32. വക്കം മൗലവിയും മാഹിന്‍ ഹമദാനി ശൈക്കും

32. വക്കം മൗലവിയും 
മാഹിന്‍ ഹമദാനി ശൈക്കും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    ബ്രിട്ടീഷാധിപത്യത്തിനും രാജ്യഭരണത്തിനും മുസ്‌ലിം പിന്നോക്കാവസ്ഥക്കും എതിരില്‍ ഒരേ സമയം ശക്തമായി തൂലിക, പ്രഭാഷണം, സമ്പത്ത് തുടങ്ങി സര്‍വ്വസ്വവും കൊണ്ട് അടരാടിയ പരിഷ്‌കര്‍ത്താവാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932). തിരുവനന്തപുരം ജില്ലയിലലെ വക്കത്ത് ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. മുസ്‌ലിം സമുദായത്തിന്‍റെ ശോചീനയാവസ്ഥയം തിരുവിതാംകൂര്‍ രാജഭരണത്തിന് കീഴിലെ അഴിമതികളും അദ്ദേഹത്തെ ദുഃഖപ്പിച്ചു.  മലയാളം, അറബി, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹമാണ്  ഇന്ത്യന്‍ പത്രലോകത്ത് ത്യാഗോജ്വല അടയാളങ്ങള്‍ പതിപ്പിച്ച സ്വദേശാഭിമാനി പത്രം 1905 ജനുവരി 19 ന് അഞ്ചുതെങ്ങില്‍ നിന്ന് ആരംഭിച്ചത്. 

    പത്ര സ്വതന്ത്ര്യത്തിന് തനതായ മാനം നല്‍കിയ പത്രത്തിന്‍റെ എഡിറ്ററായി രാമകൃഷ്ണപിള്ളയെ നിയമിച്ചു. തിരുവിതാംക്കൂര്‍ ദിവാന്‍ പി. രാജഗോപാലാചാരിയെ വിമര്‍ശച്ചതിനാല്‍  1910 ല്‍ പിള്ളയെ നാടുകടത്തി സ്വദേശാഭിമാനി പത്രം അടച്ചുപൂട്ടി. 1906 ല്‍ 'മുസ്‌ലിം' മാസികയും 1918 ല്‍ 'അല്‍ ഇസ്‌ലാം' അറബി മലായള മാസികയും 1931ല്‍ 'ദീപിക' മാസികയും ആരംഭിച്ചു. വൈജ്ഞാനിക പ്രസരണത്തിനും പത്ര ധര്‍മ്മത്തിനും മൗലവി സഹിക്കേണ്ടി വന്ന നഷ്ടം നികത്താനാവാത്തതാണ്. അദ്ദേഹം  നേതൃത്വം നല്‍കിയ തിരുവിതാംകൂര്‍ മുസ്‌ലിം സമുദായ മഹാ സഭയും ചിറയന്‍കിഴ് മുസ്‌ലിം സമാജവും വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗത്തും മുസ്‌ലിംകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും അറബി ഭാഷ പുരോഗതിക്കും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തി. 

    പ്രഗത്ഭ സമുദായ നേതാക്കളും വിദ്യാഭ്യാസ വിദഗ്ദരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനയുടെ തണലില്‍ വളര്‍ന്നു. പലയിടത്തും സ്‌കൂളുകള്‍ സ്ഥാപിച്ചു. അറബിയെ ഒരു ഭാഷയെന്ന നിലക്ക് പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിന് സജീവ ശ്രമങ്ങള്‍ നടത്തിയതും  തതനസൃതമായ പുസ്തകങ്ങള്‍ അംഗീകൃത അറബി ഭാഷ പഠനാരംഭം  രചിച്ചതും മൗലവിയാണ്. മറ്റു മതസ്ഥരുമായ സുദൃഡ ബന്ധം സ്ഥാപിക്കുകയും ആശയ വിനിമയങ്ങള്‍ നടത്തുകയും അദ്ദേഹത്തിന്‍റെ പതിവായിരുന്നു. ശ്രീ നാരായാണ ഗുരുവുമായി മൗലവിയുടെ സൗഹൃദവും ആശയ വിനിമയവും സുവിദിതമാണ്. 

    തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുകയും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്ത ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്‍റെ(1885-1924) ഭരണകാലത്ത് 1904 ല്‍ നിലവില്‍ വന്ന ശ്രീമൂലം പോപ്പുലര്‍ അസംബ്ലി(പ്രജാസഭാ) അംഗമായി(1911-15) തെരഞ്ഞെടുക്കപ്പെട്ട പണ്ഡിത ശ്രേഷ്ഠനാണ് ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍(മരണം 1922). ആലപ്പുഴ ജില്ലയിലെ അരുകുറ്റിക്ക് സമീപം വടുതലയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് മലയാള ജനനം. കൊടുങ്ങല്ലൂര്‍ പള്ളി ദര്‍സ്സിലെ പഠനത്തിന് ശേഷം വെല്ലൂര്‍ ലത്വീഫീയ കോളേജില്‍ ഉപരിപഠനം നടത്തി. മലയാളം, തമിഴ്, അറബി, ഉറുദു, പാഴ്‌സി ഭാഷകളില്‍ പാണ്ഡിത്യം നേടി. കൊച്ചിയിലെ മട്ടാഞ്ചേരി മഹ്‌ളറാ പള്ളി കേന്ദ്രമാക്കി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി പല തവണ പ്രജാസഭയില്‍ വീറോടെ വാദിക്കുകയും ഔദ്യോഗിക തലത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഉല്‍ഫത്തുല്‍ ഇസ്‌ലം, അദ്ദേഹവും ശിഷ്യന്‍ സയ്യിദ് മുഹമ്മദ് തങ്ങളും തയ്യാറാക്കിയ  അറബി-സംസ്‌കൃത-മലയാള ത്രിഭാഷാ നിഘണ്ടു അല്‍ കശ്ശാഫ് തുടങ്ങിയവ രചനകളാണ്.