48. ഭരണഘടനയും
മുസ്‌ലിം വിദ്യാഭ്യാസവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍ . 9495095336
ഇന്ത്യന്‍ ഭരണഘടനയിലെ മൗലീകാവകാശങ്ങള്‍ ആറ്. ഇതില്‍ അഞ്ചാമത്തേത് മുസ്‌ലീംങ്ങള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് പരിരക്ഷ നല്‍കുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 29,30 ലെ സാംസ്‌കാരിക-വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള വകുപ്പുകളനുസരപച്ച് മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ താല്‍പര്യ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അവകാശമുണ്ട്. ഖണ്ഡിക 29 പ്രകാരം മത, ജാതി, ഭാഷ, വര്‍ഗ്ഗം തുടങ്ങിയവകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു പൗരനും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാറിന്‍റെ സഹായം ലഭിക്കുന്നതോ ആയ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. ഖണ്ഡിക 30 പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുമതി നല്‍കുന്നു. ഇത്തരം മത വിഭാഗം നടത്തുന്ന സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകളില്‍ വിദ്യാര്‍ത്ഥികളുടെയോ രക്ഷിതാക്കളുടെയോ അനുമതിയില്ലാതെ പങ്കെടുക്കാന്‍ പാടില്ല. രാജ്യത്തിന്‍റെ മഹനീയ മതേത്വര മൂല്യങ്ങള്‍ സംരക്ഷിച്ച് എല്ലാ പൗരന്മാര്‍ക്കും വിവേചനമന്യേ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന മറ്റ് വകുപ്പുകളുമുണ്ട്.
ഫാറൂക്ക് കോളേജിന് ശേഷം പതിനേഴ് വര്‍ഷത്തിനിടയില്‍ ഫാറൂക്ക് ബി. എഡ് കോളേജും വ്യവസായ പ്രമുഖനായ തങ്ങള്‍ കുഞ്ഞ് മുസ്‌ലിയാരുടെ സുമനസ്സാല്‍ 1958 ജൂലൈയില്‍ കൊല്ലത്ത് പിറന്ന് ടി കെ എം എഞ്ചിനീയറിംഗ് കോളേജുമുള്‍പ്പെടെ രണ്ട് പ്രഫഷണല്‍ കോളേജുകള്‍ മാത്രമാണ് മുസ്‌ലിം സമുദായത്തിന്റെതായി ഉണ്ടായിരുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സാങ്കേതിക വിദഗദ്ധരെ വാര്‍ത്തെടുത്ത ഈ എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പങ്ക് ശ്ലാഘനീയമാണ്. പി. കെ. അബ്ദുല്ല സാഹിബ് വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന(1960-67) കാലത്ത് 1965 ല്‍ പി. കെ. കുഞ്ഞുസാഹിബ് മുന്‍കൈയെടുത്ത കായംകുളം എം എസ് എം കോളേജ്, അബ്ദുല്ലാ സാഹിബിന്‍റെ സഹായത്തോടെ പെരിങ്ങാമല ഇക്ബാല്‍ കോളേജ്, അത്തന്‍ മോയിന്‍ അധികാരിയുടെയും സി. എന്‍. അഹമ്മദ് മൗലവിയുടെയും നേതൃത്വത്തില്‍ ഇ എം ഇ എ മമ്പാട് കോളേജ്, കൊല്ലം ടി കെ എം ആര്‍ട്ട്‌സ് കോളേജ്, 1967 ല്‍ മണ്ണാര്‍ക്കാട് കല്ലടി എം ഇ എസ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് തുടങ്ങിയവ നിലവില്‍ വന്നു. ആറ് മുസ്‌ലിം കോളേജുകളടക്കം കൂടുതല്‍ കോളേജുകളും അബ്ദുല്ല സാഹിബ് വിദ്യാഭ്യാസ സെക്രട്ടറിയായിരുക്കുന്ന കാലത്താണ് നിലവില്‍ വന്നത്. 1968 ല്‍ പൊന്നാനി എം ഇ എസ് കോളേജും തിരൂരങ്ങാടി പി എസ് എം ഒ കോളേജും സ്ഥാപിതമായി. മമ്പാട് കോളേജ് പിന്നീട് എം ഇ എസ് എറ്റെടുത്തു.