37. ബ്രിട്ടീഷ് വിദ്യാഭ്യാസ
പരിഷ്‌ക്കരണം
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. 1884 ലെ സര്‍ക്കാര്‍ എജ്യുകേഷന്‍ റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ ദയനീയവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗങ്ങല്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണകൂടം ശുഷ്‌കാന്തി പ്രകടിപ്പിക്കുകയൊ പ്രോല്‍സാഹനം നല്‍കുകയൊ ചെയ്തില്ല. സമുദായ നേതാക്കളുടെ ശ്രമത്താല്‍ പലയിടത്തും സ്‌കൂളുകളും അറബിക്ക് മദ്രസ്സകളും നിലവില്‍ വന്നു. ഉത്തരേന്ത്യയില്‍ വീശി തുടങ്ങിയിരുന്ന 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം അലിഗഢ് മൂവ്‌മെന്‍റിന്‍റെ ചലനം ഭാരതത്തിന്‍റെ പല ഭാഗത്തും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം നല്‍കി. കേരളത്തിലും ഗണനാര്‍ഹമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കി.
റിപ്പന്‍ പ്രഭുവിന്‍റെ കാലം മുതല്‍ പൊതു വിദ്യാഭ്യാസ പ്രചാരണാര്‍ത്ഥം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. 19ാം നൂറ്റാണ്ടിന്‍റെ അന്ത്യഘട്ടത്തില്‍ പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെ ഓത്തുപള്ളികള്‍, ബോര്‍ഡ് മാപ്പിള സ്‌കൂളുകള്‍ തുടങ്ങിയവ പരിശോധിച്ച് മുസ്‌ലിം പഠന നിലവാരം മെച്ചപ്പെടുത്താന്‍ സബ് അസിസ്റ്റാന്‍റ് ഇന്‍സ്പക്ടര്‍(എസ്എഐ) തസ്തികയില്‍ പാലക്കാട് സ്വദേശി എ. മുഹമ്മദ്ഖാനെ ആദ്യമായി നിയമിച്ചു. ഔദ്യോഗിക കാലവധി 1882 മുതല്‍ 1906 വരെയായിരുന്നു. പരീക്ഷാ വിജയികളായ കുട്ടികളെ എണ്ണി തിട്ടപ്പെടുത്തിയാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കിയിരുന്നത്. ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ റിസല്‍റ്റ് സ്‌കൂളുകളെന്ന് അറിയപ്പെട്ടു. കൂടാതെ താലൂക്ക് ബോര്‍ഡ്, ഡിസട്രിക്ട് ബോര്‍ഡ്, മുന്‍സിപ്പല്‍, സര്‍ക്കാര്‍ വക സ്‌കൂളുകളും പ്രവര്‍ത്തിച്ചിരുന്നു. 1906 ല്‍ തലശ്ശേരിയില്‍ അച്ചാരത്ത് കാദര്‍കുട്ടി സാഹിബും മലപ്പുറത്ത് മണ്ടായപ്പുറത്ത് ബാവമൂപ്പനും 1918 ല്‍ കോഴിക്കോട് സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ഷായും എസ്എഐ തസ്തികയില്‍ നിയമിതരായി. മുസ്‌ലിം കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ചതിനാല്‍ ചില സ്ഥലങ്ങളില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയും എസ്എഐമാര്‍ മൊല്ലാക്കന്മാരെ പ്രലോഭിപ്പിച്ചും മലയാളവും ഇംഗ്ലീഷും പഠിപ്പിക്കാന്‍ രഹസ്യ പദ്ധതികള്‍ ആസൂത്രണം ചെയ്തു. പ്രാവര്‍ത്തികമാക്കി എന്നിട്ടും വേണ്ടത്ര രീതിയില്‍ ഇത് ഫലപ്രദമായില്ല.