13. അറബിമലയാള ഭാഷയും ലിപി പരിഷ്കരണവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യപകുതിവരെ മലബാര്‍ മുസ്ലിംകളുടെ ജീവിതവുമായി സുദൃഢ ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഭാഷയാണ് അറബി മലയാളം. 1800-കളുടെ തുടക്കത്തോടെ ആരംഭിച്ച ബ്രിട്ടീഷ് ആദിപത്യത്തെ തുടര്‍ന്ന് മലബാറിലുണ്ടായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ മുസ്ലിംകളുടെ പ്രിയഭാഷ എന്ന നിലയില്‍ അറബി-മലയാളം വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ഈ ഭാഷയില്‍ രചനകള്‍ നടത്തിയതിന് സ്വാതന്ത്ര്യ സമര ദാഹികളായ പണ്ഡിതശ്രേഷ്ഠരെ നാടുകടത്താനും ജയിലിലടക്കാനും ബ്രിട്ടീഷ് ഭരണകൂടം പലവട്ടം തിട്ടൂരം പുറപ്പെടുവിച്ചിട്ടുണ്ട്. അറബി ഭാഷയുടെ പൈതൃകവും മലയാള ഭാഷയുടെ നൈസര്‍ഗീക സൗന്ദര്യവും സമന്വയിച്ച മഹത്തായ ഒരു സംസ്കാരത്തിന്‍റെ പിന്‍ബലം ഈ ഭാഷക്ക് ആവോളം കരുത്തേകിയിട്ടുണ്ട്.
പ്രാചീന കാലം മുതല്‍തന്നെ അറബിലിപികള്‍ ഉണ്ടെങ്കിലും അറബി മലയാള ലിപി എപ്പോഴാണ് രൂപപ്പെട്ടതെന്ന് വ്യക്തമല്ല.ക്രി.വ. 9,10 നൂറ്റാണ്ടുകളിലാവാനാണ് സാധ്യത. വലതുനിന്നും ഇടത്തോട്ടേക്ക് അറബി വായിക്കുന്നതും എഴുതുന്നതും പോലെതന്നെയാണ് അറബിമലയാളവും. അറബികള്‍ രൂപപ്പെടുത്തിയ ഭാഷയായതിനാലും എഴുത്ത് അരബി ലിപികളില്‍ ആയതിനാലുമാണ് അറബിമലയാളം എന്ന പേര് വന്നത്. ആധുനിക മലയാള ഭാഷയ്ക്ക് അപരിചിതമായ പദങ്ങള്‍ ഈ ഭാഷയിലുണ്ട്. മലയാളത്തില്‍ എഴുതാന്‍ അസാധ്യമായ അറബി പദങ്ങളും അറബിഭാഷയ്ക്ക് വഴങ്ങാത്ത മലയാള പദങ്ങളുമുണ്ട്. ഇവരണ്ടും സമന്വയിച്ച ലിപിമാലയാണ് അറബി മലയാളം. മറ്റു ഭാഷകളെ അപേക്ഷിച്ച് ഇതര ഭാഷകളിലെ വിപുലമായ പദസമ്പത്ത് ഈ ഭാഷയുടെ പ്രത്യേകതയാണ്.
വ്യാപാരത്തിനായും ഇസ്ലാംമത പ്രചരണത്തിനായും അറബികള്‍ ആദ്യമായി ചെന്നെത്തിയ പ്രദേശങ്ങളിലെല്ലാം നാട്ടുഭാഷകള്‍ അറബി ലിപിയില്‍ എഴുതി ആശയവിനിമയം നടത്തുന്ന സമ്പ്രദായം ആദ്യകാലം മുതല്‍തന്നെ നിലനിന്നിരുന്നു. തന്മൂലം ദക്ഷിണേന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും കിഴക്കന്‍ തീരത്തും തദ്ദേശീയ ഭാഷകളുമായി സംയോജിപ്പിച്ച് അറബി മലയാളവും അറബി തമിഴും രൂപപ്പെട്ടു. വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അറേബ്യയില്‍ നിന്ന് നേരിട്ട് ഇസ്ലാം മതം പ്രചരിച്ച പ്രദേശങ്ങളാണ് ഇവിടം. അതിനാല്‍ അക്കാലത്ത്തന്നെ ഇരു രാജ്യങ്ങളുടെയും സംസ്കാരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇവിടം വേദിയായി. ക്രമാനുഗതമായി ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, സിന്ധി, പഞ്ചാബി, സിംഹള, മാലി തുടങ്ങിയ ഭാഷകളോടെല്ലാം അറബി ചേര്‍ന്ന് മിശ്രിത ഭാഷകള്‍ രൂപപ്പെട്ടു.
1550നും 1650നും ഇടയില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ ശുദ്ധമായ മലയാള ഭാഷയില്‍ രചനകള്‍ നടത്തുന്ന കാലത്ത്തന്നെ അറബിമലയാളത്തിലും രചനകള്‍ നടന്നിട്ടുണ്ട്. കണ്ടറിവനുസരിച്ച് കേരളത്തിലെ ആദ്യത്തെ അറബി മലയാള കൃതി കോഴിക്കോട് ഖാസി മുഹമ്മദ് 1607ല്‍ രചിച്ച മുഹ്യ്ദ്ദീന്‍ മാലയാണ്. തെളിമലയാളത്തില്‍ ആദ്യാന്തം ഒറ്റ ഇശലിലാണ് രചന. എന്നാലും അറബി, തമിഴ് തുടങ്ങിയ അന്യ ഭാഷാപദങ്ങള്‍ ഈ രചനയില്‍ ചേര്‍ന്നിട്ടുണ്ട്. അക്കാലത്ത് അച്ചടി നിലവില്‍ വന്നിട്ടില്ല. എഴുത്തച്ഛന്‍റെ അദ്ധ്യാത്മ രാമായണത്തേക്കാള്‍ അഞ്ച് വര്‍ഷം മുമ്പാണ് ഈ കൃതി രചിച്ചത്. ഖാസി മുഹമ്മദിനെ തുടര്‍ന്ന് പതിനെട്ടാം നൂറ്റാണ്ടില്‍ ഈ രംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ പണ്ഡിതനാണ് ദാര്‍ശനികനും സരസശിരോമണിയുമായ കവി കുഞ്ഞായീന്‍ മുസ്ലിയാര്‍. അദ്ദേഹത്തിന്‍റെ കൃതികളായ നൂല്‍ മദ്ഹും കപ്പപ്പാട്ടും നൂല്‍മാലയും മാപ്പിള സാഹിത്യ രംഗത്ത് കാവ്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അറബി, ഉറുദു, തമിഴ്, പേര്‍ഷ്യന്‍, ജസരി അന്യ ഭാഷാ പദങ്ങള്‍ രചനക്ക് സഹായിച്ചിട്ടുണ്ട്. കുഞ്ഞായിന്‍ മുസ്ലിയാരെ തുടര്‍ന്ന് ഉദയംചെയ്ത ദാര്‍ശനികനും കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വെളിയംകോട് ഉമര്‍ഖാസി(1765-1857) തന്‍റെ ഇത്തരം രചനകളില്‍ അറബിയും മലയാള പദങ്ങളുമാണ് പ്രയോഗിച്ചത്. അദ്ദേഹത്തിന്‍റെ പ്രസിദ്ധ നമസ്കാര സമയ നിര്‍ണ്ണ അടിക്കണക്ക് ബൈത്തിലെ വരികള്‍ നോക്കൂ:
ڇമേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവമീനം കര്‍ക്കിടത്തില്‍ താസിആ
മിഥുനം വ കന്നി രണ്ടിലും ഒമ്പതര-
കുഭംതുലാം അഖ്ദാമുദൈനീ പത്തര
വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാല്‍
പതിനൊന്നേമുക്കാള്‍ ഫീ ധനുമാസം യുകാല്‍.ڈ
(മേടത്തിലും ചിങ്ങത്തിലും എട്ടും ഇടവത്തിലും കര്‍ക്കിടകത്തിലും ഒമ്പതും മിഥുനത്തിലും കന്നിയിലും ഒമ്പതരയും കുംഭത്തിലും തുലാത്തിലും പത്തരയും വൃശ്ചികത്തിലും മകരത്തിലും പതിനൊന്നേകാലും ധനുവില്‍ പതിനൊന്നെമുക്കാലും കാലടി വെച്ചുകൊണ്ടുള്ള നിഴല്‍ അളവെന്ന് സാരം.)
മറ്റൊരു രചനയിലെ വരികള്‍ ഇങ്ങനെ:-
ڇവലൗ അല്‍ഫ ആമീന്‍ മുങ്ങി കാക്കച്ചി ഫീ ലബന്‍
കമാ മിസ്ല വെള്ളക്കൊക്ക് ആകൂല ഫീ സമയന്‍ڈ
(കാക്ക ഒരായിരം വര്‍ഷം പാലില്‍ മുങ്ങിയിരുന്നാലും ഒരിക്കലും തന്നെ വെള്ളക്കൊക്കിന്‍റെ നിറം ലഭിക്കുകയില്ല)
മേല്‍വരികളില്‍ അടിവരയിട്ട പദങ്ങള്‍ അറബിയാണ്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ അപ്പു നെടുങ്ങാടിയുടെ ക്രിവ.1887ല്‍ പ്രസിദ്ധീകൃതമായ കുന്ദലതക്ക് നാല് വര്‍ഷം മുമ്പ് അറബിമലയാള നോവലായ ചാര്‍ ദര്‍വേഷ് പിറവിയെടുത്തിരുന്നു.
