14. ലഹളകളും സന്ധി സംഭാഷണവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
ക്രി. വ. 1800ല്‍ മലബാര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ ആയതിനെ തുടര്‍ന്ന് അവരോട് കൂറും വിധേയതവും കാണിക്കുന്ന കുറെ പിണയാളന്മാരെ സൃഷ്ടിക്കുകയായിരുന്നു ആദ്യം ചെയ്തത്. അതിനാല്‍ നാടുവാഴികളെയും ജന്മികളെയും വിവിധ സ്ഥലങ്ങളിലെ മേലാളന്മാരായി പുനഃ പ്രതിഷ്ഠനടത്തി. ഇതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ സ്വന്തമായി കൈവശംവെച്ച് അനുഭവിച്ച് പോന്നിരുന്ന ഭൂമികള്‍ ബ്രിട്ടീഷുകാരുടെ സഹായത്തോട് കൂടി അന്യായമായി പിടിച്ചെടുക്കാന്‍ ജന്മികള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനെതിരെ മലബാറിലെ മുസ്ലിംകള്‍ പല ഭാഗത്തും സംഘടിച്ച് നാടുവാഴികള്‍ക്കെതിരെ പോരാടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. തന്മൂലം വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നാശ നഷ്ടങ്ങള്‍ ആധികവും മുസ്ലിംകള്‍ക്കായിരുന്നു.
മുസ്ലിംകളെ ഇംഗ്ലീഷുക്കാര്‍ ശത്രുക്കളായാണ് ഗണിച്ച് പോന്നിരുന്നത്. ആദ്യകാലത്ത് അവരുടെ നയം ഏതാണ്ട് പറങ്കികള്‍ക്ക് സമാനമായിരുന്നു. കച്ചവടവും കൃഷിയും നശിപ്പിച്ച് മുസ്ലിംകളെ സാമ്പത്തികമായി നട്ടെല്ല് തകര്‍ക്കുന്ന രീതിയിലായിരുന്നു തുടര്‍ ചെയ്തികള്‍. ഇതിനായി സമൂഹത്തിലെ സവര്‍ണ, വരേണ്യ വിഭാഗമായിരുന്ന ജന്മികളെ പ്രീണിപ്പിച്ച് തങ്ങളുടെ കൂടെ നിര്‍ത്തി. ഭൂസ്വത്തില്‍ എന്തും ചെയ്യാനുള്ള പരമാധികാരം അവര്‍ക്ക് നല്‍കി. കൈവശക്കാരെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്ന സമ്പ്രദായം അതിനു മുമ്പ് കേരളത്തില്‍ നാമമാത്രമായിരുന്നു. കൈവശക്കാരില്‍ കൂടൂതലും മുസ്ലിംകളായതിനാല്‍ സര്‍ക്കാറും സവര്‍ണ ജന്മികളും കൈക്കോര്‍ത്ത് ബലം പ്രയോഗിച്ചും കോടതി മുഖേനയും അല്ലാതെയും ഇറക്കി വിടാനുള്ള സംവിധാനമുണ്ടാക്കി. കോടതികള്‍ പോലും മുസ്ലിംകളോട് അന്യായമായി രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുസ്ലിംകളുടെ കൈവശമുണ്ടായിരുന്ന ഭൂമി പിടിച്ചടക്കുന്ന അവസരത്തില്‍ പലയിടത്തും അവിടെയുണ്ടായിരുന്ന മുസ്ലിം പ്രാര്‍ത്ഥനാലയങ്ങള്‍ തകര്‍ത്തു. കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് അന്യാധീനപ്പെടുന്ന സമയത്ത് കോടതികളില്‍ നിന്നോ നിയമ പാലകില്‍ നിന്നോ യാതൊരു നീതിയും ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ മലബാര്‍ മുസ്ലിംകള്‍ പൊരുതി മരിക്കാന്‍ തയ്യാറായി. 