12. പൊതുസമൂഹവും സഭയും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
സഭയുടെ വാര്‍ഷിക പൊതുയോഗങ്ങളില്‍ ആദ്യകാലത്ത് അംഗങ്ങളല്ലാത്ത പല പൗരപ്രമുഖരും അമുസ്ലിം പ്രധാനികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുകയും വിലപ്പെട്ട നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കി പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 1924 മുതലാണ് വര്‍ഷാന്ത ജനറല്‍ ബോഡി യോഗങ്ങളില്‍ അംഗങ്ങളല്ലാത്ത പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ അദ്ധ്യക്ഷ പദം അലങ്കരിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം റിട്ട: ഡെപ്യുട്ടി കളക്ടര്‍ ഖാന്‍ ബഹദൂര്‍ പി എ അമ്മു സാഹിബ് (തലശ്ശേരി)യായിരുന്നു അദ്ധ്യക്ഷന്‍. 25ല്‍ ഖാന്‍ ബഹദൂര്‍ ടി എം മൊയ്തു സാഹിബ് (എം.എല്‍.സി), 30 ല്‍ കണ്ണൂര്‍ അറക്കല്‍ ആലി രാജ എസി കോയമ്മ തങ്ങള്‍, 31 ല്‍ ശൗക്കാര്‍ സി അബ്ദുല്‍ ഹക്കിം (മദ്രാസ്), 33ല്‍ മദ്രാസ് ശരീഫ് ആദം ഹാജി മുഹമ്മദ് സേട്ടു, 35ല്‍ മൗലവി ഖാന്‍ ബഹദൂര്‍ സിയാഹുദ്ദീന്‍ അഹമ്മദ്, 36ല്‍ മൗലവി കെ എം അബ്ദുല്‍ കാദര്‍ സാഹിബ് (എം.എഫ്.ബി), 38ല്‍ സയ്യിദ് ഗുലാം ദിക്ക് നൈറാഖ് (എം.എല്‍.എ. സെന്‍ററല്‍ അസംബ്ലി) തുടങ്ങിയ പ്രഗല്‍ഭ വ്യക്തിത്വങ്ങളുടെ അദ്ധ്യക്ഷതയിലാണ് യോഗങ്ങള്‍ നടന്നത്. നിയമ വിദ്യാര്‍ത്ഥിയായിരുന്ന കെ. എം. സീതി സാഹിബ് ആദ്യമായി സഭായോഗത്തില്‍ സംബന്ധിച്ചതും ഇ. കെ. മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും സ്ഥാപന പുരോഗതിക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതും 1925ലാണ്. നിലവിലുള്ള സഭാ നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെടേണ്ടതുകൊണ്ട് പ്രഗത്ഭ അഭിഭാഷകനും പിന്നീട് ഡിസ്ട്രിക്ട് മുന്‍സിഫുമായ അബ്ദുല്ല കുട്ടി സാഹിബ് പ്രമേയം അവതരിപ്പിച്ചതും അതിനായി ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചതും ഈ യോഗത്തില്‍ തന്നെ.