മലയാളം ആര്യനെഴുത്തായും ഇംഗ്ലീഷ് നരകഭാഷയായും മുസ്ലിംകളില്‍ ഒരു വിഭാഗം തറ്റിദ്ധരിച്ച് ആധുനിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞ് നിന്ന കാലത്താണ് ഈ ഭാഷ വ്യപകമായ പ്രചാരം നേടിയത്. അച്ചടിവിദ്യ വികസിക്കാത്ത കാലത്ത്പോലും മലബാര്‍ മുസ്ലിംകളില്‍ തൊണ്ണൂറ് ശതമാനവും ഈ ഭാഷയില്‍ സാക്ഷരരായിരുന്നു. അച്ചടി വ്യാപകമായതോടെ നാദാപുരം, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, കണ്ണൂര്‍, വെന്നീയൂര്‍, പരപ്പനങ്ങാടി, കൊണ്ടോട്ടി, മലപ്പുറം, കൊച്ചി, കായംകുളം തുടങ്ങിയ വിവധ പ്രദേശങ്ങളില്‍ അറബി മലയാള പ്രസ്സുകള്‍ ആരംഭിച്ചു. പ്രതിഭകളായ മുസ്ലിം കവികളും കവയിത്രികളും ഉണ്ടായി. ധാരാളം ഗദ്യ പദ്യ സാഹിത്യ രചനകള്‍ ജന്മമെടുത്തു. ആധുനിക മലയാള കവിത്രയങ്ങള്‍ക്ക് മുമ്പ് മലബാറില്‍ ചിരപ്രതിഷ്ഠ നേടിയ മാപ്പിള മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ(1852-1892) ധാരാളം കൃതികള്‍ മുദ്രണം ചെയ്തു. ഇദ്ദേഹം തന്‍റെ ഇരുപതാം വയസ്സില്‍ 1872ല്‍ രചിച്ച തീഷ്ണമായ പ്രേമവും വിരഹവും കലര്‍ന്ന പ്രസിദ്ധ കാവ്യസമാഹാരം ബദറുല്‍മുനീര്‍ ഹുനുല്‍ ജമാലും തുടര്‍ന്ന് ബദര്‍ പടപ്പാട്ട്, ഉഹദ് പടപ്പാട്ട്, ഖന്തക് പടപ്പാട്ട് തുടങ്ങിയ രചനകളും അറബി, പേര്‍ഷ്യന്‍, മലയാളം, തമിഴ്, കന്നട, ഉറുദു, ഹിന്ദി ഭാഷകളിലെ പദങ്ങള്‍ ഇഴുകിച്ചേര്‍ന്നതാണ്. വിവിധ രീതികളും ഈണങ്ങളും ഇശലുകളും ആവിഷ്കരിച്ച വൈദ്യരുടെ ശൈലികള്‍ അനശ്വരവും മാപ്പിള കലാസാഹിത്യ വേദികളില്‍ ഇപ്പോഴും അനുകരണീയവും പ്രചാരത്തിലുള്ളതും പ്രശസ്തവുമാണ്. ഏതാണ്ട് നാല്‍പ്പത് വര്‍ഷം ജീവിച്ച അദ്ദേഹം കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പ്രകൃതി ഭംഗിയില്‍ ആകൃഷ്ടനായി തൂലികയില്‍ നിന്നുതിര്‍ന്ന ഏതാനും വരികള്‍.
മുല്ലപ്പൂചോലയില്‍ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ട വണ്ടേ
കൊല്ലന്‍പണിതൊരു ആല നീ കണ്ടോ
കേവലം പാടി കളിക്കുന്ന വണ്ടേ
ചൊല്ലുന്നു വണ്ടേ നീ മൂളുന്നതെന്ത്
ചൊക്കിപ്പൂചോലയില്‍ കണ്ടോരുമങ്ക
ചോളം പൊരിയുന്ന താളം പറഞ്ഞ്
ബാലിയ ചോലയില്‍ മൂളുന്ന വണ്ടേ
(വണ്ടും പുഷ്പവും)
കൊല്ലവര്‍ഷം 1066ല്‍ ആരംഭിച്ച ഹിജറപ്പാട്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മരണം ആസന്നമായ രോഗശയ്യയില്‍ അദ്ദേഹം ഉരുവിട്ട വരികള്‍.
മൗത്ത് വേളയില്‍
മറതിവരുത്തരുതേ
മൗലാ ലത്തീഫേ
മനസ്സില്‍ കലിമാനെ
അളവില്‍ ചുരുക്കരുതേ
(മൗത്ത്=മരണം, മൗലാലത്തീഫ്=സര്‍വ്വേശ്വരന്‍, കലിമ=വിശുദ്ധ വചനം)
ഈ സാഹിത്യ ശാഖയില്‍ വൈദ്യര്‍ക്ക് തുല്ല്യനായി മറ്റൊരു പ്രതിഭ ഉണ്ടായിട്ടില്ല.
പ്രാമാണികരായ മുസ്ലിം പണ്ഡിതന്മാരുടെ കയ്യെഴുത്ത് കോപ്പികളായ മതവിധി(ഫത്വ)കളാണ് ആദ്യകാലത്തെ ഗദ്യരചനകള്‍. കേരളത്തിലെ പ്രഥമ ഖുര്‍ആന്‍ പരിഭാഷ ഈ ഭാഷയിലാണ്. മായിന്‍കുട്ടി എളയയാണ് രചയിതാവ്.അച്ചടിക്കപ്പെട്ട ആദ്യ ഗദ്യ രചന ത്വിബ്ബുനബിയ്യ് എന്ന കൃതിയാണ്. തുടര്‍ന്ന് കര്‍മ്മശാസ്ത്രം, ചരിത്രം, പരിഭാഷ, ജന്തുശാസ്ത്രം, നിര്‍മ്മാണശാസ്ത്രം, കൈരേഖശാസ്ത്രം, തുടങ്ങിയ മേഖലകളിലെല്ലാം ധാരാളം രചനകള്‍ പിറവിയെടുത്തു.
മാസികകള്‍, വാരികകള്‍, ദിനപത്രങ്ങള്‍, നോവലുകള്‍, ഖുര്‍ആന്‍-ബൈബിള്‍ പരിഭാഷകള്‍ പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, മാലപ്പാട്ടുകള്‍, നസീഹത്ത്(ഉപദേശം) പാട്ടുകള്‍ തുടങ്ങി നാനവിധ ശാഖകളിലും നിരവധി രചനകള്‍ ഉദയം ചെയ്തു ഈ കൃതികളടങ്ങിയ പുസ്തക കെട്ടുകള്‍ ചുമന്ന് ആഴ്ചയിലൊരിക്കല്‍ എത്തിയിരുന്ന വഴിയോര കച്ചവടക്കാരുടെ വരവും പ്രതിക്ഷീച്ച് കാത്തിരുന്ന ആസ്വാദകര്‍ ധാരാളമുണ്ടായിരുന്നു. ഗ്രാമ ഗ്രാമാന്തരങ്ങളിലും, നഗര നഗരാന്തരങ്ങളിലും, തീരങ്ങളിലും ഓരങ്ങളിലും ഈ സാഹിത്യ രചനകള്‍ പാടി വിശദീകരിക്കുന്ന സദസ്സുകള്‍ സര്‍വ്വ സാധാരണമായിരുന്നു.
മാപ്പിള മലയാളമെന്ന് ഖ്യാതിനേടിയ ഈ സാഹിത്യവിഭാഗത്തെ സമ്പന്നമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് ജാതിമതഭേതമന്യെ മലബാര്‍ നിവാസികള്‍. മുസ്ലിംകള്‍ മാത്രം ഉപയോഗിച്ചിരുന്ന ഭാഷയെന്നാണ് ഇതെന്ന പലരുടെയും തെറ്റിധാരണ അസ്ഥാനത്താണ്. ആദ്യകാലത്ത് തന്നെ മാപ്പിളപ്പാട്ടിലെ വിഷമമില്ലാത്ത വൃത്തങ്ങളില്‍ അമുസ്ലിംകളും കവിതകള്‍ രചിച്ചിട്ടുണ്ട്. ക്രമാനുഗതമായി കേരളീയ തനിമയിലേക്ക് രചനകള്‍ വ്യാപിച്ചു. കേരളത്തിലെ സ്കൂള്‍ കോളേജ് തലങ്ങളിലെ കലാപ്രകടനങ്ങളില്‍ ഇത് മുഖ്യ ഇനമായി സ്ഥാനംപിടിച്ചു. ശുദ്ധമായ മലയാളം നിളാതീരത്തെ വള്ളുവനാട്ടിലാണെന്നാണ് പരക്കെ ചൊല്ല്. മാപ്പിള മലയാളം പിറന്നതും പിച്ചവെച്ച് വളര്‍ന്നതും പൊന്നാനിയിലും കോഴിക്കോടുമാണെങ്കില്‍ പടര്‍ന്നു പന്തലിച്ചത് വ്യാപക പ്രചാരം നേടിയത് ഏറനാട്ടിലും വടക്കെ മലബാറിലുമാണ്.
അറബി അക്ഷരങ്ങളും അറബി മലയാള ലിപികളും ചേര്‍ത്ത് വായിക്കാനും അനായാസം ഗ്രഹിക്കാനും ഓത്തുപലകകളില്‍ എഴുതി ഖുര്‍ആന്‍ പഠിക്കുന്നതിനു പകരം പുസ്തകത്തിലൂടെ പഠനം നടത്താനും ആദ്യമായി ശ്രമങ്ങള്‍ നടത്തിയത് മക്തി തങ്ങളായിരുന്നു. ക്രിവ: 1891(ഹിജറ:1308)ല്‍ അദ്ദേഹം രചിച്ച് പ്രസിദ്ധീകരിച്ച തഅ്ലീമുല്‍ ഇഖ്വാന്‍ ആണ് കൈരളിയുടെ പ്രഥമ അറബി അക്ഷര അഭ്യാസ പാഠപുസ്തകം. ഈ കൃതിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെങ്കിലും തഅ്ലീമുല്‍ ഇഖ്വാന്‍ എന്ന പേര് ജനകീയമായിത്തീര്‍ന്നു. തുടര്‍ന്ന് സ്ഥാപിതമായ പല വിദ്യാലയങ്ങളുടെയും നാമങ്ങളുടെ തുടക്കത്തില്‍ 'തഅ്ലീം' ചേര്‍ത്തുകാണാം.
