52. ഇസ്ലാമിക്ക് സെമിനാറുകള്‍

52. ഇസ്ലാമിക്ക്  സെമിനാറുകള്‍




ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


    മുസ്ലിം സമുദായത്തെ സമുദ്ധരിക്കാന്‍ 1963 മുതല്‍ 68 വരെ ആലുവ, കോഴിക്കോട്, എറണാകുളം, തലശ്ശേരി, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ഇസ്ലാമിക് സെമിനാറുകള്‍ക്ക് മുസ്ലിം സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വിത്ത് പാകാനും പോരായ്മകള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനും കഴിഞ്ഞു. 

    ഇസ്ലാമിക ശരീഅത്ത് ഉള്‍പ്പെടെയുള്ള സര്‍വ്വ വിഷയങ്ങളിലും സുചിന്തിതമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമുദായത്തിലെ വിവിധ മത വിഭാഗങ്ങളിലെ പണ്ഡിതന്മാരും അംഗങ്ങളും ഒരേ സ്റ്റേജിലും സദസ്സിലും ഒന്നിച്ചിരുന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി. ഭാവി രൂപരേഖ തയ്യാറാക്കുന്നതില്‍ വ്യാപൃതരായി. അഞ്ച് വര്‍ഷം മാത്രമേ സജീവ പ്രവര്‍ത്തന രംഗത്ത് ഉണ്ടാണ്ടിയിരുന്നുവെങ്കിലും സെമിനാറുകള്‍ തയ്യാറാക്കിയ മാര്‍ഗ രേഖ പിന്നീടുണ്ടായ പുരോഗതിക്ക് വഴിതിരിവായി. പ്രൊഫസര്‍ സയ്യിദ് മുഹയിദ്ധീന്‍ഷാ, ഇ.കെ. മുഹമ്മദ്, പി.എ. സെയ്ദ് മുഹമ്മദ് തുടങ്ങിയവരായിരുന്നു നേതൃ വാഹകര്‍.

    1971ല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ മലയാള സിനമയിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഉദ്ഘാടനം ചെയ്ത അഞ്ച് ദിവസം നീണ്ടു നിന്ന മാപ്പിള സാഹിത്യ സെമിനാര്‍ അറബി മലയാളത്തിന്‍റെയും  മുസ്ലിം സാഹിത്യത്തിന്‍റെയും മഹത്തായ പാരമ്പര്യം അക്ഷരാര്‍ത്ഥത്തില്‍ വിശകലനം ചെയ്ത് ഭാവി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ഇതിന്‍റെ സാക്ഷാത്കാരമാണ് കൊണ്ടൊട്ടിയിലെ മൊയിന്‍ കുട്ടി വൈദ്യര്‍ സമുച്ചയം.