1934ല്‍ മൗലാനാ ഷൗക്കത്തലിയുടെ പ്രൗഢഗംഭീരമായ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് കെ.എം. സീതി സാഹിബാണ്. സഭാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു ഇത്. സക്കാത്തും, ഫിത്ര്‍ സക്കാത്തും നല്‍കാന്‍ അര്‍ഹതപ്പെട്ട സ്ഥാപനങ്ങളില്‍ സഭയും ഉള്‍പ്പെടുമെന്ന് രേഖകള്‍ വിശദീകരിച്ച് മൗലാന ആഴഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അവതരിപ്പിച്ച് ടി. കെ. മുഹമ്മദ് മൗലവിയും ഇ. കെ. മൗലവിയും പിന്തുണച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതും ഭൗതീക വിദ്യാഭ്യാസ രംഗത്തേക്ക് സഭയുടെ സേവനം വ്യാപിപ്പിക്കണമെന്ന് മൗലാന ശൗക്കത്തലി ആഹ്വാനം ചെയ്തതും ഈ സമ്മേളനത്തിലാണ്. നിയമ പരിഷ്കരണം സംബന്ധിച്ച അഭിപ്രായ വ്യത്യാസം ഹേതുവായി മുഹമ്മദ് അബദുറഹിമാന്‍ സാഹിബും അനുകൂലികളും യോഗമദ്ധ്യെ ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോക്ക് നടത്തിയതും ഈ യോഗത്തിലാണ്. അടുത്ത കാലത്ത് ഇസ്ലാമിലേക്ക് വന്ന മഹാത്മാ ഗാന്ധിയുടെ മകന്‍ അബ്ദുല്ല ഗാന്ധി (ഹിരലാല്‍), ഡോ. കമാല്‍ പാഷ തെയ്യില്‍ തുടങ്ങിയവര്‍ക്ക് ഒരു ഉജ്ജ്വല സ്വീകരണവും ഇവിടെവെച്ച് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ചില പ്രത്യേക കാരണങ്ങളാല്‍ പിന്നീട് അതുണ്ടായില്ല. ഈ കാലഘട്ടത്തില്‍ ആറ്റക്കോയ തങ്ങളായിരുന്നു പ്രസിഡന്‍റ്.
കമ്മിറ്റി യോഗങ്ങളില്‍ പലപ്പോഴും ആരോഗ്യകരമായ അഭിപ്രായ പ്രകടനങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളും നടന്നിരുന്നുവെങ്കിലും 39ല്‍ അത് മറനീക്കി പ്രത്യക്ഷപ്പെട്ടു. പഠനം പൂര്‍ത്തിയായ നവ മുസ്ലിംങ്ങള്‍ക്ക് തൊഴില്‍ പരിശീലനാര്‍ത്ഥം ഒരു സ്ഥാപനം ആരംഭിക്കുന്നതിന് ഫണ്ട് ശേഖരിക്കുവാന്‍ നൈറാഖിന്‍റെ നേതൃത്വത്തില്‍ ആറ്റക്കോയതങ്ങളടക്കം ഭരണപക്ഷ പ്രതിനിധി സംഘം ഉത്തരേന്ത്യന്‍ പര്യടനത്തിന് പുറപ്പെട്ട സമയത്ത് പ്രതിപക്ഷം ആരോപണങ്ങള്‍ രൂക്ഷമാക്കിയത് പൊതുവേദികളില്‍ ശക്തമായ ഭിന്നിപ്പിനിടയാക്കി. തന്മൂലം ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘം മടങ്ങിവരേണ്ടി വന്നു. തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ സഭയുടെ യോഗം പോലീസ് അകമ്പടിയോടെയാണ് നടന്നത്. ഭരണപരമായി വളരെക്കാലം നിലനിന്ന ഭിന്നതകള്‍ക്ക് ഈ യോഗത്തോടെ പൂര്‍ണ്ണ വിരാമമിട്ടു. സുഗമമായ രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ട് നീങ്ങി.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ 1919 മുതല്‍ 1945 വരെ 26 വര്‍ഷം പ്രസിഡന്‍റായ പൊന്നാനി ഖാന്‍ സാഹിബ് വി. ആറ്റക്കോയ തങ്ങളുടെ കാലത്താണ് സഭയ്ക്ക് എറ്റവുമധികം ഭൂസ്വത്തും മൂലധനവും സമാഹരിച്ചത്. മദ്രസ്സ, എലിമെന്‍ററി സ്ക്കൂള്‍, തൊഴില്‍ശാല, അനാഥശാല, സ്ത്രീ വാര്‍ഡ്, ഖത്നാ ഹാള്‍ മുതലായവ സ്ഥാപിതമായതും ഇക്കാലത്ത് തന്നെ.