പലഘട്ടങ്ങളിലും ലിപി പരിഷ്കരണം നടന്നിട്ടുണ്ട്. ആദ്യമായി ശ്രമങ്ങള്‍ ആരംഭിച്ചത് മക്തിതങ്ങളാണ്. ക്രിവ 1894 (ഹി:1311) ല്‍ അദ്ദേഹം മുഅല്ലിമുല്‍ ഇഖ്വാന്‍ എന്ന ഗ്രന്ഥം രചിച്ചു. കായംകുളത്തുനിന്നാണ് മുദ്രണം ചെയ്തത്. അറബിമലയാളത്തിന് തനതായ ഭാഷാവ്യാകരണ രൂപവും അദ്ദേഹം ചിട്ടപ്പെടുത്തി. അതിനുമുമ്പ് ഈ ഭാഷാസാഹിത്യത്തില്‍ ക്രമാനുസൃതമായ പ്രയോഗങ്ങളോ ശൈലികളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദാജി, തസ്വീറുല്‍ ഹുറൂഫ് എന്ന ലിപി പരിഷ്കരണ ഗ്രന്ഥം രചിച്ചു. മലയാള ഭാഷയ്ക്കനുസരിച്ച് പരിഷ്കരണം നടത്തിയത് പണ്ഡിത ശ്രേഷ്ഠനായ ശുജായി മൊയ്തു മുസ്ലിയാരാണ്. സമ്പുഷ്ടവും ലളിതവുമായ ചിഹ്നങ്ങള്‍ ആവിഷ്കരിച്ച് പരിഷ്കരണം നടത്തിയ പൊന്നാനി ലിപി പ്രസിദ്ധമാണ്. ഇത് ഖത്തുല്‍ ഫൂനാനി എന്നറിയപ്പെടുന്നു. വക്കം അബ്ദുല്‍ കാദര്‍ മൗലവി, സൈതാലിക്കുട്ടി മാസ്റ്റര്‍, ഒ.അബു തിടങ്ങിയവര്‍ ലിപി പരിഷ്കരണത്തില്‍ സഹകരിച്ചവരാണ്.
ലിപിയുടെ പൂര്‍വ്വാവസ്ഥ മക്തി തങ്ങള്‍ വിവരിക്കുന്നത് ഇങ്ങനെ:
ڇമലയാള ഇസ്ലാം അതിന്നനുസരിച്ചു അക്ഷരങ്ങളെ നിര്‍മ്മിച്ചെങ്കിലും ഇതുവരെ ഒരു രീതിയില്‍ ഉറപ്പിക്കാതെ അവരവര്‍ക്ക് തോന്നുന്ന മാറ്റങ്ങള്‍ കൊടുത്തും കുറിപ്പുകള്‍ ഇട്ടും വരുന്നു. 'എ', 'ഒ' എന്നീ ഉയിരുകളില്‍ വടക്കരും തെക്കരും പാണ്ടികളും തമ്മില്‍ ഭേദിച്ചു. തെക്കര്‍ 'ഒ' എന്നു ഉപയോഗിക്കുന്നതിനെ വടക്കര്‍ 'എ' എന്നു ഉപയോഗിച്ചു. 'എ' എന്നതിനെ 'ഒ' എന്നാക്കിയും വരുന്നു. പാണ്ടിക്കാര്‍ ഈ ഉയിരുകളെ അക്ഷരത്തിന്നു കീഴില്‍ പിടിപ്പിക്കുന്നു. 'ഴ' എന്ന അക്ഷരത്തിനു പകരം ചിലര്‍ 'യാ'യേയും ചിലര്‍ 'ശാ'യേയും ചിലര്‍ 'ളാ'യേയും എഴുതുന്നു. പുസ്തകങ്ങള്‍ എഴുതുന്ന അവസ്ഥക്ക് അക്ഷരങ്ങള്‍ ഓരോ രീതിയിലും ആയിരിക്കുന്ന മുഖ്യാവശ്യത്തെ ഓര്‍ത്തും ലോകനടപടിയില്‍ ആലോചിച്ചും മലയാള ഒച്ചകള്‍ക്ക് ഒത്ത ഒച്ചകളെ കൊടുക്കുന്ന അക്ഷരങ്ങളെ അറബി അക്ഷരത്തില്‍ ക്രമപ്പെടുത്തി ദ്വിത്വാക്ഷരങ്ങളെയും ത്രിത്വാക്ഷരങ്ങളേയും ശരിപ്പെടുത്തി അതിനുള്ള യുക്തിയുക്തങ്ങളെ വിവരിച്ചും വാക്യങ്ങളും വാചകങ്ങളും എഴുതിക്കാണിച്ചും മലയാളഭാഷ വീഴ്ചയും കൊഞ്ഞും കൂടാതെ സംസാരിക്കാനും എഴുതാനും വേണ്ടിവരുന്ന സര്‍വഭാഗങ്ങളേയും പഠിപ്പിക്കുന്നതായ പുസ്തകം 'തഅ്ലീമുല്‍ ഇഖ്വാന്‍' എന്ന നാമത്തില്‍ പ്രസിദ്ധപ്പെടുത്തി.ڈ
മുഅ്ല്ലിമുല്‍ ഇഖ്വാന്‍ എന്ന കൃതിയെ കുറിച്ച് ചരിത്രകാരന്‍ പിഎ സൈതുമുഹമ്മദ് എഴുതുന്നു: അറബി-പേര്‍ഷ്യന്‍ ലിപികള്‍ക്ക് ചില പുള്ളികളും ചിഹ്നങ്ങളും നല്‍കിക്കൊണ്ടാണ് അറബി മലയാള ലിപി പരിഷ്കരം നടത്തിയത്. ഇതിനുവേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും സെയ്താലികുട്ടി മാസ്റ്ററുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്വലാഹുല്‍ ഇഖ്വാന്‍, റഫീഖുല്‍ ഇസ്ലാം എന്നീ പത്രവാരികകള്‍ അംഗീകരിച്ചത് ഏതാണ്ട് ഈ ലിപികളായിരുന്നു. മക്തി തങ്ങള്‍ തന്‍റെ തുഹ്ഫത്തുല്‍ അഖ്യാര്‍ പാക്ഷീകത്തിലും സ്വന്തം ലിപികള്‍തന്നെ പ്രയോഗിച്ചു.
മലയാള ചലച്ചിത്ര ഗാനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് ജനപ്രീതി നേടിയ വിഭാഗമാണ് ഈ ഭാഷാ വിഭാഗത്തില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന മാപ്പിളപ്പാട്ടുകള്‍. പ്രമുഖ ദൃശ്യ മാധ്യമങ്ങളിലൂടെ അരങ്ങേറുന്ന മാപ്പിളപ്പാട്ട് പരമ്പരകള്‍ കേരളം ഇതിനകം നെഞ്ചിലേറ്റി കഴിഞ്ഞു. ഈ ശാഖയില്‍ നിന്ന് ആദ്യമായി മലയാള സിനിമയിലേക്ക് പ്രവേശനം നേടിയത് 1954ല്‍ റിലീസ് ചെയ്ത അവാര്‍ഡ് നേടിയ സിനിമയായ നീലക്കുയിലിലെ കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനമാണ്. തുടര്‍ന്ന് ആറ്പതിറ്റാണ്ടിനിടയില്‍ ഇതിന്‍റെ ചുവടൊപ്പിച്ച് ശ്രവണദൃശ്യകലാരംഗത്ത് അസംഖ്യം ഗാനങ്ങളുടെ പാലാഴി ഒഴുകി.
ലേകത്തിലെ വിവധ ഭാഗങ്ങളില്‍ ഒരു കാലത്ത് പ്രാമുഖ്യം നേടിയിരുന്ന ഭാഷകളില്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ചിലത് ഇതിനകം അന്യം നിന്നു. ധാരാളം വൈജ്ഞാനിക സമ്പത്ത് അടങ്ങിയ അറബി-മലയാളത്തിന് ഈ ഗതി വരരുത്. ആദ്യകാലത്ത് എല്ലാ മദറസകളിലും പഠനമാധ്യമം ഈ ഭാഷയിലായിരുന്നു. ഇപ്പോള്‍ ഈ ഭാഷ സുന്നി മദ്രസ്സകളിലെ പ്രൈമറി ക്ലാസുകളിലെ പഠന മാധ്യമം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സുവ്യക്തമായ ഒരു വ്യാകരണശൈലി ഇല്ലാത്ത പോരായ്മയും വര്‍ത്തമാന കാലത്തെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ശേഷിയും ആധുനികസംവിധാനങ്ങളും ഇല്ല എന്നൊരു ധാരണ ഈ ഭാഷയുടെ മുന്നോട്ടുള്ള ഗതിക്ക് തടയിട്ടു. ഒരു ഭാഷയ്ക്ക് തകരാറ് സംഭവിക്കുന്നത് അതുപയോഗിക്കുന്നവര്‍ ആ ഭാഷ പുരോഗതിക്ക് വിഘ്നം വരുത്തുന്നു എന്ന് വിചാരിക്കുമ്പോഴാണ്. അതിനുള്ള പരിഹാരം ആ ഭാഷ ഉപയോഗിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്. ഏതൊരു ഭാഷയുടെയും ഭാവിക്കും പുരോഗതിക്കും സാങ്കേതികവിദ്യയുടെ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ്. അറബി-മലയാളത്തിനും ഈ രീതിയിലുള്ള ഒരു പുനര്‍ജനിക്ക് തീവ്രശ്രമങ്ങള്‍വേണം. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദിമിയില്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇവിടത്തെ അറബി മലയാള റിസര്‍ച്ച് സെന്‍റര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അറബി മലയാള കൃതികളില്‍ പലതും മലയാള ലിപിയിലേക്ക് മാറ്റി എഴുതി പ്രസിദ്ധീകരണം നടന്ന് വരുന്നു. ഈ പ്രക്രിയ തുടര്‍ന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിരീക്ഷിച്ചത് പോലെ മലയാള സാഹിത്യത്തിന് അമൂല്ല്യങ്ങളായ നിരവധി വൈജ്ഞാനിക സമ്പത്ത് സ്വായത്തമാക്കാന്‍ കഴിയും.
