9. കൈരളിയുടെ ആദ്യ ചരിത്രകൃതി
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത 177 വരികളുള്ള കാവ്യസമാഹാരമായ 'തഹ്‌രീള്' രചിച്ച ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ തൂലിക തന്നെ 'അദ്കിയ' യിലൂടെ ആത്മീയതയുടെ ഔന്നിത്യത്തിലേക്ക് സമൂഹത്തെ ആനയിച്ചു. പോരാളികള്‍ക്ക് പാരിതോഷികം(തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍) രചിച്ച ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ കരങ്ങള്‍ തന്നെ കര്‍മ്മ ശാസ്ത്ര രംഗത്തെ ആധികാരിക കൃതികളായ 'ഖുറതുല്‍ഐനും' 'ഫത്ഹുല്‍മുഈനും' വരദാനമായി നല്‍കി. ഈ ഗ്രന്ഥത്തിന് വിദേശ പണ്ഡിതന്മാരായ അല്ലാമ സയ്യിദുല്‍ ബകരി 'ഇആനതും' സയ്യിദ് അലി അസ്സഖാഫ് 'തര്‍ശീഹും' വ്യാഖ്യാന കൃതികളായി രചിച്ചു. രചനകള്‍ പലതും ഇന്ത്യക്കകത്തും പുറത്തും ദര്‍സുകളും കലാശാലകളും യൂനിവേഴ്‌സിറ്റികളും പാഠ്യ പദ്ധതിയിലും ഗവേഷണത്തിലും ഉള്‍പ്പെടുത്തി. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ ദ്വിതീയ പുത്രന്‍, രണ്ടാം മഖ്ദൂം, സാമുതിരുടെ ഉപദേശകന്‍, അധിനിവേശ വിരുദ്ധ പോരാട്ട നായകന്‍ തുടങ്ങിയ വിശേഷണങ്ങളാല്‍ പ്രശസ്തനായ അല്ലാമാ അബ്ദുല്‍ അസീസ് ഒരേ സമയം പ്രതിഭയും പോരാളിയുമായിരുന്നു.
മലബാറില്‍ പറങ്കികളുടെ തകര്‍ച്ചക്ക് ആരംഭം കുറിച്ച ചാലിയം കോട്ട പിടിച്ചടക്കാന്‍ 1571ല്‍ സാമൂതിരിയും സൈന്യവും പൊന്നാനി തൃക്കാവ് കോവിലകത്ത് നിന്ന് പുറപ്പെട്ടപ്പോള്‍ പറങ്കികളുമായി ഘോര യുദ്ധമാണു നടന്നത്. അടര്‍ക്കളത്തില്‍ അടരാടി അല്ലാമാ അബ്ദുല്‍ അസീസ് ധീരതയും കര്‍ത്തവ്യ ബോധവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രമുഖസ്ഥാനമുള്ള മസ്‌ലക്കുല്‍ അദ്കിയ്യയുടെ ആമുഖത്തില്‍ സ്വപിതാവിന്‍റെ ഹൃസ്വ ജീവ ചരിത്രമുണ്ട്.
അന്ന് വരെ ഒരു മലയാളിയും രചിക്കാത്ത കേരളത്തിന്‍റെ ആദ്യ ലക്ഷണമൊത്ത ചരിത്ര കൃതിയെന്നും കൈരളിയുടെ അധിനിവേശവിരുദ്ധ പോരാട്ടത്തിന്‍റെ പ്രഥമ ചരിത്ര രേഖയെന്നും വിശേഷിപ്പിക്കപ്പെട്ട തുഹ്ഫതുല്‍ മുജാഹിദീന്‍ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ചെക്ക്, പേര്‍ഷ്യന്‍, തുടങ്ങിയ വിദേശ ഭാഷകളിലേക്കും ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി, കന്നട, തുടങ്ങിയ പല ഇന്ത്യന്‍ ഭാഷകളിലേക്കടക്കം 36 ലോകഭാഷകളിലേക്ക് തുഹ്ഫത്ത് ഭാഷാന്തരം ചെയ്തു. മലയാളത്തില്‍ തന്നെ നാല് പരിഭാഷകളിതിനുണ്ട്.
