47. റൗസതുല്‍ ഉലൂം
ഫാറൂഖ് കോളേജും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍ . 9495095336
അഫസലുല്‍ ഉലമ സിലബസ്സിനസുസരിച്ച് 1942 ജനുവരി അഞ്ചാം തിയ്യതി തുടക്കം കുറിച്ച ആദ്യത്തെ കലാലയമാണ് റൗസതുല്‍ ഉലൂം(വിജ്ഞാന പൂങ്കാവനം) അറബി കോളേജ്. മഞ്ചേരി ആനക്കയത്ത് കുഞ്ഞാലിക്കുട്ടിഹാജിയുടെ വീട്ടിലാണ് ആരംഭിച്ചത്. അല്‍ അസ്ഹറില്‍ നിന്ന് മികച്ച മാര്‍ക്കോടെ വിജയിച്ച മൗലാന അബുസ്വബാഹ് ഇതിന്‍റെ ചാലകശക്തി പിന്നീട് മഞ്ചേരിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. 1945ല്‍ സ്ഥാപനത്തിന് മദ്രാസ് സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ അംഗീകൃത അറബി കോളേജാണ് ഇത്. പുളിക്കല്‍, മോങ്ങം, അരീക്കോട്, തിരൂരങ്ങാടി തിരൂര്‍ക്കാട്, വാഴക്കാട്, കുനിയില്‍, വളവന്നൂര്‍, എടയൂര്‍, ചെമ്മലപറമ്പ്, കൊടുവള്ളി, പുത്തരിക്കല്‍, മലപ്പുറം തുടങ്ങിയ പല സ്ഥലങ്ങളിലും ഇതേ രീതിയിലുള്ള സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ആദ്യകാലത്ത് കാഞ്ഞിരപള്ളിയില്‍ നൂറുല്‍ ഹുദാ അറബിക്ക് കോളേജ് ഉണ്ടായിരുന്നുവെങ്കിലും പിന്നീടതിന്‍റെ പ്രവര്‍ത്തന ലഭിച്ചു. ഇതര കോളേജ് അധ്യാപകരെ പോലെ എയ്ഡഡ് അറബി കോളേജ് അധ്യാപകര്‍ക്കും യു ജി സി സ്‌കെയില്‍ സ്‌കെയില്‍ അനുവദിച്ചു.
സ്വതന്ത്ര്യം ലഭിച്ച അവസരത്തില്‍ ഇന്ത്യയിലെ മികച്ച സാക്ഷരത സംസ്ഥാനമായിരുന്നു കേരളം. മുസ്‌ലിംകളൊഴികെ ഇതര മത വിഭാഗങ്ങളുടെ കൈപിടിയിലായിരുന്ന വിദ്യാഭ്യാസ രംഗത്ത്, അവര്‍ അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് ഈയൊരു അവസ്ഥ കൈവരിക്കാന്‍ പ്രധാന കാരണം. മുസ്‌ലിംകള്‍ക്ക് കേരളത്തില്‍ സ്വന്തമായൊരു ആര്‍ട്‌സ് കോളേജ് പോലുമുണ്ടായിരുന്നില്ല. ഈ ദയനീയാവസ്ഥക്ക് പരിഹാരമായി മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചു. സ്വന്തമായി ഉന്നത വിദ്യാസ സ്ഥാപനങ്ങള്‍ ആവശ്യമായതിനാല്‍അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അബു സബാഹ് മൗലവിയുടെ സ്വപ്നവും ആത്മാര്‍ത്ഥതയുടെ നിറകൂടങ്ങളായ സീതി സാഹിബ്, പോക്കര്‍ സാഹിബ്, ഇസ്മാഈല്‍ സാഹിബ് അബ്ദുല്ലകുട്ടി ഹാജി, ഹൈദ്രോസ് ക്കീല്‍ തുടങ്ങി ഒരു പറ്റംസമുദായ സ്‌നേഹികളുടെയും നേതാക്കന്മാരുടെ ആശ്രാന്ത പരിശ്രമവും മദിരാശി സര്‍വ്വ കലാശാലയുടെ വൈസ് ചാന്‍സിലര്‍ ഡോ: ലക്ഷമണസ്വാമി മുതലിയാരുടെ പ്രോത്സാഹനവും പിന്തുണയും മലബാറിലെ മുസ്‌ലിം മനസാക്ഷിയുടെ ഉദാരമനസ്‌കതയും അകമഴിഞ്ഞ സഹകരണവും ഹേതുവായി 1948 ജൂണ്‍ 12 ന് ഖാന്‍ ബഹദൂര്‍ പി.