മരുമക്കത്തായത്തിനെതിരെ
ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ കാസര്‍ക്കോട് താലൂക്ക്, വടക്കെ മലബാറിലെ കണ്ണൂര്‍, തലശ്ശേരി, വടകര, നാദാപുരം, കുറ്റ്യാടി, കുറുമ്പ്രനാട് താലൂക്ക്(കോഴിക്കോട് ജില്ല), പരപ്പനങ്ങാടി, പറവണ്ണ, കൂട്ടായി, തിരുവിതാംകൂറിലെ ചിറയംകീഴ് താലൂക്ക്, പറവൂര്‍, ഇടവ, ഒടേറ്റില്‍ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലും ചിലയിടത്ത് ഭാഗീകമായും ചിലയിടത്ത് പൂര്‍ണ്ണമായും മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം(മാതൃദായക്രമം). തെക്കന്‍ കര്‍ണ്ണാടകത്തിലെ അളിയ സന്താന രീതികളോട് പൂര്‍ണ്ണമായും സാദൃശ്യമുണ്ടായിരുന്ന ഈ സമ്പ്രദായം കേരളത്തിലെ മുസ്ലിംകളില്‍ തീരദേശ നിവാസികളായിരുന്നു കൂടുതല്‍ ആചരിച്ചു വന്നിരുന്നത്.
ലോക മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും ആദ്യകാലംമുതല്‍ മക്കത്തായ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. മരുമക്കത്തായം സ്വീകരിച്ചിരുന്ന മുസ്ലിംകളില്‍ ഭൂരിപക്ഷവും ഇതിനകം ആ സമ്പ്രദായം വെടിഞ്ഞു. ലക്ഷദ്വീപ് നിവാസികളും ഇന്ത്യോനേഷ്യയിലെ മെനന്‍കവാബു സമൂഹവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചില ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇപ്പോഴും ഈ സമ്പ്രദായം തുടര്‍ന്നുവരുന്നത്. മലബാറിലെ ചില പ്രദേശങ്ങളില്‍ ഇതിന്‍റെ ഭാഗമായ പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും ആചരിച്ചുവരുന്നുണ്ട്.
മലബാറിലെ ചില പ്രദേശങ്ങളില്‍ ഇതിന്‍റെ ഭാഗമായി വധുഗ്രഹത്തില്‍ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മക്കളും പേരക്കുട്ടികളും അവരുടെയെല്ലാം ഭര്‍ത്താക്കന്മാരുള്‍പ്പെടെ തലമുറകളായി നൂറിലധികം അംഗങ്ങള്‍ വസിക്കുന്ന നാമമാത്ര തറവാടുകളും മലബാറിലുണ്ട്. പല പ്രദേശങ്ങളിലും പൂര്‍വ്വിക തറവാടുകള്‍ പൊളിച്ച് അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും പുതിയാപ്പിള സമ്പ്രദായം തുടരുന്നുണ്ട്. വയസ്സായി മരിച്ചാല്‍പോലും പള്ളിപ്പറമ്പിലെ ഖബറിടം ചൂണ്ടി ഇത് പുതിയാപ്പിളയുടെ ഖബറാണ് എന്നവിശേഷണമാണ് ഏറെ രസകരം.
മരുമക്കത്തായം സ്വീകരിച്ചിരുന്ന പ്രാമാണികരായ പല മുസ്ലിം തറവാടുകളും ആദ്യകാലത്ത് സ്ത്രീ താവഴി നിലനിര്‍ത്തുന്നതിനു വീടും അനുബന്ധമായി നടന്നുവന്നിരുന്ന സല്‍കര്‍മ്മ ആചാരാനുഷ്ഠാനങ്ങള്‍ക്കു സ്വത്തുക്കളും വഖഫ് ചെയ്യ്തിരുന്നു. കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കാന്‍ ഇത്തരം സ്വത്തുക്കള്‍ കേരളാ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആദിമ സമൂഹങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും പിന്തുടര്‍ച്ചയായാണ് പുരാതന കാലംമുതല്‍ കേരളത്തില്‍ ഈ സമ്പ്രദായം നിലവില്‍വരാന്‍ ഹേതുവായത്. തുടര്‍ന്ന് ഗോത്രസമൂഹങ്ങളും മററു ചില വിഭാഗങ്ങളും ഈ ആചാരം തുടര്‍ന്നുപോന്നു. ആര്യബ്രാഹ്മണരും അബ്രാഹ്മണരും തമ്മില്‍ ഹിന്ദുക്കളില്‍ മറ്റെവിടെയും ഇല്ലാത്ത രീതിയില്‍ 'സംബന്ധം' പുലര്‍ത്തിയിരുന്നതുകൊണ്ടാവാം കേരളത്തില്‍ ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ മരുമക്കത്തായം വ്യാപിക്കാന്‍ കാരണം. ജാതീയ വ്യവസ്ഥപോലെ ബ്രാഹ്മണാധിപത്യം മൂലമുണ്ടായ വികല സൃഷ്ടികളില്‍ മരുമക്കത്തായവും ഉള്‍പ്പെടും. മലബാറിലെ ഹിന്ദുക്കളില്‍ 1. ചിറക്കല്‍ താലൂക്കില്‍പ്പെട്ട പയ്യന്നൂരിലെ പതിനേഴുബ്രാഹ്മണ ഇല്ലങ്ങള്‍, 2.ക്ഷത്രിയര്‍, 3.തിരുമുല്‍പ്പാട്, 4.നായര്‍, 5.ഊരാളി, 6.അണ്ടോര്‍, 7.പള്ളിച്ചന്‍, 8.കുശവന്‍, 9.വ്യാബാരി, 10.കോലയാന്‍, 11.ചെമ്പോട്ടി, 12.പിഷാരൊടി, 13.വാരിയന്‍, 14.നമ്പി, 15.തിയ്യമ്പാടി, 16.മാരാന്‍, 17.പൊതുവാള്‍, 18.കുട്ടുനമ്പി, 19.അത്തിക്കുറിശ്ശി, 20. ഉണിത്തിരി, 21. ഏറാടി, 22.വള്ളോടി, 23.നെടുങ്ങാടി, 24.വെളുത്തേടന്‍, 25. ചാലിയന്‍, 26. മലബാറിലെ തിയ്യര്‍ എന്നീ ഇരുപത്തിയാറ് വിഭാഗങ്ങള്‍ മരുമക്കത്തായം ആചരിച്ചിരുന്നവരും 1. നമ്പൂതിരി, 2. പട്ടര്‍, 3. എമ്പ്രാന്‍, 4. മൂസത്, 5. എളേത്, 6. തങ്ങള്‍, 7. നമ്പിടി, 8. കൊമ്മാട്ടി, 9. ടവെശ്യന്‍, 10. നമ്പിയച്ചന്‍, 11. ചാക്യാര്‍, 12. അടികള്‍, 13. പിടാരന്‍, 14. പൊതുവാള്‍, 15. വിളക്കത്തറവന്‍, 16. ഊരന്‍കൊല്ലി, 17. അട്ടച്ചെട്ട്യാര്‍, 18. കമ്മാളര്‍, 19. തണ്ടാന്‍, 20. ഈഴവര്‍, 21. ചെറുമന്‍, 22. ചാലിയര്‍, 23. ജേഡര്‍, 24. കൈകോലര്‍, 25. കണിയാന്‍, 26. കടത്തനാട്ടെയും തിരുതാംകൂറിലെയും തിയ്യര്‍ എന്നീ ഇരുപത്തിയാറ് വിഭാഗങ്ങള്‍ മക്കത്തായവും ആചരിച്ചിരുന്നവരായിരുന്നുവെന്ന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പറയുന്നു. ഹിന്ദുക്കളില്‍ അംഗസംഖ്യകൊണ്ട് വര്‍ദ്ധനവുള്ള ഇഴവ സമുദായം വടക്കേ മലബാറില്‍ മരുമക്കത്തായവും തെക്കെ മലബാറിലും തിരുവിതാംകൂറിലും മക്കത്തായവുമാണ് ആചരിച്ചിരുന്നത്.
