21. മുസ്‌ലിം വൈജ്ഞാനികതയുടെ വസന്തം

21. മുസ്‌ലിം വൈജ്ഞാനികതയുടെ വസന്തം








ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    സമ്പന്നമായ കലകളും ഭാഷയും സംസ്‌കാരവും ആയോദ്ധന പാഠവവും സ്വന്തമാക്കി ചുരങ്ങള്‍ കടന്ന് ഇവിടെയെത്തിയ മുസ്‌ലിം വൈദേശികര്‍ സുല്‍ത്താന്മാരായും ചക്രവര്‍ത്തിമാരായും ബാദുഷാമാരായും രാജാക്കന്മാരായും ഡല്‍ഹിയില്‍ വാണു. ഈ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍-അറബി ഭാഷകളില്‍ നിന്നുള്ള ധാരാളം പദങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വ്യാപിച്ചു. പല പ്രദേശങ്ങളുടെയും പേരുകള്‍ പോലും ഈ ഭാഷകളില്‍ നിന്നുത്ഭവിച്ചതാണ്. 

    ബാര്‍ എന്ന പേര്‍ഷ്യന്‍ പദത്തിനര്‍ത്ഥം നാട്. മല+ബാര്‍=മലബാര്‍=മലനാട്. പ്രാചീന കാലത്ത് കേരളത്തെ മുഴുവന്‍ അറബികള്‍ മലബാറെന്ന് വിളിച്ചിരുന്നു. കാലികൂത്ത്, കല്ലാആഅ്, ഫൂന്നാനി എന്നീ അറബി പദങ്ങളുടെ രൂപഭേദങ്ങളാണ് കോഴിക്കോട്, കല്ലായി, പൊന്നാനി. 

    എ ഡി 712 മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച മുസ്‌ലിം ഭരണം  അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫറിനെ 1857ല്‍ മ്യാന്‍മാറിലേക്ക് നാട് കടത്തുന്നത് വരെ തുടര്‍ന്നു. ഈ ഘട്ടത്തില്‍ അധികാരത്തിലിരുന്ന മുസ്‌ലിം ഭരണാധികരികളില്‍ അധികവും രാഷ്ട്രീയ രംഘത്ത് നേരായ ദിശയില്‍ സഞ്ചരിച്ചവരായിരുന്നു. ശൈഖ് അഹമ്മദ് സര്‍ഹിന്ദിയുടെയും ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയുടെയും നവോത്ഥാനങ്ങളും തുടര്‍ന്ന് സയ്യിദ് അഹമ്മദ് തുടക്കം കുറിച്ച മുജാഹിദ്ദീന്‍ പ്രസ്ഥാനത്തിന്‍റെ വേരോട്ടവും ഉണ്ടായത് ഈ ഘട്ടത്തിലാണ്. 

    അവസാനത്തെ ഗവര്‍ണര്‍ ജനറലും കലാപത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഭരണാധികാരം കമ്പിനിയില്‍ നിന്ന്  ബ്രട്ടീഷ് രാജ്ഞി എറ്റെടുത്തതിന് ശേഷവുമുള്ള ആദ്യത്തെ വൈസ്രോയിയുമായിരുന്ന കാനിങ് പ്രഭുവിന്‍റെ(1856-62) കാലത്ത് ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിക്കപ്പെട്ട 1857 മെയ് 10 ന് ആരംഭിച്ച പോരാട്ടങ്ങളുടെ നേതൃ വാഹകരില്‍ ഝാന്‍സിറാണി, ജനറല്‍ ബക്ത്ഖാന്‍(ഡല്‍ഹി), ബീഗം ഹസ്രത്ത് മഹല്‍(ലഖ്‌നൗ), മൗലവി അഹ്‌മ്മദുള്ള(ഫൈസാബാദ്) തുടങ്ങിയവര്‍ ഉള്‍പ്പെടും. 

    മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ ഖബറിടത്തില്‍ അഭയം തേടിയ മുഗള്‍ പരമ്പരയിലെ അവസാന കണ്ണി ബഹദൂര്‍ ഷാ സഫറിനെ തടവിലാക്കി ചേങ്കോട്ടയില്‍ വെച്ച് വിചാരണ ചെയ്ത് 1858 മാര്‍ച്ച് 9 ന് മ്യാന്‍മാറിലെ റംഗൂണിലേക്ക് ബ്രട്ടീഷ് ഭരണകൂടം നാടുകടത്തി  മ്യാന്‍മറില്‍ ഔദ്യോഗിക പര്യടനം നടത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി റംഗൂണിലെ സഫറിന്‍റെ മക്ബറ 2011 ല്‍  സന്ദര്‍ശിച്ചു.  സഫറിന്‍റെ രണ്ട് പുത്രന്മാരെ ലഫ്റ്റ്‌നന്‍റ് ഹോഡിസന്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. നൂറുകണക്കിന് മുസ്‌ലീം പണ്ഡിതന്‍മാരെ നാടുകടത്തുകയും കല്‍തുറങ്കില്‍ അടക്കുകയും തൂക്കിലേറ്റുകയും ചെയ്തു. ആയിരണക്കിന് മുസ്‌ലിംകളെ അന്തമാനിലേക്ക് കയറ്റി വിട്ടു. ദാരുണമായ അവസ്ഥ സംജാതമായി. പരമ്പരാഗതമായി മുസ്‌ലീംങ്ങള്‍ തുടര്‍ന്നു വന്നിരുന്ന വൈജ്ഞാനിക മേഖലക്ക് വന്‍ആഗാതവും അപജയവും സംഭവിച്ചു. പാശ്ചാത്യ വിദ്യാഭ്യാസ രംഗത്ത് നിന്നും ഭരണ രംഗത്ത് നിന്നും മുസ്‌ലിംകള്‍ വിട്ട് നിന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇതെല്ലാം മുസ്‌ലിംകള്‍ വിജ്ഞാന മുരടിപ്പിന് ഹേതുവായി.