ചരിത്രകാരന്‍ ഡോ: കെ. കെ. എന്‍ കുറുപ്പിന്‍റെ നേതൃത്വത്തില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ സഹായത്തോടെ പണ്ഡിത സമിതി അഞ്ചു ഭാഷകളില്‍ തയ്യാറാക്കുന്ന സമഗ്രമായ പരിഭാഷകളുടെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നു. നാല് നൂറ്റാണ്ട് മുമ്പ് ഈ കൊച്ചു കേരളത്തില്‍ രചിച്ച ഈ കൊച്ചു കൃതി വൈകാതെ ആഗോള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് ഖ്യാതി നേടിയപ്പോള്‍ ഇന്ത്യന്‍ ഭാഷകളിലും മലയാളത്തിലും പരിഭാഷകള്‍ ഉണ്ടായതും മുഖ്യധാര ചരിത്രത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചതും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ആദ്യക്കാല മഖ്ദൂമുകളുടെ രചനകള്‍ പോലെ ഗഹനവും പ്രശസ്തവുമായ കൃതികള്‍ പിന്നീട് ഇതുവരെ കൈരളിക്ക് ലഭിച്ചിട്ടില്ല. അറേബ്യന്‍ പണ്ഡിതന്മാരെ പോലും വെല്ലുന്ന കൃതികളായിരുന്നു പലതും. ചിലതിന്‍റെ മുദ്രണം ഈജിപ്തിലും വിദേശ രാജ്യങ്ങളിലുമായിരുന്നു.
ലഭ്യമായ രേഖകളനുസരിച്ച് ഒന്നാം മഖ്ദൂം ഇരുപത്തിരണ്ടും, അല്ലാമ അബ്ദുള്‍ അസീസ് പതിനൊന്നും, പൗത്രനും മൂന്നാം മഖ്ദൂമുമായ സൈനുദ്ദീന്‍ രണ്ടാമന്‍ പത്തും നാമലിഖിത കൃതികള്‍ അറബിയില്‍ രചിച്ചു. ഈ മഖ്ദൂമീകളുടെ വിയോഗത്തിന് ശേഷം 17-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണ് മലയാളം ലിപി സമ്പുഷ്ടമായ ഭാഷയായി രൂപപ്പെട്ടത്. അതുകൊണ്ട് മഖ്ദൂം കൃതികളുടെ മലയാളത്തിലുള്ള രചന പ്രസക്തമല്ല. പക്ഷെ ഇതേ കാലത്ത് മുഹയദ്ദീന്‍ മാല പ്രചാരത്തിലുണ്ടായതിനാല്‍ അറബി-മലയാളം ഒരു ലിഖിത ഭാഷയായിരുന്നിട്ട് കൂടി മഖ്ദൂമുകള്‍ എന്തുകൊണ്ട് രചന അറബി ഭാഷയില്‍ നടത്തി? അക്കാലത്ത് മലബാറിലെ വര്‍ത്തക പ്രമുഖരിലും സാധാരണക്കാരിലും ഇന്ത്യക്കകത്തും പുറത്തും അറബി ഭാഷ മുഖ്യധാര മാധ്യമെന്ന നിലയില്‍ വ്യാപകമായി പ്രചരണം ലഭിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് ഇതില്‍ നിന്ന് ന്യായമായും ഉറപ്പിക്കാം.