പല ജാതിക്കാരുടെയും ഇടയില്‍ മക്കത്തായം പല ക്രമത്തിലാണ് നിലനിന്നിരുന്നത്. പാരമ്പര്യ സംരക്ഷണത്തോടൊപ്പം കുടുംബത്തിന്‍റെ സ്വത്തുക്കള്‍ ചിന്നിച്ചിതറിപ്പോകാതെ ഒരിടത്ത് തന്നെ കേന്ദ്രീകരിക്കുക എന്നതാണ് മക്കത്തായത്തിന്‍റെ പ്രധാന ഗുണഫലം. നമ്പൂതിരി വിഭാഗത്തില്‍ ആണ്‍മക്കളില്‍ മൂത്തവനെക്കൊണ്ട്മാത്രം സ്വജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിപ്പിക്കുന്നതും ഈഴവ വിഭാഗത്തില്‍ ഒന്നിലധികം സഹോദരന്മാര്‍ ഒരു ഭാര്യയെ സ്വീകരിക്കുന്നതും അക്കാലത്ത് നിലനിന്നിരുന്ന മക്കത്തായ കീഴ്വക്കമനുസരിച്ചാണ്.
മരുമക്കത്തായ തറവാടുകളിലെ നേതൃ(കാരണവര്‍)സ്ഥാനത്തേക്ക് അവരോധിക്കുന്നത് തല മുതിര്‍ന്ന അമ്മാവനോ അല്ലെങ്കില്‍ അനുയോജ്യനായ വ്യക്തിയോ ആയിരിക്കും. ഈ സ്ഥാനത്തിന്‍റെ പദവിയും പ്രതാപവും നിലനിര്‍ത്താന്‍ തറവാടു സ്വത്തിന്‍റെ ഒരു ഭാഗംതന്നെ നീക്കിവെക്കും. കുലീന ധനാഢ്യതറവാടുകളില്‍ അംഗസംഖ്യ എത്ര കൂടിയാലും സഹോദരിമാരും സ്ത്രീ സന്താനങ്ങളും ഐക്യത്തോടെ കൂട്ടുകുടുംബമായി മാതൃ ഭവനത്തില്‍ തന്നെ ജീവിച്ചു മരിക്കും. അതിന് അനുയോജ്യമായ രീതിയിലായിരുന്നു തറവാടുകളുടെ നിര്‍മ്മാണം. സമ്പന്നമായ കരകൗശല വേലകളുടെയും മനുഷ്യ വിഭവ ശേഷിയുടേയും സാക്ഷ്യപത്രങ്ങളായ നാലുകെട്ടും എട്ടുകെട്ടും വിശാലമായ അകത്തളവും മുറികളും അടങ്ങിയ ഒറ്റയുമായിരിക്കും മിക്ക തറവാടുകളും. സുഭിക്ഷമായ ദൈനം ദിന ജീവിതത്തിനു പുറമെ പൊതുസ്വത്തില്‍ അംഗങ്ങള്‍ക്കെല്ലാം വട്ടച്ചിലവിനുള്ള വകയും ലഭിക്കും. തറവാട് സ്വത്തുക്കള്‍ നിലനില്‍ക്കുന്ന കാലത്തോളം കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തറവാട്ടില്‍ ഒന്നിച്ചു കഴിയാന്‍ അവസരം ലഭിക്കുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജനിച്ചുവളരുന്നത് മാതാവിനോടൊന്നിച്ച് കൂട്ടുകുടുംബത്തിലാണ്. ഓരോ അംഗത്തിനും പൊതുസ്വത്തില്‍ അവകാശം നിലനില്‍ക്കും. ഒരംഗത്തിനും സ്വന്തമായ സ്വത്തുവിഹിതം അവകാശപ്പെടാന്‍ കീഴ്വഴക്കം അനുവധിക്കില്ല. മുഴുവന്‍ അംഗങ്ങളും യോജിച്ചാല്‍ തറവാട് ഭാഗം വെക്കാവുന്നതാണ്. സ്വന്തം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് സ്വന്തം ജന്മം നല്‍കിയ മക്കള്‍ക്ക് പിന്തുടര്‍ച്ചാവകാശം ലഭിക്കാതെ അന്യന്‍ ജന്മം നല്‍കിയ സഹേദരിപുത്രന്മാര്‍(മരുമക്കള്‍ക്ക്)ക്ക് ആണ് ലഭിക്കുക എന്നതാണ് വിചിത്രം. സാമ്പത്തിക ക്രയ വിക്രയങ്ങളുടെയും ഭരണത്തിന്‍റെയും മേല്‍നോട്ടം തറവാടു മുറ്റത്തെ രണ്ടാം പുരയായ പത്തായപ്പുരയില്‍ കാരണവര്‍ നിര്‍വ്വഹിക്കും. കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും സഹായിക്കാന്‍ സന്നദ്ധമായിരിക്കും.
നായര്‍ തറവാടുകളില്‍ കാരണവര്‍ക്കും ഭാര്യക്കും പാര്‍ക്കാന്‍ പത്തായപ്പുരയുടെ ഒരു ഭാഗം സുസജ്ജമായിരിക്കും. അമ്മാവന്‍റെ വിയോഗംവരെ അമ്മായിക്ക് പ്രത്യേക പദവിയും ലഭിക്കും. കൂട്ടുകുടുംബത്തിന്‍റെ ഭാഗം നടന്നാല്‍ ഒരു തറവാടിന് പകരം വ്യത്യസ്ത തറവാടുകളായി മാറും. ഭാഗിച്ചുണ്ടാകുന്ന ഓരോ വീടിന്‍റെയും അവകാശം ഭാര്യക്ക് ദാനമായി നല്‍കുകയാണ് പതിവ്. ഭാഗംവെപ്പ് നടത്താത്ത താവഴി സ്വത്തുക്കള്‍ തറവാടു സ്വത്തായി പരിഗണിക്കും. തന്മൂലം ഒരു പുരുഷായുസ്സ് മുഴുവന്‍ സമ്പാദിക്കുന്ന സ്വത്തുക്കള്‍ പലപ്പോഴും ഉടമസ്ഥന്‍റെ കാലശേഷം സ്വന്തം മക്കള്‍ക്ക് പോലും ലഭിക്കാറില്ല. മറിച്ച് മരുമക്കള്‍ക്ക് ലഭിക്കും. കല്ല്യാണം കഴിഞ്ഞാല്‍ പുരുഷന്മാര്‍ വധുവിന്‍റെ വീട്ടിലാണ് താമസം. ഇവര്‍ക്ക് തറവാടിന്‍റെ കാര്യനിര്‍വാഹണത്തില്‍ പ്രത്യേകമായ റോളുകള്‍ ലഭിക്കാറില്ല. അച്ചിവീട്ടില്‍ ഉണ്ടുകഴിയുന്നവര്‍ എന്നാണ് തെക്കന്‍ കേരളത്തില്‍ ഇത്തരക്കാരെ വിശേഷിപ്പിക്കാറ്.
ഹൈന്ദവരില്‍ പ്രബല വിഭാഗമായ നായര്‍ സമുദായം ഒരു കാലത്ത് കേരളത്തിന്‍റെ ക്രമ സമാധാന പരിപാലനത്തിലും ഭരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. വൃത്തിയിലും ഭംഗിയിലും നിഷ്കര്‍ഷത പാലിച്ചുിരുന്ന ഈ സമുദായത്തില്‍ പത്തൊമ്പന്ത് അവാന്തര വിഭാഗങ്ങളുണ്ടായിരുന്നു. പാലക്കാട്ടെ മന്നാടിയാന്മാര്‍ ഒഴിച്ച് അവശേഷിക്കുന്നവര്‍ മരുമക്കാത്തയദായക്രമമാണ് സ്വീകരിച്ചിരുന്നത്.
നായര്‍ സ്ത്രീകള്‍ക്ക് രണ്ടോ അതിലധികമോ ഭര്‍ത്താക്കന്മാരെ വരിക്കാം. ഓരോ ഭര്‍ത്താവിനെയും ഓരോ രാത്രി സ്വീകരിക്കുന്നു. സ്വജാതിക്കാരെക്കാള്‍ മുന്‍ഗണന ഉയര്‍ന്ന ജാതിക്കാര്‍ക്കാണ്. അവരുമായുള്ള സംബന്ധം അഭിമാനമായി കരുതി. ഓരോരുത്തരും വരുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അന്യോന്യം കലഹമോ വിരോധമോ ഉണ്ടാകാറില്ല. ഗര്‍ഭവതിയായാല്‍ ആരാണ് പിതാവെന്ന് സ്ത്രീ തീരുമാനിക്കും. അച്ഛനെന്ന് നിര്‍ണയിക്കപ്പെട്ട പുരുഷന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും. എന്നാല്‍ അച്ഛന്‍റെ സ്വത്തില്‍ കുട്ടിക്ക് അവകാശം ലഭിക്കുകയില്ല.
ഋതുമതിയാകുന്നതിന് മുമ്പുതന്നെ നായന്മാരടക്കമുള്ളു ഉന്നത കുലജാതിക്കാരുടെ ഇടയില്‍ നടന്നിരുന്ന ഏറെ വൈചിത്ര്യമുള്ള ഒരു ആചാരമാണ് താലികെട്ടുകല്ല്യാണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുടുംബത്തിന് പോരായ്മയായി ഗണിച്ചിരുന്നു. ഉന്നത കുലജാതനായ ഒരു വ്യക്തിയെ ഇതിനായി ക്ഷണിക്കും. ഒരു പുരുഷന് പല ബാലികമാരുടെയും കഴുത്തില്‍ താലികെട്ടാം. താലികെട്ടിയശേഷം ബാലികയെ ഭാര്യയാക്കണമെന്നില്ല. ബാലികക്ക് വിവാഹ പ്രായമെത്തിയാല്‍ തനിക്ക് ഇഷ്ടമുള്ള പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാം. പൊന്നാനിയിലെ ചില പ്രധാന തറവാട്ടുകാര്‍ മൂന്ന് ദിവസം വരെ ഇതൊരാഘോഷമായിതന്നെ കൊണ്ടാടിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമാകുമ്പോഴേക്കും പുരുഷന്മാര്‍ ശേഷിക്കാതിരിക്കാന്‍വേണ്ടി ചില വിഭാഗങ്ങള്‍ വൃദ്ധന്മാരെയാണ് താലികെട്ടാന്‍ നിര്‍ണയിച്ചിരുന്നത്. താലികെട്ടുന്ന പുരുഷന്‍ സമജാതിക്കാരനോ അതിനു മുകളില്‍ ഉള്ളവനോ ആയിരിക്കണം. താലിക്കല്യാണത്തെ എതിര്‍ത്തിരുന്ന പുരോഗമന മഹിളകളും അക്കാലത്തുണ്ടായിരുന്നു.