എം.ആറ്റക്കോയ തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് കോളേജ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. 32 കുട്ടികളായിരുന്നു ആദ്യവര്‍ഷ പഠിതാക്കള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്ന അഡ്മിഷന്‍ നല്‍കിയിരുന്നത് 1959 മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി. ആ വര്‍ഷത്തെ 13 പെണ്‍കുട്ടികളില്‍ മുസ്‌ലിം കുട്ടി ഒന്ന് മാത്രം റൗസത്തുല്‍ ഉലൂം ഫസ്റ്റ് ഗ്രേഡ് കോളേജ് എന്ന പേരിലാണ് ആദ്യം അപേക്ഷ സമര്‍പ്പിച്ചത്. പിന്നീടത് ഫാറൂഖ് കോളേജ് എന്ന് ഭേദഗതി ചെയ്തു. സീതി സാഹിബും സ്ഥാപനവും ദേഹവും ദേഹീയും തമ്മിലുള്ള ബന്ധമായിരുന്നു. 1947 ല്‍ കേളേജ് ഭരണ സമിതി രൂപീകരിച്ചതു മുതല്‍ 1961 ല്‍ മരണം വരെ അദ്ദേഹമായിരുന്നു സെക്രട്ടറി. ഉമര്‍ സാഹിബില്‍ നിന്ന് അദ്ദേഹം കടം വാങ്ങി യൂനിവേഴ്‌സിറ്റിക്ക് അപേക്ഷയോടൊപ്പം അയച്ച 750 രൂപയാണ് ആദ്യ മുടക്ക് മുതല്‍. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗും മുഖ പത്രമായ ചന്ദ്രികയും നിര്‍ണായക പങ്ക് വഹിച്ചു. മുസ്‌ലിം ലീഗിന്‍റെ പ്രസ്ഡണ്ടായിരുന്ന ബാഫക്കി തങ്ങള്‍ ഫൈനാന്‍സ് കമ്മിറ്റി മെമ്പറായിരുന്നു. .ഇവരുടെയെല്ലാം അശ്രാന്ത പരിശ്രമത്താല്‍ ക്രമേണ തെക്കെ ഇന്ത്യയിലെ അലീഗറെന്നോണം കോളേജ് വളര്‍ന്നു.
സി.എച്ച്. മുഹമ്മദ് കോയ എഴുതുന്നു. കോളേജിനെ സംബന്ധിച്ച ഒരാവേശം സമുദായ മധ്യത്തില്‍ പരത്തുന്നതിനും കോളേജിന് ലഭിച്ച സംഭാവനകള്‍ക്ക് പ്രസിദ്ധീകരണം നല്‍കുക വഴി കൂടുതല്‍ ഉദാരതക്ക് പ്രചോദനം നല്‍കുന്നതിനും ചന്ദ്രിക വഹിച്ച പങ്ക് അന്ന് ആ പത്രത്തിലെ ഒരു പ്രവര്‍ത്തകനായിരുന്ന ഞാന്‍ അഭിമാന പൂര്‍വ്വം സ്മരിക്കുന്നു. കുറെ കാലം ചന്ദ്രികയുടെ കോളങ്ങളിലാണ് കോളേജ് ജീവിച്ചത്. സമുദായം പൊതുവെ ആവേശം കാണിച്ചുവെങ്കിലും സാമ്പത്തികമായ ബാലാരിഷ്ടുകള്‍ സ്ഥാപിച്ചത് മുതലെ കേളേജിനെ ഞെക്കിക്കൊണ്ടിരിക്കുന്നു. അന്ന് കെ.എം. സീതി സാഹിബ് മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്‍റെ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്‍റെയും ഖജാഞ്ചി എ.കെ. ഖാദര്‍കുട്ടി സാഹിബിന്‍റെയും പരിശ്രമഫലമായി ജില്ലാ ലീഗ് ഫണ്ടില്‍ നിന്ന് 25000 ക ഫാറൂഖ് കോളേജ് ഫണ്ടിലേക്ക് നല്‍കാന്‍ ജില്ലാ ലീഗ് സമ്മതിച്ചു. അന്നത്തെ നിലക്ക് അതൊരു വലിയ സംഭാവനയായിരുന്നു. അതിന് പുറമെ ഒരു കാറും കോളേജിന് വേണ്ടി നല്‍കിയിരുന്നു.