19. വിദ്യാഭ്യാസം കേരളത്തില്‍

19. വിദ്യാഭ്യാസം കേരളത്തില്‍







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336


    1800 മുതല്‍ മലയാളക്കരയില്‍ ഈ രംഗത്ത് സമൂല പരിവര്‍ത്തനത്തിന് നാന്ദി കുറിച്ച് ലണ്ടന്‍ മിഷ്യന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷ്യന്‍ സൊസൈറ്റി മദ്ധ്യ കേരളത്തിലും സ്വിറ്റ്‌സര്‍ലാന്‍റിലെ ബാസല്‍ നഗരം ആസ്ഥാനമായുള്ള ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍(ബി ഇ എം) മലബാറിലും വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി. ഇന്ത്യയിലെ ആദ്യത്തെ കോളേജ് 1817 ല്‍ ആരംഭിച്ച കോട്ടയത്തെ  സി. എം. എസ്. കോളേജാണ്.  ഈ കോളേജില്‍ പ്രസിദ്ധീകരിച്ച വിദ്യസംഗ്രഹമാണ് പ്രഥമ കോളേജ് മെഗസിന്‍. ഇവിടത്തെ ബേക്കര്‍ സ്‌കൂളാണ് രാജ്യത്തെ പ്രഥമ പെണ്‍ പള്ളിക്കൂടം. 1820 ചര്‍ച്ച് മിഷനറി സൊസൈറ്റി ഇന്ത്യയിലേക്കയച്ച മൂന്ന് മിഷനറിമാരില്‍ ഒരാളായ ഹെന്റി ബേക്കര്‍ സീനിയറിന്‍റെ ഭാര്യ മിസിസ് ഹെന്ററി ബേക്കറാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. 1848 ല്‍ ബി ഇ എം കല്ലായില്‍ സ്ഥാപിച്ച പ്രൈമിറി സ്‌ക്കൂളാണ് മലബാറിലെ പ്രഥമ പാശ്ചാത്യ വിദ്യാഭ്യാസ സ്ഥാപനം. 

    ഇടവക പള്ളിയോട് ചേര്‍ന്ന് പള്ളികൂടങ്ങള്‍ സ്ഥാപിക്കണമെന്ന് 1865 ല്‍ ചവറ കുര്യക്കോസ് അച്ചന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. അംഗീകരിക്കാത്ത പള്ളികള്‍ക്ക് പള്ളി മുടക്ക് കല്‍പ്പിച്ചു. തന്‍മൂലം മിക്ക്യ കത്തോലിക്ക ചര്‍ച്ചുകളോട് അനുബന്ധിച്ച് പള്ളികൂടങ്ങള്‍ നിലവില്‍ വന്നു.തിരുവിതാംകൂറിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രാത: സ്മരണീയനാണ് റിംഗിള്‍ ടോബിയെന്ന മിഷനറി ഇദ്ദേഹം അക്കാലത്ത് തിരുവിതാകൂറില്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍ സ്ഥാപിച്ചു. ഡോ: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, വില്യം ടോബിസ്, റവ: മീഡ്, ബെയ്ഞ്ചമിന്‍ ബെയ്‌ലി, തോമസ് നോര്‍ട്ടണ്‍, ജോണ്‍ എണസ്റ്റ്, ഹാങ്ങ് സെല്‍ഡന്‍ തുടങ്ങിയ പ്രഗത്ഭ മിഷനറിമാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം കൈരളിക്ക് നവീന പാതവെട്ടി തെളിച്ചു.

    പൂര്‍ണ്ണമായും മലയാളത്തില്‍ ഇറങ്ങിയ ആദ്യ പുസ്തകം 1772 ല്‍ റോമില്‍ മുദ്രണം ചെയ്ക സംക്ഷേപ വേദാര്‍ത്ഥമാണ്. ഇന്ത്യയില്‍ അച്ചടിച്ച ആദ്യ മലയാള രചന 1811 ല്‍ മുംബൈയില്‍ പ്രസിദ്ധീകരിച്ച നാല് സുവിശേഷങ്ങളാണ്. 1816 ല്‍ ഇന്ത്യയിലെത്തിയ ബെയ്ഞ്ചമിന്‍ ബെയ്‌ലിയാണ് അച്ചടിയുടെയും പരിഭാഷയുടെയും ആരംഭം കുറിച്ചത്. മലയാളം പഠിക്കുന്ന ഇംഗ്ലീഷുക്കാര്‍ക്ക് വേണ്ടി ആദ്യമായൊരു മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും (A Dictionary of High and Colloquial Malayalam and English-1846) പ്രഥമ ഇംഗ്ലീഷ്-മലയാള നിഘണ്ടുവും (A Consice Dictionary of English and Malayalam-1849) കൈരളിക്ക് സമ്മാനിച്ചതും ബെയ്‌ലി തന്നെ. 

 ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു സി. എം. എസ്. കോളേജ് പ്രിന്‍സിപ്പളായിരുന്ന റിച്ചാര്‍ഡ് കോളിന്‍സ് 1865 ല്‍ തയ്യാറാക്കി. ആദ്യ പാഠ പുസ്തകമായ പദ്യമാലയും ആദ്യത്തെ പത്രവും 1872ല്‍ സമഗ്രമായൊരു നിഘണ്ടുവും രചിച്ച ഗുണ്ടണ്ടര്‍ട്ടാണ് കൈരളിയുടെ പ്രഥമ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍. മലയാള പത്ര പ്രവര്‍ത്തനത്തിന്റെയും അച്ചടിയുടെയും പിതാവ് കൂടിയായ ഇദ്ദേഹത്തിന്‍റെ തലശ്ശേരിക്കടുത്ത നെട്ടൂര്‍ ഇല്ലികുന്നിലെ ബാസല്‍ മിഷ്യന്‍ പ്രസ്സില്‍ 1847 ല്‍ രാജ്യസമാചാരവും തുടര്‍ന്ന് പശ്ചിമോദയവും ജന്മമെടുത്തു. കല്ലച്ചി(ലിത്തൊഗ്രാഫി)യിലായിരുന്നു അടിച്ചിരുന്നത്. ഈ പ്രസ്സില്‍ നിന്ന് അച്ചടിവിദ്യ പഠിച്ച തലശ്ശേരി സ്വദേശി ടിപ്പൂത്തില്‍ കുഞ്ഞിമുഹമ്മദ് സ്ഥാപിച്ച പ്രസിലാണ് കേരളത്തില്‍ ആദ്യമായി ഖുര്‍ആന്‍ അച്ചടിച്ചത്. ആദ്യ ഇംഗ്ലീഷ് പത്രം 1860ല്‍ കൊച്ചിയില്‍ നിന്ന് സി. ജെ. കുര്യന്‍, എച്ച്. ബി. പോക്കര്‍ എന്നിവര്‍ ആരംഭിച്ച വെസ്റ്റേണ്‍ സ്റ്റാറാണ്. 1847 ല്‍ സ്ഥാപിതമായ പിപ്പീള്‍സ് ലൈബ്രററി(തിരുവന്തപുരം പബ്ലിക്ക് ലൈബ്രററി)യാണ് കേരളത്തിലെ ആദ്യത്തെ പൊതുഗ്രന്ഥാലയം.

    പറങ്കികളുടെ ആഗമനം മുതല്‍ മിഷനറീസിന്‍റെ ഇടപെടല്‍ ഹേതുവായി കേരളത്തിലെ പ്രമുഖ പട്ടണങ്ങളിലെല്ലാം വിദ്യാഭ്യാസ പ്രോല്‍സാഹനാര്‍ത്ഥം രാജാക്കന്മാരും, ആദ്യന്ത്യം കൈതാങ്ങായി നിന്ന പാശ്ചാത്യ ഭരണകൂടവും ക്രിസ്തീയര്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി പതിച്ചു നല്‍കി. ഇവിടെ മത പ്രചരണത്തിന് ചര്‍ച്ചുകള്‍ സ്ഥാപിക്കുന്നതോടൊപ്പം പ്രശസ്ത  ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്നു. തുടര്‍ച്ചയായി പാശ്ചാത്യ പരിരക്ഷ ലഭ്യമായതിനാല്‍ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ ഇതര സമുദായങ്ങളെക്കാള്‍ ക്രിസ്തീയര്‍ക്ക് മുന്നേറാന്‍ സാധിച്ചു.