അല്‍ അസ്ഹര്‍ മാതൃകയില്‍ വിഖ്യാതപഠന കേന്ദ്രമാക്കണമെന്ന ആഗ്രഹത്തോടെയാണ് ഒന്നാം മഖ്ദൂം ദര്‍സിന് ആരംഭം കുറിച്ചത്. അദ്ദേഹത്തിന്‍റെ കാലത്ത് ആഗ്രഹം സഫലീകൃതമായില്ലെങ്കിലും മഖ്ദൂം പരമ്പരയുടെ ആരംഭം മുതല്‍ മഖ്ദൂമിങ്ങളുടെ മിത്രങ്ങളായ സാമുതിരി ഭരണക്കൂടം ഇസ്‌ലാമിക സര്‍വ്വകലാശാലക്ക് വേണ്ടത്ര സ്ഥലം കൈരളിയുടെ മക്കയായ പൊന്നാനിയില്‍ നല്‍കിയെങ്കിലും അക്കാലത്ത് സമുദായ മദ്ധ്യത്തില്‍ നിലനിന്നിരുന്ന ഒരേയൊരു ഭിന്നിപ്പായ കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കം ഹേതുവായി ടിപ്പുവിന്‍റെ ഭൂപരിഷ്‌കരണ നിയമം ദുര്‍വിനയോഗം ചെയ്ത് സ്ഥലം ദേശവല്‍ക്കരിച്ചതിനാലാണ് ഈ പദ്ധതി നഷ്ടപ്പെട്ടത്. അല്‍ അസ്ഹര്‍ കാലത്തിനൊത്ത് ഉയര്‍ന്നതു പോലെ മഖ്ദൂമിന്‍റെ സ്വപ്നം പൂര്‍ണമായും പൂവണിയിക്കാന്‍ പിന്നീട് കൈരളിക്ക് കഴിഞ്ഞില്ല.
മലബാര്‍ മാനുവല്‍ പറയുന്നതു നോക്കൂ : “മുഹമ്മദന്‍(മുസ്‌ലിം) കുട്ടികള്‍ പ്രാഥമിക മലായാള പാഠങ്ങള്‍ എഴുതി വായിക്കാന്‍ അഭ്യസിക്കുന്നതിനുപ്പുറമെ അര്‍ത്ഥം ഗ്രഹിക്കാതെ ഖുര്‍ആന്‍ ഓതിപഠിക്കുന്നു. സൈനുദ്ദീന്‍ എന്നൊരു പണ്ഡിതന്‍ സ്ഥാപിച്ച മുഹമ്മദന്‍ കോളേജ്(ദര്‍സ്) പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. മഖ്ദൂം എന്നാണ് അദ്ദേഹത്തിന്‍റെ സ്ഥാനനാമം. തദ്ദേശീയ മുസ്‌ലിം സ്ത്രീയെ കല്ല്യാണം കഴിച്ചതിലുണ്ടായ സന്താന പരമ്പര ഈ പദവി നിലനിര്‍ത്തുന്നു. ഇപ്പോഴത്തെ മഖ്ദൂം ഇരുപത്തിനാലോ ഇരുപത്തിഅഞ്ചോ സ്ഥാനിയാണ്. ദര്‍സിലെ പഠിതാക്കളുടെ സംരക്ഷണ ചുമതല പൊന്നാനി ടൗണ്‍ നിവാസികള്‍ വഹിക്കുന്നു. ജുമാഅത്ത് പള്ളിയിലോ പൊതു സ്ഥലത്തോവെച്ചാണ് പഠനാവസാന പരീക്ഷ. മത ശിക്ഷണത്തിന്‍റെ അവസാനഘട്ടത്തില്‍ പഠിതാക്കളെ മൊല്ലാമാരെന്ന് വിളിക്കും. വലിയ പള്ളിയിലെ വലിയ വിളക്കിന് ചുറ്റുമിരുന്ന് മഖ്ദൂമിനൊപ്പം(വിളക്കത്തിരിക്കല്‍) പഠനം പൂര്‍ത്തിയാക്കിയ മൊല്ലാമാര്‍ മുസ്‌ലിയാമ്മാരെന്ന് അറിയപ്പെടുന്നു. ഇത് പഠന മികവിന്‍റെയും പാണ്ഡ്യത്തത്തിന്റെയുംഅംഗീകാരവും പദവിയുമാണ്.”