6. ഉദയത്തിന്‍റെ സുവര്‍ണതീരം


6. ഉദയത്തിന്‍റെ  സുവര്‍ണതീരം






ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336

 

    വിവിധ കാരണങ്ങളാല്‍  മുസ്‌ലിം സമുദായത്തിന് ഇരുള്‍ വ്യാപിച്ച മരീചികയായിരുന്ന വൈജ്ഞാനിക മേഖലയെ സമുദ്ധരിക്കുന്നതില്‍ ആവശ്യാനുസരണം വെള്ളവും വളവും നല്‍കി മുന്‍ നിലാവായി പെയ്തിറങ്ങി പ്രകാശം വിതറി മരുപ്പച്ചയാക്കിമാറ്റിയ നായാകന്മാരേയും സംഘടനകളെയും സ്ഥാപനങ്ങളെയും സംഭവങ്ങളെയും സ്മരിക്കുന്നത് സാന്ദര്‍ഭികമാണല്ലോ. പോര്‍ച്ചഗീസ് ആഗമനം തൊട്ട് കേരളത്തിലെ മുസ്‌ലീം വിദ്യാഭ്യാസ മേഖലയിലെ അധിനിവേശ-അധിനിവേശാനന്തര കാലഘട്ടം പരിശോധിച്ചാല്‍  അത്തരം ദീപസ്തംഭങ്ങളില്‍ പ്രഥമഗണനീയന്‍ മുസ്‌ലിം കേരളത്തിന്‍റെ വൈജ്ഞാനിക നായകനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍(1467-1522) തന്നെ. 

    മലയാളക്കരയില്‍ നിന്ന് വിദ്യാസമ്പാദനത്തിന് മുസ്‌ലിംകള്‍ കടല്‍കടന്ന് മറുകര പറ്റാത്ത കാലത്ത് പൊന്നാനിയിലും കോഴിക്കോടും പഠനം കഴിഞ്ഞ് ദുര്‍ഘട സന്ധികള്‍ തരണം ചെയ്ത് സഞ്ചരിച്ചാണ് അദ്ദേഹം വിശ്വ കലാലയങ്ങളായ മക്കത്തെ മസ്ജിദുല്‍ ഹറമിലും അല്‍ അസ്ഹറിലും പഠനം നടത്തിയ പ്രഥമ മലയാളി പണ്ഡിത ശ്രേഷ്ഠനെന്ന ഖ്യാതി നേടിയത്. ഉപരിപഠന കാലത്ത് സഹപാഠികള്‍ക്കും പണ്ഡിതന്മാര്‍ക്കുമിടയില്‍ വ്യക്തി മുദ്ര പതിപ്പിച്ച മഖ്ദൂം പഠനം പൂര്‍ത്തിയാക്കി പൊന്നാനിയില്‍ തിരിച്ചെത്തി വലിയപള്ളിയും ദര്‍സും(മതപഠന ക്ലാസ്) സ്ഥാപിച്ചത്  അഞ്ച് നൂറ്റാണ്ട് മുമ്പാണ്. തന്‍റെ പിതൃവ്യനായ ശൈഖ് സൈനുദ്ധീന്‍ ഇബ്രാഹിമിന്‍റെ തുടര്‍ച്ചയായി തദ്ദേശീയര്‍ മഖ്ദൂമിനെ ഖാസിയായും അംഗീകരിച്ചു.

    അന്നുവരെ സാമൂതിരിയുടെ രണ്ടാ ആസ്ഥാനമായി അറിയപ്പെട്ടിരുന്ന പൊന്നാനി തുടര്‍ന്ന് കൈരളിയുടെ മക്ക എന്ന പേരില്‍ ഖ്യാതി നേടി. മുസ്‌ലിം കേരളത്തിന്‍റെ വിജ്ഞാനനായകനും അനിഷേധ്യ നേതാവും ഉന്നത ഗ്രന്ഥകാരനും ബഹുഭാഷാപണ്ഡിതനും തികഞ്ഞ സൂഫിയുമായിരുന്ന മഖ്ദും  തന്റെ അസുലഭമായ സിദ്ധി വിശേഷം സ്വദേശത്തിന്‍റെയും കൈരളിയുടെയും സര്‍വ്വതോന്മുഖമായ പുരോഗതിക്കും സ്വസമുദായത്തിനും മതസാഹോദര്യത്തിനും സാമ്ര്യാജ്യത്വ വിരുദ്ധ പോരാട്ടത്തിനും നിസ്വാര്‍ത്ഥമായി വിനിയോഗിച്ചത് അദ്ദേഹത്തെ മാലിക്ക് ഇബ്‌നു ദീനാറിനും അനുചരന്‍മാര്‍ക്കും ശേഷം മലയാളക്കരയില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാക്കി  ഉയര്‍ത്തി. 

    പറങ്കികളുടെ ആഗമനത്തോടെ കേരളാ മുസ്‌ലിങ്ങുടെ   അധ;പതനത്തിന് ആരംഭം കുറിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് ഒന്നാം മഖ്ദൂമിന്‍റെ നേതൃത്വം താങ്ങും തണലുമായി ആശ്വാസമേകി. 'സാംസ്‌കാരിക ജീര്‍ണ്ണത' സ്വയം കുഴിച്ചിട്ടിരുന്ന ശവക്കുഴിയിലേക്ക് കേരളത്തെ തള്ളിയിടാന്‍ പോര്‍ച്ചുഗീസുകാരുടെ മൃഗീയ മര്‍ദ്ദനം തയ്യാറെടുത്ത ആ കാലഘട്ടം കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരദ്ധ്യായമായി അവശേഷിക്കുന്നു. ഈ തകര്‍ച്ചയില്‍നിന്നും നാടിനെ രക്ഷിച്ചത് കേരളത്തിലെ നവോത്ഥാന പ്രതിനിധികളായ എഴുത്തച്ഛനും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പൂന്താനവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിളള പറയുന്നു. മഖ്ദൂം പരമ്പരയുടെ നാല്‍പതാം സ്ഥാനിയായി സയ്യിദ് എം. പി. മുത്തുകോയ തങ്ങള്‍ 2007 ഒക്‌ടോബര്‍ 4ന് സ്ഥാനാരോഹണം നടത്തി.