ആദ്യകാലങ്ങളില്‍ 'സംബന്ധ'ത്തിന് മാന്യതയും നിയമസാധുതയും ലഭിച്ചിരുന്നില്ല. ക്രമാനുഗതമായി ഇതര വൈവാഹിക ബന്ധംപോലെ ഇതും നിയമ വിധേയമാക്കി. ഇതിന്‍റെ കരടു നിയമം തയ്യാറാക്കിയത് 1884-കളിലാണ്. രാജ സര്‍ ടി മാധവറാവു അധ്യക്ഷനും ഡബ്ല്യു ലാഗന്‍, വിഗ്രാം, പി. കരുണാകരമേനോന്‍, സി. ശങ്കരന്‍നായര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റിയായിരുന്നു നിയമം തയ്യാറാക്കിയത്.
പുലയന്മാരും മണ്ണാന്മാരും പലപ്പോഴും നായര്‍സ്ത്രീകള്‍ക്ക് ഭീഷണിയാകാറുണ്ട്. ഇവര്‍ ഒളുഞ്ഞിരുന്ന് കല്ലോ വടിയോ നായര്‍ സ്ത്രീകളുടെ ദേഹത്തേക്കെറിയുകയോ ഓടിവന്ന് സ്പര്‍ശിക്കുകയോ ചെയ്താല്‍ ഐത്തമായി. തുടര്‍ന്ന് സ്ര്ത്രീ പസ്തുത സംഭവത്തിന് കാരണക്കാരനായ പുരുഷന്‍റെ കൂടെ അവന്‍റെ കൂരയില്‍ അവശേഷിക്കുന്ന കാലം കഴിയണം. ഓരോ വര്‍ഷത്തിലും നിശ്ചിത മാസങ്ങളില്‍ ഇതാവര്‍ത്തിക്കാറുണ്ട്. അതുകൊണ്ടാവാം പുലപ്പേടിയെന്നും മണ്ണാപ്പേടിയെന്നും ഇതിനെ വിളിക്കുന്നത്. കീഴ് ജാതിക്കാരുമായി അവിഹിത വേഴ്ച്ച നടത്തിയ സ്ത്രീയെ സമുദായം ഭൃഷ്ട് കല്‍പ്പിക്കകയും ചിലപ്പോള്‍ വധിക്കുകപോലും ചെയ്യും.
പ്രാചീന അറേബ്യന്‍ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകള്‍, തങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന അന്യപുരുഷന്മാരെ സ്വീകരിക്കല്‍ പതിവായിരുന്നു. 'സംബന്ധം' പോലുള്ള ഇത്തരം ബന്ധങ്ങളെ 'മുഅ്ത്ത' വിവാഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ രീതി അനുസരിച്ച് ഒരു നിശ്ചിത കാലത്തേക്ക് പുരുഷന്‍ സ്ത്രീയുടെ വീട്ടില്‍ താമസിക്കുകയും പ്രതിഫലമായി കീഴ്വഴക്കമനുസരിച്ചുള്ള ഒരു നിശ്ചിത സംഖ്യ മഹര്‍(പെണ്‍പണം)സ്ത്രീക്കു നല്‍കുകയും ചെയ്തിരുന്നു. ഇത്തരം ബന്ധങ്ങള്‍ക്ക് പുരുഷനെ തിരഞ്ഞടുത്ത് തന്‍റെ വീട്ടില്‍ അയാളെ സ്വീകരിക്കാനും വേണ്ടെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരുന്നു.
അറബികള്‍ വ്യാപാരാര്‍ത്ഥം പോകുന്ന ഇടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നടന്നിരുന്നു. ഈ രീതിയിലുള്ള വിവാഹങ്ങളെ അക്കാലത്തെ ഭരണകൂടം നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ഇതിനനുയോജ്യമായ രീതിയിലായിരുന്നു അക്കാലത്തെ സാമൂഹിക ഘടന. അറേബ്യയിലെ ചില വിഭാഗങ്ങളില്‍ നായര്‍ സമുദായത്തില്‍ നിലനിന്നിരുന്നതുപോലെയുള്ള മരുമക്കത്തായ കുടുംബ വ്യവസ്ഥിതയും തുടര്‍ന്നിരുന്നു. ജൂലായ് അഗസ്റ്റ് മാസങ്ങളില്‍ മലബാറിലേക്ക് കച്ചവടാവശ്യാര്‍ത്ഥം പായക്കപ്പലില്‍ യാത്ര തിരിക്കുകയും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്യുന്ന അറബികള്‍ സ്വന്തം നാട്ടില്‍ എത്തുക പിന്നെയും ആഴ്ച്ചകള്‍ കഴിഞ്ഞാണ്. കരയിലും കടലിലുമായി അഞ്ചെട്ടുമാസം ഭാര്യാ ഭര്‍തൃബന്ധമില്ലാതെ കഴിയേണ്ടിവരുന്ന അവര്‍ക്ക് കരക്കണയുന്ന തീരങ്ങളില്‍ അവിടത്തുകാരായ സ്ത്രീകളുമായി വൈവാഹിക ബന്ധം മനുഷ്യസഹജമാണ്. ഇന്നത്തെപ്പോലെ വൈവാഹിക ബന്ധങ്ങള്‍ അക്കാലത്ത് വേണ്ടത്ര നിഷ്കര്‍ഷത പാലിച്ചിരുന്നില്ല. മലബാറിലെ പ്രധാന തുറമുഖങ്ങളിലെല്ലാം ഈ ബന്ധങ്ങളിലുണ്ടായ സന്താനങ്ങള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടു. ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോടെ ഇവര്‍ മുസ്ലിംകളാവുകയും മുസ്ലിം മാപ്പിളമാര്‍ എന്നറിയപ്പെടുകയും ചെയ്തു.
സാമൂതിരി ഭരണത്തിന്‍റെ ഉദയത്തോടെ മലബാറിലെ തീരപ്രദേശങ്ങളും അറേബ്യന്‍ നാടുകളും തമ്മില്‍ വ്യാപാര ബന്ധം സുദൃഡമായതിനെ തുടര്‍ന്ന് പതിനാലാം നൂറ്റാണ്ടോടെയാണ് കാസര്‍ക്കോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിംകളില്‍ മരുമക്കത്തായ സമ്പ്രദായം വ്യാപിച്ചത്. മറ്റു മുസ്ലിംകളില്‍നിന്ന് വ്യത്യസ്തമായി കുടുംബ ഘടനയിലും ക്രയവിക്രയങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാമൂലുകളിലും ഇവര്‍ പല സവിശേഷതകള്‍ വെച്ചുപുലര്‍ത്തി. ഈ കാലഘട്ടത്തില്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ പറങ്കികള്‍ക്കെതിരെ നടന്ന ഒരു നൂറ്റാണ്ട് (1498-1598) യുദ്ധത്തില്‍ മുസ്ലിം സൈന്യവും നായര്‍ സൈന്യവും ഒന്നിച്ചാണ് പ്രതിരോധനിര തീര്‍ത്തത്. ഇക്കാലത്ത് ഇരു സമുദായങ്ങളും നിലനിര്‍ത്തിയ ബന്ധം ഇതര കാലഘട്ടങ്ങളെക്കാള്‍ സുദൃഡവും സുശക്തവുമായിരുന്നു. ഇത് ഒരു പരിധിവരെ ഇരു വിഭാഗങ്ങളുടെയും ആചാരങ്ങള്‍ പരസ്പരം വ്യാപിക്കാന്‍ ഹേതുവായി.
കോഴിക്കോടും പൊന്നാനിയിലും മറ്റു ചില പ്രദേശങ്ങളിലും മുസ്ലിംകളില്‍ ഈ സമ്പ്രദായം ഭാഗികമായേ നിലനിന്നിരുന്നുള്ളൂ. ഭാര്യവീട്ടില്‍ അന്തിയുറങ്ങല്‍, സന്താനങ്ങള്‍ക്ക് പിതാവിന്‍റെ തറവാട് പേരിന് പകരം മാതാവിന്‍റെ തറവാട് പേര് ചേര്‍ക്കല്‍, വിവാഹ വേളകള്‍, റംസാന്‍ നോമ്പ് മാമൂലുകള്‍, വിശേഷാല്‍ ദിന ആചാരങ്ങള്‍ തുടങ്ങിയവകളില്‍ മരുമക്കത്തായ രീതിയാണ് തുടര്‍ന്നുവന്നത്. സ്വത്തിന്‍റെ ദായക്രമം ഇസ്ലാമിക ശരിഅത്ത് അനുസരിച്ച് തന്നെയായിരുന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വജ്ഞാനിക പരിപോഷണത്തിലും നിര്‍ണായക പങ്കു വഹിക്കുന്നത് സ്ത്രീ മേധാവിത്തമാണ്.
പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ജീവിതാന്ത്യം വരെ അവളുടെ വാസസ്ഥലം തറവാടുതന്നെ. ആണ്‍കുട്ടിയാണെങ്കില്‍ ജന്മ ഗൃഹത്തില്‍ കര്യമായ അവകാശം ഉണ്ടായിക്കൊള്ളണമെന്നില്ല. വിവാഹത്തിന്‍റെ ആദ്യ കാലങ്ങളില്‍ ഭാര്യ വീട്ടിലെ സന്ദര്‍ശകനും രാവിലെ പ്രഭാത ഭക്ഷണത്തോടെ ഭാര്യവീട്ടില്‍ നിന്ന് വിടപറയുന്ന പുരുഷന്‍ രാത്രി അവിടെ കൂടണയും. ക്രമാനുഗതമായി ആ കുടുംബത്തിലെ അംഗമായിത്തീരും.
കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമായ കണ്ണൂരിലെ അറക്കല്‍ സ്വരൂപം, തലശ്ശേരിയിലെ കേയി വംശം കോഴിക്കോട്ടെ കോയമ്മാര്‍ പൊന്നാനിയിലെ മഖ്ദൂം തറവാട് തുടങ്ങി കേരളത്തിലെ പല പ്രാമാണിക മുസ്ലിം കുടുംബങ്ങളില്‍പോലും ഈ രീതി ആചരിച്ചുപോന്നു. ഒരുകാലത്ത് കേരളത്തിനകത്തും പുറത്തും മുസ്ലിംകള്‍ക്ക് ആത്മീയ വൊജ്ഞാനിക നേതൃത്വം നല്‍കിയിരുന്ന പൊന്നാനിയിലെ മഖ്ദൂം സ്ഥാനാരോഹണവും ഈ രീതി അനുസരിച്ചാണ് ഇപ്പോഴും നടന്നുവരുന്നത്. മഖ്ദൂം പരമ്പരയില്‍ മൂന്നാം സ്ഥാനിയും വിശ്വപ്രശസ്ത പണ്ഡിതശ്രേഷ്ഠനുമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ അധിക സമയവും വിജ്ഞാന പ്രസരണത്തിലും ഇസ്ലാമിക പ്രബോധനത്തിലും മുഴുകിയിരുന്നതിനാല്‍ മഖ്ദൂം പദവിയോട് നീതിപുലര്‍ത്താന്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. തന്മൂലം തന്‍റെ സഹോദരി ഫത്തിമ്മയുടെയും ശൈഖ് ഉസ്മാനുബ്നുജമാലുദ്ദീന്‍ മഅ്ബരിയുടെ മകനുമായ ശൈഖ് അബ്ദുറഹ്മാനെ മഖ്ദൂമായി നാമനിര്‍ദേശം ചെയ്തു. അന്നുമുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായം നടപ്പിലായത്. ഇപ്പോഴത്തെ മഖ്ദൂം സയ്യിദ് എം.പി. മുത്തുക്കോയതങ്ങള്‍ ഈ പരമ്പരയിലെ നാല്‍പ്പതാം സ്ഥാനിയായി 2007 ഒക്ടോബര്‍ 4(ഹി. 1428 റംസാന്‍ 20)ന് സ്ഥാനമേറ്റത് ഈ കീഴ്വഴക്കം അനുസരിച്ചാണ്.
അറക്കല്‍ സ്വരൂപത്തിലെ ഇരുപത്തിരണ്ടാം ഭരണാധികാരി ജുനുമാബി ആദിരാജബീവിക്ക് ഹിജ്റ 1194(എ.ഡി. 1780)ല്‍ അക്കാലത്തെ ലോക മുസ്ലിം നേതൃസ്ഥാനിയായ തുര്‍ക്കിയിലെ ഉസ്മാനിയ ഖലീഫയില്‍നിന്ന് ലഭിച്ച അറബിയിലുള്ള ഒരു കത്തിന്‍റെ അടിസ്ഥാനത്തില്‍ മരുമക്കത്തായം തുടരാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതിന്‍റെയും കൂടി പിന്‍ബലത്തിലായിരിക്കാം 1939ലെ മാപ്പിള മരുമക്കത്തായ നിയമനിര്‍മ്മാണത്തില്‍നിന്നും പ്രസ്തുത സ്വരൂപത്തെ ഒഴിവാക്കിയത്. ഈ സ്വരൂപത്തിലെ ഇരുപത്തിമൂന്നാം ഭരണാധികാരി മറിയംബീവിആദിരാജയുടെ ജാമാതാവും പണ്ഡിതശ്രേഷ്ഠനുമായ മായിന്‍കുട്ടി ഇളയ ഈ സമ്പ്രദായത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. തന്മൂലം അദ്ദേഹത്തിന് സ്വകുടുംബത്തില്‍ നിന്മ്പോലും ശക്തമായ എതിര്‍പ്പ് തരണം ചെയ്യേണ്ടിവന്നു.ഈ സ്വരൂപത്തിലെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും പുരുഷന്മാര്‍ കല്യാണം കഴിക്കുന്ന സ്ത്രീകളും കൊട്ടാരത്തില്‍ തന്നെ താമസിക്കണം. പുതിയമാപ്പിളമാരും അംഗങ്ങളും പ്രതിഫലം പറ്റുന്ന യാതൊരു ജോലിയും ചെയ്യാന്‍ പാടില്ല. മാസത്തിലെ ആദ്യ ദിവസം കൊട്ടാരത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ജീവിതച്ചെലവ് ഭണ്ഡാരത്തില്‍നിന്ന് കാര്യസ്ഥന്മാര്‍ മുഖേന ലഭിക്കും. ഇതായിരുന്നു കീഴ്വഴക്കം.
രാജാധികാരമില്ലെങ്കിലും കേരളത്തിലൊരുകാലത്ത് സാമ്പത്തികമായി മികച്ചുനിന്ന മുസ്ലിം വ്യാപാരികളായിരുന്നു തലശ്ശേരിയിലെ കേയി വംശം. കണ്ണൂരിനടുത്ത് ചൊവ്വയിലായിരുന്നു ഈ വംശത്തിന്‍റെ തുടക്കം. കേയി എന്നാല്‍ കപ്പല്‍ മുതലാളി എന്നര്‍ത്ഥം. ആലിപ്പികേയി, മൂസക്കേയി, മായിന്‍കുട്ടിക്കേയി(എളയ) തുടങ്ങിയവരാണ് പ്രമുഖര്‍. വ്യാപാര ശ്യംഖലയുടെ തുടക്കക്കാരന്‍ ആലിപ്പിക്കാക്കയായിരുന്നു. അദ്ദേഹം ചൊവ്വയില്‍ 1750തുകളില്‍ ആരംഭിച്ച വ്യാപാരം കടല്‍ മാര്‍ഗം ജലഗതാഗതത്തിന് സൗകര്യമുള്ള തലശ്ശേരിയിലേക്ക് പറിച്ചുനട്ടു. ആലിപ്പിക്കയുടെ വിയോഗത്തിനുശേഷം സഹോദരിയുടെ മകന്‍ മൂസക്കേയി ആണ് വ്യാപാരം വളര്‍ത്തി വലുതാക്കിയത്.
മരുമക്കത്തായികളായ ഹൈന്ദവര്‍ ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം പഴയ രീതികള്‍ തുടര്‍ന്നുവന്നതും മരുമക്കത്തായ സമ്പ്രദായം ആചരിച്ചുവന്ന അറബികള്‍ കച്ചവടാവശ്യാര്‍ത്ഥം ഇവിടെ എത്തിയശേഷം വൈവാഹിക ബന്ധത്തില്‍ ജനിച്ച സന്താന പരമ്പര പൂര്‍വ്വാചാരം തുടര്‍ന്നുവന്നതും ആയിരിക്കാം ഈ സമ്പ്രദായം ഇവിടെ വ്യാപിക്കാന്‍ ഹേതുവായത്. പരപ്പനങ്ങാടി തുടങ്ങിയ ചില പ്രദേശങ്ങളില്‍ ചില പ്രാമാണിക മുസ്ലിം കുടുംബങ്ങളില്‍ ഈ സമ്പ്രദായത്തിന് വിധേയമായ പൊതുസ്വത്തുക്കള്‍ ഉണ്ടായിരുന്നു. ചില കുടുംബങ്ങളില്‍ മരുമക്കത്തായവും മക്കത്തായും താവഴി സ്വത്തുക്കളുമുണ്ടായിരുന്നു. കേരളത്തിലെ ഒരു വിഭാഗം മുസ്ലിംകളെ കൂടാതെ ഗുജറാത്തിലെ കച്ചിദേശക്കാരായ മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിംകളും തമിഴ്നാട്ടിലെ ലബ്ബമാരും പഞ്ചാബിലെ ഒരു വിഭാഗം മുസ്ലിംകളും ഈ രീതിതന്നെ പിന്തുടര്‍ന്നു വന്നിരുന്നു. മലബാറില്‍ ചില പ്രദേശങ്ങളില്‍ മരുമക്കത്തായ സമ്പ്രദായം തുടര്‍ന്നുവരുന്നുണ്ടെങ്കിലും മുസ്ലിം സ്വത്തു വിഭജനം ഇസ്ലാമിക ചര്യ അനുസരിച്ചാണ്. മക്കത്തായം മരുമക്കത്തായം ആചരിച്ചിരുന്ന മുസ്ലിംകളുടെയെല്ലാം വിവാഹബന്ധങ്ങള്‍ ഇസ്ലാമിക ചര്യയനുസരിച്ചായതിനാല്‍ മറ്റൊരു നിയമം വേണ്ടിവന്നില്ല. മറിച്ച് സ്വത്തുദായക്രമങ്ങളില്‍ നിയമ നിര്‍മ്മാണം അനുവാര്യമായി വന്നു.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും നബിചര്യയും ആദ്യകാല പണ്ഡിത ശ്രേഷ്ഠരും അംഗീകാരം നല്‍കാത്ത ഈ ദൂരാചാരത്തിനെത്തിരെ വാമൊഴിയായും വരമൊഴിയായും പല സമുദായ പരിഷ്കര്‍ത്താക്കളും ശക്തമായി പോരാടിയിട്ടുണ്ട്. പ്രഥമ ഗണനീയന്‍ സയ്യിദ് സനാഉല്ല മക്തി തങ്ങളാണ്. അദ്ദേഹത്തിന്‍റെ പല പരിഷ്കരണങ്ങള്‍ക്കും പ്രോത്സാഹനവും ആനൂകൂല്യങ്ങളും നല്‍കിയിരുന്ന അറക്കല്‍ സ്വരൂപത്തിന്‍റെ എതിര്‍പ്പ്പോലും അവഗണിച്ച് ലേഖനങ്ങള്‍ എഴുതിയും പ്രഭാഷണങ്ങള്‍ നടത്തിയും പത്രങ്ങളില്‍ പരസ്യം നല്‍കിയും നിരന്തരമായി തന്‍റെ ദൗത്യനിര്‍വ്വഹണത്തില്‍ മുഴുകി. മക്തിതങ്ങളും മുസ്ലിം സമുദായ നേതാക്കളില്‍ ഒരു വിഭാഗവും ഈ സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത് കാരണം ക്രമാനുഗതമായി പരിവര്‍ത്തനത്തിന് നാന്ദികുറിച്ചു.