1792 മുതല്‍ 1921 വരെയുള്ള ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍ ചെറുതും വലുതമായ ഏതാണ്ട് 83 ലഹളകള്‍ നടന്നിരുന്നു. തന്മൂലം സാമ്പത്തികമായും ശാരീരികമായും കനത്ത നഷ്ടം തന്നെ മുസ്ലിംകള്‍ സഹിക്കേണ്ടി വന്നു. മുസ്ലിം യോദ്ധാക്കളോട് നിരന്തരം പൊരുതി ബ്രിട്ടീഷ് സര്‍ക്കാറും പൊറുതിമുട്ടി. ഈ അവസരത്തില്‍ സമുദായ നേതാക്കളെയും പണ്ഡിതന്മാരെയും ധനികരെയും വിവിധ രീതിയില്‍ സ്വാധീനിച്ച് സമാധാന അന്തരീക്ഷം പുനഃ സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ ഉപേക്ഷിച്ച് സൗഹൃദത്തിന്‍റെ പാത സ്വീകരിക്കാന്‍ സര്‍ക്കാര്‍ മക്തിതങ്ങളെ പോലുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തി. ലഹളകളില്‍ നിന്ന് മുസ്ലിംകളെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം മാതൃഭാഷയിലും അറബിമലയാളത്തിലും ലഘുലേഖകളും പരോപദ്രവ പരിഹാരി എന്ന കൊച്ചു പുസ്തകവും രചിച്ചു. തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം ഈ സംഭവം വിവരിക്കുന്നത് നോക്കൂ.
ڇഅതിനു മധ്യേ 1896 ല്‍ ഉണ്ടായ ലഹള പ്രസിദ്ധീകരണമായി മലയാം(മലബാര്‍) കളക്ടര്‍ ബഹുമാനപ്പെട്ട ഡാന്‍സ് സാഹിബ് അവര്‍കളും പോലീസ് സൂപ്രണ്ടന്‍റ് ഫാസിറ്റ് സാഹിബ് അവര്‍കളും എന്നെ വരുത്തി മലപ്പുറം, മഞ്ചേരി, അങ്ങാടിപ്പുറം മുതലായ രാജ്യങ്ങളില്‍ ചെന്ന് പ്രസംഗാര്‍ത്ഥം ഗുണദോഷിക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരം സഞ്ചരിച്ചും പ്രസംഗിച്ചും വന്നു. അന്ന് മുതല്‍ ഇന്ന് വരെ ലഹള ലഹള എന്നുള്ള മ്ലേച പ്രസ്താവത്തിനിടവരുത്താതെ ജനത്തെയും മതത്തെയും രക്ഷിച്ചവനും മേലില്‍ രക്ഷിക്കുന്നവനുമായ സര്‍വ്വ വല്ലഭനെ മുസ്ലിം ആയവര്‍ ഭക്തി പൂര്‍വ്വം പ്രശംസിക്കേണ്ടതാകുന്നു.ڈ
മൗലാന ചാലിലകത്ത് കുഞ്ഞിമുഹമ്മദാജി, മൗലാന ചാലിലകത്ത് അബ്ദുല്ല മുസ്ലിയാര്‍, മൗലാന വെളിയംകോട് തട്ടാങ്ങര കുട്ട്യാമു മുസ്ലിയാര്‍, പി. എം. മുത്തുകോയ തങ്ങള്‍, ആമിനുമ്മാന്‍റകത്ത് പരീക്കുട്ടി മുസ്ലിയാര്‍, കട്ടിള്ളശ്ശേരി ആലി മുസ്ലിയാര്‍, ചാക്കേരി മൊയ്തീന്‍ കുട്ടി സാഹിബ്, സി. സൈതാലിക്കുട്ടി മാസ്റ്റര്‍, വലാഞ്ചിറ കുഞ്ഞിമുഹമ്മദ് സാഹിബ്, വലാഞ്ചിറ കുഞ്ഞി മോയിന്‍ ഹാജി, കൂട്ടായി അബ്ദുല്ല മുസ്ലിയാര്‍, മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍ തുടങ്ങിയ മലബാറിലെ മുസ്ലിം സമുദ്ധാരകരുമായി പരിചയപ്പെടുന്നത് ഈ അവസരത്തിലാണ്.