22. സര്‍ സയ്യിദും അലീഗറും

22. സര്‍ സയ്യിദും അലീഗറും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    കലാപം കാരണത്താല്‍  മുസ്‌ലിം സമുദായം അനുഭവിക്കേണ്ടിവന്ന ദുരാവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാരം  കണ്ടെത്താന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധുനിക വിദ്യാഭ്യാസ നവോത്ഥാന നായകനായ സര്‍സയ്യിദ്അഹമ്മദ് ഖാനെ(1817-1898) പ്രേരിപ്പിച്ചു. ആധുനിക വിദ്യാഭ്യാസം ലഭ്യമായാലേ സമുദായം പ്രബുദ്ധമാകു എന്ന തിരിച്ചറിവിനെ തുടര്‍ന്ന് സമുദായത്തെ അവസരത്തിനൊത്ത് വിദ്യാഭ്യാസരംഗത്ത് സമുദ്ധരിക്കാന്‍ പ്രതിജ്ഞയെടുത്തു. കലാപ കാരണങ്ങളെയും സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികളെയും വിശദമായി പഠിച്ച് 1859 ല്‍ “അസ്ബാബേ ബഗാവതേ ഹിന്ദ് “എന്ന പേരില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ അഞ്ഞൂറ് കോപ്പി അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ബ്രട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ആംഗലേയ ഭാഷയിലെ പല കൃതികളും തദ്ദേശീയഭാഷയിലേക്ക് മൊഴി മാറ്റം നടത്തി. 1870 ല്‍ തഹ്ദീബുല്‍ അഖ്‌ലാക് എന്ന പേരില്‍ ഒരു പത്രവും ആരംഭിച്ചു.

    ഇന്ത്യയിലെ ആധുനിക മുസ്‌ലിം വിദ്യാഭ്യാസ രംഗത്തെ പ്രഥമ പ്രബല മുസ്‌ലിം സംഘടനകള്‍. നവാബ് ബഹദൂര്‍ അബ്ദുല്‍ ലത്തീഫ്, ബംഗാളില്‍ സ്ഥാപിച്ച നാഷണല്‍ മുസ്‌ലിം അസോസിയേഷന്‍, മുസ്‌ലിം ലിറ്റററി സൊസൈറ്റി തുടങ്ങിയവയാണ്.  ഇവക്ക് പ്രാരംഭ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചെങ്കിലും  ദേശീയ തലത്തില്‍ വേണ്ടത്ര പ്രതികരണമുണ്ടാക്കിയില്ല. 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ സര്‍വ്വകലാശാല ബിരുദ്ധം  നേടിയ മുസ്‌ലിംകളുടെ എണ്ണം കേവലം 26 മാത്രം. എതാണ്ട് 50 ഇരട്ടിയായിരുന്നു ഹൈന്ദവ ബിരുദ്ധധാരികള്‍. അതായത് 1260. ഈ ദയനീയവസ്ഥക്ക് പരിഹാരമായി ദര്‍സുകളിലും മക്തബുകളിലും ഓത്തു പള്ളികളിലും ഒതുങ്ങിയ മുസ്‌ലീങ്ങളുടെ പഠന രീതിയെ വിവിധ തലങ്ങളിലേക്ക് വികസിപ്പിക്കാന്‍ തയ്യാറായ മുസ്‌ലിം നായകര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി. ആധുനിക വിദ്യാഭ്യാസവുമായി സഹകരിച്ച് പോകാന്‍ മുസ്‌ലിം സമുദായത്തെ സര്‍ സയ്യിദ് ആഹ്വാനം ചെയ്തപ്പോഴെല്ലാം ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. ചിലയിടങ്ങളില്‍ നിന്ന് കല്ലേറും ഏല്‍ക്കേണ്ടി വന്നു. അദ്ദേഹത്തെ എറിഞ്ഞ കല്ലുകളിലൊന്ന് എടുത്ത് കൊണ്ട് “ഈ കല്ല് കൊണ്ട് ഞാന്‍ ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പ്രസ്ഥാനത്തിന്‍റെ മഹാ സൗധം പടുത്തുയര്‍ത്തുമെന്ന്” ദൃഢ പ്രതിജ്ഞയെടുത്തു. ആധുനിക വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത മുസ്‌ലിംകള്‍ക്ക് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് എതിര്‍പ്പ് കുറഞ്ഞ് വന്നു. വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഔന്നിത്യം സമുദായം  നേടിയെടുക്കുകയെന്നതായിരുന്നു സര്‍ സയ്യിദിന്‍റെ  മുഖ്യ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ആദ്യം 1864 ല്‍ ഉത്തര്‍ പ്രദേശിലെ  ഗാസിപൂരിലും ബംഗാളിലെ മുറാദബാദിലും ഇംഗ്ലീഷ് സ്‌ക്കൂളുകളും 1875 ല്‍ സയന്റിഫിക്ക് സൊസൈറ്റിയും അലീഗര്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജും സ്ഥാപിച്ചു. ഓക്‌സ്‌ഫോര്‍ഡിനും കേംബ്രിഡ്ജിനും പകരം നില്‍ക്കാവുന്ന ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയായിരുന്നു സര്‍ സയ്യിദിന്‍റെ സ്വപ്നം. 1870 ല്‍ താന്‍ ആരംഭിച്ച തഹ്ദീബുല്‍ അഹലാക്ക് എന്ന പത്രം ആഗ്രഹ സഫലീകരണത്തിന് ആക്കം കൂട്ടി. കോളേജ് വിപുലീകരിച്ച് തന്‍റെ സ്വപ്ന സാക്ഷാത്കരത്തിന് ആരംഭം കുറിച്ചു. 

