നതായിരുന്നു എതിര്‍പക്ഷത്തിന്‍റെ ലക്ഷ്യം. എന്നാല്‍ ഹിന്ദുക്കളുടെ സഹകരണത്താല്‍ എതിരാളികളുടെ ആഗ്രഹം സഫലീകരിച്ചില്ല. തലശ്ശേരിയില്‍നിന്നും വടകരയില്‍നിന്നും സമാനമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇരിഞ്ഞാലക്കുടയില്‍ പ്രസംഗമദ്ധ്യേ ക്രിസ്ത്യാനികള്‍ തെറിവാക്ക് പറഞ്ഞ് മര്‍ദ്ദിച്ച് പന്നിയെപ്പോലെ ഓടിച്ചു. കൊച്ചിയില്‍നിന്ന് പ്രസംഗിച്ചതിനെ തുടര്‍ന്ന് മുസ്ലിംകളുടെ പരാതിയാല്‍ പിഴ ഒടുക്കേണ്ടി വന്നു. അദ്ദേഹം പറയുന്നതു നോക്കൂ:
ڇനമ്മുടെ പ്രസംഗം അനര്‍ഥകരമാണെന്നു കൊച്ചി നിവാസികളായ ഇസ്ലാമീങ്ങള്‍ പലരും ഏകോപിച്ചു ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോട് ആക്ഷേപിച്ചു. ഖുര്‍ആന്‍ പ്രമാണപ്രകാരം ക്ഷണിത പ്രസംഗം വിരോധിക്കപ്പെട്ടിരിക്കുന്നെന്നും മുസ്ല്യാന്മാരില്‍ ഒരു മുസ്ല്യാര്‍ സത്യത്തിന്‍മേല്‍ മൊഴികൊടുത്തു പിഴക്കയും ചെയ്തു. മതപ്രസംഗം വിധിക്കപ്പെട്ടിട്ടില്ലെന്നും ആകയാല്‍ ആ വക പ്രസംഗം കേള്‍ക്കുകയോ സന്തോഷിക്കുകയോ സഹായിക്കുകയോചെയ്യുന്നത് മതവിരോധമാണെന്നും ചില മുസ്ല്യാന്മാര്‍ ജനത്തോട് പറഞ്ഞും വിരോധിച്ചും നടന്നു.ڈ
ڇസമാധാനലംഘനം ഉണ്ടാവാതെയും ഉണ്ടാക്കാതെയും ഇരിക്കുമെന്നതിലേക്ക് മുന്നൂറും അഞ്ഞൂറും ഉറുപ്പികക്ക് കൊല്ലം ഡിവിഷന്‍ കച്ചേരിയില്‍നിന്നും കണ്ണൂര്‍ കണ്‍ട്രോള്‍മെന്‍റ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നും നോട്ടീസുകള്‍ ഉണ്ടായി. ആ നോട്ടീസിനു എതിരായി വാദിക്കുകയോ ജാമ്യമാവാമെന്നു സമ്മതിക്കുകയോ ചെയ്യുന്ന ഒരു ഇസലാമിനേയും കാണാതെ ഏകനായി സങ്കടപ്പെട്ട ആ സന്ദര്‍ഭത്തില്‍ സഹായിച്ചതും രക്ഷിച്ചതും ഹിന്ദുജനംതന്നെ.
കണ്ണൂര്‍ കണ്‍ട്രോള്‍മെന്‍റില്‍വെച്ചുണ്ടായ പ്രസംഗമധ്യേ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും ഉപദ്രവിച്ചു. സമാധാനലംഘനം ഉണ്ടാക്കി പ്രസംഗം വിരോധിപ്പിക്കണമെന്നുണ്ടായിരുന്ന മനോരാജ്യം സാധിക്കാതിരിക്കുന്നതിലേക്കുണ്ടായ ഒത്താശകളും ഹിന്ദുജനത്തില്‍ നിന്നുതന്നെ.ڈ