മദ്രാസ്സ്, കൊച്ചി, തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭകളില്‍ ഈ വിഷയം സജീവ ചര്‍ച്ചകള്‍ക്ക് വിധേയമായി. തുടര്‍ന്ന് ഇതിനെതിരെ നിയമ നിര്‍മ്മാണങ്ങള്‍ നടന്നു. 1937ല്‍ ശരിഅത്ത് ആക്ട് (മുസ്ലിം വ്യക്തി നിയമം) സെന്‍ററല്‍ അസംബ്ലി പാസാക്കിയതിനെ തുടര്‍ന്ന് മരുമക്കത്തായ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്കു പകരം ശരിഅത്ത് നിയമം മുസ്ലിംകള്‍ക്ക് ബാധകമായെങ്കിലും കാര്‍ഷിക സ്വത്തുക്കള്‍ക്ക് സംസ്ഥാന അസംബ്ലികൂടി നിയമനിര്‍മ്മാണം നടത്തേണ്ടിയിരുന്നു. തുടര്‍ന്ന് കെ.എം. സീതി സാഹിബ് മദ്രാസ്സ് അസംബ്ലിയില്‍ ശരിഅത്ത് ആക്ട് ഭേദഗതി ബില്‍ അവതരിപ്പിക്കുകയും 1949 മുതല്‍ മലബാര്‍ ഉള്‍പ്പെട്ട അവിഭക്ത മദ്രാസ് സംസ്ഥാനത്തിലാകെ മുസ്ലിംകളുടെ കാര്‍ഷിക സ്വത്തുക്കള്‍ക്കുകൂടി ഈ നിയമം ബാധകമാവുകയും ചെയ്തു. മദ്രാസ് കൗണ്‍സിലില്‍ ഖാന്‍ ബഹദൂര്‍ തമ്പി മരക്കാര്‍ (നാഗപട്ടണം) ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് മരുമക്കത്തായ മുസ്ലിംകളുടെ സ്വയാര്‍ജിത സ്വത്തുക്കള്‍ക്ക് ശരിഅത്ത് ആക്ട് ബാധകമാക്കുന്ന 1918ലെ പിന്തുടര്‍ച്ച ആക്ട് നിലവില്‍വന്നിരുന്നു. ഇതേ രീതിയിലുള്ള ബില്ല് കൊച്ചി നിയമസഭയില്‍ സീതി സാഹിബ് അവതരിപ്പിക്കുകയും 1108(1932-33)ലെ മുസ്ലിം പിന്തുടര്‍ച്ച ആക്ട് എന്ന പേരില്‍ പ്രാബല്ല്യത്തില്‍ വരുകയും ചെയ്തു. മലബാറില്‍നിന്ന് കൊച്ചിയിലെത്തി സ്ഥിരതാമസമാക്കിയ മരുമക്കത്തായ മുസ്ലിം കുടുംബങ്ങള്‍ക്കും പ്രസ്തുത നിയമത്തിന്‍റെ പ്രയോജനം ലഭിച്ചു. ഇതിന് സമാനമായ ഒരു ബില്ല് മുസ്ലിം മരുമക്കത്തായികളെ ഉദ്ദേശിച്ച് തിരുവിതാംകൂര്‍ നിയമസഭയില്‍ എച്ച്.ബി. മുഹമ്മദ് റാവൂത്തര്‍(ആലപ്പുഴ) അവതരിപ്പിക്കുകയും 1108ലെ മുസ്ലിം പിന്തുടര്‍ച്ച ആക്ടായിതന്നെ അതും പ്രാബല്യത്തില്‍ വന്നു. കൊച്ചി സംസ്ഥാനത്തില്‍ അധിവസിച്ചിരുന്ന മരുമക്കത്തായം പിന്തുടര്‍ന്നിരുന്ന കച്ച്മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിംകള്‍ക്ക് ഹിന്ദു നിയമമായിരുന്നു ബാധകമായിരുന്നത്. ഇവര്‍ക്ക് ശരിഅത്ത് ആക്ട് ബാധകമാക്കുന്ന ഒരു ബില്ല് 1932ല്‍ സീതിസാഹിബ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് നിയമം പ്രാബല്യത്തില്‍വന്നു.
മരുമക്കത്തായത്തിനെതിരെ നിയമനിര്‍മ്മാണം നടത്തിയ മറ്റൊരു പ്രഗല്‍ഭ സാമാജികനാണ് കാസര്‍ക്കോട്ടെ ഖാന്‍ ബഹദൂര്‍ മുഹമ്മദ് ശംനാട് സാഹിബ്. 1918ലെ മാപ്പിള പിന്തുടര്‍ച്ച ആക്ട് പാസായതിനുശേഷം അതിനുമുമ്പ് നിലവിലുണ്ടിരുന്ന മലബാര്‍ വസിയത്ത് ആക്ട് പ്രകാരം മരുമക്കത്തായിയായ ഒരു മുസ്ലിംമിന്‍റ്െ സ്വത്തുക്കള്‍ മരണപത്രം മുഖേന ഉടമസ്ഥന് ഇഷ്ടംപോലെ ഭാഗിക്കാന്‍ അവകാശമുണ്ടെന്നുള്ള ഒരു വാദഗതി വിവിധ കോണുകളില്‍ നിന്നുയര്‍ന്നുവന്നിരുന്നു. ഈ സംശയ ദുരീകരണത്തിന് ശംനാട് സാഹിബ് മദിരാശി അസംബ്ലിയില്‍ അവതരിപ്പിച്ച മാപ്പിള ബില്ലിനെ തുടര്‍ന്ന് ഒരാളുടെ സ്വത്തില്‍ നിന്ന് മൂന്നില്‍ ഒരു ഭാഗം മാത്രമെ വസിയത്ത് പ്രകാരം അനുവദനീയമുള്ളു എന്ന 1939ലെ മാപ്പിള മരുമക്കത്തായ ആക്ട് (വസിയത്ത് ആക്ട്) നിലവില്‍ വന്നു. ഈ ആക്ടനുസരിച്ച് മരുമക്കത്തായ അംഗങ്ങളായ ഓരോ മുസ്ലിമിനും തന്‍റെ തറവാടുസ്വത്ത് ഭാഗിച്ചുകിട്ടാന്‍ ആവശ്യപ്പെടാനുള്ള അവകാശവും കോടതി മുഖേന അതിനായുള്ള വ്യവഹാരം നല്‍കാനും അവസരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് വടക്കെ മലബാറിലെ പല മുസ്ലിം തറവാടുകള്‍ക്കും ഭാഗം വെച്ച് പിരിയാനുള്ള അവസരം ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന സ്വത്തിന് പിന്നീട് ശരിഅത്ത് ആക്ടിന്‍റെ പരിരക്ഷയേ ലഭ്യമാകുകയുള്ളു. തുടര്‍ന്ന് മലബാറിലെ ഭൂരിപക്ഷം മരുമക്കത്തായ മുസ്ലിം കുടുംബങ്ങളും വ്യവഹാരം മുഖേനയും അല്ലാതെയും ഭാഗം വെച്ചു പിരിഞ്ഞു.
1960കളോടെ മരുമക്കത്തായ പിന്തുടര്‍ച്ച മുസ്ലിംകളില്‍ നിന്ന് ഏതാണ്ട് നാമാവശേഷമായി തുടങ്ങി. തുടര്‍ന്ന് മുസ്ലിം പേഴ്സണല്‍ ലോ രാജ്യത്താകമാനം പ്രാബല്യത്തില്‍ വന്നതോടെ ഈ സമ്പ്രദായത്തിന് അന്ത്യമായി. നായര്‍ സമുദായത്തിലെ ഈ ആചാരം ഹിന്ദു മരുമക്കത്തായ അബോളിഷിങ്ങ് ആക്ട് നിലവില്‍ വന്നതോടെ 1976 ജനുവരി ഒന്നിന് ജനിക്കുന്ന ഓരോ കേരളീയനും ഈ സമ്പ്രദായത്തില്‍ നിന്ന് നിയമ ദൃഷ്ടിയാല്‍ മോചനം ലഭിച്ചു.