    നമ്മുടെ ചില അവകാശങ്ങള്‍ അനുവദിച്ചുതരാത്തതില്‍ ഭരണകൂടത്തോട് നമുക്ക് മുറു മുറുപ്പുണ്ടെണ്ടങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നാം നേടി കഴിഞ്ഞാല്‍ അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ നമ്മെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് 1880 ല്‍ സര്‍ സയ്യിദ് അമൃതസറില്‍ വെച്ച് മുസ്‌ലിംകളെ ഉത്‌ബോധിപ്പിച്ചു. ബ്രിട്ടീഷ് ഭരണമാണ് സാമൂഹിക പുരോഗതിക്ക് നല്ലതെന്ന പക്ഷകാരനായിരുന്ന അദ്ദേഹം 1888ല്‍ അലീഗര്‍ കേന്ദ്രമായി യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷനും. സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനം ലക്ഷ്യമാക്കി 1893 ല്‍ മുഹമ്മദന്‍ അംഗ്ലോ ഓറിയന്റല്‍ ഡിഫന്‍സ് അസോസിയേഷനും രൂപീകരിച്ചു. ഹിന്ദുവും മുസല്‍മാനും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് അഭിപ്രായപ്പെടുകയും മതേതരത്വം നിലനിന്നു കാണാന്‍ ആഗ്രഹിക്കുകയും അതിനായി സര്‍ സയ്യിദ് യത്‌നിക്കുകയും ചെയ്തു. അലീഗര്‍ കോളേജിന്  1920 ല്‍ ഇന്ത്യന്‍ ലജിസ്ലേറ്റിവ് കൗണ്‍സില്‍ അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്ന പേരില്‍ കേന്ദ്ര സര്‍വ്വകലാശാലയുടെ പദവി നല്‍കി. 

    കേംബ്രിഡ്ജ് പഠനം പൂര്‍ത്തിയാക്കിയ  മകന്‍ സയ്യിദ് മഹമൂദൂം പിതാവിനോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്തു.  ഇന്ത്യക്കാരനായ പ്രഥമ ഹൈകോടതി ജഡ്ജി, ബ്രിട്ടീഷ് നിയമസംഹിതയെ ഇന്ത്യയുടെ സാംസ്‌ക്കാരിക പശ്ചാതലവുമായി സമുന്നയിപ്പിച്ചവരില്‍ പ്രധാനി പ്രസിദ്ധമായ ഒട്ടോറെ വിധിന്യായങ്ങളിലൂടെ സത്യസന്ധനായ ഇന്ത്യന്‍ ന്യായാധിപന്‍ തുടങ്ങിയ പല വിശേഷണങ്ങളാല്‍ ജസ്റ്റിസ് മഹമൂദ് ഖ്യാതി നേടി.

    രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞ ഇതിന്‍റെ ശാഖകളില്‍ ഒന്നാണ് അലീഗര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ അലീഗര്‍ ഓഫ് ക്യാംപസ്. ജസ്റ്റിസ് രവീന്ദ്രസിംഗ് സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതനുസരിച്ച്   വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ അലിഗര്‍ മുസ്‌ലിം യൂനിവേഴ്സ്റ്റി ക്യാമ്പസുകള്‍ സ്ഥാപിക്കണമെന്ന് യു. പി. എ. സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2007 ഡിസംബര്‍ 2ന് അലീഗര്‍ യൂണിവേഴ്‌സിറ്റി കോര്‍ട്ട് പുനെ, ഭോപ്പാല്‍, മുര്‍ഷിദാബാദ്, ഖത്തിഹാ, മലപ്പുറം എന്നീ അഞ്ച് ഇടങ്ങളില്‍ അലീഗര്‍ ഓഫ് ക്യാംപസ് തുടങ്ങാന്‍ അംഗീകാരം നല്‍കി.  

    പട്ടിക്കാട് ജാമിയ്യ നൂരിയ്യയുടെ 45-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ന്യൂന പക്ഷ ക്ഷേമ മന്ത്രി എം.എ ഫാത്വിമിയോട് സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അലിഗര്‍ ക്യാമ്പസ് മലപ്പുറം ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയും കൂടി  സാക്ഷാത്ക്കാരമാണ് 2008 ഫ്രെബുവരി 28 ന് ക്ലാസുകളാരംഭിച്ച അലിഗര്‍ ക്യാമ്പസ്. ആദ്യം 35 കോടി രൂപയും 2013 ല്‍ 105 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചേലാമലയില്‍  ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തു പാശ്ചാത്തല സൗകര്യങ്ങള്‍ രെുക്കി. 2011 ഡിസംബര്‍ 24ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമാനവ വിഭവ ശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ രാജ്യത്തിന് സമര്‍പ്പിച്ചു. 2018 അവസാനത്തോടെ ഒരു സമ്പൂര്‍ണ സര്‍വ്വ കലാശാലയായി മാറി കേരളത്തിലെ ഏറ്റവും വലിയ ഉന്നത പഠന കേന്ദ്രമാകും.യു.പി.എ സര്‍ക്കാറിന്‍റെയും കേന്ദ്രമാനവ വിഭവ ശേഷി സ്റ്റേറ്റ്  മന്ത്രിയായിരുന്ന ഇ.അഹമ്മദിന്‍റെയും   മലയാളിയായ മുന്‍ വൈസ് ചാന്‍സിലര്‍  ഡോ: പി. കെ. അബ്ദുല്‍ അസീസിന്‍റെയും തീവ്ര ശ്രമങ്ങള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഡയറക്ടര്‍ ഡോ: മുഹമ്മദാണ്. അലീഗറിന്റെയും ജാമിയ്യ മില്ലിയയുടെയും  ന്യൂനപക്ഷ സ്വഭാവത്തിന് പലവട്ടം ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്.