53. ഡോ. ഗഫൂറും എം ഇ എസും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
സ്വാതന്ത്രയം നേടി ആറ് പതറ്റാണ്ട് പിന്നിട്ടിട്ടും വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ദേശീയ ശരാശരിയുടെ താഴെയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിനും മുസ്ലിം സമുദായത്തെ വിദ്യാഭ്യാസ മേഖലയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനും നിര്‍ണ്ണായക പങ്ക് വഹിച്ച പ്രസ്ഥാനമാണ് കേരളാ മുസ്ലിം എഡ്യുകേഷനല്‍ സൊസൈറ്റി(എംഇഎസ്). 1964 സെപ്റംബര്‍ 10ന് ഡോ. എം. എ. അബ്ദുല്ലയുടെ വീട്ടില്‍ പ്രൊഫ. ബഹാവുദ്ദീന്‍, അഡ്വ. ഏ. വി. മുഹമ്മദ്, പ്രൊഫ. ശുക്കൂര്‍ തുടങ്ങി കോഴിക്കോട്ടെ മുസ്ലിം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും വിദ്യാസമ്പന്നരും സാംസ്കാരിക നായകരും സംഗമിച്ചാണ് സംഘടനക്ക് ആസൂത്രണം നല്‍കിയത്. 1964 ഓക്ടോബര്‍ 11ന് സി. പി. കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന നിലവില്‍ വന്നു. പ്രഥമ പ്രസിഡന്‍റ് ഡോ. പി. കെ. അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി ഡോ. കെ. മുഹമ്മദ് കുട്ടിയുമാണ്. ഡോ. ഗഫൂറിന്‍റെ(1929-84) മരണം വരെ അദ്ദേഹമായിരുന്നു സംഘടനയുടെ ചാലക ശക്തിയും സര്‍വ്വതല സ്പര്‍ശിയും.
ഡോക്ടറുടെ സാഹസിക ബുദ്ധിയും ആത്മ വിശ്വാസവും അര്‍പ്പണ മനോഭാവവും 1964 മുതല്‍ 84 വരെ രണ്ട് പതിറ്റാണ്ട് കാലത്തെ വിശ്രമമില്ലാത്ത അദ്ധ്വാനവും വളര്‍ച്ചക്ക് കരുത്തേകി. കെ. എം. സീതിസാഹിബിനും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനും ശേഷം മലബാറിന് ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിന്‍റെ ഉജ്വല സംഭവനയാണ് ഡോ ഗഫൂറാന്നെയാരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ അനുസ്മരണം. ബുദ്ധി സാമര്‍ത്ഥ്യം കൈ മുതലായ നിര്‍ധനരായ മുസ്ലിം കുട്ടികള്‍ക്ക് 25000 രൂപ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കിയായിരുന്നു ആരംഭം. മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന്‍റെ മുഖ്യ ധാരയിലേക്ക് ആനയിക്കുന്നതില്‍ സജീവ പങ്ക് വഹിച്ചു. ഏറണാകുളം, കോഴിക്കോട്, പാറ്റ്ന, ഹൈദറബാദ്, ജയ്പൂര്‍, ഡല്‍ഹി തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തും ശക്തമായ വേരുകളുള്ള ഈ സംഘടനയുടെ കീഴില്‍, മൂന്ന് എഞ്ചിനിയറിംഗ് കോളേജ്, 7 എയിഡഡ് കോളേജുകള്‍, 6 ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍, 4 പ്രൈമറി സ്കൂളുകള്‍, അണ്‍ എയിഡഡ് കോളേജുകള്‍ സ്കൂളുകള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര ശ്രുശ്രുഷ ആലയങ്ങള്‍, യതീംഖാനകള്‍, പള്ളികള്‍, മദ്രസ്സകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ പല സ്ഥാപനങ്ങളുമുണ്ട്.
ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുമുള്ള ശ്രമങ്ങളുമായി മുന്നേറുന്നു. ജിദ്ദ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് യൂണിറ്റുകളും സ്കോളര്‍ഷിപ്പും മറ്റും ആനുകൂല്യങ്ങള്‍ നല്‍കി യൂത്ത് വിംഗും സജീവ രംഗത്തുണ്ട് പ്രൊഫ: കെ. എം. ബഹാവുദ്ദീന്‍, പ്രൊഫ: മങ്കട അബ്ദുല്‍ അസീസ്, പ്രൊഫ: പി. ഒ. ജെ. ലബ്ബ, വി. മൊയ്തുട്ടി, ഫ്രൊഫ: കടവനാട് മുഹമ്മദ്, അമ്പാടന്‍ മുഹമ്മദ് സി ടി സക്കീര്‍ഹുസൈന്‍ തുടങ്ങിയ പല പ്രഗത്ഭമതികളുടെ അശ്രാന്ത പരിശ്രമം വളര്‍ച്ചക്ക് കരുത്തേകി. വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്ലാഘനീയമായ സേവനങ്ങള്‍ ചെയ്തു വരുന്ന സംഘടന ഇന്ന് ഡോ. ഫസല്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വിദ്യാഭ്യാസ എജന്‍സിയായി വളര്‍ന്നു.